Tuesday, April 23, 2024
Novel

Mr. കടുവ : ഭാഗം 32

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

കടുവയുടെ മൂക്കിന്റെ പാമ്പൻ പാലം തകർന്നോ ആവോ? ഇടി കിട്ടിയപ്പോൾ തന്നെ എന്റെ കൈയിലെ പിടി അയഞ്ഞിരുന്നു. കടുവ ഇപ്പോഴും മൂക്കും തടവിക്കൊണ്ട് നിൽപ്പാണ്. പേടിച്ചു പേടിച്ചു ഞാൻ അടുത്തേക്ക് ചെന്നു.

“ച… ചന്ദ്രു…വേട്ടാ… വേ…..ദനിച്ചോ ”

ചന്ദ്രുവേട്ടന്റെ കൈയിൽ പിടിച്ച് വിക്കി വിക്കിയാണ് ചോദിച്ചത്. ഒന്ന് തൊട്ടതും ആള് എന്റെ കൈ ശക്തിയിൽ തട്ടി മാറ്റി. എന്നിട്ട് കത്തുന്ന ഒരു നോട്ടവും. ‘ഇനിയെന്ത് ‘ എന്നറിയാതെ ഞാൻ ചന്ദ്രുവേട്ടനെ പേടിയും ദയനീയവുമായി നോക്കിനിന്നു. കണ്ണെല്ലാം കലങ്ങിയിരിക്കുന്നു. ചോര വരുന്നതൊന്നും കാണാനില്ല.

“ചന്ദ്രുവേട്ടാ… ഞാൻ…. പെട്ടന്ന്…. സോ….. ”

സോറിയിലെ ‘റി ‘പറയും മുന്നേ ദേഷ്യത്തിൽ എന്നോട് ചേർന്നു നിന്നു. പേടിച്ച് ഞാൻ കുറച്ചു പിറകിലേക്ക് ചൂളിനിന്നു. തല്ലാനാണോ കൊല്ലാനാണോ ആവോ?

ദേഷ്യത്തോടെ എന്നെ അടിമുടി നോക്കിയിട്ട് ഒന്നും മിണ്ടാതെ ചന്ദ്രുവേട്ടൻ പുറത്തു പോയി. ആ പോക്ക് കണ്ടപ്പോൾ എനിക്കെന്തോ വല്ലാതെ വിഷമമായി. എനിക്കിട്ട് ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ പോലും എനിക്ക് ഇത്രയും വിഷമം ആവില്ലായിരുന്നു.

എന്തെങ്കിലും പറ്റിയോ ന്ന് നോക്കാൻ പോലും സമ്മതിച്ചില്ല. കുറച്ചു ഞാനാ നിൽപ്പ് തുടർന്നു. ഏത് നേരത്താണോ അങ്ങനെ ചെയ്യാൻ തോന്നിയത്. കഷ്ടം. ഒരു ഉമ്മയല്ലേ. തന്നിട്ട് പൊയ്‌ക്കോട്ടായിരുന്നു.

അതും എന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ? വേറെയാരും അല്ലല്ലോ? ഛെ… ഇനി ഇതിന്റെ പേരിൽ എന്തൊക്കെ കാണണം കേൾക്കണം ആവോ? നല്ല ചൂടിലാണല്ലോ പോയത്. കടുവ പിണങ്ങിയിട്ടുണ്ടാവോ? ഒരു വിധത്തിൽ മെരുക്കിയെടുത്തതായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല.

സംഭവിക്കേണ്ടത് സംഭവിച്ചു. കഴിഞ്ഞതിനെകുറിച്ച് ആലോചിക്കാതെ കടുവയുടെ പിണക്കം മാറ്റാൻ എന്തു ചെയ്യാമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

അമ്മ ഇല മുറിച്ചു വന്നതും ചോറ് വിളമ്പി. എല്ലാവരും ഒരുമിച്ച് ഇരുന്നു. എന്റെ നേരെ ഒപോസിറ്റ് ആയിട്ടാണ് കടുവ ഇരിക്കുന്നത്. അബദ്ധത്തിൽ പോലും എന്നെയൊന്ന് നോക്കുന്നില്ല. അച്ഛന് എന്തോ മണമടിച്ചുന്ന് തോന്നണു.

ഞങ്ങളെ പരസ്പരം മാറി മാറി നോക്കുന്നുണ്ട്. ഈ ദിവസത്തിനിടയിൽ ആദ്യമായിട്ടാണ് ചന്ദ്രുവേട്ടൻ എന്റെ സാമീപ്യത്തിൽ ഇങ്ങനെ അടങ്ങി ഒതുങ്ങി ഇരുന്ന് ഭക്ഷണം കഴിക്കുന്നത്.

സൂക്ഷിച്ചു നോക്കിയപ്പോൾ മൂക്ക് അല്പം ചുവന്നു കിടപ്പുണ്ട്, കുറച്ചു വീർത്തിട്ടും ഉണ്ടോന്നൊരു സംശയം.

