Wednesday, December 18, 2024
Novel

Mr. കടുവ : ഭാഗം 40

എഴുത്തുകാരി: കീർത്തി


സാഹചര്യം മുതലെടുത്ത് കടുവ എന്റെ ബസിലുള്ള യാത്ര നിർത്തിച്ചു. ഇപ്പോൾ ഞാനും രാധുവും ചന്ദ്രുവേട്ടന്റെ കൂടെയാണ് ദിവസവും സ്കൂളിൽ പോകുന്നതും തിരിച്ചു വരുന്നതും. നല്ല മെലഡീസും കേട്ട് ബസിൽ പോയിരുന്ന ഞാനാ.

ഇപ്പൊ ആ ഗാനങ്ങൾക്ക് പകരം ശാസ്ത്രീയ സംഗീതമാണ് ആ വണ്ടിയിൽന്നും വായിൽന്നും വരുന്നുള്ളൂ.

ആരാണ്ട് പറഞ്ഞത്രേ ഗർഭിണികൾ ശാസ്ത്രീയ സംഗീതം കേട്ടാൽ കുഞ്ഞിന് നല്ല ഏകാഗ്രതയുണ്ടാവുംന്ന്. അതിന് ശേഷം ഇതാണ് അവസ്ഥ. പോരാത്തതിന് വായിക്കാൻ ഒരു ലോഡ് പുസ്തകങ്ങളും.

കടുവ കാണിച്ചു കൂട്ടുന്നത് കണ്ടാൽ തോന്നും ഞാൻ വല്ല IAS പരീക്ഷയ്ക്കും പോകുന്നുണ്ടെന്ന്. ഇതിലും ഭേദം അതായിരുന്നുന്ന് എനിക്കും തോന്നിത്തുടങ്ങി.

ഒരു ദിവസം സ്കൂൾ വിട്ട സമയത്തു ചന്ദ്രുവേട്ടനെ കാണാതെ ഞങ്ങൾ ബസിൽ പോന്നു. വെറുതെ ഒരു മോഹം.

അതിന് ആ കടുവ പറയാനിനി ബാക്കിയൊന്നും ഇല്ല. ഞാൻ വരുന്നത് വരെ അന്നത്തെ പോലെ വിമാനം പറപ്പിച്ച് ഇരിക്കായിരുന്നില്ലേന്ന് വരെ ചോദിച്ചു. കടുവഫർത്തു.

അന്ന് വീട്ടിലേക്ക് പോരുന്ന വഴിക്ക് രാധുന്റെ വീട്ടിലും കയറിയിരുന്നു. പോക്കും വരവും ചന്ദ്രുവേട്ടന്റെ കൂടെയായതിനാൽ ഇപ്പൊ അങ്ങോട്ട് പോകാറില്ല. അമ്മയെയും രാമേട്ടനെയും കാണാറുമില്ല.

എന്നെ കണ്ടതും അമ്മ സന്തോഷത്തോടെ ഓടിവന്നു. ചായയും എനിക്കേറെ ഇഷ്ടമുള്ള ഇലയടയും ഉണ്ടാക്കിത്തന്നു. എന്നെ നോക്കി സന്തോഷിക്കുന്ന അമ്മയുടെ കണ്ണുകൾ രാധുനെ നോക്കി നിറയുന്നതും ഞാൻ ശ്രദ്ധിച്ചു. പറയാതെ തന്നെ എനിക്ക് ആ കണ്ണീരിന്റെ അർത്ഥം മനസിലായി.

ഞാൻ ഇപ്പോൾ വിവാഹവും കഴിഞ്ഞ് ഒരു അമ്മയാകാൻ പോവാണ്. എന്നാൽ എന്റെ അതേ പ്രായമുള്ള സ്വന്തം മകൾ ഇങ്ങനെ വിവാഹം പോലും കഴിയാതെ നിൽക്കുന്നത് ഓർത്താൽ ഏത് അമ്മയ്ക്കാണ് സങ്കടമാവാതിരിക്കുക.

മനസ്സിൽ ചില കണക്കു കൂട്ടലുകളുമായാണ് ഞാനവിടുന്ന് ഇറങ്ങിയത്. അത് ആലോചിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ആയിരുന്നു കടുവയുടെ കാർ എന്റെ മുന്നിൽ വന്ന് സഡൻ ബ്രേക്കിട്ടത്. പിന്നെ ഉണ്ടായതൊന്നും പറയാതിരിക്കുന്നതാണ് നല്ലത്.

തന്നിഷ്ടം കാണിച്ചുന്ന് പറഞ്ഞ് കടുവ കുറച്ചു ദിവസം എന്നോട് പിണങ്ങി നടന്നു. ഏകദേശം ഒരാഴ്ചയോളം എന്നോട് മിണ്ടാതെ നടന്നു. എന്നോട് മാത്രം. രാത്രി ഞാൻ ഉറങ്ങിയ സമയത്താണ് ഇപ്പൊ അച്ഛന്റെയും മകളുടെയും സംഭാഷണം.

