അനു : ഭാഗം 48

Spread the love

എഴുത്തുകാരി: അപർണ രാജൻ

വണ്ടിയിൽ നിന്നിറങ്ങിയതും വിശ്വ അവളുടെ മുഖത്തേക്ക് നോക്കി . തലയിൽ നിന്ന് ഹെൽമെറ്റൂരിക്കൊണ്ട് തിരിഞ്ഞതും , തന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്ന വിശ്വയെ കണ്ട് അനുവിന്റെ പുരികം പൊങ്ങി . എന്ത്യേ ഇങ്ങനെ എന്നെ നോക്കുന്നെ എന്ന ഭാവത്തിൽ തന്നെ നോക്കുന്ന അനുവിനെ കണ്ടതും അവൻ പതിയെ പുഞ്ചിരിച്ചു . “മൂക്കിലെ ചുവപ്പ് ഇതുവരെ മാറിയില്ലല്ലോ ???? ” അവളുടെ മൂക്കിൽ പതിയെ തട്ടിക്കൊണ്ടവൻ ചോദിച്ചതും അനു മനസ്സിലാവാത്ത രീതിയിൽ തന്റെ തല ചരിച്ചു .

താൻ പറഞ്ഞത് അവൾക്ക് മനസ്സിലായില്ലന്നറിഞ്ഞതും വിശ്വ തലയിൽ കൈ വച്ചുക്കൊണ്ട് അനുവിന് നേരെ നോക്കി . അഭിനയിക്കുവാണോ എന്തോ ???? “കൈക്ക് എന്ത് പറ്റി ????? ” വിശ്വയുടെ പുറം കൈ ചെറുതായി പൊട്ടിയിരിക്കുന്നത് കണ്ടതും , അവൾ വേഗം അവന്റെ കൈയിൽ പിടിച്ചു തന്റടുത്തേക്ക് വലിച്ചു നോക്കുന്നതിനിടയിൽ ചോദിച്ചു . തന്റെ നോട്ടത്തെ അവഗണിച്ചു കൊണ്ടുള്ള , അനുവിന്റെ ചോദ്യം കേട്ടതും വിശ്വ പെട്ടെന്ന് കൈയിലേക്ക് നോക്കി . അനു പറഞ്ഞതുപ്പോലെ ചെറിയൊരു മുറിവ് അവിടെയുണ്ട് . “പോയപ്പോൾ ഇങ്ങനെ ഒന്ന് കൈയിൽ ഉണ്ടായിട്ടില്ലായിരുന്നല്ലോ ????

ഇപ്പോൾ എങ്ങനെ വന്നു ???? ആരെങ്കിലുമായി തല്ലുണ്ടായോ ???? ” കണ്ണ് രണ്ടും കൂർപ്പിച്ചുക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും , അവൻ നിഷേധാർത്ഥത്തിൽ തന്റെ തല ചെറുതായി കുടഞ്ഞു . “ഇത് അവിടെ ഭിത്തിയിൽ ചെന്നിടിച്ചതാടോ …… ” കൈ അനുവിൽ നിന്നും വേർപ്പെടുത്തിക്കൊണ്ടവൻ പറഞ്ഞതും , അവളുടെ നെറ്റി ചുളിഞ്ഞു . “ആടോ നീലി …… അവിടെ എനിക്ക് വല്ല ശത്രുക്കളും ഉണ്ടെങ്കിൽ പിന്നെയും തനിക്കെന്നെ സംശയിക്കാൻ കാരണമുണ്ടെന്നു വിചാരിക്കാം ….. ഇതിപ്പോൾ ഞാൻ ആദ്യമായിട്ട് ചെല്ലുന്ന ഒരിടത്തു ആരെ ഇടിക്കാനാണ് …..??? ”

നിങ്ങളാരോടാ മോനെ ഈ കള്ളം പറയുന്നെ എന്ന രീതിയിൽ തന്നെ ചിറഞ്ഞു നോക്കുന്ന അനുവിനെ കണ്ടുക്കൊണ്ട് വിശ്വ പറഞ്ഞതും , അനു ഒന്നമർത്തി മൂളി . വിശ്വസിച്ചെന്നപ്പോലെ …… “ശരി എങ്കിൽ ഞാൻ പോകുവാ ……. അവിടെ ഷാന ഒറ്റയ്ക്കാണ് …… ഞാൻ നേരത്തെ ചെല്ലാമെന്ന് പറഞ്ഞിരുന്നു …… ” ഞാൻ പോയിക്കോട്ടെയെന്ന രീതിയിലുള്ള അനുവിന്റെ നോട്ടം കണ്ടതും , അവൻ പുഞ്ചിരിച്ചു സമ്മതമെന്നോണം പതിയെ തലയാട്ടി . തന്നെ ഒരു പ്രാവിശ്യം കൂടി തിരിഞ്ഞു നോക്കി കൊണ്ട് വണ്ടി എടുത്തു പോകുന്ന അനുവിനെ കണ്ടപ്പോഴാണ് വിശ്വയുടെ ശ്വാസം നേരെ വീണത് . ഹോ….!!! നീലിക്ക് ഭയങ്കര കാഴ്ച ശക്തിയാണല്ലോ…..??? ഞാൻ പോലും ഈ മുറിവ് ശ്രദ്ധിച്ചില്ല ……

