Saturday, December 14, 2024
Novel

Mr. കടുവ : ഭാഗം 5

എഴുത്തുകാരി: കീർത്തി


വീട്ടിൽ എത്തിയപാടെ സൂരജ് മുന്നിൽ കണ്ടവരോടെല്ലാം ദേഷ്യപ്പെട്ടു . അവന്റെ ദേഷ്യം കണ്ട് മാലതിയും സാന്ദ്രയും പേടിച്ചു. ആദ്യമായിട്ടാണ് സുരാജിനെ ഇത്രയും ദേഷ്യപ്പെട്ടു കാണുന്നത്. അവൻ നേരെ റൂമിലേക്ക് കേറിപ്പോയി വാതിൽ വലിച്ചടച്ചു.

ദേഷ്യം അടങ്ങാതെ റൂമിലെ സാധനങ്ങളും എടുത്തെറിഞ്ഞു. ഭ്രാന്ത് പിടിച്ചവനെപോലെ കൈകൊണ്ട് മുടിയെല്ലാം ശക്തിയിൽ പിടിച്ചുവലിച്ചു , തലക്ക് കൈയും കൊടുത്തു ബെഡിൽ പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ജയദേവൻ റൂമിലേക്കു വന്നു.

തോളിൽ ഒരു കൈ പതിഞ്ഞപ്പോൾ അവൻ തലയുയർത്തി നോക്കി. അവന്റെ രൂപവും ഭാവവും കണ്ട് ഒരുനിമിഷം ജയദേവനും ഒന്ന് നടുങ്ങി.

“മോനെ….. ”

“……… ”

“മോനെ നീയിങ്ങനെ ദേഷ്യപ്പെടുകയും സാധനങ്ങളൊക്കെ പൊട്ടിക്കുകയും ചെയ്തോണ്ട് പോയവൾ തിരിച്ചുവരുമോ? ”

“നീ കുറച്ചു നേരം റസ്റ്റ്‌ എടുക്ക്. നമുക്ക് ആ S. P യെ ഒന്ന് പോയി കാണാം. ”

“വേണ്ട. പോലീസിലൊന്നും കംപ്ലയിന്റ് കൊടുക്കണ്ട. അത് കൂടുതൽ പ്രശ്നമാവും. ”

“കംപ്ലയിന്റ് കൊടുക്കുന്നില്ല. പകരം ഒരു രഹസ്യാന്വേഷണം. നമുക്ക് വേണ്ടി. കുറച്ചു കാശെറക്കേണ്ടിവരും എന്നാലും സാരമില്ല. കിട്ടാൻ പോകുന്നത് കൊടികളല്ലേ. ”
ജയദേവനിലെ കൗശലക്കാരൻ ഉണർന്നു.

“എന്നാലും അവൾ പെട്ടന്ന്….ഇങ്ങനെ ഇറങ്ങി പോവാനും മാത്രം എന്താ ഉണ്ടായേ? കഴിഞ്ഞ മാസം ഞാൻ വന്നപ്പോഴും ഒരു കുഴപ്പവും ഇല്ലായിരുന്നു.

അങ്കിളും ആന്റിയും ഇല്ലാത്ത സങ്കടം ഒഴിച്ചാൽ പൂർണമനസോടെ വിവാഹത്തിന് സമ്മതിച്ചതായിരുന്നു എന്നോട് ഒരു ഇഷ്ടക്കേടും ഉണ്ടായിരുന്നില്ല. പിന്നെ….. ”
സൂരജ് സംശയിച്ചു.

“അറിയില്ല മോനെ നമുക്ക് എവിടെയാ പാളിയതെന്ന്…. ”
സൂരജ് ഒരുനിമിഷം കണ്ണുകളടച്ചു ഒരു ദീർഘശ്വാസമെടുത്തു. എന്നിട്ട് ജയദേവനോട് പറഞ്ഞു.

“അച്ഛൻ ഒന്നുകൊണ്ടും ടെൻഷനാവണ്ട. കാര്യങ്ങൾ ഇത്രത്തോളം എത്തിക്കാമെങ്കിൽ അവളുടെ കാര്യവും എനിക്ക് വിട്ടേക്ക്. അവളെ എനിക്ക് വേണം. സ്വത്തിനുവേണ്ടി മാത്രമല്ല…… ”

ഒരു ഗൂഢമായ ചിരിയോടെ അവൻ അച്ഛനെ നോക്കി. അയാൾ അവന്റെ തോളത്തു തട്ടിക്കൊണ്ടു പറഞ്ഞു.

