Sunday, October 6, 2024
Novel

രുദ്രഭാവം : ഭാഗം 19

നോവൽ
എഴുത്തുകാരി: തമസാ

ഗീതമ്മ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ഭാവയാമിയെ…… അടുത്തെത്തിയപ്പോൾ ആണ് അവൾ കരയുവാണെന്ന് അവൾക്ക് മനസിലായത്…..

മോളേ……..

അവളുടെ കയ്യിൽ പിടിച്ചുകൊണ്ടവർ പതിയെ വിളിച്ചു…..

അമ്മയെ നോക്കിയിട്ട് അവളവിടെ തന്നെ കിടന്നു….

എന്തിനാ മോളെ നീ ഇങ്ങനെ കരയുന്നത്?… എന്താ കുട്ടീ… വയ്യേ… അമ്മയോട് പറയ്…..

അവളുടെ അടുത്തിരുന്നവർ അവളെ സ്നേഹത്തോടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി….

ഉറക്കെ കരഞ്ഞു കൊണ്ടവൾ ഗീതമ്മയുടെ മടിയിലേക്ക് വീണു…. കരച്ചിലിന്റെ ശീലുകൾ ഉയർന്നു….

എന്താ എന്റെ മക്കൾക്ക് പറ്റിയത്….. കണ്ണ് വെച്ചതാണോ ഭഗവാനേ എന്റെ കുഞ്ഞുങ്ങളെ ആരെങ്കിലും…….

അവർ വേദനയോടെ പറഞ്ഞു….

“അമ്മ എന്നെ വെറുക്കുന്നുണ്ടോ? ”

തലയുയർത്താതെ തന്നെ ഭാവ ചോദിച്ചു….

എന്തിനാ മോളെ….

ഞാൻ കാരണം ആണ് രുദ്രൻ ഇവിടെ നിന്ന് പോയത്…….. എന്നോട് ക്ഷമിക്കണേ അമ്മാ…..

എന്തിന്….. നിനക്ക് അവനോട് ക്ഷമിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അമ്മ എന്ത് പറയാനാണ്… അവൻ ചതിച്ചതല്ല മോളേ നിന്നെ… അവന് കഴിയില്ല അതിനൊന്നും…. തെറ്റിദ്ധരിച്ചതാ മോളവനെ… ഇപ്പോഴും ഇഷ്ടമാ നിന്നെ അവന്….

ഭാവയാമി അമ്മയെ നോക്കി ചിരിക്കാൻ ശ്രമിച്ചു .. പിന്നെ വയറോടൊപ്പം ചേർന്ന് കെട്ടിപ്പിടിച്ചു…

എനിക്കറിയാം ഈ അമ്മയുടെ മകന്റെ മനസ്… അവിടെയീ ഭാവ മാത്രേ ഉള്ളു.. എന്നോടുള്ള സ്നേഹം മാത്രേ ഉള്ളു… ഇന്നലെ ഞങ്ങൾ രണ്ടും ഉറങ്ങിയിട്ടില്ല.. അമ്മയ്ക്കറിയുമോ… എന്റെ അടുത്ത് വന്നിരുന്നു രുദ്രൻ ഇന്നലെ കുറേ കരഞ്ഞു… അത് കേട്ടെന്റെ ഹൃദയം തകരുന്നുണ്ടായിരുന്നു… പക്ഷേ… അറിയില്ല. ഉള്ളിലിരുന്നെന്തോ മനസിനെ അടുക്കാൻ അനുവദിക്കാതെ നീക്കി നിർത്തുന്നു….കണ്ണ് തുറക്കണമെന്നും കരയരുതെന്നു പറഞ്ഞാശ്വസിപ്പിക്കണം എന്നും ഉണ്ടായിരുന്നു… പക്ഷെ കഴിഞ്ഞില്ല….. എനിക്ക് പറ്റിയില്ലമ്മേ……

