Saturday, April 20, 2024
Novel

ദേവാസുരം : ഭാഗം 4

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

“അമ്മേ നമ്മുടെ അലീനയെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നാലോ?” “അതെന്താ ഇപ്പോൾ പ്രത്യേകിച്ച് ചോദിക്കാൻ? നിങ്ങൾ മൂന്നാളും എപ്പോളും ഇവടൊക്കെ തന്നെയല്ലേ?”

“അതല്ല അമ്മക്കുട്ടി. അമ്മയുടെ മരുമകളായി കൊണ്ട് വരട്ടെ എന്ന്..”

ഞെട്ടലോടെ ഉഷ ഇന്ദ്രനെ നോക്കി. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.

“എന്തൊക്കെയാ നീ പറയുന്നത്? നിന്റെ തമാശ അൽപം കൂടുന്നുണ്ട് കേട്ടോ?”

“തമാശ ഒന്നുമല്ല. അവൾ… അവൾ നല്ല കുട്ടി അല്ലേ. കുഞ്ഞുനാൾ തൊട്ട് ഇന്ന് വരെ എപ്പോളും നിഴലു പോലെ അവളും അലെക്സും ഉണ്ടായിരുന്നു. ഇനിയും അങ്ങനെ കൂടെ കൂട്ടാനാണ് മോഹം.”

“അതിനാണോ കല്യാണം കഴിക്കണത്?”

“അത് കൊണ്ട് മാത്രമല്ല. എനിക്ക് കുട്ടിക്കാലം തൊട്ടേ അവളോട് ഇഷ്ടമായിരുന്നു. തിരിച്ചറിവ് വന്ന പ്രായത്തിലാണ് അതാണ് പ്രണയമെന്ന് മനസിലായത്.”
ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു.

“എനിക്ക് ഇഷ്ടമല്ല. എന്റെ മകന്റെ ഭാര്യയായി വരുന്ന കുട്ടിയെ പറ്റി എനിക്കും കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്.”

“അതെന്താ അമ്മയ്ക്ക് അവളെ ഇഷ്ടമല്ലേ. അമ്മ പറയാറുണ്ടല്ലോ അവൾ നല്ല കുട്ടി ആണെന്ന്”

“ഇഷ്ടമില്ലാഞ്ഞിട്ടല്ല. ജീവിതത്തിൽ നിന്റെ സ്വഭാവത്തിന് ഇണങ്ങുന്ന കുട്ടി അല്ല അവൾ.
അങ്ങനെ എനിക്ക് തോന്നിയിട്ടില്ല.

നിങ്ങൾ രണ്ടു പേരെയും എനിക്കറിയാം. നിങ്ങൾ ചേരില്ല. നീ ഇത് അവളോട് പറഞ്ഞിരുന്നോ?”

“അമ്മയോടാണ് ആദ്യം പറയുന്നത്.”

“അലെക്സിന് അറിയുമോ?”

“അറിയില്ല.”

“ആഹ് എങ്കിൽ ഇനി ആരോടും പറയണ്ട. അവളും നിന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല. നല്ലൊരു സൗഹൃദം ഇത് പറഞ്ഞ് നശിപ്പിക്കല്ലേ.”

“അവൾക്കെന്നെ ഇഷ്ടമാണ്.”

“എന്ന് നിന്നോട് ആരാണ് പറഞ്ഞത്.”

“എനിക്ക് തോന്നി. അവളെന്നോട് പലപ്പോഴും ആ ഒരു അടുപ്പം കാണിക്കാറുണ്ട്. ഞങ്ങൾ മൂന്നാളും ഒന്നിച്ചുള്ളപ്പോളും അവൾ എന്നോടാണ് കൂടുതൽ ഇടപെടുന്നത്.”

“അതൊക്കെ പ്രണയം കൊണ്ടാണെന്നു പറയാൻ പറ്റില്ല ഇന്ദ്രാ.. ഞാൻ പറഞ്ഞില്ലേ നീ അത് മറന്നു കളയൂ. എനിക്ക് ഇഷ്ടമല്ല.”

