Saturday, December 14, 2024
Novel

Mr. കടുവ : ഭാഗം 13

എഴുത്തുകാരി: കീർത്തി


ഇന്ന് കൂടിയേ ഇനി ക്ലാസുള്ളൂ. അതുകഴിഞ്ഞാൽ പിന്നെ പരീക്ഷയും ഓണവധിയൊക്കെ കഴിയണം. നാളെ ശനി , മറ്റന്നാൾ രാധുന്റെ പിറന്നാൾ , അതുകഴിഞ്ഞു പരീക്ഷത്തിരക്ക്. ആകെക്കൂടി കുറച്ചു ദിവസത്തേക്ക് നിക്കാനും ഇരിക്കാനും നേരമുണ്ടാവുമെന്ന് തോന്നണില്ല.

ഓണപരീക്ഷയാണെങ്കിലും കഴിഞ്ഞുപോയ ഭാഗങ്ങളൊക്കെ കുട്ടികൾക്ക് റിവിഷൻ ചെയ്തുകൊടുത്തു.

എക്സമിനു മുൻപ് ഒരു ടീച്ചേർസ് മീറ്റിങ്ങൊക്കെ കഴിഞ്ഞിറങ്ങിയപ്പോളാണ് പിറന്നാളിന്റെ കാര്യം ഓർമവന്നത്.

സ്കൂളിലെ ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് വിനോദ് സാറായതുകൊണ്ട് അങ്ങേരോട് വരാൻ പറഞ്ഞു. സർപ്രൈസാണെന്നും രാധു അറിഞ്ഞിട്ടില്ലെന്നും പ്രത്യേകം ഓർമിപ്പിച്ചു.

ലീവായതുകൊണ്ട് അമ്മയെക്കൂടി കൊണ്ടുവരാനും പറഞ്ഞു.

രാധൂനൊരു ഗിഫ്റ്റ് വാങ്ങണം. എനിക്ക് കുറച്ചു അത്യാവശ്യസാധനങ്ങൾ വാങ്ങാനുണ്ടെന്നും ടൗണിലെ നല്ല കടകളൊന്നും അറിയാത്തതുകൊണ്ട് കൂടെ വരണമെന്നും പറഞ്ഞു രാധൂനെ കച്ചക്കെട്ടി ഒരുക്കി.

എന്തോ അപകടം മണത്തൂന്ന് തോന്നുന്നു വരില്ല തിരക്കുണ്ടെന്ന് കുറെ പറഞ്ഞുനോക്കി. ഞാനാരാ മോള്. അങ്ങനെ വിടുവോ? പിടിച്ച പിടിയാലേ സമ്മതിപ്പിച്ചു.

വീട്ടിലെത്തിയ എന്റെ ചിന്ത മുഴുവനും രാധൂന് എന്ത് ഗിഫ്റ്റാണ് വാങ്ങിച്ചുകൊടുക്കുക എന്നതായിരുന്നു. അവസാനം ഞാനൊരു തീരുമാനത്തിലെത്തി.

ഞാനും രാധുവും കൂടി ടൗണിലെത്തി. ഒരു കമ്മൽ വാങ്ങിക്കണമെന്നും നല്ലൊരു ജ്വല്ലറി കാണിച്ചുതരണമെന്നും പറഞ്ഞപ്പോൾ അവൾ എന്നെ നേരെ കൊണ്ടുപോയത് മംഗലത്ത് ജ്വല്ലേർസിലേക്കാണ്.

അത്യാവശ്യം വലിപ്പമുള്ള രണ്ടുനില കെട്ടിടമായിരുന്നു അത്. ജ്വല്ലറിയിലെ തിരക്ക് ആ ഷോപ്പിന് അവിടെയുള്ള ജനപ്രീതി മനസിലാക്കിത്തന്നു. കടന്നുചെന്നതും സുന്ദരിയായൊരു പെൺകുട്ടി ഞങ്ങളെ സ്വാഗതം ചെയ്തു.

