Sunday, December 22, 2024
Novel

നിഴലായ് മാത്രം : ഭാഗം 26

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

വീതിയുള്ള വെള്ളിക്കര മുണ്ടും ആകാശ നീല കളർ ഷർട്ടും കുറ്റിതാടിയും ചുണ്ടിൽ പതിവുപോലെ കുസൃതി ചിരിയും കണ്ണിലെ പതിവ് തിളക്കവും കയ്യിൽ ഒരു കിണ്ടി വെള്ളവുമായി അനന്തു…!!

ഹർഷനും ഉണ്ണിമായക്കും ഒഴികെ മറ്റുള്ളവർക്കെല്ലാം അവന്റെയ വരവ് അതിശയമായിരുന്നു. ശ്രീരാജിന്റെ സ്ഥാനത്താണ് അനന്തുവിപ്പോൾ.

ശ്രീരാജ് ചെയ്യേണ്ട കാര്യങ്ങൾ ഒരു സഹോദരന്റെ സ്ഥാനത്തു നിന്നുകൊണ്ടുതന്നെ അനന്തു ചെയ്തു. അതിനുവേണ്ടിയായിരുന്നു യാമി അനന്തുവിനെ വിളിച്ചു സംസാരിച്ചിരുന്നത്.

ശ്രീരാജിന്റെ പ്രശ്‌നത്തിൽ യാമിയുടെ ഒരു വിഭാഗം ബന്ധുക്കൾ ശത്രു പക്ഷത്തായിരുന്നു.

അനന്തു ഹർഷന്റെ കാലിൽ വെള്ളം ഒഴിച്ചു കൊടുത്തു.

പിന്നീട് കൈകൾ കൊടുത്തു ഹർഷനെ പുണർന്നു. യാമിയുടെ അമ്മയും പിന്നെ കുറെ കുട്ടികളും വിളക്കും താലവുമൊക്കെയായി അവരെയെല്ലാവരെയും വരവേൽക്കാൻ തയ്യാറായി നിന്നിരുന്നു.

അവരുടെയെല്ലാം ഇടയിലൂടെ ഹർഷന്റെ കൈകളിൽ പിടിച്ചു കൊണ്ട് ഹർഷനെ മണ്ഡപത്തിലേക്കു കൊണ്ടിരുത്തി.

യാമിയെ അച്ഛനും അമ്മയും കൂടി മണ്ഡപത്തിലേക്കു കൊണ്ടുവന്നു. കല്യാണ വേഷത്തിൽ അതി സുന്ദരിയായിരുന്നു യാമി. മിതമായി മാത്രമേ ആഭരണങ്ങൾ ധരിച്ചിരുന്നുള്ളൂ.

ഹർഷൻ മിഴിചിമ്മാതെ യാമിയെ നോക്കി കണ്ടു. ഇടയ്ക്കു എപ്പോഴോ ഹർഷന്റെ മേലേക്ക് പാളി നോക്കിയ യാമി ഹർഷന്റെ നോട്ടത്തിനു മുന്നിൽ നാണം കൊണ്ട് പൂത്തുലഞ്ഞു.

താലികെട്ടും ചടങ്ങുകളും വളരെ ഭംഗിയായി തന്നെ നടന്നു.

ഹർഷൻ യാമിയുടെ കഴുത്തിൽ താലികെട്ടി സിന്ദൂരം ചാർത്തുന്നതുവരെ അവളുടെ മിഴികളടച്ചു ഹൃദയത്തോട്‌ കൈകൂപ്പി പ്രാര്ഥനയിലായിരുന്നു.

തന്റെ മരണം വരെ സുമംഗലിയായി തന്നെ ഇരിക്കുവാൻ.

ഇടക്ക് എപ്പോഴൊക്കെയോ അനന്തുവിന്റെ മിഴികൾ ഉണ്ണിമായയെ തിരക്കി. അതു മനസിലാക്കിയ ഉണ്ണിമായ അവനു ദർശനം നല്കുന്നപോലെ അവനു കാണാൻ മുന്നിലേക്ക് നീങ്ങി നിന്നിരുന്നു.

അനന്തുവിന്റെ അമ്മയുടെ കൂടേതന്നെയായിരുന്നു ഉണ്ണിമായ. ഇടക്ക് തിരക്കൊഴിഞ്ഞപ്പോൾ ഉണ്ണിമായയുടെ അടുത്തേക്ക് ചെന്നു.

