രുദ്രഭാവം : ഭാഗം 13
നോവൽ
എഴുത്തുകാരി: തമസാ
നഗരത്തിന്റെ തിരക്കുകളിലൂടെ സ്വരൂപിന്റെ ബൈക്ക് പതിയെ നീങ്ങി… ഷർട്ട് ഇട്ട് പുറകിലിരിക്കുന്ന ഭാവയാമിയെ ചുറ്റുമുള്ള വണ്ടിക്കാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. നനഞ്ഞ വസ്ത്രത്തിനുള്ളിൽ ഭാവയാമി വിറയ്ക്കുന്നുണ്ടായിരുന്നു…
ഭാവേച്ചീ…. ഏട്ടൻ ചതിക്കാൻ വേണ്ടി ചെയ്തതല്ല… ചേച്ചി വിട്ട് പോകുമോ എന്നോർത്തു ചെയ്ത് പോയതാ….
മടിച്ചു മടിച്ചു നിന്നിട്ടൊടുവിൽ സ്വരൂപ് പറഞ്ഞു….
സ്വരൂപ്… എനിക്ക് ഒരു ഗ്ലാസ് ചായ വേണം… മേല് വിറയ്ക്കുന്നു…..
അടുത്ത് കണ്ട തട്ടുകടയിൽ നിന്ന് ഓരോ ഗ്ലാസ് ചായ മേടിച്ചു കുടിക്കുന്നതിനിടയിൽ, വന്നു പോകുന്ന പലരും അവളെ വിചിത്ര ജീവിയെപ്പോലെ നോക്കുന്നുണ്ടായിരുന്നു…..
ഭാവേച്ചീ… ഏട്ടൻ…..
എനിക്ക് ഒന്നും അറിയണമെന്നില്ല സ്വരൂപ്…. അവസരങ്ങൾ നിരവധിയായിരുന്നില്ലേ അയാൾക്ക് മുന്നിൽ…
പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിലേതെങ്കിലും നിമിഷം ഉപയോഗിക്കാമായിരുന്നു… പക്ഷേ, അയാളിത് കരുതിക്കൂട്ടി ചെയ്തതാ…..
ഇതൊക്കെ വെറും തോന്നലാണ് ചേച്ചീ…. എന്റെ ഏട്ടന്റെ ഉള്ളിൽ ചേച്ചി മാത്രേ ഉള്ളു…… ഏട്ടന്റെ മുറിയിലൊന്ന് കേറി നോക്കണം…….
ചേച്ചിയെ വരച്ചു വെച്ചേക്കുവാ പലയിടങ്ങളിലും…. അതൊക്കെ എന്നെ മാത്രേ കാട്ടി തന്നിട്ടുള്ളുവെന്ന് മാത്രം…
ഏട്ടൻ നന്നായി പാടും….ചേച്ചിക്ക് ആയി പലരാത്രികളിലും എനിക്കൊപ്പമിരുന്ന് പാടുമായിരുന്നു… ചേച്ചിയെ ഇഷ്ടപ്പെട്ട നാൾ തുടങ്ങി ഈ ഒരു നിമിഷം പേടിച്ചാ ഏട്ടൻ ജീവിച്ചത്…..
എല്ലാം ഒരിക്കൽ തുറന്നു പറയാമെന്നു കരുതി… പക്ഷേ അമ്പലത്തിൽ ഇത്രയും വലിയൊരു പ്രശ്നമാവും ഇതെന്നറിഞ്ഞില്ല…
മറുപടിയൊന്നും കൊടുക്കാതെ ഭാവ, ബാക്കി ചായ റോഡിന്റെ സൈഡിലേക്ക് ഒഴിച്ചു… പറഞ്ഞാലൊന്നും കേട്ട് മനസിലാക്കാൻ പറ്റുന്നൊരവസ്ഥയിലല്ല ഭാവയെന്ന് അവനു മനസിലായി….
രണ്ടു ഗ്ലാസും തിരികെ വെച്ച് കാശ് കൊടുത്തു വന്നു..
പോവാം….
മ്മ്മ്…..
തിരികെ ഹോസ്റ്റലിൽ എത്തുമ്പോൾ അങ്ങോട്ട് പോയപ്പോൾ ഉള്ള അവസ്ഥയല്ലല്ലോ തനിക്കെന്നവളോർത്തു….
