Thursday, April 25, 2024
Novel

Mr. കടുവ : ഭാഗം 14

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

ഇന്ന് രാധുന്റെ പിറന്നാളാണ്. രാവിലെ അവളോടൊപ്പം അമ്പലത്തിലേക്ക് വരാമെന്ന് ഏറ്റിരുന്നു. അതുകൊണ്ട് ഞായറാഴ്ചയായിട്ടും നേരത്തെ എണീക്കേണ്ടിവന്നു. എങ്ങോട്ടേലും പോവുമ്പോൾ എപ്പോഴുമുള്ള പ്രശ്നം ഏത് ഡ്രസ്സ്‌ ഇടും എന്നതാണ്.

കുറച്ചു നേരം ചോദ്യചിഹ്നവും പിടിച്ചു ഞാനും നിന്നു. രാധു വീട്ടിൽ എപ്പോഴും ധാവണിയാണ് ഉടുക്കുന്നത്. സ്കൂളിലേക്ക് സാരിയും.

ഇന്നലെ വാങ്ങിച്ച പിറന്നാൾ കോടിയും ധാവണിയാണ്. അപ്പൊ തോന്നി ഞാനും ഇന്ന് ധാവണിയാണുടുക്കാം ന്ന്.

അച്ഛന് ഏറ്റവും ഇഷ്ടം എന്നെ ധാവണിയോ പാട്ടുപാവാടയോ ഇട്ടുകാണാനായിരുന്നു. ഏട്ടനും അതേ അവസ്ഥ തന്നെ.

പെങ്കുട്യോളെ നാടൻവേഷത്തിൽ കാണനാത്രെ കൂടുതൽ ഭംഗി. ഞാൻ ചുരിദാറിട്ടു വരുന്നത് കാണുമ്പോൾ അച്ഛൻ പറയാറുണ്ട് – “വരണുണ്ട് അവള് ടാർപ്പായ വലിച്ചുകേറ്റീട്ട് “ന്ന്. ഇന്നിപ്പോ അങ്ങനെ പറയാനും കളിയാക്കാനും ആരും ഇല്ല.

അച്ഛന്റെ ഇഷ്ടത്തിന് വാങ്ങിച്ചുതന്ന നാലഞ്ചു ധാവണികൾ കൈയിലുണ്ടായിരുന്നു. അതിൽനിന്നും പീച്ച് കളറിൽ സിംപിൾ സ്റ്റോൺ വർക്കോടുകൂടിയ ഒരെണ്ണം എടുത്തുടുത്തു.

ചെറുതായിട്ടൊന്ന് കണ്ണും എഴുതി, കൈമുട്ടിനൊപ്പം എത്തുന്ന ഇടതൂർന്ന മുടി കൊതി കുളിപ്പിന്നലിട്ട് വിടർത്തിയിട്ടു. ഒരുക്കമൊക്കെ കഴിഞ്ഞ് പോകാനായി വാതിലു പൂട്ടി ഇറങ്ങി.

ആഹാ….. നല്ല അസ്സൽ കണി !!!

കെണിയാവാഞ്ഞാൽ മതിയായിരുന്നു. ആരാണെന്നു പറയാതെ തന്നെ എല്ലാർക്കും മനസിലായി കാണുമല്ലോ ലേ? ആദ്യമായി കണ്ട അതേ ഗെറ്റ് അപ്പിൽ നിന്ന് ചെടികൾ നനക്കാണ്.

അപ്പുറത്തെ സൈഡിലായതുകൊണ്ട് എന്നെ കണ്ടിട്ടില്ല. രാവിലെതന്നെ മാതൃഭാഷ കേൾക്കാൻ വയ്യ. വേഗം വലിയുന്നതാ ബുദ്ധി.

അമ്മയോട് ഇന്നലെ പറഞ്ഞിരുന്നു രാധുന്റെ കൂടെ രാവിലെ അമ്പലത്തിൽ പോകുന്ന കാര്യം.