ആളും തിരക്കും ബഹളവുമൊക്കെ കൊണ്ടു സ്വസ്ഥമായി സംസാരിക്കുവാനോ അവളെ കണ്ടാസ്വദിക്കുവാനോ അവനു കഴിഞ്ഞില്ല.

അവരെല്ലാവരും ഒരുമിച്ചു തന്നെയായിരുന്നു ഭക്ഷണം കഴിക്കാനായി ഇരുന്നത്. യാമിയെയും ഹർഷനെയും ഒരുപാട് കളിയാക്കികൊണ്ടിരുന്നു പാറുവും ബാലുവും ഉണ്ണിമായയും കൂടി.

പലതരത്തിൽ നിന്നുള്ള ഫോട്ടോയെടുപ്പും എല്ലാം കൂടി വല്ലാതെ ക്ഷീണിച്ചു.

ഉച്ചക്ക് രണ്ടുമണിക്ക് മുൻപേ ചെക്കന്റെ വീട്ടിൽ എത്തണമെന്ന് പറഞ്ഞിരുന്നു.

അതുകൊണ്ട് ജാനകിയും മീനാക്ഷിയും അച്ചന്മാരും ഗോപനും ആദ്യമേ വീട്ടിലേക്കു പുറപ്പെട്ടു. ചെക്കനും പെണ്ണും വരും മുന്നേ വിളക്കും താലവും തയ്യാറാക്കാനായി.

ഒരുമണി കഴിഞ്ഞതോട് കൂടി യാമിയോട് പുറപ്പെടാൻ തയ്യാറാവാൻ പറഞ്ഞിരുന്നു.

യാമി വളരെ ദിവസങ്ങൾക്കു മുൻപേ തന്നെ മനസ്സുകൊണ്ടുപോലും പൂർണ്ണ തയ്യാറെടുപ്പ് നടത്തിയിരുന്നു. അതുകൊണ്ട് പുതിയ വീട്ടിലേക്കുള്ള പറിച്ചു നടൽ അവൾക്കൊരു പുതുമപോലെ തോന്നിയില്ല.

ഹർഷൻ അവളുടെ കൈകൾ മുറുകെ പിടിച്ചിരുന്നു. ഒരുവേള യാമി കരഞ്ഞു കുളമാക്കുമോയെന്നൊരു ഭയം ഇല്ലാതിരുന്നില്ല.

പാറു യാമിയുടെ അരികിൽ നിന്നും അവൾക്കു കേൾക്കാൻ മാത്രം പറഞ്ഞു…. “കരഞ്ഞു കരഞ്ഞു കുളമാക്കരുത്, മേക്കപ്പ് മൊത്തം പോകും… ഫോട്ടോയിൽ പോലും ഭംഗികാണില്ല”

പാറുവിന്റെയ കളിയാക്കൽ ആ സമയത്തു എന്തുകൊണ്ടോ യാമിക്കു ആസ്വദിക്കാൻ കഴിഞ്ഞില്ല. അതു മനസിലാക്കിയ ഉണ്ണിമായ പാറുവിനെ കണ്ണുകൾ കൊണ്ടു ശകാരിക്കുകയും…

യാമിയുടെ നേർക്കു മിഴികൾ പായിച്ചു അതേ കണ്ണുകൾകൊണ്ടു ആശ്വസിപ്പിക്കുകയും ചെയ്തു.

യാമി അമ്മയുടെ കാലിൽ ആദ്യം വീണു അനുഗ്രഹം വാങ്ങി. യാമിയെ പുണർന്നു അവളുടെ ഇരു കവിളിലും ഉമ്മ വയ്ക്കുന്നതോടൊപ്പം മിഴിനീർ കൂടി ആ അമ്മയുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങി. യാമി മനപൂർവ്വം അതു കണ്ടില്ല നടിച്ചു.

പിന്നെ അച്ഛന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി. അയാൾ അവളെ എഴുനേല്പിച്ചതും മുഖത്തേക്ക് പോലും നോക്കാതെ അയാളുടെ നെഞ്ചിലേക്ക് അവൾ വീണു കരഞ്ഞു.

അവളുടെ വിതുമ്പലിലും തേങ്ങലിലും നിന്നും മനസ്സിലായി അവൾ ഏറ്റവും അധികം സ്നേഹിക്കുന്നത് അച്ഛനെയാണെന്നു. അദ്ദേഹം തന്നെ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി.

