Sunday, October 6, 2024
Novel

രുദ്രഭാവം : ഭാഗം 4

നോവൽ
എഴുത്തുകാരി: തമസാ

രുദ്രനോടുള്ള എന്റെ പ്രണയം… അതിന്റെ ആഴം… എനിക്ക് മനസിലായത് ആ രണ്ടാഴ്ചക്കാലം കൊണ്ട് ആയിരുന്നു…..

കാണാതിരിക്കുമ്പോൾ കാണാൻ വെമ്പുന്നത് കൂടിയാണ് പ്രണയം…. അടുത്തുണ്ടാവില്ലെന്നറിഞ്ഞിട്ടും, കയ്യിലെത്തുന്ന ഓരോ പുസ്തകക്കെട്ടിലും ഭസ്മം കലർന്ന രസീതിന്റെ മണം തേടുന്നു…

മുടിനാരിൽ പോലും നിന്നോടുള്ള പ്രണയത്തെ കുടിയിരുത്തിയ സതിയായൊരു
ജന്മം നീയെനിക്കേകിയിരുന്നെങ്കിൽ………

നിന്നിലെ അഗ്നിയെക്കെടുത്തി
നിന്നിലേക്കു തന്നെയൊരു ഗംഗയായ്
ഒഴുകുവാൻ കഴിഞ്ഞിരുന്നെങ്കിൽ….

നിന്റെ പാതിയായി, ശക്തിയായി, അർദ്ധനാരിയാകുവാൻ എന്നെങ്കിലും
ഒരു വരം തന്നിരുന്നെങ്കിൽ…..

(© തമസാ )

എന്റെ ആദ്യ പ്രണയം… ദിവ്യയോട് പറയാതിരിക്കുന്നതിൽ വിഷമം തോന്നി…. അവൾ എങ്ങനെ പ്രതികരിക്കും എന്നതാണെന്റെ പ്രശ്നം…. പക്ഷേ പറയാതെ വയ്യ….

അങ്ങനെ അവസാനം ഉറപ്പിച്ചു, പറഞ്ഞെ പറ്റു..

ക്ലാസ് കഴിഞ്ഞു ഞങ്ങൾ അഞ്ചിന് തന്നെ വീട്ടിലെത്തി…. കുളിയൊക്കെ കഴിഞ്ഞ് ടെറസിൽ ഇരുന്ന് മാനം കാണുന്ന ഒരു പതിവ് ട്യൂഷൻ ഇല്ലാത്ത ദിവസങ്ങളിൽ ഞങ്ങൾക്കുണ്ട്…

അലക്കു കല്ലിൽ കയറി അവൾ സ്ഥാനം പിടിച്ചു… താഴെ സ്റ്റെപ്പിൽ ഞാനും… കൈകൾകൊണ്ട് രണ്ടു കാൽമുട്ടും കൂട്ടിപ്പിടിച്ച് ഞാൻ ഭിത്തിയിലേക്ക് ചാരി…

ദിവ്യാ… പ്രണയം തെറ്റാണോ?

ഒരിക്കലും അല്ല മുത്തേ…. എന്തേ…. കാതൽ വന്താച്ചാ?

കാതൽ…. ഞാൻ ചോദിക്കുന്നതിന് നീ ഉത്തരം തരണം..

ചോദിക്ക്……

ആരെ പ്രണയിക്കണം എന്നൊരു നിയമമുണ്ടോ ദിവ്യാ? ഈ ജാതി… ഈ മതം…. ഈ രൂപം… അങ്ങനെ എന്തെങ്കിലും…

അങ്ങനൊന്നുല പെണ്ണേ… പ്രണയത്തിനു കണ്ണും മൂക്കുമൊന്നുമില്ല…. കിഴവനെപ്പോലും യുവാവാക്കും… ഭിക്ഷക്കാരനെപ്പോലും രാജാവാക്കും… അതാണ്‌ പ്രണയത്തിന്റെ പ്രത്യേകത….

