Friday, April 12, 2024
Novel

നിന്നെയും കാത്ത്: ഭാഗം 2

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

മഹിയേ പെട്ടന്ന് അവിടെ കണ്ടതും അവൾ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുനേറ്റു.. അവൻ ഫ്രിഡ്ജ് തുറന്നിട്ട കുറച്ചു തണുത്ത വെള്ളം എടുത്തു കൊണ്ട് അവരെ ആരെയും നോക്കാതെ മുറിയിലേക്ക് കയറി പോയി… കാലത്തെ തന്നെ തുടങ്ങുവാണോ ഈശ്വരാ…ഇങ്ങനെ പോയാൽ ഇനി എന്താവും അവസ്ഥ… ഗൗരി ചിന്തിച്ചു. സരസ്വതി ടീച്ചർ ആണെങ്കിൽ മകൻ പോയ വഴിയേ കണ്ണും നട്ടു ഇരിക്കുക ആണ്..

എല്ലാ ദിവസവും അവൻ രാത്രിയിൽ ആണ് കുടി കഴിഞ്ഞു വരുന്നത്… ഇതു ഇന്ന് നേരം വെളുക്കുമ്പോൾ തന്നെ … പെട്ടന്ന് അവർ എഴുന്നേറ്റു… “മോളെ.. ഈ കാപ്പി അവനു കൊണ്ട് പോയി കൊടുത്തിട്ട് വാ…” അവർ ഒരു കപ്പ് കാപ്പി എടുത്തു ഗൗരിക്ക് കൊടുത്തു. അതു ആണെങ്കിൽ ഗൗരി യുടെ കയ്യിൽ ഇരുന്നു വിറയ്ക്കാൻ തുടങ്ങി. “മോള് ചെല്ല്…” ടീച്ചറമ്മ ഒന്നൂടെ ഓർമ്മിപ്പിച്ചപ്പോൾ ഗൗരി അവന്റെ മുറിയിലേക്ക് ചെന്നു.

മഹി അപ്പോൾ ബെഡിൽ ഇരിക്കുക ആണ്.. ലാപ്പിൽ എന്തൊക്കെയോ ചെക്ക് ചെയ്യുക ആണെന്ന് അവൾക്ക് മനസിലായി. കാപ്പിയും ആയി തന്റെ അടുത്തേക്ക് വരുന്നവളെ കണ്ടതും അവന്റ നെറ്റി ചുളിഞ്ഞു. “മ്മ്…. എന്താണിത് ” “അത്.. കാപ്പി… അമ്മ പറഞ്ഞു കൊടുക്കാൻ ” “എനിക്ക് എല്ലാ ദിവസവും കാപ്പി തരുന്നത് നിയണോ…” അവൾ നിഷേധഅർഥത്തിൽ ശിരസ് ചലിപ്പിച്ചു. “പിന്നെ..”

“അമ്മ പറഞ്ഞപ്പോൾ ” “ഓഹ്.. അമ്മ പറഞ്ഞാൽ നീ എന്തും ചെയ്യും അല്ലെ…. അതുകൊണ്ട് ആണല്ലോ ഇങ്ങനെ ഒരു വേഷം കെട്ടിന് പോലും ഇറങ്ങി തിരിച്ചത്…” അവളെ നോക്കി പുച്ഛ ഭാവത്തിൽ അവൻ അതു പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ നിന്നും കാപ്പി മേടിച്ചു…. എന്നിട്ട് അതു വാഷ് ബേസിനിൽ കൊണ്ട് പോയി ഒഴിച്ച് കളഞ്ഞു. “ഇനി മേലിൽ നീ എനിക്ക് കാപ്പിയും ആയിട്ട് ഇവിടേക്ക് കയറി വന്നു പോകരുത്…

എനിക്ക് ആരാണോ ഇത്രയും ദിവസം തന്നത് അവരോടു കൊണ്ട് വരാൻ പോയി പറഞ്ഞോണം ” ഒന്നും മിണ്ടാതെ തിരിഞ്ഞു പോകുന്നവളെ അവൻ പിന്നിൽ നിന്നും വിളിച്ചു. “നീ അവിടെ ഒന്നു നിന്നേ ” അവൻ ഗൗരി യുടെ അടുത്തേക്ക് വന്നു… “നിനക്ക് കാലത്തെ ഈ കുളിയും ജപവും ഒന്നും ഇല്ലെടി… ” അവൻ ചോദിച്ചപ്പോൾ അവൾ അവന്റ മുഖത്തേക്ക് നോക്കി. “എന്റെ മുറിയിൽ ആണ് നീ താമസിക്കുന്നത് എങ്കിൽ എനിക്ക് ഇത്തിരി വൃത്തിയും വെടിപ്പും ഒക്കെ ഉള്ളത് ആണ്..

