Saturday, September 14, 2024
Novel

രുദ്രഭാവം : ഭാഗം 3

നോവൽ
എഴുത്തുകാരി: തമസാ

അടുത്ത ദിവസം ഞാൻ പിന്നെയും പോയി… ആരാണെന്ന് കണ്ടുപിടിക്കാൻ ഒരുതരം വാശി… അതുകൊണ്ട് അന്ന് മനപ്പൂർവം അർച്ചന കഴിപ്പിച്ചില്ല..

അവിടെ നിന്നങ്ങു തൊഴുതു… എന്നത്തേയും പോലെ കണ്ണടച്ചില്ല… ചുറ്റും നോക്കി.. ആണായിട്ട് ആ വയസൻ തിരുമേനി അല്ലാതെ വേറെ ആരുമില്ല ചുറ്റും…

ഇനി ഇങ്ങേരായിരിക്കുമോ… ഏയ്‌.. നേരെ ചൊവ്വേ നിക്കാൻ ഉള്ള കെൽപ്പില്ലാത്ത ഈ തിരുമേനി ഈ വയസാംകാലത്ത് പറ്റിക്കാൻ വരുന്നത്.. പിന്നേ…. ഇതൊന്നുമല്ല…

ഇല്ല…. ഇന്ന് ഇനി എവിടെ മറുപടി തരും… രസീത് ഇല്ലല്ലോ.. നമ്മളോടാ കളി…

തിരിച്ചു സ്കന്ദന്റെ അടുത്തേക്ക് പോവാൻ തുടങ്ങിയപ്പോൾ വല്യ തിരുമേനി പിടിച്ചു നിർത്തി…

ഇന്നധികമാരുമില്ല കുട്ടീ.. ഈ പ്രസാദം കൂടി കൊണ്ട് പൊയ്ക്കോ ..

കയ്യിൽ വാഴയിലയിൽ ഇത്തിരി പൂവുമിലയും പ്രസാദവും… ചന്ദനം തൊട്ടിട്ട് എല്ലായിടത്തും പോയി തൊഴുതു…

വണ്ടിയിലും ഒരു കുറി വരച്ചു… നോക്കിയപ്പോൾ ചന്ദനത്തിനടിയിലും അക്ഷരങ്ങൾ… വാഴയിലയിൽ എഴുതിയേക്കുകയാണ്… മറുവശത്ത് ആണ് എഴുതിയേക്കുന്നത്…

ഭാവയാമീ…
എന്നെ പരീക്ഷിക്കുവാനാണോ നീയിന്ന് അർച്ചന കഴിപ്പിക്കാത്തത്… വേണ്ടിയിരുന്നില്ല ഭാവ….. ഒരു തവണ മാത്രമറിഞ്ഞിട്ടും നിന്റെ കൈപ്പടയോട് ഈ രുദ്രന് പ്രണയമാണ്…. ആരാധികയെ രുദ്രൻ പ്രണയിക്കുന്നു.. ഇനിയുമെന്നെ പരീക്ഷിക്കരുത്.. കാത്തിരിക്കും…

വായിക്കാൻ വേണ്ടി കയ്യിലേക്ക് കുടഞ്ഞിരുന്ന പ്രസാദം അതുപോലെ ഇലയിലേക്ക് മറിച്ചു.. എടുത്ത് വെച്ചു…

പിന്നെ അന്നത്തെ ദിവസം മുഴുവൻ ചിന്തയായിരുന്നു….

ചതിക്കരുത് ഭഗവാനേ നീയെന്നെ… കടം കേറി മുടിഞ്ഞു നിൽക്കുന്നൊരു തറവാട്ടിലെ കുട്ടിയാ ഞാൻ… ഇപ്പോ എനിക്ക് പഠിക്കാൻ വേണ്ടി എടുത്തതും കടം… ജീവിതം അവസാനിപ്പിച്ചാലോ എന്ന് പലവട്ടം ചർച്ച ചെയ്തിടത്തുനിന്നാ ഞാൻ ഇവിടെ വന്നു നില്കുന്നത്… എന്റെ ആരാധനയെ നീ പരീക്ഷിക്കരുത് രുദ്രാ… കരയാൻ വയ്യിനി… നിന്നെ പരീക്ഷിചതിനു ശപിക്കരുതെന്നേ… മാപ്പ്… ഇഷ്ടമാണ് കോപിഷ്ഠനായ ഈ രുദ്രനെ.. അതുകൊണ്ട് മാത്രം ഇഷ്ടപ്പെട്ടു പോയതാ… അറിവില്ലായ്മ ആയി കണ്ടു പൊറുക്കണം…. ഇനി ആവർത്തിക്കില്ല…

ഒരു പേപ്പറിൽ ഇത്രയുമെഴുതി നൂലാൽ കെട്ടി.. നാളെ കൂടി പോവണം…. മാപ്പ് ചോദിക്കണം.. അക്ഷരങ്ങൾ കൊണ്ട്…..

🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁

പിറ്റേന്ന് നല്ല തിരക്കുണ്ടായിരുന്നു… വൈകിയാ പോയത്.. ട്യൂഷൻ ഒഴിവാക്കി…. അമ്പലത്തിൽ പോവുന്നത് മാത്രേ പ്ലാനിൽ ഉണ്ടായിരുന്നുള്ളു…രസീതിനൊപ്പം എന്റെ എഴുത്തും ഞാൻ വെച്ചു….

