Thursday, April 25, 2024
Novel

Mr. കടുവ : ഭാഗം 4

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

ലൈറ്റ് ഇട്ട ആളെ കണ്ട് എന്റെ പക്ഷിസങ്കേതത്തിലെ കിളികളെല്ലാം എങ്ങോട്ടോ പറന്നുപോയി. ആളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. പക്ഷെ ആള് പെട്ടെന്ന് തന്നെ കിളികളെയെല്ലാം ഓടിച്ചിട്ട് പിടിച്ചു .

“നിയ്യോ???, നിയ്യെന്താടി ഇവിടെ? “.
തുടങ്ങി ഗർജ്ജനം.

മറുപടി പറയാനൊന്നും നേരമില്ല ഞാനീ കിളികളെയൊന്ന് പിടിച്ചോട്ടെ . Don’t disturb. ഹും…..

“എടി നിന്നോടാ ചോദിച്ചത്. നിയെന്താ ഇവിടെന്ന്? ”

ഹോ…. വീണ്ടും ഗർജ്ജനം. ഒന്ന് പതുക്കെ സംസാരിക്ക് മനുഷ്യ രാത്രിയാണ്. അടുത്തോടത്തൊന്നും കുഞ്ഞു കുട്ടികൾ ഇല്ലാത്തത് നന്നായി.

“ടി….. ”

“അലറണ്ട. അച്ഛൻ പറഞ്ഞു എന്നോട് ഇവിടെ താമസിച്ചോളാൻ. ”
ഞാൻ പറഞ്ഞു.

“അങ്ങനെ നിന്റച്ഛൻ പറയുമ്പൊ കേറിതാമസിക്കാൻ ഇത് നിന്റച്ഛൻ ഉണ്ടാക്കി ഇട്ടതല്ല. ”

“എന്റെ അച്ഛനല്ല. തന്റെ അച്ഛനാണ് പറഞ്ഞത്. സാക്ഷാൽ മാണിക്യമംഗലത്തെ വിശ്വനാഥ മേനോൻ. അല്ല…. ഞാൻ ഡോർ ലോക്ക് ചെയ്തതാണല്ലോ പിന്നെങ്ങനെ താൻ അകത്തു കയറി !?”🤔🤔

ഞാനത് ചോദിച്ചപ്പോൾ കടുവ നിന്ന് പരുങ്ങുന്നു. പക്ഷെ പെട്ടെന്ന് തന്നെ പഴയ ഫോമിലെത്തി.

“അത്…… അതൊന്നും നിന്നെ ബോധിപ്പിക്കണ്ട ആവശ്യം എനിക്കില്ല ഇറങ്ങിപ്പോടി ഇവിടുന്ന്. ”

“എന്നോട് ഇവിടെ താമസിച്ചോളാൻ പറഞ്ഞത് മേനോൻ സാറാണ്. സാർ പറയാതെ ഞാനിവിടുന്ന് ഇറങ്ങില്ല. ”

“നീയിറങ്ങില്ല? ”

“ഇല്ല ഇല്ല ഇല്ല. അത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തനിറങ്ങിപോയ്ക്കോ. ”

“ആരാ ഇറങ്ങാൻ പോകുന്നെന്ന് കാണിച്ചു തരാടി
ഉണ്ടക്കണ്ണി. ”

അതും പറഞ്ഞു കടുവ എന്റെ കൈ പിടിച്ചുവലിച്ചു റൂമിന് പുറത്തേക്ക് നടന്നു.

ഹാളിലെത്തിയതും വിസിൽ അടിക്കുന്നതിന്റെയും ഡോർ തട്ടുന്നതിന്റെയും ശബ്ദം കേട്ടു.

നിനക്കുള്ളത് ഇപ്പൊ തരാടി ന്ന് പറഞ്ഞു കടുവ പോയി ഡോർ തുറന്നു.

സാറും അമ്മയും വാസുവേട്ടനും ഒക്കെയുണ്ട്.

