Friday, July 19, 2024
Novel

ദേവാസുരം : ഭാഗം 9

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

കാറിലിരിക്കുമ്പോൾ ഇന്ദ്രന്റെ ശ്രദ്ധ മുഴുവൻ ജാനുവിലായിരുന്നു. ആരോരുമില്ലാത്ത പെണ്ണിനോട് തോന്നിയ സഹതാപമാണോ അറിയില്ല.

എത്രയൊക്കെ ദേഷ്യപ്പെടാൻ തോന്നിയാലും ആ മുഖം കാണുമ്പോൾ… എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ. പക്ഷെ ഒരിക്കലും ഒരു ഇഷ്ടം തോന്നിയിട്ടുണ്ടോ? ഇല്ലായിരിക്കും. അറിയില്ല.

അലീനയെ പറ്റി അല്ലാതെ മറ്റാരെയും അങ്ങനെ ചിന്തിച്ചിട്ടില്ല. ഒരു പക്ഷെ അലീന തന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ജാനുവിനെ ഇഷ്ടപ്പെടുമായിരുന്നിരിക്കാം.

അലീനയുടെയും ജാനുവിന്റെയും സ്വഭാവം തീർത്തും വത്യസ്ഥമായിരുന്നു. ജാനു ചെയ്യുന്ന ഓരോ പ്രവൃത്തിയും ഇന്ദ്രന്റെ ഭാര്യാ സങ്കൽപ്പം പോലെയാണ്.

പക്ഷെ അവൻ അതിയായി സ്നേഹിക്കുന്നത് അലീനയെയും. എങ്ങനെയാണ് തനിക്ക് അലീനയോട് പ്രണയം തോന്നിയെന്ന് ഇപ്പോളും അവന് അറിയില്ല.

പക്ഷെ അവൻ സ്നേഹിച്ചത് ആത്മാർത്ഥമായാണ് അത് കൊണ്ട് തന്നെ അലീനയെ മറക്കാനും കഴിയുന്നില്ല. അലീനയിൽ നിന്ന് ഒരിക്കലും സ്നേഹം പിടിച്ച് വാങ്ങാനും അവൻ ആഗ്രഹിക്കുന്നില്ല.

ജാനുവിന്റെ അവസ്ഥ അത് കൊണ്ടാവും ഇന്ദ്രനും മനസിലാവുന്നുണ്ടായിരുന്നു.

മറ്റൊരാളുടെ നിർബന്ധപ്രകാരം സ്വന്തം പ്രണയത്തിൽ നിന്ന് പിന്മാറുന്ന അവളുടെ മാനസികാവസ്ഥ എന്തായിരുന്നിരിക്കണം.

എല്ലാവരിൽ നിന്നും കുറ്റപ്പെടുത്തൽ മാത്രം ! ചിലരുടെ പിടിവാശികൾക്ക് അവൾ പകരം നൽകിയത് തന്റെ സന്തോഷത്തെയാണ്.

വിവാഹ ജീവിതത്തിലും അവൾക്കു സന്തോഷം ലഭിക്കില്ലെന്ന് ഓർത്തപ്പോൾ അവന് സഹതാപം തോന്നി.

അലീനയും ഇത് പോലെ ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയാണ് തന്നിൽ നിന്നും അകന്നതെങ്കിൽ… ഇതിലും വേദന അവളും സഹിക്കുന്നുണ്ടാവില്ലേ.

അവന്റെ മനസ് അസ്വസ്ഥമായി തുടങ്ങിയിരുന്നു. റോഡ് സൈഡിലേക്ക് അവൻ കാർ പാർക്ക്‌ ചെയ്തു.

അൽപ സമയത്തെ ആലോചനയ്ക്ക് ഒടുവിലാണ് പരിസരബോധം അവനുണ്ടായത്. ഞെട്ടി ജാനുവിനെ നോക്കിയപ്പോൾ അവൾ അപ്പോഴും ആലോചനയിലാണ്ടു ഇരിക്കുകയായിരുന്നു. കണ്ണുനീർ ചാലുകൾ ഒലിച്ചിറങ്ങുന്നുണ്ട്.

“ഡോ താനിങ്ങനെ കരയാതെ.”

ചിന്തകളിൽ നിന്ന് ഉണർന്നു പെട്ടെന്ന് തന്നെ നിവർന്നിരുന്നു അവൾ കണ്ണുകൾ തുടച്ചു.