പുറം കൈയിലെ മുറിവിലേക്ക് ഒന്നുകൂടി നോക്കി കൊണ്ട് വിശ്വ തിരിഞ്ഞു സ്റ്റേഷനിലേക്ക് നടന്നു . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ “എനിക്ക് തോന്നണില്ല രാഗെ നീ വിചാരിക്കുന്നപ്പോലെ അനിയെ നീ അവളിൽ നിന്ന് തട്ടിയെടുത്താണെന്ന് ……. ” എരിതീയിൽ എണ്ണയെന്നപ്പോലെയുള്ള നിത്യയുടെ വാക്കുകൾ കേട്ടതും രാഗ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കിയിരുന്നു .. “നിന്നെ പോലെ തന്നെ ഞാനും അങ്ങനെ തന്നെയാ വിചാരിച്ചിരുന്നത് …….. ഇന്ന് അവരെ ഒന്നിച്ചു കാണുന്നത് വരെ ……. കണ്ടു കഴിഞ്ഞപ്പോഴാ അവളന്ന് നിന്നെ നോക്കി പറഞ്ഞതൊന്നും വെറുതെയല്ലന്ന് മനസ്സിലായത് …….. ” പഴയ കാര്യങ്ങളോരൊന്നും ഓർമയിൽ തെളിയാൻ തുടങ്ങിയതും രാഗ തന്റെ കണ്ണുകൾ ഇറുകെ പൂട്ടി . ……….

നീ എന്താ വിചാരിച്ചത് ???? അവൻ വന്നു നിന്നെയാ ഇഷ്ടമെന്ന് പറഞ്ഞപ്പോൾ ഞാൻ മോങ്ങിക്കൊണ്ട് പോയതാണെന്നോ???? അനുവിന്റെ ചോദ്യം കേട്ടതും രാഗ പുച്ഛത്തിൽ തന്റെ ചുണ്ട് കോട്ടി . എന്നാൽ മോള് കേട്ടോ …… അവനെ എനിക്ക് വേണമെന്ന് ഉണ്ടായിരുന്നെങ്കിലെ ……. അവൻ ഇപ്പോൾ എന്റെ ഒപ്പം ഉണ്ടായേനെ ……. അതായത് അവൻ എന്നെ അല്ല , ഞാൻ അവനെയാണ് ഇട്ടേച്ചു പോയതെന്ന് … കൈ രണ്ടും മാറിൽ പിണച്ചു വച്ചുക്കൊണ്ട് അനു പറയുന്നത് കേട്ടതും , അവൾ പൊട്ടിച്ചിരിച്ചു…………….. അന്ന് താനത് ചിരിച്ചു തള്ളിയതാണ് . എന്നാൽ ഇപ്പോൾ… അവൾക്ക് അനിയെ ഇഷ്ടമല്ലായിരുന്നുവെങ്കിൽ പിന്നെ ഞാൻ ഇത്ര നാളും ചെയ്തു കൂട്ടിയാതൊക്കെ എന്തിനായിരുന്നു ????

താൻ അവളുടെ മുൻപിൽ വീണ്ടും തോറ്റു പോയില്ലേ ???? കൈയിൽ മുഖം താങ്ങിയിരിക്കുന്ന രാഗയെ കണ്ടതും നിത്യ പതിയെ അവളുടെ അടുത്തേക്ക് നടന്നു . “നിനക്ക് വിഷമമായോ ???? ഞാൻ അവിടെ കണ്ടത് പറഞ്ഞുവെന്നെയുള്ളൂ ……. നീ അതിനെ ഓർത്തു വിഷമിക്കൊന്നും വേണ്ട … ” രാഗയുടെ തലയിൽ കൈ വച്ചു കൊണ്ടവൾ പറഞ്ഞതും , രാഗയുടെ നോട്ടം നീണ്ടത് തന്റെ കൈയിലേക്കാണ് . അവസാനമായി അനു വന്നു പോയപ്പോൾ തന്ന സമ്മാനമാണ് . എത്ര മാസം കഴിഞ്ഞപ്പോഴാണ് തന്റെ കൈ ഒന്ന് നേരെയായത് …. അതുവരെ അമ്മയുടെ സഹായത്തോടെയാണ് താൻ വസ്ത്രം മാറിയത് പോലും ….. അമ്മ പറഞ്ഞ ഒറ്റ വാക്കിന്റെ പുറത്താണ് അവളെ അറുത്തു മുറിച്ചു കൊല്ലാനുള്ള ദേഷ്യം ഉണ്ടായിട്ട് പോലും ,

താൻ അന്നേരം ഒന്നും മിണ്ടാതെ ഇരുന്നത് .. എന്നിട്ടിപ്പോൾ ……. ഞാൻ ഇവിടെ വേദനിക്കുമ്പോൾ അവൾ അവിടെ ……. അനുവിന്റെ പുഞ്ചിരിക്കുന്ന മുഖം ഓർമയിൽ തെളിഞ്ഞതും രാഗ ദേഷ്യത്തിൽ നിത്യയെ നോക്കി . “എനിക്ക് അയാളെ പറ്റി എല്ലാം അറിയണം ……. അവളുടെ കാമുകനെ പറ്റി ……. ” രാഗയുടെ വാക്കുകൾ കേട്ടതും നിത്യ ചിരിച്ചുക്കൊണ്ട് തലയാട്ടി . ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വാതിൽ തുറന്നു അകത്തു ചെന്നതും നെഞ്ചത്തൊരു വലിയ കുമ്പിൾ പാത്രം നിറയെ പോപ്‌കോണും പിടിച്ചു സോഫയിൽ മലർന്നു കിടന്നുക്കൊണ്ട് ടി വി കാണുന്ന ഷാനയെ കണ്ടു അനുവിന്റെ പുരികം പൊങ്ങി . “അഹ് നീ വന്നോ ???? ” വാതിൽ തുറന്നടയുന്ന ശബ്ദം കേട്ടതും ,

