Saturday, April 20, 2024
Novel

Mr. കടുവ : ഭാഗം 23

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

അമ്മ അടുത്തേക്ക് വന്ന് എന്നെ അടിമുടിയൊന്ന് നോക്കി.
“ഇത് ചന്ദ്രു തന്നതല്ലേ? മോൾക്ക് നന്നായി ചേരുന്നുണ്ട്. അല്ലെ വിശ്വേട്ടാ? ”

“അത് അല്ലേലും അങ്ങനെയല്ലെ വരൂ. പ്രിയക്ക് വേണ്ടി അവനല്ലേ വാങ്ങിച്ചത്? ”

അച്ഛൻ കടുവയെ ഇടങ്കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു.
അതുകേട്ടതും കടുവയുടെ തോണിയൊന്ന് ആടിയുലഞ്ഞു. ഉടുത്തിരുന്നത് മുണ്ടായതുകൊണ്ട് തോണി മുങ്ങിപ്പോയില്ല.

നേരെ ചെന്ന് കടുവയുടെ മടിയിൽ വീണു. ഞങ്ങൾ മൂന്നുപേരും കൂടിയാണ് പൂക്കളം ഇട്ടത്. കടുവ നോക്കിയിരുന്നതേയുള്ളൂ. അവിടിരിക്കട്ടെ. പൂക്കൾ സ്നേഹവും കെട്ടിപ്പിടിച്ചോണ്ട്. ഉദ്യാനപാലകൻ.

ലോകത്ത് വേറാരും ചെടികൾ വളർത്താത്തതു പോലെ. അടുക്കളയിലെ പണികളൊക്കെ നേരത്തെ ഒരുക്കിയത് കൊണ്ട് ഞങ്ങളിരുന്ന് കത്തിവെച്ചു. കൂടെ വാസുവേട്ടനും ഉണ്ടായിരുന്നു.

അവര് കുറെ കഥകൾ പറഞ്ഞും ഓണപ്പാട്ടുകൾ പാടിയും ഓർമ്മകൾ അയവിറക്കലുമൊക്കെയായി അടിച്ചുപൊളിച്ചു.

കുടുംബക്കാർ ആരും വരാത്തതിലുള്ള അമ്മയുടെ വിഷമം അതോടെ തീർന്നു.

കടുവ ഞങ്ങളോടൊപ്പം കൂടിയില്ലെങ്കിലും ഇടയ്ക്കൊക്കെ ഞങ്ങൾക്ക് തെറ്റുന്ന വരികൾ ശെരിയാക്കിതന്നും ഞങ്ങളുടെ തമാശകൾ ആസ്വദിച്ചും ഇരിക്കുന്നുണ്ടായിരുന്നു.

മിക്കപ്പോഴും ഞാൻ നോക്കുമ്പോൾ ചുണ്ടിലൊളിപ്പിച്ച ചിരിയുമായി ആ കണ്ണുകൾ എന്നിലായിരുന്നു. അത് കാണുമ്പോൾ എന്റെയുള്ളിൽ മഞ്ഞുവീഴുന്ന ഒരു സുഖം ഞാനറിഞ്ഞു.

സെക്കന്റുകൾക്കപ്പുറം ആ നോട്ടത്തെ നേരിടാനുള്ള ശക്തി എനിക്കില്ലായിരുന്നു.

കടുവയുടെ ശ്രദ്ധ മുഴുവൻ എന്നിൽ മാത്രമാണെന്നുള്ള തിരിച്ചറിവ് ആ കുഞ്ഞു ആഘോഷത്തിൽ നിന്നും ഉൾവലിയാൻ എന്നെ പ്രേരിപ്പിച്ചു.

ഉച്ചയായപ്പോൾ അമ്മ എല്ലാവരോടും ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് സദ്യ കഴിക്കുന്നതിന്റെ സുഖമൊന്ന് വേറെയാണെന്ന് പറഞ്ഞ് അച്ഛൻ വാസുവേട്ടനെയും ചന്ദ്രുവേട്ടനെയും കൂട്ടി നിലത്ത് പോയിരുന്നു. ഞാനും അമ്മയും അവർക്ക് ഇലയിട്ട് ചോറും കറികളും വിളമ്പാൻ തുടങ്ങി.