കാണാൻ കൊതിച്ചു വന്നിട്ടിപ്പോൾ, എല്ലാവരുടെയും മുന്നിൽ അപമാനിതയായി ചതിക്കപ്പെട്ടു എന്നറിവോടെ ഒരു തിരികെ വരവ്….
പ്രതീക്ഷിച്ചില്ലായിരുന്നു…. നിന്നെ ആരാധിച്ച എന്നെ നീ പോലും തള്ളിക്കളഞ്ഞോ ഭഗവാനേ………… ആ കണ്ണുകൾ സജലമായി……..
ബൈക്കിൽ നിന്നിറങ്ങി ഭാവ ഹോസ്റ്റലിന്റെ മുറ്റത്തേക്ക് കയറി തിരിഞ്ഞു നോക്കുമ്പോൾ സ്വരൂപ് അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
സ്വരൂപ് പൊയ്ക്കോളൂ……
വേണ്ട..ചേച്ചി കയറിയിട്ട് ഞാൻ പൊയ്ക്കോളാം…
ഭാവ കോളിംഗ് ബെല്ലിൽ കയ്യമർത്തി…. പുറത്തേക്ക് ക്ഷീണിച്ചോരു സ്ത്രീ ഇറങ്ങി വന്നു… ആന്റി….
ഭാവ എവിടെയായിരുന്നു ഇതുവരെ?
അമ്പലത്തിൽ പോയിരുന്നു ആന്റീ….
എന്നിട്ടെന്താ ഇങ്ങനെയൊരു വേഷം… മുനിസിപ്പാലിറ്റി ക്ലീൻ ചെയ്യാൻ ഇറങ്ങുന്നവരെപ്പോലെ….
ഉത്തരമില്ലാതെ അവൾ തല താഴ്ത്തി….
ഭാവയാമി ഒന്നും പറഞ്ഞില്ല… അമ്പലത്തിൽ നടന്നതൊക്കെ ഞാനറിഞ്ഞു…
എന്റെ ആങ്ങള അവിടെ കമ്മിറ്റി അംഗമാ… അജയൻ… നീ ഇവിടെയ താമസമെന്ന് ക്രിസ്മസിനെടുത്ത ഫോട്ടോ ഞാൻ വാട്സപ്പിലിട്ടപ്പോഴാ അവൻ അറിഞ്ഞത്..
നിന്നെ ഒന്ന് ശ്രദ്ധിക്കണം എന്ന് അന്നേ അവനോട് പറഞ്ഞതാ ഞാൻ… ഇനി ഈ ഹോസ്റ്റലിൽ നീ നിക്കാൻ ഞാൻ സമ്മതിക്കില്ല… എത്രയും പെട്ടെന്ന് ഇവിടെ നിന്നിറങ്ങണം…
ആന്റീ… പെട്ടെന്ന് മാറാൻ പറഞ്ഞാൽ എങ്ങനെ മാറാനാ ഞാൻ… എങ്ങോട്ട് മാറും…
അതൊന്നും എനിക്കറിയണ്ട… കോഷൻ ഡെപ്പോസിറ്റ് ആയിട്ട് തന്ന നാലായിരം ഞാൻ ഇപ്പോൾ തന്നെ തന്നേക്കാം… എങ്ങോട്ടാണെന്ന് വെച്ചാൽ പൊയ്ക്കോ…
ഈ അടുത്തുള്ള എല്ലാ ഹോസ്റ്റലിലും ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരാൾ വന്നാൽ അഡ്മിറ്റ് ചെയ്യരുതെന്ന്.. അന്യ നാട്ടിൽ പഠിക്കാൻ വന്നാൽ പിള്ളേര് പഠിച്ചിട്ട് പോവണം..
അല്ലാതെ കണ്ടിടം നിരങ്ങി നടക്കരുത്… രണ്ടു മണിക്കൂർ സമയം തരാം… പെട്ടെന്നായിക്കോട്ടെ…
സ്വരൂപ് അപ്പോഴേക്കും അവരുടെ അടുത്തേക്ക് വന്നു.. വാർഡനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും അവൻ പരാജയപ്പെട്ടു…
ആന്റീ… ഞാൻ പറയുന്നതൊന്നു കേൾക്കൂ… ഭാവയാമി ഇവിടെ നിന്നിറങ്ങിയാൽ രാത്രി ആവും വീട്ടിൽ ചെല്ലുമ്പോൾ…
ഇന്നാട്ടിൽ ഒരു പെൺകുട്ടി രാത്രി പോകുന്നത് സേഫ് അല്ലെന്ന് അറിയില്ലേ.. അത് ഓർത്തെങ്കിലും ഇന്നൊരു ദിവസത്തേക്ക് ഒന്ന് താമസിപ്പിക്കാമോ?