“ഗുഡ്‌ മോർണിംഗ് മാഡം. ”
ആ കുട്ടി പറഞ്ഞു.

ഞങ്ങളും തിരിച്ചു അവളെ വിഷ് ചെയ്തു.

“മാഡത്തിന് എന്തായിരുന്നു വേണ്ടത്? ”
അവൾ ചോദിച്ചു.

“ഞങ്ങൾക്ക് ഇയറിങ്‌സ്. ”
ഞാൻ പറഞ്ഞു.

“ഇവിടുന്ന് നേരെ പോയി റൈറ്റിലേക്ക്. അവിടെയാണ് ഇറിങ്സിന്റെ സെക്ഷൻ. ”

സ്ഥലം കാണിച്ചുതന്നതിന് അവൾക്കൊരു നന്ദിയും പറഞ്ഞു ഞങ്ങൾ അങ്ങോട്ട് നടന്നു.

കമ്മലുകളുടെ സെക്ഷനിലെത്തി കസേരയിൽ ഇരിക്കാൻ പോയപ്പോഴാണ് തൊട്ടപ്പുറത്ത് ഒന്നുരണ്ടു സെയിൽസ്മാൻമാരോട് സംസാരിച്ചുനിൽക്കുന്ന കടുവയെ കണ്ടത്.

വളരെ സീരിയസായ എന്തോ ആണ് പറയുന്നതെന്ന് ആ മുഖഭാവത്തിൽ നിന്നും മനസിലായി. ഇന്നലെ ഈ മൊതലിനെയൊന്ന് കാണാൻപോലും കിട്ടിയിട്ടില്ല.

അതുകൊണ്ട് അന്നത്തെ എന്റെ ഡയലോഗ് ഞങ്ങളുടെ ‘ പോടാ പോടി ‘ ബന്ധത്തിന്റെ തീവ്രതയിൽ വ്യത്യാസം വരുത്തിയിട്ടുണ്ടോ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. അതൊന്ന് പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

“രാധു നീ നോക്ക് ഞാനിപ്പോ വരാം. ”

“എന്നെയിവിടെ ഇരുത്തീട്ട് നീയിതെങ്ങോട്ടാ? ”

“നീ സെലക്ട്‌ ചെയ്യ്. ഞാനപ്പോഴേക്കും വരാന്നേ.”

അവളെ അവിടെയിരുത്തിയിട്ട് ഞാൻ കടുവയുടെ അടുത്തേക്ക് നടന്നു. പുറംതിരിഞ്ഞു നിൽക്കുന്നതുകൊണ്ട് ഞാൻ വരുന്നത് പുള്ളിക്ക് കാണില്ല.

ഞാൻ അടുത്തെത്താറായതും ആ പയ്യന്മാർ അവിടുന്ന് പോയി. അതേതായാലും നന്നായി കാടുവ എന്തേലും വിളിച്ചുപറഞ്ഞാൽ മറ്റുള്ളവരുടെ മുന്നിൽ നാണം കെടില്ലല്ലോ.

ഞാനടുത്ത് ചെന്ന് കടുവയുടെ വലതുതോളിൽ തൊണ്ടിയിട്ട് ഇടതുവശത്തു ചെന്നുനിന്നു. കടുവ വലത്തോട്ട് നോക്കിയപ്പോൾ ആരെയും കണ്ടില്ല.

ശേഷം ഇടത്തോട്ട് നോക്കിയപ്പോൾ അതാ നിൽക്കുന്നു മുന്നിൽ പ്രിയ. !!!

“സർപ്രൈസ് !!!”

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ആദ്യം എന്നെ കണ്ടപ്പോൾ ദേഷ്യം വന്നെങ്കിലും പിന്നീട് ചുറ്റും നോക്കിയിട്ട് മുഖം ശാന്തമാക്കി. അല്പം ശബ്ദം കുറച്ച് എന്നോട് ചോദിച്ചു.