ഭാവ കരഞ്ഞു കൊണ്ട് പറഞ്ഞു…

അവനോട് ഇഷ്ടക്കുറവ് ഉണ്ടോ നിന്റെ മനസ്സിൽ… ആ ഭഗവാന് പകരമായി എന്റെ കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങാൻ നിനക്ക് പറ്റില്ലേ മോളേ……

സ്നേഹിച്ചത് ഭഗവാനേ ആണെങ്കിലും മനസ്സിൽ പതിഞ്ഞ രൂപം എന്റെയീ രുദ്രന്റെ ആയിരുന്നില്ലേ….എങ്കിലും എനിക്ക് നഷ്ടങ്ങൾ ഒത്തിരി ആയില്ലേ…. അമ്മ… അച്ഛൻ… സുഹൃത്തുക്കൾ… വര്ഷങ്ങളായി ഞാൻ കാത്തു സൂക്ഷിച്ച സൽപ്പേര്… എല്ലാം… എല്ലാം നഷ്ടപ്പെട്ടവളായി ഭാവയാമി…. എന്നെ ഏറ്റവും സ്നേഹിച്ചിരുന്ന അച്ഛൻ പോലും എന്നെ ഇനി വേണ്ടെന്ന് പറഞ്ഞു…. എല്ലാരും വെറുത്തു… എനിക്കേറ്റ അപമാനം… അതൊക്കെ എന്റെ ഉള്ളിൽ നുര പൊന്തി വരുമ്പോൾ എനിക്കെങ്ങനെ സ്നേഹിക്കാൻ പറ്റും. ഇഷ്ടമാണ് രുദ്രനെ…. ഒരുപാട് ഇഷ്ടമാണ്…. എപ്പോഴും…. പക്ഷേ……..

തല കുമ്പിട്ടിരുന്നു ഭാവ പറഞ്ഞു നിർത്തി…

ഇത്രയും ഇഷ്ടമുണ്ടെങ്കിൽ എന്തിനാ അവനോട് പോവാൻ പറഞ്ഞത്? മനസ് തകർന്നാ അവനിവിടെ നിന്നിറങ്ങി പോയത്… നീയൊന്ന് തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു അവൻ അവസാന നിമിഷം വരെ…….

സന്തോഷം ഇടകലർന്നൊരു സങ്കട ധ്വനിയോടെ അവർ ചോദിച്ചു….

ഒരുമിച്ച് കഴിഞ്ഞ് മനസിലെ ചെറിയൊരു കരടിന്റെ പേരിൽ തമ്മിൽ തല്ലുന്നതിലും നല്ലത് ഇതല്ലേ അമ്മേ….. എനിക്ക് ആ മുഖത്തേക്ക് നോക്കുമ്പോൾ കഴിഞ്ഞുപോയതെല്ലാം ഓർമ വരും… ഉള്ളിൽ സ്നേഹത്തിന്റെ ഒരായിരം നിറകുടം ഒളിപ്പിച്ചു വെച്ചിട്ടും പുറത്തു വരുന്നത് ദേഷ്യത്തിന്റെ കണങ്ങളാണ്….. അടുത്ത് വരുമ്പോളെല്ലാം എന്തോ ഒന്ന് അടുക്കാനാകാത്ത വണ്ണം എന്നെ തടഞ്ഞു നിർത്തുന്നു…. ഒരു പൊട്ടിത്തെറി ആയി അത് പുറത്തേക്ക് വരുന്നതിലും നല്ലത് ഇതാണമ്മേ…. കുറച്ച് നാൾ കാണാതിരിക്കുമ്പോൾ തന്നെ എന്റെ ഉള്ള് രുദ്രനെ തേടി തുടങ്ങും… മനസിന്റെ സങ്കടങ്ങളെ എല്ലാം അലിയിച്ചു കളഞ്ഞ്, അവ രുദ്രനെ സ്നേഹം കൊണ്ടു മൂടും… അതിനെനിക്കിത്തിരി സമയം വേണം…. പിന്നെ എനിക്ക് മനസറിഞ്ഞു സ്നേഹിക്കണം രുദ്രനെ ……….

