Wednesday, January 22, 2025
Novel

പ്രണയവീചികൾ : ഭാഗം 35

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


രാവേറെ ആയിരുന്നു. തണുത്ത കാറ്റേറ്റ് ബാൽക്കണിയിൽ നിന്ന ഋതു വിറകൊണ്ടു.
അനുസരയില്ലാതെ പാറുന്ന നീളൻ മുടിയിഴകളും
വിറകൊള്ളുന്ന അധരങ്ങളും അവൻ കൗതുകത്തോടെ നോക്കി.

തന്റെ പ്രാണനിൽ ചൂട് പകരാനെന്നവണ്ണം സാരംഗ് ഋതുവിലേക്ക് ചേർന്നുനിന്നു.
അവളുടെ ഉടൽ വിറകൊള്ളുന്നത് അവൻ തൊട്ടറിഞ്ഞു.

വർഷങ്ങൾക്ക് ശേഷം അവന്റെ സ്പർശനവും സാമീപ്യവും തന്റെ ഉടലിൽ  കുളിർ പരത്തുന്നത് അവളും  അറിയുകയായിരുന്നു.

പളുങ്ക് പാത്രം പോലെ തെളിഞ്ഞിരുന്നു ഋതുവിന്റെ മനസ്സ്. മനസ്സിലെ ആകുലതകളും വേദനകളും ചുമടിറക്കിയപ്പോൾ നിർവചിക്കാൻ കഴിയാത്തത്ര ആശ്വാസം അവൾക്കനുഭവപ്പെട്ടു.

എല്ലാമറിയുമ്പോൾ സാരംഗിന്റെ
അമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം മാത്രമേ ഇനി ഏക തടസ്സമായി മുൻപിലുള്ളൂ.

തന്റെ പ്രാണൻ തന്നോടൊപ്പമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും പുഞ്ചിരിയോടെ തരണം ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ട്.

ഇനി ഒന്നിന്റെ പേരിലും സാരംഗിന്റെ മനസ്സ് ഇടറുന്നതോ കണ്ണ് നിറയുന്നതോ കാണാൻ തനിക്കാകില്ല. താൻ കാരണം അതിനിട വരുത്തുകയുമില്ല.
അവളവനോട് ചേർന്നുനിന്നു.

സാരംഗും സന്തോഷത്തിലായിരുന്നു.

അമ്മയുടെ പ്രതികരണം എന്തായാലും ഋതുവിനെ തന്നിൽനിന്നും അടർത്തി മാറ്റാൻ ആരാലും കഴിയില്ലെന്ന് അവനും ഉറപ്പിച്ചു.

ഒരു സ്ത്രീയായിരുന്നിട്ടുപോലും അവളുടെ മനസ്സും അവസ്ഥയും മനസ്സിലാക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ലല്ലോ എന്നായിരുന്നു അവന് വിഷമം.

ഇനിയും താമസം വേണ്ട ഉടനെ തന്നെ അതിനൊരു തീരുമാനം കണ്ടേ തീരൂ… അവൻ  അവളോട് ചേർന്ന് നിന്ന് നിലാവ് കണ്ടു.

ഋതുവിന്റെ കൂടെ ഹോസ്പിറ്റലിൽ സ്റ്റിച്ച് എടുക്കാൻ പോയത് സാരംഗ് ആണ്.
അമ്പുവും നീരവും വരാമെന്ന് പറഞ്ഞെങ്കിലും സാരംഗ് സ്നേഹപൂർവ്വം നിരസിച്ചു.

നാലാഴ്‌ച ആകുമ്പോൾ പ്ലാസ്റ്റർ മാറ്റാമെന്ന് ഡോക്ടർ പറഞ്ഞു.