“എനിക്കറിയാം മോനെ. അതുകൊണ്ട് മാത്രമാണ് അവളിപ്പോഴും ജീവനോടെയിരിക്കുന്നത്. പോരാത്തതിന് മാധവന്റെ ഒടുക്കത്തെ ഒരു വില്പത്രവും. ”

അയാൾ പല്ലുകടിച്ചുക്കൊണ്ട് പറഞ്ഞു.എന്നിട്ട് അയാൾ അവിടെ നിന്നും പോയി. സൂരജ് അപ്പോഴും മനസ്സിൽ എന്തൊക്കെയോ കണക്കുക്കൂട്ടലുകൾ നടത്തുകയായിരുന്നു.

******———–*******————*********————**********

ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. പുതിയ നാടുമായും സാഹചര്യങ്ങളുമായും ഞാൻ പെട്ടന്ന് തന്നെ ഇണങ്ങി.

എപ്പോഴോ ഞാൻ പോലും മറന്നുപോയ ആ പഴയ പ്രിയയെ തിരിച്ചു
കൊണ്ടുവരികയായിരുന്നു ആ നാട്. എന്റെ ലോകം എപ്പോഴും വിശാലമായിരുന്നു. സ്കൂളിൽ കുട്ടികളുമായി നല്ല കൂട്ടായി. ഒരു നല്ല അധ്യാപികയായും സുഹൃത്തായും ചേച്ചിയായും ഞാൻ അവരോടൊപ്പം നിന്നു.

രാധുവിനെ കൂടാതെ വിനോദ് സാറും ഇപ്പോൾ എന്റെ നല്ലൊരു സുഹൃത്താണ്. സാറിന് അമ്മയും ഒരു അനിയത്തിയുമാണ് ഉള്ളത്. അനിയത്തി വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ വിദേശത്താണ്.

അമ്മ റിട്ടയേർഡ് അധ്യാപികയും. പലപ്പോഴും വിനോദ് സാറിന്റെ പെരുമാറ്റത്തിൽ എനിക്ക് എന്തൊക്കെയോ സംശയം തോന്നി തുടങ്ങി. ഒരിക്കൽ രാധു എന്നോട് പറഞ്ഞു.

“മിക്കവാറും നിനക്ക് മേനോൻ സാറിന്റെ വീട്ടിൽ നിന്ന് വിനോദ് സാറിന്റെ വീട്ടിലേക്ക് ട്രാൻസ്ഫർ കിട്ടുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്. വിത്ത്‌ കഴുത്തിലൊരു താലിയും. ”

രാധുവിനെ പോലെ മറ്റു ടീച്ചേഴ്സിനും ഇങ്ങനൊരു സംശയം ഉണ്ടായിരിക്കുമോ എന്ന് ഞാനോർത്തു.

അങ്ങനെയൊരു പ്രതീക്ഷ നൽകുന്ന രീതിയിൽ ഒരിക്കലും ഞാൻ സാറിനോട് പെരുമാറിയിട്ടില്ല. പിന്നെങ്ങനെ?

എന്തായാലും സാർ ഇതുവരെ അങ്ങനൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞു വരുമ്പോഴല്ലേ. അത് അപ്പൊ നോക്കാം എന്ന് ഞാനും വിചാരിച്ചു.

ഇടയ്ക്ക് അവധി ദിവസം രാധുവിന്റെ വീട്ടിൽ പോകും. രാധുവിന് ഒരു അനിയനും അനിയത്തിയും ഉണ്ട്. അനിയൻ രാഗേഷ് പ്ലസ് 2ലും അനിയത്തി രാഖിമ 9ലും.

രണ്ടുപേരും ഞങ്ങളുടെ സ്കൂളിൽ തന്നെയാണ്.

വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു രാധുവിന്റെ. രാമേട്ടൻ ഒരു ഹാർട്ട്‌ പേഷ്യന്റ് ആണ്. അതുകൊണ്ട് രാമേട്ടന് ജോലിക്കൊന്നും പോകാൻ കഴിയില്ല.