അച്ഛനാകാൻ പോവാണെന്ന് അറിഞ്ഞത് മുതലുള്ളതാണ് ഈ പതിവ്.കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കലും പാട്ട് പാടി കൊടുക്കലും. അങ്ങനെ കുറെ ഉണ്ട്. പിണങ്ങിയതിന് ശേഷം ഞാൻ ഉറങ്ങുന്നത് നോക്കിയിരിക്കും.

ആദ്യമൊന്നും അറിഞ്ഞിരുന്നില്ല. പിന്നെ ഒരു ദിവസം എങ്ങനെയോ ഞാനിത് അറിഞ്ഞു. അതിന് ശേഷം എന്നും ഉറക്കം നടിച്ച് കിടക്കും. എല്ലാം കേൾക്കാൻ. അറിഞ്ഞതായി ഭാവിക്കാനും പോയില്ല.

മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു വരാൻ പോകുന്നത് ഒരാളല്ല രണ്ടു പേരാണെന്ന്. കൂടുതൽ ശ്രദ്ധിക്കാനും പറഞ്ഞു. അന്ന് ഹോസ്പിറ്റലിൽ മരുന്ന് വാങ്ങിക്കാൻ ഫാർമസിയിലേക്ക് പോയ ചന്ദ്രുവേട്ടനെ കാത്തിരിക്കുമ്പോളാണ് ആരോ എന്നെ പിറകിലൂടെ തോണ്ടിയത്.

എന്നെ ഒരു പൈലറ്റാക്കിയ ആവണിക്കുട്ടിയായിരുന്നു അത്. കൂടെ അവളുടെ അമ്മയും കുഞ്ഞാവയും. കുഞ്ഞിന് വാക്‌സിനേഷൻ എടുക്കാൻ വന്നതായിരുന്നു അവര്. അവള് ആഗ്രഹിച്ചത് പോലെതന്നെ ഒരു അനിയൻക്കുട്ടനായിരുന്നു. അടുത്ത മാസം അച്ഛന്റെ അടുത്തേക്ക് പോവാണത്രേ അവര്.

സംസാരിച്ചിരുന്നപ്പോൾ എന്റെ വിശേഷങ്ങളും അവരോടു പറഞ്ഞു. അപ്പോഴാണ് മരുന്ന് വാങ്ങിച്ച് ചന്ദ്രുവേട്ടൻ അങ്ങോട്ട്‌ വന്നത്. ചന്ദ്രുവേട്ടനെ കണ്ടപ്പോഴേ ആവണിക്കുട്ടി “അങ്കിൾ ” ന്ന് വിളിച്ചോണ്ട് ഓടിചെന്ന് അങ്ങേരുടെ തോളിൽ കയറി. അവളുടെ അമ്മയുടെ മുഖത്തു ഒരു ഭയവും.

ഇതാണ് ഭർത്താവെന്ന് പറഞ്ഞപ്പോൾ ആവണിയുടെ അമ്മ വിശ്വസിക്കാൻ കഴിയാതെ എന്നെയും ചന്ദ്രുവേട്ടനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. ഒപ്പം എന്റെ വയറിലേക്കും. ഡെലിവറി കഴിഞ്ഞു അവരുടെ വീട്ടിലായിരുന്നത് കൊണ്ട് പാവം ഒന്നും അറിഞ്ഞിട്ടില്ലായിരുന്നു.

അല്ലെങ്കിൽ ആ നാട് മുഴുവൻ അറിയാവുന്ന കാര്യമാണത്. യാത്ര പറഞ്ഞു പിരിയുന്നത് വരെയും അവർക്ക് ആ സത്യം ദഹിച്ചിട്ടില്ലെന്ന് തോന്നി. അവരെ പറഞ്ഞിട്ടും കാര്യമില്ല. അന്ന് ഞങ്ങൾ തമ്മിൽ അത്രയ്ക്ക് സ്നേഹത്തിലായിരുന്നല്ലോ. എന്റെ കവിളത്തു ആ സ്നേഹത്തിന്റെ അടയാളം പതിഞ്ഞതും മറ്റും അവരും കണ്ടതാണല്ലോ.

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. എനിക്ക് ഇപ്പൊ ആറു മാസമായി ആവശ്യത്തിന് വയറും ആയിട്ടുണ്ട്. എല്ലാവരും ആണ്കുട്ടികളാണോ പെണ്കുട്ടികളാണോ അല്ലെങ്കിൽ രണ്ടും ആയിരിക്കും എന്നൊക്കെ പ്രവചിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

എന്നാൽ ആരായാലും വേണ്ടില്ല, ഒരാപത്തും കൂടാതെ രണ്ടുപേരെയും ഞങ്ങൾക്ക് തന്നേക്കണേന്നാണ് ഞാനപ്പോൾ ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും.

