Saturday, July 13, 2024
Novel

രുദ്രഭാവം : ഭാഗം 7

നോവൽ
എഴുത്തുകാരി: തമസാ

Thank you for reading this post, don't forget to subscribe!

മ്യൂസിയം ചുറ്റുമ്പോഴും രുദ്രൻ അസ്വസ്ഥനായിരിന്നു….

ചിരിച്ചു കളിച്ചു നിൽക്കുന്ന ഭാവയേ തേടിപ്പോയ കണ്ണുകൾ മിഴിനീര് നിറച്ചു മടങ്ങി വന്നു….

കുറച്ചു മുൻപ് തന്നെക്കുറിച്ചു ചെറിയൊരു സൂചന കൊടുത്തപ്പോൾ പോലും പൊട്ടിത്തെറിച്ച പെണ്ണ്, താൻ അവളോട് ചെയ്ത തെറ്റ് അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും….

അച്ഛൻ അമ്പലത്തിൽ പൂജയ്ക്ക് പോകുമ്പോൾ ആദ്യമൊക്കെ കൂടേ പോകുമായിരുന്നു..

പിന്നേ വേറെ നല്ല ജോലി കിട്ടുമെന്ന് തോന്നിയപ്പോൾ അച്ഛന്റെ കൂടേ പോക്ക് നിർത്തി……

ഇടക്ക് ഒരു ദിവസം, അച്ഛൻ വീട്ടിലൊരു കത്ത് കൊണ്ട് വന്നു….

പിന്നൊരു ചിരി ആയിരുന്നു …

ഗീതേ.. ഇന്ന് ഒരു രസമുണ്ടായി…..

ക്ഷേത്രത്തിൽ വന്നൊരു കുട്ടി, രുദ്രന് കത്തെഴുതി വെച്ചിട്ട് പോയി…

നല്ല സുന്ദരിക്കുട്ടിയാ….

ഡോക്ടർ ആവാൻ പഠിക്കുവാ….

പക്ഷേ തനി പൊട്ടത്തിക്കുട്ടി… ചിരിയും കളിയുമൊക്കെ ആയി ഒരു നാടൻ പെങ്കൊച്ച്….

സംസാരപ്രിയ ആണ് ആള്… എന്താ എഴുതിയിരിക്കുന്നത് എന്ന് അറിയില്ല…

അവിടെ വെച്ചിട്ട് ഇനി വേറെ ആരെങ്കിലും എടുത്ത് വായിച്ചാലോ എന്നോർത്ത് ഞാനിങ്ങോട്ടെടുത്തു….

ദൈവത്തിനു വെച്ചത് മറ്റാരും വായിക്കണ്ടല്ലോ….

അത്താഴം കഴിക്കുമ്പോഴും അച്ഛൻ അവളെക്കുറിച്ചു പറയുന്നുണ്ടായിരുന്നു….

അമ്മയും ഇടയ്ക്ക് ഓരോന്ന് ചോദിക്കുന്നുണ്ട്.. എല്ലാം കൂടി ആയപ്പോൾ ആ കത്തിലെന്തായിരിക്കും എന്നറിയാൻ ഒരാകാംക്ഷ…

അതുകൊണ്ട് അച്ഛന്റെ മുറിയിൽ നിന്ന് അത് അടിച്ചു മാറ്റി വായിക്കാൻ തീരുമാനിച്ചു…

രാത്രി അച്ഛന് കിടക്കുന്നതിനു മുന്നേ മുറുക്കലുണ്ട്… അത് എന്നും നിര്ബന്ധമാണ്….

കോലായിൽ ഇരുന്ന് മുറുക്കിക്കൊണ്ടിരിക്കുന്ന അച്ഛനെ കണ്ടിട്ടാണ് ഞാൻ പോയി പൂജാമുറിയിൽ നിന്ന് ആ കത്ത് വായിക്കാനെടുത്തത്… .

“എന്റെ രുദ്ര ദേവാ… എന്റെ മാത്രം അല്ലെന്ന് അറിയാട്ടോ എനിക്ക്…

വായിച്ചു തുടങ്ങിയതേ എനിക്ക് ചിരി പൊട്ടി….

ഇതൊരു മാതിരി മൂന്നാം ക്ലാസ്സിലെ പിള്ളേരുടെ പ്രേമലേഖനം പോലെ…

ഞാൻ വായന തുടർന്നു..

പക്ഷേ എനിക്ക് എന്റെ എന്ന് പറയുന്നതാ ഇഷ്ടം…

അതെന്താണെന്ന് ചോദിക്കല്ലേ രുദ്രാ.. അറിഞ്ഞൂടെനിക്ക്.. അത്രയ്ക്ക് ആരാധനയാ എനിക്ക് ഈ ദേവനെ…

കണ്ടിട്ടില്ലാട്ടോ ഞാൻ നിന്നെ ഇതുവരെ.. നീ എന്നൊക്കെ വിളിക്കാവോ… ആ… എന്റെ ദേവനല്ലേ..