അവളുടെ മുഖത്തേക്കു നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ടു അവളുടെ കവിളിൽ പതിയെ തട്ടികൊണ്ടിരുന്നു. അപ്പോഴും അയാളുടെ കൈവിരലുകൾ ഇടറുന്നുണ്ടായിരുന്നു.

മനസ്സിന്റ് ഇടർച്ച കൈകളിലും ബാധിച്ചു. അച്ഛന് അരികിലായി തന്നെ അനന്തുവും നിന്നിരുന്നു. ഒരു നറു പുഞ്ചിരിയോടെ യാമി അനന്തുവിന് അരികിലേക്ക് ചെന്നു.

അനന്തുപോലും പ്രതീക്ഷിക്കാതെ യാമി അവന്റെ കാൽ തൊട്ടു തൊഴുതു. പെട്ടന്ന് തന്നെ അനന്തു അവളെ പിടിച്ചെഴുനേല്പിച്ചു.

അപ്പോഴും നനുത്ത പുഞ്ചിരി അവളിൽ നിന്നും മാഞ്ഞുപോയിരുന്നില്ല. അനന്തുവിനെ കുറച്ചു നിമിഷങ്ങൾ നോക്കി നിന്നു അവന്റെ രണ്ടു കൈകൾ കൂട്ടി പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.

“എപ്പോഴൊക്കെയോ ഒരു സഹോദരന്റെ…. ഒരു ഏട്ടന്റെ സ്നേഹവും കരുതലും ശാസനയുമെല്ലാം നിന്നിൽ നിന്നും എനിക്ക് കിട്ടിയിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിൽ എന്റെ കൂടെ ഒരു സഹോദരന്റെ സ്ഥാനത്തു നിന്നു… സഹോദരനായി തന്നെ നിന്നു…

എന്റെ കൂടെയുണ്ടായ ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.” അപ്പോഴേക്കും വാക്കുകൾ ചിതറി ഒരു തേങ്ങൽ അവളിൽ നിന്നുയർന്നു.

അനന്തു പതുക്കെ അവളെ തന്റെ നെഞ്ചോടു ചേർത്തു തോളിൽ തട്ടി ആശ്വസിപ്പിച്ചു. അവന്റെ മിഴികളും നിറഞ്ഞിരുന്നു.

“ഒരു സഹോദരിയില്ലാത്ത എനിക്ക്… നിന്നിൽ ഞാൻ ഒരു അനിയത്തി കുട്ടിയുടെ കുറുമ്പും വാശിയും സ്നേഹവും കണ്ടിരുന്നു… ഈ അനന്തുവിന്റെയുള്ളിൽ എന്നും ഒരു സഹോദരിയായി നീയുണ്ടാകും.

നിനക്കൊരു സ്ഥാനമുണ്ടാകും”. അവന്റെ കണ്ണിൽ നിന്നു നീർമണികൾ അവളുടെ തോളിൽ തട്ടി വീണു.

രക്തബന്ധം അല്ലെങ്കിൽ കൂടിയും അനന്തുവിന്റെയും യാമിയുടെയും സ്നേഹം കണ്ടുനിന്നവരുടെ മിഴികളെയും ഈറനാക്കി.

അനന്തു തന്നെ അവളെ ഹർഷന്റെ കൈകളിൽ ഏൽപ്പിച്ചു”എനിക്കുറപ്പുണ്ട് ഏറ്റവും വിശ്വസ്തമായ കൈകളിലാണ് ഇവളെന്നു” ഹർഷന്റെ കൈകളിൽ ഇരുന്ന യാമിയുടെ കൈകളെ ഹർഷൻ മുറുകെ പിടിച്ചു.

കൃത്യസമയത്തു തന്നെ ഹർഷന്റെ വീടിനു മുന്നിൽ അവർ എത്തിയിരുന്നു. അനന്തുവും അവരുടെ കൂടെ വന്നു.

ഏഴു തിരിയിട്ട വിളക്ക് യാമിയുടെ കൈകളിൽ ജാനാകിയമ്മ കൊടുത്തു. പൂവും താലവുമായി മീനാക്ഷിയും കൂടെയുണ്ടായിരുന്നു.

