നിഴലായ് മാത്രം : ഭാഗം 30
നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്
ഉണ്ണിമായ പറഞ്ഞ വാക്കുകളുടെ പൊരുൾ… അതവന്റെയുള്ളിൽ ഒരു സ്ഫോടനം തന്നെയുണ്ടാക്കുന്നുണ്ടായിരുന്നു…. കരച്ചിലിനും സങ്കടത്തിനുമപ്പുറം മറ്റെന്തോ അവന്റെ മനസ്സിൽ മിന്നൽ പിന്നർ ഉണ്ടാക്കി… അതിന്റെ പ്രതിഫലമെന്നോണം അവൻ തന്റെ മുടി കോർത്തു വലിക്കുകയും മുഷ്ടി ചുരുട്ടി പല്ലുകൾ കടിച്ചു പിടിച്ചു അവൻ വീട്ടിലേക്കു നടന്നു….!!
വീട്ടിലേക്കുള്ള ഓരോ ചുവടുകളും അവൻ യാന്ത്രികമായി നടന്നു. ഒരുപാടൊരുപാട് ചിന്തകളെ മദിച്ചുകൊണ്ടായിരുന്നു അവന്റെയോരോ ചുവടുകളും.
കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവനതറിഞ്ഞില്ല. ഇടക്കിടക് പിൻകഴുത്തിൽ കൈകൾ കോർത്തുവലിക്കാൻ തുടങ്ങിയിരുന്നു. എങ്കിലും എന്തുകൊണ്ടായിരിക്കും ഉണ്ണി തന്നോടങ്ങനെ പറഞ്ഞതു.
അവളങ്ങനെ പറയാൻ പാടുണ്ടോ… താൻ എന്തു തെറ്റാണ് ചെയ്തതെന്ന് അറിയുന്നില്ല. അവൾ വിളിച്ചപ്പോൾ താൻ അറിയാതെ പോയത് കൊണ്ടാണോ അവൾക്കു… അതുകൊണ്ടായിരിക്കും …. അവനങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
എങ്ങനെയൊക്കെയോ നടന്നു പൂങ്കുന്നത്തെ ഉമ്മറപടിയിൽ എത്തുമ്പോഴേക്കും സങ്കടവും ചിന്തകളും കൊണ്ടു അവനാകെ തളർന്നിരുന്നു. അവിടെ പടിയിൽ ചാരി നിലത്തേക്കിരുന്നു കണ്ണുകളടച്ചു.
എത്രനേരം അങ്ങനെയിരുന്നുവെന്നു അറിയില്ല. കുറേ സമയം കഴിഞ്ഞപ്പോൾ ഗോപൻ എന്തിനോ വേണ്ടി ഉമ്മറത്തേക്കു വന്നപ്പോഴാണ് കരഞ്ഞു കൊണ്ടിരിക്കുന്ന ഹർഷനെ കാണുന്നത്.
കുറച്ചു ദിവസമായുള്ള അനിയന്റെ പെരുമാറ്റത്തിലുള്ള വ്യത്യാസം ഒരു നീറ്റലായി നെഞ്ചിൽ കിടന്നിരുന്ന ഗോപന് ഹർഷന്റെ ഈ ഇരുപ്പ് കണ്ടു നെഞ്ചു പൊടിയും വധന തോന്നി.
“എന്തുപറ്റി മോനെ… നീയെന്താ ഇവിടെ തന്നെ ഇരുന്നു കളഞ്ഞത്…വായോ അകത്തേക്ക്” ഗോപൻ തന്റെ വേദന മറച്ചു പിടിച്ചുകൊണ്ടു അവനെ താങ്ങി കൊണ്ടു ചോദിച്ചു.
ഗോപന്റെ സാന്നിധ്യം അറിഞ്ഞതും ഒരു കൊച്ചു കുഞ്ഞു കണക്കെ ഹർഷൻ കരയാൻ തുടങ്ങി. തന്റെ നെഞ്ചിൽ വീണു കരയുന്ന മകനെ അവനും തലോടി ആശ്വസിപ്പിച്ചു.