“നിങ്ങളും കൂടി ഇരിക്ക്. എല്ലാവർക്കും ഒരുമിച്ചിരിക്കലോ. ”
അച്ഛൻ പറഞ്ഞു.

“അപ്പൊ ആരാ വിളമ്പുക. നിങ്ങളുടെ കഴിഞ്ഞിട്ട് ഞാനും മോളും ഇരുന്നോളാം ”

അമ്മ അത് പറഞ്ഞതും കടുവ വേഗം ഇരുന്നിടത്ത് നിന്നും ചാടിയെണീറ്റു. ഇതെന്താ സംഭവം ന്ന് കരുതി ഞങ്ങൾ കടുവയെ ഉറ്റുനോക്കി.

“എന്നാൽ അമ്മയും ഇരിക്ക്. ഞാൻ വിളമ്പാം. നിങ്ങൾ മുതിര്ന്നവര് കഴിച്ചിട്ട് ഞങ്ങൾ ഇരിക്കാം. എന്താ പ്രിയെ അതല്ലേ നല്ലത്? ”

കടുവയുടെ പെട്ടന്നുള്ള ചോദ്യത്തിൽ ഞെട്ടി ഞാൻ അതെയെന്ന് സമ്മതിച്ചു. പോരാത്തതിന് എല്ലാരും പ്രിയ ന്ന് വിളിച്ച സ്ഥാനത്ത് പ്രിയെ ന്ന് കൂടി കേട്ടപ്പോൾ ഞാൻ ഞെട്ടി കുട്ടിമാമ.

“ആഹ്…. അതെ അതെ.”
ഞാൻ പറഞ്ഞു.

“താനിവിടെ ഇരിക്ക് ലക്ഷ്മി. കുട്ട്യോള് വിളമ്പട്ടെ. ”

അമ്മ ചെന്ന് അച്ഛന്റെ അടുത്തിരുന്നു. ഞാനും കടുവയും കൂടി വിളമ്പൽ കർമ്മം നിർവഹിച്ചുകൊണ്ടിരുന്നു. അപ്പോഴല്ലേ രസം !അത് അവിടെയല്ല ഇവിടെയാണ്, അത് മറ്റോടത്താണ് ന്നൊക്കെ കടുവയുടെ വക.

എന്നാൽ അതുപോലെ ചെയ്യാന്ന് വെച്ചപ്പോൾ അത് കഴിഞ്ഞാൽ ഇതെടുക്ക് മറ്റേതെടുക്ക് ന്ന് പറഞ്ഞ് വീണ്ടും ക്ലാസ്സ്‌. ആകെക്കൂടി ദേഷ്യം വന്നു. ഇത്രയും നേരം മിണ്ടാതിരുന്നിട്ട് ഇപ്പൊ വന്ന് ആളാവാണ്.

ഒരു വല്ല്യ വിളമ്പല്ക്കാരൻ വന്നിരിക്കുന്നു. എവിടെ വിളമ്പിയാലെന്താ കഴിച്ചാൽ പോരെ.?

കടുവയോടുള്ള ദേഷ്യത്തിന് ചോദിച്ചതാണ്. പക്ഷെ ഞാനും കേട്ടിട്ടുണ്ട് ഓരോന്നിനും ഓരോ സ്ഥാനമുണ്ടെന്നും ഓരോ ക്രമം ഉണ്ടെന്നുമൊക്കെ.

എങ്കിൽ പിന്നെ കടുവ തന്നെ വിളമ്പട്ടെ ന്ന് കരുതി എല്ലാം എടുത്തുകൊടുക്കൽ പണിമാത്രം ഞാൻ ചെയ്തു. ഒരുവിധം എല്ലാം വിളമ്പിക്കഴിഞ്ഞ് നോക്കിയപ്പോളാണ് ശർക്കര ഉപ്പേരി വെച്ചിട്ടില്ലെന്ന് ഓർത്തത്.