പക്ഷേ നമ്മളാരെയാ പ്രണയിക്കുന്നത് എല്ലാരോടും പറയേണ്ടി വരില്ലേ….. അപ്പോൾ സ്ഥാനവും വിലയും നിലയും ഒക്കെ നോക്കണ്ടേ…..

പ്രണയിക്കുന്നവരുടെ ഉള്ളിലാണ് പാതിയുടെ നിലയും വിലയും… കാണുന്നവരിലല്ല…. തന്റെ പ്രണയിതാവിന്റെ സൗന്ദര്യം, പ്രണയിനിയുടെ കണ്ണുകളിലാണ്…

എന്തോ… അവളുടെ വാക്കുകൾ എനിക്കൊരൂർജ്ജമായിരുന്നു…. പിന്നെയും അവൾ ചോദിച്ചപ്പോൾ രുദ്രൻ എന്നാണ് പേരെന്ന് മാത്രം പറഞ്ഞു….

സമയം ആകുമ്പോൾ പറഞ്ഞാൽ മതി എന്ന് അവളും പറഞ്ഞു…. അന്ന് ഞങ്ങളുടെ പ്രധാന സംസാര വിഷയം പ്രണയം തന്നെ ആയിരുന്നു….

പക്ഷേ അതിലൊന്നും ഈശ്വരനെ പ്രണയിച്ച പെണ്ണിന്റെ കഥ വന്നില്ല…. കുഴപ്പമാകുമോ എന്നോർത്ത് ടെൻഷൻ ആയി….. എത്രയും പെട്ടെന്ന് രുദ്രനെ കണ്ടേ പറ്റുള്ളൂ..

🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁

രണ്ടാഴ്ചയ്ക്കൊടുവിൽ ഞാൻ വീണ്ടും ആ നടയിലെത്തി..പതിനഞ്ചു മിനിറ്റ് നേരത്തെ എത്തി… ആ നടയൊന്നു തുറക്കുന്നതും കാത്ത്….

തൊണ്ടയിൽ നിന്നുമൊരു വെപ്രാളം ഉള്ളിലേക്ക് കയറുന്നുണ്ടായിരുന്നു….. കൈക്കുള്ളിൽ ഇരിക്കുന്ന എഴുത്തിൽ വിയർപ്പ് പടർന്നു……

അവസാനം നടവാതിൽ തുറന്നു……
തുടികൊട്ടുന്ന മനസുമായി ഞാൻ വേഗമങ്ങോട്ട് ചെന്നു……

രൂപൻ ….. ശ്രീകോവിലിന്റെ വാതിൽ നല്ലപോലെ തുറന്നിട്ടോ…. രുദ്രന്റെ ആരാധിക വന്നിട്ടുണ്ട്….

നടവാതിലിൽ എത്തിയപ്പോഴേക്കും വലിയ തിരുമേനി വിളിച്ചു പറഞ്ഞു ഉള്ളിലേക്ക്….

മുഖത്തൊക്കെ ഒരു ജാള്യത തോന്നി… ഞങ്ങളുടെ പ്രണയം ഇവരൊക്കെ അറിഞ്ഞിട്ടുണ്ടാകുമോ…. ഭഗവാനേ… പ്രശ്നമൊന്നും ഉണ്ടാക്കല്ലേ…..

തിരുമേനിയുടെ നേരെ ഒരു ചിരിയും നൽകിക്കൊണ്ട് ഞാൻ ശ്രീകോവിലിനടുത്തെത്തി നിന്ന് കൈകൾകൂപ്പി തൊഴുത്തിട്ട് അർച്ചന രസീതും എഴുത്തും വെച്ചു…. പിന്നേ കണ്ണുകൾ ചേർത്തടച്ചു…..

എന്തേ സഖീ നീ വൈകിയത്…. നിന്റെ ഈ കറുത്ത കണ്ണുകളെ തേടാത്ത ഒരു സായന്തനം പോലും കഴിഞ്ഞ ദിവസങ്ങളിൽ രുദ്രന് മുന്നിൽ ഉണ്ടായിരുന്നില്ല…. ഈ വഴിയിലൂടെ കടന്ന് പോകുന്ന നിന്നെ നോക്കി, നീയറിയാതെ നിന്നിട്ടുണ്ട് ഞാൻ…..