അതുകൊണ്ട് ആ വശത്തേക്ക് നോക്കുകപോലും ചെയ്യാതെ നടന്നു. പെട്ടന്ന് കടുവ തിരിഞ്ഞുനിന്നു. ദൈവമേ പെട്ടു. !മനസിലോർത്ത് കണ്ണടച്ച് തുറന്നപ്പോൾ കടുവയുടെ നിൽപ്പ് കണ്ടു ഞാൻ അന്തം വിട്ടു.

പുള്ളി എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ ചെടിയില്ലാത്ത സ്ഥലത്ത് വെള്ളം നനച്ചോണ്ട് വായും പൊളിച്ചു നിൽക്കുന്നു. ഇതെന്താ ഇങ്ങനെ???

ഓഹോ….. അങ്ങനെ വരട്ടെ. എന്നെ ഇങ്ങനൊരു കോലത്തിൽ ആദ്യായിട്ട് കണ്ടതിന്റെ ഷോക്കാണ്. ഞാൻ കടുവയെ സൂക്ഷിച്ചുനോക്കി.

അനങ്ങുന്നില്ലല്ലോ. ദൈവമേ വടിയായോ? വെള്ളമല്ലേ വെറുതെ പോകുന്നത്,.

ഞാൻ വേഗം കടുവയുടെ അടുത്ത് ചെന്ന് മുഖത്തേക്ക് വിരൽ ഞൊടിച്ചു. ഭാഗ്യം ഷോക്ക് ട്രീറ്റ്മെന്റ് വേണ്ടിവന്നില്ല. ബോധം വന്നു.

“എന്താ? ”

ഗർജ്ജനം മാറി ശബ്ദത്തിൽ ഒരു മയമൊക്ക വന്നിട്ടുണ്ടല്ലോ.?

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ വെറുതെ പോകുന്ന പൈപ്പിലെ വെള്ളം ഞാൻ കണ്ണുകൊണ്ട് കാണിച്ചുകൊടുത്തു കടുവ അത് വേഗം അടുത്തുകണ്ട ചെടിക്ക് നേരെ പിടിച്ചു. ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ മുന്നോട്ട് നടന്നു.

“എങ്ങോട്ടാണാവോ രാവിലെ തന്നെ കെട്ടിയൊരുങ്ങീട്ട്? ”
കടുവ പുച്ഛത്തോടെ ചോദിച്ചു.

“എങ്ങോട്ടാണെന്നും എന്തിനാണെന്നുമൊക്കെ പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്. ഇപ്പൊ തീരെ സമയല്ല്യാ. പോയിവന്നിട്ട് നമുക്ക് തുടങ്ങാം ട്ടൊ. ഇവിടൊക്കെ തന്നെ കാണൂലോ ലേ? ”

തിരിഞ്ഞു നിന്ന് അതു പറഞ്ഞശേഷം ഞാൻ വീണ്ടും മുന്നോട്ട് നടന്നു.

“ടീ….. ”

“അയ്യോ….. വീണ്ടും. ഒരു കാര്യത്തിന് പോകുമ്പോൾ ഇങ്ങനെ പിറകീന്ന് വിളിക്കല്ലേ. പ്ലീസ്. ”

“പിന്നെ……IAS പരീക്ഷ എഴുതാൻ പോവല്ലേ? ”

“ഞാനെവിടെങ്കിലും പൊയ്ക്കോട്ടേ. തനിക്കെന്താ? ”

“പോകുന്നതൊക്കെ കൊള്ളാം. തിരിച്ചിങ്ങോട്ട് തന്നെയല്ലേ വരുന്നത്? ”

“ഇല്ല. പോകുന്ന വഴിക്ക് വല്ല കൊള്ളാവുന്നവരേം കണ്ടാൽ അവരുടെ കൂടെയങ്ങ് പോകും. എന്തേ? ”