അമ്മ ഒരു പാവം സ്ത്രീ. രാമേട്ടനും മക്കളും പിന്നെ ആ വീടുമാണ് ആ അമ്മയുടെ ലോകം. രാധുവിന്റെ ശമ്പളവും, ട്യൂഷൻ ഫീസും , രഗു രാവിലെ പത്രമിട്ടും,

വൈകുന്നേരങ്ങളിൽ പാർട്ട്‌ ടൈമിൽ കടയിൽ സാധനങ്ങൾ എടുത്തു കൊടുത്തും കിട്ടുന്ന തുകകൊണ്ടാണ് ആ കുടുംബം കഴിഞ്ഞു പോകുന്നത്.

മേനോൻ സാറിന്റെ സഹായവും ഉണ്ട്. രാമേട്ടന്റെ കഴിഞ്ഞ രണ്ട് ഓപ്പറേഷനും മംഗലത്ത് ഗ്രൂപ്പിന്റെ ഹോസ്പിറ്റലിൽ ആയിരുന്നു. ചിലവ് മുഴുവനും മേനോൻ സാറാണത്രേ വഹിച്ചത്.

പതുക്കെ ഞാനും ആ വീട്ടിലെയും ഒരംഗമുവകയായിരുന്നു. രാധു ഭയങ്കര അഭിമാനിയാണ്. അതുകൊണ്ട് അവളറിയാതെ പരോക്ഷമായി ഞാനും അവരെ ഓരോ രീതിയിൽ സഹായിച്ചുപോന്നു.

രാധുന്റെ അമ്മ നല്ലൊരു കുക്കാണ്. അമ്മ കുറച്ചു പാചകമൊക്കെ പഠിപ്പിച്ചുതന്നു.

മിക്കവാറും അവധി ദിവസം എന്റെ ഭക്ഷണം ചിലപ്പോൾ ലക്ഷ്മിയമ്മയുടെ അടുത്തോ രാധുന്റെ വീട്ടിലോ ആവും. അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഞാനിപ്പോൾ അത്യാവശ്യം നന്നായി പാചകം ചെയ്യും.

കൂടുതലും ലക്ഷ്മിയമ്മയാണ് പഠിപ്പിച്ചത്. ഇടയ്ക്ക് രേവതി വിളിക്കും. നാട്ടിലെ വിശേഷങ്ങൾ പറയും.

ഒരിക്കൽ വിളിച്ചപ്പോൾ സൂരജേട്ടൻ എന്നെ അന്വേഷിച്ചു അവളുടെ അടുത്ത് പോയിരുന്നു എന്ന് പറഞ്ഞു. അപ്പൊ അന്വേഷണം തകൃതിയായി നടക്കുന്നുണ്ട്.

ലക്ഷ്മിയമ്മക്കും ഇപ്പോൾ ഞാനില്ലാതെ പറ്റില്ലെന്ന് ആയിട്ടുണ്ട്.സ്കൂൾ വിട്ടു വീട്ടിലെത്താൻ കുറച്ചു വൈകിയാൽ അപ്പോൾ ഫോൺ ചെയ്യും. എന്താ വൈകുന്നതെന്നും ചോദിച്ചു.

അതുകൊണ്ട് തന്നെ വൈകുന്ന ദിവസങ്ങളിൽ ഞാൻ വിളിച്ചു പറയും.സ്കൂൾ വിട്ടു വന്നു പണികളൊക്കെ കഴിഞ്ഞാൽ പിന്നെ ലക്ഷ്‌മിയമ്മയോട് കത്തി വെച്ചിരിക്കലാണ് പണി.

മേനോൻ സാർ ഓഫീസിൽ നിന്ന് വരുമ്പോൾ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന ആ അമ്മയോടൊപ്പം ഞാനും ഉണ്ടാവും.

ഇതിനിടയിൽ സാർ മാറ്റി അച്ഛാ ന്ന് വിളിക്കാനുള്ള പെർമിഷനും തന്നു. ചിലപ്പോൾ എന്തെങ്കിലുമൊക്കെ സ്നാക്ക്സ് കൊണ്ടുതരാനും തുടങ്ങി. അത് കാണുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്നത് കാണാം. കൂടുതൽ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഞാൻ ഒന്നും ചോദിക്കാറില്ല.

അങ്ങനെ ഞാനീ നാട്ടിൽ വന്നിട്ട് ഒരു മാസം ആകുന്നു. എല്ലാവരുമായും നല്ല കൂട്ടായി. ഒരാളൊഴികെ. ആരാണെന്നു പ്രത്യേകം പറയണ്ടല്ലോ? ഇടയ്ക്ക് എവിടേലും വെച്ചൊക്കെ കാണാം.