പ്രസാദത്തിനൊപ്പം മറുപടിയും കിട്ടി…

“ക്ഷമിച്ചിരിക്കുന്നു.. പകരമായി പ്രണയിക്കണം നീയെന്നെ… ഗംഗയെപ്പോൽ എന്റെ തിരുജടയിൽ ലയിച്ചു പ്രണയിക്കണം നീ… ”

ശ്രീകോവിലിനുള്ളിലേക്ക് കുറേ ഉണിഞ്ഞു നോക്കി.. പക്ഷേ വേറെയാരെയും ഞാൻ കണ്ടില്ലവിടെ…. അപ്പോൾ ഇത് ഭഗവാൻ തന്നെ .. ഉറപ്പ്…

അവിടെയെന്റെ ആരാധന പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു… കളിയാക്കിയതാവാം…സത്യമാവാം.. പലരും എന്റെ ചോദ്യത്തിന് മറുപടി ആയി ദേവനെ പ്രണയിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞു… തെറ്റില്ലെന്ന് എന്റെ മനസും പഠിച്ചു തുടങ്ങി….

പിന്നെ എഴുത്തുകളുടെ പെരുമഴയായിരുന്നു…
എന്റെ വീടിനെക്കുറിച്ച്… വീട്ടുകാരെക്കുറിച്ച്.. കൂട്ടുകാരെക്കുറിച്ച്… എന്തിനധികം… അമ്പലക്കുളത്തിലെ മീനുകൾ പോലും രസീതിന്റെ പുറകിൽ സ്ഥാനം പിടിച്ചിരുന്നു… വീണ്ടും വീണ്ടും എഴുതാൻ ഞാനുമെന്റെ ദേവനും മത്സരിച്ചു….

എന്നിട്ടും എന്റെ മനസ്സിൽ സംശയങ്ങളുണ്ടായിരുന്നു… ഈ പ്രണയത്തിനൊരവസാനം ഉണ്ടാകുമോ എന്ന്… അപ്പോഴും എന്നോട് രുദ്രൻ പറഞ്ഞു.. അല്ല… എഴുതി..ശാരീരികമല്ല പ്രണയമെന്ന്…..

ദിവ്യയിൽ നിന്ന് എല്ലാം ഒളിച്ചു വെച്ചു…. ആരെയും അറിയിക്കുവാൻ എന്റെ ദേവൻ സമ്മതിച്ചിരുന്നില്ല…. നമ്മളിൽ ഒതുങ്ങേണ്ടതാണ് പ്രണയം… പുറത്തറിയുന്നത് നമ്മളാൽ ആവരുത്… നമ്മുടെ പ്രണയത്തിന്റെ ശക്തികൊണ്ടാവണം…

ഇന്ന് 17 ദിവസമായി ഞാൻ സ്ഥിരമായിട്ട് അമ്പലത്തിൽ പോക്ക് തുടങ്ങിയിട്ട്..

ഇന്നത്തെ കുറിപ്പടിയിൽ ഞാനെഴുതിച്ചേർത്തു.,

രുദ്രാ… ഇനി രണ്ടാഴ്ച ഞാനുണ്ടാവുകയില്ല.. എന്റെ കണ്ണുകൾ നിന്റെ പ്രണയാക്ഷരങ്ങൾ തേടിവരില്ല… പ്രകൃതി തീർത്ത വാലായ്മയ്ക്കുള്ളിലിരുന്നു നിന്നെ ഞാൻ പ്രണയിച്ചുകൊണ്ടിരിക്കും…. കണ്ടില്ലെങ്കിലും ഉള്ളിൽ മുഴുവൻ നീയല്ലേ….

മറുപടി ഇങ്ങനെ ആയിരുന്നു…

ഈ നാല് ചുവരുകൾക്കപ്പുറം ഞാനും നീയുമില്ല… നമുക്കിടയിൽ വാലായ്മകളില്ല…കണ്ണടച്ച് നീയെന്നെ ഓർക്കുക… പുഞ്ചിരി വിടരുന്ന നിന്റെ ചുണ്ടുകളിൽ ഞാനുണ്ട്… നീ വിളിക്കുന്ന മൂന്നക്ഷരങ്ങൾക്കിടയിൽ ഞാനുണ്ട്…രുദ്രൻ…

അറിവായതിനു ശേഷം ആദ്യമായി ഞാൻ എന്നിലെ സ്ത്രീത്വത്തെ ശപിച്ചു…. നിന്നെ കാണാതെ ഞാനെങ്ങനെ മിഴിയടയ്ക്കും…. ഇടയ്ക്ക് തിരുനടയിൽ നിന്ന് ഞാൻ നിന്നോട് എന്റെ വിഷമം പൊറുപൊറുക്കുമായിരുന്നു… അതൊക്കെ നീ കേട്ടിരുന്നുവോ… ഇനിയും ദിവസങ്ങൾ… വയ്യ…

ക്ലാസ് കഴിഞ്ഞു ട്യൂഷന് പോകുമ്പോഴും എന്റെ കണ്ണുകൾ അമ്പലത്തിലേക്ക് നീളുമായിരുന്നു.. ആരെങ്കിലും അറിഞ്ഞാൽ പിന്നേ വേലുത്തമ്പി ദളവയുടെ അവസ്ഥ ആവും.. മരിച്ചാലും കെട്ടിത്തൂക്കും.. നാട്ടുകാരറി
ഞ്ഞാൽ… അവരുടെ മൂർത്തിയെ പ്രേമിച്ച വരത്തനാവും ഞാൻ…. അസ്ഥിയിൻ മേൽ ആ രുദ്രൻ ഇരുപ്പുറപ്പിച്ചിരിക്കുന്നു…..

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2