“ഹൊ… സമാധാനം. എങ്കിൽ പെട്ടന്ന് പോയാട്ടെ.പിന്നെയ്…. ആ പാടത്തിന്റെ അതുക്കൂടൊന്നും പോവണ്ട. ”

“അതെന്താ? ”

“കണ്ടത്തിൽ വെക്കാനുള്ള കോലാണെന്ന് കരുതി ആരെങ്കിലും എടുത്തുതൂക്കും. ”

ദുഷ്ടൻ. ഫ്രണ്ട് ആണത്രേ ഫ്രണ്ട്. ഇപ്പൊ കാണിച്ചുതരാടോ. പിന്നെ വേറൊന്നും നോക്കിയില്ല.

ഒരു ഉപദേശത്തിന് നന്ദിയും പിന്നൊരു ബൈ യും പറഞ്ഞ് ഭംഗിയായിട്ടൊരു ഫ്ലയിങ് കിസ്സും കൊടുത്ത് തിരിഞ്ഞു നോക്കാതെ ഞാനോടി. വായും പൊളിച്ചു നിൽപ്പുണ്ടായിരുന്നു.

പ്രിയയുടെ പോക്ക് കണ്ട് ചന്ദ്രുവിന്റെ ചുണ്ടിലും ഒരു കുസൃതിച്ചിരി വിരിഞ്ഞു.

ചന്ദ്രുവേട്ടന്റെ ആ നിൽപ്പും ഞാൻ ചെയ്ത പ്രവൃത്തിയും ഓർത്ത് ചിരിച്ചുകൊണ്ടാണ് രാധുന്റെ അടുത്തെത്തിയത്.

“നീയിതെവിടെയായിരുന്നു? എത്ര നേരായി ഞാനിവിടെ കാത്തുനിക്കാൻ തുടങ്ങീട്ട് ന്നറി യുവോ? ”

വീടിന്റെ പടിക്കൽ എന്നെയും കാത്ത് നിലക്കായിരുന്ന രാധു എന്നെ കണ്ടതും പരിഭവം പറച്ചില് തുടങ്ങി.

ഇന്നലെ വാങ്ങിച്ച മെറൂൺ കളർ ധാവണിയും ഉടുത്ത് പുതിയ കമ്മലുമിട്ട് സുന്ദരിയായി നിക്കാ പിറന്നാളുകാരി. ഞാൻ ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചിട്ട് പറഞ്ഞു.

“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേയ് രാധുട്ടി. ”

“Thank you. ”
അതിനു ശേഷം അവളെന്നെ അടിമുടിയൊന്ന് നോക്കി.

“ഇന്നെന്റെ പ്രിയക്കുട്ടി സുന്ദരിയായിട്ടുണ്ടല്ലോ? ഇപ്പൊ കണ്ടാൽ എന്റെ അനിയത്തിയാണെന്നേ തോന്നൂ. ഒരു കോളേജ് സ്റ്റുഡന്റ്. ”

“സത്യായിട്ടും.. !!!? ”

“മ്മ്… സത്യം. ”

“അതാണ് ആ കടുവ അന്തം വിട്ട് വായുംപൊളിച്ച് നിന്നത്. പക്ഷെ ദുഷ്ടൻ കണ്ടത്തിൽ വെക്കണ കോലം ന്ന് പറഞ്ഞു.” സങ്കടത്തോടെ ഞാൻ പറഞ്ഞു.

“കടുവയോ? ”

“മ്മ്.. നിങ്ങടെ കൊച്ചുമുതലാളി !ചന്ദ്രുട്ടൻ !”