രാവിലെ എഴുന്നേറ്റു കുളിച്ചിട്ട് മതി ബാക്കി കാര്യങ്ങൾ ഒക്കെ… ” ഗൗരി തലയാട്ടി. “നിനക്ക് സംസാരിക്കാൻ ഉള്ള കഴിവ് ഇല്ലേ “? “ഉണ്ട്…” “ആഹ്.. എന്തെങ്കിലും ചോദിച്ചാൽ വായ തുറന്നു പറഞ്ഞോണം . അല്ലാതെ നിന്റ ആട്ടവും പാട്ടും ഒന്നും ഇവിടെ എനിക്ക് കാണണ്ട… കേട്ടോ ” “മ്മ്….” അവൾ കപ്പ് കൊണ്ട് വന്നു മേശയിൽ വെച്ചിട്ട് കബോർഡ് തുറന്നു ഒരു ജോഡി ഡ്രസ്സ്‌ എടുത്തു.. എന്നിട്ട് അപ്പോൾ തന്നെ കുളിക്കാനായി വാഷ് റൂമിലേക്ക് പോയി. അവൻ എന്തൊക്കെയോ ഫയൽസ് ഒക്കെ തിരഞ്ഞു നോക്കി കൊണ്ട് ഇരുന്നു.

കുറച്ചു കഴിഞ്ഞതും കുളി കഴിഞ്ഞു ഗൗരി ഇറങ്ങി വന്നു.. മഹി അവളെ നോക്കുക കൂടി ചെയ്തില്ല… പതിയെ അവൾ കണ്ണാടിയ്ക് മുന്നിൽ പോയി നിന്നു.. ഇന്നലെ മഹി ചാർത്തിയ സിന്ദൂരം കുറച്ചു മായാതെ അപ്പോളും ചുവപ്പ് രാശിയിൽ അവളുടെ നെറുകയിൽ ഉണ്ടായിരുന്നു… കുറച്ചു എടുത്തു ഒന്നു നെറുകയിൽ ഇട്ടിട്ട് അവൾ കണ്ണാടിയിലേക്ക് മെല്ലെ നോക്കി. അവൻ അണിയിച്ച താലിമാല തന്റെ മാറിൽ പറ്റി ചേർന്നു കിടക്കുന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വന്നു തഴുകുന്നതായി അവൾ അറിഞ്ഞു.

അത് കൈലേക്ക് എടുത്തു ആ താലി ചുണ്ടോട് ചേർക്കാൻ തുടങ്ങിയതും മേശയിൽ ഇരുന്ന കപ്പ് താഴേക്ക് പതിച്ചു. ഞെട്ടി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് ദേഷ്യത്തിൽ നിൽക്കുന്ന മഹിയെ ആണ്. തന്റെ മുടിയിൽ നിന്നും കുറച്ചു വെള്ളം വീണു അവന്റെ ഫയലിൽ ഒരെണ്ണം ഇത്തിരി നനഞ്ഞിട്ടുണ്ട്.. പേടിയോടെ മുഖം ഉയർത്തിയ ഗൗരി കണ്ടത് തന്റെ അടുത്തേക്ക് വരുന്ന മഹേശ്വറിനെ ആണ്. അവൾ തൊണ്ടയിൽ കുനിഞ്ഞു കൂടിയ ഉമിനീര് പോലും ഇറക്കാൻ അല്പം ഭയപ്പെട്ടു.

“നിന്റെ സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞോടി… കുറച്ചു സമയം ആയല്ലോ കണ്ണാടിക്ക് മുന്നിൽ നിൽക്കാൻ തുടങ്ങിയിട്ട്….” അവന്റ ശബ്ദം ഉയർന്നു.. പെട്ടന്ന് അവൾ മുറിയിൽ നിന്നും ഇറങ്ങി ഓടി… ഓടിയ വഴിയിൽ പൊട്ടിയ കപ്പിൽ നിന്നും ഒരു ചെറിയ ചില്ലിന്റെ ചീള് കൊണ്ട് അവളുടെ ഉപ്പൂറ്റി അല്പം മുറിയുകയും ചെയ്തു. എന്നാൽ അതു പോലും വക വെയ്ക്കാതെ ഗൗരി മുറി യിൽ നിന്നും ഇറങ്ങി പോയിരുന്നു.. “ലീലെടത്തി….” . മഹിയുടെ ശബ്ദം കേട്ടതും അടുക്കളയിൽ നിന്നും ഒരു സ്ത്രീ അവന്റ അടുത്തേക്ക് വന്നു.