തിരിച്ചു വരുന്നവഴി ഷോപ്പിംഗിനായി കയറി. ഋതു വേണ്ടെന്ന് പറഞ്ഞിട്ടും ഡാർക്ക്‌ കളർ കോമ്പിനേഷൻ വരുന്ന നാലഞ്ച് ബീഡ്‌സ് വർക്കും എംബ്രോയിഡറി വർക്കും ഉള്ള ചുരിദാർ സാരംഗ് അവൾക്കായി തിരഞ്ഞെടുത്തു.

അതിന് മാച്ചിങ് ആയുള്ള ഫാൻസി ഐറ്റംസും അവൻ തന്നെയാണ് തിരഞ്ഞെടുത്തത്. സാരംഗിനായി ഷർട്ടുകൾ എടുത്തപ്പോൾ അമ്പുവിനും നീരവിനും എടുക്കുവാനും അവൾ മറന്നില്ല.

കൈ ഇപ്പോഴും പ്ലാസ്റ്ററിലായതിനാൽ അധികസമയം പുറത്ത് ചിലവഴിക്കാതെ അവർ ഫ്ലാറ്റിലേക്ക് മടങ്ങി.
ഋതു വളരെ സന്തോഷവതിയായിരുന്നു.

ഒരിക്കലും നടക്കില്ലെന്നു കരുതിയ നിമിഷങ്ങളിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നതെന്ന് അവളോർത്തു.

ആഴ്ചകൾ കടന്നുപോയി.

പ്ലാസ്റ്റർ എടുത്തതിനുശേഷം നാട്ടിലേക്ക് തിരിക്കാമെന്ന് സാരംഗ് നിർദ്ദേശിച്ചു.
ഋതുവിന്റെ കാർ ശരിയാക്കി കിട്ടിയിരുന്നു.

ഇതിനിടയിൽ സാരംഗും ഋതുവും കൂടുതൽ കൂടുതൽ പ്രണയിക്കുകയായിരുന്നു.

അമ്പുവിനും നീരവിനും ഋതുവിന്റെയും സാരംഗിന്റെയും പ്രണയം അദ്ഭുതമായിരുന്നു.

പരസ്പരം അത്രയേറെ ആഴത്തിലായിരുന്നു അവരുടെ സ്നേഹം. മിഴികളിൽ നോക്കി മനസ്സ് വായിക്കുവാൻ കഴിയണമെങ്കിൽ അത്രമേൽ അഗാധമായി പ്രണയം അവരിൽ വേരൂന്നിയിരിക്കണമല്ലോ.

ഇന്നാണ് അവർ നാട്ടിലേക്ക് തിരിക്കുന്നത്. രാത്രിയാണ് യാത്ര. പിറ്റേന്ന് രാവിലെ അമ്പലത്തിൽ എത്തുവാൻ ഇരു വീട്ടുകാരെയും അവർ വിളിച്ചറിയിച്ചിരുന്നു.

ഋതുവിന്റെ മുഖത്തെ പരിഭ്രമം അമ്മയുടെ പ്രതികരണം എന്താണെന്ന് ഓർത്താണെന്ന് അവന് വ്യക്തമായിരുന്നു.

ഡ്രൈവ് ചെയ്യുന്നതിനിടയിലും അവൻ സാന്ത്വനമെന്നവണ്ണം അവളുടെ കൈകളിൽ കൈയമർത്തി.
കണ്ണുകളിലൂടെ ആശ്വാസം പകർന്നു.

അതിന്റെ ഫലമെന്നോണം മനസ്സ് തെളിഞ്ഞൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

പിറ്റേന്ന് രാവിലെ അവർ നാട്ടിലെത്തി.

ചെറിയൊരു ലോഡ്ജിൽ മുറിയെടുത്തവർ ഫ്രഷ് ആയി.
മുണ്ടും മയിൽ‌പ്പീലി നിറത്തിലെ സിൽക്കിന്റെ കുർത്തയുമായിരുന്നു അവൻ ധരിച്ചിരുന്നത്.

ഇതുപോലെ അവനെ കണ്ടത് തങ്ങളുടെ വിവാഹനാളിലാണെന്നവൾ ഓർത്തു.