“അങ്ങനെയൊന്നും പറയല്ലെടി. അച്ചുവേട്ടൻ നമുക്ക് അങ്ങേരുടെ കഥ മുഴുവൻ പറഞ്ഞുതന്നതല്ലേ. പാവം കുറെ അനുഭവിച്ചു. ”

“അയ്യാളെ പറഞ്ഞപ്പോൾ നിനക്ക് നൊന്തോ? അപ്പൊ എന്നെ എന്തൊക്കെയാ അയ്യാള് പറയണത് ന്ന് അറിയുവോ? ”

“അത് നിന്റെ കൈയിലിരുപ്പിന്റെ ഗുണം കൊണ്ടാണ്. ഞങ്ങളോട് ആരോടും അങ്ങനല്ലല്ലോ? ”

“എനിക്കറിയാം നിങ്ങളെല്ലാവരും അയ്യാളുടെ സൈഡാ. എന്നാലും എന്നെ നോക്കി കണ്ടത്തിലെ കോലംന്ന് വിളിച്ചില്ലേ. അതിനെക്കുറിച്ച് നിനക്കെന്താ പറയാനുള്ളെ? ”

“വിടടി കൊച്ചുകുട്ടികളെ പോലെ… ടീച്ചർ ആണത്രേ ടീച്ചർ. ഞങ്ങൾ ടീച്ചർമാരുടെ വിലകളായാൻ. ”

അതുകേട്ടു ഞാൻ അവളെ ചുണ്ട് കൂർപ്പിച്ച് പിണക്കം നടിച്ച് മുഖം തിരിച്ചു.

“അതിനു പകരം ഇന്ന് മുഴുവൻ നിന്നെ ഞാൻ സുന്ദരി ന്ന് വിളിക്കാം ന്താ മതിയോ? ”

“അതിപ്പോ നീ വിളിച്ചോണ്ട് നടക്കൊന്നും വേണ്ട എല്ലാർക്കും അറിയാം ഞാൻ സുന്ദരിയാണെന്ന്. ”

“പിന്നെന്താ പ്രശ്നം. ”

“എന്നാലും…. ”

“എന്നാലും….? ”

“എന്നാലും ഒന്നുല്ല. നീ വന്നേ നട അടയ്ക്കും . ”

ഞാൻ വിഷയം മാറ്റാൻ നോക്കി. പക്ഷെ നടന്നില്ല.

“സത്യം പറയടി. എന്താ കാര്യം? ”

അവൾ സംശയത്തോടെ എന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി. നാണം കലർന്നൊരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി.

“മ്മ്…. കുറച്ചു ദിവസായി. എനിക്ക് സംശയം ണ്ടാർന്നു. ഇപ്പൊ കള്ളിപ്പൂച്ച വിളികേട്ടു. ലക്ഷ്മിയമ്മയോട് നിലവിളക്ക് റെഡിയാക്കി വെയ്ക്കാൻ പറയട്ടെ? ”

“അങ്ങനെയൊന്നും ഇല്ലടി. ഞങ്ങൾ തമ്മിൽ ഒരു അപ്പുക്കുട്ടൻ- അശോകൻ ബന്ധം മാത്രേ ഉള്ളൂ. ഈ പ്രണയം, വിവാഹം ന്ന് പറയണതൊന്നും എനിക്ക് പറഞ്ഞിട്ടില്ല.

ഇന്ന് ഇങ്ങനെ കാണണു. നാളെ എന്റെ ജീവിതം എന്താണെന്ന് എനിക്ക് പോലും അറിയില്ല.

മകളെ നഷ്ടപ്പെട്ട വേദന ഇപ്പഴും മാറിയിട്ടില്ല ആ അച്ഛനും അമ്മയ്ക്കും. അതോടത്ത് എന്നെ കൂടെ കൂട്ടിയാൽ ചിലപ്പോൾ അവർക്ക് ആ മകനെയും നഷ്ടപ്പെടും.

നിനക്കറിയില്ല രാധു സത്യത്തിൽ ഇതെന്റെ അജ്ഞാതവാസാണ്. ഒരു ഒളിച്ചോട്ടമായിരുന്നു ഇങ്ങോട്ടുള്ള വരവ്.

എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ ഏട്ടന് വേണ്ടി. ”

“നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിരുന്നു പക്ഷെ….ഇങ്ങനൊക്കെ? എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ?

