നല്ല പാതി : ഭാഗം 29
നോവൽ
*******
എഴുത്തുകാരി: ധന്യ സുജിത്ത്
സഞ്ജു പറഞ്ഞത് അനുസരിച്ച് കിരണിനെതിരെ കേസ് ഫയൽ ചെയ്യാനുള്ള തീരുമാനത്തിലാണ് മേഘ.. അതിനു ആദ്യം വേണ്ടത് തെളിവുകളാണ്. മതിയായ തെളിവുകൾ ഇല്ലാതെ കേസ് നിലനിൽക്കില്ല..
കിരണിന്റെ സ്വഭാവം അനുസരിച്ചാണെങ്കിൽ തെളിവുകൾ കിട്ടാൻ അധികം പ്രയാസം കാണില്ല..
അവന്റെ സമീപനത്തെ എതിർക്കാതെ നിന്നാൽ തന്നെ അവൻ അടുത്ത ഘട്ടത്തിലേക്ക് കടക്കും…
താൻ അവൻ വിചാരിക്കുന്ന പോലൊരു പെണ്ണാണെന്നു കരുതും.. എപ്പോൾ തെളിവുകൾ കിട്ടാൻ കുറച്ചൂടെ എളുപ്പമാകും.. മേഘയുടെ ചിന്ത പോയത് ആ വഴിയ്ക്കാണ്…
സഞ്ജു ഈ കാര്യം വിനുവിനോട് പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സഞ്ജുവിന്റെ തീരുമാനത്തെ വിനുവും പിന്തുണച്ചു..
തെളിവിനു വേണ്ടി മേഘ ആദ്യം വാങ്ങിയത് ഒരു ബട്ടൺ ക്യാം ആണ്.. പിന്നെ അതും തന്റെ ഓഫീസ് സ്യൂട്ടിൽ ധരിച്ചാണ് മേഘ വരുന്നത്..
മുൻപെയുള്ള ധാരണ അനുസരിച്ച് സഞ്ജുവും വിനുവും ഓഫീസ് കാര്യങ്ങൾ അല്ലാതൊരു സൗഹൃദ സംഭാഷണവും മേഘയുമായി നടത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു..
പിന്നീടുളള ദിവസങ്ങളിൽ കിരണിനൊപ്പം സൈറ്റിലേക്ക് പോകുമ്പോഴും വരുമ്പോഴും മേഘയുടെ പെരുമാറ്റം കിരണിന് അനുകൂലമായിരുന്ന പോലെ തോന്നി കിരണിന്..
തന്റെ വശപിശകുള്ള നോട്ടത്തിലും സംസാരത്തിലും പ്രകടിപ്പിച്ചിരുന്ന അസ്വസ്ഥത ഇപ്പോൾ അവൾക്കില്ല..
“അപ്പോ വീഴാനായി തയ്യാറായി നിൽക്കുവാ..
ഒരു തട്ടിന്റെ കുറവേയുള്ളൂ..”
കിരൺ മനസ്സിൽ കണക്കുകൂട്ടി..
കിരണിനെ കാണിച്ചു എം.ഡി യ്ക്കു ഫോർവേർഡ് ചേയ്യേണ്ട ഫയലും കൊണ്ട് രണ്ടും കൽപ്പിച്ചാണ് മേഘ കിരണിന്റെ ക്യാബിനിലേയ്ക്ക് കയറിയത്..
“എന്താടോ ഇത്…???
ഇത്രയും ഇർറെസ്പോൺബിൾ ആയിരുന്നോ താൻ…
മര്യാദയ്ക്ക് ചെയ്യാ നൽകിയില്ലെങ്കിൽ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു ചെയ്യാൻ നോക്ക്…”
ഫയലിലെ ഒരു നിസ്സാര തെറ്റിനാണ് കിരൺ മേഘയോട് ചൂടായത്.. തലയുയർത്തി നോക്കിയപ്പോഴാണ്
പതിവിലും സുന്ദരിയായി മാറിയിരിക്കുന്നു മേഘ എന്നത് കിരൺ ശ്രദ്ധിച്ചത്..
