Monday, November 11, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 55

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

നന്ദന്റെ സാമിപ്യമറിഞ്ഞോ എന്തോ പതിയെ ചിമ്മി ആ കണ്ണുകൾ തുറക്കുന്നത് കണ്ടതും.. വേദന വീണ്ടും കൂടി വന്നു.. അത്ഭുതത്തോടെ തന്നെ തൻറെ കണ്ണുകളിൽ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ പ്രണയത്തിനുമപ്പുറം ആ മുഖത്തെ ക്ഷീണവും വേദനയിൽ പിടയുന്ന മിഴികളും അവന്റെ കണ്ണുകളിൽ തീർത്തത് പരിഭ്രമത്തിന്റെയും, തന്നെ വിട്ടു പോകുമോ എന്ന ഭയത്തിന്റെയും, തനിക്ക് വേണ്ടി സ്വയം വേദനിപ്പിച്ചതിന്റെ സങ്കടമോ ദേഷ്യമോ കലർന്ന മായിക വലയമായിരുന്നു..

തന്റെയുള്ളിലെ വസുവിന്റെ പേരിനൊപ്പം അനന്തന്റെ പേരും കോറിയിടാനുള്ള തത്രപ്പാടിലായിരുന്നു കണ്ണൻ.. മൃദുലതയോട് കൂടെ അവളെ ഒട്ടും വേദനിപ്പിക്കാതെ കരലാളനങ്ങളാൽ പ്രണയിക്കുന്ന അനന്തനെ നോക്കി.. മറ്റൊരു പെണ്ണ് ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്നിട്ടും അവളെ ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പരിഗണിക്കാതെ തന്റെ പ്രണയിനിയിൽ മാത്രം നിശ്വാസങ്ങളർപ്പിച്ചു ജീവിക്കുന്നവനെ.

വസുവിന്റെ കയ്യിലെ മുറിപ്പാടിൽ തലോടി കൊണ്ടിരുന്നു അനന്തൻ.. രണ്ടു തുള്ളി കണ്ണുനീർ മാപ്പെന്ന പോലെ ആ മുറിവിൽ വീണു ചിതറി.. മുറിവിൽ അപ്പൂപ്പൻ താടി ഉഴിഞ്ഞതു പോൽ മൃദുവായി ചുണ്ടുകൾ അമർത്തി .. വീണ്ടും വസുവിന്റെ നെറുകയിൽ അധരങ്ങൾ അർപ്പിച്ചുകൊണ്ട് അനന്തൻ അടർന്നു മാറി.. ദേവാ.. ഞാൻ പുറത്തു കാണും.. ഇനി ഇവിടെ നിൽക്കുന്നില്ല..

വീട്ടിലെത്തി മിഥുനയെ കാണണം എന്നിട്ട് വിളിക്കാം ഞാൻ.. ശരി നന്ദേട്ടാ.. പോയിട്ട് വരൂ.. ഞാൻ ഇവിടെ തന്നെ കാണും.. മുറിയിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി അനന്തൻ തിരിഞ്ഞു നോക്കി.. വീണ്ടും കണ്ണുകൾ തുറന്നു വരുന്നത് കണ്ടതും പുറത്തേക്ക് നടന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വീട്ടിലെത്തിയതും കണ്ടു ഉറക്കത്തിന്റെ ആലസ്യത്തിൽ എഴുന്നേറ്റ് വരുന്ന മിഥുനയെ.. അനന്തേട്ടൻ ഇതെവിടെ പോയി അതിരാവിലെ? ഞാൻ സിഷ്ഠ ഒരു അബദ്ധം കാണിച്ചു.. ഹോസ്പിറ്റലിൽ ആണ്..