“അതൊന്നും ഓർത്ത് ഈ കുഞ്ഞിത്തല പുണ്ണാക്കണ്ട. സൗകര്യം പോലെ ഞാനൊരിക്കൽ പറഞ്ഞുതരാം. ഇപ്പൊ നീ വായോ. ”

രാധുവിനോട് ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും എപ്പോഴൊക്കെയോ ചന്ദ്രുവേട്ടനെ ഞാനും ആഗ്രഹിച്ചിരുന്നു.

വേണ്ട വേണ്ട ന്ന് വെയ്ക്കുംതോറും എന്റെ മനസ് ചന്ദ്രുവേട്ടനിലേക്ക് ചായുന്നതും ആ അച്ഛനും അമ്മയും എന്നും കൂടെയുണ്ടാവാൻ എന്റെ മനസ് കൊതിക്കുന്നതും ഒക്കെ ഞാനറിയുന്നുണ്ട്. പക്ഷെ എന്റെ വിധി മറ്റൊന്നായിപ്പോയി.

ചന്ദ്രുവേട്ടനോട് തോന്നിയ ഇഷ്ടം എന്നിൽത്തന്നെ ഒടുങ്ങിക്കോട്ടെ.പുറത്ത് വരാതെ നോക്കണേ ഈശ്വര……

ഓരോന്നൊക്കെ പറഞ്ഞ് ഞങ്ങൾ അമ്പലത്തിലെത്തി. രാധുന്റെ പേരിൽ വഴിപാടൊക്കെ കഴിപ്പിച്ച് പ്രസാദവും വാങ്ങിച്ച് ഞങ്ങൾ തിരിച്ചുപോന്നു.

കുറച്ചു കഴിഞ്ഞ് വരാന്നു പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു. ഗേറ്റിൽ എത്തിയപ്പോൾ വാസുവേട്ടനെ കണ്ടു.

കുറച്ചു ചന്ദനം എടുത്ത് അങ്ങേർക്ക് തൊട്ടുകൊടുത്തു. കുറേശ്ശേ വാസുവേട്ടന്റെ ഭാഷ ഞാനും പഠിച്ചു.

അവിടുന്ന് വീട്ടിലെത്താറായപ്പഴേ കണ്ടു ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന കടുവ.

ശിവ ശിവ… നോം എന്താ ഈ കാണണേ…. വന്നിട്ട് ഈ ദിവസം വരെ ഇങ്ങനൊരു കാഴ്ച ഇതാദ്യാ…. താടിക്ക് കൈയും കൊടുത്ത് കുറച്ചുനേരം ഞാനാ വിദ്ധ്വാനെത്തന്നെ നോക്കിനിന്നു.

ഞാനിങ്ങനെ നോക്കിനിൽക്കുന്നത് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു കടുവയ്ക്കും ചിരിവരുന്നുണ്ട്. പക്ഷെ കടിച്ചുപിടിച്ച് ഇരിക്കാണ്. ഞാനൊന്ന് മാനത്തേക്ക് നോക്കി.

“എന്താടി വായും പൊളിച്ച് മാനത്ത് നോക്കിനിക്കണത്? ”

ഇനിയും പിടിച്ചുനിക്കാൻ പാറ്റാത്തോണ്ട് ചോദ്യം വന്നു

“സാധാരണ കാണാത്ത കാര്യങ്ങൾ പലതും കാണുന്നുണ്ട്. അതോണ്ട് കാക്ക വല്ലതും മലർന്ന് പറക്കുന്നുണ്ടോന്ന് നോക്കിയതാ. അങ്ങനല്ലേ പറയാ.? ”

“ഞാൻ പത്രം വായിക്കാറൊക്കെയുണ്ട്. നീ കാണാത്തതു എന്റെ കുറ്റാണോ? ”

“അതിനു…. ”

“ചന്ദ്രു നിന്റെ വായന ഇതുവരെ കഴിഞ്ഞില്ലേ? ”

ഞാൻ പറയാൻ തുടങ്ങിയതും അമ്മ അങ്ങോട്ട്‌ വന്നു. എന്നെ കണ്ടതും അമ്മയുടെ കണ്ണൊന്നു വിടർന്നു.

