Wednesday, December 18, 2024
Novel

രുദ്രഭാവം : ഭാഗം 33

നോവൽ
എഴുത്തുകാരി: തമസാ


നാഗത്തെ കഴുത്തിൽ ചുറ്റി, തോൽ ഉടുത്ത, ജടയിൽ ഇന്ദു ചൂടിയ രുദ്രൻ എന്ന ശിവനെ എല്ലാവരും സംതൃപ്തിയോടെ നോക്കി…..

രുദ്രന്റെ കയ്യിലേക്ക് സ്വരൂപ്‌ കൊടുത്ത ശൂലം കണ്ട്, ഭാവയാമി അത് തന്റെ കയ്യാൽ ഉയർത്തി നോക്കി… പക്ഷേ അതിന് നല്ല ഉയരവും ഭാരവും ഉണ്ടായിരുന്നതിനാൽ ഭാവ അത് അങ്ങനെ തന്നെ ചെരിച്ചു രുദ്രന് നേരെ നീട്ടി…

ഇതെടുത്തു പിടിച്ചെങ്ങനെ നില്കാനാ? നല്ല ബലം ഉണ്ടല്ലോ…..

ഭാവ തന്റെ മനസ്സിൽ തോന്നിയ സംശയം അറിയിച്ചു.

ഇതിന് വലിയ ഭാരം ഒന്നുമില്ല ചേച്ചി… ആദ്യം ആയിട്ട് തോന്നുന്നതാ… പണ്ട് ഡ്യൂപ്ലിക്കേറ്റ് ഒരെണ്ണം ഉണ്ടായിരുന്നു എന്നിട്ടെന്താ പരിപാടി നടക്കുന്നതിന്റെ ഇടയിൽ,

കൈലാസത്തിൽ ശിവൻ ശൂലം കുത്തി നിർത്തിയപ്പോൾ, അത് രണ്ടായിട്ടൊടിഞ്ഞു…. നാണം കെട്ടു പണ്ടാരമടങ്ങി….

അതുകൊണ്ട് ഒറിജിനൽ ഉണ്ടാക്കിയതാ….മെറ്റൽ ആണ്… ത്രിശൂലം പണി കഴിപ്പിച്ചിട്ട് ഇതിപ്പോൾ 10-12 പരിപാടി ആയി …

ശിവ പുരാണത്തിൽ ശൂലത്തിന് അത്രയും പ്രാധാന്യം ഉണ്ടല്ലോ… അതുകൊണ്ട് ഇടയ്ക്ക് വെച്ച് ഒടിഞ്ഞോ കേടുവന്നോ പോകാതിരിക്കാൻ ആണ് മെറ്റലിൽ ഉണ്ടാക്കിയത്…… വേറെ ദേവിമാർക്കും ശൂലം ഉണ്ടല്ലോ…

അവരുടെ ഫ്രണ്ട്, ദിപിൻ പറഞ്ഞു….

ഒന്നുകൂടി ചെയ്ത് നോക്കിയ അവസാന ഘട്ട പ്രാക്ടിസിൽ എല്ലാം ഉപയോഗിച്ച് ആയിരുന്നു ചെയ്തത്…..

ഭാവയേ എടുത്ത് ഉയർത്തുന്ന ഭാഗങ്ങളിൽ ബൈസെപ്സ് മുറുകിയിട്ട് രുദ്രാക്ഷം പൊട്ടുമോ എന്നു വരെ എല്ലാവർക്കും സംശയം വന്നു….

അല്ലെങ്കിലും മഹാദേവനെ പോലെ ജിം ബോഡി ആയ , സിക്സ് പാക്ക് ബോഡി വേറെ ഏത് ഭഗവാന് ഉണ്ട്? !!!!!!!!!!!!!

സമയം ആയപ്പോൾ സ്റ്റേജിന്റെ പുറകിൽ ഭാവയും രുദ്രനും സ്വരൂപും പിന്നേ കുറച്ച് ദേവന്മാരും തയ്യാറായി നിന്നു…..

ഒൻപതു മണി എന്ന് പറഞ്ഞിട്ട് പരിപാടി തുടങ്ങിയപ്പോൾ പത്തു പത്തര മണി ആയി…. എല്ലാ ഭാഗത്തെയും ലൈറ്റ് കെടുത്തി… സ്റ്റേജിൽ അരണ്ട പച്ച വെളിച്ചം മാത്രമായി…..

പെൻഡ്രൈവ് കുത്തിയ സിസ്റ്റത്തിൽ നിന്ന് ഒരു പുല്ലാംകുഴലും ഇടയ്ക്കയും ചേർന്ന ഒരു ഭാവഗാനം ഒഴുകി വന്നു…..