കാര്യമെന്താണെന്നു അറിയില്ലെങ്കിലും അവന്റെ കരചിലടങ്ങും വരെ കാത്തിരിക്കാനുള്ള ക്ഷമ ഗോപൻ കാണിച്ചു. കുറച്ചു നേരം ഏട്ടന്റെ ചാരെ ഇരുന്നപ്പോൾ ഹർഷനും ഒരു സമാധാനം തോന്നിയിരുന്നു. സങ്കടത്തിന്റെ വേലിയിറക്കത്തിൽ ഗോപൻ ചോദിച്ചു.
ഇതുവരെ ഉണ്ടായിരുന്നതെല്ലാം ഒരു കുഞ്ഞി കുട്ടി വിശദീകരിച്ചു പറയുംപോലെ ഹർഷൻ എല്ലാം ഗോപാനോട് പറഞ്ഞു.
ഗോപനും ശ്രെദ്ധിച്ചിരുന്നു ഉണ്ണിയുടെ ഈ മാറ്റം. എന്തുകൊണ്ടാണെന്ന് തനിക്കും മനസിലായില്ല. എന്തായാലും നാളെ തന്നെ ഇതിനുള്ള ഒരു പരിഹാരം കണ്ടേമതിയാകൂ.
ഗോപൻ മനസ്സിലുറപ്പിച്ചു. ഉണ്ണിമായയോട് സംസാരിക്കാം.. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം എന്നുള്ള ഏട്ടന്റെ ഉറപ്പിൽ ഹർഷന്റെ മുഖം ചെറുതായൊന്നു മന്ദഹസിച്ചു.
ഹർഷനെ എഴുന്നേൽപ്പിച്ചു രണ്ടുപേരും തിരിഞ്ഞതും പുറകിൽ നിറ കണ്ണുകളോടെ നിൽക്കുന്ന യാമിയെ രണ്ടുപേരും കണ്ടു.
മീനാക്ഷിയും കൂടെയുണ്ടായിരുന്നു. എന്തുകൊണ്ടോ ഹർഷൻ യാമിയെ നോക്കിയില്ല. ദേഷ്യമായിരുന്നില്ല.
പക്ഷെ അവന്റെ മനസ്സു ഇടറുന്നതാണ് കാരണമെന്നവൾ ഊഹിച്ചു. ഹർഷനോട് പോയി ഫ്രഷായി വരാൻ പറഞ്ഞുവിട്ടു.
“യാമി.. ഇന്ന് ഹർഷനെ ഒന്നും ചോദിച്ചു വിഷമിപ്പിക്കണ്ട. അവനു ഒരുപാട് സങ്കടമുണ്ടു. ഇന്നവനെ… അവന്റെ മനസിനെ ഒന്നു ഫ്രീയായി വിട്ടേക്കു…” യാമി നിറകണ്ണുകളോടെ തന്നെ തലയാട്ടി സമ്മതിച്ചു.
യാമിയുടെ ആ നിൽപ്പും വിതുമ്പൽ അടക്കാൻ പാട് പെടുന്നത് കണ്ടപ്പോൾ ഗോപനും വല്ലാതായി… അവൻ അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു ഒന്നു ചിരിക്കാൻ ശ്രമിച്ചു. പക്ഷെ… ചിരിക്കാൻ കഴിഞ്ഞില്ല… ഗോപന്റെ മനസ്സും പ്രശ്‌ബുദ്ധമായ കടൽപോലെയായിരുന്നു.
യാമി മുറിയിലേക്ക് ചെല്ലുമ്പോൾ കുളികഴിഞ്ഞു ഹർഷൻ ആലോചനയോടെ ജനലിൽ പിടിച്ചു ദൂരേക്ക് ഇരുട്ടിലേക്ക് നോക്കി നിൽക്കുകയായിരുന്നു.
യാമിയുടെ കണ്ണുകൾ നിറഞ്ഞു തന്നെ പെയ്യാൻ വിതുമ്പി നിന്നു.
തന്റെ പരാതിക്കും പരിഭവങ്ങൾക്കും ഇപ്പൊ സ്ഥാനമില്ലെന്നു അവൾ മനസ്സിൽ പറഞ്ഞു.
തന്റെ വിഷമതകൾ ശ്വാസനയോടെ മനസ്സിനെ കൊണ്ടു പിടിച്ചുകെട്ടി മുഖത്തൊരു പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു.