ഷാന എഴുന്നേൽക്കാതെ തന്നെ തന്റെ തലയുയർത്തിക്കൊണ്ട് അനുവിനോട് ചോദിച്ചു . “അഹ് ……. സരൂ ഇനി എന്നാ വരുന്നത് ???? ” തന്റെ ഷർട്ടൂരി കസേരയിൽ വച്ചുക്കൊണ്ട് , ഷാനയുടെ അടുത്തായി വന്നിരുന്നുക്കൊണ്ട് അനു ചോദിച്ചു . “രണ്ടു ദിവസം കഴിയും ……. ” തന്റെ അടുത്തു വന്നിരിക്കുന്ന അനുവിനെ കണ്ടതും , ഷാന സോഫയിൽ നിന്നും എഴുന്നേറ്റിരുന്നുക്കൊണ്ട് പറഞ്ഞു . “അയ്യേ….!!!!! അനക്കൊരു ബനിയനെങ്കിലും ഇട്ടുക്കൂടെ ……. ” ഒരു സ്പോർട്സ് ബ്രാ മാത്രം ഇട്ടുക്കൊണ്ട് ടിവിയിലേക്ക് നോക്കിയിരിക്കുന്ന അനുവിനെ കണ്ടു നെറ്റി ചുളിച്ചുക്കൊണ്ട് ഷാന പറഞ്ഞതും , അനു തന്റെ തല ചരിച്ചു അവളുടെ നേരെ നോക്കി . “എന്തോ എങ്ങനെ ????? ഹോസ്റ്റലിൽ വച്ചു കുളിക്കുമ്പോൾ ഒരു പഴുതാരയെ കണ്ടു തുണിയില്ലാത്ത അതെ നിൽപ്പിൽ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചവളാ …….

ഇപ്പോൾ എന്നെ ചീത്ത പറയുന്നത്…… ” എന്തോ താൻ കണ്ട കാഴ്ചയിൽ എന്റെ കണ്ണടിച്ചു പോയെ എന്ന ഭാവത്തിലിരിക്കുന്ന ഷാനയെ നോക്കി തന്റെ ചുണ്ട് കോട്ടിക്കൊണ്ട് അനു പറഞ്ഞതും , അവളുടെ കണ്ണ് തള്ളി പുറത്തേക്ക് വന്നു . നീ അത് ഇതുവരെ മറന്നില്ലേടി ഹറാമേ…..!!!! എന്ന ഭാവത്തിൽ തന്നെ നോക്കുന്ന ഷാനയെ കണ്ടു , അവൾ തന്റെ പല്ല് മുഴുവനും കാണാൻ പാകത്തിന് ഒരു ചിരി ചിരിച്ചു . ഇല്ലല്ലോ എന്ന രീതിയിൽ …… “നിങ്ങൾ രണ്ടാളും നന്നായി ചേരും കേട്ടോ …… സ്വഭാവം കൊണ്ടും എല്ലാം കൊണ്ടും …… ” പെട്ടെന്നെന്തോ ഓർത്തപ്പോലെ ഷാന പറഞ്ഞതും , അനു മനസ്സിലാവാത്തപ്പോലെ ഷാനയെ നോക്കി . “ഞാൻ വിചാരിച്ചു പുള്ളി എങ്കിലും നിന്നെപ്പോലെ എന്തെങ്കിലും കേട്ടാൽ അപ്പോൾ തന്നെ ചാടി കടിക്കുന്ന സ്വഭാവക്കാരൻ അല്ലന്ന് ……

ഇന്നത്തെ നിത്യയോടുള്ള പെരുമാറ്റവും സംസാരവുമൊക്കെ കണ്ടപ്പോൾ സത്യം പറയാലോ ….. ഞാൻ വിചാരിച്ചു ആള് സാൾട്ട് ആൻഡ് പെപ്പറിലെ ബാബു രാജിനെ പോലെയാണെന്ന് ……. എന്നാൽ ഇന്ന് അവിടെ നടന്ന സംഭവം ഒക്കെ കണ്ടപ്പോൾ മനസ്സിലായി ……. ആള് ഭയങ്കര ടെററാണെന്ന് ……. ” കാര്യമെന്തെന്ന് പറയാതെ വായിട്ടലയ്ക്കുന്ന ഷാനയെ കണ്ടതും , അവൾ കണ്ണ് രണ്ടും ഉരുട്ടിക്കൊണ്ട് ഷാനയുടെ നേരെ നോക്കി . “നീ കാര്യം എന്താണെന്നു പറ എന്റെ ഷാനെ ….. ” മുടി മുഴുവനും വാരി കെട്ടിക്കൊണ്ട് അനു ചോദിച്ചതും , ഷാന വേഗം അവളുടെ നേരെ തിരിഞ്ഞിരുന്നു . “അപ്പോൾ നീ അറിഞ്ഞില്ലേ ???? നിങ്ങൾ രണ്ടു പേരും സരൂവിന്റെ വീട്ടിൽ നിന്നിറങ്ങിയതിനു പുറകെ ആ കോയി സുധി മൂക്കിൽ പ്ലാസ്റ്ററും ഇട്ടുക്കൊണ്ട് വന്നിട്ടുണ്ടായിരുന്നു ……

