ഭാര്യ-2 : ഭാഗം 10

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

“അയ്യോ, മേടത്തിനെ നിങ്ങൾക്ക് മനസിലായില്ലേ..? നമ്മടെ കൈലാസ് നാഥ്‌ സാറില്ലേ, ഏത്, DIGയേ. പുള്ളീടെ അനിയത്തി അല്ലിയോ മേഡം. വധഭീഷണി ഉള്ളതുകൊണ്ട് ഒരു പ്രൊട്ടക്ഷന് വേണ്ടിയാ എന്നെ ഡ്രൈവറായി വച്ചത്. ഞാനാകുമ്പോ ഈ കരാട്ടേം കുങ് ഫൂ ഒക്കെ പഠിച്ചിട്ടുണ്ട്…” അതോടെ വന്നവർ ഒന്നു വിരണ്ടു. അനീഷ് തുടർന്നു: “മേടത്തിനെ ഇവിടെ എവിടേലും താമസിപ്പിക്കാമായിരുന്നു, പക്ഷെ ജീവന് ഭീഷണി ഉള്ളതുകൊണ്ട് ഇപ്പോ തന്നെ നിങ്ങൾ ഉപദ്രവിക്കാൻ നോക്കി എന്നെങ്ങാനും മേടത്തിന് പറയാൻ തോന്നിയാൽ അപ്പോ കാശി സാറിങ്ങ് വരും. പിന്നെ കേസ്, കോടതി…”

അവൻ ഒന്ന് നിർത്തി. പിന്നെ എന്തോ ആലോചിക്കുന്നത് പോലെ ഭാവിച്ചു: “ഹോ.. വേണ്ട… ഞാൻ മേടത്തിനെ വീട്ടിൽ കൊണ്ടുപോയി വിട്ടോളാം. അതാ നല്ലത്” വന്നവർ മെല്ലെ മുറുമുറുത്തുകൊണ്ട് പിൻവാങ്ങി. “അനീഷ് എന്തിനാ അവരോട് അങ്ങനൊക്കെ പറയാൻ പോയത്..?” തിരികെയുള്ള യാത്രക്കിടയിൽ നീലു ചോദിച്ചു. “പിന്നെ പതുപതിനഞ്ചു പേരെ ഒറ്റക്ക്, അതും അമ്പലപ്പറമ്പിൽ വച്ചു ഇടിച്ചിടാൻ ഞാൻ നരനിലെ ലാലേട്ടൻ ഒന്നും അല്ലല്ലോ..?” നീലുവിന് ചിരി വന്നു. “ശരിയാണ്. മുൻപ് ഒരുതവണ തനയ് എട്ടനൊപ്പം പോയപ്പോഴും ഇതേ പ്രശ്നം ഉണ്ടായിരുന്നു. അന്ന് ഏട്ടൻ അവിടെ ഒരാളെ തല്ലി.

പോലീസ് ഒക്കെ വന്ന് ആകെ സീൻ ആയി” “അച്ഛന്റെ കൂടെ പോകുമ്പോ ഇങ്ങനെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ലേ?” “അച്ഛൻ കൂടെ വരാറില്ല, വല്യച്ഛൻ ആണ് വരിക. പ്രായം ഉള്ള ആളായത് കൊണ്ടാകും, ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല” നീലു ആലോചിക്കുകയായിരുന്നു, ഓരോരുത്തരും ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന രീതി എത്ര വ്യത്യസ്തം ആണെന്ന്. “എന്നാലും താൻ ഇത്രയും ഒന്നും പറയേണ്ടിയിരുന്നില്ല” “അതിന് ഞാൻ കള്ളം ഒന്നും പറഞ്ഞില്ലല്ലോ. കൈലാസ് സർ തന്റെ ഏട്ടൻ ആണെന്ന് പറഞ്ഞത് സത്യവല്ലേ?