“നിനക്കെന്താടി ഇവിടെ കാര്യം.? ”

മുഖത്തു മാത്രേ ശാന്തയും ശാലിനിയുമൊക്കെയുള്ളൂ. ശബ്ദം കനത്തുതന്നെയാണ്.

“ഞാൻ കുറച്ചു പച്ചക്കറി വാങ്ങാൻ വന്നതാ. ”

അല്ല പിന്നെ. സ്വര്ണക്കടയിലേക്ക് എന്തിനാ വരാ? !

എന്റെ മറുപടി കേട്ട് മുഖത്ത് കണ്ടിരുന്ന ശാന്തയും ആരുടെയോ കൂടെ ഓടിപോയി.

“നീയൊരു ടീച്ചർ തന്നാണോടി? എന്ത് പറഞ്ഞാലും തർക്കുത്തരം. ഇതൊക്കെ തന്നെയാണോ ആ കുട്ട്യോളെയും പഠിപ്പിക്കുന്നത്? ”

കടുവ ചോദിച്ചു.

അപ്പൊ വലിയ ദേഷ്യമൊന്നുമില്ല. പഴയതുപോലെ തന്നെ. സമാധാനായി.

“സോറി. ഞാനൊരു കമ്മൽ വാങ്ങിക്കാൻ വന്നതാ. ”
ഇളിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“മ്മ്…. ”
മറുപടിയായി ഇരുത്തിയൊന്ന് മൂളി.

“ഞാനൊരു സഹായം ചോദിച്ചാൽ ചെയ്യുവോ? ”

ആവശ്യത്തിലധികം താഴ്മയോടെ ഞാൻ ചോദിച്ചു.

“എന്ത് സഹായം.? ”

“എനിക്കൊരു കമ്മൽ സെലക്ട്‌ ചെയ്തുതരുവോ? ”

ആവശ്യം കേട്ടതും എന്നെ ദഹിപ്പിച്ചൊരു നോട്ടമായിരുന്നു മറുപടി.

“പ്ലീസ്…. ഒന്നൂല്ലേല്ലും നമ്മൾ ഫ്രണ്ട്സല്ലേ? പ്ലീസ്… ”

കണ്ണുരണ്ടും ചെറുതാക്കി പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു. ആ പ്രകടനത്തിൽ കടുവ വീണെന്ന് തോന്നണു.

കുറച്ചു നേരം എന്നെത്തന്നെ നോക്കിനിന്നിട്ട് ” മ്മ്… നടക്ക് ” ന്നും പറഞ്ഞ് എന്റെ മുന്നിൽ കയറി നടന്നു. തൊട്ടുപിറകെ ഞാനും.

ഞങ്ങളുടെ ആ പോക്ക് കണ്ടിട്ട് കടയിലുള്ള ജോലിക്കാരെല്ലാം ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ രാധു കുറെ കമ്മലുകളുടെ മുന്നിൽ കൺഫ്യൂഷനായി ഇരിക്കുന്നുണ്ടായിരുന്നു. അവിടെയെത്തിയതും മുന്നിൽ നടന്നിരുന്ന ആൾ പിറകിലായി.

“എടി എനിക്കിതൊന്നും….. ”

എന്നോടെന്തോ പറയാനൊരുങ്ങിയ രാധു എന്റെ പിറകിൽ നിൽക്കുന്ന ആളെകണ്ടു പറയാൻ വന്നത് അങ്ങനെ തന്നെ വിഴുങ്ങി.

എന്നിട്ട് കടുവയെ അന്തംവിട്ട് നോക്കിനിന്നു. ഞാനവളെ പിടിച്ചു അവിടിരുത്തി. കൂടെ ഞാനും ഇരുന്നു. എന്റെ അടുത്തായി കടുവയും.