“എനിക്ക് ഒരു കപ്പ് കാപ്പി വേണം…”… “ഇപ്പൊ തരാം മോനേ ” അവർ അടുക്കളയിലേക്ക് പോയി. “ഈശ്വരാ… ഈ കുട്ടീടെ കാലു മുറിഞ്ഞല്ലോ… ലീലെ.. ആ ഡെറ്റോൾ ഇങ്ങു എടുത്തേ… എന്നിട്ട് മഹിയെ ഒന്ന് വിളിക്കുമോ ” . സരസ്വതി ടീച്ചർ മുറവിളി കൂട്ടി. അവനു കാപ്പി യുമായി തിടുക്കത്തിൽ അവർ റൂമിലേക്ക് ചെന്നു. “ലീലെടത്തി… സൂക്ഷിച്ചു…” അവൻ പൊട്ടിയ കപ്പിന്റെ ചീളുകൾ എല്ലാം പെറുക്കി വേസ്റ്റ് ബിന്നിൽ ഇട്ടുകൊണ്ട് ഇരിക്കുക ആണ്. “കുഞ്ഞേ…. ഗൗരി മോളുടെ കാലു മുറിഞ്ഞു… ഹോസ്പിറ്റലിൽ പോകാൻ ഒന്ന് വരാൻ ടീച്ചർ പറഞ്ഞു..” “തത്കാലം ഞാൻ വരുന്നില്ല….

കിച്ചു ഉണ്ടല്ലോ താഴെ.. അവളോട് പറഞ്ഞാൽ മതി…” അവർ കൊടുത്ത കാപ്പി മേടിച്ചു കൊണ്ട് അവൻ ബാൽക്കണി യിലേക്ക് നടന്നു.. ലീല പിന്നീട് ഒന്നും പറയാതെ താഴേക്ക് ഇറങ്ങി പോയി. അപ്പോളേക്കും താഴെ എല്ലാവരും ഗൗരി ക്ക് വട്ടം ചുറ്റി നിൽപ്പുണ്ട്. “അവൻ എന്ത് പറഞ്ഞു ലീലെ.. ഇപ്പോൾ വരുമോ ” “കിച്ചുനെ കൂട്ടി കൊണ്ട് പോകാൻ പറഞ്ഞു ” .. ലീല വിഷമത്തോടെ എല്ലാവരെയും നോക്കി. “എങ്കിൽ ഞാൻ ഇപ്പൊ വരാം അമ്മേ.. ഒരു മിനിറ്റ്…” മഹിയുടെ ഇളയ പെങ്ങൾ ആണ് കൃഷ്ണപ്രിയ …

കിച്ചു എന്നാണ് എല്ലാവരും വിളിക്കുന്നെ… അവൾ വേഗം തന്നെ വണ്ടി എടുത്തു കൊണ്ട് ഗൗരി യുമായി ഹോസ്പിറ്റലിലേക്ക് പോയി… “സ്റ്റിച്ചു ഇടാനും മാത്രം ഒന്നും കാണില്ല അമ്മേ… വെറുതെ ടെൻഷൻ ആവേണ്ട…” മഹിയുട ചേട്ടൻ സിദ്ധാർഥ് അമ്മയെ സമാധാനിപ്പിച്ചു. അപ്പോൾ ആണ് അവന്റ ഭാര്യ ഹിമ ഉണർന്നു വന്നത്.. അവളുടെ ഒക്കത്തായി ഒരു പെൺ കുഞ്ഞും ഉണ്ട്… “ശിവകുട്ടി …… വായോ വായോ…” ലീല ചേച്ചി വന്നു കുഞ്ഞിനെ മേടിച്ചു കൊണ്ട് അതിലെ ഒക്കെ നടന്നു. സരസ്വതി ടീച്ചർ നു നാല് മക്കൾ ആണ്.. ഏറ്റവും മൂത്ത ആൾ പ്രണവ്.. അവന്റ ഭാര്യ കീർത്തന..