എല്ലാ കാഴ്ചക്കാരുടെയും കണ്ണുകൾ അരങ്ങിലായി….
കർട്ടൻ ഉയർന്നു……

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯

കൈലാസം…

🔱🔱🔱🔱🔱

പാർവതി ദേവിയോടൊപ്പം പ്രണയം പങ്കു വെയ്ക്കുന്ന മഹാദേവൻ, അനുരാഗ ലോലമായ നിമിഷത്തിൽ തനിക്ക് സതിയോട് ഉണ്ടായിരുന്ന നിഷ്കളങ്കമായ പ്രണയത്തെയും,

കളങ്കം ചേരാത്തതിനാൽ ആണ് ഹൈമവതിയുടെ രൂപത്തിൽ അത് തന്നിലേക്ക് തന്നേ മടങ്ങിയെത്തിയത് എന്ന് പറയുന്നതാണ് സാഹചര്യം….

ഭഗവാന്റെ മടിയിൽ തല ചായ്ച്ചു കിടക്കുന്ന പാർവതി…..

ദേവിയുടെ മുടിയിഴകളിലൂടെ തന്റെ വിരലുകളാൽ, വല്ലരി പുൽകുന്ന കാറ്റിനെ പോലെ തന്റെ പ്രേമമോതുന്നു…….ദേവനേ കാണാമെങ്കിലും പാർവതി ദേവിയുടെ മുഖം വ്യക്തമല്ല…

അവർക്ക് കാവലെന്ന പോലെ,

രുദ്രാക്ഷം കോർത്തു കെട്ടിയ ത്രിശൂലം സമീപം കുത്തി നിർത്തിയിരിക്കുന്നു…

(ശിവ പാർവതി സംഭാഷണം സ്‌പീക്കറിലൂടെ പുറത്തേക്കൊഴുകി വരുന്നു )

ശിവന്റെ അനുരാഗത്താൽ വിവശയായ പാർവതി, പുനർജന്മമെടുക്കുവോളം നഷ്ടപ്പെട്ടു പോയ തന്റെ പ്രണയത്തെക്കുറിച്ചു ചോദിക്കുമ്പോൾ, അസ്തിത്വമുള്ളിടത്തോളം ശിവനിൽ പാതിയായവളെ,

തന്റെ അർദ്ധാംഗനിയെ പ്രണയിക്കാതിരിക്കാൻ തനിക്കാവില്ലെന്നും കൂടെയില്ലെന്ന സത്യത്തെ അംഗീകരിക്കാനാവാതെ താൻ അനുഭവിച്ച വിഷമത്തെ പർവ്വതിയ്ക്ക് മുന്നിൽ തുറന്നു പറയുന്നു…

കർട്ടൻ വീഴുന്നു….

അടുത്ത രംഗം….

മഞ്ഞിന് പകരം, പുറകിലെ പശ്ചാത്തലം കല്ലിൽ ഇരിക്കുന്ന മഹാദേവനും അടുത്ത് നിൽക്കുന്ന സതിയുമാകുന്നു…അടുത്ത ഭാഗത്തിൽ ഭാവ, സതിയായി മുന്ജന്മം അവതരിപ്പിക്കുന്നു…

ദക്ഷ പ്രജാപതിയുടെ എതിർപ്പ് ഉണ്ടായിട്ടും അദ്ദേഹത്തിന്റെ മകൾ സതിയെ വിവാഹം ചെയ്ത മഹാദേവൻ,

തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിന്റെ ലഹരിയിൽ മതിമറന്നു ജീവിക്കുകയായിരുന്നു കൈലാസത്തിൽ…

ഇതിനിടെ തന്റെ പിതാവ് എല്ലാവരെയും വിളിച്ച് ആഘോഷമാക്കി നടത്താൻ പോകുന്ന യാഗത്തെ കുറിച്ച് ദേവി അറിയുന്നു…

തന്നെയും തന്റെ പതിയെയും മാത്രം ഒഴിവാക്കി എന്ന സങ്കടം തോന്നിയ സതി, തന്നേ വിളിച്ചില്ലെങ്കിലും പിതാവ് നടത്തുന്ന യാഗഭൂമിയിലേക്ക് പോകാൻ തയ്യാറാകുന്നു… പക്ഷേ,

അവിടെ അവൾക്ക് തികഞ്ഞ അപമാനം ഏൽക്കേണ്ടി വരുമെന്ന് മുൻകൂട്ടി കാണുന്ന മഹാദേവൻ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും,

പ്രിയ പുത്രി ആയിരുന്ന തന്നേ അപമാനിക്കാൻ തന്റെ പിതാവിനാവില്ലെന്ന് പറഞ്ഞ് സതീ ദേവി ഒറ്റയ്ക്ക് അങ്ങോട്ട് യാത്രയായി…

അവിടെ എത്തിയ സതിയെ മാത്രമല്ല, തലയോടുമായി ചുടലക്കാടുകളിൽ നൃത്തം ചെയുന്നവൻ എന്നും തന്റെ അന്തസ്സിനു ചേരാത്തവൻ എന്നും പറഞ്ഞ് പ്രജാപതി, ശിവനെ അപമാനിക്കുന്നു…