അതോടെ മുഴുവനും മേഘയിലേയ്ക്ക് തിരിഞ്ഞു.. അവന്റെ കഴുകൻ കണ്ണുകൾ തന്റെ ശരീരത്തിൽ പതിയുന്നത് മേഘ അറിയുന്നുണ്ടായിരുന്നു..
അവനെന്തെങ്കിലും തന്നോട് സംസാരിച്ചാലേ തനിക്ക് ആവശ്യമുള്ള തെളിവ് ലഭിക്കൂ എന്നതിനാൽ മേഘ ആ വൃത്തികെട്ട നോട്ടം അവഗണിച്ചു…
“മേഘാ.. സൂപ്പർബ്.. യു ആർ ലുക്കിംഗ് ടൂ ഗുഡ് ആൻഡ്……
സോ സെക്സീ..”
“സർ.. വാട്ട് യൂ മീൻ.. ??”
കിരണിന്റെ വായിൽ നിന്നും പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ മേഘ ആകെ വല്ലാതായി..
“ഐ മെൻഡ് വാട്ട് ഐ സെഡ്..”
ഒരു വഷളൻ ചിരിയോടെ കിരൺ പറഞ്ഞു..
“സർ.. യു ആർ മൈ സുപ്പീരിയർ.. ഐ ഹാവ് ദാറ്റ് റെസ്പക്റ്റ്.. ദയവായി അതില്ലാതെ ആക്കരുത്..”
“ഏയ്..മേഘ..
ദൈവത്തിൻറെ ഏറ്റവും മനോഹരമായ സൃഷ്ടി സ്ത്രീ ആണെന്നല്ലേ പറയുന്നത്..
സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതല്ലേ… തന്നെ കണ്ടപ്പോൾ സുന്ദരിയാണെന്ന് തോന്നി.. ഞാനത് ആസ്വദിച്ചു… അതിലെന്താണ് തെറ്റ്…??”
“വൃത്തികെട്ടവൻ..”
മേഘ മനസ്സിൽ പറഞ്ഞു..
“സർ.. ഞാൻ സർ വിചാരിക്കുന്ന പോലൊരു പെൺകുട്ടി അല്ല…
എന്റെ പ്രാരാബ്ധങ്ങളാണ് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത്..
ദയവായി ബുദ്ധിമുട്ടിക്കരുത്..”
“താൻ മനസ്സുവെച്ചാൽ തന്റെ പ്രാരാബ്ധങ്ങളെല്ലാം പെട്ടെന്ന് തീർപ്പാക്കാൻ കഴിയും..
പക്ഷേ താൻ മനസ്സ് വെക്കണമെന്ന് മാത്രം… തന്നെപ്പോലെ ഒരു പെൺകുട്ടിക്ക്
അതൊക്കെ എത്ര എളുപ്പം..”
അവന്റെ മുഖത്തെ ഭാവമാറ്റവും ദ്വയാർത്ഥത്തിലുള്ള സംസാരവും അവളിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കി.. തിരിച്ചു നല്ല മറുപടി കൊടുക്കുണമെന്നുണ്ടായിട്ടും
സംയമനത്തോടെ അവളത് കേട്ട് നിന്നു..
“ഞാൻ പറഞ്ഞത് മനസ്സിലായില്ല എന്നുണ്ടോ മേഘയ്ക്ക്..
ഇതൊക്കെ ഒരു രസമല്ലേ.. ഒരു നേരംപോക്ക്..
താനും അങ്ങനെയങ്ങ് കണ്ടാമതി..
അപ്പോൾപ്പിന്നെ പ്രശ്നമില്ലല്ലോ…
ആരും അറിയാതെ നോക്കിയാൽ പോരെ.. അതെനിക്ക് വിട്..”