ഡിസൈനർ കമ്മലൊന്നും സെലക്ട്‌ ചെയ്യാൻ പറ്റാതെ ഞങ്ങൾ ജിമ്മിക്കിയിലേക്ക് തിരിഞ്ഞു. ഇതൊക്കെ കണ്ട് കടുവയ്ക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.

ഞാനതൊന്നും ശ്രദ്ധിക്കാനേ പോയില്ലേ. ഇടയ്ക്കിടെ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ആ സെയിൽസ് മാൻ ഒരു മൂന്നു ബോക്സ്‌ നിറച്ച് ജിമ്മിക്കികൾ ഞങ്ങളുടെ മുന്നിൽ കൊണ്ടുവച്ചു.

രാധു കാര്യമായിട്ട് തിരയാൻ തുടങ്ങി. ഞാൻ പിന്നെ അവൾക്കിഷ്ടപ്പെട്ടത് എടുക്കട്ടേന്ന് കരുതി ഇരുന്നു. കടുവയെ ബോധിപ്പിക്കാൻ വേണ്ടി എന്റെ മുന്നിലുള്ള ബോക്സിൽ നോക്കിയിരുന്നു.

ജിമ്മിക്കി കമ്മലുകൾ നോക്കി നോക്കി അറിയാതെ എന്റെ വായിൽ ഒരു പാട്ട് വന്നുപോയി.

” എന്റമ്മേടെ ജിമ്മിക്കി കമ്മൽ

എന്റച്ഛൻ പണയം വെച്ചു

എന്റമ്മ പൊട്ടിക്കരഞ്ഞു

എന്റച്ഛൻ പൊട്ടിച്ചിരിച്ചു

എന്റമ്മ പിണങ്ങിപ്പോയി

എന്റച്ഛൻ പിന്നാലെപ്പോയി

എന്റമ്മേടെ വീട്ടുപടിക്കൽ

ഉന്തും തള്ളും ആഹാ…. ചവിട്ടും കുത്തും

ഉന്തും തള്ളും ഓഹോഹോ ചവിട്ടും കുത്തും

എന്റമ്മേടെ ജിമ്മിക്കി കമ്മൽ….. ”

(കടപ്പാട് : വീടിനടുത്തുള്ള കുട്ടിപ്പട്ടാളത്തിന് )

പെട്ടന്നാണ് തൊട്ടടുത്ത് ഇരിക്കുന്ന ആള് എന്നെത്തന്നെ നോക്കുന്നതുപോലെ തോന്നിയത്. തല ചെരിച്ച് നോക്കിയപ്പോൾ എന്റെ ഊഹം ശെരിയായിരുന്നു.

കണ്ണ് രണ്ടും ഇപ്പൊ പുറത്തുവരുമെന്ന തരത്തിൽ എന്നെത്തന്നെ നോക്കിയിരിക്കുകയാണ് കടുവ. എന്റെ ഗാനാലാപനം ശെരിക്കും കേട്ടെന്ന് തോന്നണു. ഞാനൊന്ന് ചിരിച്ചുകൊടുത്തു.

ഉടനെ എന്റെ കണ്ണിലേക്കു തന്നെ ഉറ്റുനോക്കികൊണ്ട് ആ മുഖം എന്നിലേക്ക് അടുപ്പിച്ചു. പൊതുസ്ഥലമാണ്. ഇയ്യാളെന്താ ചെയ്യാൻ പോണേ? എന്നിട്ട് ഭാവഭേദമില്ലാതെ സ്വരം താഴ്ത്തി എന്നോട് ചോദിച്ചു.

“വട്ടാണല്ലേ? ”

കിലുക്കത്തിലെ ലാലേട്ടൻ സ്റ്റൈലിൽ അത് ചോദിച്ചപ്പോൾ കുറച്ചു നേരത്തേക്ക് ഞാനും ആ മുഖത്തേക്ക്തന്നെ നോക്കിയിരുന്നു. എന്നിട്ട് അതേ രീതിയിൽ ഞാനും പറഞ്ഞു.