കണ്ടാലും കാണാത്തത് പോലെ പോകും. എന്നും രാവിലെ ചെടികൾ നനക്കുന്നത് കാണാം. ചിലപ്പോൾ അവയോട് എന്തൊക്കെയോ പുറുപിറുക്കുന്നതും.

ഔട്ട് ഹൗസിന്റെ ടെറസിലുള്ള ചെടികൾക്ക് ഇപ്പോൾ ഞാനാണ് വെള്ളം നനക്കാറ്. നനച്ചു തീരുന്നത് വരെ കടുവ താഴെനിന്ന് നോക്കുന്നത് കാണാം.

ഞാൻ ആ ചെടികളെ എങ്ങാനും ഉപദ്രവിക്കുന്നുണ്ടോന്ന് നോക്കുന്നതാ സംശയരോഗി. ഹും…..

സ്കൂൾ വിട്ട് രാധുന്റെ കൂടെ വരുമ്പോൾ ജീപ്പിൽ പോകുന്നത് കാണാം. അച്ഛൻ പറഞ്ഞത് പോലെ കടുവയെ ചൂടാക്കാൻ വേണ്ടി വെറുതെ ‘പോടാ കടുവേ ‘ന്ന് വിളിക്കും. ഇത് കേൾക്കുമ്പോൾ ‘പോടീ ഉണ്ടക്കണ്ണി ‘ന്ന് തിരിച്ചും.

അത് കേൾക്കുമ്പോൾ എന്തോ ഒരു മനസുഖം. ഹാ…..
അങ്ങനെ ഞങ്ങൾ തമ്മലുള്ള പോടാ പോടീ ബന്ധം വളരെ ഭംഗിയായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

ലക്ഷ്മിയമ്മ ഒരു ദിവസം കടുവയുടെ ഇതുവരെയുള്ള ജീവചരിത്രത്തിന്റെ ചെറിയൊരു ഭാഗം പറഞ്ഞുതന്നു.

പഠിച്ച ക്ലാസ്സിലെല്ലാം ടോപ്പർ, സ്കൂളിന്റെ അഭിമാനം. കോളേജ് ലെവലിൽ ആണെങ്കിൽ ആസ്ഥാന ഗായകൻ, വയലിനിസ്റ്റ് കോളേജ് കുമാരികളുടെ ഡ്രീം ഹീറോ.

രാഷ്ട്രീയ പ്രവർത്തനത്തിലും മുൻപന്തിയിൽ. കോളേജ് ചെയർമാനായിരുന്നത്രെ. ഇതൊന്നും പോരാതെ അച്ഛന്റെ ആഗ്രഹപ്രകാരം MBA റാങ്ക് ഹോൾഡർ ഫ്രം ലണ്ടൻ.

സത്യം പറഞ്ഞാൽ അതൊക്കെ കേട്ട് ഞാനാകെ വിജ്രംഭിച്ചുപോയി. കടുവ…. റാങ്ക് ഹോൾഡർ…… ഗായകൻ….. വയലിനിസ്റ്റ്……. ചെയർമാൻ……… എന്ത് തള്ളണമ്മേ ഇത്? ഇനി സത്യമാവുമോ?

ആണെങ്കിൽ കണ്ടാൽ പറയുവോ. അതിൽ ഒരു കാര്യം വിശ്വസിക്കാം. കാണാൻ നല്ല ഗ്ലാമർ ഉള്ളോണ്ട് ആരാധികമാർ കുറെ ഉണ്ടാവും.

അന്ന് മാത്രല്ല ഇന്നും. പക്ഷെ സ്വഭാവം…… മ്മ്….. ഇത്രയും വിവരം ഉണ്ടായിട്ട് ഇങ്ങനെ ഫാനിന്റെ പണിയും ചെയ്തുനടക്കാതെ ആ അച്ഛനെ സഹായിച്ചൂടെ താന്തോന്നിക്ക്.

രാവിലെ സ്കൂളിലേക്ക് പോകാൻ ഇറങ്ങിഎപ്പോഴാണ് ഞാനാ കാഴ്ച്ച കണ്ടത്. ഈശ്വരാ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാമോ? ഞാനെന്താ ഈ കാണണേ.

എന്താന്നല്ലേ?
നമ്മുടെ കടുവ താടിയും മുടിയുമൊക്കെ വെട്ടിയൊതുക്കി ഒരു ഫുൾ സ്ലീവ് ബ്ലാക്ക് ഷർട്ടും പാന്റും അതും ഇൻസൈഡ് ചെയ്തിട്ട്.

