Wednesday, October 23, 2024
Novel

ഹൃദയസഖി : ഭാഗം 12

എഴുത്തുകാരി: ടീന കൊട്ടാരക്കര


വന്നിരുന്ന എല്ലാവർക്കും ചായ നൽകിയതിനു ശേഷം ട്രേയുമായി കൃഷ്ണ പിൻവാങ്ങി. പിറകിൽ മീനാക്ഷിയുടെ അടുത്തേക്ക് പോയി നിന്നു. അഭിയുടെ വീട്ടുകാരെ ചായ നൽകാൻ നേരമൊന്നു പാളിനോക്കിയതേ ഉള്ളു. ആരാണെന്ന് പോലും അറിയില്ല. എല്ലാവരും നിറഞ്ഞ ചിരിയോടെയാണ് തന്നെ നോക്കിയതെന്ന് അവൾ കണ്ടു.

അഭി അവളെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞതും കൃഷ്ണ പതിയെ തൂണിനു പിന്നിലേക്ക് മറഞ്ഞു നിന്നു.

“കാര്യങ്ങൾ എല്ലാം ഞാൻ നേരത്തെ അറിയിച്ചിരുന്നല്ലോ.. മീനാക്ഷിയുടെ കല്യാണത്തോടൊപ്പം തന്നെ കൃഷ്ണയുടെയും നടത്തണം എന്നാ ഞങ്ങളുടെ ആഗ്രഹം.. ” രവീന്ദ്രൻ അഭിയുടെ വീട്ടുകാരോടായി പറഞ്ഞു.

“അതിനെന്താ.. ഞങ്ങൾക്ക് എപ്പോഴാണെങ്കിലും സമ്മതം ആണ്. ” അല്പം ഗൗരവം നിറഞ്ഞ മുഖമുള്ള ഒരാൾ പറഞ്ഞു. അത് അഭിയുടെ അച്ഛൻ ആയിരിക്കാമെന്നു കൃഷ്ണ കരുതി.

“എത്രയും വേഗത്തിൽ ആയാൽ അത്രയും നല്ലത് ” അയാൾ ചിരിയോടെ പറഞ്ഞു.
തുടർന്നു അവർ തമ്മിൽ വിവാഹ കാര്യങ്ങളും മറ്റും ചർച്ച ചെയ്തു.

ജാതകങ്ങൾ തമ്മിൽ പരസ്പരം കൈമാറി. അഭിയുടെ വീട്ടുകാർ ചെമ്പകശ്ശേരിയിൽ എല്ലാവരോടും സംസാരിച്ചുകൊണ്ടിരുന്നു. വന്നവരുടെ മുന്നിൽ അനിഷ്ടം കാണിക്കാതെ സുഭദ്രയും ശോഭയും അവരോടും തിരികെ സംസാരിച്ചു.

നാരായണിയമ്മ എല്ലാത്തിനും മേൽനോട്ടം വഹിക്കുന്ന പോലെ അഭിയുടെ വീട്ടുകാരോട് സംസാരത്തിലേർപ്പെട്ടിരുന്നു.

“മോൾ ഇങ്ങു വന്നേ ” അഭിയുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ കൃഷ്ണയെ അടുത്തേക്ക് വിളിച്ചു. അവൾ തെല്ലൊന്നു മടിച്ചു നിന്നെങ്കിലും ഹരി അവളെ തൂണിന്റെ മറവിൽ നിന്നും പിടിച്ചു മുന്നിലേക്ക് നിർത്തി.

“അടുത്ത് വാ. ” അവർ സ്നേഹത്തോടെ അവളെ അരികിലേക്ക് വിളിച്ചു.

“ഞങ്ങൾ ആരൊക്കെയാണെന്ന് മനസിലായോ ” അവർ ചോദിച്ചു.
അവൾ ഇല്ലന്ന് തലയാട്ടി.

“ഞങ്ങളെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കെടാ ” അഭിമന്യുവിനോട് അച്ഛൻ പ്രതാപൻ പറഞ്ഞു
അവൻ പെട്ടന്ന് ചായക്കപ്പ് ടേബിളിൽ വെച്ചിട്ട് കൃഷ്ണയ്ക്ക് അരികിലേക്ക് വന്നു.