“സർ.. ഇത്രയും നേരം ഞാൻ തിരിച്ചു ഒന്നും പറയാതെ നിന്നത് നിങ്ങൾക്കുള്ള മറുപടി എൻറെ അടുക്കൽ ഇല്ലാഞ്ഞിട്ടല്ല…
ഇവിടെ ഒരു ഇഷ്യു ഉണ്ടായാൽ അതിന്റെ ജോലിയെ ബാധിക്കും..
എനിക്ക് ഈ ജോലി അത്യാവശ്യമാണ്.. പക്ഷേ അതിന് എന്റെ അഭിമാനം ഞാൻ പണയം വയ്ക്കില്ല.. സാറിന് മനസ്സിലാകുന്നുണ്ടോ…??
ഇനിയും എന്നെ ബുദ്ധിമുട്ടിച്ചാൽ എനിക്ക് കംപ്ലൈന്റ് കൊടുക്കേണ്ടിവരും…”
“അത്രയ്ക്കൊക്കെ വേണോ…??
മേഘ കൊച്ചെ…
എടുത്തു ചാട്ടം ഒന്നിനും പരിഹാരമല്ല..
ഞാൻ വൈകിട്ട് മെസേജ് ചെയ്യാം.
പ്രതീക്ഷിച്ച മറുപടി കിട്ടണം.. അല്ലെങ്കിൽ എനിക്ക് റിപ്പോർട്ട് കൊടുക്കേണ്ടിവരും തന്റെ പേരിൽ… ജോലിയിലെ ഉത്തരവാദിത്വം ഇല്ലായ്മ കാണിച്ച്.. അപ്പോൾ ആർക്കെതിരെയാകും ആക്ഷൻ എടുക്കുക എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമല്ലോ…??”
അതുകേട്ടപ്പോൾ മേഘ പതറിയെങ്കിലും തനിക്ക് ആവശ്യമായ കാര്യങ്ങൾ ഇതിനകം തനിക്ക് ലഭിച്ചത് അവൾക്ക് സന്തോഷം നൽകി..
മനസ്സിലെ ആശ്വാസം മുഖത്ത് കാണിക്കാതെ പതറിയ മുഖഭാവത്തോടെ അവൻ നിൽക്കുന്നത് കണ്ടിട്ട് കിരണിന്റെ മുഖത്ത് ഗൂഢമായൊരു പുഞ്ചിരി തെളിഞ്ഞു..
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
ലാസ്റ്റ് പ്രൊജക്റ്റിന്റെ ഹാൻഡിംഗ് ഓവർ സെറിമണി തീരുമാനിച്ചത് സർക്കുലർ വന്നപ്പോഴാണ് സഞ്ജു ശ്രദ്ധിച്ചത്.. ഓരോ പ്രൊജക്റ്റിന്റെയും ഹാൻഡിംഗ് ഓവർ ഫങ്ങ്ക്ഷൻ ഗംഭീരമായി ആഘോഷിക്കുന്നത് പതിവായിരുന്നു..
ആ പരിപാടിയിൽ സ്റ്റാഫ് മാത്രേ കാണുകയുള്ളൂ…. അതിനുശേഷം നടത്താറുള്ള എല്ലാവരും ചേർന്നുള്ള ഫാമിലി ഗെറ്റുഗതർ… അതാണ് ആ പരിപാടിയുടെ ഹൈലൈറ്റ്…
ഓരോ പ്രൊജക്റ്റിനെ യും അവസാനം എല്ലാ സ്റ്റാഫുകളും പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്… ദുബായിലെ ഏതെങ്കിലും പ്രശസ്തമായ ഒരു ഹോട്ടലിൽ രാത്രിയിൽ ആകും ഫങ്ങ്ക്ഷൻ…
സ്റ്റാഫുകളുടെയും മക്കളുടെയും പരിപാടികൾ… കളികൾ…സന്തോഷം നൽകുന്ന ഒരു കൂട്ട്കൂടൽ…
അറിഞ്ഞപ്പോൾ മുതൽ ചക്കിയും അമ്മുവും ഭയങ്കര ഉത്സാഹത്തിലാണ്.. സാധാരണ ഗതിയിൽ ശ്വേതയും നന്ദുവും കൂടി എന്തെങ്കിലും പരിപാടികൾ തട്ടിക്കൂട്ടാറുണ്ട്… ഈ തവണ നന്ദു കാര്യം അറിഞ്ഞിട്ടും ഉത്സാഹമൊന്നും കാണിച്ചില്ല…
ആകെയൊരു നനഞ്ഞ മട്ട്..