പിന്നെ കരാട്ടെ, അത് അറിയില്ലെങ്കിലും നാടൻ തല്ല് അല്പസ്വല്പം ഒക്കെ എനിക്കും വശം ഉണ്ടെടോ” നീലു ചിരിച്ചു. “ഏട്ടൻ അല്ല, ചേച്ചിയുടെ ഹസ്ബൻഡ് ആണ്. മുറച്ചെറുക്കനും” “ആഹ്. എന്തായാലും ചേട്ടൻ തന്നെ ആണല്ലോ. നിങ്ങളുടെ ഫാമിലി അടിപൊളി ആണ് കേട്ടോ. എല്ലാവർക്കും എന്തൊരു സ്നേഹവാ.. ഒരാവശ്യം വന്നാൽ എന്തോരം ആളുകളാ.. എനിക്കങ്ങു ഇഷ്ടപ്പെട്ടു” അനീഷ് പറഞ്ഞു. നീലു ഒന്നു ഞെട്ടി. ചേച്ചിയുടെ ഭർത്താവ് ഏട്ടൻ ആണ്. താൻ കാശിയെ അങ്ങനെയാണോ കണ്ടത്? അവരുടെ കല്യാണം കഴിഞ്ഞതിന് ശേഷവും താൻ അവരെ പിരിക്കാൻ നോക്കിയിട്ടില്ലേ..?

“ശരിക്കും കാണുന്നതോന്നും അല്ല യഥാർത്ഥ നീലിമ. അല്ലിയോ?” നീലു വീണ്ടും ഞെട്ടി. ഇവന് മനസു വായിക്കാനും കഴിവുണ്ടോ? “ഏറെക്കുറെ…” “അതാണ്. നീലിമ ഒരു പഴയ വില്ലത്തി ആണെന്ന് എനിക്ക് തോന്നീട്ടുണ്ട്..” നീലു ചിരിച്ചു: “വില്ലത്തി ഒന്നും അല്ല പക്ഷെ അത്യാവശ്യം കുരുത്തക്കേടൊക്കെ ഉണ്ടായിരുന്നു.” അനീഷിന് ആവേശം കയറി. “ആഹാ. എന്നാൽ കഥ പറ. ഞാൻ കേൾക്കാം” നീലു ആലോചിച്ചു: എന്തു പറയും അവനോട്? എങ്ങനെ തുടങ്ങും..? “അനീഷ്.. താൻ ഈ കാണുന്നതൊന്നും അല്ല എന്റെ പഴയ സ്വഭാവം. ആറ്റം ബോംബ് ആയിരുന്നു. കാഴ്ചക്ക് ഇത്ര നിഷ്കളങ്ക ആ പഞ്ചായത്തിൽ പോലും ഇല്ലെന്ന് തോന്നും. തനിക്കൊരു കാര്യം അറിയോ? കാശിയേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.

ആളെ എനിക്ക് കല്യാണം കഴിക്കാൻ പറ്റും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഏട്ടന് ഇഷ്ടപ്പെട്ടത് തനുവിനെ ആയിരുന്നു.” അനീഷിന് അതൊരു പുതിയ അറിവായിരുന്നു. “ആഹാ. താൻ ആള് കൊള്ളാലോ. അല്ല, അവര് ലവ് മാര്യേജ് ആണോ?” “ഹേയ്.. അല്ലല്ല. തനുവിന് കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ ഏട്ടൻ അവളെ കല്യാണം കഴിച്ചു കൊടുക്കാമോ എന്ന് ചോദിച്ചു. വീട്ടിൽ എല്ലാവർക്കും സമ്മതം. പക്ഷെ അതോടെ എനിക്ക് ആകെ ദേഷ്യമായി. അതിനിടയിൽ ഞങ്ങളിൽ ഒരാൾ അടോപ്റ്റഡ് ആണെന്ന് അറിഞ്ഞു. അത് ഞാൻ ആയിരുന്നു. പക്ഷേ അത് അവൾ ആണെന്ന് വിചാരിച്ചു ഞാൻ കുറെ കുഴപ്പം ഉണ്ടാക്കി. അവരുടെ കല്യാണം കഴിഞ്ഞും ഞാൻ ഇടയിൽ കയറാൻ ശ്രമിച്ചു.