വെള്ളിയാഴ്ച ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് രാധു ഒരു സന്തോഷവാർത്ത പറഞ്ഞത്. ഞായറാഴ്ച അവളെ ആരോ പെണ്ണുകാണാൻ വരുന്നുണ്ടെന്ന്. എന്നോടും വരണമെന്ന്. അതുകൊണ്ട് ഞായറാഴ്ച രാവിലെ തന്നെ ഞാനവിടെ ഹാജർ വെച്ചു.

ഒറ്റയ്ക്ക് വിടാൻ വിശ്വാസമില്ലെന്ന് പറഞ്ഞ് കടുവയും കൂടെ വന്നു. അവിടെ എല്ലാവരും വല്ലാത്ത വെപ്രാളത്തിലായിരുന്നു. രാമേട്ടനും അമ്മയും അവരെ സ്വീകരിക്കാനുള്ള തിരക്കിലാണ്.

രാഗിയും രഘുവും അവർക്കായി വാങ്ങിവെച്ച ബേക്കറി ഐറ്റംസ് പൊക്കുന്ന തിരക്കിലും. വേറൊരാള് ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്നുള്ള മട്ടിലാണ് നിൽപ്പ്.

“നീ എന്താടി പെണ്ണെ ഇങ്ങനെ നിൽക്കുന്നേ. വന്നേ അവര് വരുമ്പോഴേക്കും നമുക്ക് കുറച്ചു മേക്കപ്പ് ചെയ്തു നിക്കാം. ”
രാധുനെ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“പ്രിയ നീ ഈ വയറും വെച്ചോണ്ട് ഓടിനടക്കാതെ അടങ്ങി നിന്നോ.”

“അതൊന്നും കുഴപ്പമില്ല. ന്റെ മക്കള് നല്ല ആക്റ്റീവാണ്. അല്ലേടാ മക്കളെ. ”

“അതേ അതേ ഒരാള് അപ്പുറത്ത് നിന്ന് ഇതെല്ലാം കാണുന്നുണ്ട്. അത് മറക്കണ്ട അമ്മയും മക്കളും. ”

“ഓഹ്…അത് നീ കാര്യമാക്കണ്ട. അതൊക്കെ ഈ പ്രിയ എത്ര കണ്ടതാ. ”

“കണ്ടിട്ടും ഉണ്ട് കുറെ കൊണ്ടിട്ടും ഉണ്ടെന്ന് പറ. ”
“പോടി പോടി. നീയ്യിങ്ങ് വന്നേ നിന്റെ മുഖത്ത് ഞാനൊരു താജ് മഹൽ പണിയട്ടെ. ”

“ഒരുങ്ങി നിന്നിട്ട് ഒരു കാര്യവുമില്ല പ്രിയ. വരാൻ പോകുന്നത് ആരായാലും അവർക്ക് വേണ്ടത് പൊന്നും പണവുമാണ്. കഴിയില്ലെങ്കിലും എങ്ങനെയും ഇത് നടത്തണംന്നാണ് അച്ഛന്. ”

“ഇങ്ങനെ വിഷമിക്കാതെ രാധു. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. കൊള്ളാവുന്ന ആളാണ് നിനക്കും ഇഷ്ടായിന്നുണ്ടെങ്കിൽ ഈ വിവാഹം എന്തായാലും നടക്കും. ഞാനില്ലേ കൂടെ. ”

കുറച്ചു കഴിഞ്ഞപ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു. പ്രായമായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഒരു ചെറുപ്പക്കാരനുമാണ് ഉണ്ടായിരുന്നത്. രാമേട്ടനും ചന്ദ്രുവേട്ടനും കൂടി അവരെ സ്വീകരിച്ചിരുത്തി.

വന്നപാടെ ആ സ്ത്രീ വീടും പരിസരവും നല്ലവണ്ണം നോക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ കണ്ട തെളിച്ചമില്ല ഇപ്പോൾ. അൽപനേരം സംസാരിച്ചിരുന്നതിന് ശേഷം രാമേട്ടൻ രാധുവിനെ വിളിച്ചു.

ചായയുമായി രാധുവും പിറകെ പലഹാരങ്ങളുമായി അമ്മയും ഞാനും. ചെറുക്കൻ രാധുവിനെ നോക്കിയോന്ന് തന്നെ സംശയമാണ് അയ്യാളുടെ ശ്രദ്ധ മുഴുവൻ പലഹാരങ്ങളിലായിരുന്നു. ആ സ്ത്രീ അയ്യാളെ ഇടയ്ക്ക് നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു. വന്നിരിക്കുന്നത് ചെറുക്കന്റെ അമ്മയും അച്ഛനും അമ്മാവനുമാണത്രെ.