സഞ്ജുവിനെ കാണിക്കാൻ വേണ്ടി മാത്രം ഒന്നുമില്ലാത്ത പോലെ നന്ദു പെരുമാറും..
മനസ്സു നിറയെ പേടിയായിരുന്നു നന്ദുവിന്… ഇനിയൊരു നഷ്ടം അത് തന്നെ കൊണ്ട് താങ്ങാനാകില്ല… അതെന്തു തന്നെ ആയാലും… കിരൺ ശാന്തനായി ഇരിക്കുന്നത് മനസ്സിൽ എന്തെങ്കിലും ഉദ്ദേശിച്ചിട്ടാകും…
ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് ഓരോ യുഗം പോലെ തോന്നി.. ഓരോ ഫോൺ ബെൽ കേൾക്കുമ്പോഴും മനസ്സുനിറയെ ഭയമാണ്…. ഒറ്റയ്ക്ക് പുറത്ത് പോകാൻ തന്നെ പേടിയായിരുന്നു..
“തന്റെ ധൈര്യം ഒക്കെ എവിടെ പോയി…”
ആ ചോദ്യം സ്വയം ചോദിച്ചിട്ടും ഉത്തരമില്ലായിരുന്നു..
സഞ്ജു ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കിടക്കുകയായിരുന്നു നന്ദു…
“എന്താടോ ഒരു കിടപ്പ്..?? വയ്യേ തനിക്ക്..??”
“ഏയ്.. ഒന്നുമില്ല..
ആകെ ഒരു ക്ഷീണം …
തല ചുറ്റുന്ന പോലെ തോന്നി.. അപ്പോ ഒന്ന് കിടന്നതാ…”
“എന്താടോ ഡോക്ടറുടെ അടുത്ത് പോണോ..??”
“ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ല…
സഞ്ജു പോയി ഫ്രഷായിട്ട് വാ… ഞാൻ ചായ എടുക്കാം..”
“ചായ ഒക്കെ എടുത്തോ അതിനുമുമ്പ് ഇത് ഒന്നു നോക്ക്…”
കയ്യിലിരിക്കുന്ന ഒരു കവർ നന്ദുവിനെ നേരെ നീട്ടി സഞ്ജു പറഞ്ഞു..
“എന്താ ഇത്..??”
“തുറന്ന് നോക്കടോ എങ്കിൽ എങ്ങനെ മനസ്സിലാവും..??”
നന്ദു തുറന്നു നോക്കി…
“ഒരു സാരിയാണ്..
കറുപ്പ് നിറത്തിലുള്ള ഒരു പാർട്ടി വെയർ.. ഒപ്പം ഒരു ബ്ലാക് പെൻസിൽ ഫ്രോക്കും… ചക്കിക്ക്…”
“ഇതെന്തിനാ ഇപ്പോ” എന്ന ഭാവത്തിൽ സഞ്ജുവിനെ നോക്കി നന്ദു
“മനസ്സിലായില്ലേ എന്തിനാണ് എന്ന്… സാറ്റർഡേ ഓഫീസിലെ ഗെറ്റുഗദർ ആണ്… പറഞ്ഞത് മറന്നു പോയോ താൻ… അതിനു വേണ്ടി എടുത്തതാ…
ഇഷ്ടപ്പെട്ടോ എന്ന് നോക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് മാറ്റി വാങ്ങാം… ”
“ചക്കീ… ഇങ്ങു വന്നേ..