ഓ അവന്റെ ആ മോന്തയുടെ ഷേപ്പ് ഒന്ന് കാണേണ്ടതായിരുന്നു എന്റെ മോളെ…… ” എന്തോ വലിയ മഹാത്ഭുതം നടന്നപ്പോലെയുള്ള അവളുടെ പറച്ചിൽ കേട്ടതും അനുവിന്റെ നെറ്റി ചുളിഞ്ഞു . “അവന്റെ മൂക്കിന്റെ പാലം പൊട്ടിയതും ഞാനുമായി എന്ത് ബന്ധം????? ” കണ്ണും മിഴിച്ചുക്കൊണ്ടുള്ള അനുവിന്റെ ചോദ്യം കേട്ടതും , അവൾ സ്വയം തലയ്ക്കിട്ട് അറിയാതെ ഒന്ന് കൊട്ടി പോയി . “എടി അലവലാതി…… അന്റെ ഭാവി പുയ്യാപ്ലയാണ് ആ കോയിടെ മൂക്ക് ഇടിച്ചു പരത്തിയത് …… ” തലയിൽ കൈ വച്ചു കൊണ്ട് ഷാന പറഞ്ഞത് കേട്ടതും അനു ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു . ഷാന പറഞ്ഞത് കേട്ടപ്പോഴാണ് വിശ്വയുടെ കൈയിൽ കണ്ട ചതവ് എങ്ങനെ വന്നുവെന്നവൾക്ക് മനസ്സിലായത് .

കാക്കി ആള് കൊള്ളാലോ???? ആദ്യം ഞെട്ടി തരിച്ച മുഖവുമായി നിന്നവൾ ഇപ്പോൾ നിന്നു ചിരിക്കുന്നത് കണ്ടതും ഷാനയുടെ കണ്ണുകൾ കുറുകി . വട്ടായോ റബ്ബേ….!!!! “എന്താ കാരണമെന്ന് അറിയോ???? ” അനുവിന്റെ ചോദ്യം കേട്ടതും എനിക്ക് അറിയാൻ മേലെ എന്ന രീതിയിൽ അവൾ തന്റെ തോള് ചുരുക്കി കാണിച്ചു . വോ അല്ലാത്ത കാര്യങ്ങളെല്ലാം അവൾക്ക് കിറു കൃത്യമായിയറിയാം …….. ഇത് മാത്രം അവൾക്ക് മര്യാദക്ക് അറിയാൻ മേലാ …… എന്താണ് കാര്യമെന്ന് അറിയില്ലന്ന് ഷാന പറഞ്ഞതും അനു പിറുപ്പിറുത്തുക്കൊണ്ട് തന്റെ ഫോണെടുത്തു ബാൽക്കണിയിലേക്ക് നടന്നു . ങേ…..!!!!! ഇവള് പോലീസിനെ വിളിച്ചു ചോദിക്കാൻ പോകുവാണോ ???? തന്നെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഫോണുമായി ബാൽക്കണിയിലേക്ക് നടക്കുന്ന അനുവിനെ കണ്ടു ഷാന സ്വയം ചോദിച്ചു .

കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോഴാണ് മേശ പുറത്തിരുന്നു നിർത്താതെ റിങ് ചെയ്യുന്ന ഫോൺ കണ്ടതും വിശ്വ ഫോൺ എടുത്തു സ്ക്രീനിലേക്ക് നോക്കി . നീലി!!!!! സ്ക്രീനിൽ കണ്ട പേര് കണ്ടതും വിശ്വയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു . “എന്താണടോ ????? ” “താൻ ആരെയോ ഇന്ന് തല്ലിന്ന് കേട്ടു …… എന്താ കാരണം???? ” യാതൊരു ചുറ്റി വളച്ചിലും ഇല്ലാതെ അനു ചോദിച്ചതും വിശ്വ ഞെട്ടി . നീലി എങ്ങനെ അറിഞ്ഞു???? “എങ്ങനെ അറിഞ്ഞു എന്നാണോ ആലോചിക്കുന്നത്????? നമ്മൾ ആരുടെ നിശ്ചയത്തിനാണ് പോയതെന്ന് അറിയോ???? ” മറുവശത്ത് നിന്നും വിശ്വയുടെ ശബ്ദമൊന്നും കേൾക്കാത്തതുക്കൊണ്ട് , അവന്റെ മനസ്സിലിപ്പോൾ എന്തായിരിക്കുമെന്നൂഹിച്ചുക്കൊണ്ടവൾ ചോദിച്ചപ്പോഴാണ് വിശ്വയ്ക്കും അത് കത്തിയത് .