എന്നാ ലുക്കാ… എന്റെ സാറെ ചുറ്റുമുള്ളതൊന്നും കണ്ടില്ല. അധികം നോക്കി നിന്നാൽ കടുവക്ക് അഹങ്കാരമാവുള്ളൂ, അതോണ്ട് കണ്ട്രോൾ പ്രിയ. ഇപ്പോൾ വിട്ടേക്കാം. പാവം ജീവിച്ചുപൊക്കോട്ടെ.

ഒരു ലോഡ് പുച്ഛം വിതറി ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ അച്ഛന് ഭക്ഷണം വിളമ്പികൊടുക്കുകയായിരുന്നു.

കാണാത്ത കാഴ്ചകളൊക്കെ കാണുന്നുണ്ടല്ലോ ന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, കടുവ കൂട്ടുകാരന്റെ കല്യാണത്തിന് പോവാണെന്നു. ദൂരെയാണ് ചിലപ്പോൾ നാളെ വരുള്ളൂന്നും പറഞ്ഞു.

സ്കൂളിൽ എത്തി പതിവ് പോലെ അന്നത്തെ ദിവസവും കഴിഞ്ഞു. പോകാൻ നേരത്ത് പ്യൂൺ വന്നു പറഞ്ഞു ഹെഡ് മാഷ് വിളിക്കുന്നുണ്ടെന്ന്. ചെന്നു നോക്കിയപ്പോൾ അച്ഛനെക്കൊണ്ട് സൈൻ ചെയ്യിക്കാനുള്ള ഒരു ഫയൽ തരാനായിരുന്നു.

ഞാനതും വാങ്ങി രാധൂന്റെ കൂടെ വീട്ടിലേക്ക് പോന്നു. രാധൂന്റെ വീട്ടിലും ഒന്ന് കേറിയിട്ടാണ് വീട്ടിലെത്തിയത്. നേരെ ഔട്ട്‌ ഹൗസിലേക്ക് വെച്ച്പിടിച്ചു. ഫ്രഷായി വന്നപ്പോഴേക്കും ഇരുട്ടിത്തുടങ്ങിയിരുന്നു.

ചായ ഉണ്ടാക്കി കുടിച്ചുക്കൊണ്ടിരിക്കുമ്പോളാണ് ഹെഡ് മാഷ് തന്ന ഫയലിന്റെ കാര്യം ഓർമ വന്നത്. ഞാൻ ഫയലുമെടുത്ത് ഔട്ട്‌ ഹൗസിൽ നിന്നിറങ്ങി.

ഉമ്മറത്തു വാതിൽ അടച്ചിരിക്കുകയായിരുന്നു. സാധാരണ ഇത് പതിവില്ലല്ലോ.

അമ്മ അകത്തു എന്തെങ്കിലും പണിയിലാവും. ഞാൻ ചെന്ന് ബെൽ അടിച്ചു. വാതിൽ തുറന്ന ആളെ കണ്ടു ഞാൻ ഞെട്ടിപ്പോയി. നാളെ വരൂന്ന് പറഞ്ഞിട്ട്.? !

“എന്താ? ”
ഗർജ്ജനം. എത്ര ലുക്ക് ആയാലും ഈ ഗർജ്ജനത്തിന് മാത്രം ഒരു വ്യത്യാസവും ഇല്ല. കഷ്ടം.
“അമ്മ..? ”

“അവര് ഒരു സ്ഥലം വരെ പോയിരിക്കാണ്. എന്താ കാര്യം? ”

“ഈ ഫയൽ അച്ഛനെക്കൊണ്ട് സൈൻ ചെയ്യിക്കാൻ. ഹെഡ് മാഷ് പറഞ്ഞു. ”

“നോക്കട്ടെ. അകത്തേക്ക് വാ. ”
എന്റെ കൈയിൽ നിന്ന് ഫയലും വാങ്ങി അകത്തേക്ക് പോയി. പെട്ടന്ന് തിരിഞ്ഞു നോക്കി.

“അകത്തു വരാൻ പേടിയുണ്ടോ? ”

പേടിയോ? എനിക്കോ? ഇല്ലാതില്ലാതില്ല…… പക്ഷെ കടുവയുടെ മുന്നിൽ പിടിച്ചു നിന്നെ പറ്റൂ. ഞാൻ അകത്തേക്ക് കയറി. കടുവ ചെന്ന് സോഫായിലിരുന്ന് ഫയൽ നോക്കാൻ തുടങ്ങി.