യാമി വിളക്ക് വലതു കൈ നീട്ടി വാങ്ങുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അവളുടെ ഇടതു കയ്യിൽ ഹർഷൻ മുറുകെ പിടിച്ചു.

യാമി തിരിഞ്ഞുനോക്കിയപ്പോൾ ഹർഷൻ കണ്ണുകൾകൊണ്ടു താൻ കൂടെയുണ്ടെന്നു പറഞ്ഞു.

അതവളിലുണ്ടാക്കിയ ധൈര്യത്തിൽ വിളക്ക് വാങ്ങി രണ്ടുപേരും വലതുകാൽ വച്ചുകൊണ്ട് അകത്തേക്ക് കയറി.

പിന്നീട് മധുരം കൊടുക്കുന്ന ചടങ്ങുകളും മറ്റുമായി തിരക്കിലായി. വൈകീട്ട് റിസപ്ഷൻ വച്ചിട്ടുണ്ട്.

ചടങ്ങുകൾ നടക്കുമ്പോഴെല്ലാം ഉണ്ണിമായയെ ഹർഷൻ അരികിൽ തന്നെ പിടിച്ചു നിർത്തിയിരുന്നു.

അതുകൊണ്ടു അനന്തുവിന് അപ്പോഴും അവളോടൊന്നു സംസാരിക്കാനോ ശരിക്ക് കാണാനോ കഴിഞ്ഞില്ല. പിറ്റേന്ന് വെളുപ്പിനാണ് അനന്തുവിന്റെ ഫ്ലൈറ്റ്.

റിസപ്ഷൻ കഴിയുന്ന ഉടൻ അവനു തിരികെ പോണമായിരുന്നു. ചടങ്ങുകൾ അവസാനിച്ചപ്പോൾ അവരെ ഫ്രഷ് ആകുവാനും റിസപ്ഷൻ റെഡിയാകുവാനുമായി പറഞ്ഞുവിട്ടു.

യാമിയെ ഹർഷന്റെ മുറിയിലേക്ക് വിടാതെ പാറുവിന്റെ റൂമിൽ കൂട്ടിക്കൊണ്ടുപോയി. പാറുവും ഉണ്ണിമായയും യാമിയെ ആഭരണങ്ങൾ അഴിച്ചു മാറ്റാനും മറ്റും സഹായിച്ചു.

ഒരു ജോടി ഡ്രസ് കയ്യിൽ കൊടുത്തു അവളോട്‌ ഫ്രഷ് ആകുവാൻ പറഞ്ഞുവിട്ടു ഉണ്ണിമായ. ഈ സമയം പാറു യാമിയുടെ ആഭരണങ്ങൾ കൃത്യമായെടുത്തുവെച്ചു.

യാമി ഫ്രഷായി വരുമ്പോൾ മുറിയിൽ ഒരു ബുട്ടീഷ്യൻ കൂടിയുണ്ടായിരുന്നു അവളെ ഒരുക്കുവാൻ. ഒരു ചിരിയോടെ അവൾ അവർക്കരികിലേക്കു നടന്നു നീങ്ങി.

“ഏടത്തി… ആഭരണങ്ങൾ എല്ലാം തന്നെ അവിടെ എടുത്തുവച്ചിട്ടുണ്ട്. എല്ലാം കൃത്യമല്ലേ എന്നൊന്ന് നോക്കണം കേട്ടോ… എന്നിട്ടു റെഡിയായാൽ മതി”

കൊള്ളിച്ചപോലെയുള്ള പാറുവിന്റെ സംസാരം യാമിയുടെ മുഖത്തെ തിളക്കം കെടുത്തി. അവൾ ഒന്നും മിണ്ടാതെ ചിരിക്കാൻ ശ്രമിച്ചു നിന്നു.

“ഇനി ഈ ചേച്ചി ഒരുക്കിക്കൊള്ളും. നമുക്ക് റെഡിയായി വരാം… വേഗം വായോ” ഉണ്ണിമായയുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പാറു പറഞ്ഞു അവളെയും കൊണ്ട് പുറത്തേക്കിറങ്ങി.

യാമി കരച്ചിൽ വരാതെ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. തൊണ്ടകുഴിയിൽ സങ്കടം നിറഞ്ഞു അവൾ ശ്വാസം മുട്ടി നിന്നു.