“അപ്പോൾ… എങ്ങനാ കാര്യങ്ങള്. കുട്ടിക്ക് എന്ത് കൊടുക്കും? ”
ചെറുക്കന്റെ അമ്മാവനാണ്.

“അതിപ്പോ ഇവിടുത്തെ കാര്യങ്ങളൊക്കെ ബ്രോക്കർ പറഞ്ഞു കാണുമല്ലോ….. ഞാൻ….. ”
രാമേട്ടൻ ദയനീയമായി പറഞ്ഞു.

“എന്നാലും എന്തെങ്കിലുമൊക്കെ കരുതിക്കാണില്ലേ? ”

“ഈ വീടും പറമ്പും നിങ്ങളുടെ തന്നെയല്ലേ? ”
ചെറുക്കന്റെ അമ്മ പുച്ഛത്തോടെ ചോദിച്ചപ്പോൾ രാമേട്ടൻ തലയാട്ടുന്നതോടൊപ്പം അമ്മയെ നോക്കുന്നുണ്ടായിരുന്നു. ഇവര് പെണ്ണുകാണാൻ തന്നെയാണോ അതോ വല്ല കച്ചവടത്തിനും വന്നത്. ഞാൻ ചിന്തിച്ചു.

കച്ചവടം കാര്യമായി തന്നെ നടക്കുന്നുണ്ട്. ഇതിനിടയിൽ ചെറുക്കനെന്നു പറയുന്ന കോന്തൻ പഴം വിഴുങ്ങിയത് പോലെ മിണ്ടാതെ ഇരിക്കുകയാണ്. കഷ്ടം തോന്നിപ്പോയി. അവര് ഓരോരോ ഡിമാൻഡ്കളായി പറഞ്ഞു കൊണ്ടിരുന്നു. രാമേട്ടൻ പാവം തോളിൽ കിടന്നിരുന്ന തോർത്തെടുത്ത് ഇടയ്ക്കിടെ മുഖം തുടക്കുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ കണ്ണുകൾ കലങ്ങിയിരുന്നു. ഇടയ്ക്ക് ചന്ദ്രുവേട്ടനും എന്തൊക്കെയോ പറഞ്ഞ് അവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോൾ അവരുടെ ഡിമാൻഡ്കൾ കൂടിയതല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല. ഇത്രയും സംയമനം പാലിച്ച് സംസാരിക്കുന്ന ചന്ദ്രുവേട്ടനെ ഞാൻ അത്ഭുതത്തോടെയാണ് നോക്കി നിന്നത്.

അച്ഛനോടും അമ്മയോടും ഒഴികെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വാളെടുക്കുന്ന കടുവ ഇന്ന് ഇത്രയും ശാന്തമായി പെരുമാറുന്നത് ഉൾക്കൊള്ളാൻ എനിക്ക് പ്രയാസം തോന്നി. അതും ഇങ്ങനെയൊരു അവസരത്തിൽ. എല്ലാം കേട്ട് സഹിക്കാനാവാതെ അമ്മ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

രഘുവും രാഗിയും നിസഹായരായി ഒരു വശത്തു മാറിനിൽക്കുന്നു. കുട്ടികളല്ലേ അവരെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും.
‘ഇപ്പൊ എങ്ങനുണ്ട് ‘ ന്നുള്ള അർത്ഥത്തിൽ എന്നെ നോക്കി ചിരിച്ചിട്ട് രാധുവും അകത്തേക്ക് പോയി.

“ഈ കച്ചവടം നടക്കില്ല. നിങ്ങള് പൊയ്ക്കോളൂ. ”
ക്ഷമ നശിച്ച് ഞാൻ പറഞ്ഞു. അല്ല പിന്നെ. എത്ര നേരമെന്ന് വെച്ചാണ് ഇത് കേട്ടുകൊണ്ട് നിൽക്കുന്നത്. ഒന്നുമില്ലേലും ഞാനും അവളെപ്പോലൊരു പെണ്ണല്ലേ.

“മോളെ… ” രാമേട്ടൻ.
“പ്രിയെ…. ” കടുവ.

“ഈ കുട്ടി ഏതാ? ”

“ഞാൻ ആരെങ്കിലും ആയിക്കോട്ടെ. നിങ്ങള് അതൊന്നും അറിയണ്ട. തത്കാലം എല്ലാവരും പോകാൻ നോക്ക്. ഈ ആലോചന നടക്കില്ല. ”

“അത് കുട്ടിയാണോ പറയേണ്ടത്. എന്താ രാമാ ഇത്? ”

“ഇവരാരും പറയാത്തത് കൊണ്ടാണ് ഞാൻ പറഞ്ഞത്. ഈ വിവാഹം ന്റെ രാധുന് വേണ്ട. ”

“പ്രിയെ നീയ്യൊന്ന് മിണ്ടാതിരിക്ക്. ”
അപ്പൊ കടുവയുടെ ദേഷ്യം ചോർന്നുപോയിട്ടില്ല ലെ.