അനുവിന്റെ അമർത്തി പിടിച്ചുള്ള ചിരി കേട്ടതും , അവൻ സ്വയം തലയ്ക്കിട്ട് കൊട്ടി ….. മന്ദബുദ്ധി..!!!! ആ കാര്യം ഞാൻ മറന്നു പോയല്ലോ???? “പറ വിശ്വാ…… എന്തായിരുന്നു പ്രശ്നം????? ” എത്ര നേരം വേണമെങ്കിലും സമയമെടുത്തോ , പക്ഷേ എന്നോട് കാര്യം പറഞ്ഞാൽ മാത്രം മതിയെന്ന രീതിയിൽ അനു ചോദിച്ചതും , വിശ്വ പതിയെ നിശ്വസിച്ചു . പറയാതെ ഇവൾ ഫോൺ കട്ട് ചെയ്യുമെന്ന് തോന്നുന്നില്ല…… “തന്നെ പറ്റി അനാവശ്യം പറഞ്ഞു , എനിക്ക് ഇഷ്ടപ്പെട്ടില്ല ……. ” ഗൗരവം നിറഞ്ഞ വിശ്വയുടെ ശബ്ദം കേട്ടതും അനു പതിയെ പുഞ്ചിരിച്ചു . ആഹാ….!!!! അതാണോ കാരണം?? “എന്താ അവൻ പറഞ്ഞത്???? ” കുസൃതി നിറഞ്ഞ അവളുടെ ചോദ്യം കേട്ടതും വിശ്വ ഇല്ലയെന്ന രീതിയിൽ തല കുലുക്കി . “അഹ് പറ മനുഷ്യാ…… ” കുത്തി കുത്തി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും വിശ്വയുടെ നെറ്റി ചുളിഞ്ഞു .

ഇത് അനു തന്നെയല്ലേ??? സ്ക്രീനിലേക്ക് ഒന്നുകൂടി നോക്കി തന്റെ നീലി തന്നെയാണ് ഉറപ്പു വരുത്തിയതും , വിശ്വ വീണ്ടും ഫോണെടുത്തു ചെവിയിലേക്ക് ചേർത്തു . “അവൻ നിന്നെ വളയ്ക്കാൻ ഒത്തിരി നോക്കിയതാ ……. എന്നിട്ട് നടന്നില്ല പോലും ……. അതുകൊണ്ട് എനിക്ക് മടുക്കുമ്പോൾ ജസ്റ്റ്‌ ഒന്ന് എക്സ്ചേഞ്ച് ചെയ്യാൻ പറഞ്ഞു , അവനു അത്ര മുട്ടി നിൽക്കുവാണെങ്കിൽ മടുക്കുന്ന വരെ നോക്കി നിൽക്കണ്ട ഇപ്പോൾ തന്നെ തന്നേക്കാമെന്ന് ഞാൻ പറഞ്ഞു ……. കൊടുത്തു….. ” പല്ലിറുമ്മിക്കൊണ്ടുള്ള അവന്റെ മറുപടി കേട്ടതും , അനുവിന് അവളെ തന്നെയാണ് ഓർമ വന്നത് . ഇടയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് അച്ഛൻ ഇറക്കി കൊണ്ട് വരുമ്പോൾ താനും ഇങ്ങനെ തന്നെയാണ് പറയാറുള്ളത് .

“എന്നും പറഞ്ഞു മൂക്കിടിച്ചു പരത്തുകയാണോ വേണ്ടത്…..???? ” “ഒരു ഇടിയിൽ തന്നെ അവന്റെ പാലം പൊട്ടുമെന്ന് ഞാൻ അറിഞ്ഞോ?????? ” അവനു ആരോഗ്യം ഇല്ലാത്തതും , എനിക്ക് കുറേശ്ശെ ആരോഗ്യം കൂടി പോയതും എന്റെ കുഴപ്പം അല്ലല്ലോ എന്ന രീതിയിൽ തോള് ചുരുക്കിക്കൊണ്ട് വിശ്വ പറഞ്ഞതും , അനു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല . “അപ്പോൾ നിത്യയോട് മാത്രം എന്താ ഒന്നും മിണ്ടാതെ നിന്നത്???? ” കുറച്ചു നേരത്തെ മൗനത്തിനു ശേഷം അനു ചോദിച്ചതും , പ്രതീക്ഷിച്ച ചോദ്യമെന്ന രീതിയിൽ അവൻ പതിയെ തന്റെ തലയാട്ടി . “ഞാൻ നോക്കിയപ്പോൾ താൻ അകത്തു നിന്നും വരുന്നത് കണ്ടു , മാത്രല്ല ഒരു പെണ്ണിന് നേരെ കൈ വീശുന്നത് മോശമല്ലേ ???? അതുകൊണ്ട് എനിക്ക് പകരം താൻ പെരുമാറിക്കോട്ടെന്ന് കരുതി ഞാൻ മാറി തന്നതാ…… ” “വെറുതെയല്ല , നമ്മൾ നന്നായി ചേരുമെന്ന് ഷാന പറഞ്ഞത്…..

” അവൾ പറഞ്ഞത് കേട്ടതും വിശ്വ ചിരിച്ചു . “അങ്ങനെ തോന്നിയോ???? ” “അതേലോ….. ” ചെറിയൊരു ഈണത്തിൽ നീട്ടി കൊണ്ടുള്ള വിശ്വയുടെ ചോദ്യം കേട്ടതും അവളും അതെ താളത്തിൽ മറുപടി പറഞ്ഞു . “അനൂ…..!!!!! ” അകത്തു നിന്ന് ഷാനയുടെ വിളി കേട്ടതും , അവൾ വേഗം തിരിഞ്ഞു നോക്കി . “ഇവിടെ വരെ ഒന്ന് വന്നെ….. ” ഷാനയുടെ വിളി കേട്ടതും അനു ദയനീയമായി തന്റെ ഫോണിലേക്കൊന്ന് നോക്കി . “ഞാൻ …… പിന്നെ…… ” “കുഴപ്പമില്ലടോ …… പോയിട്ട് വാ …… ” അതും പറഞ്ഞു വിശ്വാ കാൾ കട്ട്‌ ചെയ്തതും , അനു തന്റെ പല്ലിറുമ്മിക്കൊണ്ട് അകത്തേക്ക് നടന്നു . അലവലാതി ഷാന…!!! മര്യാദക്ക് ഒന്ന് സംസാരിക്കാനും സമ്മതിക്കില്ല…… നിശ്ചയം കഴിഞ്ഞു ഒന്ന് രണ്ടു ദിവസം കഴിഞ്ഞാണ് സൗപർണിക ഫ്ലാറ്റിലേക്ക് വന്നത് .