ചോദിച്ചപ്പോൾ അമ്മ പറഞ്ഞു അത് അടുക്കളയിൽ ഷെൽഫിൽനിന്നും എടുത്തിട്ടില്ലെന്ന്. ഞാനതെടുക്കാൻ അടുക്കളയിലേക്ക് പോയി.

മുകളിലെ നിരയായി പണിതിട്ടുള്ള ഷെൽഫുകളിൽ സ്നാക്സിന്റെ കൂട്ടത്തിലായിരുന്നു അത് വെച്ചിരിക്കുന്നത്.

എനിക്ക് നല്ല ഉയരമുള്ളതുകൊണ്ട് നന്നായി എത്തിവലിഞ്ഞാലേ അത് കിട്ടുകയുള്ളൂ. ദാവണിത്തുമ്പെടുത്ത് ഇടുപ്പിൽ കുത്തിവെച്ച് ഏന്തിവലിഞ്ഞ് ആ പാക്കറ്റ്‌ എടുക്കാൻ ശ്രമിച്ചു.

അണുവിടവ്യത്യാസത്തിൽ അത് എന്റെ കൈയിൽനിന്നും സ്ലിപ്പായികൊണ്ടിരുന്നു. കാലിലെ പെരുവിരലിൽ ഊന്നിനിന്നുകൊണ്ട് ഞാനും ശ്രമിച്ചുകൊണ്ടേയിരുന്നു.

അങ്ങനെ തോറ്റുകൊടുക്കാൻ പറ്റുമോ? അതും ഇച്ചിരിപോന്ന ഒരു ശർക്കര ഉപ്പേരി പാക്കറ്റിനോട്?

“”ഇവളെന്തിനാ ഇതൊക്കെ ഇപ്പൊതന്നെ കാണിച്ചു തരുന്നേ? മനുഷ്യന്റെ കണ്ട്രോൾ കളയാൻ. ”

ശെരിക്കും വ്യക്തമായില്ലെങ്കിലും തൊട്ടടുത്ത് കടുവയുടെ ശബ്ദം കേട്ടാണ് ഞാൻ ആ കഠിനശ്രമത്തിൽ നിന്നും പിന്തിരിഞ്ഞത്.

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് മുഖത്ത് നോക്കി പറയണം. ”

“അവിവാഹിതനായ ഒരു ചെറുപ്പക്കാരനുള്ള വീടാണിതെന്ന് പറയായിരുന്നു. ”

“അതിന് ഞാനെന്താ വേണ്ടേ തനിക്ക് പെണ്ണിനെ കണ്ടുപിടിച്ച് കല്യാണം നടത്തിതരാണോ? ”

“അത്രയൊന്നും ചെയ്തില്ലെങ്കിലും ഈയ്യുള്ളവനെ ഇങ്ങനെ പ്രലോഭിപ്പിക്കാഞ്ഞാൽ മതി. ”

“എന്താന്ന്? ”

അപ്പോൾ കടുവ കണ്ണുകൊണ്ടു നോക്കാൻ കാണിച്ച വശത്തേക്ക് നോക്കിയതും ഞാൻ പെട്ടന്ന് തിരിഞ്ഞുനിന്നു. ഷെൽഫിലേക്ക് എത്തിവലിയുന്ന ശ്രമത്തിനിടയിൽ ദാവണി വയറിന്റെ ഭാഗത്തുനിന്നും മാറിക്കിടപ്പുണ്ടായിരുന്നു. വേഗം അത് ശെരിയാക്കി ചമ്മൽ മറച്ചുപിടിച്ച് ഞാൻ ചോദിച്ചു.