“കൃഷ്ണേ.. ഇത് എന്റെ അച്ഛൻ പ്രതാപൻ. റിട്ടയേർഡ് അധ്യാപകൻ ആണ്. ” അച്ഛനെ നോക്കികൊണ്ട് അവൻ പറഞ്ഞു. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.
അവളും ചിരിച്ചു

“ഇത് അമ്മ. ജാനകി. അമ്മയും സ്കൂൾ ടീച്ചർ ആയിരുന്നു. റിട്ടയേർഡ് ആയി.” അമ്മയുടെ തോളിൽ കയ്യിട്ട് അവൻ പറഞ്ഞു.

“ഇത് എന്റെ മൂത്ത ചേട്ടൻ അർജുൻ. ലോയർ ആണ്. അടുത്തത് രണ്ടാമത്തെ ചേട്ടൻ അനിരുദ്ധ്. ബാങ്കിൽ വർക്ക്‌ ചെയുന്നു ”

പ്രതാപന്റെ അടുത്തിരുന്ന രണ്ടുപേരെയും അവൻ പരിചയപ്പെടുത്തി
ഇരുവരും അവളെ നോക്കി പുഞ്ചിരിച്ചു.അവളും തിരികെ പുഞ്ചിരി സമ്മാനിച്ചു.
“ചേട്ടന്മാർ രണ്ടു പേരും മാരീഡ് ആണ്.

ഇപ്പോ മറ്റൊരു വീടെടുത്തു താമസം മാറി. പിന്നെ വീട്ടിൽ ഉള്ളത് ഏട്ടത്തിമാരും അവരുടെ മക്കളും ആണ് ”

അഭിമന്യു എല്ലാവരെയും വിശദമായി പരിചയപ്പെടുത്തികൊടുത്തു. കൃഷ്ണ അവൻ പറയുന്നതെല്ലാം തലകുലുക്കി കേട്ടുകൊണ്ടിരുന്നു.

“ഞങ്ങൾ മാത്രമല്ല.. ഇനിയും അംഗങ്ങൾ കുറച്ചു പേരുണ്ട്.. അവരെയൊക്കെ ഇനി പരിചയപ്പെടാമല്ലോ..

നമ്മുടെ വീട്ടിലേക്ക് അല്ലെ മോൾ വരാൻ പോകുന്നത് ” സ്നേഹത്തോടെ കൃഷ്ണയുടെ തലയിൽ തഴുകികൊണ്ട് ജാനകി പറഞ്ഞു.
അവളൊന്നു പുഞ്ചിരിച്ചതേ ഉള്ളു.

കുറച്ചു നേരം കൂടി എല്ലാവരുമായി സംസാരിച്ചു നിശ്ചയവും കല്യാണവും ഉടനെ നടത്താം എന്ന തീരുമാനത്തിൽ അഭിയുടെ വീട്ടുകാർ തിരികെ പോകാൻ തയ്യാറായി. വളരെ കുറച്ചു നേരം മാത്രമേ അവർ അവിടെ ചിലവഴിച്ചുള്ളൂ.

തിരികെ പോകാൻ നേരം അഭിമന്യുവിന്റെ കണ്ണുകൾ കൃഷ്ണയെ തേടിക്കൊണ്ടിരുന്നു. എന്നാൽ അവൾ അപ്പോഴേക്കും വീണ്ടും തൂണിനു പിന്നിലായി മറഞ്ഞിരുന്നു.

***********************

അഭിയുടെയും കൃഷ്ണയുടെയും ജാതകങ്ങൾ തമ്മിലും ഹരിയുടെയും മീനാക്ഷിയുടെയും ജാതകങ്ങൾ തമ്മിലും പൊരുത്തം നോക്കിയതിനു ശേഷം ഇരു കൂട്ടരുടെയും സമയസൗകര്യങ്ങൾ കണക്കിലെടുത്തു നിശ്ചയത്തിനും വിവാഹത്തിനുമായി തീയതി കുറിച്ചു.

വരുന്ന മാസം ആദ്യ ആഴ്ചയിൽ നിശ്ചയവും രണ്ടാഴ്ചയ്ക്കു ശേഷം വിവാഹവും എന്ന രീതിയിലാണ് തീയതി കുറിക്കപ്പെട്ടത്.

വളരെ വേഗം തന്നെ ചെമ്പകശ്ശേരി ഒരു കല്യാണവീടായി മാറിക്കഴിഞ്ഞു. രണ്ടു കല്യാണങ്ങൾ ഒരുമിച്ചു നടക്കാൻ പോകുന്നു എന്നത് പലരുടെയും സന്തോഷം ഇരട്ടിച്ചിരുന്നു.