“അമ്മയുടെ സമ്മതം എനിക്ക് ആവശ്യമില്ല. ഞാൻ അവളോട് പറഞ്ഞോളാം. അവൾക്ക് ഇഷ്ടമാണെങ്കിൽ ഇന്ദ്രന്റെ ഭാര്യ അലീന ആയിരിക്കും.”

“ഇതൊന്നും നടക്കില്ല. എനിക്ക് ഉറപ്പുണ്ട്.”

അമ്മയുടെ മുഖത്തെ ആത്മവിശ്വാസം അത് അവന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലായിരുന്നു.
പെട്ടെന്ന് തന്നെ അവൻ തന്റെ ചിന്തകളിൽ നിന്ന് തിരിച്ചു വന്നു.

അമ്മയാണ് എല്ലാത്തിനും കാരണം. അവൾക്ക് എന്നേക്കാൾ ഇഷ്ടം അമ്മയോടായിരുന്നു. അതാവും അവൾ… അമ്മ അറിയാതെ ഒന്നും നടക്കില്ല.

എങ്കിലും സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി മകന്റെ ജീവിതം തകർക്കാനും മാത്രം അധപതിച്ചു പോകുമോ എന്റെ അമ്മ. അറിയില്ല. അവൾക്ക് എങ്ങനെ ഇത്രത്തോളം എന്നെ അകറ്റി നിർത്താൻ കഴിയുന്നു.

അധിക കാലം പ്രണയം മറച്ചു വയ്ക്കാൻ എങ്ങനെ കഴിയും.

കല്യാണം അടുക്കുമ്പോളെങ്കിലും അവളിലൊരു മാറ്റം ഞാൻ പ്രതീക്ഷിച്ചിരുന്നു.

ഇനി അമ്മ പറഞ്ഞ പോലെ അവൾക്ക് ഒരിക്കലും എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ? ഇല്ല അങ്ങനെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

എന്തോ ഗൗരവമേറിയ കാരണം ആയത് കൊണ്ടാവാം രുദ്രേച്ചി എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞത്. അച്ഛനെയും അമ്മയെയും പോലെ തന്നെ രുദ്രേച്ചിക്കും നല്ല സ്നേഹമാണ്.

പണ്ട് മുതൽക്കേ കാണുമ്പോളൊക്കെ ഒത്തിരി സംസാരിക്കുമായിരുന്നു.

ഇന്ദ്രേട്ടന്റെ ആലോചന വന്നതിനു ശേഷം നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും മിക്കപ്പോഴും ചേച്ചി വിളിക്കാറുണ്ട്. എപ്പോളും വാ തോരാതെ സംസാരിച്ചു കൊണ്ടേ ഇരിക്കും.

കൂടുതലും ഏട്ടന്റെ കാര്യങ്ങൾ ആവും പറയുക.

പലപ്പോഴും ചേച്ചിക്ക് ഏട്ടനോടുള്ള സ്നേഹം കാണുമ്പോൾ കൊതി ആവാറുണ്ട്.

ഒരു ചേട്ടനോ ചേച്ചിയോ ആരും എനിക്ക് ഇല്ലാതെ ആയി പോയതിൽ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്.

ഓരോന്നും ആലോചിച്ചു പാർക്കിൽ ഇരിക്കുമ്പോളാണ് ചേച്ചി അങ്ങോട്ടേക്ക് വന്നത്. വളരെ ശ്രദ്ധിച്ചാണ് ചേച്ചി ഓരോ ചുവടും വെച്ചിരുന്നത്.

ചെക്ക് അപ്പിന് പോയിട്ട് വരുന്ന വഴിയാണ്. എന്റെ അടുത്ത് വന്നു കയ്യിലൊക്കെ പിടിച്ചു പതിവ് പോലെ ആള് സംസാരിക്കാൻ തുടങ്ങി.

വിശേഷം പറച്ചിലൊക്കെ കഴിഞ്ഞ് ചേച്ചി അല്പസമയം മൗനം പാലിച്ചു. എന്തോ ആലോചിക്കുന്നത് പോലെ.