ആ ഓർമ്മയുടെ മാധുര്യമെന്നവണ്ണം അവളുടെ കവിളുകൾ അരുണാഭമായി.

സാരംഗ് വാങ്ങി നൽകിയ ബെയ്ജിൽ മയിൽ‌പ്പീലി നീല വരുന്ന കാഞ്ചീപുരത്തിന്റെ വലിയ ആർഭാടമില്ലാത്ത സാരിയാണവൾ ഞൊറിഞ്ഞുടുത്തത്.

ഇരുകൈകളിലും വളകളണിഞ്ഞ് വർഷങ്ങൾക്കുശേഷം സാരംഗിന്റെ നിർബന്ധപ്രകാരം വെള്ളാരംകണ്ണുകൾ അവൾ കണ്മഷി കൊണ്ട് കറുപ്പിച്ചു.

സാരിക്ക് ചേരുന്ന നിറത്തിലെ പൊട്ട് അവൻ തന്നെ അവളുടെ നെറ്റിയിൽ പതിപ്പിച്ചു.
പഴയ ഋതുവിനെ വീണ്ടുമവൾ കണ്ടു.

സന്തോഷത്തിന്റെ നീർമുത്തുകൾ കൺപീലികളിൽ തങ്ങി നിന്നു.
അവളുടെ നോട്ടം സീമന്തരേഖയിലാണ് പതിഞ്ഞത്.

അത് മനസ്സിലാകാത്തതുപോലെ സാരംഗ് ബാഗെടുത്ത് പുറത്തിറങ്ങി. പിന്നാലെ അവളുമിറങ്ങി.

അവർ എത്തുമ്പോഴേക്കും ഋതുവിന്റെ അച്ഛനും അമ്മയും ഏട്ടനുo അമ്പലത്തിന് പുറത്തെ അരയാലിൻ ചുവട്ടിൽ നിൽപ്പുണ്ടായിരുന്നു.

കാറിൽ നിന്നും ഒന്നിച്ചിറങ്ങി വരുന്ന സാരംഗിനെയും ഋതുവിനെയും കണ്ട് നിറകണ്ണുകളോടെ ശ്രീദേവിയും നന്ദനും നിന്നു.

ഒരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ മകളുടെ സന്തോഷം അവളുടെ മുഖത്ത് അലതല്ലുന്നത് കണ്ട് അവരുടെ മനസ്സ് നിറഞ്ഞു.

ഋതു ആദ്യം വന്നണഞ്ഞത് ഋഷിയുടെ ചാരത്തായിരുന്നു.
നിറകണ്ണുകളോടെ തന്നെ ഋഷി അവളുടെ നെറുകയിൽ അധരമമർത്തി.

സാരംഗിനെ നന്ദിപൂർവ്വം നോക്കിയതും സാരംഗ് ചെറുപരിഭവം നടിച്ചുകൊണ്ട് ഋഷിയുടെ തോളിൽ തട്ടിയവനെ പുണർന്നു.

തിരികെ കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല ഒരിക്കലും.

എന്നാലിപ്പോൾ എന്റെ അനിയത്തിക്കുട്ടിയെ പഴയതുപോലെ സന്തോഷവതിയാക്കി നൽകിയിരിക്കുകയാണ്.

എത്ര നന്ദി പറ…. ബാക്കി പറയാൻ സമ്മതിക്കാതെ സാരംഗ് ഋഷിയുടെ വായ കൈകൾ വച്ച് തടഞ്ഞു.

എന്റെ കടമയെ ഞാൻ നിർഹിച്ചുള്ളൂ.

അഞ്ച് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ദിനത്തിലാണ് ഈ കൈകൾ കൊണ്ടവളെ എന്നിലേൽപ്പിച്ചത്.