തന്റെ ഭർത്താവിനേറ്റ അപമാനം തന്റെ ആത്മാവിനേറ്റ അപമാനം ആണെന്ന് മനസിലാക്കിയ ഭഗവതി യാഗ ഭൂമിയിലെ അഗ്നി കുണ്ഡത്തിൽ ചാടി ജീവൻ വെടിഞ്ഞു…

💢💢💢💢💛💛💛💛💛💛💛💢💢💢💢

രംഗം 3

ഹോമകുണ്ഡത്തിനരികിൽ കിടക്കുന്ന ഭാവയേ രുദ്രൻ തന്റെ കൈകളാൽ എടുത്തുയർത്തി… രാജകൊട്ടാരവും കടന്നു പുറത്തേക്ക് പോകുന്ന രുദ്രന്റെ കയ്യിൽ മൃതയായി കിടക്കുന്ന ഭാവയുടെ തല താഴേക്ക് തൂങ്ങിക്കിടക്കുന്നു….

കൈലാസത്തിലെ കല്ലിൽ മടങ്ങി വന്നിരിക്കുന്ന രുദ്രന്റെ മടിയിൽ അനക്കമില്ലാതെ ഭാവ കിടന്നു….

തന്റെ ഭാവയേ നെഞ്ചോട് ചേർത്തു പിടിച്ച രുദ്രൻ ഉറക്കെ കരഞ്ഞുകൊണ്ടവളെ മുഖമാസകലം ചുംബിക്കുന്നു….. ഭാവയുടെ നെറ്റിയിൽ, മുടിയിൽ, കവിളിൽ, kannil, ചുണ്ടിൽ, ശിവന്റെ അധരങ്ങളോടി നടക്കുന്നതോടൊപ്പം കണ്ണുനീർ ഇറ്റിറ്റു വീണു….

അരണ്ട വെളിച്ചത്തിലെ, പുല്ലാംകുഴൽ നാദത്തോടൊപ്പമുള്ള മഹാദേവ – ദാക്ഷായണി (സതി ) പ്രണയം, കാഴ്ചക്കാർക്കിടയിൽ അവരുടെ പ്രണയത്തിന്റെ ആഴം മനസിലാക്കിക്കൊടുത്തു..

ഉറക്കെ അലറി കരഞ്ഞു കൊണ്ട് തന്റെ മടിയിൽ നിന്ന് സതിയെ കോരിയെടുത്തു ശിവൻ തന്റെ ചുമലിലേക്ക് കിടത്തി ………..

ഡക്കയോട് കൂടിയ ത്രിശൂലം വലതു കയ്യിൽ പിടിച്ചു കൊണ്ട്, ഇടതു കൈ കൊണ്ട് ചുമലിൽ കിടക്കുന്ന സതിയുടെ ശരീരത്തെ ഭഗവാൻ താങ്ങിപ്പിടിച്ചു…

ഡക്ക കൊട്ടുന്ന സ്വരം അന്തരീക്ഷത്തിൽ മുഴങ്ങി……… പതിയെ തുടങ്ങിയ നാദം മുറുകി മുറുകി വന്നു….

💥

ജടാടവീ ഗല ജല പ്രവാഹ പാവിത സ്തലേ
ഗലേവലബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം
ഡമ ഡമ ഡമ ഡമ നിന്നാദവഡമര്വയം
ചകാര ചന്ദ താണ്ഡവം തനോതു ന: ശിവ ശിവം

ജടാ കടാഹ സംഭ്രമ ഭ്രമ നിലിംപ നിര്ഝരി
വിലോല വീചി വല്ലരി വിരാജ മാന മൂര്ദ്ധനി
ധഗ ധഗ ധഗ ജ്ജ്വാല ലലാടപട്ട പാവകേകിഷോര ചന്ദ്ര ശേഖരേ
രതി പ്രതി ക്ഷണം മമ

ധരാ ധരേന്ദ്ര നന്ദിനി വിലാസ ബന്ധു ബന്ധുര
സ്ഫുരദിഗന്ത സന്തതി പ്രമോദ മാന മാനസേ
കൃപാ കടാക്ഷ ധോരണി നിരുദ്ധ ദുര്ധരാപദി
ക്വവച്ചി ദിഗംബരേ മനോ വിനോദമേതു വസ്തുനി

ജടാഭുജംഗപിംഗളസഫുല് ഫണാമണീ
പ്രഭാകദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂ
മുഖേമദാന്ധസിന്ദുരസ്ഫുരത്വ
ഗുത്തരീയമേദുരേ
മനോവിനോദമത്ഭുതം
ബിബര്ത്തു ഭൂതഭര്ത്തരീ

(©King Ravana…the song does not have any relation with the situation given)

സ്‌പീക്കറിൽ നിന്ന് പ്രവഹിക്കുന്ന താണ്ഡവ സ്തോത്രത്തോടൊപ്പം രുദ്രന്റെ പാദങ്ങളും ചുവടു വെച്ചു….. തോളിൽ കിടക്കുന്ന ഭാവയേ തന്നേ ആ ചുവടുകൾ അതിശയിപ്പിച്ചു…..