അത്രയും നാളും ഐഡിയക്കാര് പോലും തിരിഞ്ഞു നോക്കാതിരുന്ന അവളുടെ ഫോൺ , നിശ്ചയത്തിനു ശേഷം നിർത്താതെ കാറി പൊളിക്കുന്നത് കണ്ടു അനുവും ഷാനയും പരസ്പരം നോക്കി . രാവിലെ വിളിക്കുന്നു , ഉച്ചക്ക് വിളിക്കുന്നു , വീട്ടിൽ കയറുമ്പോൾ വിളിക്കുന്നു , ചോറുണ്ണുമ്പോൾ വിളിക്കുന്നു , കിടക്കുന്നതിനു മുൻപ് വിളിക്കുന്നു …….. കൈ വിട്ട് പോയി കേട്ടോ…… കുളിക്കാൻ കയറുന്നതിനു മുൻപ് പോലും , ഞാൻ കുളിക്കാൻ പോകുവാട്ടോ ചേട്ടാ……. എന്നും പറഞ്ഞു അകത്തേക്ക് പോകുന്ന സരൂവിനെ കണ്ടു ഷാന അനുവിനെ നോക്കി . പ്രസവത്തിനു ശേഷം ഒന്ന് രണ്ടാഴ്ച കഴിഞ്ഞതും ഗൗരി തിരികെ നാട്ടിലേക്ക് പോയിരുന്നു . ഇടയ്ക്ക് അനുവിനെ വിളിക്കാറും , അങ്ങോട്ടേക്ക് വരാനുമൊക്കെ പറയാറുണ്ടെങ്കിലും ജോലി തിരക്ക് കാരണം അനു പോയില്ല …..

മാത്രമല്ല , ഒരാള് തന്നെ വെല്ലുവിളിച്ചിട്ട് കൂടിയുണ്ടല്ലോ???? അടുത്ത തവണ ആ വീട്ടിൽ ഞാൻ കാലു കുത്തുമ്പോൾ എന്റെ കഴുത്തിൽ ഒരു താലി കൂടി ഉണ്ടാകുമെന്നു …… അപ്പോൾ പിന്നെ എങ്ങനെ പോകാനാണ്????? പതിവ് പോലെ വൈകുന്നേരം ഹോസ്പിറ്റലിൽ നിന്നിറങ്ങി അനു ഷാനയെയും നോക്കി നിൽക്കുമ്പോഴാണ് ആരോ എതിരെ നിന്ന് തന്നെ തന്നെ നോക്കുന്നപ്പോലെയവൾക്ക് തോന്നിയത് . ആദ്യമത് കാര്യമായി തോന്നിയില്ലെങ്കിലും , പിന്നെയും പിന്നെയും ആരോ തന്നെ മാറി നിന്ന് നോക്കുന്നപ്പോലെ തോന്നിയതും , അനു ചുറ്റും നോക്കി . ഹോസ്പിറ്റൽ ഗാർഡനിന്റെ മറുവശത്ത് നിന്ന് തന്നെ തന്നെ നോക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടതും , അനുവിന്റെ ഹൃദയമിടിപ്പ് കൂടി …… തന്നെയവൾ കണ്ടുവെന്ന് മനസ്സിലായതും , അനി ഇരുന്നിടത്തുന്നിന്നും പതിയെ എഴുന്നേറ്റു .

“എന്റെ അനുക്കുട്ടിക്ക് സുഖമാണോ???? ” തന്റെ മുന്നിൽ നിന്ന് വിയർക്കുന്ന അനുവിനെ നോക്കി പരിഹാസത്തോടെ അനി ചോദിച്ചതും , അവൾ ഒന്നും മിണ്ടാതെ തന്റെ വാച്ചിലേക്ക് നോക്കി . ഒട്ടും താല്പര്യമില്ലാത്ത രീതിയിൽ , തന്റെ മുഖത്തേക്ക് പോലും നോക്കാതെ , ഞാനെന്ന ഒരാൾ അവളുടെ മുന്നിൽ നിൽക്കുന്നുണ്ടെന്ന് പോലും ഭാവിക്കാതെ നിൽക്കുന്ന അനുവിനെ കണ്ടതും അനി പുച്ഛത്തിലൊന്ന് ചിരിച്ചു . “അനുക്കുട്ടി ഭയങ്കര ബിസി ആണെന്ന് തോന്നുന്നു…… എങ്കിൽ ശരി , ഞാൻ പറയാൻ വന്ന കാര്യം ഇപ്പോൾ തന്നെ പറഞ്ഞേക്കാം …… നിന്നെപ്പോലെ ഒരുത്തിക്ക് വേണ്ടി കളയാൻ എന്റെലും ഇല്ല സമയം ……. ” അവൻ പറഞ്ഞതിന്റെ അർത്ഥം എന്തെന്ന് മനസ്സിലാകും മുൻപ് തന്നെ അനുവിന്റെ വലത്തേ കവിളിൽ എന്തോ വന്നു ശക്തിയിൽ പതിച്ചു .