“താനെന്തിനാ ഇങ്ങോട്ട്തന്നെ നോക്കിയത്? ”

“പിന്നെ……. നീയ്യിങ്ങനെ നിൽക്കുമ്പോൾ കാണാതിരിക്കാൻ ഞാനെന്താ കണ്ണുപൊട്ടനാണോ? ”

“ഛെ…. വൃത്തികെട്ടവൻ. മ്ലേച്ചൻ കടുവ. ”

“അത് നിന്റെ മറ്റ….. അത് വേണ്ട. സ്കൂളിലെ ആ സാറില്ലേ. അവൻ. ”

“ദേ ഒന്നുമറിയാത്ത ആ സാറിനെ ഇതിലേക്ക് വലിച്ചിഴക്കണ്ട. ഇത് കാണാൻവേണ്ടി താനെന്തിനാ ഇങ്ങോട്ട് വന്നത്? ”

“മുകളിലെ ഷെൽഫിലാണ് ഇരിക്കണത് അവൾക്ക് എത്തില്ല. ചെന്ന് എടുത്തുകൊടുക്ക് ന്ന് അമ്മ പറഞ്ഞതോണ്ട് വന്നതാ.ഒരു ഉപകാരം ചെയ്യാന്ന് വെച്ചപ്പോൾ….. ഇനിയിപ്പോ നീ തന്നത്താനങ്ങ് എടുത്താൽ മതി. ”

“ഓ…. ഞാൻ തന്നെ എടുത്തോളാം. എനിക്കൊരു കടുവേടേം സഹായം വേണ്ട. ”

“എന്നാ നീയെടുക്കുന്നത് എനിക്കൊന്ന് കാണണം. എടുക്ക്. ”

കടുവ കൈയും കെട്ടി അവിടെ നിന്നു. ഞാൻ പാവം വീണ്ടും ഏന്തിവലിയാൻ തുടങ്ങി. ഏന്തിവലിഞ്ഞ് ഏന്തിവലിഞ്ഞ് അവസാനം ആ പാക്കറ്റ്‌ എന്റെ കൈയിൽ കിട്ടി. ദ്വന്ദയുദ്ധം ജയിച്ച സന്തോഷത്തിൽ ഞാൻ വിളിച്ചു പറഞ്ഞു.

“ഹും…. എന്നോടാ കളി. കണ്ടോടോ ഞാൻ എടുത്തത് ……”

പറഞ്ഞുകൊണ്ട് കടുവയെ തിരിഞ്ഞു നോക്കിയ ഞാൻ അവിടെയൊന്നും കടുവയെ കണ്ടില്ല. അപ്പോഴാണ് ഞാൻ ആരുടെയോ കൈയിലാണ് നിൽക്കുന്നതെന്ന ബോധം എനിക്കുണ്ടായത്.

താഴേക്ക് നോക്കിയപ്പോൾ കൈകളിൽ എന്നെയും ഉയർത്തിപ്പിടിച്ച് എന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുന്ന കടുവയെയാണ് കണ്ടത്. കൂടെ ഒരു കള്ളചിരിയും.

ആ സമയത്ത് കടുവയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഞാൻ കണ്ടു.

ആ മുഖത്ത് ഞാനിതുവരെ കണ്ടിട്ടില്ലാത്ത ഒരു മായികഭാവവും. മിഴികൾ പരസ്പരം കോർത്തപ്പോൾ നോട്ടം പിൻവലിക്കാൻ പോലും കഴിയാതെ ഒരുനിമിഷം ഞാൻ സ്വയം മറന്നു നിന്നു. ദാവണി വിടവിലൂടെ ആ ചുടുനിശ്വാസം എന്നിൽ പതിച്ചുക്കൊണ്ടിരുന്നു.

കനം കുറഞ്ഞ ആ ദാവണിയിലൂടെ ചന്ദ്രുവേട്ടന്റെ താടിരോമങ്ങൾ എന്റെ ആലിലവയറിൽ ഇക്കിളികൂട്ടിയപ്പോൾ ഒരു മിന്നൽപ്പിണർ ശരീരത്തിലൂടെ പ്രവാഹിച്ചതുപോലെ തോന്നി.

പെട്ടന്ന് ചന്ദ്രുവേട്ടൻ കൈകളൊന്ന് അയച്ചപ്പോൾ ആ ദേഹത്തോട് ചേർന്നു ഞാൻ താഴേക്ക് ഊർന്നിറങ്ങി. കുറച്ചു നേരം ഞങ്ങളാ നിൽപ്പ് അങ്ങനെതന്നെ നിന്നു.