ഇത്രയും ഭാരം തോളിൽ കിടക്കുന്നു എന്ന് മറന്നു പോയ പോലെ ശക്തമായിരുന്നു രുദ്ര താണ്ഡവം….

രുദ്രന്റെ കണ്ണുകൾ ചുവന്നു കലങ്ങി…. ചുവടുകളുടെ വേഗം വർധിച്ചു…… തോളിൽ നിന്നു ഭാവയേ കൈകളിലേന്തി രുദ്രൻ ഉറഞ്ഞു തുള്ളി താണ്ഡവമാടി….. കണ്ടു നിന്നവർ സ്വയം മറന്നു രുദ്ര താണ്ഡവത്തിൽ ലയിച്ചു….

ദിവസങ്ങൾ നീണ്ടു നിന്ന സംഹാര മൂർത്തിയുടെ താണ്ഡവത്തിൽ ലോകം തന്നേ അസന്തുലിതമായി……

ദേവന്മാർ ഇനിയെന്ത് വേണം എന്ന ചിന്തയാൽ കുഴങ്ങി…. പ്രശ്നപരിഹാരത്തിനായി അവർ മഹാവിഷ്ണുവിന്റെ സഹായം തേടി…….

മഹാവിഷ്ണുവിന്റെ വേഷത്തിൽ സ്വരൂപ്‌ ദേവഗണങ്ങളോടൊപ്പം താണ്ഡവത്തിന്നടുത്തേക്ക് വന്നു……. അവരെ ശ്രദ്ധിക്കാതെ രുദ്രൻ അപ്പോഴും സതിയുടെ ദേഹവുമായി നടനം ചെയ്തു കൊണ്ടിരുന്നു…..

സതിയുടെ ദേഹം കൂടെ ഉണ്ടെങ്കിൽ, അതിൽ ചേതനയില്ലെങ്കിൽ കൂടി,

തന്റെ പ്രണയിനിയെ മറന്നു പ്രപഞ്ച കർമ്മങ്ങളിൽ വ്യാപൃതനാവാൻ പരമശിവന് കഴിയില്ലെന്ന് മനസിലാക്കിയ മഹാ വിഷ്ണു,

തന്റെ വിരലിലെ 108 കൂർത്ത അഗ്രങ്ങൾ ഉള്ള സുദർശന ചക്രത്താൽ സതിയുടെ ദേഹത്തെ ഖണ്ഡിച്ചു…. അരങ്ങിലാകെ ധൂമിക നിറഞ്ഞു……

എല്ലാം ഒന്നടങ്ങിക്കഴിഞ്ഞപ്പോൾ രുദ്രന്റെ കയ്യിൽ തന്റെ പാതി ഉണ്ടായിരുന്നില്ല.. കഷ്ണങ്ങളായി ആ ശരീരം ഭൂമിയിൽ പതിച്ചു കഴിഞ്ഞിരുന്നു….

ഓർത്തിരിക്കാൻ ഓർമ്മകളല്ലാതെ മറ്റൊന്നും അവശേഷിപ്പിക്കാതെ, നഷ്ടപ്പെട്ടു പോയ തന്റെ പ്രണയത്തേ ഓർത്തു കരഞ്ഞു കൊണ്ട് രുദ്രൻ മുട്ട് മടക്കി, വിങ്ങിപ്പൊട്ടി നിലത്തേക്കിരുന്നു….

ഇനിയൊരു പുനർജ്ജന്മം സതിക്കുണ്ടാകുമോ എന്ന് പോലും മഹാദേവൻ ചിന്തിച്ചിരുന്നില്ല………… പ്രണയ മൂർത്തിയുടെ ഉൾത്തടത്തിൽ സതി അലിഞ്ഞു കഴിഞ്ഞിരുന്നു…….

ഒന്നും പ്രതീക്ഷിക്കാതെ, തന്നെ പ്രണയിച്ച,

തന്നെ സ്വന്തം ആക്കിയ ആദ്യ പ്രണയത്തിന്റെ നഷ്ടത്തിൽ ദേവൻ പിടയുകയായിരുന്നു…… അത്രയേറെ പ്രണയിക്കപ്പെടാനും ഒരു ഭാഗ്യം വേണ്ടിയിരുന്നു……
💛

രംഗം 4

കൈലാസത്തിൽ ശിവന്റെ മടിയിൽ കിടന്നു കഥ കേട്ട് കിടന്ന പാർവതി, താൻ ജന്മങ്ങളോളം ഈ സ്നേഹത്തിരയാഴിയിൽ ആറാടാൻ മാത്രമുള്ള പുണ്യം ചെയ്തിരുന്നല്ലോ എന്ന സന്തോഷത്താൽ, മഹാദേവനോട് ചേർന്നിരുന്നു………

അവർക്കായി സംഗീതം പൊഴിഞ്ഞു കൊണ്ടിരുന്നു…….