മിക്ക നേരത്തും ഫോൺ വിളിയുമായി ഹരിയും മീനാക്ഷിയും തീർത്തും തിരക്കിലായി. ദിവസങ്ങൾ അടുക്കുംതോറും എല്ലാവരും അതീവ സന്തോഷത്തിൽ കാണപ്പെട്ടു.

ഓടി നടന്നു എല്ലാ കാര്യങ്ങളും ചെയ്യാൻ രവീന്ദ്രനും സതീശനും മത്സരിച്ചു. എല്ലാ വിധ നിർദ്ദേശങ്ങളും നൽകി നാരായണിയമ്മ അവരോടൊപ്പം ഉണ്ടായിരുന്നു.

എന്നാൽ കല്യാണത്തിരക്കിനു ഇടയിലും കൃഷ്ണ പഠിക്കാനായി സമയം നീക്കിവെച്ചു.
എന്ത് തന്നെ വന്നാലും കോഴ്സ് കംപ്ലീറ്റ് ചെയ്യണം എന്നത് അവളുടെ വാശി ആയിരുന്നു.

മീനു ചേച്ചിയുടെ വിവാഹത്തിനൊപ്പം തന്റെയും നടത്താം എന്ന് പറഞ്ഞപ്പോൾ ആരെങ്കിലുമൊക്കെ എതിർക്കുമെന്നാണ് കൃഷ്ണ കരുതിയിരുന്നത്. എന്നാൽ അങ്ങനെയെയൊന്നും ഉണ്ടായില്ല എന്നത് അവൾക്ക് സമാധാനം നൽകി.

അല്ലെങ്കിൽ അതിന്റെ പേരിലും വീണ്ടും തർക്കങ്ങൾ ഉണ്ടായേനെ. സാധാരണ അവൾക്ക് വേണ്ടി എന്തെങ്കിലും ആവിശ്യങ്ങൾ ചെയ്യേണ്ടി വന്നാൽ ആദ്യം തന്നെ ഒരുപാട് എതിർപ്പുകൾ ഉണ്ടാകുന്നത് ആണ്.

പഠിപ്പിക്കുന്നതിന്റെ ചിലവ് ഓർക്കുമ്പോൾ, എന്തെങ്കിലും തനിക്കായി വാങ്ങേണ്ടി വരുമ്പോൾ, എല്ലാവരോടും ഒപ്പം എവിടെയെങ്കിലും യാത്ര ചെയ്യണമെങ്കിൽ, എന്തിന് നല്ലൊരു വസ്ത്രം പോലും അച്ഛന്മാരോ അല്ലാതെ ആരെങ്കിലുമോ വാങ്ങി തരുമ്പോളും ആദ്യം തന്നെ അതിനെ മറ്റുള്ളവർ എതിർക്കുകയാണ് ചെയ്യാറുള്ളത്.

വിവാഹം തീരുമാനിക്കപ്പെട്ടപ്പോഴും മീനു ചേച്ചിയുടെ ഒപ്പം തന്റെയും നടക്കാൻ പോകുന്നു എന്നത് അവൾക്ക് തീർത്തും വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഹരിയേട്ടന്റെ അച്ഛനും അമ്മയും തർക്കിക്കുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല. താൻ എങ്ങനെയെങ്കിലും വേഗം ഇവിടെ നിന്ന് ഒഴിഞ്ഞു പോകുമല്ലോ എന്നു അവരൊക്കെ കരുതികാണുമെന്ന് കൃഷ്ണ ധരിച്ചു.

ഒരു വിവാഹസമ്മാനം എന്നത് പോലെ യദുവും കാവ്യയും ചേർന്ന് അവൾക്കായി ഒരു സ്മാർട്ട്‌ ഫോണും ലാപ്ടോപ്പും വാങ്ങി നൽകി.

തനിക്ക് ഇതൊന്നും വേണ്ടന്ന് പറഞ്ഞെങ്കിലും ‘നിന്റെ പഠനത്തിന് ഇതുപകരിക്കും ‘ എന്നുള്ള യദുവിന്റെ വാക്കുകളിൽ അവളത് സ്വീകരിച്ചു . ഒരുതരത്തിൽ അവൾക്കതൊരു സഹായം തന്നെയായിരുന്നു .