മുഖമൊന്നു അമർത്തി തുടച്ചു തന്നിലുള്ള സ്വതവേയുള്ള ആ പുഞ്ചിരിയുടെ മേലങ്കി അവൾ മുഖത്തൊരു ആവരണമായി പെട്ടന്ന് ചാർത്തിയെടുത്തു.
ഹർഷനു അരികിലെത്തി ഒന്നു ദീർഘമായി ശ്വാസം വിട്ടുകൊണ്ട് അവന്റെ തോളിൽ കൈ വച്ചു. ഹർഷൻ ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി.
നിറ പുഞ്ചിരിയോടെ കടക്കണ്ണിൽ കണ്ണീർ ഒളിപ്പിച്ചു നിൽക്കുന്ന യാമിയെ അവൻ ഒരു നിമിഷം നോക്കി… ആ കണ്ണുകൾ അവളെ ചതിച്ചു കൊണ്ടു മിഴിനീർ കുമിഞ്ഞു കൂടിയിരുന്നു.
പെട്ടന്ന് അവൻ അവളെ ഇറുകെ പുണർന്നു… ഗാഢമായി… സത്യത്തിൽ യാമി ആ നിമിഷം ഒന്നു ഭയപ്പെട്ടു ഹർഷന്റെ പ്രവൃത്തിയിൽ….
“ഞാൻ സ്നേഹിച്ചർ.. എല്ലാവരും… എല്ലാവരെയും ഞാൻ വിഷമിപ്പിച്ചിട്ടേയുള്ളൂ…. എല്ലാരും … എല്ലാരും എന്നെ വിട്ടു പോകുംപോലെ… നീയും.. ഒടുവിൽ നീയും..”
ഹർഷനെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ തന്റെ അധരങ്ങൾ ഹർഷനിൽ മുദ്ര വച്ചുകൊണ്ട് യാമി മറുപടി പറഞ്ഞു.
ഹർഷൻ പതിയെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അലമാരയിൽ നിന്നും രണ്ടു മരുന്നുകളെടുത്തു കഴിച്ചു.
യാമി ഇതെല്ലാം നോക്കി കണ്ടെങ്കിലും ഒന്നും ചോദിച്ചില്ല. ഭക്ഷണം പോലും കഴിക്കാതെ ഹർഷൻ കിടന്നു.
കിടന്നു കുറച്ചു കഴിഞ്ഞതും ഹർഷൻ ഉറക്കത്തിലേക്കു ആണ്ടുപോയിരുന്നു. യാമി അവനരികിലേക്കു ചെന്നു ഒരു പുതപ്പെടുത്തു പുതച്ചു കൊടുത്തു.
നെറ്റിയിലേക്കു വീണ മുടിയിഴകൾ മാടിയൊതുക്കി…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്തോ സംഭവിക്കാൻ പോകുന്ന പോലെ മനസു മന്ത്രിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
“എന്റെ ജീവനും ജീവിതവും സന്തോഷവും സങ്കടവും… എല്ലാം നീ മാത്രമാണ് ഹർഷാ… നീയില്ലെങ്കിൽ… നിന്റെ നിശ്വാസവും ഗന്ധവുമില്ലെങ്കിൽ എനിക്ക്… എനിക്ക് ജീവൻ ഉണ്ടാകില്ല…
എൻറെയെല്ലാം നീ മാത്രമാണ് ഹർഷാ… എന്തുതന്നെ വന്നാലും നിന്നെ വിട്ടുപോകില്ല…. ഈയാമിക്കു അതിനാകില്ല…
വിട്ടുപോകാനല്ല നിന്നെ കാത്തിരുന്നു നീയെന്നെ എന്റെ പ്രണയത്തെ സ്വന്തമാക്കിയത്… ഒന്നിന്റെ പേരിലും നിന്നെ വിഷമിപ്പിക്കാനോ സങ്കടപെടാനോ ഞാൻ സമ്മതിക്കില്ല… എനിക്കറിയാം എന്താ വേണ്ടതെന്നു….
ഇപ്പൊ സുഖമായി ഉറങ്ങിക്കോ” കുനിഞ്ഞു ഹർഷന്റെനെറ്റിയിൽ അധരങ്ങൾ ചേർത്തു അവനോടു ചേർന്നു കിടന്നു.