കർട്ടൻ താഴ്ന്നു…….

💛

സ്റ്റേജിൽ നിന്ന് ഇറങ്ങി വന്ന രുദ്രനെയും ഭാവയേയും ക്ലബ്ബിലെ കൂട്ടുകാർ സ്നേഹം കൊണ്ട് പൊതിഞ്ഞു…. അപ്പോഴും സ്റ്റേജിന്റെ മുന്നിൽ ആർപ്പു വിളിയും കൈകൊട്ടും വിസിലടിയും കേൾക്കുന്നുണ്ടായിരുന്നു….

ഭാവേച്ചീ….. ആ കുട്ടി ആയിരുന്നെങ്കിൽ ഈ പരിപാടി ഇത്രയും ഭംഗി ആവില്ലായിരുന്നു……. എന്താ ഒരു റൊമാൻസ്….

മടിയിൽ കിടത്താൻ ഉള്ള പ്ലാൻ ഏട്ടൻ പറഞ്ഞപ്പോൾ ഞങ്ങൾ അറിഞ്ഞോ, ഏട്ടൻ അത് ഇത്രയും റൊമാന്റിക് ആകുമെന്ന്….. ഹോ…. എന്തായാലും കിടുക്കി…… അല്ലേടാ…….

സ്വരൂപ്‌ അഭിമാനത്തോടെ പറഞ്ഞു….

എന്റെ അനിയൻ കുട്ടിയുടെ മഹാവിഷ്ണുവും നല്ലതായിരുന്നു…. എന്നാലും നീയെന്നെ കഷ്ണങ്ങളാക്കി ഭൂമിയിൽ ഇട്ടല്ലോടാ ദുഷ്ടാ…….

ഭാവ സ്വരൂപിന്റെ ചെവിയിൽ പിച്ചി…..

ആ………… വിട് ഭാവേച്ചീ….

ചെവി തിരുമ്മിക്കൊണ്ട് ചുണ്ട് കൂർപ്പിച്ചു സ്വരൂപ്‌ അവളെയും രുദ്രനെയും മാറി മാറി നോക്കി…. കൂട്ടുകാരും അവരുടെ കളി ചിരിയിൽ കൂടി….

രൂപാ….. ആൽചുവട്ടിൽ വണ്ടി കിടപ്പുണ്ട്…അവിടെ പോയി ഡ്രസ്സ്‌ മാറ്റാം…… അടുത്ത പരിപാടിക്ക് ഉള്ള കുട്ടി മുറി വേണം എന്ന് പറഞ്ഞിരുന്നു……

ആയിക്കോട്ടെ കിച്ചൂ…. നമുക്ക് അവിടേയാക്കാം…..

എല്ലാവരും അവിടെ നിന്ന് സംസാരിച്ചു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു… ഭഗവാനേ ഒന്ന് കൂടി തൊഴണം എന്നു പറഞ്ഞ് ഭാവ അമ്പല നടയിലേക്ക് ചെന്നു……

പുറത്തു നിന്ന് കൈകൾ കൂപ്പി തൊഴുതു……. സന്തോഷത്താൽ കണ്ണുനീർ ഒരു തുള്ളി കൈക്കുമ്പിളിലേക്ക് വീണു……


ഭഗവാനേ…… ഞാൻ നിന്നെ ആഗ്രഹിച്ചു….. അറിവില്ലാതെ പറ്റിപ്പോയി…. പക്ഷേ അതെന്റെ ആരാധനയായി കണ്ടു നീയെനിക്ക് നല്ലൊരു ജീവിതം തന്നു…

സ്നേഹിച്ച് ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുന്ന എന്റെ രുദ്രന്റെ പാതിയാവാൻ എനിക്ക് നീ ഭാഗ്യം തന്നു…. ഇപ്പോൾ,

ഒരിക്കൽ അവഹേളിച്ചിറക്കിവിട്ട മണ്ണിൽ ഒരേ സമയം സതിയും പാർവതിയുമായി,

രുദ്രനോടൊപ്പം പകർന്നാടാൻ നീയെനിക്ക് അവസരം തന്നു…….. ഇതിന് മാത്രം പുണ്യം ഈ ജന്മം ചെയ്തിരുന്നോ ഞാൻ… അറിയില്ല…… ഒരിക്കലും മടക്കി വിളിക്കല്ലേ ദേവാ…. ഈ സന്തോഷങ്ങളെ എന്നിൽ നിന്ന്……

നിന്നോടെനിക്കുള്ള ആരാധനയ്ക്ക് പകരം നിന്നോട് ഞാൻ ചോദിക്കുന്നത് എന്റെ രുദ്രനോടൊപ്പം മനസ് ശുദ്ധമാക്കി ഒരു ജീവിതം മാത്രമല്ലെ……