യൂണിവേഴ്സിറ്റി സൈറ്റിൽ നിന്നു മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ സംഘടിപ്പിക്കാനും പ്രധാനപ്പെട്ട പാഠഭാഗങ്ങൾ കണ്ടെത്താനും അവളത് ഉപയോഗിച്ചു.

ഓൺലൈൻ മോക്ക് ടെസ്റ്റുകൾ എഴുതി അവൾ പഠനത്തിൽ കൂടുതൽ ശ്രദ്ധാലുവായി.

അങ്ങനെ വിവാഹനിശ്ചയദിനം വന്നെത്തി. ചടങ്ങുകൾക്കായി ഒരു ഓഡിറ്റോറിയം ബുക്ക്‌ ചെയ്തിരുന്നു.

രാവിലെ 10:30 ആകുമ്പോഴേക്കും ചടങ്ങുകൾ തുടങ്ങാൻ തീരുമാനം ആയി.
രാവിലെ നേരത്തെ തന്നെ കൃഷ്ണയും മീനാക്ഷിയും തയ്യാറായി യദുവിനോടൊപ്പം പുറപ്പെട്ടു. പിന്നാലെ ബാക്കിയുള്ളവരും എത്തി.

ചെമ്പകശ്ശേരിയിൽ നിന്നും എല്ലാവരും എത്തിക്കഴിഞ്ഞു അല്പനേരത്തിനു ശേഷമാണ് ഹരിയും കുടുംബവും എത്തിയത്. അതിനു പിന്നാലെ അഭിമന്യുവും കുടുംബവും എത്തി.

രവീന്ദ്രനും സതീശനും മുൻനിരയിൽ നിന്നു ഇരു കുടുംബങ്ങളെയും സ്വീകരിച്ചു.
നീല നിറത്തിലുള്ള സാരിയിൽ ആയിരുന്നു കൃഷ്ണയും മീനാക്ഷിയും.

ഇരുവർക്കും ഒരേപോലെയുള്ള സാരി നാരായണിയമ്മയുടെ നിർദ്ദേശപ്രകാരം ആയിരുന്നു വാങ്ങിയത്. അവർക്കു യോജിക്കുന്ന നിറത്തിലുള്ള ഷർട്ട്‌ അണിഞ്ഞാണ് ഹരിയും അഭിയും എത്തിയിരുന്നത്.

നാലുപേരെയും അലങ്കരിച്ചിരുന്ന സ്റ്റേജിലേക്ക് കയറ്റി. ക്ഷണിക്കപ്പെട്ടിരുന്ന അതിഥികൾക്ക് മുന്നിൽ വെച്ച് ചടങ്ങുകൾക്ക് ശേഷം ഹരിയും മീനാക്ഷിയും തമ്മിലും അഭിയും കൃഷ്ണയും തമ്മിലും മോതിരം കൈമാറി അണിയിച്ചു.

ചടങ്ങുകളിൽ ഉടനീളം ഹരിയും മീനാക്ഷിയും വളരെ സന്തോഷത്തിൽ കാണപ്പെട്ടു. എന്നാൽ കൃഷ്ണയുടെ മുഖം മങ്ങിയിരുന്നു . അഭി അത് ശ്രെദ്ധിക്കയും ചെയ്തു.

അഭി തന്നെ സൂക്ഷ്മമായി നോക്കുന്നു എന്ന് മനസ്സിലായതും ഒരു നേർത്ത ചിരി അവൾ മുഖത്തണിഞ്ഞു.

ചടങ്ങുകൾക്ക് ശേഷം അഭിയുടെ അമ്മയും അച്ഛനും കൃഷ്ണയോട് സംസാരിക്കാനായി അടുത്ത് വന്നു. കൂടെ അഭിയുടെ ഏട്ടന്മാരും ഏട്ടത്തിമാരും ഉണ്ടായിരുന്നു.

അവരെല്ലാം അവളെ പരിചയപ്പെടുകയും ധാരാളം സംസാരിക്കയും ചെയ്തു. ഒരുപാട് നേരം ജാനകി മുൻപരിചയമുള്ളത് പോലെ കൃഷ്ണയോട് സംസാരിച്ചുകൊണ്ടിരുന്നു.