“എങ്ങോട്ടേക്കാ പോവേണ്ടത്. അവനെ പറ്റി അന്വേഷിക്കണ്ടേ?”

അവനത് പറഞ്ഞതും ജാനു ആശ്ചര്യത്തോടെ അവനെ നോക്കി. അവനിൽ നിന്ന് അത്തരത്തിലൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല.

“പറയെടോ എന്താണ് ചെയ്യേണ്ടത്?”

“അത്… എനിക്കൊന്നു ദേവുവിനെ കാണണം.”

അവൾക്ക് ഉറപ്പുണ്ടായിരുന്നു ദേവുവിന് അവളെ സഹായിക്കാനാവുമെന്ന്.

“മ്മ് നമുക്ക് അവളുടെ വീട്ടിൽ പോവാം.”

അത് കേട്ടപ്പോൾ ജാനുവിനും ജീവൻ വെച്ചത് പോലെ. ദേവുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത് അവളാണ്.

മുറ്റത്ത് കാറ്‌ വന്ന ശബ്ദം കേട്ടാണ് ദേവു പുറത്തേക്ക് ഇറങ്ങിയത്. കാറിൽ നിന്ന് ഇറങ്ങിയ ജാനുവിനെ കണ്ടതും അതിശയം ആണ് ഉണ്ടായത്.

തന്നെ കണ്ടതും ജാനു ഓടി വന്നു മാറോടു ചേർത്ത് കെട്ടി പിടിച്ചിരുന്നു. കരഞ്ഞു വീർത്ത കൺപോളകൾ വിളിച്ചോതുന്നുണ്ടായിരുന്നു അവളുടെ സങ്കടങ്ങളെ.

ഇന്ദ്രന്റെ മുഖത്തെ ഭാവങ്ങളിൽ നിന്ന് അതിന് കാരണക്കാരൻ അവനല്ലെന്ന് അവൾ ഊഹിച്ചെടുത്തു. ദേവു അവളെയും കൂട്ടി വീടിന് അടുത്തുള്ള കുളക്കടവിലേക്ക് പോയി.

തനിക്ക് കഴിയുന്നത് പോലെ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അവൾ ഒന്ന് സമാധാനപ്പെട്ടതിന് ശേഷമാണ് ദേവു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയത്.

നിറഞ്ഞൊഴുകുന്ന കണ്ണുനീർ വീണ്ടും തുടച്ചു കൊണ്ട് അവൾ ജാനുവിനോട് മനസ് തുറന്നു.

“നിന്നോട് ഇതൊക്കെ ആരാണ് പറഞ്ഞത്?”

മുഴുവൻ കഥകളും കേട്ടതിനു ശേഷം ദേവു ചോദിച്ചു.

“ആതിര ചേച്ചി.”

“ഏത് വിഷ്ണു ചേട്ടന്റെ ക്ലാസ്സിൽ ഉള്ള.. ഓ വെറുതെയല്ല. വിഷ്ണു ഏട്ടൻ പഠിപ്പൊന്നും നിർത്തിയിട്ടില്ല. നിന്റെ വിവാഹം കഴിഞ്ഞ അന്ന് മുതൽ ഇന്നോളം ഏട്ടന്റെ എല്ലാ കാര്യങ്ങളും ഞാൻ അന്വേഷിക്കാറുണ്ട്.”

ദേവു പറഞ്ഞു തുടങ്ങി.

“എന്തു കൊണ്ടോ ആ അവസ്ഥയിൽ ഒറ്റക്ക് വിട്ടു പോകാൻ തോന്നിയില്ല. നിന്റെ സുഹൃത്തെന്ന നിലയ്ക്ക് എന്റെ കടമയാണ് അതെന്ന് തോന്നി.

ആദ്യമൊക്കെ എന്നോട് വെറുപ്പ് കാട്ടിയെങ്കിലും ഇപ്പോ ഏട്ടന് കുഴപ്പമൊന്നും ഇല്ല.

നിന്നോടുള്ള ഇഷ്ടം ഇപ്പോളും പഴയത് പോലെ തന്നെ ഉണ്ട്. നീ ഇന്ദ്രേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണമെന്നാണ് ആ പാവവും ഇപ്പോ ആഗ്രഹിക്കുന്നത്.”