ഉണ്ണിമായ പുറത്തേക്കു വന്നു പാറുവിനോട് ദേഷ്യപ്പെട്ടു. അവളോട്‌ പൊക്കോ എന്നു പറഞ്ഞു ഉണ്ണിമായ തിരികെ യാമിയുടെ അടുത്തേക്ക് തന്നെ പോയി.

ഉണ്ണിമായയെ കണ്ട നിമിഷത്തിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി ചുണ്ടിലും കണ്ണിലും തിളങ്ങി.

യാമി മുന്തിരി കളർ ഗൗണ് ആയിരുന്നു ധരിച്ചത്. നിറയെ ഡിസൈൻ വർക്ക് ചെയ്ത ഗൗണിൽ അവളൊരു രാജകുമാരിയെ പോലെ തോന്നിച്ചു.

താലി മാല മാത്രമേ കഴുത്തിൽ ധരിച്ചുള്ളൂ. ഉണ്ണിമായയുടെ കണ്ണിലെ തിളക്കത്തിൽ നിന്നും തന്നെ താൻ സുന്ദരിയായിരിക്കുന്നുവെന്നു യാമിക്കു മനസിലായി.

“എന്റെ കണ്ണു തന്നെ പെടുമല്ലോ” … അതും പറഞ്ഞു തന്റെ മിഴിയിൽ നിന്നും കരിയെടുത്തു യാമിയുടെ ചെവിക്കു പുറകിൽ ഒരു പൊട്ടുവച്ചു കൊടുത്തു ഉണ്ണിമായ. യാമി ഒരു പുഞ്ചിരിയോടെ നിന്നു.

ഡിസൈൻ ധവാണിയായിരുന്നു പാറുവിന്റെ വേഷം. നല്ല ഹെവി വർക്ക് ചെയ്ത ധാവണി. അവൾ റെഡിയായി വന്നപ്പോൾ യാമിയെ കണ്ട അവളുടെ കണ്ണുകൾ വിടർന്നു. “ഏടത്തി… ഇത്ര സുന്ദരിയായിരുന്നോ… നല്ലA മാചുണ്ടു ഈ കളർ…

ഞാൻ അല്ലെ സെലക്ട് ചെയ്തത്…” അങ്ങനെ തുടങ്ങി വള വളാന്നു സംസാരിച്ചു കൊണ്ടിരുന്നു പാറു. കുറച്ചു മുൻപ് തന്നെ വിഷമിപ്പിച്ചതൊക്കെ അവൾ മറന്നിരിക്കുന്നു.

യാമിയോട് ആദ്യമേ ഹർഷൻ പറഞ്ഞിരുന്നു. പാറു എന്തും വെട്ടി തുറന്നു പറയുന്ന സ്വഭാവമാണെന്നു. സ്നേഹിച്ചാൽ ചങ്കു പറിച്ചു സ്നേഹിക്കുമെന്നു.

അവളുടെ മനസ്സിൽ അങ്ങനെയാർക്കും പെട്ടന്ന് കയറിച്ചെല്ലാൻ അവൾ സമ്മതിക്കില്ലാന്നു” യാമി ഒരു പുഞ്ചിരിയോടെ തന്നെ അവൾക്ക് മറുപടി കൊടുത്തുകൊണ്ടിരുന്നു ഒട്ടും പരിഭവമൊന്നുമില്ലാതെ തന്നെ.

ഹർഷനും അതേ കളർ ഷെർവാണി ആയിരുന്നു. റെഡിയായി വന്നു യാമിയെ കൂട്ടി കൊണ്ട് സ്റ്റേജിലേക്ക് പോയി. യാമിയുടെ കൂടെ നിന്നതുകൊണ്ടു ഉണ്ണിമായ റേഡിയാകാൻ വൈകി.

ധാവണി നല്ല ഭംഗിയിൽ ഫ്‌ലീറ്റു മടക്കി തോളിൽ വയ്ക്കാൻ നോക്കുമ്പോഴാണ് പിന്നു കാണുന്നില്ല.