ഒരു സമ്മാനം തരാം…”
സമ്മാനം എന്ന് കേട്ടതും കളിച്ചുകൊണ്ടിരുന്ന ടോയ്സ് എല്ലാം ഇട്ടെറിഞ്ഞ് അവൾ ഓടിവന്നു.
“എന്താ അച്ഛേ…?? എന്താ സമ്മാനം എന്ന് പറഞ്ഞേ…??”
സമ്മാനം എന്ന് കേട്ടതിൻറെ ത്രില്ലിലാണ് ചക്കി..
“ദാ ഇത്… ഒന്ന് ഇട്ടു നോക്കിയേ എന്റെ കണ്ണൻ സുന്ദരിയായോന്ന് അച്ഛ ഒന്നു നോക്കട്ടെ..???”
ഇട്ടു നോക്കാൻ പറഞ്ഞതും ഇട്ടിരിക്കുന്ന ഡ്രസ്സ് എല്ലാം വലിച്ചു പറിച്ച് കളയാനുള്ള തിരക്കിലാണ്..
ഫ്രോക്ക് നന്ദുവിനു നേരെ നീട്ടി സഞ്ജു പറഞ്ഞു..
“നന്ദൂ… അതൊന്നു ഇട്ടുകൊടുക്കെടോ..”
തന്റെ കയ്യിലെ ബോക്സിലേക്ക് തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു…
സഞ്ജു പറഞ്ഞതൊന്നും ആളു കേട്ടിട്ടില്ല…
“ഹലോ താൻ ഇത് ഇവിടെയൊന്നും അല്ലേ.. അതോ സ്വപ്നലോകത്താണോ…??”
“സഞ്ജൂ.. ഫങ്ങ്ക്ഷന് ഞാൻ വരണോ..?? ഇത്തവണ എന്നെയൊന്നു ഒഴിവാക്ക്.. പ്ലീസ്..”
“താനും മോളും വരാതിരുന്നാൽ എങ്ങനാ… അത് ശരിയാവില്ല നന്ദൂ… ”
ഫങ്ങ്ക്ഷന് വരുന്നില്ല എന്ന് കേട്ടതോടെ ചക്കി കാര്യം പറയാനായി കൂടി..
“നന്ദു വന്നില്ലേലും മോള് പോകുംട്ടാ … ശ്വേതാമ്മേന്റെ കൂടെ.. ”
ചക്കിയുടെ വർത്തമാനം കേട്ട് സഞ്ജുവിന് ചിരി വന്നെങ്കിലും മുഖത്ത് ഗൗരവം വരുത്തിയാണ് സഞ്ജു പറഞ്ഞത്..
“അയ്യടാ.. അങ്ങനെ വല്യ കാര്യമൊന്നും എന്റെ കണ്ണൻ തീരുമാനിയ്ക്കണ്ടാട്ടോ…
അവൾടെ ഒരു വാചകം…
ഡോ… നന്ദൂ..
എനിക്ക് എന്തായാലും പോകേണ്ടിവരും… വിനുവിനും അങ്ങനെ തന്നെ… താൻ വരുന്നില്ല എന്ന് പറഞ്ഞാൽ ശ്വേതാ ഒഴിവാകും… പക്ഷേ… ശ്വേതയ്ക്കും അമ്മുവിനും ആഗ്രഹം കാണില്ലേ ഈ പരിപാടിയിൽ കൂടാൻ…
നമ്മൾക്ക് വേണ്ടി അവരുടെ ആഗ്രഹം മാറ്റി വെപ്പിക്കണോ… താൻ എന്താ വരാതിരിക്കുന്നത് എന്ന് ഞാൻ ചോദിക്കില്ല.. കാരണം എനിക്കറിയാം..”