“അപ്പോ എക്സാം എഴുതാൻ വരില്ലെന്ന് പറഞ്ഞതോ?”

“ഇന്ന് ഫീ അടക്കാൻ പോകുമെന്നാ എന്നോടും പറഞ്ഞത്. നിനക്ക് വിശ്വാസം ഇല്ലെങ്കിൽ ഞാൻ ഏട്ടനെ കൊണ്ട് തന്നെ പറയിപ്പിക്കാം.”

അവൾ ഫോണെടുത്തു വിഷ്ണുവിനെ വിളിച്ചു സ്പീക്കറിൽ ഇട്ടു.

“ഹലോ..?”

“ഹലോ..”

മറുതലക്കൽ നിന്നും വിഷ്ണുവിന്റെ ശബ്ദം കേട്ടപ്പോൾ ജാനുവിന് സമാധാനമായി.

“ഞാൻ ദേവിക ആണ്.”

“മ്മ് മനസിലായി.”

“ഏട്ടൻ ഫീ അടച്ചിരുന്നോ?”

“ഇല്ല. എനിക്ക് കുറച്ചു തിരക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് ഇന്ന് പോയില്ല.”

“നാളെ അടക്കുവോ? അല്ലെങ്കിൽ ഞാൻ പോകുമ്പോ അടക്കാം.”

“ഞാൻ നാളെ തന്നെ അടക്കും. നീ പേടിക്കണ്ട നിന്റെ കൂട്ടുകാരി കാരണം ഞാൻ എന്റെ ജീവിതം തകർക്കില്ല. എനിക്ക് വേണ്ടിയല്ലെങ്കിലും അനിയത്തി കുട്ടിക്ക് വേണ്ടി എനിക്ക് ജയിച്ചേ പറ്റു.”

അവൻ പറഞ്ഞ ആ വാക്കുകളിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു. സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന പഴയ വിഷ്ണു ആയി അവൻ മാറിയിരുന്നു.

ആ വാക്കുകൾ ജാനുവിനും കരുത്ത് പകർന്നു. അവളുടെ മുഖത്തും ആശ്വാസത്തിന്റെ പുഞ്ചിരി പടർന്നു.

“താനിങ്ങനെ ഇടക്ക് ഇടക്ക് വിളിച്ചു എന്നെ പറ്റി അന്വേഷിക്കണമെന്നില്ല. ഞാൻ ഇപ്പോൾ ഓക്കേ ആണ്.”

“മ്മ്.”

“ഇപ്പോ വിശ്വാസമായോ?”

ഫോൺ കട്ട്‌ ചെയ്ത് ഒരു പുഞ്ചിരിയോടെ ദേവു ചോദിച്ചു . ആ പുഞ്ചിരി ജാനുവിന്റെ മുഖത്തും പടർന്നു.

“ഇപ്പോളാണ് സമാധാനം ആയത്. ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ഏട്ടനോട് ചെയ്തത് പക്ഷെ അതിന്റെ പേരിൽ ഏട്ടന്റെ ജീവിതം കൂടെ നശിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്തിനാണ്.”

“നീ എന്തിനാ എഴുതാ പുറം വായിക്കുന്നത്.
അല്ല നിന്നോട് ഈ നുണ കഥയൊക്കെ ആരാ പറഞ്ഞെ? ആതിര ചേച്ചി അല്ലേ?”

“മ്മ്”

“ഞാൻ പണ്ടേ പറഞ്ഞതല്ലേ ആ ചേച്ചിക്ക് നിന്നോട് എന്തോ ദേഷ്യം ഉണ്ടെന്ന്. വിഷ്ണു ഏട്ടനോട് അവർക്ക് ഒരു കണ്ണുണ്ടെന്നാ എന്റെ ബലമായ സംശയം.

അല്ലെങ്കിൽ നിന്നോട് അവർ എന്തിനാ ദേഷ്യപ്പെടുന്നത്? ഏട്ടനില്ലാത്ത പ്രശ്നം അവർക്ക് എന്തിനാ? ഒരു അവസരം കിട്ടിയപ്പോ നിന്നോടവർ ദേഷ്യം തീർത്തതാ.”

“ആ അതെന്തെങ്കിലും ആവട്ടെ ഏതായാലും കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ.”

ജാനു സമാധാനത്തോടെ പറഞ്ഞു.