കേട്ടവാർത്തയിൽ ഒന്ന് ഞെട്ടിയെങ്കിലും അനന്തന്റെ മുഖം കണ്ടപ്പോൾ അതെവിടെയോ ഓടിയൊളിച്ചു.. കണ്ണുകൾ പ്രണയത്താൽ ഒന്ന് തിളങ്ങി.. ഇനിയും വൈകിപ്പിക്കാൻ എനിക്കാവില്ല മിഥുന.. ഒരാഴ്ചകൂടി സമയം തരാം മുത്തശ്ശനെ പറഞ്ഞു മനസിലാക്കി നീ എനിക്ക് മോചനം നൽകണം.. ഇനിയും കാത്തിരിക്കാൻ എനിക്കാവില്ല.. മിഥുനയുടെ മുന്നിൽ ഒരു യാചകനെ പോലെ നിന്നു കൊണ്ട് അനന്തൻ പറഞ്ഞു.. കൂടുതൽ സംഭാഷണങ്ങൾക്കിടനൽകാതെ അനന്തൻ ബാത്റൂമിലേക്ക് കയറി..

പിടിച്ചു വെച്ചിരുന്ന നീരൊഴുക്കുകൾ വെള്ളത്തോടൊപ്പം ഒഴുകി ഇറങ്ങി.. വീണ്ടും ഫോണെടുത്തു കണ്ണനെ വിളിച്ചു.. വസുവിനെ കാണാനുള്ള സാഹചര്യം ഉണ്ടോ എന്ന് തിരക്കി.. ജയപ്രകാശ് അഡ്മിറ്റ് ആയതുകൊണ്ട് വല്ല വഴിയും ഉണ്ടാക്കാമെന്ന് കണ്ണൻ പറഞ്ഞതും വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു.. കണ്ണന്റെ ക്യാബിൻ തിരഞ്ഞു നടക്കുമ്പോഴാണ് വീണ്ടും ഫോൺ വരുന്നത്.. എടുത്തു നോക്കിയതും അമല ചേച്ചിയുടെ പേര് സ്‌ക്രീനിൽ തെളിഞ്ഞു കണ്ടു.. ചേച്ചി.. സിഷ്ഠ.. വാക്കുകൾ തേങ്ങലിന്റെ അകമ്പടിയോടെ പുറത്തേക്ക് തികട്ടി വന്നുകൊണ്ടിരുന്നു.. മെസ്സേജ് കണ്ടു.. എങ്ങനുണ്ട് നന്ദാ അവൾക്ക്..

മറുവശത്തു നിന്നും അമല ചോദിച്ചതും ഉത്തരമായി പറഞ്ഞു.. കണ്ണ് തുറന്നു.. വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനവും ഇല്ല ചേച്ചി.. അകലെ നിന്നെങ്കിലും ഒരു നോക്ക് കാണാൻ ഞാൻ ഇങ്ങോട്ടേക്ക് വന്നത്.. മിഥുനയോട് ഞാൻ സംസാരിച്ചിട്ടുണ്ട്.. ഒരാഴ്ച സമയവും കൊടുത്തിട്ടുണ്ട്.. അവൾ ഡിവോഴ്‌സിൽ ഒപ്പു വെക്കുന്ന നിമിഷം സിഷ്ഠയോട് ഞാൻ എല്ലാം തുറന്ന് പറഞ്ഞിരിക്കും.. പിന്നെ കാത്തിരിപ്പാണ് ചേച്ചി.. അവൾക്ക് വേണ്ടി.. ആരെതിർത്താലും അവൾ അനന്തന്റെ മാത്രമായിരിക്കും ഇനി.. ഉപേക്ഷിക്കാൻ എനിക്കാവില്ല…