“എങ്കിൽ പിന്നെ നിങ്ങള് പറ. ഒരു പെൺകുട്ടിയുടെ ജീവിതത്തിന് വിലയിടുമ്പോൾ ഒന്നും മിണ്ടാതെ കേട്ടിരിക്കാണോ? ”

“എന്താടോ ഇത്? താൻ ഞങ്ങളെ വിളിച്ചുവരുത്തി അപമാനിക്കായിരുന്നു ലെ? ”

“അപമാനിച്ചതല്ല. കാര്യം പറഞ്ഞതാണ്. രാധുന് വിവരവും വിദ്യാഭ്യാസവും ഉണ്ട്. ആവശ്യത്തിന് സൗന്ദര്യവും. നല്ലൊരു ജോലിയും. പിന്നെ സ്വർണം. അത് വേണ്ടത് തരും. ഒന്നുമില്ലാതെയൊന്നും ഇവിടുന്ന് ആരും ഇവളെ ഇറക്കിവിടില്ല. പക്ഷെ അത്ര വേണം ഇത്ര വേണംന്ന് പറഞ്ഞു വിലപേശാൻ വന്നാൽ….”

“സ്ത്രീധനം ചോദിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല അതൊരു നാട്ടുനടപ്പാണ്. ”

“ആയിരിക്കാം. രാമേട്ടന്റെ അവസ്ഥ അറിഞ്ഞിട്ടും നിങ്ങള് എന്തൊക്കെയാ പറഞ്ഞത്? ”

“പ്രിയെ നിന്നോട് മിണ്ടാതിരിക്കാനാണ് പറഞ്ഞത്. ”

“രാമേട്ടാ പറ രാമേട്ടാ. ഇത്രയും കാലം കഷ്ടപ്പെട്ട് വളർത്തിയ മോളെ ഈ പണക്കൊതിയന്മാർക്ക് തരില്ലെന്ന് പറ. ”

“മോളെ… മോള്ടെ കാല് പിടിക്കാം എന്റെ മോള്ടെ വിവാഹം മുടക്കരുത്. ഞാനെങ്ങനെയെങ്ങിലും നടത്തിക്കൊള്ളാം. ”
തൊഴുകൈയോടെ രാമേട്ടൻ പറഞ്ഞപ്പോൾ ഞാനാകെ ഇല്ലാതായി.

“വേണ്ടടോ. ഇതിനി മുന്നോട്ട് കൊണ്ടുപോകേണ്ട. പുത്തരിയിൽ തന്നെ കല്ല് കടിച്ചാൽ എങ്ങനെയാ… വാ നമുക്ക് പോകാം. ”

“അങ്ങനെ പറയല്ലേ…. ”

“വേണ്ട. ഞങ്ങൾ പോവാണ്. ”
അവർ അവിടുന്ന് ഇറങ്ങി പോയതും ഒന്നും മിണ്ടാതെ രാമേട്ടനും വീടിനുള്ളിലേക്ക് കയറി പോയി.

“സമാധാനമായല്ലോ നിനക്ക്? ”
ചന്ദ്രുവേട്ടൻ എന്റെ നേർക്ക് ഒരു ചാട്ടമായിരുന്നു.

“അതിന് ഞാൻ തെറ്റൊന്നും പറഞ്ഞില്ലല്ലോ. അവര് പറഞ്ഞത്….. ”
മുഴുമിപ്പിക്കുന്നതിന് മുന്നേ ചന്ദ്രുവേട്ടൻ കൈയുയർത്തി തടഞ്ഞു. എന്തോ പറയാൻ തുടങ്ങിയതും ആ നോട്ടം എന്നിൽ നിന്ന് മാറി വാതിൽക്കലേക്ക് നീണ്ടു. രാധുവായിരുന്നു.

“പ്രിയ നിങ്ങള് വീട്ടിലേക്ക് ചെല്ല്. ”

“രാധു …. ഞാൻ…… ”
വേറൊന്നും പറയാതെ അവളും അകത്തേക്ക് പോയി.

“ഇനി എന്ത് കാണാൻ നിൽക്കുവാ? നടക്കടി വീട്ടിലേക്ക്. ”
പറയുന്നതോടൊപ്പം എന്റെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു. ഒരു പാവയെപോലെ ഞാൻ പിറകെയും.

ഗേറ്റ് കടന്നതും കണ്ടു ഉമ്മറത്ത് ഞങ്ങളെയും പ്രതീക്ഷിച്ച് ഇരിക്കുന്ന അച്ഛനെയും അമ്മയെയും.

ചിരിച്ചു കളിച്ചു സന്തോഷത്തോടെ പോയവർ മുഖവും കേറ്റിപിടിച്ചു വരുന്നത് കണ്ടപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവർക്ക് മനസിലായെന്ന് തോന്നുന്നു. എന്നോട് ഒന്നും ചോദിച്ചില്ല.