പിന്നെ എനിക്ക് തന്നെ മനസിലായി, ഒന്നും നല്ലത്തിനല്ല എന്ന്. അനാഥയായ എന്നെ ഇത്രയുമൊക്കെ സ്നേഹിക്കുന്ന വീട്ടുകാരെ ഇനിയും വിഷമിപ്പിക്കാൻ പാടില്ല എന്ന ബോധ്യം വന്നു. അങ്ങനെയാണ് ഈ കാണുന്ന നീലിമ ഉണ്ടായത്” ഒരു ചിരിയോടെ ആണ് പറഞ്ഞവസാനിപ്പിച്ചത് എങ്കിലും നീലുവിന്റെ കണ്ണുകളിലെ നനവ് അനീഷിന് മനസ്സിലായിരുന്നു. അവൻ അടുത്തു കൊണ്ടൊരു തട്ടുകടയിൽ വണ്ടി നിർത്തി. രണ്ടാൾക്കും ഓരോ ചായ വാങ്ങി വന്നു. നീലു വിടർന്ന കണ്ണുകളോടെ അവനെ നോക്കി. പിന്നെ മെല്ലെ ചായ കുടിച്ചു.

“ശരിക്കും നീലിമ ഓർഫൻ ആണോ?” പിന്നീടുള്ള യാത്രക്കിടയിൽ എപ്പോഴോ അനീഷ് ചോദിച്ചു. “അച്ഛനും അമ്മയും ആരാണെന്ന് എനിക്കറിയാം. പക്ഷെ അവർ എന്നെ ഉപേക്ഷിച്ചതാണ്. അതും നട്ടാൽ മുളക്കാത്ത കാരണത്തിന്റെ പേരിൽ. അതുകൊണ്ട് സ്വയം ഓർഫൻ എന്ന് പറയാൻ ആണ് എനിക്കിപ്പോ താല്പര്യം. പിന്നെ ഓർഫൻ ഒന്നുമല്ല, അനീഷ് പറഞ്ഞതുപോലെ ഒരു അടിപൊളി ഫാമിലി ഉണ്ടല്ലോ എനിക്ക്.” രണ്ടാളും ചിരിച്ചു. “ഞാൻ വിചാരിച്ചത് ഇതു കേൾക്കുമ്പോൾ അനീഷ് എന്നോട് സഹതാപം കാണിക്കും എന്നാണ്..” നീലു പറഞ്ഞു. “അതെന്നാത്തിനാ? ഇപ്പോ എന്റെ അപ്പനും അമ്മയും, ഒക്കെ ഒരു വിശ്വാസവല്ലേ.. സത്യം തമ്പുരാനല്ലേ അറിയൂ..

അല്ലേലും ഇതൊന്നും ആരുടെയും കുറ്റം അല്ലല്ലോ. എന്നിട്ട്.. ബാക്കി പറ” അവന് ആവേശം കയറി. “ബാക്കി എന്തൂട്ടാ. അത്രയൊക്കെയേ ഉള്ളൂ. പണ്ടൊക്കെ ഞാനും തനുവും എന്തു കൂട്ടായിരുന്നു എന്നറിയോ? ചങ്ക്സ് എന്നൊക്കെ പറയില്ലേ. അതുപോലെ ആയിരുന്നു. കാശിയേട്ടന് വേണ്ടിയാണ് ആദ്യം ഞാൻ അവളോട് അടിയുണ്ടാക്കിയത്. പക്ഷെ അതിനു മുൻപും എന്റെ മനസിൽ അസൂയയും കുശുമ്പും ഒക്കെ ആയിരുന്നു അവൾക്കാണെങ്കിൽ നിറയെ സ്നേഹവും.” “ഹമ്മം. പുള്ളിക്കാരി ഡോക്ടർ അല്ലെ..?” “അതേ. അവളും കാശിയേട്ടനും എന്തൊരു സ്നേഹം ആണെന്നോ..? ശരിക്കും നമുക്ക് അസൂയ തോന്നി പോകും.”