ഞാൻ അങ്ങനെയൊക്കെ വിളിക്കും…. ഞാനൊരു കാര്യം ചോദിക്കട്ടെ…

ഈ സംഹാരത്തിനൊക്കെ പോവുമ്പോ ഡക്ക ഒക്കെ കൊട്ടി ആണോ രുദ്രാ പോവുന്നത്?….

ചുമ്മാ ആകാംക്ഷ കൊണ്ട് ചോദിച്ചതാട്ടോ… പിണങ്ങല്ലേ…. പിന്നെ ദേവാ… …

കുറച്ചു വർഷം കഴിഞ്ഞാൽ ഞാനൊരു ഡോക്ടർ ആവും… അറിയുവോ… പക്ഷേ എനിക്ക് ഈ ഇടെ ആയിട്ട് പഠിക്കാൻ പറ്റണില്ല…

എപ്പോഴും ക്ഷീണമാ.. അതൊക്കെ നീ വേഗം മാറ്റിതരണട്ടോ… മടിച്ചിക്കുട്ടിയുടെ മടിയൊക്കെ രുദ്രനെടുത്തോ…

ഇവിടെ ചുമ്മാ ഇങ്ങനെ ഞങ്ങളെ നോക്കി ഇരികുവല്ലേ.. വല്യ ജോലി ഒന്നും ഇല്ലല്ലോ…

ഇടയ്ക്കിടയ്ക്ക് അല്ലേ ജോലിയുള്ളു… ബാക്കിയൊക്കെ വിഷ്ണുവേട്ടനും ബ്രഹ്മച്ഛനും കൂടി നോക്കിക്കോളില്ലേ.. . ഞാൻ പഠിച്ചില്ലെങ്കിൽ പിന്നെ എനിക്ക് തിരിച്ചു വീട്ടിൽ കേറാൻ പറ്റില്ലെന്നേ…

അതുകൊണ്ട് കട്ടയ്ക്ക് കൂടെ നിന്നേക്കണേ ദേവാ..
എന്ന് ഈ ദേവന്റെ ആരാധിക -ഭാവ…

വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ പിന്നേ ഒരൊറ്റ ചിരി ആയിരുന്നു….

ഒരു കൊച്ചു കുട്ടി ദൈവത്തിനു കത്തെഴുതി കൊടുത്തതും പോസ്റ്റ്മാൻ കാശ് കൊടുത്തതും എല്ലാം ഓർമ വന്നു….

രുദ്രനെ മാത്രമല്ല, വിഷ്ണുവും ബ്രഹ്മാവുമെല്ലാം അവൾക്ക് അപ്പുറത്തെ വീട്ടിലുള്ളവരാണെന്ന് തോന്നുന്നു…

അങ്ങനല്ലേ എഴുത്ത്….

ഈശ്വരനെ പോലും കൂട്ടുകാരനായി കാണുന്നൊരു പെണ്ണ്….

പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ” എന്റെ ” എന്ന പ്രയോഗം കൊണ്ട് അവൾ രുദ്രനെ കാമുകനായിട്ടാണോ കാണുന്നതെന്ന് പോലും തോന്നി…

എനിക്കവളെ കാണാൻ വല്ലാത്ത പൂതി തോന്നി മനസ്സിൽ…

നല്ല സ്വഭാവം ആയിരിക്കും… അതല്ലേ ഇത്രയും ഒക്കെ ചിന്തിച്ചു കൂട്ടാൻ പറ്റുള്ളൂ…

അങ്ങനെയാണ് അടുത്ത ദിവസം അവൾക്കായുള്ള മറുപടിയുമായി ഞാൻ അച്ഛനൊപ്പം പൂജയ്ക്ക് ചെന്നത്… ദീപാരാധന ഞാൻ ചെയ്തുകൊള്ളാം എന്ന് അച്ഛനോട് ഞാൻ പറഞ്ഞു…

കത്തെഴുതിയ കുട്ടിയെ കാണിച്ചു തരണമെന്നും.. പക്ഷേ ഞാൻ വായിച്ചതൊന്നും അച്ഛൻ അറിഞ്ഞിട്ടില്ലാട്ടോ.. അത് പോലെ തന്നെ ചുരുട്ടി വെച്ചിരുന്നു ഞാൻ അത്…

ഭാവയാമിക്ക് അവളുടെ രുദ്രനായി മറുപടി കൊടുത്തതൊക്കെ ഒരു രസത്തിനാണ്… കളിപ്പിക്കാൻ… അത്ര മാത്രം….