രുദ്രന്റെ മനസുറങ്ങുന്നതിപ്പോൾ നിന്റെ ഉള്ളിലാണ് ഭാവ……. രുദ്രന്റെ ഭാവമാണ് നീ… രൗദ്രഭാവം… നിനക്കായി രുദ്രൻ രൗദ്രം സ്വീകരിക്കും…. നിനക്കൊന്ന് വേദനിച്ചാൽ….

പക്ഷേ നിന്നോട് കലഹിക്കാൻ പോയിട്ടൊന്ന് പിണങ്ങാൻ പോലും രുദ്രന് കഴിയില്ല……. ആത്മാവിനുള്ളിൽ വരെ ഭാവമായി ഈ ഭാവയാമി ആണ്….

ഇന്ന് ഞാൻ നിന്നെ തേടി വരും… നിന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങളുണ്ടെന്നെനിക്കറിയാം… രാത്രിയിൽ ഉറങ്ങാൻ നേരം നീ ചന്ദ്രനെ നോക്കി കാണാറുള്ള കുളക്കരയിൽ ഞാനുണ്ടാകും ഇന്ന് …. അവിടെ വെച്ചു ഞാൻ നിനക്കുള്ള മറുപടി തരാം…… നിന്റെ മാത്രം രുദ്രൻ…..

ആ വരികൾ എന്നിലുണ്ടാക്കിയ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല… പക്ഷെ കുളക്കരയിൽ എങ്ങനെ…… അതും രാത്രിയിൽ… ഭയം തോന്നി…. ഇല്ല… അതുവേണ്ട…….. കഴിയില്ലെന്നെക്കൊണ്ട്………..

അന്ന് രാത്രിയും കുളത്തിൽ ചന്ദ്രബിംബം തെളിഞ്ഞു നില്കുന്നത് കാണാമായിരുന്നു…. ജനലിനരികെ ആയിട്ടാണ് ഞാൻ കിടക്കുന്നത്… മിക്ക രാത്രികളിലും ജനലിൽ ചാരി ഇരുന്ന് ഞാൻ ചന്ദ്രനെ നോക്കാറുണ്ട്.. ഇതൊക്കെ എങ്ങനെ അറിയുന്നുവോ എന്തോ…

ഉറക്കം വരുന്നില്ല… ദിവ്യയോട് പറഞ്ഞു, രുദ്രനെക്കുറിച്ചും കിട്ടുന്ന ഓരോ മറുപടികളെക്കുറിച്ചും…. പ്രതീക്ഷിച്ചപോലെ ഒരു പൊട്ടിത്തെറി തന്നെ ഉണ്ടായി…

നീയെന്താ ഭാവ പറയുന്നത്… ശ്രീകോവിലിൽ ഇരിക്കുന്ന ഭഗവാൻ നിന്നെ പ്രണയിക്കുന്നുണ്ടെന്നോ… ആരോ നിന്നെ പറ്റിക്കുന്നതാണ് ഭാവ… നിനക്ക് അത് മനസിലാവാഞ്ഞിട്ടല്ലേ….

കൽ പ്രതിഷ്ഠ നിന്നെ പ്രണയിച്ചെന്ന് നീ ആരോടെങ്കിലും പറഞ്ഞാൽ നിന്നെ അവര് ചങ്ങലയ്ക്ക് പിടിച്ചിടും… പറയുന്നതിന് വല്ല വകതിരിവും വേണ്ടേ….

പറ്റിക്കുവാണെന്ന് പറയല്ലേ ദിവ്യാ…. ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ ഒരുപാട് പ്രണയിച്ചുപോയി… ഇനി… ഇനി നടന്നതൊക്കെ വെറും പൊയ്യാണെന്ന് വിശ്വസിക്കാൻ പറ്റില്ലെനിക്ക്… ചിലപ്പോൾ ഭ്രാന്തായിപ്പോകും എനിക്ക്….