അനീഷ് സംശയത്തോടെ അവളെ നോക്കി: “ഇപ്പോഴും ഉണ്ടോ അസൂയ?” “ഹേയ്. ഇല്ലില്ല.. അതൊക്കെ അന്നേ ഉപേക്ഷിച്ചു. ഇപ്പോ എനിക്ക് മൂന്ന് ഏട്ടന്മാർ ആണ്” “അപ്പോ മൂത്ത ചേച്ചിയുടെ ഹസ്ബൻഡ്..?” “രാജീവേട്ടൻ അധികം വീട്ടിൽ നില്കാറില്ല. ആവശ്യങ്ങൾക്ക് വരും, പോകും അത്ര തന്നെ. വിവാഹം കഴിഞ്ഞു ചേച്ചിയും അങ്ങനെ ആണ്. പിന്നെ വിദേശത്തേക്ക് പോയതോടെ ഉണ്ടായിരുന്ന അടുപ്പം വീണ്ടും കുറഞ്ഞു.” “ചേച്ചിയോട് വീട്ടുകാർക്കും അടുപ്പം ഒന്നുവില്ലേ?” “വിളിക്കാറൊക്കെ ഉണ്ട്. പക്ഷെ തനു വിവാഹം കഴിഞ്ഞിട്ടും വീട്ടിലെ അംഗം തന്നെയാണ്, കാശിയേട്ടനും. അത്രയും ഒന്നും താരേച്ചിയും ഏട്ടനും ഇല്ല.

ചിലപ്പോ ഏട്ടൻ വേറെ ഫാമിലി അയതുകൊണ്ടായിരിക്കും.” “അത് ശെരിയാ. കല്യാണം കഴിഞ്ഞാൽ വീട്ടുകാരുമായി ഉള്ള ബന്ധം ഒക്കെ കെട്ടിയോന്റെ തീരുമാനം പോലെ ഇരിക്കും..” അനീഷ് ആരോടെന്നില്ലാതെ പറഞ്ഞു. നീലുവിനും അനീഷിനും പരസ്പരമുള്ള ബഹുമാനം ഉയർത്താൻ ആ യാത്ര കാരണമായി. നീലുവിന്റെ വീട്ടുകാർക്കും അവനെ നന്നായി ബോധിച്ചു. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 തായ്‌ലൻഡ് കാൻസൽ ചെയ്തു ട്രിപ്പ് പോയവർ പത്താം ദിനം മടങ്ങിയെത്തി. തനുവിനെയും കൊണ്ട് ചെറുതുരുത്തിക്ക് പോകാൻ ആയിരുന്നു മാലതിയുടെ പ്ലാൻ എങ്കിലും കാശി അതിനെ നഖശികാന്തം എതിർത്തു.

അവിടെ തനുവിനെയും കുഞ്ഞുങ്ങളെയും എല്ലാ ദിവസവും അവന് വന്നു കാണാൻ കഴിയില്ലല്ലോ. ഒടുവിൽ അവരെ ചെമ്പമംഗലത്തേക്ക് തന്നെ കൊണ്ടുവന്നു. തനയ് നടക്കാൻ തുടങ്ങാത്തത് കൊണ്ട് അവനും പലപ്പോഴും പരസഹായം വേണ്ടി വന്നു. സ്‌കൂൾ അവധി ആയതുകൊണ്ട് തനുവിന്റെ രണ്ടു കുട്ടികളും കൂടി വീട്ടിലേക്ക് വന്നു. അവരും തനയ്‌യുടെ രണ്ടുപേരും എല്ലാം കൂടി ആകെ ബഹളമയം ആയി. തരുണിന്റെ കുട്ടികളെയും വിളിച്ചു വരുത്തി. നീലു ഓഫീസിൽ പോയി കഴിയുമ്പോൾ എല്ലാത്തിനെയും മേയ്ക്കാൻ സുമിതയും ഗീതയും മാലതിയും പാടുപെട്ടു.