ഞാനും വരാം നന്ദാ.. അടുത്തയാഴ്ച.. ധൈര്യമായിട്ടിരിക്ക്.. അമലയും പറഞ്ഞു.. ഒന്നും കഴിച്ചിട്ടില്ലല്ലോ നന്ദാ നീയ്.. വല്ലോം പോയി കഴിക്ക്.. അവളെഴുന്നേറ്റ് വരുമ്പോൾ നീയിനി ഹോസ്പിറ്റലിൽ കയറേണ്ട.. ശരി ചേച്ചി.. ഫിൽറ്റർ കോഫി നോക്കാം ഞാൻ.. അവളെ കണ്ടിട്ടേ വല്ലോം കഴിക്കുള്ളു.. ഫോൺ ഓഫ് ചെയ്തു കൊണ്ട് കണ്ണന്റെ നമ്പറിലേക്ക് വിളിച്ചു.. ദേവാ.. എവിടാ നിന്റെ ക്യാബിൻ? അനന്തൻ ചോദിച്ചതും കണ്ണൻ മറുപടി പറഞ്ഞു.. നന്ദേട്ടാ ഒരു അരമണിക്കൂർ കഴിഞ്ഞേ ഞാൻ ഫ്രീ ആവുള്ളു..

ഒരു എമർജൻസി വന്നിട്ടുണ്ട്.. അതുകൊണ്ട് നന്ദേട്ടൻ വല്ലോം കഴിച്ചിട്ട് വിളിക്കൂ.. അപ്പോഴേക്കും ഞാൻ ക്യാബിനിൽ വരും.. ശരി ദേവാ.. അധികം വൈകരുത് കേട്ടോ.. ഫോൺ ഓഫ് ചെയ്ത് അനന്തൻ ക്യാന്റീനിലേക്ക് നടന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഭക്ഷണം കഴിച്ചു കൈകഴുകുമ്പോഴാണ് കണ്ണന്റെ ഫോൺ അനന്തനെ തേടി എത്തുന്നത്.. ഫോണിലൂടെ എത്തേണ്ട ഇടം പറഞ്ഞതും ഹരിപ്രിയ കണ്ണന്റെ ക്യാബിൻ തുറന്ന് അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു..

ധൃതിയിൽ ഫോൺ ഓഫാക്കാൻ മറന്ന് പോക്കറ്റിലേക്ക് വെച്ചു കണ്ണൻ.. മറുപുറത്ത് ഹരിപ്രിയയാണെന്ന് അനന്തന് മനസ്സിലായതും നെഞ്ചോന്ന് പിടഞ്ഞു.. വസുവിനെന്തെങ്കിലും ആപത്തു വന്നോ എന്ന് ശങ്കിച്ചവളുടെ വാക്കുകൾക്ക് കാതോർത്ത അനന്തനും കണ്ണനോടൊത്തു നടുങ്ങി പോയി.. എങ്കിലും പ്രതീക്ഷയായിരുന്നു സുദേവ് ഒരിക്കലും ഹരിപ്രിയയെ തള്ളി പറയില്ലെന്ന പ്രതീക്ഷ.. കണ്ണൻ ഒരിക്കലും സിഷ്ഠയെ സ്വന്തമാക്കില്ലെന്ന പ്രതീക്ഷ..

കണ്ണൻ പറഞ്ഞിടത്തേക്ക് നടന്നടുക്കുമ്പോൾ ഫോണിലൂടെ അറിയുകയായിരുന്നു കൈപിടിയിലൊതുക്കാനായി ഓടിയെത്തിയപ്പോഴേക്കും വസന്തം കയ്യെത്തും ദൂരെ നിന്നും നഷ്ടമാകുന്നത്.. സംഘർഷങ്ങൾക്ക് ഒടുവിൽ വസുവിനെ ഹരിപ്രിയയ്ക്ക് വേണ്ടി താലിചാർത്താമെന്ന കണ്ണന്റെ വാക്കുകൾ അനന്തന്റെ നെഞ്ചിനെ കൊളുത്തി വലിച്ചു.. അപ്പോഴും അനന്തനെ പോലെ തന്നെ കണ്ണനിലും മുന്നിട്ട് നിന്നത് വസു ഒരിക്കലും സമ്മതിക്കില്ലെന്ന പ്രതീക്ഷയാണ്..