“ജാനുവിനെ ഞാൻ നേരിട്ട് കാണണമെന്ന് പറഞ്ഞത് അൽപം ഗൗരവമുള്ള കാര്യം സംസാരിക്കാൻ ആണ്. അമ്മയ്ക്ക് ഇത് പറയാൻ കഴിയാത്തത് കൊണ്ടാണ് എന്നെ ഇങ്ങോട്ടേക്കു വിട്ടത്.”

“എന്താണ് ചേച്ചി? എന്താണെങ്കിലും പറഞ്ഞോളൂ.”

“അത്.. അത് ഇന്ദ്രന്റെ കാര്യമാണ്. അവന് ഈ വിവാഹത്തിന് അൽപം താല്പര്യ കുറവ് ഉണ്ട്.”

അത് നേരത്തേ അറിയുന്ന കാര്യമായത് കൊണ്ട് ഞെട്ടലൊന്നും തോന്നിയില്ല.

“അതെനിക്ക് മനസിലായിരുന്നു ചേച്ചി.”

“അവന്റെ പെരുമാറ്റത്തിൽ നിന്നും നീ അത് ഊഹിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.
കുറച്ചു കാലമായി അവൻ ആളാകെ മാറിയിരിക്കുന്നു.

എന്നോട് മാത്രേ അൽപം സ്നേഹം കാണിക്കുള്ളു.

അമ്മയോട് എപ്പോളും ദേഷ്യമാണ്. കാരണം എന്താണെന്ന് അമ്മയ്ക്കും വലിയ നിശ്ചയമില്ല.

ഈ ഒരു കല്യാണത്തിലൂടെയെങ്കിലും അവനിലൊരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

അത് കൊണ്ടാണ് ഞാനവനെ വിവാഹത്തിന് നിർബന്ധിച്ചത്. അവൻ മനസില്ലാ മനസോടെ സമ്മതിച്ചു.”

ഇത് പറഞ്ഞ് ചേച്ചി എന്റെ മുഖത്തേക്ക് നോക്കി.

“മുഹൂർത്തം കുറിക്കുന്നതിന് മുൻപ് നീ ഇത് അറിയണം എന്ന് അമ്മയാണ് പറഞ്ഞത്. ഒരു പരീക്ഷണത്തിന് ഉപയോഗിക്കുന്നെന്ന് വിചാരിക്കരുത്.

നിന്നെ പോലൊരു കുട്ടിയെ ആണ് ഞങ്ങൾ ആഗ്രഹിച്ചത് അല്ലാതെ മറ്റൊന്നും ഉണ്ടായ കൊണ്ടല്ല. തീരുമാനം നിന്റേതാണ്.

അതിപ്പോൾ സമ്മതം അല്ലെങ്കിലും ഞങ്ങളുടെ സ്നേഹത്തിന് ഒരു കുറവും ഉണ്ടാവില്ല കേട്ടോ. നീ എന്റെ കുഞ്ഞനിയത്തി ആയിരിക്കും.”

ഒരു ചെറു പുഞ്ചിരിയോടെയാണ് ചേച്ചി അത് പറഞ്ഞത്.

അൽപ നേരം ഞാൻ ശൂന്യതയിലേക്ക് നോക്കി ഇരുന്നു. ഞാൻ ഊഹിച്ചിരുന്ന കാര്യങ്ങൾ തന്നെയാണ് ചേച്ചി പറഞ്ഞത്.

ഒന്നോർത്താൽ ഞാനും ഈ വിവാഹത്തിന് മനസ് കൊണ്ട് തയ്യാറായിട്ടില്ല.

മറ്റുള്ളവരുടെ സന്തോഷത്തിനായാവും ഇന്ദ്രേട്ടനും വിവാഹത്തിന് സമ്മതിച്ചത് ആ ഒരു അവസ്ഥ എന്നേക്കാൾ നന്നായി വേറെ ആര് മനസിലാക്കാൻ ആണ്.

ആ അമ്മയ്ക്ക് മകനെ തിരിച്ചു കൊടുക്കാൻ എന്തെങ്കിലും സഹായം എന്നെ കൊണ്ട് ചെയ്യാനാവും എന്ന് അവർ പ്രതീക്ഷിക്കുമ്പോൾ അതെനിക്ക് തല്ലി കെടുത്താനാവില്ല.