വിസിൽ വായിൽ തിരുകിയാണ് വാസുവേട്ടൻ നിൽക്കുന്നത്. വാതിൽ തുറന്ന കടുവയെ കണ്ട് എല്ലാവരും അന്തം വിട്ടു.

“നിയ്യെന്താടാ ഇവിടെ? ”

അമ്മ ചോദിച്ചു. ആ ചോദ്യം എനിക്കുള്ളൊരു കച്ചിത്തുരുമ്പായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ കടുവയെ ദഹിപ്പിച്ചൊന്നു നോക്കി.

“ഇങ്ങനെ കരയാനും മാത്രം ഞാനൊന്നും ചെയ്തിട്ടില്ല. എടി നീ വെറുതെ അഭിനയിക്കല്ലേ? ”

അതുകൂടി കേട്ടപ്പോൾ ഞാനിത്തിരി കൂടി ഉച്ചത്തിൽ കരഞ്ഞു.

“സത്യം പറയടാ നീ പ്രിയമോളെ എന്താ ചെയ്തേ? ”
അമ്മ ചോദിച്ചു.

“എന്റമ്മേ ഞാനൊന്നും ചെയ്തിട്ടില്ല. ഇവിടുന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞു. അത്രേയുള്ളൂ. ”

“അല്ലമ്മേ രാവിലത്തെ ബാക്കി പ്രതികാരം തീർക്കാൻ വന്നതാ. ങീ….. ങീ…. ”

“വാസു താൻ പൊയ്ക്കോ. ”

സാർ വാസുവേട്ടനെ അവിടെ നിന്ന് പറഞ്ഞയച്ചു. ശേഷം കടുവയുടെ നേർക്ക് തിരിഞ്ഞു.
“അതൊക്കെ പോട്ടെ നിയ്യെങ്ങാ അകത്തു കയറിയത്? മോള് ഡോർ ലോക്ക് ചെയ്തിരുന്നില്ലേ? ”

“ഉവ്വ് സാർ ലോക്ക് ആയിരുന്നു. ”
ഞാൻ പറഞ്ഞു

“അത് …. പിന്നെ…… ഞാൻ….. ”
കടുവ നിന്ന് പരുങ്ങാൻ തുടങ്ങി. അച്ഛന്റെ മുന്നിൽ പൂച്ചക്കുട്ടിയാണല്ലേ?

“നിന്ന് പരുങ്ങാതെ കാര്യം പറയടാ. ”
സാർ ടെററായി.

“അത്…. റൂം….. ജനാല……. ഡോർ…….. ”

“നിയ്യെന്താടാ പദസൂചന തന്ന് പൂരിപ്പിക്കാൻ പറയാണോ? തെളിച്ചു പറയടാ. ”

“അത്….. ആ റൂമിലെ ജനാലടെ അടിയിലായി ഒരു ഡോർ ആണ്. ആ കർട്ടൻ മാറ്റിയാൽ….. ”
കടുവ പറഞ്ഞു തീരുന്നതിനു മുന്നേ ഞാൻ റൂമിലേക്കോടി.

പിന്നാലെ അവരും വന്നു. ഞാൻ നിലത്തോട് ഒപ്പം നിൽക്കുന്ന ജനലിന്റെ കർട്ടൻ നീക്കി നോക്കി.

കടുവ പറഞ്ഞത് പോലെ ചുമരാണെന്ന് തെറ്റിദ്ധരിക്കുന്ന രീതിയിൽ ഒരാൾക്ക് സുഖമായി കടക്കാവുന്ന ഒരു ഡോർ. ഡോർ തുറന്നപ്പോൾ അപ്പുറത്ത് പൂച്ചട്ടികളാണ് കണ്ടത്.

ഞങ്ങൾ മൂന്നുപേരും കടുവയെ ഒന്ന് കൂർപ്പിച്ചു നോക്കി. അന്നേരം കടുവേടെ നിൽപ്പൊന്ന് കാണേണ്ടതായിരുന്നു.

അതുകണ്ടപ്പോൾ എനിക്ക് എന്തോ വല്ലാത്തൊരു മനസുഖം തോന്നി.