സ്വരൂപ് അവരോട് കെഞ്ചി ചോദിച്ചു…
പറ്റില്ല… നിനക്ക് അത്ര വിഷമം ആണെങ്കിൽ നിന്റെ ചേട്ടൻ പറഞ്ഞു പറ്റിച്ചവളല്ലേ… നിന്റെ വീട്ടിലേക്ക് കൊണ്ടുപോയ്‌ക്കോ…
ഇവിടെ കുടുംബത്തിൽ പിറന്ന കുട്ടികളൊക്കെ ഉള്ളതാ.. എനിക്ക് പറ്റില്ല ഇവളെ ഇനിയുമിവിടെ താമസിപ്പിക്കാൻ…
അവരുടെ സ്വരം കനം പ്രാപിച്ചു…
സ്വരൂപ് പൊയ്ക്കോ… ഞാൻ ഇറങ്ങിക്കോളാം…
വേണ്ട… എല്ലാം എടുത്തുകൊണ്ടു പോരെ… ഞാൻ കൊണ്ടുവിടാം…
ഭാവയാമി തന്റെ മുറിയിലേക്ക് നടക്കുന്നതിനിടയിൽ, തന്റെ നേരെ നീളുന്ന ഓരോ കണ്ണിലും പുച്ഛഭാവം കണ്ടു…
ദിവ്യ… അവളില്ല മുറിയിൽ… നന്നായി… അവളെക്കൂടി നേരിടേണ്ടി വന്നില്ലല്ലോ…
ദീർഘമായൊന്ന് നിശ്വസിച്ചിട്ട് അവളോരോന്നും അടക്കിപ്പെറുക്കി.. രണ്ട് വലിയ ബാഗുകളിൽ എല്ലാം വാരിക്കെട്ടി, വസ്ത്രം മാറി അവൾ താഴേക്ക് ചെന്നു…
സ്വരൂപ് വന്ന് അവളുടെ കയ്യിൽ നിന്ന് ബാഗുകൾ വാങ്ങി ബൈക്കിനടുത്തേക്ക് നീങ്ങി…
കണക്കുകൾ തീർത്ത മൂവായിരത്തി എഴുന്നൂറ് രൂപ അവർ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു….
ഇനിയീ നാട്ടിൽ നിൽക്കാമെന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട.. എന്റെ ആങ്ങളയെ തല്ലിച്ചതച്ച നിന്റെ മറ്റവനില്ലേ..
അവനോട് പറ നിനക്ക് പറ്റിയ കിടപ്പാടം ഒപ്പിച്ചു തരാൻ… പിന്നെ നീ ഇപ്പൊ കൂടെ ഇറങ്ങിപ്പോവുന്നവന്റെ നമ്പർ തന്നിട്ട് പൊയ്ക്കോ.. അല്ലെങ്കിൽ നാളെ ഞാൻ കുടുങ്ങിയാലോ…
അർഥം വെച്ചുള്ള അവരുടെ സംസാരം കേട്ടിട്ടും ഒന്നും പ്രതികരിക്കാതെ സ്വരൂപിനെ വിളിച്ചു നമ്പർ കൊടുപ്പിച്ചു…
അവളുടെ കയ്യും പിടിച്ചു സ്വരൂപ് അവിടെ നിന്നിറങ്ങി…
എങ്ങോട്ട് പോവും ഭാവേച്ചീ ഇനി?
ബസ് സ്റ്റാൻഡിലേക്ക്… ബസിനാണെങ്കിൽ വീടിന്റെ മുറ്റത്ത് പോയി ഇറങ്ങാലോ……
പോവണോ നാട്ടിലേക്ക്?
പിന്നെ ഞാനെന്ത് വേണം…അവര് പറഞ്ഞതൊക്കെ കേട്ടതല്ലേ.
..ഇനി ഞാൻ ചാവണോ… മിക്കവാറും അത് വേണ്ടി വരും… അതിനു മുന്നേ വീട്ടിൽ ഒന്ന് പോയിനോക്കട്ടെ… അവരെ മറന്നതിനും കൂടി ഉള്ള ശിക്ഷയല്ലേ ഇത്….