ഭക്ഷണം കഴിക്കാൻ തോന്നിയില്ല ഞാൻ ചന്ദ്രുവേട്ടനെ തന്നെ നോക്കിയിരുന്നു. അവിടെ ഫുൾ കോൺസണ്ട്രേഷൻ ഇലയിലാണ്.

ഒന്ന് നോക്കട്ടെന്ന് കരുതി ഡൈനിങ്ങ് ടേബിളിന് അടിയിലൂടെ ചന്ദ്രുവേട്ടന്റെ കാലിൽ ഞാൻ തോണ്ടിനോക്കി. ആദ്യത്തെ തവണ സംശയത്തോടെ എന്നെയൊന്ന് നോക്കി.

അപ്പോൾ ഞാൻ ദയനീയമായി ചുണ്ടനക്കി സോറിയെന്ന് പറഞ്ഞു. പെട്ടന്ന് മുഖം തിരിച്ച് വീണ്ടും ഇലയിലേക്ക് പൂഴ്ത്തിവെച്ചു. ഒപ്പം കാല് പിറകിലേക്ക് വലിച്ചു. അങ്ങനെ വിടാൻ പറ്റുവോ.

സോറി പറഞ്ഞില്ലേ. എന്നിട്ടും. വിട്ടുകൊടുക്കാൻ ഞാനും തയ്യാറായിരുന്നില്ല. ഞാൻ കസേരയിൽ കുറച്ചു മുന്നിലേക്ക് നീങ്ങി ഇരുന്നു. എത്തിവലിഞ്ഞ് ചന്ദ്രുവേട്ടന്റെ കാലിൽ വീണ്ടും തോണ്ടി.

അപ്പോഴെല്ലാം അങ്ങേര് കാല് പിറകിലേക്ക് നീക്കികൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാല് കാണാനില്ല. എത്ര തപ്പിയിട്ടും കിട്ടിയില്ല. പെട്ടന്ന് ആ പരട്ടകടുവ എന്റെ കാലിനിട്ട് ചവിട്ടി. ദുഷ്ടൻ.

“ആഹ്… ”

“എന്താ മോളെ? ”
അമ്മയാണ്.

“ഏഹ്… അ.. ത്… ഞാൻ…. മുളക്. മുളക് കടിച്ചു. അതാ. ”

“നോക്കി കഴിക്കണ്ടെ. ”

“മ്മ്മ്… ”

തലയാട്ടികൊണ്ട് ഞാനും ഇലയിൽ നോക്കിയിരുന്നു കഴിച്ചു. കഴിച്ചുന്ന് വരുത്തി. അങ്ങനെ പറയുന്നതാവും ശരി. കഴിച്ചു കഴിഞ്ഞതും ചന്ദ്രുവേട്ടൻ വേഗം മുകളിലേക്ക് കയറി പോയി. അല്ലെങ്കിൽ സാധാരണ ഞാനവിടെ ഉണ്ടെങ്കിൽ തിരിച്ചു ഔട്ട്‌ ഹൗസിലേക്ക് പോരുന്നത് വരെ മുട്ടയിടാൻ നടക്കുന്ന കോഴികളെ പോലെ അവിടെയിവിടെ ഒക്കെയായി ചുറ്റിപ്പറ്റി നടക്കുന്ന ആളാണ്.

പിന്നീട് അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഔട്ട്‌ ഹൗസിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു വിവാഹത്തിന് ഏപ്രിൽ 25നാണ് തിയ്യതി കുറിച്ചു കിട്ടിയിരിക്കുന്നത് എന്ന്.

എല്ലാവരുടെയും അവധിയും സൗകര്യവും നോക്കിയാണ് തിയ്യതി തിരഞ്ഞെടുത്തത്. സന്തോഷമുള്ള വർത്തയായിരുന്നിട്ടും എനിക്ക് അപ്പോൾ അതിന് സാധിച്ചില്ല.

പിന്നെയുള്ള ദിവസങ്ങളിലും ചന്ദ്രുവേട്ടന്റെ മനോഭാവം ഇത് തന്നെയായിരുന്നു. എന്നെ കാണുമ്പോൾ മാത്രം മുഖത്തെ സന്തോഷവും ചിരിയും മായും. ചോദ്യവുമില്ല പറച്ചിലുമില്ല. എന്തിന് എന്റെ മുഖത്തേക്കൊന്ന് നേരെ ചൊവ്വേ നോക്കുന്നത് കൂടിയില്ല.

എന്നാലും വിവാഹത്തിന്റെ എല്ലാ ചർച്ചകളിലും ആള് ഉഷാറാണ്. തന്റേതായ എല്ലാ അഭിപ്രായങ്ങളും നിർദേശങ്ങളും കൊടുക്കുന്നുമുണ്ട്.

അടുത്ത ആഴ്ച വിദേശത്തുള്ള ബന്ധുക്കളെല്ലാം എത്തും. അതുകഴിഞ്ഞു കൃത്യം രണ്ടാഴ്ച കൂടി കഴിഞ്ഞാൽ എന്റെയും എന്റെ കടുവയുടെയും വിവാഹമാണ്. ഡ്രെസ്സും ആഭരണങ്ങളും അവര് വന്നിട്ടേ എടുക്കുന്നുള്ളു.