അതുകൊണ്ട് തന്നെ അവിടെ നിൽക്കാതെ ഞാൻ വേഗം റൂമിലേക്ക് പോന്നു. ചന്ദ്രുവേട്ടൻ അവിടെ തന്നെ നിന്നു. കാര്യങ്ങളൊക്കെ വിശദീകരിക്കട്ടെ. കടുവ. ഹും…

ബെഡിൽ വന്നിരുന്ന് കഴിഞ്ഞതെല്ലാം ഓർത്തു നോക്കി. ഞാൻ ചെയ്തത് തെറ്റാണെന്ന് പറഞ്ഞതിലോ ആരും ന്യായീകരിക്കാതത്തിലോ എനിക്ക് വിഷമമില്ല.

അവര് എന്റെ രാധുന് വിലയിടുമ്പോൾ പ്രതികരിക്കാതെ ഇരുന്നില്ലേ എല്ലാവരും. എനിക്ക് പൊന്നും പണവുമൊന്നും വേണ്ട. ഇവളെ മാത്രം മതിയെന്ന് പറയാനുള്ള ധൈര്യം ആ കോന്തനും ഉണ്ടായില്ലല്ലോ. കഷ്ടം. അത്രയും വലിയ ചർച്ച നടന്നിട്ടും കുന്തം വിഴുങ്ങിയത് പോലെ ഇരിക്കുന്നത് കണ്ടിട്ട് അമ്മിക്കല്ലെടുത്ത് തലയ്ക്കടിക്കാനാണ് തോന്നിയത്.

ആണുങ്ങളുടെ വില കളയാനായിട്ട്. അല്ലെങ്കിൽ തന്നെ എന്റെ രാധുനെ വിവാഹം കഴിക്കാനുള്ള എന്ത് യോഗ്യതയുണ്ട് ആ മരങ്ങോടന്? സർക്കാർ ജോലിയുണ്ട് എന്നൊരൊറ്റ കാരണമല്ലേ രാധുവിനെക്കാളും അയ്യാൾക്കുള്ളൂ.

ശെരിയല്ലാത്തത് കണ്ടാൽ ദേഷ്യപ്പെടുന്ന പരട്ടകടുവ പോലും ഒന്നും പറഞ്ഞില്ല. അലവലാതി. എന്റെ പ്രതീക്ഷ മൊത്തം തകർന്നു. അങ്ങേരെങ്കിലും വായ തുറന്ന് എന്തെങ്കിലും പറയുമെന്ന് വിചാരിച്ചു.

അപ്പോഴാണ് എന്റെ വയറിലൊരു തൂവൽസ്പർശം ഞാനറിഞ്ഞത്. കടുവയാണ്. ഞാൻ മുഖം തിരിച്ചിരുന്നു.

“അച്ഛന്റെ മക്കള് പേടിച്ചോ അമ്മയുടെ ഇന്നത്തെ പ്രകടനം കേട്ടിട്ട്? ”
വയറിലേക്ക് മുഖമടുപ്പിച്ച് കടുവ ചോദിച്ചു. ഞാൻ ആ കൈ തട്ടിമാറ്റി കുറച്ചു നീങ്ങിയിരുന്നു.

“പ്രിയെ… ”
വിളി കേൾക്കാതെ ശ്രദ്ധിക്കാത്തത് പോലെ ഞാനിരുന്നു.

“നീ എന്തിനാ അങ്ങനെയൊക്കെ പറയാൻ പോയത്. സ്വന്തം മകളുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും അഭിപ്രായം പറയേണ്ടതും ആ അച്ഛനല്ലേ.

അദ്ദേഹം പോലും മിണ്ടാതിരിക്കുമ്പോൾ പുറമേക്കാരായ നമ്മൾ എന്തെങ്കിലും പറയുന്നത് ശെരിയാണോ? അതുകൊണ്ടല്ലേ ഞാൻ എല്ലാം കടിച്ചുപിടിച്ചു ഇരുന്നത്. അല്ലെങ്കിൽ എപ്പഴേ ആ അമ്മാവൻന്ന് പറയുന്ന മൂപ്പിലാന്റെ അടിയന്തിരം ഞാൻ കഴിച്ചേനെ. ”

എന്റെ ഭാഗത്തു നിന്ന് പ്രതികരണമില്ലാത്തത് കൊണ്ട് ഒന്ന് നിർത്തിയ ശേഷം ചന്ദ്രുവേട്ടൻ വീണ്ടും തുടർന്നു.