ഒരു ഭാരമായി മാത്രേ എല്ലാവരും കണ്ടിട്ടുള്ളു. ആർക്കെങ്കിലും ഞാനൊരു പ്രതീക്ഷ ആവുന്നത് ഇപ്പോളാണ്.

ചിലപ്പോൾ ഇനി ഒരിക്കലും ഇങ്ങനൊരു അവസരം കിട്ടിയെന്നും വരില്ല.

അത് കൊണ്ട് തന്നെ മറുത്തൊന്നും ആലോചിക്കാതെ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.

“എനിക്ക് സമ്മതമാണ് ചേച്ചി. ഇന്ദ്രേട്ടൻ എങ്ങനെയുള്ള ആളാണെങ്കിലും എനിക്ക് ഈ വിവാഹത്തിന് സമ്മതമാണ്.

പിന്നെ സ്നേഹം കൊണ്ട് ഉണങ്ങാത്ത മുറിവുകൾ ഉണ്ടാവില്ല. എന്റെ അമ്മ പറഞ്ഞു പഠിപ്പിച്ച വാക്കുകളാണ്.

പക്ഷെ അമ്മ പരാജയപ്പെട്ടു പോയി. എങ്കിലും ഞാനും ശ്രമിക്കും ഇന്ദ്രേട്ടനെ പഴയ ആളാക്കാൻ.”

ചേച്ചിയെന്നെ വാരി പുണർന്നു. എന്റെ തലയിലൂടെ മെല്ലെ വിരലോടിച്ചു.

“എനിക്കുറപ്പുണ്ട് നിനക്ക് അതിന് പറ്റും. ഒത്തിരി സന്തോഷമുണ്ട് മോളേ. നീ ഇങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.”

“നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്ക് ഉപേക്ഷിച്ചു പോവാൻ പറ്റണില്ല ചേച്ചി.”

എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു.

“ഞങ്ങളെല്ലാരും നിന്റെ കൂടെ ഉണ്ട്. പിന്നെ കല്യാണം കഴിഞ്ഞ് ഇങ്ങനെ കണ്ണും നിറച്ചു നടക്കരുത് കേട്ടോ. നല്ല സ്‌ട്രോങ് ആയിട്ട് നിന്നോണം.

അല്ലെങ്കിലേ അവൻ നിന്റെ തലയിൽ കയറി നിരങ്ങും.

ആഹ് കല്യാണത്തിന് മുൻപ് അതിനായിട്ടൊരു ക്ലാസ്സ് ഞാൻ എടുത്തു തരാം. ഇപ്പോൾ അതിന് പ്രിപ്പയർ ചെയ്തിട്ടില്ല.”

പിന്നെയും കുറേ സമയം സംസാരിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.

വീട്ടിൽ ചെന്നപ്പോളേ മാമൻ പറഞ്ഞു കല്യാണത്തിന് മുഹൂർത്തം ശെരിയായെന്ന്.

അടുത്ത ആഴ്ചയാണത്രെ നല്ല മുഹൂർത്തം ഉള്ളത്. അത് കഴിഞ്ഞാൽ പിന്നെയും ഒരു മാസം കൂടെ കഴിയണമെന്ന്.

തീയതി നിശ്ചയിച്ചെന്ന് അറിഞ്ഞപ്പോൾ മുതൽ അത്രയും സമയം ഉണ്ടായിരുന്ന ധൈര്യം എന്നിൽ നിന്ന് അകലാൻ തുടങ്ങിയിരുന്നു.

എന്തെന്നില്ലാത്ത ഭയം എന്നിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു.

ഇത്രയും കാലം ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കാൾ വലുതൊന്നും ഇനി വരാനിലെങ്കിലും അറിയാത്തൊരു ലോകത്തേക്ക് ചെന്നു പെടുന്നത് എന്നെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.

മാമന്റെ മുഖത്തെ സന്തോഷമാണ് അല്പമെങ്കിലും എന്നിൽ ആശ്വാസം നിറച്ചത്. അതെന്നും മായാതെ കണ്ടാൽ മതിയായിരുന്നു.

നിർമല അമ്മയ്ക്കും എന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നു.