“എന്നോട് ഒത്തിരി പേര് അങ്ങനെ ചോദിക്ക്യാ. അതെന്താ? ങ്ഹേ…? ”

എന്റെ മറുപടി കേട്ട്
” ഇത് ഒരുനടക്ക് പോവില്ല ” ന്ന് കടുവ പിറുപിറുത്തു. എന്നിട്ട് രാധുവിനോടായി പറഞ്ഞു.

“രാധിക വാങ്ങാനുള്ളത് എന്താന്ന്വെച്ചാൽ വാങ്ങിച്ചിട്ട് എത്രയും പെട്ടന്ന് ഈ സാധനത്തിനേം കൊണ്ട് പോയെ ഇവിടുന്ന്. ”

അതും പറഞ്ഞു എന്നെ ഒന്നുകൂടി നോക്കിയിട്ട് കടുവ അവിടുന്ന് എഴുന്നേറ്റു പോയി. ഒന്നും മനസിലാവാതെ രാധു എന്നോട് ചോദിച്ചു.

“എന്താടി? എന്താ ണ്ടായേ? ”

“അതൊന്നുല്ല്യ. ഞങ്ങള് തമ്മിൽ സ്ഥിരം ണ്ടാവർള്ളത് തന്നെ. അതൊന്നും കാര്യാക്കണ്ട. നീ സെലക്ട്‌ ചെയ്തോ? ”

“ദാ ഇത് നോക്കിക്കേ. നന്നായിട്ടുണ്ട് എനിക്ക് ഇഷ്ട്ടപെട്ടു. ”

അവൾ ഒരു സെറ്റ് എടുത്തു കാണിച്ചുതന്നു. അത് പറയുമ്പോൾ അവളുടെ കണ്ണിൽ കണ്ട തിളക്കം ഞാൻ ശ്രദ്ധിച്ചു. ഞാൻ അതുവാങ്ങിച്ച് അവളുടെ കാതിലായി വെച്ചുനോക്കി.

“എന്തിനാ എനിക്ക് വെച്ചുനോക്കുന്നേ നിന്റെ മുഖത്തിന് ഭംഗിയുണ്ടോന്ന് നോക്ക്. ”

“നിനക്ക് വേണ്ടി വാങ്ങിക്കുന്ന കമ്മൽ എന്റെ മുഖത്തിന് ഭംഗിണ്ടായിട്ട് എന്താ കാര്യം.? ”

“പ്രിയ ഇത്….. ”

രാധുന്റെ ശബ്ദം നേർത്തിരുന്നു.

“ഇത് എന്റെ രാധുട്ടിക്ക് എന്റെ വക പിറന്നാൾ സമ്മാനം. ”

ഞാനത് പറഞ്ഞപ്പോൾ പെണ്ണ് പരിസരം പോലും നോക്കാതെ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അവിടെ ഉണ്ടായിരുന്നവരൊക്കെ ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പതുക്കെ അവളെ എന്നിൽനിന്നും അടർത്തിമാറ്റി.

“അതേയ് കെട്ടിപിടിക്കാനും കരയാനുമൊക്കെ ഉള്ള അവസരം ഞാൻ വേറെ തരാം. ഇപ്പൊ നിർത്ത്. ദേ എല്ലാരും നമ്മളെത്തന്നെ നോക്കാണ്. ”

വേഗം അവൾ കണ്ണുതുടച്ച് മാറിനിന്നു. സെയിൽസിലെ പയ്യനോട് പറഞ്ഞ് ആ കമ്മൽ വാങ്ങി ബില്ലടച്ച് അവിടെനിന്നും ഇറങ്ങി.