അവൾക്കും അതൊരു അദ്ഭുതമായിരുന്നു. അന്ന് പെണ്ണുകാണാൻ വന്നപ്പോൾ ചുരുങ്ങിയ വാക്കുകളിൽ മാത്രമേ മിണ്ടാൻ സാധിച്ചുള്ളൂ എങ്കിലും ഒരുപാട് സ്നേഹത്തോടെയാണ് അവർ അന്ന് തന്നെ സമീപിച്ചത്.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവൾ ജാനകിയുമായി ഇണങ്ങി. മുൻപരിചയമില്ലാത്ത ഒരാളോടും താൻ ഇങ്ങനെ ഇണങ്ങാറില്ലല്ലോ എന്നവൾ ചിന്തിച്ചു.

അതേ അത്ഭുതം ഹരിയിലും പ്രകടമായിരുന്നു. അവനത് മീനാക്ഷിയുമായി പങ്കുവെക്കുകയും ചെയ്തു.

അഭിമന്യു കൃഷ്ണയുടെ അരികിൽ തന്നെയായിരുന്നു. ജാനകിയും പ്രതാപനും അഭിയുടെ ഏട്ടന്മാരും ഏട്ടത്തിമാരും അവളോട് ഇടവിടാതെ സംസാരിക്കുന്നുണ്ടായിരുന്നു.

വളരെ അടുപ്പം തോന്നിക്കുന്ന വിധമായിരുന്നു അവർ ഓരോരുത്തരുടെയും പെരുമാറ്റവും സംസാരരീതികളും. അവ തെല്ലൊന്നുമല്ല കൃഷ്ണയെ അമ്പരപ്പിച്ചത്.

തന്നെക്കുറിച്ചു പല കാര്യങ്ങളും അവർക്ക് മുൻപ് തന്നെ അറിയാം എന്നുള്ളത് അവൾക്ക് ബോധ്യമായി. എന്നാൽ അവൾക്കു ഏറ്റവും അതിശയമായി തോന്നിയത് അഭിമന്യു തന്നോട് ചോദിച്ച കാര്യങ്ങൾക്കെല്ലാം താൻ വാചാലയായി ഉത്തരം നൽകിയെന്നാണ്.

ഇത് വരെയും പരമാവധി ചുരുക്കം വാക്കുകളാൽ മാത്രമാണ് അവനുമായി സംവദിച്ചിട്ടുള്ളത്. എന്നാലിന്ന് അഭിയുടെ വീട്ടുകാർ തന്നോട് കാട്ടിയ അടുപ്പത്തിന് മുന്നിൽ അഭിയോടും താൻ ഒരുപാട് സംസാരിച്ചിരിക്കുന്നു.

അവൾക്ക് ജാള്യത തോന്നി. ഒറ്റ ദിവസം കൊണ്ട് താൻ ഒരുപാട് മാറിയത് പോലെ. അവൾ അഭിയെ ശ്രെദ്ധിച്ചു. അവൻ വളരെയധികം സന്തോഷത്തിൽ ആണ്.

ഇത് വരെയും ഉള്ളിൽ അല്പം ഭയത്തോടെയും അകൽച്ചയോടെയും മാത്രമേ താൻ അവനെ കണ്ടിട്ടുള്ളു. എന്നാലിന്ന് ആദ്യമായാണ് ഇത്രയും അടുത്ത് ഇടപഴകുന്നത്.

ഭക്ഷണം കഴിക്കാൻ നേരത്ത് കൃഷ്ണയും അഭിമന്യുവും അവനു തൊട്ടടുത്തായി ഹരിയും മീനാക്ഷിയും ഇരുന്നു.

പതിവ് പോലെ തന്നെ ഹരിയുടെ ഇടതും വലതുമായി മീനാക്ഷിയും കൃഷ്ണയും ഉണ്ടല്ലോയെന്ന് യദു പറഞ്ഞു ചിരിച്ചു. കൂടെയുള്ളവരും ആ ചിരിയിൽ പങ്കു ചേർന്നു.

എപ്പോഴും ഹരിയേട്ടനൊപ്പം ഇരിക്കുമ്പോൾ തന്നോടാണ് കൂടുതൽ സംസാരിക്കുക. അതോടൊപ്പം മീനാക്ഷിയെയും അവൻ പരിഗണിക്കും.

എന്നാൽ അവരുടെ ഇഷ്ടം തിരിച്ചറിഞ്ഞ ശേഷം താൻ അവർക്ക് ഇടയിലായി അധികം നേരം നിൽക്കാറില്ല. അതിൽപിന്നെ ആദ്യമായാണ് തങ്ങൾ ഒരുമിച്ചു ആഹാരം കഴിക്കുന്നതെന്നു കൃഷ്ണ പൊടുന്നനെ ഓർത്തു.