“അതല്ല സഞ്ജു എനിക്കെന്തോ പേടി പോലെ അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ…”
ചക്കിയ്ക്കു പുത്തൻ ഉടുപ്പ് ഇട്ടു കൊടുക്കുന്നതിനിടയിൽ നന്ദു മറുപടി പറഞ്ഞു..
“എന്ത് സംഭവിക്കാൻ…??? ഒന്നും സംഭവിക്കില്ല…ഒരു കാര്യം ഞാൻ പറയാം ഞാൻ ഒന്നുകൊണ്ടും പേടിക്കേണ്ട..ഇനി അഥവാ അവിടെ എന്ത് സംഭവിച്ചാലും ഞാൻ നോക്കിക്കൊള്ളാം… അവിടെ ക്ലൈന്റസിന്റെയും ഫാമിലിയുടെയും ഇടയിൽ അവൻ ഒന്നും ചെയ്യില്ല..
അവനെ കാണുമ്പോൾ താൻ നെർവസ് ആവാതിരുന്നാൽ മാത്രം മതി.. കേട്ടല്ലോ…
അപ്പോ നമ്മൾ മൂന്നുപേരും പോകുന്നു.. സമ്മതിച്ചോ..??”
“ഉം..”
മനസ്സില്ലാമനസ്സോടെ ആണെങ്കിലും നന്ദു സമ്മതം മൂളി..
“ആഹാ… സൂപ്പർസ്റ്റാർ ആയല്ലോ അച്ഛേടെ കണ്ണൻ..”
അത് കേട്ടതും.. ഗമ കൂടി ചക്കിക്ക്…ഉടുപ്പ് അമ്മു ചേച്ചീനേം ശ്വേതാമ്മേനെം കാണിച്ച് വരാമെന്നും പറഞ്ഞു അവളോടി…
“എങ്കിൽ താൻ കിടന്നോ… എനിക്ക് ചായ വേണ്ട..”
“അതെന്താ.. എനിക്ക് ഒരു പ്രശ്നവുമില്ല.. സഞ്ജു.. ”
“വേണ്ടാഞ്ഞിട്ടാ പെണ്ണേ..”
ഫ്രഷായി വന്ന് ചായയുമായി വന്നു ഒരു കപ്പ് ചായ നന്ദുവിന് നേരെ നീട്ടുമ്പോൾ മുഖം വീർപ്പിച്ചു ഇരിപ്പാണ്..
“ദാ..ഇതു കുടിയ്ക്ക്…
ഒന്ന് ഉഷാറാകട്ടെ…
തലകറക്കം മാറിയോ.. അല്ലെങ്കിൽ നമുക്ക് ഡോക്ടറുടെ അടുത്തു പോകാം.. ”
“അതിന്റെയൊന്നും ആവശ്യമില്ല… അപ്പോ..തനിയെ ഇടാൻ വേണ്ടിയാണല്ലേ ചായ വേണ്ടന്നു പറഞ്ഞത്..”
മുഖം വീർപ്പിച്ചു ചോദിച്ചു നന്ദു..
“തനിയെ ഇടാനല്ലടോ…
തനിക്ക് ഇട്ടുതരാൻ വേണ്ടിയിട്ടാ ഇപ്പോൾ ചായ വേണ്ട എന്ന് പറഞ്ഞത്… മനസ്സിലായോ ന്റെ ഭാര്യക്ക്…
വാ നമുക്ക് അവിടെ ഇരിക്കാം.. ”
എന്നും പറഞ്ഞു സഞ്ജൂ നടന്നു..