എന്റെ ഉള്ളിൽ നിന്ന് ഞാൻ ഉരുക്കിക്കൊണ്ടിരിക്കുന്ന ചെറിയ അകൽച്ചയെ സ്ഥിരമാക്കി മാറ്റി തരണേ ഭഗവാനേ…

ഇത്രയും നാൾ ഞാൻ നടത്തിയ ശ്രമങ്ങൾക്ക് ഒക്കെ ഒരു ഫലം തന്നേക്കണേ…. കഴിഞ്ഞതൊന്നും മടങ്ങി വരല്ലേ ജീവിതത്തിലേക്ക് ”

കൈകൂപ്പി നന്തിയുടെ അടുത്തേക്ക് ചെന്ന ഭാവയാമി, ഇടം ചെവിയിൽ അധരങ്ങളാൽ മൊഴിഞ്ഞു :

” പഠിത്തം ഒക്കെ പൂർത്തിയാക്കി, സ്വസ്ഥമാകുമ്പോൾ, എനിക്കൊരുണ്ണിയെ തരണേ ഭഗവാനേ…. അവിടുത്തെ മൂത്ത പുത്രന്റെ പേര് ചൊല്ലി വിളിക്കാൻ…. ”

തല കുമ്പിട്ടു പുറത്തിറങ്ങിയ ഭാവ, തന്റെ അടുത്തേക്ക് വരുന്ന അജയനെ കണ്ടു കണ്ണുകൾ കൊണ്ട് രുദ്രനെ തേടി…. അപ്പോഴേക്കും അജയൻ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു….

ആരെയാ നീ നോക്കുന്നത്….. അവനെയാണോ…. നിന്റെ രുദ്രനെ?….ഒറ്റയ്ക്കാക്കി പോകേണ്ടതല്ലല്ലോ അവൻ നിന്നെ…….. എന്ത് പറ്റി……

മുണ്ട് മടക്കിയുടുത്തു കൊണ്ട് അയാൾ അവളുടെ അടുത്തേക്ക് പിന്നെയും നീങ്ങി നിന്നു….

മാറി നിൽക്ക്… എനിക്ക് പോവണം….

നെറ്റി ചുളിച്ചു ഭാവ അയാളെ നോക്കി പറഞ്ഞു..

അങ്ങനെ മാറാൻ പറ്റുമോ കുഞ്ഞേ….. ഇത്പോലെ നിന്നെ ഇനി ഒറ്റയ്ക്ക് കിട്ടുമോ….. ഇല്ല…. ചേട്ടനും അനിയനും കാവൽ നിൽകുവല്ലേ…… നിന്നോട് ഈ നടയിൽ കേറരുതെന്ന് പറഞ്ഞതല്ലെടീ ഞാൻ …..

എന്നിട്ട് എന്റെ മുഖത്തു കാർക്കിച്ചു തുപ്പുന്ന പോലെ അല്ലേ സ്റ്റേജിൽ കയറി നിന്നു രണ്ടും കൂടി ഉമ്മ വെച്ചു കളിച്ചത്…..

ഇന്ന് നിന്റെ ഒടുക്കത്തെ അഭിനയം ആയിരുന്നു… ഇനി നീ എണീറ്റ് നടക്കില്ല….

അജയൻ തന്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു .. വേദന കൊണ്ട് ഭാവ ഒന്ന് പുളഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിൽ തള്ളിക്കൊണ്ടിരുന്നു… പക്ഷേ,

അയാളുടെ ശക്തിക്ക് മുന്നിൽ അവൾ തോറ്റ് പൊയ്ക്കൊണ്ടിരുന്നു……

നെഞ്ചിൽ തള്ളിയിട്ടു കാര്യമില്ലെന്ന് മനസിലാക്കിയ ഭാവ, ധൈര്യം വീണ്ടെടുത്ത് മുഷ്ടി ചുരുട്ടി അജയന്റെ താടയിൽ ഇടിച്ചു……..

അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിൽ കവിളിൽ നിന്ന് അജയൻ കൈ വിട്ടു……

രുദ്രാ……………………..

ഉറക്കെ വിളിച്ചുകൊണ്ടു നടകൾ ഓടിയിറങ്ങി ഭാവ വണ്ടിയുടെ അടുത്തേക്ക് രുദ്രനെ അന്വേഷിച്ചു കൊണ്ട് ഓടി……

കമ്മിറ്റിക്കാരുമായി സംസാരിച്ചു കൊണ്ട് നിന്ന രുദ്രൻ, സ്റ്റേജിലെ ഒച്ചയാൽ അവളെ കണ്ടതും കേട്ടതുമില്ല……

വണ്ടിയുടെ ഡോർ ഹാൻഡിലിൽ പിടിച്ചു തിരിച്ചു കൊണ്ട് അവൾ ഡോറിൽ തട്ടി വിളിച്ചു….