രാവിലെ എഴുന്നേൽക്കേണ്ട സമയം കഴിഞ്ഞിട്ടും ഹർഷൻ ഉണർന്നിരുന്നില്ല. ഗോപൻ പലവട്ടം മുറിയിൽ വന്നു അവനെ തൊട്ടു തലോടി പോയിരുന്നു.
ആ ചേട്ടന്റെ ഹൃദയം വല്ലാതെ വേദനിക്കുന്നത് യാമിക്കു മനസ്സിലായിരുന്നു.
“ഇന്നലെ അവൻ മരുന്നു കഴിച്ചിട്ട കിടന്നതു അല്ലെ” ചോദ്യ രൂപേണ യാമിയോട് ചോദിച്ചു. അതെയെന്നവൾ തലയാട്ടി.
രാധാകൃഷ്ണന്റെ മരണ ശേഷം പൂങ്കുന്നം വീടും മരണവീടു പോലെയായിരുന്നു. ആ മരണം തന്ന ഷോക്കിൽ നിന്നും ആരും ഇതുവരെ മുക്തമായിരുന്നില്ല.
എല്ലാവരും സംസാരിക്കാൻ പോലും മറന്നു പോകുന്ന പോലെ. അമ്പാടിയുടെ എല്ലാ കാര്യങ്ങളും പാറു നോക്കുന്നതുകൊണ്ടു അവളുടെ വിഷമങ്ങൾ അവൾ എളുപ്പം മറക്കാൻ ശ്രമിച്ചിരുന്നു.
രവീന്ദ്രൻ മാഷ് തന്റെ റൂമിൽ തന്നെ കഴിച്ചുകൂട്ടി. പുറത്തേക്കു ഇറങ്ങിയിട്ടു തന്നെ ദിവസങ്ങളായിരുന്നു.
പ്രഭാത ഭക്ഷണം കഴിഞ്ഞു ജോലികൾ ഒരു വിധം ഒതുങ്ങിയെന്നായപ്പോൾ യാമി മീനാക്ഷിയോട് പറഞ്ഞു ഉണ്ണിമായയുടെ അടുത്തേക്ക് പോയി.
അവളുടെ ഓരോ ചുവടുകളും വളരെ ഉറച്ചതായിരുന്നു. ഹർഷനെ വേദനിപ്പിക്കുന്ന ഒന്നും ഇനി പാടില്ല എന്നൊരു ഉറച്ച തീരുമാനമുണ്ടായിരുന്നു അവളുടെ ചുവടുകളിൽ.
അതിനി ഹർഷൻ വളരെ ഏറെ സ്നേഹിക്കുന്ന ഉണ്ണിമായയുടെ ഭാഗത്തു നിന്നായാൽ പോലും യാമി ക്ഷമിക്കില്ല… സഹിക്കില്ല….
ഉണ്ണിമായ പൂമുഖത്തു തന്നെ ചാരുപടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. യാമി വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല. അത്രയും ഗാഢമായ ചിന്തയിലായിരുന്നു. കയ്യിലൊരു ഫോട്ടോ നെഞ്ചോടു അടുക്കി പിടിച്ചിരുന്നു.
കണ്ണും മുഖവും കണ്ടാൽ തന്നെയറിയാം ഇന്നലെ മുഴുവൻ കരച്ചിൽ തന്നെയായിരുന്നുവെന്നു. കരഞ്ഞു കണ്പോളകൾ വീർത്തിരുന്നു. മൂക്കെല്ലാം ചുവന്നു തുടുത്തിരിക്കുന്നു.
അടുത്താരുടെയോ സാമിപ്യം തോന്നി കണ്ണു തുറന്നു നോക്കിയപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന യാമി. ഒന്നും മിണ്ടാൻ തോന്നിയില്ല അവൾക്കു. യാമിയെ കണ്ടതും ഉണ്ണിയുടെ മുഖത്തെ ഭാവം മാറുന്നത് യാമിയും ശ്രെദ്ധിച്ചു.
ദേഷ്യത്തിന്റെ ആവരണമാവൽ എടുത്തണിയുന്നതാണോ അതോ സ്വാഭാവികമായി വരുന്നതാണോയെന്നു യാമിക്കു വേർ തിരിച്ചെടുക്കാനായില്ല.