“ചായ. ”
കടുവ പറഞ്ഞു.

എന്നോട് ചായ വേണോന്ന്. അതും കടുവ. ഇന്ന് ഇടി വെട്ടി മഴ പെയ്യും. ഉറപ്പ്.

“വേണ്ട. ഞാൻ കുടിച്ചു. ”
അത്യാവശ്യം വിനയം വാരിവിതറി ഞാൻ പറഞ്ഞു.

“നിനക്കല്ല. എനിക്ക് ചായ വേണമെന്ന്. ”

“അതിനു ഞാനെന്താ വേണ്ടേ? ”

“നിയ്യെനിക്ക് ഒരു ചായ ഉണ്ടാക്കിതരണം ”

“അയ്യടാ… കൊള്ളാലോ. എനിക്കൊന്നും വയ്യ. ”

“നീ ഉണ്ടാക്കിത്തരും. ”

“ഇല്ലെങ്കിൽ…. ”

“ഇല്ലെങ്കിൽ നമ്മളുണ്ടാക്കും. ”

“നമ്മളോ? ”

“അതേ. നമ്മൾ. “കൈകൊണ്ട് എന്നെയും കടുവയെയും ചൂണ്ടിക്കൊണ്ട് പറഞ്ഞു. കൂടെ എന്റെ അടുത്തേക്ക് നടന്നുവന്നു. ഈ വരവത്ര പന്തിയല്ലല്ലോ?

“വേണ്ട. ഞാൻ ഉണ്ടാക്കിത്തരാം. ”

തോറ്റിട്ടൊന്നുമല്ല. പക്ഷെ ഇപ്പൊ അതാണ് ആരോഗ്യത്തിന് നല്ലത്. അടുക്കളയിലേക്ക് പോവാൻ തിരിഞ്ഞപ്പോൾ പുറകിൽ പറയുന്നത് കേട്ടു.

“എനിക്ക് ചായയാണ് വേണ്ടത്. പിന്നെ പഞ്ചാര അല്പം കൂടിക്കോട്ടെ. ”

മറുപടിയായി ഞാനൊന്ന് കൂർപ്പിച്ചു നോക്കി.

അടുക്കളയിൽ ചെന്ന് ചായയുണ്ടാക്കി. നല്ല രീതിയിൽ തന്നെ പഞ്ചാര ഇട്ടു. കുറഞ്ഞുപോയെന്ന് ഒരിക്കലും പറയില്ല. ഞാൻ ഗ്യാരന്റി.

ഓരോന്ന് പിറുപിറുത്തു ഗ്ലാസിൽ ചായ പകർന്നു തിരിഞ്ഞതും വാതിൽക്കൽ കൈയും കെട്ടി ചാരിനിൽക്കുന്ന കടുവയെ കണ്ടത്. ഗ്ലാസ്‌ കടുവയുടെ നേരെ നീട്ടി.

“ഹാളിലേക്ക് കൊണ്ടുവാ. ”

അതും പറഞ്ഞു ആ ദുഷ്ടൻ തിരിഞ്ഞു നടന്നു. പിന്നെന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്. ഞാൻ ചായയിൽ വേറെന്തെങ്കിലും ചേർക്കുന്നുണ്ടോന്ന് നോക്കാനായിരിക്കും.

ദേഷ്യം മുഴുവൻ നിലത്ത് ചവിട്ടിതീർത്ത് ഞാൻ പിറകെ പോയി.

ഹാളിൽ ചെന്നിട്ടും കടുവ ഗ്ലാസ്‌ വാങ്ങിയില്ല. എന്നെയൊന്നു നോക്കി സോഫയിലേക്ക് ഇരുന്നു. ഒരു കാലെടുത്തു മറ്റേ കാലിന്റെ മേൽ കേറ്റിവെച്ചു.

“ആ ഇനി തന്നോ ”

ഇതിനായിരുന്നോ ഇത്രയും ബിൽഡ് അപ്പ്‌. ഞാൻ ചായ കടുവക്ക് കൊടുത്തു.

“സോറി ഞങ്ങൾക്ക് വീട് മാറീന്ന് തോന്നണു. ”

ശബ്ദം കെട്ടിടത്തേക്ക് ഞങ്ങൾ ഒരുമിച്ചു നോക്കി. പെട്ടന്ന് കടുവ ചാടിയെണീറ്റു.

😳😳😳

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4