വാതിലിൽ മുട്ട് കേട്ട് അകത്തു വേഷം മാറി ഷർട്ടും മുണ്ടും ധരിച്ചു കൊണ്ടിരുന്ന സ്വരൂപ്‌ വേഗം വാതിൽ തുറന്നു പുറത്തേക്കിറങ്ങി വന്നു……

പുറത്തേക്കിറങ്ങി വന്ന അവൻ കണ്ടത് കിലു കിലാ എന്ന് വിറച്ചു നിൽക്കുന്ന ഭാവയേയും …….

എന്താ….. എന്താ ഭാവേച്ചീ………

അവളുടെ കരച്ചിൽ കണ്ടു സ്വരൂപും പേടിച്ചു പോയിരുന്നു……

കരഞ്ഞു കൊണ്ട് ഭാവ സ്വരൂപിന്റെ മേലേക്ക് ചാഞ്ഞു നിന്നു….. എന്താണെന്ന് മനസിലാകാതെ പകച്ചു നിൽക്കുകയായിരുന്നു സ്വരൂപും……

പക്ഷേ…. കൂടുതൽ ചോദിക്കുന്നതിനു മുൻപേ അജയൻ അവരുടെ അടുത്തെത്തി……

കോള്ളാലോടി കൊച്ചേ നീ… അഭയം തേടി വന്ന് ഓടിക്കയറിയത് ഇവന്റെ നെഞ്ചത്തോട്ട് ആയിരുന്നോ……… കൊള്ളാം…… അനിയൻ എങ്കിൽ അനിയൻ……. അതായിരിക്കും….

വഷളച്ചിരിയോടെ അയാൾ പറഞ്ഞു…..

ദേഷ്യം മൂത്ത സ്വരൂപ്‌ അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…. ഭാവയേ വണ്ടിയിലേക്ക് ചാരി നിർത്തി, മുണ്ട് വരിഞ്ഞുടുത്തുകൊണ്ട് സ്വരൂപ്‌ അയാളുടെ അടുത്തേക്ക് ചെന്നു..

നിന്നോടന്നേ പറഞ്ഞതല്ലേടാ നാറീ നിന്റെ കുടുംബത്തിലെ പെണ്ണുങ്ങളെ പോലെ അല്ല എന്റെ ഏട്ടന്റെ പെണ്ണെന്ന്… എന്നിട്ട് നീ പിന്നെയും അപവാദം പറയുന്നോ….. ഇനി നീ വാ തുറക്കുന്നതെനിക്കൊന്നു കാണണം…………

ചുറ്റും തിരിഞ്ഞു നോക്കിയ സ്വരൂപ്‌ കണ്ടത് ആലിന്റെ ചുവട്ടിൽ വെച്ച കല്ലായിരുന്നു….

അത് വലിച്ചു പൊക്കിയെടുത്തു കൊണ്ട് അവൻ അജയന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു…

അപ്പോഴേക്കും ചാടിയെണീറ്റ് കഴിഞ്ഞിരുന്ന അജയൻ സ്വരൂപിന് നേരെ തൊഴിച്ചു…

പക്ഷേ ഞൊടിയിടയിൽ മാറിയ സ്വരൂപിനെ അയാളുടെ കാലുകൾക്ക് സ്പർശിക്കാനായില്ല…

പിടിച്ചു മാറ്റിയില്ലെങ്കിൽ സ്വരൂപ്‌ ഇന്നയാളെ കൊല്ലുമെന്ന് മനസിലാക്കിയ ഭാവ അവനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും, കോപത്തിൽ നിൽക്കുന്ന ഒരാളെ പിടിച്ചു മാറ്റുന്നത് ശ്രമകരമാണെന്ന് അവൾക്ക് മനസിലായി…

ദൂരേ സ്റ്റേജിലേക്ക് നോക്കി നിൽക്കുന്ന രുദ്രന്റെ അടുത്തേക്ക് ഓടി ചെന്നു കൊണ്ട് അവൾ കൈയിൽ പിടിച്ചു വലിച്ചു…. എന്താണെന്ന് രുദ്രൻ ചോദിച്ചെങ്കിലും കിതപ്പ് കൊണ്ട് അവൾക്കൊന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല….

സ്വരൂപ്‌……..

അത്രയും പറഞ്ഞു കൊണ്ട് അവൾ അവർക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചു….. സ്വരൂപും അജയനും ഇഞ്ചോടിഞ്ചു വിട്ടു കൊടുക്കാതെ മത്സരിച്ചു കൊണ്ടിരുന്നു…..

സ്വരൂപിന്റെ കയ്യിൽ നിന്ന് ഊർന്നു വീണ കല്ലെടുക്കാൻ അവൻ ഇടയ്ക്ക് കുനിഞ്ഞു നിന്ന് ശ്രമിച്ചു കൊണ്ടിരുന്നു…

എല്ലാം കണ്ട് രുദ്രൻ അവരുടെ അടുത്തേക്ക് ഓടി… പുറകെ കിതച്ചു കൊണ്ട് ഭാവയും…..

ടാ……………….