ഹോസ്പിറ്റലിൽ നിന്നും അനുവിന്റെ ചീത്ത പേടിച്ചു വേഗം ഇറങ്ങി ഓടി വന്ന ഷാന , അനിയുടെ അടി കണ്ടു സ്തംഭിച്ചുപ്പോയി . വരുന്നവരുടെയും പോകുന്നവരുടെയും എല്ലാവരുടെയും നോട്ടം അവരിലാണെന്നറിഞ്ഞതും ഷാന പതിയെ അനുവിന് നേരെ നടന്നു . അനുമോദവളെ തല്ലിയെന്നതിനെക്കാൾ അവളെ ഞെട്ടിച്ചത് , അടി കൊണ്ടിട്ടും ഒന്നും മിണ്ടാതെ കവിളും പൊത്തി നിൽക്കുന്ന അനുവിനെ കണ്ടപ്പോഴാണ് . ഒന്ന് രണ്ടു നിമിഷം വേണ്ടി വന്നു എന്താണ് ഇപ്പോൾ അവിടെ നടന്നതെന്നവൾക്ക് മനസ്സിലാവാൻ . വായിൽ എന്തോ കൊഴുപ്പ് പോലെ തോന്നിയതും , അനു പതിയെ തന്റെ നാവനക്കി . ചോര…..!!!! “ഇതെന്തിനാണെന്ന് മനസ്സിലായോ ???? ” തല താഴ്ത്തി നിൽക്കുന്ന അനുവിന്റെ താടയിൽ തട്ടി കൊണ്ടവൻ പറഞ്ഞതും , ആരോ പുറകിൽ നിന്നവനെ ചവിട്ടി വീഴ്ത്തിയതും ഒന്നിച്ചായിരുന്നു .

ആരാണ് ???? , എന്താണ് നടക്കുന്നത് , എന്നൊക്കെ മനസ്സിലാകുന്നതിന് മുൻപ് തന്നെ വിശ്വയുടെ അലർച്ച അനുവിന്റെ ചെവിയിലേക്ക് തുളഞ്ഞു കയറി . “താൻ അവിടെ എന്തോ നോക്കി നിൽക്കുവാണ്???? ” വിശ്വയുടെ ശബ്ദം കേട്ടതും അനു തന്റെ തലയുയർത്തി , നോക്കി . തന്റെ മുന്നിൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന വിശ്വയെ കണ്ടതും , എന്തോ ഭയത്തിന് പകരം ആശ്വാസമാണവൾക്ക് തോന്നിയത് ….. ഒപ്പം നിൽക്കാൻ ഒരാളുണ്ടെന്ന തോന്നൽ……. “ചോദിച്ചത് കേട്ടില്ലേ????? നീ എന്ത് നോക്കി നിൽക്കുകയാണെന്ന്…….????? ” തന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി , പല്ലിറുമ്മിക്കൊണ്ടുള്ള വിശ്വയുടെ ദേഷ്യം കേട്ടതും അനുവിന്റെ നെറ്റി ചുളിഞ്ഞു . “മറ്റുള്ളവരുടെ ഒരു സാധനവും തന്റെ കൈയിൽ വേണ്ട……. ചെന്നു മുതലും പലിശയും കൂട്ടു പലിശയും എത്രയാണെന്ന് വച്ചാൽ പോയി കൊടുത്തിട്ട് വാ……. ”

നിലത്തു നിന്നും പൊടി തട്ടി എഴുന്നേൽക്കുന്ന അനുമോദിന് നേരെ കൈ ചൂണ്ടിക്കൊണ്ടവൻ പറഞ്ഞതും , അനുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു . തങ്ങളുടെ ചുറ്റും കൂടി നിൽക്കുന്ന ആളുകളെ ഗൗനിക്കാതെ അനു അനുമോദിന് നേരെ നടന്നു . തന്റെ നേരെ എന്തോ അർത്ഥം വച്ച ചിരിയുമായി വരുന്ന അനുവിനെ കണ്ടതും അനിയുടെ മുഖം വിളറി . ഇതുവരെ അവളിൽ കാണാത്തൊരു ഭാവം…… തന്റെ അടുത്തെത്തിയതും അനുവിന്റെ ചുരുട്ടി പിടിച്ച കൈ തന്റെ മൂക്കിന് നേരെ വരുന്നത് കണ്ടവൻ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ അവന്റെ മൂക്കിൽ അവളുടെ കൈ പതിഞ്ഞിരുന്നു . ആദ്യത്തെ ഒരിടിയിൽ തന്നെ മൂക്കിൽ നിന്ന് ചോര ഒലിക്കുന്നപ്പോലെ തോന്നിയതും അവൻ വേഗം തന്റെ മുഖം പൊത്തി .