“കഴിച്ച് എണീക്കുന്നതിന് മുൻപെങ്കിലും ശർക്കര ഉപ്പേരി കിട്ടുവോ? ”

പുറത്ത്നിന്നും അച്ഛൻ അത് വിളിച്ചു ചോദിച്ചപ്പോളാണ് ഞങ്ങൾ ബോധമണ്ഡലത്തിലേക്ക് തിരിച്ചുവന്നത്. ഉടനെ ചന്ദ്രുവേട്ടനെ തള്ളിമാറ്റി ഞാൻ പുറത്തേക്കോടി.

അവരെല്ലാം കഴിച്ചുകഴിഞ്ഞതും ഞാനും ചന്ദ്രുവേട്ടനും ഇരുന്നു. പിന്നീട് ആ മുഖത്തേക്ക് നോക്കാൻതന്നെ മടി തോന്നി. ചന്ദ്രുവേട്ടന്റെ അടുത്തിരുന്ന് കഴിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.

എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റു. ചന്ദ്രുവേട്ടൻ പക്ഷെ ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിജയം പോലും കാണിക്കുന്നില്ലായിരുന്നു. നേരത്തെ എന്റെ കൂടെയുണ്ടായിരുന്നത് ഇയ്യാളുടെ അപരനാണോ ന്ന് വരെ ഞാൻ സംശയിച്ചു. അതോ കടുവയ്ക്ക് ഇനി ഡബിൾ പേഴ്സണാലിറ്റി ഡിസോർഡർ എങ്ങാനും ഉണ്ടാവോ?

സദ്യ കഴിഞ്ഞപ്പോൾ അച്ഛനൊന്ന് ഉച്ചമയക്കത്തിന് പോയി. കടുവയും. കടുവ റൂമിലേക്ക് പോകുന്നതിന് മുൻപ് എന്നെ നോക്കി താടിയുഴിഞ്ഞുകൊണ്ട് ഒന്ന് സൈറ്റ് അടിച്ചുകാണിച്ചു.അയ്യേ…. വൃത്തിക്കെട്ടവൻ…. ! അതോടെ എനിക്ക് ബോധ്യമായി അയ്യാൾ തന്നെയാണ് ഇയ്യാളെന്ന്. കടുവയ്ക്ക് എവിടെയോ എന്തോ തകരാർ സംഭവിച്ചിട്ടുണ്ട്.

അമ്മയെയും കുറച്ചുനേരം കിടക്കാൻ പറഞ്ഞു വിട്ട് ഞാൻ ഔട്ട്‌ ഹൗസിലേക്ക് പോന്നു. ഫോണെടുത്തു നോക്കിയപ്പോൾ രേവതിയുടെയും വിനോദ് സാറിന്റെയും കാളുകൾ കണ്ടു. അവരെ തിരിച്ചു വിളിച്ച് കുറേനേരം സംസാരിച്ച് ഞാനും ഒന്ന് കിടന്നു.

ഉച്ച തിരിഞ്ഞപ്പോൾ അമ്മ വന്നുപറഞ്ഞു എല്ലാവർക്കും കൂടി ഒന്ന് പുറത്ത് പോവാമെന്ന്. ദാവണി മാറ്റി ഒരു ചുരിദാറിട്ട് ഞാൻ അവരോടൊപ്പം പോയി. അമ്മ സാരിയായിരുന്നു വേഷം.

മുണ്ടും വേഷ്ടിയുമല്ലാതെ ആദ്യമായിട്ടാണ് അമ്മയെ സാരിയിൽ കാണുന്നത്. ആ വേഷത്തിലും അമ്മ സുന്ദരി തന്നെ. അച്ഛൻ പിന്നെ സാധാരണ പോലെ മുണ്ടും ഷർട്ടും.