പക്ഷേ.. വെല്ലുവിളിയെന്നോണം വസുവിനോട് പറഞ്ഞുകൊണ്ട് കണ്ണൻ പോക്കറ്റിൽ നിന്നും ഫോൺ കൈയിലെടുത്തു.. മറുപുറത്തിപ്പോഴും അനന്തനുണ്ടെന്ന യാഥാർഥ്യം അവനെ പൊള്ളിച്ചു കൊണ്ടിരുന്നു.. നന്ദേട്ടാ.. വസു ഒരിക്കലും ഇതിനു തയ്യാറാവില്ല… ഫോൺ ചെവിയോട് ചേർത്തു പറഞ്ഞതും മറുവശത്തു നിശബ്ദത മാത്രം.. നന്ദേട്ടൻ എവിടെയാ.. ഞാൻ അങ്ങോട്ടേക്ക് വരാം.. ഞാൻ ഇവിടെ തന്നെയുണ്ട് ദേവാ.. സ്വബോധം വീണ്ടെടുത്ത് മറുപടി നൽകി അനന്തൻ..

പിന്നിൽ മുരടനക്കം കേട്ടപ്പോൾ തിരിഞ്ഞു നോക്കി തലതാഴ്ത്തി നിൽക്കുന്ന വസുവിനെ കണ്ടതും പ്രതീക്ഷയായിരുന്നു.. അവളുടെ നന്ദേട്ടന്റെ താലി മാത്രമേ ഏറ്റു വാങ്ങു എന്ന വാക്കുകൾക്കായി കണ്ണൻ കാതോർത്തു.. എന്തേ എന്ന് ഗൗരവം തെല്ലിടകുറയാതെ പുരികമുയർത്തി ചോദിച്ചതും അവളിൽ നിന്നും പുറത്തേക്ക് വന്ന മറുപടിയിൽ തന്റെ ശ്വാസം ഒരു വേള നിലച്ചതായി കണ്ണനനുഭവപ്പെട്ടു.. ഞാൻ അത് പിന്നെ.. അവർക്ക് വേണ്ടി സമ്മതിക്കാം.. എനിക്കും ഈ വിവാഹത്തിന് സമ്മതമാണ്..

അത്രയും പറഞ്ഞവൾ തിരികെ നടന്നതും കണ്ണൻ എന്ത് ചെയ്യണമെന്നറിയാതെ തന്റെ മിഴികൾ കോറിഡോറിലേക്ക് പായിച്ചു.. സർവ്വവും നഷ്ടപെട്ടവനെ പോലെ ചുണ്ടിൽ ശാന്തമായ പുഞ്ചിരിയുമായി നിൽക്കുന്ന അനന്തൻ.. എങ്കിലും ആ മിഴികളിൽ നീർത്തിളക്കമായിരുന്നു.. അത്രമേൽ കൊതിച്ച ഒന്നിനെ കയ്യകലത്തിൽ നഷ്ടമാകുന്ന നീറ്റൽ ആ കണ്ണിന്റെ ആഴങ്ങളിൽ കണ്ടു.. നന്ദേട്ടാ ഞാൻ.. കണ്ണൻ പറയാനാഞ്ഞതും അനന്തൻ പുഞ്ചിരിയോടെ പറഞ്ഞു.. എല്ലാം ഞാൻ കേട്ടിരുന്നു ദേവാ.. മനഃപൂർവ്വമല്ലല്ലോ..

സഹോദരിക്ക് വേണ്ടിയല്ലേ.. എനിക്കറിയാം സിഷ്ഠ ഹരിപ്രിയക്കും കുഞ്ഞിനും വേണ്ടി മാത്രമായിരിക്കും ഈ തീരുമാനം എടുത്തത്.. ഇനി.. ഇനി ഞാൻ നിൽക്കുന്നില്ല ദേവാ.. അടുത്ത് കാണുന്ന നിമിഷം ചിലപ്പോൾ ഞാൻ വിട്ടു തന്നെന്ന് വരില്ല.. വരട്ടെ.. കണ്ണന്റെ തോളിൽ മെല്ലെ തട്ടി കൊണ്ട് അനന്തൻ നടന്നകന്നു.. കണ്ണന്റെ പിൻവിളികൾക്ക് കാതോർക്കാതെ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പെയ്യാൻ വിതുമ്പി നിൽക്കുന്ന ആകാശത്തെ നോക്കി കടലിലേക്ക് ഉറ്റു നോക്കി അനന്തൻ നിന്നു.. പതിയെ പതിയെ കാലുകൾ കടലിലേക്ക് വലിച്ചു കൊണ്ട് ഇറങ്ങി..