രണ്ടു രോഗികളും ആറേഴു കുട്ടികളും ഒരു പൊടിക്കുപ്പിയും എല്ലാം കൂടി തിരക്ക് ആണെങ്കിലും വീട്ടിൽ പഴയ ഓളം തിരിച്ചുവന്നു. നീലു ആണെങ്കിൽ ഓട്ടം ആയിരുന്നു. ഓഫീസിൽ തിരക്കുള്ള സമയം ആണ്. കല്യാണം ഉറപ്പിച്ചത് എല്ലാവരും അറിഞ്ഞതുകൊണ്ട് അപവാദങ്ങൾക്ക് ചെറിയ അയവു വന്നതുപോലെ തോന്നി. സ്ത്രീജനങ്ങൾ കുറച്ചുകൂടെ അടുപ്പം കാട്ടി തുടങ്ങി. വിവാഹം ഉറപ്പിച്ച ഒരു കൊച്ചുപെൺകുട്ടിക്ക് കൊടുക്കാറുള്ള എല്ലാ ഉപദേശങ്ങളും അവർ നീലുവിനും കൊടുത്തു. ഭർത്താവിന്റെ വീട്ടുകാരെ സ്വന്തമായി കാണണം, ഭർത്താവിനെ ദൈവമായി കണ്ടു ഭയഭക്തി ബഹുമാനത്തോടെ അനുസരിക്കണം, ഭാരത സ്ത്രീകളുടെ ഭാവശുദ്ധി കാത്തു സൂക്ഷിക്കണം, ഭൂമിയോളം ക്ഷമിക്കണം,

ജീവൻ പോയാലും താലി ഉപേക്ഷിക്കരുത്, തല്ലു കൊണ്ടു മരിക്കുമെന്ന് വന്നാലും അവിടെ കടിച്ചു തൂങ്ങി കിടക്കണം.. ബ്ലാ.. ബ്ലാ….. നീലുവിന് ഭ്രാന്തു കയറി. ഓഫീസ് വിട്ടു ചെല്ലുമ്പോഴേക്കും കുട്ടിപട്ടാളങ്ങൾ കാത്തിരിക്കുന്നുണ്ടാകും. അവരുടെ കൂടെ കളിച്ചു നടക്കലും കിടത്തി ഉറക്കലും ഒക്കെയാണ് പിന്നത്തെ പണി. ഖുഷിമോളും മനുക്കുട്ടനും അല്പം മുതിർന്നത് കൊണ്ടു വലിയ ശല്യം ഇല്ല. അനീഷിനെ ഇടക്ക് കണ്ടെങ്കിലും സംസാരിക്കാൻ ഒന്നും കഴിയാറില്ല. ഫോൺ വിളികളും ഇല്ല. ചാറ്റിംഗ് ആണ് അവനുവേണ്ടി തുടങ്ങിയ പുതിയ ശീലം. അവളെ ഓൺലൈനായി കണ്ടാൽ ഉടനെ രാജേഷ് മെസേജ് അയക്കും.

അവനെ ബോധിപ്പിക്കാൻ എന്തെങ്കിലും പറയും എന്നല്ലാതെ ഒരു അടുപ്പം ഇപ്പോഴും തോന്നുന്നില്ല. അവനും ഏറെക്കുറെ അങ്ങനെ ആണെന്ന് നീലുവിന് തോന്നി. അനീഷും അവളോട് സംസാരിക്കാൻ കഴിയാത്തതിൽ വീർപ്പുമുട്ടുകയായിരുന്നു. രണ്ടും കല്പിച്ചു ഓഫീസിൽ നിന്ന് അവളിറങ്ങുന്ന സമയം നോക്കി കാത്തുനിന്നു. “എന്നാടോ, കാണാനേ ഇല്ലല്ലോ?” “വീട്ടിൽ നിറയെ കുട്ടികളും ബഹളവും ആണ് അനീഷ്. എല്ലാത്തിനും എന്നെയാ ഇഷ്ടം. അതുകൊണ്ട് ഓഫീസ് കഴിയുന്നതേ പോകും” അനീഷിന് വിഷമം തോന്നി: “ആഹാ. അല്ലേലും നമ്മളൊക്കെ ആര്.. പരിചയക്കാർ.