അവൾ ഒരു കൈകൊണ്ടു ഫ്‌ലീറ്റു പിടിച്ചു പിന്നു ഡ്രസിങ് ടേബിളിൽ തപ്പി. പിൻകഴുത്തിൽ തന്റെ ഹൃദയത്തിൽ പതിഞ്ഞ നിശ്വാസം അടിക്കുന്നതവൾ അറിഞ്ഞു. കണ്ണുകൾ ഇറുക്കിയടച്ചു…

മിഴികളുയർത്തി നോക്കാൻ അവളുടെ നാണം സമ്മതിച്ചില്ല. അവന്റെ ഹൃദയതാളം തന്റെ അരികിലെത്തുമ്പോൾ പോലും നാണത്താൽ കവിൽതടങ്ങൾ പോലും ചുമന്നു തുടുക്കുന്നത് അവൾക്കറിയാമായിരുന്നു. ഒന്നും പറയാതെ തന്നെ അനന്തു അവളുടെ നാണത്തെ മുൻപിലുള്ള കണ്ണാടിയിൽ നോക്കി കണ്ടു.

തന്റെ കയ്യിലുണ്ടായിരുന്ന പിൻ അവളുടെ തോളിൽ ഉറപ്പിച്ചു. വയറിൽ വട്ടം ചുറ്റി പിടിച്ചു തോളിൽ മുഖം ചേർത്തു നിന്നു. ഉണ്ണിമായ പതുക്കെ മിഴികൾ തുറന്നു കണ്ണാടിയിലൂടെ തന്നെ അവനെ നോക്കി കണ്ടു.

കുറച്ചു നിമിഷങ്ങൾ തമ്മിൽ മിഴികൾ കണ്ണാടിയിലൂടെ കോർത്തു നിന്നു.

“സുന്ദരി കുട്ടിയായല്ലോ”

മറുപടി ഒരു ചിരിയിലൊതുക്കി. പക്ഷെ ആ ചിരിക്കു ഒരു തിളക്കകുറവ് ഉണ്ടായിരുന്നു. പതിയെ അവളുടെ കഴുത്തിലേക്കു ചുണ്ടുകൾ ചേർത്തു.

തന്റെ വയറിനുമേൽ വച്ചിരുന്ന അനന്തുവിന്റെ കൈകളിൽ അവളുടെ വിരലുകൾ ആഴ്ന്നു. പതിയെ അവളെ തിരിച്ചു നിർത്തി അധരങ്ങളെ പൊതിഞ്ഞു കെട്ടി പുണർന്നു നിന്നു.

റിസപ്ഷൻ തുടങ്ങി ബന്ധുക്കളും നാട്ടുകാരും ഫ്രണ്ട്സും പരിച്ചയക്കാരുമൊക്കെ വന്നുകൊണ്ടിരുന്നു.

അനന്തുവും ബാലുവും ഗോപനുമെല്ലാം ഓടി നടന്നു കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നു. പിന്നെ പാട്ടും ഡാൻസുമൊക്കെയായി ആകെ നല്ല ബഹളമായിരുന്നു.

റിസപ്ഷൻ കഴിയാറായപ്പോൾ പാറു ഒരു പാട്ടുവച്ചു.

“തുടക്കം മാംഗല്യം…തന്തുനാനെന…. പിന്നെ ജീവിതം…. ധുംതനാനെന്ന….”

വരികൾക്കൊത്തു ചുവടു വച്ചു പാറുവും ബാലുവും ആടി കളിച്ചു… ആദ്യ വരികൾ കഴിഞ്ഞു വന്ന മ്യൂസിക് വന്നപ്പോൾ അനന്തുവിനെയും ഉണ്ണിമായയെയും കൂടെ കൂട്ടി… ബാലു മീനാക്ഷിയെയും ഗോപനേയും കൂട്ടാൻ മറന്നില്ല….

എല്ലാവരും സ്റ്റേജില് മുന്നിൽ നിന്നുകൊണ്ട് തകർത്തു ഡാൻസ് കളിയായിരുന്നു. അതൊക്കെ കണ്ടു യാമിയും ഹർഷനും കൂടി താളം പിടിക്കാൻ തുടങ്ങി.

പാട്ടു പകുതിയായപ്പോൾ സ്റ്റേജിൽ കേറി യാമിയുടെ കൈ പിടിച്ചു കൂടെ കൂട്ടി പാറു. യാമിയുടെ മറു കയ്യിൽ ഹർഷന്റെ കൈ കൂടിയുണ്ടായിരുന്നു.

പിന്നെ അവർ എല്ലാവരും കൂടിയായിരുന്നു ചുവടു വച്ചതു. എല്ലാവരുടെയും ഒരുമിച്ചുള്ള സന്തോഷം കണ്ടപ്പോൾ മറ്റെല്ലാവർക്കും ഒരുപാട് സന്തോഷമായി.