സമനില നഷ്ടമായത് പോലെ കടലിന്റെ ആഴങ്ങളിലേക്ക് ചേക്കേറാൻ അവൻ കൊതിച്ചു.. പുറകിൽ നിന്നാരോ കരയിലേക്ക് വലിച്ചിട്ടതും കണ്ണുകൾ ഉയർത്തി നോക്കി.. എന്താ നന്ദേട്ടാ.. ഭ്രാന്തായോ? എനിക്കറിയാമായിരുന്നു വല്ല അബദ്ധവും കാണിക്കാനാണ് ഈ പോക്കെന്ന്.. പറ്റണില്ല ദേവാ.. എനിക്ക് പറ്റണില്ല.. അവളില്ലാതെ എങ്ങനാ ദേവാ ഞാനിവിടെ.. സുദേവിനോട് ഞാൻ സംസാരിക്കാം നന്ദേട്ടാ.. കണ്ണൻ പറഞ്ഞതും അനന്തനിൽ ആശ്വാസത്തിന്റെ പുഞ്ചിരിക്ക് പകരം മുന്നിട്ട് നിന്നത് പുച്ഛം മാത്രമായിരുന്നു..

ഒരിക്കലും നടക്കില്ല ദേവാ.. സുദേവ് അവളെ എനിക്ക് തരണമെങ്കിൽ ഞാൻ ആരാണെന്ന് അറിയണം.. അറിഞ്ഞാൽ പണ്ട് ചെയ്തതുപോലെ എന്നിൽ നിന്നും പറിച്ചെടുക്കും.. എനിക്ക് പേടിയാ ദേവാ.. ഞാൻ ദൂരെ നിന്നെങ്കിലും കണ്ടോട്ടെ അവളെ.. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങൾ കാത്തിരുന്നതാണ് ഒന്ന് കാണാൻ വേണ്ടി മാത്രം.. എനിക്ക് അവളെ തരാൻ വല്ല ആഗ്രഹവും അവർക്കുണ്ടായിരുന്നെങ്കിൽ എന്നേ എന്നെ തേടി പിടിച്ചിരുന്നേനെ അവളുടെ അച്ഛൻ.. പക്ഷേ അവർ ചെയ്തത് എന്നിൽ നിന്നും അകറ്റുവല്ലേ..

ദേവാ.. അവളെ വിഷമിപ്പിക്കരുത്ട്ടോ.. എന്നെ ചൊല്ലി വേദനിപ്പിക്കരുത്.. വേണ്ടെന്ന് ഏതെങ്കിലും ഒരു നിമിഷം തോന്നുവാണേൽ തിരിച്ചു തന്നേക്കണേ.. എന്റെ വീട്ടിൽ ഞാനുണ്ടാകും.. നിന്നെ ഏൽപ്പിക്കുവാ ഞാൻ.. നോക്കിക്കോണേ ദേവാ.. ഞാനും വരും.. മുഹൂർത്തം കുറിച്ചാൽ അറിയിച്ചേക്കണേ.. നന്ദേട്ടാ.. സ്വന്തമാക്കിയാലും അവൾക്ക് ഞാൻ എന്നും സംരക്ഷകൻ മാത്രം ആകും.. നിങ്ങൾ മിഥുനയിൽ നിന്നും മോചനം നേടി വരുമ്പോൾ.. തിരിച്ചേൽപിക്കും ഞാൻ അവളെ.. ഒരു പോറല് പോലും ഏൽപ്പിക്കാതെ..