കുറച്ചു നാളുകളായി ഹരിയ്ക്ക് തന്നോട് മിണ്ടാൻ പോലും സമയം കിട്ടിയിരുന്നില്ലല്ലോ. മിക്ക ദിവസങ്ങളിലും അവൻ താനുണ്ടാക്കിയ ബ്രേക്ഫാസ്റ് കഴിക്കാൻ തറവാട്ടിലെത്തിയിരുന്നതാണ്.

മീനു ചേച്ചിയുമായി ഇഷ്ടത്തിൽ ആയതിനു ശേഷം തറവാട്ടിലെത്തി ചേച്ചിയോട് മിണ്ടിക്കൊണ്ടിരിക്കും.

പലപ്പോഴും അതിനിടയിൽ താനുണ്ടാക്കിയ ആഹാരം ഒന്ന് രുചിച്ചു പോലും നോക്കാതെ തിരികെ പോകയും ചെയ്യും.

എന്നാൽ ഇന്ന് ഹരി പഴയ പോലെ തന്നെ ഒരു വ്യത്യാസവും ഇല്ലാതെ കൃഷ്ണയോടും മീനാക്ഷിയോടും കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

പക്ഷെ എന്ത്കൊണ്ടോ അവൾ കൂടുതലും ആഗ്രഹിച്ചത് അഭിമന്യു തന്നോട് സംസാരിക്കണം എന്നതായിരുന്നു. അവളുടെ മനസ് പോലെ തന്നെ അഭിയും വീട്ടുകാരും അവളെ തങ്ങളിൽ ഒരാളായി കൂടെ നിർത്തി.

ചടങ്ങുകൾ എല്ലാം കഴിഞ്ഞു ചെമ്പകശ്ശേരിയിൽ എല്ലാവരോടും യാത്ര പറഞ്ഞു പോകാൻ തുടങ്ങുകയായിരുന്നു അഭിമന്യുവും അവന്റെ കൂടെ വന്നവരും.

തിരികെ പോകുന്നത് വരെയും കൃഷ്ണയെ അവരുടെ അരികിൽ തന്നെ നിർത്തിയിരിക്കയായിരുന്നു.

ഈ ദിവസം പെട്ടന്നു കടന്നു പോയല്ലോ എന്ന് അവൾ കരുതുകയും ചെയ്തു. ഇടയ്ക്ക് അറിയാതെ തന്നെ അവളുടെ നോട്ടം അഭിയിൽ പതിക്കയും അവൻ നോക്കുമ്പോൾ അവൾ നോട്ടം പിൻവലിക്കയും ചെയ്തു.

കൃഷ്ണ അഭിയുടെ വീട്ടുകാരുമായി സംസാരിക്കുന്നതും അവർ അവളോട് ഇടപഴകുന്നതും മാറി നിന്നു ഹരി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്ക് കൃഷ്ണയുടെ നോട്ടം ഹരിയിലേക്ക് എത്തിയതും അവനൊന്നു കണ്ണുകൾ അടച്ചു കാട്ടി പുഞ്ചിരിച്ചു.

അതോടൊപ്പം മീനാക്ഷിയുടെ കൈകൾ അവന്റെ കൈത്തണ്ടയിൽ പിടിമുറുക്കി. കൃഷ്ണയും അവനെ നോക്കി തിരികെ പുഞ്ചിരിച്ചു.

അതേ സമയം തന്നെ അഭിയുടെ കൈകൾ കൃഷ്ണയുടെ കൈകളെ കവർന്നിരുന്നു. അത് തടയുകയോ കൈ പിൻവലിക്കുകയോ ചെയ്യാൻ കൃഷ്ണയും മുതിർന്നില്ല.

(തുടരും )

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3

ഹൃദയസഖി : ഭാഗം 4

ഹൃദയസഖി : ഭാഗം 5

ഹൃദയസഖി : ഭാഗം 6

ഹൃദയസഖി : ഭാഗം 7

ഹൃദയസഖി : ഭാഗം 8

ഹൃദയസഖി : ഭാഗം 9

ഹൃദയസഖി : ഭാഗം 10

ഹൃദയസഖി : ഭാഗം 11