റിസപ്ഷൻ കഴിഞ്ഞു അപ്പോൾ തന്നെ അനന്തു പോകാൻ തയ്യാറായി. അതുവരെയുള്ള സന്തോഷം ഉണ്ണിമായയുടെ മുഖത്തു നിന്നു പതുക്കെ മങ്ങി പോയി.

എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് അവൻ പോകാൻ തയ്യാറായി ഇറങ്ങി.

ഹർഷനെയും ഗോപനേയും ബാലുവിനെയും പുണർന്നും ജാനാകിയമ്മയുടെയും രവീന്ദ്രന്മാഷിന്റെയും രാധ കൃഷ്ണന്റെയും അനുഗ്രഹവും വാങ്ങി പാറുവിനോടും മീനാക്ഷിയോടും അമ്പാടിയോടുമൊക്കെ യാത്ര പറഞ്ഞു.

ഉണ്ണിമായയുടെ അരികിലെത്തിയപ്പോൾ അവന്റെ കാലുകൾ ഒന്നിടറി.

ആരൊക്കെ ചുറ്റും നിൽക്കുന്നുണ്ടെന്നു നോക്കാതെ അവളെ നെഞ്ചോടു ചേർത്തു നെറ്റിയിൽ അധരങ്ങൾ ചേർത്തു.

“മൂന്നുമാസം… അതു കഴിഞ്ഞാൽ വേഗമിങ്ങു പോരും… അപ്പൊ അറിയാലോ… ” അവന്റെ ശബ്ദവും ഇടറി.

അവൻ പിന്നെ തിരിഞ്ഞു നോക്കാതെ കാറിൽ കയറി വേഗം പോയി. ഉണ്ണിയെ ഹർഷൻ തോളിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി. യാമി പുറകിലുമായി നടന്നു.

രാത്രിയിൽ പതിവ് ചടങ്ങുപോലെ ഒരു ഗ്ലാസ് പാലുമായി യാമി ഹർഷന്റെ റൂമിലെത്തി. ഹർഷൻ ഒരു ചിരിയോടെ തന്നെ യാമിയെ വരവേറ്റു.

പക്ഷെ അവന്റെ ചിരിയിൽ എന്തോ അവനു തന്നോട് പറയാനുണ്ടെന്ന് യാമിക്കു തോന്നി.

യാമിയുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ടേബിളിൽ വച്ചു. അവളെ അരികിലേക്ക് പിടിച്ചിരുത്തി.

“എന്റെ വീടും വീട്ടുകാരെയുമൊക്കെ ഇഷ്ടമായോ തനിക്കു. ഞാൻ മുൻപേ പറഞ്ഞു തന്നിരുന്നല്ലോ… എങ്കിലും തന്റെ വീട്ടിലെ സൗകര്യങ്ങൾ അത്രയും ഇവിടെയില്ല.

എല്ലാം തനിക്കു പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കും…താനും ക്ഷമയോടെ ഇരിക്കണം” ഹർഷൻ തെല്ലൊരു ആവലാതിയോടെ അവളോട്‌ പറഞ്ഞു.

“ഹർഷാ… എന്റെ വീട്ടിലെ സൗകര്യങ്ങൾ ഇവിടെയില്ല… പക്ഷെ എന്റെ വീട്ടിൽ ഇല്ലാത്ത പലതും ഇവിടെയുണ്ട്.

പരസ്പരം സ്നേഹിച്ചു മക്കൾക്ക് മാതൃകയാകുന്ന അച്ഛനും അമ്മയും ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സഹോദര സഹോദരി സ്നേഹം.

ഗോപേട്ടന്റെയും മീനു ഏടത്തിയുടെയും അനിയത്തി കുട്ടിയാകാൻ പാറുവിന്റെ കൂടെ കൂടി കുറുമ്പ് കാണിക്കാൻ… അവളോട്‌ വഴക്കടിക്കാൻ…

പിന്നെ തന്നെ സ്നേഹിക്കാൻ… തന്റെ സ്നേഹം കിട്ടാൻ… ഇതിലും വലുതൊന്നും എന്നെ ഭ്രമിപ്പിക്കില്ല”

ആ നിമിഷത്തിൽ ഹർഷൻ തന്നെയൊന്നു ചേർത്തണച്ചെങ്കിലെന്നു യാമി കൊതിച്ചു. മനസു ചിന്തിച്ചു തീരും മുന്നേ ഹർഷൻ അവളെ നെഞ്ചോടു ചേർത്തിരുന്നു.