“ഒരു പെൺകുട്ടിയുടെ ജീവിതമല്ലേ നടക്കുന്നെങ്കിൽ നടക്കട്ടെന്ന് കരുതിയാണ് അവൾക്ക് വേണ്ടതൊക്കെ ഞാൻ കൊടുത്തോളാംന്ന് പറഞ്ഞത്. അപ്പൊ അയ്യാൾക്ക് അത് മാത്രം പോരാ. അത് വേണം ഇത് വേണം കാർ ബൈക്ക് അയാൾടെ @#$&*@#$%&”

ചന്ദ്രുവേട്ടൻ എന്തൊക്കെ പറഞ്ഞ് സോപ്പ് പതപ്പിച്ചിട്ടും കാര്യമുണ്ടായില്ല. കുറച്ചു ദിവസം അച്ഛനും അമ്മയും ഒഴികെ എല്ലാവരോടും പിണക്കത്തിലായിരുന്നു. ഇണക്കിയെടുക്കാൻ കടുവയും ശ്രമിക്കുന്നുണ്ട്.

രാധുവിനും എന്നോട് മിണ്ടാൻ എന്തോ പ്രയാസം പോലെ. സ്കൂളിൽ വെച്ച് കാണുമ്പോൾ ചിരിക്കും. അത്രതന്നെ. വിനോദ് സാർ ചോദിച്ചപ്പോൾ രണ്ടുപേരും ഒരുപോലെ ഒഴിഞ്ഞുമാറി. എല്ലാവരിൽ നിന്നും വിട്ട് ഞാൻ എന്റേത് മാത്രമായി ഒരു കുഞ്ഞു ലോകം തീർത്ത് അതിനുള്ളിൽ ഒതുങ്ങികൂടി.

ചന്ദ്രുവേട്ടനോടും ആവശ്യത്തിന് മാത്രമായി സംസാരം. രാധുവിന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കിയിട്ടേ ഇനി പ്രിയ പഴയ പ്രിയയാവൂ എന്ന് പ്രതിജ്ഞയെടുത്തു. അതിന് ഈ പിണക്കം നല്ലതാണ്. ഒന്നുമില്ലേലും ഒരിക്കൽ കുറച്ചു ദിവസം ഇവരെല്ലാവരും കൂടി എന്നെയും വിഷമിപ്പിച്ചതല്ലേ.

അവധി ദിവസമായതുകൊണ്ട് അല്ലറചില്ലറ പണികളെല്ലാം കഴിഞ്ഞു ഉമ്മറത്തിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു. എന്റെ ഗ്രേറ്റ്‌ കടുവയുടെ സംഭാവനയാണ്.

അച്ഛനും അമ്മയും ഹാളിൽ ഇരിപ്പുണ്ട്. കടുവ പുറത്ത് എവിടെയോ പോയിരിക്കുകയാണ്. നാൽവർ സംഘത്തോടൊപ്പം. അപ്പോഴാണ് മുറ്റത്തു രണ്ടു കാറുകൾ വന്നുനിന്നത്. ഏട്ടനും മൂർത്തി അങ്കിളുമായിരുന്നു. കൂടെ എല്ലാവരുമുണ്ട്.

“മാമന്റെ ചക്കരക്കുട്ട്യോൾക്ക് സുഖമാണോ? ”
ഓടിവന്ന് ഏട്ടൻ എന്റെ വയറിലേക്ക് മുഖമടുപ്പിച്ച് ചോദിച്ചു.

“മാമൻ മാത്രല്ല ഒരു ആന്റിയും ണ്ട്. അപ്പുവേട്ടാ മാറങ്ങോട്ട്. ”
ഏട്ടനെ തട്ടിമാറ്റി രേവു ഇടയിൽ കയറി.

“ഓഹ്… എല്ലാർക്കും ഇപ്പൊ ഇവരെ മതി ലെ. എന്നെ ആർക്കും വേണ്ട. ”

“എടി കുശുമ്പിപാറു നീ ഏട്ടന്റെ ജീവനല്ലേ? ഇവര് ആ ജീവന്റെ ജീവനും. ”
എന്നെയും ചേർത്തുപിടിച്ച് ഉള്ള ഏട്ടന്റെ ആ ഡയലോഗിൽ ഞാൻ വീണു.

“ആഹാ… എല്ലാരും ഉണ്ടല്ലോ. അകത്തേക്ക് വാ. ”
ഉമ്മറത്തെ ബഹളം കേട്ട് പുറത്തേക്ക് വന്ന അച്ഛനായിരുന്നു. കടുവയുടെ പുസ്തകം കുറച്ചു നേരം വിശ്രമിക്കട്ടെ. ഞാനിനി ഏട്ടന്റെ കൂടെ ഇരിക്കട്ടെ. എല്ലാവരും സംസാരിച്ച് ഇരിക്കുമ്പോളാണ് പുറത്ത് പോയ കടുവ കയറിവന്നത്.