അപ്പോൾ എന്റെ മക്കൾ ഒരുമിച്ച് ജീവിക്കുന്നത് എനിക്ക് കാണാൻ പറ്റുമല്ലേ മോളേ……?

അവൾ അമ്മയെ മുറുകി പുണർന്നു….

പറ്റും… എന്റെ പഠിത്തം ഞാൻ നല്ല മാർക്കോടെ തന്നെ കംപ്ലീറ്റ് ചെയ്യും….. എനിക്കായി അച്ഛനെടുത്ത കടങ്ങളൊക്കെ തീർക്കണം… എന്നിട്ട് എല്ലാവരുടെയും മുന്നിൽ, രുദ്രന്റെ ഇടം ഭാഗം ചേർന്ന് തലയുയർത്തി നിൽക്കണം…. അപ്പോഴല്ലേ അമ്മേ എനിക്ക് സമാധാനമായി ഒന്ന് നിശ്വസിക്കാൻ എങ്കിലും പറ്റുള്ളൂ……

അവളുടെ മറുപടി ഗീതമ്മയിലും ഒരു ചിരി പടർത്തി….

അതിനവനെ ഇന്നലെ രാത്രി മുതൽ തന്നെ മാറ്റി നിർത്തണായിരുന്നോ കൊച്ചേ നിനക്ക്?

അവളുടെ തലയുഴിഞ്ഞു കൊണ്ടവർ ചോദിച്ചു…..

വേണം…. അല്ലെങ്കിൽ ചിലപ്പോൾ എന്നും കണ്ടുകൊണ്ടിരുന്നാൽ അമ്മയുടെ മോനേ ഞാൻ വിട്ടുപിരിയാൻ വയ്യാത്ത വണ്ണം പ്രണയിച്ചു പോവും…. എനിക്ക് എന്നെ തന്നെ ഭയമാണ്……. ആ മുഖം ചിലപ്പോൾ എന്റെ ആഗ്രഹങ്ങൾ മാറ്റി വെക്കാൻ കാരണമാവും…. അത് വയ്യമ്മേ… ഇപ്പോൾ കുറച്ചകന്നിരുന്നാലും വേണ്ടില്ല, കൂടെ കൂട്ടിയാൽ പിന്നെ ചോർന്നു പോകാതെ എനിക്കവനെ എന്റെ നെഞ്ചോടു ചേർക്കണം… എന്റെ പ്രണയം മുഴുവൻ കൊടുത്ത് കൊതിതീരുമോ എന്ന് പരീക്ഷിക്കണം….. മരിക്കുവോളം എന്റെ രുദ്രന്റെ ഭാവയായി ജീവിക്കണം…. കാത്തിരിക്കുവാ ഞാൻ…. കടങ്ങളൊക്കെ വീട്ടി തലയുയർത്തി അവന്റെ ഒപ്പം നിൽക്കുന്ന കാലത്തിനായി… അന്നെന്റെയീ കൊച്ചു പിണക്കം ചെറിയ മുത്തങ്ങളായി അവന്റെ കഴുത്തിൽ പതിപ്പിച്ചു കൊണ്ട് എനിക്കാ ഗദ്ഗദം അറിയണം… അത്ര ഇഷ്ടമാ ഭാവയാമിക്ക് രുദ്രനെ……

ചെറിയൊരു നാണത്തോടെ പറയുന്ന ഭാവയുടെ താടിയിൽ പിടിച്ചവർ മുഖം ഉയർത്തി…

ഇത്രയേ ഉണ്ടായിരുന്നുള്ളോ എന്റെ രൂപന്റെ പെണ്ണ്… ഞാൻ വിചാരിച്ചു, അവനെക്കൊണ്ട് ക്ഷ മ്മ ത്ര ഒക്കെ വരപ്പിക്കുമെന്ന്… ഇതിപ്പോൾ അവൻ ഇപ്പോൾ തിരിച്ചു വന്നാൽ ആ നിമിഷം ഈ പെണ്ണ് മുട്ടുകുത്തുമല്ലോ അവന്റെ മുന്നിൽ…..