ചെന്ന വഴി എന്താ കാര്യം എന്ന് പോലും ചോദിക്കാതെ രുദ്രൻ അജയനെ തള്ളി മറിച്ചിട്ടു…. സ്വരൂപിനെ പിടിച്ചു മാറ്റി കാര്യം ചോദിച്ചു….

ഭാവയേ ഉപദ്രവിക്കാൻ ശ്രമിച്ചെന്നറിഞ്ഞതോടെ, തന്റെ ഞരമ്പുകളിലേക്ക് പ്രവഹിക്കുന്ന രക്തത്തിനു വീര്യം കൂടുന്ന പോലെ രുദ്രന് തോന്നി….

പറഞ്ഞു നിർത്തി നേരെ നോക്കിയ സ്വരൂപ്‌ കണ്ടത് അജയന്റെ അടുത്തേക്ക് ചെന്ന്, നിലത്തു കിടന്ന അജയന്റെ കാലുകൾ തുടയിൽ ചവിട്ടിപ്പിടിച്ചിട്ട് വണ്ടിയിൽ ചാരി വെച്ചിരുന്ന ശൂലം കൊണ്ട് കുത്താൻ നോക്കുന്ന രുദ്രനെയാണ്….

പക്ഷേ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ രുദ്രൻ ശൂലം മണ്ണിലേക്ക് ആഞ്ഞു കുത്തി നിർത്തി… അതിന്റെ അഗ്രം ആ ശക്തിയിൽ പ്രകമ്പനം കൊണ്ടു…….

അവരെ സംബന്ധിച്ച് സ്റ്റേജിലെ പാട്ട് ഒരു അനുഗ്രഹമായിരുന്നു… ആരും ഇവിടെ നടക്കുന്ന പുകിലറിഞ്ഞില്ല…….

എണീക്കാൻ ശ്രമിച്ചിട്ടും അജയനെ അതിനു സമ്മതിക്കാതെ രുദ്രൻ അയാളെ വേദനിപ്പിച്ചു കൊണ്ടിരുന്നു……. കൈകൾ തിരിച്ചൊടിച്ചു…..കവിളിൽ ആഞ്ഞു തല്ലി…… രുദ്ര ഭാവം അവനിൽ നിറയുന്ന പോലെ തോന്നി….

വേദന കൊണ്ട് കരഞ്ഞ അജയനെ കൊണ്ട്, ഭാവയോട് മാപ്പ് പറയിപ്പിച്ചിട്ടേ രുദ്രൻ അടങ്ങിയുള്ളു……

ദേഹം മുഴുവൻ പ്രഹരമേറ്റ അജയനെ വണ്ടിയിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തു കൊണ്ട് വന്ന് രുദ്രനും രൂപനും കൂടി ശുശ്രൂഷിച്ചു……

മുറിവിൽ മരുന്ന് തേക്കുമ്പോൾ അയാൾ വേദന കൊണ്ട് ശീല്കാര ശബ്ദം ഉണ്ടാക്കി…..

എല്ലാം കഴിഞ്ഞു രുദ്രൻ അയാളുടെ കൈകളിൽ പിടിച്ചു……

അജയേട്ടാ…… എനിക്ക് എന്റെ ഭാവ ജീവനാണ്….. അത് മനസിലാവണമെങ്കിൽ അജയേട്ടനും അത്പോലെ ഒരാളെ സ്നേഹിച്ചു നോക്കണം…

അപ്പോൾ മനസിലാവും… ഒരു തൊട്ടാവാടി തുമ്പ് കൊണ്ട് പോലും അവർ വേദനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല….

ഞാനൊരു സാധാ മനുഷ്യനല്ലേ…. എന്റെ അച്ഛൻ… അമ്മ… സ്വരൂപ്‌… ഭാവ….. അവരെ ഒക്കെ ഒന്ന് നുള്ളി നോവിച്ചു എന്നറിഞ്ഞാൽ എനിക്ക് ക്ഷമിക്കാൻ കഴിയില്ല … ഇനി ഇത് ആവർത്തിക്കരുത്…….

സ്നേഹത്തോടെ, എങ്കിലും , ആജ്ഞ പോലെ പറയുന്ന വാക്കുകൾക്ക് അജയൻ തലയാട്ടി മറുപടി കൊടുത്തു…

എങ്കിൽ പോട്ടെ….. നാളെ ആശുപത്രിയിൽ ഒന്ന് പൊയ്ക്കോ….

ഒരു വശത്തു ഭാവയേയും മറുവശത്തും സ്വരൂപിനെയും പിടിച്ചു നടന്നു നീങ്ങുന്ന രുദ്രരൂപനെ കൺചിമ്മാതെ അജയൻ നോക്കി നിന്നു…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27

രുദ്രഭാവം : ഭാഗം 28

രുദ്രഭാവം : ഭാഗം 29

രുദ്രഭാവം : ഭാഗം 30

രുദ്രഭാവം : ഭാഗം 31

രുദ്രഭാവം : ഭാഗം 32