ഉണ്ണി ഒന്നും മിണ്ടാതെ അകത്തേക്ക് പോകാൻ തുനിഞ്ഞു. യാമി ഉണ്ണിമായയെ കൈകളിൽ പിടിച്ചു തടഞ്ഞു നിർത്തി.
ഉണ്ണിമായ ദേഷ്യത്തിൽ തന്നെ അവളുടെ കൈകൾ വലിച്ചെറിഞ്ഞു. യാമിയുടെ കൈകൾ വാതിലിൽ ഇടിച്ചു. യാമിക്കു കൈ വേദനിച്ചു. പക്ഷെ അതിലും വേദന തോന്നിയത് ഉണ്ണിമായയുടെ അകൽച്ചയായിരുന്നു.
ഉണ്ണിമായയുടെ കണ്ണുകൾ ദേഷ്യത്താൽ ചുവക്കുന്നത് യാമി വേദനയോടെയും അതിലേറെ ഇതുവരെ കാണാത്ത ഭാവത്തിൽ ഉണ്ണിമായയെ കണ്ട അത്ഭുതത്താലും നോക്കി നിന്നു.
“ഇനി എന്താ നിനക്കു വേണ്ടത്… പറ” ഉണ്ണിമായ ദേഷ്യത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ടു ചോദിച്ചു.
“ഉണ്ണി… നീയെന്താ ഇങ്ങനെ… ഞങ്ങൾക്കൊന്നും മനസ്സിലാകുന്നില്ല…” യാമി ദയനീയമായി ഉണ്ണിമായയോട് ചോദിച്ചു.
“എനിക്കൊന്നും നിന്നോടൊ ഹർഷനോടൊ പറയാൻ ഇല്ല… ഈ വീട്ടിൽ വന്നുപോകരുതെന്നു ഞാൻ പറയുന്നില്ല… പക്ഷെ നിങ്ങളെ എനിക്കിനി കാണണ്ട”
“നിന്റെ കണ്മുന്നിൽ പോലും വരാതെ മാറി നിൽക്കാം ഞാൻ പക്ഷെ എനിക്കറിയണം എന്താ കാരണമെന്ന്”
ആ പരുഷ ശബ്‌ദം ഹർഷന്റേതായിരുന്നു. അവനെ കണ്ടതും ഉണ്ണിമായ മുഖം തിരിച്ചു നിന്നു. ഹർഷൻ ഉണ്ണിയുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി.
അവളുടെ തോളിൽ അമർന്ന ഹർഷന്റെ കൈകളെ അവൾ തട്ടി മാറ്റി. അവളുടെ ഓരോ അവഗണനയും അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.
ഹർഷനു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി. ഉണ്ണിമായയെ ദേഷ്യത്തിൽ ഹർഷൻ പിടിച്ചു വലിച്ചു.
അവൾ നെഞ്ചോടടക്കി പിടിച്ചിരുന്ന ഫോട്ടോ താഴേക്കു വീണു പൊട്ടി. അതു കണ്ട ഉണ്ണിമായ നിയന്ത്രണം വിട്ടപ്പോലെ ഹർഷന്റെ ഷർട്ടിൽ കുത്തി പിടിച്ചു….
“മതിയായി എനിക്ക്… നിന്നെ സ്നേഹിച്ചും കൂട്ടുകൂടിയും മതിയായി… നഷ്ടങ്ങൾ മാത്രമാണ് ഹർഷാ നീയെനിക്ക് തിരികെ തരുന്നത്…. ആദ്യം എന്റെ ദേവേട്ടൻ… ഇപ്പൊ എന്റെ അച്ഛനും… എന്നെയൊരു അനാഥയാക്കിയില്ലേ നീ… ഞാൻ ഒറ്റക്കായില്ലേ”
അവൾ ഹർഷന്റെ നെഞ്ചിൽ തല തല്ലി അലറി കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു. ഹർഷൻ മിന്നലേറ്റ പോലെ നിന്നു. നിര്വികാരനായി…. ഒന്നും പറയാനാകാതെ…
ആശ്വസിപ്പിച്ചു ഒരു വാക്കു പറയാനാകാതെ… അവന്റെ തലയിൽ എന്തോ വന്നു പതിക്കുന്ന പോലെ അവൻ ഞെട്ടി കൊണ്ടിരുന്നു… ഉണ്ണിമായയുടെ വാക്കുകൾ അസഹനീയമായിരുന്നു…
കാര്യങ്ങൾ ഒന്നും യാമിക്കു മനസ്സിലായില്ലെങ്കിലും ഉണ്ണിമായയുടെ കരച്ചിൽ കണ്ടു യാമിക്കും സങ്കടം സഹിക്കാനായില്ല… അവളും കൂടെ കരഞ്ഞു പോയി.