“നിന്നെക്കുറിച്ച് ഒരു കംപ്ലയിന്റ് കിട്ടിയുണ്ട്. ”
വന്നപാടെ കടുവ എന്നെനോക്കി പറഞ്ഞപ്പോൾ എല്ലാവരുടെയും ശ്രദ്ധ എന്നിലായി. ഏട്ടനും രേവുവും സംശയത്തോടെ എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു.

“ഈ സമയത്തെങ്കിലും നിനക്ക് അടങ്ങിയൊതുങ്ങി ഇരുന്നൂടെ മോളെ? എന്ത് പോക്കിരിത്തരമാ ചന്ദ്രു ഇവള് കാണിച്ചത്? ”
ഇത്രയും നേരം പാലും പഞ്ചാരയും ഒഴുക്കിയിരുന്ന സ്നേഹനിധിയായ ഏട്ടൻ പെട്ടന്ന് കർക്കശക്കാരനായ രക്ഷിതാവായി മാറി.

“ഏയ്‌… ഏട്ടൻ വിചാരിക്കുന്ന പോലുള്ള പ്രശ്നമൊന്നുമല്ല. ഇതൊരു ചെറിയ സൗന്ദര്യപിണക്കം. അത്രേയുള്ളൂ. ”

“അതെന്താ? ആരോട്? ”

ആ ചോദ്യം കേൾക്കാൻ കാത്തിരുന്നത് പോലെ കടുവ കഥാപ്രസംഗം തുടങ്ങി. എന്തൊരു ബഡായിയാണ് ഈ മനുഷ്യൻ പറയുന്നത് എനിക്കിട്ട് പണിയാൻ വേണ്ടി ഞാൻ പറയാത്തത് പലതും ഉണ്ടാക്കി പറയുന്നുണ്ട്.

എല്ലാരും വായുംപൊളിച്ചു കഥ കേൾക്കുമ്പോൾ അച്ഛനും അമ്മയും ചിരി അടക്കാൻ പാടുപെടുകയായിരുന്നു. ഇങ്ങേരെ വല്ല നുണപറയൽ മത്സരത്തിനും കൊണ്ടുപോയാൽ എതിരാളികളില്ലാതെ ജയിക്കും. ഉറപ്പ്. കടുവയുടെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.

പക്ഷെ അതിമോഹമാണ് മോനെ ചന്ദ്രു അതിമോഹം. എന്റെ ഏട്ടന്റെ കൈയിൽന്ന് എനിക്ക് വഴക്ക് കേൾപ്പിച്ചുതരാമെന്ന മോഹം. അത് വല്ല ചന്ദനമുട്ടിയിലോ പൊകയില്ലാത്ത അടുപ്പിലോ വെച്ച് കത്തിക്ക് മനുഷ്യ. ഹും…. .പൊടിപ്പും തൊങ്ങലും ചേർത്ത് വളരെ ഭംഗിയായി കടുവ കഥ പറഞ്ഞവസാനിപ്പിച്ചതും ഏട്ടൻ എന്നെയൊന്ന് തറപ്പിച്ചു നോക്കി.

“രാമേട്ടൻ ഇവളെ കാണാൻ ഇങ്ങോട്ട് വരാനിരുന്നതാണ്. ഞാൻ പറഞ്ഞു പ്രിയേം കൂട്ടി ഞാനങ്ങോട്ടു വന്നോളാംന്ന്. ”

“ചന്ദ്രു…. കാര്യം എന്റെ അനിയത്തി ഇച്ചിരി തല്ലുകൊള്ളിയാണ്. സമ്മതിച്ചു. എന്നുകരുതി നീ പറഞ്ഞത് മുഴുവനും ഞാൻ വിശ്വസിച്ചിട്ടില്ല ട്ടാ. എന്തായാലും എന്റെ മോള് കാരണം ആരും വിഷമിക്കരുത്. അതുകൊണ്ട് നിങ്ങളുടെ പിണക്കം മാറ്റിയിട്ട് നാളെയെ ഞങ്ങള് പോകുന്നുള്ളു. ” ഏട്ടൻ പറഞ്ഞു.

എല്ലാവരും കൂടി അന്ന് വീട്ടിൽ ഒരു ഉത്സവം തന്നെയായിരുന്നു.പിറ്റേന്നത്തെ എല്ലാവരുടെയും പ്രധാന അജണ്ട എന്റെ ശീതയുദ്ധം അവസാനിപ്പിക്കൽ ആയിരുന്നു. രാവിലെ എഴുന്നേറ്റതും എല്ലാവർക്കും ഭയങ്കര ദൃതിയായിരുന്നു. രാധുവിന്റെ വീട്ടിലേക്ക് പോകാൻ.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32

Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 34

Mr. കടുവ : ഭാഗം 35

Mr. കടുവ : ഭാഗം 36

Mr. കടുവ : ഭാഗം 37

Mr. കടുവ : ഭാഗം 38

Mr. കടുവ : ഭാഗം 39