അമ്മ ചെന്ന് കടുവയുടെ ചെവിയിൽ കേറി പിടിച്ചു.
“എടാ കുരുത്തം കെട്ടവനെ ഇതൊക്കെ എപ്പോഴാടാ ഒപ്പിച്ചത് ? ”

“ആ….. വിടമ്മേ വേദനിക്കുന്നു. ”

“ചന്ദ്രൂ.. നീ വീട്ടിലേക്ക് നടക്ക്. നാളെത്തന്നെ ഇത് ശെരിയാക്കാൻ ആരോടെങ്കിലും പറയാം. പ്രിയ ഇന്നിനി ഏതായാലും മറ്റേ റൂമിൽ കിടന്നമതി. ”
സാർ പറഞ്ഞു.

“അച്ഛാ… ഇവള്… ”

“പ്രിയ ഇനി മുതൽ ഇവിടെയ താമസിക്കുന്നത്. നമ്മുടെ സ്കൂളിൽ പഠിപ്പിക്കാൻ വന്ന ടീച്ചറുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്. ”

അതും പറഞ്ഞു സാർ പോയി. പിന്നാലെ അമ്മയും. അവർ പോയപ്പോൾ കടുവ എന്റടുത്തു വന്നു.

“നിന്നെ ഒരിക്കൽ എന്റെ കൈയിൽ കിട്ടുമെടി. അപ്പോ കാണിച്ചു തരാം. ”

“കാണിച്ചു തരണേ. പറ്റിക്കരുത്. ”

“അതിനുള്ള ശേഷിയുണ്ടോടി നിനക്ക്…? ”

ഒരു വഷളൻ ചിരിയോടെ മീശയും പിരിച്ചു സൈറ്റടിച്ചുക്കൊണ്ട് ചോദിച്ചപ്പോൾ വായും പൊളിച്ചു നിന്നുപോയി.

കുറച്ചു സമയം വേണ്ടിവന്നു ബോധം തെളിയാൻ. കടുവയുടെ പൊടി പോലും കാണാനില്ല.

അയ്യേ…. എന്നാലും ഞാൻ പറഞ്ഞതിന് അങ്ങനേം ഒരർത്ഥം ഉണ്ടായിരുന്നോ??? ഛെ…. ഏതു നേരത്താണോ അങ്ങനെ പറയാൻ തോന്നിയത്.?

വേഗം അകത്തു കയറി ഡോറടച്ചു ലോക്ക് ചെയ്തു.

ഇത്രേം നേരം കിടന്നിരുന്ന റൂമിൽ നിന്നും സാധനങ്ങളെല്ലാം എടുത്തു അപ്പുറത്തെ റൂമിൽ കൊണ്ടുവച്ചു അവിടെ പോയി കിടന്നു ഉറങ്ങി.

😴😴😴😴

മേനോൻ റൂമിലേക്ക് വന്നപ്പോൾ എന്തോ ആലോചിച്ചു ഇരിക്കുന്ന ലക്ഷ്മിയെയാണ് കാണുന്നത്.

“എന്താടോ, ഭയങ്കര ആലോചനയിലാണല്ലോ? ”

“ഞാൻ നമ്മുടെ ചന്ദ്രൂനെക്കുറിച്ച് ആലോചിക്കുകയായിരുന്നു ”

മേനോൻ അവരുടെ അടുത്ത് ചെന്നിരുന്നു.
“താനതൊന്നും ആലോചിച്ചു വെറുതെ ടെൻഷനാവണ്ട. എല്ലാം ശെരിയാവും. ”

“വിശ്വേട്ട… ഇന്ന് രാവിലെ തന്നെ കണ്ടോ. എത്ര നാള് കൂടിയ എന്റെ കുട്ടി ഒന്ന് മനസറിഞ്ഞു ചിരിച്ചു കണ്ടത്. ”

“ഞാനും ശ്രദ്ധിച്ചു. നമ്മുടെ പഴയ ചന്ദ്രൂനെയാ അവിടെ കണ്ടത്. ”