“നിന്നെയെനിക്കിനി കാണണ്ട… നിന്റെ സ്വാർത്ഥ സ്നേഹമാണ്… ” ഉണ്ണിമായയുടെ വാക്കുകൾ അവന്റെ ഹൃദയത്തെ കീറി മുറിക്കാൻ തക്കവണ്ണം ഉള്ളതായിരുന്നു.
“ഉണ്ണി…” പരിചിതമായ ശബ്‌ദം കേട്ടു ഹർഷൻ ഒഴികെ യാമിയും ഉണ്ണിയും തിരിഞ്ഞു നോക്കി.
“അനന്തു…” യാമിയുടെ ചുണ്ടുകൾ മന്ത്രിച്ചതിനൊപ്പം ഉണ്ണി അവന്റെ നെഞ്ചിൽ തന്റെ സങ്കടത്തിന്റെ ഭാണ്ഡകെട്ടു അഴിച്ചിട്ടു.
ആർത്തിരമ്പുന്ന തിരമാല കണക്കെ അവൾ തന്റെ സങ്കടം കണ്ണീരിനാൽ വീശിയടിച്ചു.
“എന്നെ ഇവിടെനിന്നും കൊണ്ടുപോകുവോ അനന്തു… ഈ നിമിഷം…പ്ളീസ്” ഉണ്ണിമായ കരച്ചിലിന് ഇടയിലും അവനോടു കെഞ്ചി.
“പോകാം… നമുക്ക് പോകാം കേട്ടോ” അവളേയും ചേർത്തു പിടിച്ചു കൊണ്ട് ഗോപന് അരികിലെത്തി അനന്തു പറഞ്ഞു.
“ഞാനിവളെ കൊണ്ടുപോകുവാ…ഇവൾക്കിനി എന്നതിരിച്ചു വരണമെന്ന് തോന്നുവോ അന്നേയിനി ഞങ്ങൾ വരു”
അതും പറഞ്ഞു വേറെയൊന്നും നോക്കാതെ ഗോപന്റെ മറുപടിക്ക് പോലും കാക്കാതെ അനന്തു ഉണ്ണിമായയെയും കൊണ്ടു പോയിരുന്നു.
ഏറെ നേരത്തെ നിശ്ശബ്ദതതക്കു ശേഷം യാമി ഹർഷനെ വിളിച്ചു. ഹർഷൻ അതേ നിൽപ്പു അവിടെ നിന്നു.
അവന്റെ കൈ പിടിച്ച യാമിയുടെ കൈകൾ തട്ടിയത് മാത്രമല്ല അവളെ പിടിച്ചു തള്ളുകയും ചെയ്തു.
അവൾ പുറകിലേക്ക് വെച്ചു വീണു പോയി. ഗോപൻ ഓടി വന്നു താങ്ങുമ്പോഴേക്കും ഹർഷൻ സ്വയം തല ഭിത്തിയിൽ അടിച്ചു ചിരിച്ചുകൊണ്ടിരുന്നു.
മൂന്നാമത്തെ തവണയും ഭിത്തിയിൽ തലയിടിച്ചപ്പോഴേക്കും കൊഴുത്ത രക്ത വർണ്ണ ദ്രാവകം അവന്റെ നെറ്റിയിലൂടെ ഒഴുകുന്നുണ്ടായിരുന്നു…. അപ്പോഴും അവൻ നിന്നു ചിരിക്കുകയായിരുന്നു…
കരചിലടക്കാൻ പാടുപെട്ടു ഗോപനും സംഭവിക്കുന്നത് എന്താണെന്ന് മനസിലാകാതെ യാമിയും…!!
തുടരും…..
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.