ഒരിക്കൽ രാധുന്റെ അമ്മ സങ്കടം പറയുന്നത് കേട്ടിരുന്നു – “ഒരു ടീച്ചറാണെന്ന് പറഞ്ഞിട്ടെന്താ കാര്യം കിട്ടുന്നത് മുഴുവനും വീടിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ തന്നെ തികയണില്ല.

വയസ്സറിയിച്ചപ്പോൾ രാമേട്ടൻ വാങ്ങികൊടുത്ത ഒരു കുറച്ചു കുഞ്ഞു മാലയാണ് അതിന്റെ ദേഹത്ത് ആകെക്കൂടിയുള്ള പൊന്ന്.

അതിനുശേഷം ഒരുതരി പൊന്ന് വാങ്ങിച്ചിടാൻ അതിനെക്കൊണ്ട് പറ്റീട്ടില്ല്യ. ന്റെ കുട്ടീടെയൊരു യോഗം. ”

അന്ന് തുടങ്ങിയതാണ് അവൾക്കൊരു സ്വർണക്കമ്മൽ വാങ്ങിക്കൊടുക്കണമെന്ന്. ഇപ്പൊ കാതിലുള്ളത് രാഗിയുടെ കുഞ്ഞു റിംഗാണ്.

അല്ലെങ്കിൽ തന്നെ എനിക്കീ കിട്ടുന്നതൊക്കെ ആർക്കുവേണ്ടിയ ഞാൻ കൂട്ടിവെക്കുന്നത്.

ഏതോ മഹാൻ പറഞ്ഞുകേട്ടിട്ടുണ്ട് എടുത്തുവെച്ചിരിക്കുന്ന കാശിനൊക്കെ വെറും കടലാസുകഷ്ണത്തിന്റെ വിലപോലും ഉണ്ടാവില്ല ന്ന്. എത്ര വലിയ സത്യാണ്?

എന്റെ കൈയിലുണ്ടായിരുന്ന കടലാസു തുണ്ടുകൾക്ക് ഇപ്പൊ അവയുടെ മൂല്യത്തേക്കാൾ വിലയുണ്ട്. രാധുവിന്റെ സന്തോഷത്തിന്റെ.

അവിടുന്ന് ഞങ്ങൾ നേരെപോയത് തുണിക്കടയിലേക്കായിരുന്നു.

പിറന്നാളുകാരിക്കും കുടുംബത്തിനും ഡ്രസ്സ്‌ എടുത്തു. ശേഷം ഞാൻ അച്ഛനും അമ്മയ്ക്കും കടുവയ്ക്കും ഓരോന്ന് എടുത്തു.

എല്ലാവർക്കുമുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ കടുവയ്ക്ക്. !!!ഏതെടുത്തിട്ടും മനസ്സിനൊരു തൃപ്തി വന്നില്ല.

അവസാനം രണ്ടുംകൽപ്പിച്ച് ഒരു ബ്ലൂ കളർ ഷർട്ടും അതിനുചേരുന്ന കരയുള്ള മുണ്ടും വാങ്ങിച്ചു. അതും തൃപ്തിയായിട്ടൊന്നുമില്ല.

എന്നാലും സമയപരിമിതിയും രാധുവിന്റെ ക്ഷമാശീലവും കാരണം അതങ്ങ് ഉറപ്പിക്കുകയായിരുന്നു. വലിയ കഥയിൽ ഡ്രെസ്സൊക്കെ വാങ്ങിച്ചു.

ഇനി ഇതെങ്ങാനും ആ കടുവ വേണ്ടന്ന് പറയുവോ? എടുത്ത് വലിച്ചെറിയാഞ്ഞാൽ മതിയായിരുന്നു.

നാളത്തേക്ക് വേണ്ട വേറെയും കുറച്ചു സാധനങ്ങൾ കൂടി വാങ്ങിച്ച് ഒരു ഓട്ടോയും വിളിച്ച് ഞങ്ങൾ വീട്ടിലേക്ക് പോന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12