ഒരിക്കലും ആ കണ്ണ് നിറയിപ്പിക്കില്ലെന്ന് ഞാൻ വാക്ക് നല്കിയിരുന്നതുമാണ്. എന്നാൽ അത് പാലിക്കാൻ എനിക്കായില്ല.

പക്ഷേ ഇന്ന് ഈ അമ്പലനടയിൽ വച്ച് സാരംഗ് വാക്ക് നൽകുകയാണ് സന്തോഷം കൊണ്ടല്ലാതെ എന്റെ പെണ്ണിന്റെ കണ്ണുകൾ ഇനി നിറയില്ല. എന്റെ മരണം വരെയും അവൾ സന്തോഷവതിയായിരിക്കും.

ആ വാക്കുകളിലെ ഉറപ്പും ആത്മാർഥതയും മാത്രം  മതിയായിരുന്നു പെണ്മക്കളുള്ള ഏതൊരു അച്ഛന്റെയും അമ്മയുടെയും സഹോദരിയുള്ള സഹോദരന്റെയും മനം നിറയാൻ.

അപ്പോഴേക്കും ഒരു ബൈക്ക് വന്നുനിന്നു. അതിൽ നിന്നും ഒരു യുവാവും സ്ത്രീയും ഇറങ്ങി.
സാരംഗിന്റെ അമ്മയെയും അനിയനെയും അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു.
ഒരു ആശ്രയത്തിനെന്നവണ്ണം അവളുടെ കൈകൾ സാരംഗിന്റെ കൈകളിലമർന്നു.
അവളുടെ ടെൻഷൻ മനസ്സിലാക്കിയവൻ ആ കൈകൾ മുറുകെ പിടിച്ചു.

മകനെ കണ്ട സന്തോഷത്തിൽ ഓടിവന്ന സാരംഗിന്റെ അമ്മ അപ്പോഴാണ് അരികിൽ നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്.
ആ മുഖത്തെ ചൈതന്യത്തിൽ ഒരു നിമിഷം നോട്ടം തടഞ്ഞു.
ഋതുവാണ് ആ പെൺകുട്ടിയെന്ന് തിരിച്ചറിഞ്ഞനിമിഷം അവരുടെ മുഖത്തുണ്ടായ പതർച്ച സാരംഗ് വ്യക്തമായി കണ്ടു.

ഇരുവരുടെയും മുൻപിൽ അവർ നിന്നു.

കുറച്ചു മാസങ്ങൾക്ക് മുൻപ് താൻ കണ്ട പ്രസരിപ്പില്ലാത്ത മെലിഞ്ഞൊട്ടിയ വിഷാദം നിറഞ്ഞ കണ്ണുകളുള്ള പെൺകുട്ടിയല്ല തനിക്ക് മുൻപിൽ നിൽക്കുന്നത്.

തിളങ്ങുന്ന വെള്ളാരംകണ്ണുകളും ചുവന്ന കവിൾത്തടങ്ങളും
പുഷ്ടിയുള്ള ശരീരവുമുള്ള പ്രസരിപ്പാർന്ന പെൺകുട്ടി.

അവളുടെ മുഖത്ത് സന്തോഷമേയുള്ളൂ.
അടുത്തവരുടെ കണ്ണുകൾ മകനിലാണ് പതിഞ്ഞത്.

പ്രണയിച്ച പെൺകുട്ടി കൊലപാതകിയായി ജയിലിൽ പോയ നാൾ മുതൽ ഒരു ഭ്രാന്തനെപ്പോലെ നടന്നവനാണ്…

വളർന്നുകിടക്കുന്ന താടിയും എണ്ണമയമില്ലാതെ പാറിപ്പറന്ന മുടിയുമായി അലസനായി നടന്നവൻ..

ഇന്നവൻ പഴയതുപോലെ തിളങ്ങുന്ന മുഖഭാവത്തോടെ സ്വതസിദ്ധമായ പുഞ്ചിരിയോടെ നിൽക്കുന്നത്.