രണ്ട് പേരും ടെകനോ പാർക്കിൽ വർക്ക്‌ ചെയ്യുന്നു. അവർക്ക് രണ്ട് കുട്ടികൾ ആണ്.. പവിയയും (ചോട്ടി )പവിത്രയും..(.ക്യാത്തി ) രണ്ടാമത്തെ മകൻ ആണ് സിദ്ധാർഥ്.. ഭാര്യ ഹിമ . രണ്ട് പേരും ബാംഗ്ലൂർ ആണ്.. അവരും ഐ ടി ഫീൽഡ് തന്നെ.. മൂന്നാമത്തെ ആൾ ആണ് മഹേശ്വർ.. അച്ഛൻ ഉണ്ടാക്കിയ ബിസിനസ്‌ ഒക്കെ നടത്തി കൊണ്ട് പോകുന്നത് അവൻ ആണ്.. ഇളയവൾ കൃഷ്ണ പ്രിയ… ആയുർവേദ ഡോക്ടർ ആണ്. നാല് മക്കളിൽ മഹിയെ കൊണ്ട് മാത്രം ആണ് സരസ്വതി ടീച്ചർ ക്ക് ദുഃഖം ഉള്ളത്.

കാരണം പഠിക്കാനായി വിദേശത്തു ഒക്കെ പോയി വന്ന ശേഷം അവന്റ സ്വഭാവത്തിൽ ആകെ മാറ്റം … മദ്യപാനം ആണ് എല്ലായിപ്പോഴും… എല്ലാവരും അവനെ ഉപദേശിച്ചു എങ്കിലും അവൻ അത് ഒന്നും ചെവി ക്കൊള്ളില്ല…. അങ്ങനെ മക്കളും അമ്മയും കൂടി എടുത്ത തീരുമാനം ആയിരുന്നു അവനു ഒരു വിവാഹം.. ഒരു പുതിയ കുട്ടി ജീവിതത്തിലേക്ക് കടന്ന് വന്നു കഴിയുമ്പോൾ അവൻ ആകെ മാറും എന്നാണ് എല്ലാവരുടെയും കണക്കു കൂട്ടൽ. *** ഗൗരി യും കിച്ചുവും കൂടി എത്തിയപ്പോൾ 9മണി കഴിഞ്ഞിരുന്നു.

എല്ലാവരും ഹാളിൽ ഉണ്ട്… മഹി ഒഴികെ.. “കുഴപ്പമില്ല കേട്ടോ … ഡ്രസ്സ്‌ ചെയ്തു വിട്ടു.. ടി ടി എടുത്തിട്ടുണ്ട് കേട്ടോ..” കിച്ചു എല്ലാവരോടുമായി പറഞ്ഞു. ഗൗരി എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കിച്ചുവിന്റെ പിന്നാലെ മുറിയിലേക്ക് വന്നു. കീർത്തനയുo ഹിമയും ഒക്കെ അവളുടെ അടുത്തേക്ക് വന്നു. ‘വേദന ഉണ്ടോ ഗൗരി… “ഹിമ ചോദിച്ചു “കുഴപ്പമില്ല ചേച്ചി…” “മാറിക്കോളും ഗൗരി…എന്തെങ്കിലും കഴിച്ചിട്ട് കുറച്ചു സമയം പോയി കിടന്നോളു കേട്ടോ…” കീർത്ഥനയും അവളെ സമാധാനിപ്പിച്ചു. “ആഹ്… എല്ലാവരും വാ മക്കളെ.. നമ്മൾക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം…”

സരസ്വതി ടീച്ചർ ആണ്… മഹി അപ്പോൾ സ്റ്റെപ്സ് ഇറങ്ങി വരുന്നുണ്ട്.. അവൻ ഗൗരി യേ ഒന്നു നോക്കുക കൂടി ചെയ്തില്ല.. ഡൈനീങ് ഹാളിലെ കസേരയിൽ പോയി അവൻ ഇരുന്നു കഴിഞ്ഞു. “ചോട്ടി… ക്യാത്തി….” അവൻ വിളിച്ചതും കുട്ടികൾ രണ്ടാളും ചെറിയച്ഛന്റെ അടുത്തേക്ക് ഓടി വന്നു. അവന്റെ ഇരു വാശത്തും ആയി ഇരുന്നു. “ആഹാ… നിങ്ങൾ എഴുനേല്ക്ക്.. ദേ ചെറിയമ്മ ഇരിക്കട്ടെ….” കീർത്തന മക്കളോട് പറഞ്ഞപ്പോൾ അവർ എഴുനേറ്റു. പെട്ടന്ന് അവൻ അവരെ രണ്ടാളെയും പിടിച്ചു തന്റെ ഒപ്പം ഇരുത്തി. “ശീലങ്ങൾ ഒന്നും മാറ്റേണ്ട കാര്യം ഇല്ല…. അത് ആരു വന്നാലും ശരി…. ” തുടരും.

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…