അത്രയല്ലേ ഉള്ളൂ.. മിണ്ടിയാൽ എന്നാ, മിണ്ടിയില്ലേൽ എന്നാ” ചെറിയ കുഞ്ഞുങ്ങളെപ്പോലെ ചുണ്ട് പിളർത്തി അവൻ വിഷമം പറയുന്നത് കേട്ട് നീലുവിന് ചിരി വന്നു. “എന്റെ അനീഷേ, താനിങ്ങനെ തുടങ്ങല്ലേ. വീട്ടിൽ ഏഴു ഉണ്ണികളാ നിറഞ്ഞ് നിൽക്കുന്നത്. തനുവും ഏട്ടനും രോഗികളും. പാവം എന്റെ അമ്മമാര് അല്ലെ.. അതാ ഞാൻ വേഗം പോകുന്നത്” അപ്പോഴും അനീഷിന്റെ പരിഭവം മാറിയില്ല. അവന്റെ പരിഭവം തന്നെ വേദനിപ്പിക്കുന്നത് എന്തിനെന്ന് നീലുവിന് മനസിലായില്ല: “വേണമെങ്കിൽ പിണക്കം മാറ്റാൻ ഞാനൊരു ചായ സ്പോണ്സർ ചെയ്യാം” അതോടെ അനീഷ് ചിരിച്ചു. രണ്ടാളും ചായയും ബജിയും കഴിച്ചു സന്തോഷമായി പിരിഞ്ഞു. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“നീലു.. ആരാ ഇന്നലെ നിൻറെ കൂടെ കണ്ട പയ്യൻ?” പിറ്റേന്ന് ഊണ് കഴിക്കുമ്പോൾ ശാലു ചോദിച്ചു. “ഏത് വൈകുന്നേരം ആണോ? അതെന്റെ ഒരു ഫ്രണ്ട് ആണെടോ. എന്തേ?” “ഏത് ഫ്രണ്ട്? ഇതുവരെ അയാളെ ഇവിടെ കണ്ടിട്ടില്ലല്ലോ?” നീലു അമ്പരന്ന് അവളെ നോക്കി. ആദ്യമായി ആണ് ശാലിനിയിൽ അങ്ങനൊരു ഭാവം. “എന്തൂട്ടാടി? ഒരുമാതിരി പൊലീസുകാർ ചോദ്യം ചെയ്യുന്നതുപോലെ?” “ഡീ.. അത്….. നീ ആദ്യം അത് ആരാണെന്ന് പറയ്” “അയാൾ എന്റെ ഫ്രണ്ട് ആണെടി.

അനീഷ്. ഒരുദിവസം രാത്രി വണ്ടി ഓഫ് ആയപ്പോൾ അയാളെന്നെ സഹായിച്ചിട്ടുണ്ട്. പിന്നെ ഇടക്ക് കാണും, സംസാരിക്കും. അതിനിപ്പോ എന്തൂട്ടാ?” ശാലിനിക്ക് മറുപടി പറയാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി. “ഡീ.. അത്.. നീയും അയാളും എന്തോ റിലേഷനിൽ ആണെന്നാ ഇവിടെ സംസാരം. നിന്റെ കല്യാണം ഉറപ്പിച്ച കാര്യം ഇവിടെ എല്ലാവർക്കും അറിയാമല്ലോ. അയാൾ ഗൾഫിൽ ആയതുകൊണ്ട് അതു മറച്ചുവച്ചു നീ സൈഡിൽ കൂടി അനീഷിനെ വലയിൽ കുരുക്കി എന്നൊക്കെയാ കേൾക്കുന്നത്…” ഈയം ഉരുക്കിയൊഴിച്ചപോലെ ശാലുവിന്റെ വാക്കുകൾ നീലുവിലേക്ക് പതിച്ചു. (തുടരും)-

ഭാര്യ-2 : ഭാഗം 9

-

-

-

-

-