അവരുടെ കണ്ണുകൾ പരസ്പരം കോർത്തുപിടിച്ചിരുന്ന അവരുടെ കൈകളിൽ തട്ടിനിന്നു.

ആ അമ്മയുടെ കണ്ണുകളിൽ നനവ് പൊടിഞ്ഞു.

അത് മനസ്സിലായെന്നവണ്ണം അവൻ അവരുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി.

രണ്ടു മനസ്സുകൾ പരസ്പരം പിരിയാനാകാത്തവണ്ണം ഒന്നുചേർന്ന് കഴിഞ്ഞാൽ പിന്നെ എന്തൊക്കെ സംഭവിച്ചാലും അതിനെ അടർത്തി മാറ്റാൻ കഴിയില്ലമ്മേ.

അമ്മ മറ്റൊരു പെൺകുട്ടിയെ കണ്ടുപിടിച്ചാൽ എന്റെ ഋതുവിനെ മറന്ന് ഞാൻ മറ്റൊരുവളുടെ കഴുത്തിൽ താലി ചാർത്തുമെന്ന് അമ്മ കരുതിയോ.

എന്റെ അമ്മ എന്നും എന്നെ മനസ്സിലാക്കി കൂടെ നിന്നിട്ടല്ലേയുള്ളൂ ആ അമ്മ എന്ന് മുതലാണ് മാറി ചിന്തിച്ചു തുടങ്ങിയത്.

സമൂഹമെന്ത് പറയുന്നത് കേട്ട് ജീവിച്ചാൽ നമ്മുടെ സന്തോഷത്തിന് ജീവിക്കാൻ ഒരിക്കലും കഴിയില്ല.

അവൾ അനുഭവിച്ച യാതനകൾ അമ്മയ്ക്കറിയാവുന്നതല്ലേ. എല്ലാം അറിഞ്ഞുകൊണ്ട് അവളെന്റെ പ്രാണനാണെന്ന് അറിഞ്ഞുകൊണ്ട് അവളോട് എന്റെ ജീവിതത്തിൽ നിന്ന് പോകാൻ പറയാൻ അമ്മയ്ക്ക് എങ്ങനെ കഴിഞ്ഞു. അമ്മയും ഒരു സ്ത്രീയല്ലേ.

ഒരു പെണ്ണ് അനുഭവിക്കുന്ന വേദന മറ്റൊരു സ്ത്രീയ്ക്ക് മനസ്സിലാക്കാൻ കഴിയുമെന്നല്ലേ പറയുന്നത്.

അമ്മ അങ്ങനെയൊക്കെ പറയുമ്പോൾ ഇവളുടെ ഹൃദയം പിടയുന്നത് അമ്മ കണ്ടില്ല.

നമ്മൾ സന്തോഷമായിരിക്കണമെങ്കിൽ നമ്മൾ സ്നേഹിക്കുന്നവർ കൂടെ വേണം. എന്റെ ഭാര്യയില്ലാതെ എനിക്ക് സന്തോഷമായിരിക്കാൻ ഒരിക്കലും കഴിയില്ലമ്മേ.

അവരുടെ മുഖത്ത് ഞെട്ടൽ വ്യക്തമായി. അവന്റെ വാക്കുകളിൽ അവർ നടുങ്ങി.

ആ കണ്ണുകൾ അവളുടെ നെഞ്ചോട് ചേർന്നുകിടന്ന ആലിലത്താലിയിൽ പതിഞ്ഞു. മിഴികൾ നിറഞ്ഞ് ആ കണ്ണുനീർത്തുള്ളികൾ കവിളുകളെ ചുംബിച്ചു.

അവൻ തുടർന്നു. സാരംഗിന്റെ ജീവിതത്തിൽ സ്നേഹം എന്തെന്ന് പറഞ്ഞുതന്ന ആദ്യത്തെ സ്ത്രീയാണ് എന്റെ അമ്മ.