ഗീതമ്മ അവളെ കളിയാക്കി…..

അമ്മാ… പോ…. ഇതാ ഞാനൊന്ന് മനസ് തുറക്കില്ലാത്തത്… ഇനി ഇത് ആരോടും പറയാൻ നിക്കണ്ടാട്ടൊ.. എനിക്ക് നാണമാവും….

രണ്ടു കൈവെള്ളകൾ കൊണ്ടവൾ മുഖം പൊത്തി…..

ഇല്ല…. ഞാൻ ആരോടും പറയില്ല…. താലി കെട്ടിയവനെ ഓടിച്ചിട്ട് മുറി അടച്ചിട്ടിരുന്നു കരയുവാണെന്ന് എങ്ങനെയാ അവരോടൊക്കെ ഞാൻ പറയുക…..അയ്യേ…… എനിക്ക് നാണമാകും…

അവളുടെ കവിളിൽ ഇറുക്കി പിച്ചി ഗീതമ്മ……

ഗീതമ്മാ………….

ദയനീയമായി അവൾ വിളിച്ചു…..

പുറത്തേക്ക് ഇറങ്ങി വാ… എല്ലാവരോടും ഞാൻ എന്തെങ്കിലും കാരണം പറഞ്ഞോളാം അവനെ ചോദിച്ചാൽ….

അമ്മ പൊയ്ക്കോ…. ഞാൻ ഇപ്പോൾ വരാം…. ഓടി വരാം…..

മ്മ്മ്…….

അവർ ചിരിച്ചുകൊണ്ട് മുറിവിട്ടിറങ്ങി, ആശ്വാസത്തോടെ അവർ നെഞ്ച് തടവി….

💮💮💮💮💮💮💮💮💮💮💮💮💮

അമ്മ പോയപ്പോൾ ഭാവ ചെന്ന് മുറിയുടെ വാതിൽ ചേർത്തടച്ചു…

നിറഞ്ഞു വന്ന കണ്ണുനീർ അവൾ ചിരിച്ചു കൊണ്ടു തുടച്ചു മാറ്റി…

അലമാര മുഴുവൻ തപ്പി, ഒടുവിൽ ഒരു വെള്ളപേപ്പർ അവൾക്ക് കിട്ടി… മേശപ്പുറത്തു ബോക്സിൽ ഇരുന്ന പേന എടുത്ത് അവൾ കട്ടിലിൽ ചാരി, ഒരു ബുക്കിനു മേല് പേപ്പർ വെച്ച് എഴുതാനായി ഇരുന്നു….

ആദ്യ വരി എഴുതുമ്പോൾ തന്നെ അവളുടെ മുഖം ചുവന്നു തുടുത്തു…

📝എന്റെ രുദ്രന്……….. ✒️📕

ആദ്യനാളിൽ ഞാൻ നിനക്ക് കത്തെഴുതിയത് കളിയായിട്ടായിരുന്നു…. ഞാൻ ആരാധിച്ച എന്റെ ഭഗവാന് എഴുതിയ കത്ത്… പക്ഷേ ഇതെഴുതുന്നത് എന്റെ എല്ലാം ആയ രുദ്രന് വേണ്ടിയാണ്…. നീ ഇവിടെ നിന്ന് ഇറങ്ങിയ അന്ന് തന്നെ ഈ കത്തെഴുതി വെയ്ക്കുന്നത്, ഒരിക്കൽ നിന്നോടിതു പറയാൻ ഞാൻ നാണിച്ചാലും എന്റെ മനസ്സിൽ എന്തായിരുന്നെന്ന് നിന്നെ അന്ന് അറിയിക്കാൻ …