പിന്നേ പതിയെ പതിയെ കൊച്ചു കൊച്ചു തമാശകളിൽ നിന്നും അവളെന്റെ ജീവ വായു ആയി മാറി…

ഒന്ന് കാണാതിരിക്കാൻ പോലും പറ്റാതെ ആയി… അല്ലെങ്കിലും ഒരു കള്ളത്തരം പോലും കാട്ടാതെ രുദ്രനെ പ്രണയിക്കുന്ന ഒരാളെ എങ്ങനെ പ്രണയിക്കാതിരിക്കാൻ പറ്റും….

അമ്പലത്തിൽ നിന്ന് വിട്ടു നിന്നിരുന്ന ഞാൻ അങ്ങനെ അമ്പലത്തിൽ തന്നെ സ്ഥിരമായി …..

അവൾ പ്രതിഷ്ഠയെ നോക്കി പലപ്പോഴും കണ്ണടച്ചു കൊണ്ട് ആ രുദ്രനെ ഉൾക്കണ്ണിലാവാഹിക്കുമ്പോൾ, ഞാൻ അവളെ കൺനിറയെ കണ്ട് ആത്മ നിർവൃതി നേടിക്കൊണ്ടിരുന്നു…

ആ ശ്രീകോവിലിനുള്ളിൽ ഇരുന്ന് അവളുടെ രുദ്രനായി ഞാനും അവളെ കാണുന്നുണ്ടായിരുന്നു.. ഉറക്കെ ഉള്ള അവളുടെ പല ആത്മഗതങ്ങളും കേൾക്കാറുണ്ടായിരുന്നു…

പക്ഷേ….

ഞാൻ കാട്ടിയ തമാശയുടെ ഗതി മാറിപ്പോയെന്നും പിഴുതു മാറ്റാൻ ആവാത്ത വണ്ണം, മഹാദേവന്റെ രുദ്രരൂപം എന്നേക്കാൾ കൂടുതൽ അവളിൽ കയറിക്കൂടിയിട്ടുണ്ടെന്ന് മനസിലാക്കാൻ വൈകി….

ഞാൻ ആണ് നിന്റെ രുദ്രൻ… നീ ആരാധിച്ച ശിലയെക്കാൾ ഈ ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടെന്ന് പറയുമ്പോൾ എന്നെ അംഗീകരിക്കുമെന്ന് വെറുതെ നിനച്ചു…

അറിയില്ലിനി ഏത് മരുന്നുകൊണ്ട്, നിന്റെ മനസ്സിൽ നിന്ന് ഭഗവാനേ മാറ്റി ഈ രുദ്രനെ അവിടെ പ്രതിഷ്ഠിക്കണമെന്ന്…..

ഭഗവാനേ… സാക്ഷാൽ രുദ്ര ദേവാ….

നിന്നെ പ്രണയിച്ചതിന് ശിക്ഷിക്കുന്നതാണോ നീ അവളെ… അതോ നിന്നോടുള്ള ഭക്തിയെ മറയാക്കി അവളെ കളിപ്പിച്ചതിനു നീ എന്നെ ശപിക്കുകയാണോ?…..

ഞാൻ ഇനി സത്യം പറഞ്ഞാൽ അതവളെ മാനസികമായി ബാധിക്കുമോ എന്ന് ഞാൻ ഭയന്ന് പോയി….. ഒന്നും വേണ്ടായിരുന്നു…

ആദ്യമേ തന്നെ തുറന്നു പറഞ്ഞാൽ മതിയായിരുന്നു…. തിരിച്ചു പ്രണയിച്ചില്ലെങ്കിൽ കിട്ടിയില്ലെന്നോർത്തു വിഷമിച്ചാൽ മതിയായിരുന്നു… ഇതിപ്പോൾ…………….?!!!!!!!!!!!…..ഇനി എങ്ങനെ അവളെ പറഞ്ഞു മനസിലാക്കുമെന്നുള്ളത് ഒരു ചോദ്യചിഹ്നമായി എന്റെ മുന്നിൽ നിന്നു…

അപ്പോഴും അവളെന്നോടൊപ്പമുള്ള നിമിഷങ്ങളെ ആസ്വദിക്കുകയായിരുന്നു…

വിശ്വാസത്തോടെ എന്റെ കയ്യിൽ തൂങ്ങി നടക്കുമ്പോഴും അവൾ അറിഞ്ഞില്ല, അവളുടെ ഭക്തിയെയും വിശ്വാസത്തെയും ചതിച്ചവനെ ആണ് കൂടേ കൂട്ടിയിരിക്കുന്നതെന്ന്…

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6