എന്നാൽ ഇവളെന്റെ പാതിയാണ്.. എന്റെ താലിയേറ്റ് വാങ്ങിയവൾ.. മരണം കവരുന്ന നാൾ വരെയും ഒരുമിച്ച് ദാമ്പത്യം നയിക്കേണ്ടവൾ… നമ്മുടെ വംശത്തിന് ജീവൻ നൽകേണ്ടവൾ..

എന്റെ സന്തോഷമാണ് അമ്മയ്ക്ക് വേണ്ടതെങ്കിൽ എന്റെ ഭാര്യ എന്റെ കൂടെയുണ്ടാകണം. അതല്ലെങ്കിൽ ഞാനൊരു മുഴുഭ്രാന്തനായിപ്പോകും..

മകന്റെ വാക്കുകൾ അവരുടെ ഹൃദയത്തിൽ പ്രകമ്പനം  കൊണ്ടിരുന്നു.

കുറ്റബോധം കൊണ്ടാ ശിരസ്സ് താഴ്ന്നു.
ശരിയാണ് താനുമൊരു സ്ത്രീയാണ്. എന്നിട്ടും ആ പെൺകുട്ടിയോട് അന്ന് പറഞ്ഞ വാക്കുകൾ കടന്നുപോയി.

അറിഞ്ഞില്ല മോളേ എന്റെ മകന്റെ താലിയണിഞ്ഞു കൊണ്ടാണ് നീ ജീവിച്ചതെന്ന്. ഇരുപത്തിയൊന്ന് വർഷക്കാലം ഭർത്താവിനോടൊപ്പം ജീവിച്ചവളാണ് ഞാൻ.

അദ്ദേഹത്തിന്റെ മരണത്തിനുശേഷം താലി അഴിച്ചു മാറ്റുമ്പോൾ എന്റെ ഹൃദയം നിലച്ചു പോകണമെന്ന് ആത്മാത്ഥമായി കേണവൾ.

അറിഞ്ഞുകൊണ്ടല്ലെങ്കിലും എന്റെ മകന്റെ താലി ഉപേക്ഷിക്കാനാണല്ലോ ഈശ്വരാ ഞാൻ പറഞ്ഞത്..

ഒരു സ്ത്രീയായിരുന്നിട്ടുകൂടി  എനിക്ക് നിന്റെ കണ്ണുനീർ കാണാൻ ശ്രമിക്കാത്തതിൽ ലജ്ജ തോന്നുന്നു.

മഹാപാപിയാണ് ഞാൻ. എന്റെ മകന്റെ സന്തോഷം നീയാണെന്നറിഞ്ഞിട്ടും നിങ്ങളെ ചേർത്തു വയ്ക്കാൻ ശ്രമിക്കാതെ നാട്ടുകാരുടെ വാക്കുകൾക്ക് കാതോർത്ത് അവരെന്ത് പറയുമെന്ന് ഭയന്ന് അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാനാണ് ഞാൻ ആവശ്യപ്പെട്ടത്.

തെറ്റായിപ്പോയി..
ഈ അമ്മയോട് ക്ഷമിക്കണേ നീ.

എന്റെ മക്കളുടെ സന്തോഷം അതാണ് അമ്മയ്ക്ക് വലുത്. എന്റെ മരുമകളായല്ല മകളായി തന്നെ കൊണ്ടു പോകുകയാണ് ഞാൻ നമ്മുടെ വീട്ടിലേക്ക് അവളുടെ കരം ഗ്രഹിച്ചവർ പറഞ്ഞു.

ഋതുവിന്റെ മിഴികൾ നിറഞ്ഞത് ആനന്ദത്തിലായിരുന്നു.

സാരംഗിന്റെ അനിയൻ ഏട്ടത്തിയെ പരിചയപ്പെട്ടു. അവളുടെ സൗമ്യമായ പെരുമാറ്റം അവനെ സന്തോഷിപ്പിച്ചു.