ബാൽക്കണിയിൽ അവനോടൊപ്പം മതിയാവോളം സംസാരിച്ച് ഇരിക്കുമ്പോൾ ഏതു ടെൻഷനും തന്നെ ബാധിക്കാത്ത പോലെ…
തനിക്കും ചുറ്റും സംരക്ഷണത്തിന്റെയും ധൈര്യത്തിന്റെയും ഒരു ആവരണം തീർക്കുന്നുണ്ട് അവന്റെ വാക്കുകൾ…
എന്തു പ്രശ്നം വന്നാലും തനിക്ക് ഒപ്പം… തന്നെയും മോളെയും ചേർത്ത് പിടിക്കാൻ… അവനുണ്ട്..
അത് മാത്രമാണ് ധൈര്യം…
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
കിരൺ തനിക്കു അയച്ച മെസേജുകളും.. പലപ്പോഴായി താൻ റെക്കോർഡ് ചെയ്ത കിരണിന്റെ വിഡിയോയും ചേർത്ത് ലേബർകോർട്ടിൽ കേസ് ഫയൽ ചെയ്തു മേഘ.. കൂടെ ഒന്നു രണ്ടു സ്റ്റാഫുകളും ഉണ്ടായിരുന്നു..
അതിനു വേണ്ടുന്ന എല്ലാ സഹായങ്ങളും എം. ഡി യുടെ പൂർണ്ണ സഹകരണത്തോടെ ചെയ്തു കൊടുത്തത് സഞ്ജുവും വിനുവും ചേർന്നാണ്…
കിരൺ സൗദി ബ്രാഞ്ചിൽ നിന്നായതിനാൽ ഓഫീസിൽ വച്ചൊരു തീർപ്പാക്കൽ അൽപം ബുദ്ധിമുട്ടാണ്… അവിടേയ്ക്കും ഇവിടേയ്ക്കും തട്ടി തട്ടി..പരാതി തന്നെ വെള്ളത്തിലാകാൻ ചാൻസുണ്ട്..
കൂടാതെ മാനേജ്മെൻറ് ആയ് അവന് നല്ല ബന്ധമാണ് ഉള്ളതെങ്കിൽ ഇതൊന്നും വില പോകില്ലെന്ന് മാത്രമല്ല.. വാദി പ്രതിയായെന്നും വരാം.. അതൊഴിവാക്കാൻ ഏറ്റവും നല്ലത് ഇതു തന്നെയാണ്…
ഹാൻഡിംഗ് ഓവർ സെറിമണിയ്ക്കിടയിൽ എന്തായാലും ഒരു ഇഷ്യൂ ഉണ്ടായാൽ ക്ലൈന്റസിനു മുന്നിൽ അതൊരു നാണക്കേട് ആകുമല്ലോ…
അതൊഴിവാക്കാൻ എം.ഡി പരമാവധി ശ്രമിയ്ക്കും.. സഞ്ജുസാറും വിനുസാറും കൂടെയുള്ളത് എന്തുകൊണ്ടും സമാധാനമാണ്..
മേഘ ആശ്വസിച്ചു.
ഹാൻഡിംഗ് ഓവർ സെറിമണി നന്നായി തന്നെ കഴിഞ്ഞു..
സഞ്ജുവും വിനുവും കിരണിനെ വീക്ഷിച്ചു കൊണ്ട് തന്നെ ഉണ്ടായിരുന്നു… വൈകിട്ടാണ് ഫാമിലി ഗെറ്റുഗതർ.. നന്ദുവിനോടും ശ്വേതയോടും തയ്യാറായി നിൽക്കാൻ പറഞ്ഞിരുന്നു സഞ്ജു.. സമയമാകുമ്പോൾ വന്ന് ഹോട്ടലിലേക്ക് കൂട്ടാമെന്നും..
അതിനനുസരിച്ച് അമ്മുവും ചക്കിയും ആദ്യമേ തയ്യാറായി… ശ്വേത തയ്യാറായി വന്നിട്ടും
തീരെ താൽപര്യം ഇല്ലാതെ ഇരിക്കുകയായിരുന്നു നന്ദു..