നീ പഠിച്ച കുട്ടിയല്ലേ ഭാവ… അതും ഡോക്ടർ ആണ് നീ കുറച്ചു വർഷം കൂടി കഴിഞ്ഞാൽ.. എന്നിട്ടാണോ ഈ ദേവനും ഗന്ധർവനും ഒക്കെ കാമുകിയെ തേടി വരുമെന്ന് വിശ്വസിക്കുന്നത്… പൊട്ടി ആവല്ലേ നീ….

ആ കുളം കണ്ടോ ദിവ്യാ നീ… അവിടെ എന്നെക്കാത്ത് ഇപ്പോൾ എന്റെ രുദ്രനുണ്ടാകും….എന്നോട് ഇന്ന് പറഞ്ഞതാണല്ലോ വരുമെന്ന്…ഇത്രയും ഒക്കെ എന്നെ അറിയിച്ച രുദ്രൻ പ്രണയം ഇല്ലാത്തവനാകുമോ….

ആരെങ്കിലും പറ്റിക്കുന്നതാവും ഭാവാ…. നിന്റെ ആരാധനയെ അവർ വിദഗ്ധമായി ഉപയോഗിക്കുന്നതാ.. നീ കാണാത്തതാ….

അങ്ങനെ എങ്കിൽ എങ്ങനെ എനിക്ക് മറുപടികൾ കിട്ടും?.. ആ വയസൻ നമ്പൂതിരി ആണോ എനിക്ക് എഴുത്തുകൾ തന്നത്… അമ്മമ്മ പറഞ്ഞിട്ടുണ്ട് കന്യകയായ പെൺകുട്ടികളെ തേടി ഗന്ധർവ്വൻ വരുമെന്ന്… അവരെ പ്രണയിക്കുമെന്ന്….

ഞങ്ങളുടെ നാട്ടിൽ ഇതൊക്കെ സംഭവിച്ചിട്ടുണ്ട്… കുഞ്ഞിലേ ഈ കഥകളൊക്കെ ഞാൻ കേട്ടിട്ടുണ്ട്…. ഇളമഠത്തിലെ അമ്മയ്ക്ക് പണ്ട് ഗന്ധർവ ശല്യം ഉണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടല്ലോ….

പിന്നേ കുറേ നാൾ ആ അമ്മയെ പുറത്തിറക്കില്ലായിരുന്നു… ഗന്ധർവന് വരാമെങ്കിൽ ദേവനും വരാം….

ഈ ദേവനെന്നിൽ കൂടിയാലും എനിക്ക് സങ്കടം ഇല്ല…. ഇപ്പോഴും ഉള്ളു മുഴുവൻ ഭഗവാൻ ആണ്… ഇനി ഒരു മടക്കം ഇല്ല ദിവ്യാ…..

ദേഷ്യപ്പെട്ട് അവൾ ഇറങ്ങിപ്പോയി….. ഒരുമിച്ചു ക്ലാസ്സിൽ പോയിട്ടും വന്നിട്ടും അവളെന്നോട് ഒന്നും മിണ്ടിയില്ല….

ഒരു വശത്തു പിണങ്ങി ഇരിക്കുന്ന ദിവ്യാ… മറു വശത്തു ചെല്ലാതിരുന്നത് കൊണ്ട് എന്താകുമെന്നറിയാതെ രുദ്രൻ…..

പഠിത്തം പതിയെ പതിയെ പിന്നോട്ടായി… ഉദ്ദേശിച്ച ഭാഗം ഇത് വരെ പഠിച്ചു തീർക്കാൻ പോലും പറ്റിയിട്ടില്ല….

വൈകിട്ട് ട്യൂഷൻ ഉണ്ടായിരുന്നു… ക്ഷേത്രത്തിലും കയറി… ഇന്ന് അർച്ചനയും എഴുത്തും ഒന്നും വെച്ചില്ല.. അത്രയ്ക്ക് സങ്കടം ആണ് ഉള്ളു നിറയെ….