“മോള് വന്നുവോ? ”

“ദാ ഇപ്പൊ എത്തിയതേ ഉള്ളൂ. ഞാൻ പത്രത്തിലെ വാർത്തകൾ എന്തൊക്കെയുണ്ടെന്ന് ചോദിക്ക്യാർന്നു. ”

പറയുന്നതിനിടയിൽ അമ്മയുടെ നെറ്റിയിൽ പ്രസാദം തൊട്ടുകൊടുത്തു.

“ഒന്നും പറയണ്ട ന്റെ മോളെ കൊറേ നേരായി പത്രോം പിടിച്ചോണ്ട് ഇവിടെത്തന്നെ ഇരിക്കണു. അച്ഛൻ വന്ന് ചോദിച്ചിട്ട് പോലും പത്രം കൊടുത്തിട്ടില്ല. ഇവനിതെന്താ പറ്റിയത് ആവോ? ”

“ഇതെന്താ ത് ഒരു പത്രം വായിക്കാനും പാടില്ലേ.? !”
കടുവ ദേഷ്യപ്പെട്ടു.

“പത്രം വായിക്കുന്നതിന് കുഴപ്പൊന്നും ഇല്ല. പക്ഷെ അത് നേരെപിടിച്ച് വായിച്ചൂടെ. ”

പുറത്തെ സംസാരം കേട്ടുകൊണ്ട് വന്ന അച്ഛൻ ചോദിച്ചു.

അച്ഛൻ അത് പറഞ്ഞപ്പോളാണ് കടുവ ഇത്രയും നേരം പത്രം തലതിരിച്ചുപിടിച്ചാണ് ഇരുന്നിരുന്നതെന്ന് ഞാനും അമ്മയും എന്തിന് കടുവ പോലും ശ്രദ്ധിച്ചത്.

എന്നിട്ട് അവിടെകിടന്ന് ഉരുളാൻതുടങ്ങി.

“അത്…. ഞാൻ…… പത്രം തലതിരിച്ചു പിടിച്ചാൽ വായിക്കാൻ പറ്റുവോന്ന് നോക്കാർന്നു. ”

“എന്നിട്ട് എന്റെ മോന് വായിക്കാൻ പറ്റിയോ? ഇരുത്തം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ആരെയോ കാത്തിരിക്കാണെന്ന്. ”

അച്ഛൻ ഗോളടി തുടങ്ങി.

“കാത്തിരിക്കനോ? ആരെ? ഞാനാരേം കാത്തിരുന്നതല്ല. ഹും…. ഒരു പത്രം വായിക്കാൻ ഇവിടെ ആരുടെയൊക്കെ അനുവാദം വാങ്ങണം… കഷ്ടം. ”

പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ഞങ്ങൾ അതുനോക്കി ചിരിച്ചോണ്ട് അകത്തേക്ക് കടന്നു. കുറച്ചു നേരം അമ്മയുടെ കൂടെ അടുക്കളയിൽ സഹായിച്ചു.

കഴിക്കാറായപ്പോളേക്കും കടുവയും കുളിയൊക്കെ കഴിഞ്ഞു സുന്ദരക്കുട്ടപ്പനായി വന്നു.

എല്ലാർക്കും പ്രസാദം കൊടുത്തതല്ലേ. കടുവയെ ഒറ്റപ്പെടുത്തീന്ന് വേണ്ട.

ഇലച്ചീന്തിലെ പ്രസാദമെടുത്ത് കടുവയ്ക്ക് നേരെ നീട്ടി. വേണ്ടാന്ന് പറയുമെന്നാണ് കരുതിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13