“എന്റെ കുട്ടി കുറച്ചു സമയം കൊണ്ട് കരഞ്ഞു കോലം കേട്ടല്ലോ? അല്ല അത് പോട്ടെ ഇന്ദ്രേട്ടന് നിന്നോട് ഇഷ്ടം ഒന്നും ഇല്ലെന്ന് പറഞ്ഞിട്ട് കല്യാണം കഴിഞ്ഞപ്പോ രണ്ടാളും സെറ്റ് ആയോ?”

കളിയാക്കി ചിരിച്ചു കൊണ്ട് ദേവു അത് ചോദിച്ചപ്പോൾ ജാനുവിന്റെ മുഖത്തും നാണം വിടർന്നു.

“ആഹാ പെണ്ണിന് നാണം വന്നല്ലോ?”

“ഇഷ്ടം ഒന്നും ഉണ്ടായിട്ടല്ല. ദേഷ്യം ഒന്നും കാണിക്കുന്നില്ല എന്നെ ഉള്ളൂ.”

“പിന്നെ ഏട്ടൻ എന്തിനാ കോളേജിൽ വന്നത്?”

“അയ്യോ അത് ചോദിക്കാൻ ഞാനും മറന്നു. ബസ് സ്റ്റോപ്പിൽ ആക്കി തന്ന ആളാണ്. എന്തിനാണാവോ കോളേജിൽ വന്നേ?”

അപ്പോളാണ് അതിനെ പറ്റി അവളും ചിന്തിച്ചത്.

“അത് നിങ്ങൾ ഭാര്യയും ഭർത്താവും കൂടെ വീട്ടിൽ പോയി ആലോചിച്ചാൽ മതി. രണ്ടാളും കൂടെ ഒന്നിച്ചു ആദ്യായിട്ട് വന്നിട്ട് മുറ്റത്തു നിന്ന് സംസാരിക്കുവാ നീ അകത്തേക്ക് വാ.”

“അല്ല ഏട്ടൻ?”

ചുറ്റും കണ്ണോടിച്ചു കൊണ്ട് ജാനു പറഞ്ഞു.

“മാങ്ങയുടെ കണക്കെടുക്കുവാണെന്ന് തോന്നുന്നു. കുറേ നേരായി മാവിൻ ചുവട്ടിൽ കിടന്നു കറങ്ങുന്നു.”

ഇന്ദ്രന്റെ നിൽപ്പ് കണ്ടപ്പോൾ ജാനുവിന്റെ മുഖത്തും ഒരു ചിരി വിടർന്നു. ദേവുവിനെ കണ്ടു കഴിഞ്ഞപ്പോൾ ജാനു പൂർണമായും ഇന്ദ്രന്റെ കാര്യം മറന്നു പോയിരുന്നു. അതിലവൾക്ക് കുറ്റബോധം തോന്നി.

ദേവുവിന്റെ വീട്ടിൽ നിന്നും ഭക്ഷണമൊക്കെ കഴിച്ചിട്ട് അൽപ സമയം കഴിഞ്ഞാണ് അവർ തിരികെ ഇന്ദ്രിയത്തിലേക്ക് പോയത്. ദേവുവിന്റെ സാന്നിധ്യം ജാനുവിന് സന്തോഷം നൽകുന്നത് കൊണ്ടാണ് വീട്ടിൽ പോകാൻ ഇന്ദ്രനും ധൃതി പിടിക്കാഞ്ഞത്.

അവളിലെ മാറ്റം അവനിലും സന്തോഷം ഉളവാക്കി. പോകുന്ന വഴിക്ക് രാത്രിയിലേക്കുള്ള ഭക്ഷണവും അവർ വാങ്ങിയിരുന്നു.

“അവന്റെ കാര്യം അറിഞ്ഞോ?”

ഭക്ഷണം കഴിക്കും വഴിയാണ് ഇന്ദ്രൻ അത് ചോദിച്ചത്.

അത് വരെ രണ്ടാളും പരസ്പരം സംസാരിച്ചിരുന്നെങ്കിലും അവളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള മടി കൊണ്ടാണ് അത്രയും സമയം ചോദിക്കാതെ ഇരുന്നത്. പക്ഷെ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“അല്ല എന്നോട് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി.”

ദേവികയിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ അവൾ അവന് വിശദീകരിച്ചു കൊടുക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

തന്നെ പറ്റി അറിയാൻ അവനിൽ താല്പര്യം ഉണ്ടാവുന്നത് അവളിലും കുഞ്ഞു പ്രതീക്ഷകളുടെ വിത്തുകൾ പാകുന്നുണ്ടായിരുന്നു.

അടുക്കളയിലെ ജോലികളൊക്കെ കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോൾ മനസ് ശാന്തമായിരുന്നു.

അമ്മയെയും മാമനെയുമൊക്കെ വിളിച്ചു വിശേഷങ്ങൾ തിരക്കണമെന്ന് തോന്നിയെങ്കിലും ഏട്ടനോട് പറയാൻ എന്തോ മടി തോന്നി.

ഏട്ടൻ കട്ടിലിൽ ഇരുന്നു ലാപ്പിൽ എന്തൊക്കെയോ ചെയ്യുകയായിരുന്നു.

രാത്രി കുടിക്കാനുള്ള വെള്ളം ടേബിളിനു മുകളിൽ വെച്ചു. ഇനി എന്താ ചെയ്യുക എന്നറിയാതെ അൽപ സമയം അവിടെ നിന്നപ്പോളാണ് ഇന്ദ്രന്റെ ശ്രദ്ധ അവളിൽ പതിച്ചത്.

“ആ തനിക്ക് ഒരു സാധനം തരാൻ ഞാൻ മറന്നു.”

ഷെൽഫിൽ നിന്ന് ഒരു പൊതിയെടുത്തു കൊണ്ടാണ് അവനത് പറഞ്ഞത്.

“ഇഷ്ടായില്ലെങ്കിൽ മാറ്റി വാങ്ങാം.”

അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു.
അതെന്താണെന്ന് അറിയാനുള്ള ജിജ്ഞാസയിൽ അവൾ വേഗം ബോക്സ്‌ തുറന്നു.

“ഫോണോ?”

അവൾ അത്ഭുതത്തോടെ ചോദിച്ചു.

“അച്ഛൻ പറഞ്ഞിട്ട് ഇത് തരാനാണ് ഞാൻ കോളേജിൽ വന്നത്. പിന്നെ ഈ കാര്യം മറന്നു പോയി. എല്ലാവരുടെയും നമ്പർ സേവ് ചെയ്തിട്ടുണ്ട് എന്റെയും.”

“മ്മ്.”

അവൾ സന്തോഷത്തോടെ തലയാട്ടി. വേഗം തന്നെ ഉഷയെയും മാധവനെയും വിളിച്ച് സംസാരിച്ചു. അപ്പോളേക്കും ഇന്ദ്രനും കിടക്കാൻ തയ്യാറായി. അവൾ താഴെ ഷീറ്റ് വിരിച്ച് കിടക്കാൻ ഒരുങ്ങി.

“ഇവിടെ ഇപ്പോൾ നമ്മൾ മാത്രമല്ലെ ഉള്ളൂ. നീ അപ്പുറത്തെ റൂമിൽ കിടന്നോളു. താഴെ കിടക്കണ്ടല്ലോ?”

“അത്.. എനിക്ക് ഒറ്റക്ക് ഒരു റൂമിൽ രാത്രി കിടക്കാൻ പേടിയാണ്. അമ്മ മരിച്ചതിൽ പിന്നെ അങ്ങനെ ആണ്. അവിടെ അനുവിന്റെയും ശിവയുടെയും ഒപ്പമാണ് കിടന്നിരുന്നത്.”

“താൻ ഇവിടെ കിടക്കുന്നതിൽ എനിക്ക് കുഴപ്പമൊന്നും ഇല്ല. താഴെ കിടന്ന് ബുദ്ധിമുട്ടണ്ടല്ലോ എന്ന് വെച്ചു പറഞ്ഞതാണ്.”

“എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.”

ആവേശത്തോടെ അവൾ പറഞ്ഞു. കുറച്ചു കാലങ്ങൾക്ക് ശേഷം ആ രാത്രിയിൽ രണ്ടു പേരും സുഖമായി ഉറങ്ങി പുതിയൊരു പുലരിയെ വരവേൽക്കാൻ…

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

ദേവാസുരം : ഭാഗം 6

ദേവാസുരം : ഭാഗം 7

ദേവാസുരം : ഭാഗം 8