സ്വരൂപ് പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല… ഭാവയുടെ ഫോൺ നമ്പർ നിർബന്ധിച്ചു മേടിച്ചിട്ട് എറണാകുളം ബസിൽ കേറ്റി വിട്ടു…. എത്തിയിട്ട് വിളിക്കണമെന്ന് പറഞ്ഞു…..
ബസിന്റെ സൈഡ് സീറ്റിൽ ജനലിൽ തല ചായ്ച്ചിരിക്കുന്ന അവളെ കണ്ട് വേദനയോടെ സ്വരൂപ് നിന്നു….
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
സ്വരൂപ് തിരിച്ചു വീട്ടിലേക്ക് ചെല്ലുമ്പോൾ, ഉള്ളിലേക്ക് കേറുന്നതിനു മുന്നേ തന്നെ കേട്ടു രൂപന്റെ മുറിയിൽ നിന്നും ബഹളം…
ഭാവയാമി പാടുമെന്റെ ജീവനാടികളിൽ…
നാദഗോപുരങ്ങൾ തീർത്ത
വേദ പൗർണ്ണമിയിൽ…
പ്രാണ പഞ്ചമങ്ങൾ പ്രണവ സാന്ദ്രമാകും..
ആദിബോധ സാധകം ആത്മരാഗ സമർപ്പണം…
ഈ സംഗീതം സാഫല്യം..
സരിഗപധ സഗമപനിസ നിരിഗമ ധനിരി…
ഭാവയാമി പാടുമെന്റെ ജീവനാടികളിൽ…
നാദഗോപുരങ്ങൾ തീർത്ത
വേദ പൗർണ്ണമിയിൽ…
ആ…ആ…ആ…ആ….
ഇടയ്ക്കിടയ്ക്ക് രാഗവും താളവുമൊക്കെ പിഴയ്ക്കുന്നുണ്ട്…ഏങ്ങലുകൾ കേൾക്കുന്നുണ്ട്… പുറത്ത് ചെരുപ്പ് കാണാത്തത് കൊണ്ടു തന്നെ അച്ഛൻ വന്നിട്ടില്ലെന്ന് മനസിലായി…
രൂപന്റെ മുറിയിലെത്തിയപ്പോൾ അടുത്ത് അമ്മയെ പിടിച്ചിരുത്തി പാടുകയാണ് രൂപൻ…
ആദ്യമായിട്ടാണ് ഏട്ടൻ മദ്യപിക്കുന്നതെന്ന് സ്വരൂപ് ഓർത്തു….
സർവത്ര തകർച്ചയാണല്ലോ എന്ന് സ്വരൂപ് ഓർത്തു… ഏട്ടൻ എന്താ ഇങ്ങനെ…. ഒന്ന് മയങ്ങാൻ ഉള്ളത് നീ കഴിച്ചതിൽ മാത്രേ ഉള്ളു ഏട്ടാ…. ഉമിതീയിൽ നീറുന്നുണ്ട് വേറൊരാൾ…. ചുറ്റും നിൽക്കുന്നവർ പോലും കണ്ണുനീർ വാർക്കുകയാണ്…
അപ്പോൾ എല്ലാം അനുഭവിക്കുന്ന ആ രണ്ടു മനസുകളോ…. തന്റെ മനസ് ആരുടെ കൂടെ നിൽക്കണം എന്ന് പോലും പിടി തരാതെ അലയുകയാണ്…
ഭാവയാമി പോയത് ഈ അവസ്ഥയിൽ ഏട്ടനോട് പറയണോ വേണ്ടയോ എന്ന് സ്വരൂപ് ചിന്തിച്ചുകൊണ്ടിരുന്നു…..
ഒരേ സമയം ദേഷ്യവും അനുകമ്പയും തോന്നി ചങ്കു തകർന്നു പാടുന്ന ആ മനുഷ്യനോട്…
നിന്റെ പ്രണയത്തിൽ നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ തുറന്നു പറയണമായിരുന്നു ഏട്ടാ….. എന്നെങ്കിലും നിന്നെ സ്നേഹിച്ചു പോയിരുന്നേനെ ആ കുട്ടി….
കാരണം… കാരണം അത്ര പരിശുദ്ധമാണ് എന്റെ ഏട്ടന്റെ മനസ്….
പക്ഷേ ഏട്ടന്റെ പെണ്ണ് അതിലും പരിശുദ്ധയായിപ്പോയി.
(തുടരും )