മരണം കൊണ്ടല്ലാതെ തന്നെയിനി അവനിൽ നിന്നും പിരിക്കരുതേ..എന്നാണ് ദേവീ വിഗ്രഹത്തിന് മുൻപിൽ നിന്ന് കൈകൂപ്പി തൊഴുമ്പോൾ ഋതു മനമുരുകി പ്രാർഥിച്ചത്.

മക്കളുടെ കുടുംബജീവിതം  എന്നും ഐശ്വര്യവും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കാൻ ആ അമ്മമാരും അച്ഛനും പ്രാർത്ഥിച്ചു.

ദേവീപ്രസാദമായി ലഭിച്ച കുങ്കുമം സാരംഗ് ഋതുവിന്റെ സീമന്തരേഖയിൽ ചാർത്തിയ നിമിഷം അനുഗ്രഹം വാർഷിക്കാനെന്നവണ്ണം മണികൾ മുഴങ്ങി.

തന്റെ മനസ്സ് മനസ്സിലാക്കിയ അവനെ പ്രണയപൂർവ്വം നോക്കിക്കൊണ്ടവൾ അവനോടൊപ്പം  ഇഷ്ടവരദായിനിയായ ദേവിയെ കൈകൂപ്പി തൊഴുതു.

തൊഴുതിറങ്ങിയശേഷം അമ്മമാരും അച്ഛനും ഋഷിയേട്ടനും സാരംഗിന്റെ അനിയൻ സൂര്യയും സന്തോഷത്തോടെ സംസാരിക്കുകയാണ്. ആ കാഴ്ച ഇരുവരിലും സന്തോഷം നിറച്ചു.

സാരംഗ് ഋതുവിന്റെ കൈകൾ പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു.

അവന്റെ മിഴികളിൽ നിറഞ്ഞുനിന്നത് കുറുമ്പും കുസൃതിയുമാണെന്നവൾ തിരിച്ചറിഞ്ഞു.
ആദ്യമായാണ് അവനിൽ അങ്ങനൊരു ഭാവം കാണുന്നത്.

കാലിൽ നിന്നുമൊരു
മിന്നൽപ്പിണർ ശരീരമാകെ പാഞ്ഞു കയറുന്നതവൾ അറിഞ്ഞു.

അതേയ്.. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയത്.

അന്ന് മുതൽ ഈ നിമിഷം വരെയും നിന്നെയൊന്ന് ചുംബിക്കുകയോ റൊമാൻസ് കാണിക്കുകയോ ചെയ്തിട്ടില്ല.

പക്ഷേ ഇന്നുമുതൽ എന്റെ പ്രണയം അതിന്റെ എല്ലാ ഭാവങ്ങളോടെയും നിന്നിലേക്കൊഴുകാൻ തുടങ്ങുകയാണ്. അത് ആവാഹിച്ചെടുക്കാൻ എന്റെ മോൾ തയ്യാറായിക്കോ…

അവളെ ഇടുപ്പിലൂടെ കൈയിട്ട് വലിച്ചടുപ്പിച്ചുകൊണ്ട് വെള്ളാരംകണ്ണുകളിൽ മിഴികൾ ഊന്നിയവൻ പറഞ്ഞു.

മീശയും പിരിച്ച് തന്നെ നോക്കി കണ്ണിറുക്കി ചിരിച്ച് പോകുന്ന സാരംഗിനെ നോക്കി പൂക്കുലപോലവൾ വിറയ്ക്കാൻ തുടങ്ങി..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27

പ്രണയവീചികൾ : ഭാഗം 28

പ്രണയവീചികൾ : ഭാഗം 29

പ്രണയവീചികൾ : ഭാഗം 30

പ്രണയവീചികൾ : ഭാഗം 31

പ്രണയവീചികൾ : ഭാഗം 32

പ്രണയവീചികൾ : ഭാഗം 33

പ്രണയവീചികൾ : ഭാഗം 34