വിഗ്രഹത്തിൽ നോക്കി നിന്നപ്പോൾ കണ്ണ് നിറഞ്ഞു… കവിളിലൂടെ കണ്ണ് നീര് ഒഴുകി….

എന്നെ പരീക്ഷിക്കല്ലേ രുദ്രാ…. സഹിക്കാൻ വയ്യെനിക്ക്…. കളിപ്പിക്കുന്നതാണോ എന്നെ… നീ അല്ല എന്ന് ദിവ്യ പറയുന്നു.. പക്ഷേ..

ഇനി നീയല്ല, ഞാൻ പറ്റിക്കപ്പെടുവായിരുന്നു എന്ന് അറിയുന്ന നിമിഷം ഭാവ ജീവനൊടുക്കും… ആത്മാവ് പോലും പണയം വെച്ചുകഴിഞ്ഞു നിന്റെ മുന്നിൽ..

എന്നിട്ടും നീയെന്നെ പറ്റിച്ചാൽ….. ഭാവയാമി പിന്നേ ഉണ്ടാവില്ല ഈ മണ്ണിൽ……..

കരച്ചിലുകൾ പതിയെ ഏങ്ങലുകൾ ആയി…. കയ്യിൽ കരുതിയിരുന്ന തൂവാല കവിളിലൂടെയും കഴുത്തിലൂടെയും ഓടിച്ചു….

കണ്ണുകൾ മുറുക്കെ അടച്ചു…. മൂക്കും വായും തൂവാല കൊണ്ട് പൊത്തി.. അല്ലെങ്കിൽ ഞാൻ കരയുന്നത് ആരെങ്കിലും കണ്ടാലോ…..

കൈ നീട്ടൂ ഭാവ…. കർപ്പൂരം ചേർത്ത ഭസ്മം വേണ്ടേ നിനക്ക്….

ഞാനറിയാതെ തന്നെ വലത് കൈ നീണ്ടു…. അതിലേക്ക് ഭസ്മവും ചന്ദനവും വീണു… പൂവും പ്രസാദവും… പൂക്കൾ മുടിയിൽ തിരുകി… ഭസ്മം നെറ്റിയിൽ തൊട്ടു…. അപ്പോഴാണ് ആ ചുരുണ്ട കടലാസ് ഉള്ളം കയ്യിൽ കണ്ടത്……

ഭാവ….കരയരുത് നീ എന്റെ മുന്നിൽ…. എന്റെ ഹൃദയവും നോവും… നിന്റെ ഏങ്ങലുകൾ ശ്രീകോവിലിനുള്ളിൽ ഇരിക്കുന്ന എന്റെ നെഞ്ചിനെ പോലും തുളയ്ക്കുന്നുണ്ട്… ഇന്നലെപ്പോലെ ഞാനിന്നും വരും ആ പടവിൽ… ഇന്നും എന്നെ നിരാശനാക്കില്ലെന്ന് കരുതുന്നു….
നിന്റെ മാത്രം രുദ്രൻ….

വായിച്ചു കഴിഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓർമവന്നത്.. എനിക്ക് കർപ്പൂരം ചേർത്ത ഭസ്മം ഇഷ്ടമാണെന്നറിയാവുന്ന ആളല്ലേ ഇപ്പോൾ കൈ നീട്ടാൻ പറഞ്ഞിട്ടു പോയത്…

അത്… അതെന്റെ രുദ്രനാവില്ലേ.. എന്റെ കണ്ണ്നീര് കണ്ട് ഇറങ്ങി വന്നതാകുമോ….

തിരിഞ്ഞു ചുറ്റും നോക്കി… ഇല്ല… ആരുമില്ല…. ഞാൻ വൈകിപ്പോയിരുന്നു…….സങ്കടം പിന്നെയും പിന്നെയും തികട്ടി വന്നു….

ഇന്ന് രുദ്രനെ കാത്ത് ഞാനുണ്ടാകും കുളപ്പടവിൽ…. മനസ്സിൽ ഞാൻ തീരുമാനിച്ചു….

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3