“എനിക്ക് കഴിയും ഹർഷാ… ഈ വീട്ടിലെ ഒരംഗമാകാൻ… നല്ല മരുമകൾ ആകാൻ… പൊരുത്തപ്പെടാൻ അധികം സമയം വേണ്ട… താൻ എന്റെ കൂടെയുണ്ടായാൽ മാത്രം മതി” യാമി ചെറു തേങ്ങലോടെ പറഞ്ഞു.

യാമി തന്നെ ഇത്രത്തോളം പ്രണയിക്കുന്നുവോ… ഹർഷനു താൻ അവളെ ശരിക്കും പരിഗണിച്ചുവോ എന്നുപോലും സംശയം തോന്നി പോയി….

പക്ഷെ ഇനി താൻ പറയാൻ പോകുന്ന കാര്യം… അതാലോചിച്ചപ്പോൾ തന്നെ അവന്റെ ഹൃദയ താളം തെറ്റി… എങ്ങനെ യാമിയോട് പറയും.

പതിയെ ഹർഷന്റെ നെഞ്ചിൽ നിന്നും അടർന്നു കൊണ്ടു യാമി കണ്ണുകൾ തുടച്ചു അവന്റെ മുഖത്തു നോക്കി ചിരിച്ചു. അവന്റെ നെഞ്ചിൽ ചൂണ്ടുവിരൽ കുത്തിനിർത്തി അവൾ പറഞ്ഞു തുടങ്ങി…

“ഇവിടെയിപ്പോൾ എന്താണെന്ന് എനിക്കറിയാം. അനന്തു പോയി വരുന്നവരെ.. ഉണ്ണിമായയും അനന്തുവും എപ്പോഴാണോ ജീവിതം തുടങ്ങുന്നത് അപ്പോൾ മാത്രം നമുക്കും തുടങ്ങിയാൽ മതിയെന്നല്ലേ…

എനിക്ക് പരിഭവം ഒന്നുമില്ല ഹർഷാ… നീയെന്റേത് മാത്രമായില്ലേ… എനിക്കതുമതി…

അഞ്ചാറു വർഷം കാത്തിരുന്ന എനിക്ക് മൂന്നുമാസം ഒരു കാത്തിരിപ്പു അല്ലെടോ… ഒന്നുമില്ലെങ്കിലും താൻ എന്റെ കൂടേതന്നെയുണ്ടല്ലോ.”

ഹർഷൻ അത്ഭുതപ്പെട്ടുപോയി… യാമി തന്നെ ഇത്രയധികം മനസ്സിലാക്കിയല്ലോ എന്നാലോചിച്ചു. താൻ എങ്ങനെ പറയുമെന്ന് സങ്കോചിച്ചു നിന്ന കാര്യം എത്ര നിസാരമായാണ് അവൾ പറഞ്ഞതു.

“അതേ… നല്ല ക്ഷീണമുണ്ട്… ഞാൻ താഴെ കിടക്കട്ടെ” അതും പറഞ്ഞു ഷീറ്റ് എടുക്കാൻ തുനിഞ്ഞ യാമിയെ വലിച്ചു ഹർഷൻ തന്റെ നെഞ്ചിലേക്ക് ഇട്ടു.

“ഈയൊരു മഹപാപം എന്നെക്കൊണ്ട് ചെയ്യിക്കാതെഡോ…. ഒരുമിച്ചു..എന്റനെഞ്ചിൽ താളം കേട്ടു ഉറങ്ങിയാൽ മതി.. ഇനി എന്നും..

നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും അതല്ലേ…” അവളെ അവന്റെ നെഞ്ചിലേക്ക് വരിഞ്ഞു മുറുക്കുമ്പോൾ അവന്റെ കണ്ണിലും നീർമണികൾ പൊഴിഞ്ഞു.

യാമിയുടെ കണ്ണിലെ നീർച്ചാൽ അവന്റെ നെഞ്ചിൽ വീണു പൊള്ളതെ ഇരിക്കാൻ അവളും ശ്രദ്ധിച്ചു..!!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22

നിഴലായ് മാത്രം : PART 23

നിഴലായ് മാത്രം : PART 24

നിഴലായ് മാത്രം : PART 25