കടുവച്ചേട്ടൻ കോളറുള്ള ബ്ലൂ കളർ ടീഷർട്ടും ജീൻസും ആയിരുന്നു വേഷം. എത്ര നിർബന്ധിച്ചിട്ടും വാസുവേട്ടൻ കൂടെ വന്നില്ല.

ഞങ്ങൾ ആദ്യം ബീച്ചിലേക്കാണ് പോയത്. ഓണമായതുകൊണ്ട് അവിടെ അത്യാവശ്യം തിരക്കുണ്ടായിരുന്നു .

അവിടുന്ന് നേരെ ഷോപ്പിംഗ് മാളിലേക്കാണ് പോയത്. ഇവരുടെ തന്നെ മാൾ. അച്ഛൻ അവിടെ ആരോടൊക്കെയോ ബിസിനസ് കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ഒപ്പം കടുവയും.

അപ്പോഴാണ് അങ്ങോട്ടേക്ക് നമ്മുടെ കോഴിച്ചേട്ടൻ വന്നത്. കൂടെ അച്ചുവേട്ടന്റെ അച്ഛനും അമ്മയും അനിയത്തിയും ഉണ്ടായിരുന്നു.

അഷിത. ഒരു മിടുക്കിക്കുട്ടി.ഡിഗ്രിക്ക് പഠിക്കുന്നു. അച്ചുവേട്ടന്റെയല്ലേ പെങ്ങള് ആ സ്വഭാവം കുറച്ചൊക്കെ അവൾക്കും കിട്ടിയിട്ടുണ്ട്.

ആ മാളിൽ കണ്ട ഒരുവിധം കൊള്ളാവുന്ന പയ്യന്മാരെയൊക്കെ വായിനോക്കി നടപ്പുണ്ടായിരുന്നു. ചോദിച്ചപ്പോൾ പറയാ “ജസ്റ്റ്‌ ഫോർ എ രസം “ന്ന്. കാന്താരി. കൂട്ടത്തിൽ എന്നെയും ശിഷ്യപ്പെടുത്തി.

ഒന്നുരണ്ടു പേരെ നോക്കിയതിന് തന്നെ ദുർവാസാവ് എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ ആയുധം വെച്ച് കീഴടങ്ങി.

ഓണം സ്പെഷ്യലായി മാളിൽ നിരവധി മത്സരങ്ങളും കളികളും എക്സിബിഷൻ സ്റ്റാളുകളും ഒരുക്കിയിരുന്നു.

അഷിതയും ഞാനും കൂടി അതെല്ലാം കയറി കാണുകയും ചിലതിലെല്ലാം പങ്കെടുക്കുകയും ചെയ്തു. ചില മത്സരങ്ങളിൽ അച്ചുവേട്ടനും കടുവയും കൂടി.

അച്ഛന്മാരും അമ്മമാരും ഞങ്ങളെ പ്രോത്സാഹിപ്പിച്ച് ഒപ്പംതന്നെ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു ഓണക്കാലം സന്തോഷത്തോടെ മനസ്സുനിറഞ്ഞ് ആഘോഷിച്ചു.

അച്ഛനോടും അമ്മയോടും കടുവയോടുമാണ് അതിന് നന്ദി പറയേണ്ടത്.

തിരിച്ചു വീട്ടിലെത്തിയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. മാളിൽ നിന്നും ഭക്ഷണം കഴിച്ചതുകൊണ്ട് നേരെചെന്ന് ഉറങ്ങാൻ കിടന്നു.

…………………………………………….

🎶 ഓ… പ്രിയ പ്രിയ എൻ പ്രിയ പ്രിയ

ഓ… പ്രിയ പ്രിയ എൻ പ്രിയ പ്രിയ 🎶

വീട്ടിൽ മുകളിലെ വലിയ ഹാളിൽ തൂക്കിയിരിക്കുന്ന ആട്ടുകട്ടിലിൽ കമഴ്ന്നുകിടന്ന് പാട്ട് പാടുകയായിരുന്നു ചന്ദ്രു.

“മോനെ ചന്ദ്രു ഈ പാട്ടിൽ ഈ ഒരു വരി മാത്രമല്ല ഉള്ളത്. ”

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22