“വിശ്വേട്ട എന്തോ എന്റെ മനസ് പറയുന്നു. പ്രിയ മോൾടെ വരവ് വെറുതെയല്ലെന്ന്. നമ്മുടെ മോനെ നമുക്ക് തിരിച്ചു കിട്ടുമെന്ന്. ”

“മതി. ഒരുപാട് പ്രതീക്ഷ വേണ്ട. കഴിഞ്ഞതൊന്നും താൻ മറന്നിട്ടില്ലല്ലോ. സമയം ഒരുപാടായി താൻ കിടക്കാൻ നോക്ക്. ”

☀️☀️☀️

അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് രാവിലെ എണീറ്റത്. എഴുന്നേറ്റ പാടെ ഫ്രഷാവാൻ പോയി. കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ കയറി. സാധനങ്ങളൊക്കെ അടുക്കളയിൽ ഉണ്ടായിരുന്നു.

ആദ്യം തന്നെ കടുപ്പത്തിൽ നല്ലൊരു ചായയുണ്ടാക്കി കുടിച്ചു. ബ്രേക്ക്‌ഫാസ്റ്റ് ഐറ്റംസും ഞാനും തമ്മിൽ നല്ലൊരു ബന്ധം ഉള്ളതുകൊണ്ട് അതിനു മുതിർന്നില്ല.ഉഴുന്നിന്റെയും അരിയുടേയുമൊന്നും അളവ് ശെരിയാവില്ല.

ദോശടേം ഇഡ്ഡലിടേം സ്ഥാനത്ത് ചിലപ്പോൾ പുതിയ പുതിയ ഐറ്റംസ് ഉണ്ടായിന്നുവരും.അമ്മ കുറെ ശ്രമിച്ചതാ, പക്ഷെ എന്റെ തലേൽ കേറണ്ടേ? സഹിക്കെട്ട് ഒരിക്കൽ ഉപ്പുമാവ് ഉണ്ടാക്കി.

എന്റെ ഭാഗ്യം എന്നല്ലാതെ എന്താ പറയാ വീട്ടിലുള്ള മനുഷ്യര് പോയിട്ട് എന്റെ ജിമ്മി (pet dog ആണ് ) പോലും അത് തിരിഞ്ഞു നോക്കിയില്ല.

അല്ലെങ്കിൽ ഞാനിന്ന് സെൻട്രൽ ജയിലിൽ കിടന്നേനെ. കൊലക്കുറ്റത്തിന്. ചോറുണ്ടാക്കി എന്തോ ഒരു കറിയും ഓംലെറ്റും ഉണ്ടാക്കി. ലഞ്ചിനുള്ളത് റെഡി. രാവിലെക്കും അത് തന്നെ.

അങ്ങനെ സമയമായപ്പോൾ ഒരു ബേബി പിങ്ക് കളർ കോട്ടൺ സാരി ഉടുത്തു ഒരുങ്ങി നിന്നു.

ബാഗെടുത്ത് വാതിലും പൂട്ടി ഇറങ്ങി. മേനോൻ സാർ പുറത്തു പോവാൻ നിക്കുന്നുണ്ടായിരുന്നു.

കൂടെ അമ്മയും. കടുവ എവിടെയാണാവോ? അകത്തു പോയോ പുറത്തുണ്ടോ ആവോ. എന്നെ കണ്ടതും അമ്മ കൈയിലുണ്ടായിരുന്ന കുഞ്ഞു പാത്രം എന്റെ കൈയിൽ തന്നു.

“കുറച്ചു മാങ്ങാ അച്ചാറാണ് ഉച്ചക്ക് ചോറിന്. ഞാൻ പറഞ്ഞതാ ഒരാൾക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ നിക്കണ്ടാന്ന്. കേട്ടില്ലല്ലോ. ”

അമ്മ പരിഭവം പറഞ്ഞു.
“അതൊന്നും സാരമില്ല അമ്മേ ”

സാർ എനിക്ക് ഓൾ ദി ബെസ്റ്റ് പറഞ്ഞു. ഓഫീസിലേക്ക് പോയി. കുറച്ചു നേരം അമ്മയോടൊപ്പം കത്തിയടിച്ച് നിന്നു . അപ്പോഴേക്കും രാധിക വന്നു.

അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി. പോകുന്ന വഴിയിൽ രാധിക ആ നാടിനെക്കുറിച്ചും മറ്റുമുള്ള ഒരു വലിയ വിവരണം തന്നെ പറഞ്ഞുകേൾപ്പിച്ചു.

സ്കൂളിൽ എത്തി, രാധിക തന്നെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. ഹെഡ് മാഷുടെ അടുത്ത് പോയി ജോയിൻ ചെയ്തു. ടീച്ചേഴ്സിനെയെല്ലാം
പരിചയപെടുത്തിത്തന്നു.ഹൈസ്കൂൾ സെക്ഷനിലയിരുന്നു എന്റെത്. അവളും.

രാധു തന്നെ ക്ലാസ്സിലാക്കിത്തന്ന് കുട്ടികൾക്കും എന്നെ പരിചയപെടുത്തിക്കൊടുത്തു. ഇന്റർവെല്ലിന് കാണന്നുപറഞ്ഞ അവൾ പോയി.

വളരെ നല്ലൊരു അന്തരീക്ഷം. നല്ല കുട്ടികളും ആദ്യദിവസം ആയതുകൊണ്ട് എല്ലാവരെയും പരിചയപ്പെടൽ മാത്രമേ ചെയ്തുള്ളൂ. എന്റെ സബ്ജെക്ട് കെമിസ്ട്രി ആയിരുന്നു.

എനിക്ക് മുമ്പുണ്ടായിരുന്ന സാർ എടുത്തുകഴിഞ്ഞ ഭാഗങ്ങളെക്കുറിച്ചും മറ്റുമൊക്കെ ചോദിച്ചറിഞ്ഞു. ഇന്റർവെൽ സമയത്തു സ്റ്റാഫ് റൂമിലെത്തിയപ്പോൾ രാധു അവിടെ ഉണ്ടായിരുന്നു.

എന്തോ ബുക്ക് വായിച്ചിരിക്കുകയായിരുന്നു പുള്ളിക്കാരി. സെക്കന്റ്‌ ഹൗർ ക്ലാസ് ഇല്ലായിരുന്നത്രെ. ഞാൻ അവളുടെ അടുത്ത് പോയിരുന്നു.

വായനയിൽ അങ്ങ് ലയിച്ചുപോയിരിക്ക ഞാൻ വന്നത്പോലും അറിഞ്ഞിട്ടില്ല. ഞാൻ പതുക്കെ തോണ്ടിവിളിച്ചു.

“ഹ…. നീ എപ്പോ വന്നു ? ”

“ഞാൻ വന്നിട്ട് കുറെ നേരായി. ഇതെന്ത് വായനായാടി പെണ്ണേ . ആരേലും പൊക്കിക്കൊണ്ട് പോയാലും അറിയില്ലല്ലോ? ”

“അതൊക്കെ പോട്ടെ. ക്ലാസ്സ്‌ എങ്ങനുണ്ടാരുന്നു? കുട്ടികളോ?

“അതൊന്നും ഒരു കുഴപ്പവുമില്ല. ”

“അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ഒരു സാർ ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ഹായ്. പുതിയൊരാൾ വന്നിട്ടുണ്ടെന്ന് കേട്ടു. ”

“സാറോ? പ്രിയ ഇത് വിനോദ് സാർ നമ്മുടെ സെക്ഷൻ തന്നെ, കണക്കാണ് വിഷയം. ”
രാധു പറഞ്ഞു.

“ഹായ്.. ഐ ആം പ്രിയദർശിനി. ”

“വിനോദ് ”

ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. വിനോദ് സാർ വളരെ ഫ്രണ്ട്‌ലിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലും.

എവിടുന്നോ ഒരു പ്രത്യേക സന്തോഷം മനസിനെ വന്നുപൊതിയുന്നത് ഞാനറിഞ്ഞു. അങ്ങനെ ആദ്യദിവസം കുഴപ്പമില്ലാതെ കഴിഞ്ഞു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3