മരണത്തിനോ മറ്റൊന്നിനും വിട്ടു കൊടുക്കാതെ.. ഇതെന്റെ വാക്കാണ്.. അനന്തന്റെ പുഞ്ചിരിയിൽ കുഞ്ഞു പ്രതീക്ഷ ഒളിച്ചു കിടക്കുന്നുണ്ടായിരുന്നു.. പോകാൻ നേരം തിരിഞ്ഞു നിന്നവൻ ചോദിച്ചു.. ഒരുപാട്… ഒരുപാടിഷ്ടമാണല്ലേ നന്ദൂട്ടന് അവന്റെ ലെച്ചുട്ടിയെ..? അനന്തന്റെ ചോദ്യത്തിന് മുന്നിൽ കണ്ണൻ പുഞ്ചിരിച്ചു.. പ്രണയം തന്നെയായിരുന്നു നന്ദേട്ടാ.. പക്ഷേ.. അവളിൽ സിഷ്ഠ മാത്രമേയുള്ളു.. ഓർമ്മകൾ മറഞ്ഞെങ്കിലും ഉള്ളുകൊണ്ട് എന്നും സിഷ്ഠ മാത്രമാണ്.. ഈ നിൽക്കുന്ന നന്ദന്റെ മാത്രം സിഷ്ഠ..

ഞാൻ.. ഞാൻ സ്വാർത്ഥനാണല്ലേ ദേവാ.. കണ്ണുകൾ തുടച്ചു അനന്തൻ ചോദിച്ചു… നന്ദേട്ടൻ സ്വാർത്ഥനോ? അത്രമേൽ പ്രണയിച്ചിട്ടും എന്റെ പെങ്ങൾക്ക് വേണ്ടി പ്രണയിച്ച പെണ്ണിനെ എനിക്ക് തരാൻ മുതിർന്നവൻ അവളെ നഷ്ടപ്പെടുമെന്ന വേദനയിൽ കടലാഴങ്ങളിൽ ഓടി ഒളിക്കാൻ മുതിർന്നവൻ.. നിങ്ങളോളം അവളെ പ്രണയിക്കാൻ എനിക്കായില്ലല്ലോ എന്ന സങ്കടമേ എനിക്കുള്ളൂ.. തിരിച്ചു തരാം ഞാൻ.. നന്ദന്റെ സിഷ്ഠയായിട്ട് തന്നെ.. കടലിൽ നിന്നും മിഴികൾ പറിച്ചെടുക്കാതെ തന്നെ അവൻ പറഞ്ഞു…

അസ്തമിച്ച പ്രതീക്ഷയുടെ സൂര്യൻ എവിടെയോ ഇത്തിരി വെട്ടം തെളിച്ചതായി തോന്നിയവന്.. പിന്നീടുള്ള ദിവസങ്ങളെല്ലാം കണ്ണുനീരിനെ ഒഴുക്കി വിടാൻ അവൻ മൗനത്തെ കൂട്ട് പിടിച്ചു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ലോങ്ങ് ലീവ് ആവശ്യമാണെന്ന് തോന്നിയതും അന്ന് കോളേജിലേക്ക് ചെന്നു.. എച്ച് ഒ ഡിയുടെ നിർബന്ധനത്തിന് വഴങ്ങി ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ ഹൃദയതാളം മുറുകി കൊണ്ടിരുന്നു.. ക്ലാസ്സിൽ അനന്തനെ പോലും അമ്പരപ്പിച്ചു കൊണ്ട് വസുവിനെ കണ്ടപ്പോൾ സ്വപ്‌നമാണെന്ന്‌ കരുതി..