പോലീസിനെ വിളിക്കണോ ???? ചുറ്റും കൂടി നിൽക്കുന്നവരുടെ ഇടയിൽ നിന്ന് മുറുമുറുപ്പുകൾ കേട്ടതും ഷാന ചുറ്റും നോക്കി . അള്ളോ!!!!! പോലിസ് വന്നാൽ പണി പാളുമല്ലോ????? ആ പെൺകൊച്ചിന്റെ ഒപ്പം നിൽക്കുന്നയാള് പോലിസ് തന്നെയാടോ……. തന്റെ ഇടത് കൈ ഉപയോഗിച്ച് അനു അവന്റെ മുഖത്ത് നിന്നും അവന്റെ കൈകൾ എടുത്തു മാറ്റാൻ ശ്രമിച്ചതും അനി മറു കൈക്കൊണ്ട് അവളുടെ മുടിക്കുത്തിൽ കയറി പിടിച്ചു . തന്റെ ശരീരത്തിൽ അവൻ ഒന്നുകൂടി കൈ വച്ചെന്നറിഞ്ഞതും അനുവിന്റെ വലത്തെ കൈ അവന്റെ മൂക്കിലേക്ക് പാഞ്ഞു . എന്തോ പൊട്ടുന്നപ്പോലെയുള്ള തോന്നലും അസഹനീയമായ വേദനയും കൂടിയായപ്പോൾ അനിക്ക് അനുവിലുള്ള പിടി അഴിഞ്ഞു .

അത് നോക്കിയിരുന്നപ്പോലെയാണ് പിന്നെ അനു പെരുമാറിയത് . അനുമോദിന്റെ വയറിലേക്കും നെഞ്ചിലേക്കും തന്നെ മാറി മാറി ചവിട്ടുന്ന അനുവിനെ കണ്ടതും ഇതെല്ലാം കണ്ടു പരിചയമുള്ളതായിട്ട് കൂടി ഷാന ചെറുതായി വിറച്ചു പോയി . ഒന്ന്…… രണ്ട്…… മൂന്ന്….. നാല്…… അഞ്ചു….. ആറ്….. ഏഴ്….. എട്ട്…… ഒമ്പത്…… പത്ത്…… എണ്ണി തീർന്നതും വിശ്വ വേഗം തന്നെ അനുവിന് നേരെ നടന്നു . വീണ്ടും അനുമോദിന് നേരെ അനു കാലുകൾ ഉയർത്താൻ തുടങ്ങിയതും വിശ്വ അവളെ വട്ടം ചുറ്റി പിടിച്ചുക്കൊണ്ട് അവളെ എടുത്തു അവന്റെ പുറകിലായി നിർത്തി . മൂക്കും ചുവപ്പിച്ചു തന്നെ തന്നെ ദേഷ്യത്തിൽ നോക്കുന്ന അനുവിനെ കണ്ടതും അവൻ പതിയെ പുഞ്ചിരിച്ചു .

“അടി കേസ് ഒഴിവാക്കി വിടാൻ പറ്റും ……. കൊലപാതകം അങ്ങനെ അല്ല…… ” അവളുടെ കൈയിൽ പിടിച്ചു തന്റെ വണ്ടിയുടെ നേരെ നടക്കുന്നതിനിടയിൽ വിശ്വ പറയുന്നത് കേട്ടതും അനുവിന് ചിരി വന്നു . “വാ കയറ്…..!!! ” തന്റെ വണ്ടിയിൽ കയറി ഇരുന്നുക്കൊണ്ടവൻ പറഞ്ഞതും അനുവിന്റെ നെറ്റി ചുളിഞ്ഞു . “ഇങ്ങനെ നോക്കണ്ട …… ലോക്കപ്പിലേക്കല്ല ………. ” അവളുടെ സംശയം നിറഞ്ഞ നോട്ടം കണ്ടതും വിശ്വ തന്റെ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു . വേണെങ്കിൽ മതിയെന്ന ഭാവത്തിലുള്ള വിശ്വയുടെ മറുപടി കേട്ടതും , അനു ചിരിച്ചുക്കൊണ്ട് അവന്റെ പുറകിലായി കയറി .

ഇപ്പോൾ ഒരുത്തനെ തല്ലി ചതച്ചു കൊണ്ടിരുന്നവളും , അവനെ പോയി തല്ലിയിട്ട് നീ വന്നാൽ മതി , ഇല്ലെങ്കിൽ നിന്നെ ഞാൻ തല്ലി കൊല്ലും എന്ന രീതിയിൽ കട്ട കലിപ്പിലും നിന്ന രണ്ടെണ്ണങ്ങളാണ് , ദോ ദിപ്പോ ഇങ്ങനെ ഒന്നും നടന്നിട്ടെയില്ല എന്ന ഭാവത്തിൽ ചിരിച്ചു കൊണ്ട് വണ്ടിയിൽ കയറി പോയത് . കൊള്ളാം….!!!! രണ്ടാളും ചേരും…… സൈക്കോസ് ദമ്പതികൾ ….. ഹോസ്പിറ്റൽ ഗേറ്റ് കടന്നു പോകുന്ന വിശ്വയുടെ വണ്ടി കണ്ടതും , ഷാന നെടുവീർപ്പിട്ടുക്കൊണ്ട് നിലത്തു കിടക്കുന്ന അനിയെ നോക്കി . ഇങ്ങേരു എന്തിനാണാവോ ഇങ്ങോട്ട് വന്നത്????? അവളെ തല്ലാനോ ????? അതോ അവളുടെ കൈയിൽ നിന്ന് തല്ല് വാങ്ങി കൊണ്ട് പോകാനോ????? കാഴ്ചക്കാരൊക്കെ ഒരുവിധം പോകാൻ തുടങ്ങിയതും , ഷാന അനിയുടെ നേരെ നടന്നു . വാർഡിൽ കൊണ്ട് പോയി ആക്കിയെക്കാം….. ഡോക്ടറായി പോയില്ലേ????  (തുടരും ……)

അനു : ഭാഗം 47

-

-

-

-

-