“എന്താടി പെണ്ണേ.. ആകെ വിളറി വെളുത്ത് ഇരിക്കുന്നുണ്ടല്ലോ എന്തുപറ്റി…?? എന്താ നീ റെഡി ആകാതെയിരിക്കണേ… അവര് ഇപ്പം വരും..”
“വരണോ ഞാൻ…??”
“വേണ്ട… നീ വരണ്ട… ഞങ്ങൾ തന്നെ പോയി വന്നോളാം… ഇവിടെ തനിച്ചിരിക്കുലോ അല്ലേ…??
ഞാൻ എന്തായാലും പോകും… ഈ പേരും പറഞ്ഞു..
വഴക്കിട്ട് പുതിയ സാരി വാങ്ങിച്ചതും പോരാ… ഇനി ഞാൻ വരില്ല എന്ന് പറഞ്ഞാൽ വിനു എന്നെ എടുത്തു ഭിത്തിയിൽ തേയ്ക്കും.. പോയി റെഡിയായിക്കേ…”
മനസില്ലാമനസ്സോടെ ആണെങ്കിലും നന്ദു എഴുന്നേറ്റ് തയ്യാറാകാൻ പോയി..
സഞ്ജു എത്തുമ്പോൾ ബ്ലാക്ക് കളർ ഷിഫോൺ സാരിയിൽ സുന്ദരിയായി ഒരുങ്ങിയിരുന്നു നന്ദു…
ഇതു പോലുള്ള ഫങ്ങ്ക്ഷന് മാത്രം അവളെ സാരിയുടുത്ത് കാണാൻ സാധിക്കുള്ളു… അതിനാൽ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു സഞ്ജു..
“സുന്ദരി കൊച്ചായല്ലോ..ന്റെ നന്ദൂട്ടീ.. നിനക്ക് ഈ വേഷം സ്ഥിരമാക്കിക്കൂടെ…??”
അവളെ ചേർത്ത് പിടിച്ചു നെറ്റിയിലെ പൊട്ട് ശരിക്ക് വച്ച് കൊടുത്തു സഞ്ജൂ പറഞ്ഞു..
“വന്നേ..വന്നേ… ഇവിടെ അധികനേരം നിന്നാൽ ശരിയാകില്ല…”
നന്ദു പറയുന്നതു കേട്ടു ചിരിയോടെ നിൽക്കുകയാണ് സഞ്ജു..
നേരം കുറച്ചായിട്ടും അവരെ കാണാത്തത് കൊണ്ടാണ് ശ്വേത അവിടേയ്ക്ക് വന്നത്..
“ഡാ..മോനേ… മതി മതി.. എന്തു വാടാ.. നീയെന്താ ഇവളെ ആദ്യമായിട്ടാണോ കാണുന്നേ…”
പുറത്ത് തട്ടി ശ്വേതയാണ് പറഞ്ഞത്…
“അല്ല.. ശ്വേതേ.. ഞാൻ ഒന്നു കണ്ടോട്ടെടീ…. ആണ്ടിലൊരിക്കൽ കാണാൻ കിട്ടുന്നതല്ലേ ഈ വേഷത്തിൽ…”
“ആ.. ഇപ്പോ കണ്ടത് മതി…
ഇനി വന്നിട്ട് മതിയാവോളം കണ്ടോ… നിന്റെ പെണ്ണിനെ തന്നെ നോക്കി നിന്നാൽ അവിടെ എത്തുമ്പോൾ കസേര ഒതുക്കി വയ്ക്കേണ്ടി വരും..”
അതും പറഞ്ഞു ശ്വേത ഇറങ്ങി…
എല്ലാവരും കൂടെ സന്തോഷത്തോടെയാണ് യാത്ര തിരിച്ചത്… എങ്കിലും നന്ദുവിന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ആരോ പറയുന്ന പോലെ…
(തുടരും )