പക്ഷേ അല്ലെന്ന് ആ കണ്ണുകൾ വിളിച്ചോതി.. അറിയാതെ തന്നെ അനന്തന്റെ മിഴികൾ കൈത്തണ്ടയിലേക്ക് നീങ്ങി.. തനിക്ക് വേണ്ടി തന്റെ പെണ്ണിൽ ചുവന്ന് പൊട്ടിയ പ്രണയത്തിന്റെ അടയാളം.. അത്രമേൽ തീക്ഷണമായി എങ്ങനെ എന്നെ പ്രണയിക്കാനാകുന്നു പെണ്ണേ നിനക്ക്.. ഓർമ്മകൾ ചിതലരിച്ചിട്ടും ഈ നന്ദൻ നിന്നിൽ എങ്ങനെ ഇത്രമേൽ വേരാഴ്ത്തി.. പൊറുക്കൂ സിഷ്ഠ എന്നോട്.. മോഹങ്ങൾ നൽകി ബന്ധിച്ചു വെച്ചവനോട്.. ചിന്തകൾ ബന്ധിച്ചു നിർത്തി വസിഷ്ഠ ലക്ഷ്മി ഓക്കേ ആണോ എന്ന ചോദ്യമെറിഞ്ഞു…

മറുപടിയിൽ തൃപ്തിയടയാൻ ശ്രമിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കടന്നു.. യാത്രപറഞ്ഞിറങ്ങിയപ്പോൾ വീണ്ടും പിടച്ചിലായിരുന്നു.. ഇനി കാണുമ്പോൾ വസിഷ്ഠ ലക്ഷ്മി എന്ന പേരിനൊപ്പം താൽക്കാലികമായെങ്കിലും മറ്റൊരു പേര് ചേർത്തു വെക്കപെടുമല്ലോ എന്ന പിടച്ചിൽ.. സ്റ്റാഫ് റൂമിൽ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു വേദനകൾ അക്ഷരങ്ങളിലേക്ക് ആവാഹിക്കുമ്പോൾ വീണ്ടും സിഷ്ഠ തന്റെ അരികിൽ എത്തി.. ഹരിപ്രിയയിൽ നിന്നും ക്ഷണ പത്രിക നീട്ടിയപ്പോൾ തന്റെ വേദനയെ പുഞ്ചിരിയാൽ ആവരണം ചെയ്തു അഭിനന്ദനം അറിയിച്ചു..

അറിയാമായിരുന്നെങ്കിലും എന്തെങ്കിലും ചോദിക്കണ്ടേ എന്ന ധാരണയിൽ കണ്ണനെ പറ്റി തിരക്കി.. കൈകളിൽ കൈ ചേർത്തപ്പോൾ നെഞ്ചകം വീണ്ടും വിങ്ങി.. കൈകളിൽ അവളുടെ തണുപ്പ് കൂടി കലർന്നു.. അവൾ പോയ വഴിയെ നോക്കിയതും പുഞ്ചിരി എന്ന ആവരണം അഴിഞ്ഞു വീണു കൊണ്ട് മിഴിനീർ ഒഴുകി ഇറങ്ങി.. തിരികെ വരുമോ പെണ്ണേ.. നന്ദന്റെ സിഷ്ഠയായി.. അതോ.. എന്നെന്നേക്കും ആയി കൂടു വിട്ടു കൂടു മാറുവാണോ?… ദേവാ.. നിന്റെ വാക്കൊന്നിൽ മാത്രമാണ് അനന്തന്റെ പ്രാണൻ.. തിരികെ തരുമെന്ന പ്രതീക്ഷയിൽ വിട്ടു നൽകുവാണ്… ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു..

കാത്തിരിക്കാം. ചെമ്പകംപൂക്കും💙🌸 അഷിത കൃഷ്ണ.. രണ്ട് വരി കുറിക്കുക.. കഥയെ കഥയായി മാത്രം കണക്കാക്കുക.. വല്ല്യ ലോജിക് ഒന്നും പ്രതീക്ഷിക്കണ്ട.. പിന്നെ ഈ കഥ സിഷ്ഠയുടെയും അവളുടെ നന്ദൻറെയും കഥയാണ്.. സ്വാർത്ഥതകൾക്കിടയിൽ തകർന്നടിഞ്ഞ പ്രണയകഥ.. അന്നും ഇന്നും എന്നും സിഷ്ഠക്കും നന്ദനും വേണ്ടി മാത്രമേ ഞാൻ എന്റെ വരികളിൽ പ്രണയം നിറച്ചിട്ടുള്ളു..

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 54