രുദ്രാ…. ഭാവയ്ക്ക് നിന്നോട് വെറുപ്പില്ല… വെറുക്കാൻ കഴിയില്ല….ശിശിരത്തിൽ ഇല പൊഴിച്ച് നിൽക്കുന്ന ഈ ഭാവയ്ക്ക്, രുദ്രനെന്ന വസന്തത്തെ സ്വീകരിക്കാൻ സ്വയം ഒന്ന് പ്രാപ്തയാവണം…. അതുവരെ ഈ വസന്തത്തിന്റെ വർണങ്ങളെ അറിഞ്ഞുകൊണ്ട് അകറ്റി നിർത്തുകയാണ് ഭാവ….വരണ്ട കാലത്തിനൊടുവിൽ രുദ്രന്റെ പ്രണയം ഈ മണ്ണിനു മീതെ പൊഴിയും… ആ മഴയുടെ കുളിരെന്നും ഉള്ളിലേറ്റു വാങ്ങി നിന്നോടൊപ്പം എനിക്കൊരിക്കൽ കൂടി ആ ഭാഗവാന്റെ മുന്നിൽ പോയി നിൽക്കണം…. ഉള്ളിലിരുന്നു നീയാ ദേവനെ പൂജിക്കുമ്പോൾ, കോവിലിനുള്ളിരിക്കുന്ന ആ ഭഗവാനേ പുറത്തു നിന്ന് എനിക്ക് ആരാധിക്കണം…. ഒപ്പം ഈ രുദ്രനെ എനിക്ക് പ്രണയിക്കണം……. എന്റെ എല്ലാ കടങ്ങളും വീട്ടിയിട്ടൊരുനാൾ ഞാനീ ഇല്ലത്തിന്റെ പടിവാതിലിൽ ചാരി നിന്നെയും കാത്തിരിക്കും…

വരില്ലേ നീ അന്ന്, ഓരോ അണുവിലും നിന്റെ മുഖം നിറച്ച്, ദേഷ്യത്തിന്റെ ഒരു കണികപോലുമില്ലാതെ നിന്നെ കാത്തിരിക്കുന്ന എന്റെ ഹൃദയം വാങ്ങി പകരം നിന്റെ ഹൃത്ത് എനിക്കായ് തരാൻ… …സ്വീകരിക്കില്ലേ എന്റെയീ കുഞ്ഞു പരിഭവം മറന്നു നീയെന്നെ അന്ന് ?

നീ വരുവോളം കാത്ത്,

രുദ്രന്റെ മാത്രം ഭാവ…..

കവിൾ ചുവപ്പിച്ച ചിരിയോടെ ആ കത്ത് മടക്കി അവൾ രുദ്രന്റെ ഷർട്ടുകൾക്കിടയിലേക്ക് വെച്ചു…… എന്നിട്ട് ആ ഷർട്ട്‌ നെഞ്ചോട് ചേർത്ത് തടിയിൽ കൊത്തിയെടുത്ത അലമാരയിൽ ചാരി മേശപ്പുറത്തു വെച്ചിരിക്കുന്ന രുദ്രന്റെ ചിത്രത്തിലേക്ക് പ്രണയാർദ്രയായി നോക്കി മിഴിയടച്ചു……

ദൂരേ…. അവർക്കായി ഒരു വസന്തകാലം പൂവിടാനുള്ള തിരക്കിലായിരുന്നു… ഈ പരിഭവം മറന്നു സ്വീകരിക്കട്ടെ, രുദ്രരൂപൻ അന്ന് ഈ ഭാവയാമിയെ………………..

കാത്തിരിക്കാനൊരാളുണ്ടെങ്കിൽ
കാത്തിരിപ്പിനോളം സുഖമുള്ളതെന്തുണ്ട്,
ഭൂവിൽ !!!!!!!! (©me)

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18