അന്ന് ആശുപത്രിയിൽ പോയതിന് ശേഷം ഇങ്ങനെയാണ്. ചിലപ്പോൾ കുറച്ചു കാലം കൂടി സഹിച്ചാൽ മതിയല്ലോ അതാവും.

പെട്ടെന്ന് വിഷ്ണു ഏട്ടന്റെ മുഖം മനസിലേക്ക് വന്നു. ഉള്ളിലെവിടെയോ നോവ് അനുഭവപ്പെട്ടു.

ഇനിയേട്ടനെ മനസിൽ പോലും സൂക്ഷിച്ചു കൂടാ. പരസ്പരം ഇഷ്ടത്തോടെയല്ല വിവാഹമെങ്കിലും താലി കഴുത്തിലിട്ടു അന്യ പുരുഷനെ മനസിൽ വയ്ക്കാൻ ജാനകിക്ക് കഴിയില്ല.

പറ്റുമെങ്കിൽ വിവാഹത്തിന് മുൻപ് വിഷ്ണു ഏട്ടനോട് എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞു മാപ്പ് ചോദിക്കണം.

തിരുത്താൻ കഴിയാത്ത തെറ്റാണ് ചെയ്തതെങ്കിലും അല്പമെങ്കിലും കുറ്റബോധം കുറയാൻ ചിലപ്പോൾ കഴിയുമായിരിക്കും.

സമയം പെട്ടെന്ന് കടന്നു പൊയ്ക്കൊണ്ടിരുന്നു. മാമൻ ഓടി നടന്നു ബന്ധുക്കളെയൊക്കെ ക്ഷണിച്ചു. പാവം പൈസക്ക് വേണ്ടി കുറേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

ഞാൻ എതിർത്തിട്ടും വസ്തു പണയം വെച്ചു വരെ പണം നേടാൻ മാമൻ ശ്രമിച്ചു. ഒരു ദിവസം അവിടുത്തെ അമ്മയും അച്ഛനും വന്നിരുന്നു.

എല്ലാവർക്കും കുറേ ഡ്രെസ്സും ആഭരണങ്ങളും കൊണ്ട് വന്നു. അതൊക്കെ വാങ്ങാൻ ആദ്യം മാമൻ തയ്യാറായില്ല.

പക്ഷെ അവിടുത്തെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു.

അതൊക്കെ വാങ്ങുമ്പോൾ അർഹതപ്പെടാത്തത് വാങ്ങുന്നതിന് ജാള്യത തോന്നിയെങ്കിലും മാമന്റെ കഷ്ടപ്പാട് കുറഞ്ഞതിൽ ആശ്വാസം തോന്നി..

ദേവിക വഴി വിഷ്ണു ഏട്ടനെ പലപ്പോഴും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരു അറിവും ഉണ്ടായിരുന്നില്ല.

സ്റ്റഡി ലീവൊക്കെ ആയത് കൊണ്ട് ഏട്ടന്റെ ഫ്രണ്ട്സ് വഴിയും ഒന്നും അറിയാൻ കഴിഞ്ഞില്ല.

പല തവണ ഏട്ടന്റെ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ ഓഫ്‌ ആയിരുന്നു.

അവസാനം എനിക്ക് പറയാനുള്ളതെല്ലാം ഞാൻ ഏട്ടന് മെസ്സേജ് അയച്ചു. എന്നെങ്കിലും കാണുമായിരിക്കും എന്ന പ്രതീക്ഷയിൽ..

നേരിട്ടല്ലെങ്കിലും തെറ്റുകൾ ഏറ്റു പറഞ്ഞതിന്റെ ഒരു സമാധാനം ഉണ്ടായിരുന്നു.

ഞാനങ്ങനെ ഒരു തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യവും ഏട്ടനിൽ നിന്നും മറച്ചു പിടിച്ചതിന്റെ കാരണവും എല്ലാം..

വിഷ്ണു ഏട്ടന് വേണ്ടി എന്റെ മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു.

ചിലപ്പോൾ ഇനി ഒരിക്കലും ഏട്ടന് വേണ്ടി എന്റെ മിഴികൾ നിറയ്ക്കാൻ എനിക്ക് കഴിഞ്ഞില്ലെന്ന് വരാം.

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3