വിവാഹം മംഗലത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരുവിധം ക്ഷണമെല്ലാം കഴിഞ്ഞു. അച്ഛന്റെ കുറച്ചു ബിസിനസ് ഫ്രണ്ട്സിനെ മാത്രമേ ഇനി ക്ഷണിക്കാൻ ബാക്കിയുള്ളൂ.

ഒരുക്കങ്ങൾ കണ്ടിട്ട് നടക്കാൻ പോകുന്നത് കല്യാണമാണോ അതോ ഉത്സവമാണോന്ന് ഞാൻ സംശയിച്ചു. ഒരുപക്ഷെ എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ തന്നെയായിരിക്കും ചെയ്യുക. ഞാനോർത്തു.

ഇന്നത്തെ ദിവസം രാവിലെ മുതലേ അമ്മ വളരെയധികം സന്തോഷവതിയായിരുന്നു. കാരണം വേറൊന്നുമല്ല.

നാളെയാണ് അമ്മാവന്മാരും അമ്മായിമാരും ചെറിയച്ഛനും ചെറിയമ്മയും അവരുടെ മക്കളുമെല്ലാം എത്തുന്നത്. കുട്ടികൾക്ക് ഇഷ്ടമുള്ളത് എല്ലാം ഉണ്ടാക്കി വെക്കുന്നുണ്ട്. കൂടെ സഹായത്തിന് ഞാനും സീത ചേച്ചിയും.

ഇത്രയും ദിവസം ഞങ്ങൾ മാത്രമുണ്ടായിരുന്ന ലോകത്ത് അംഗങ്ങൾ കൂടാൻ പോകുന്ന സന്തോഷം എനിക്കും ഉണ്ടെങ്കിലും ചന്ദ്രുവേട്ടന്റെ മൗനം എന്നെ അതിൽ നിന്നെല്ലാം പുറകോട്ടു വലിക്കുന്നു. ഒന്നിലും ഒരു ഉത്സാഹവും കാണിക്കാൻ പറ്റുന്നില്ല.

ഞങ്ങളുടെ പെരുമാറ്റത്തിൽ സംശയം തോന്നി അച്ഛൻ ഒരിക്കൽ ഇതേപ്പറ്റി ചോദിച്ചിരുന്നു. അന്ന് രണ്ടുപേരും ഒരേപോലെ ‘ഒന്നും ഇല്ല ‘ന്ന് മറുപടി പറഞ്ഞു.

നാളെ എല്ലാവരും വന്നാൽ അവരും ചിലപ്പോൾ ഈ ചോദ്യം ആവർത്തിക്കില്ലേ? അവരുടെ മുന്നിലും ചന്ദ്രുവേട്ടൻ എന്നോട് ഇങ്ങനെ തന്നെ പെരുമാറുമോ? ഓരോന്ന് ചിന്തിച്ച് ഉറങ്ങാൻ കിടന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. പെട്ടന്നാണ് റൂമിൽ ഒരു ആളനക്കം പോലെ. ആദ്യം മനസിലേക്ക് ഓടിവന്നത് സൂരജേട്ടന്റെ മുഖമാണ്. ഞാൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.

ജനലിനടുത്ത് നിന്നാണ് ശബ്ദം കേൾക്കുന്നത്. അച്ഛൻ അന്ന് കടുവയുടെ രഹസ്യവാതിൽ ആശാരിയെക്കൊണ്ട് അടച്ചതുകൊണ്ട് ഞാൻ വീണ്ടും ആ റൂം തന്നെ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു.

“ആരാ…? ”

പേടിയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു. പക്ഷെ മറുപടി ഇല്ലായിരുന്നു. ഞാൻ പതുക്കെ ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഓടാൻ നോക്കിയപ്പോൾ ആരോ എന്നെ വയറിലൂടെ ചുറ്റിപ്പിടിച്ച് ബെഡിലേക്കിട്ടു.

നിലവിളിക്കാൻ തുടങ്ങിയതും റൂമിൽ വെട്ടം വീണു. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരേസമയം സന്തോഷവും സങ്കടവും തോന്നി. കൂടെ അതിശയവും.

ചിരിയോടെ എന്റെ നേർക്ക് രണ്ടു കൈയും നീട്ടി പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ ഓടിച്ചെന്നു കെട്ടിപിടിച്ചു. ഒട്ടും വൈകാതെ ആ കൈകളും എന്നെ വരിഞ്ഞു മുറുക്കി.

“സോറി ചന്ദ്രുവേട്ടാ… ഞാൻ… പെട്ടന്ന്… അത്രയ്ക്ക് കാര്യവുംന്ന് വിചാരിച്ചില്ല. ”

“വേണ്ട. സോറി പറയേണ്ടത് ഞാനല്ലേ. തെറ്റ് എന്റെ ഭാഗത്താണ്. ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. സോ… ”

ചന്ദ്രുവേട്ടനെ ബാക്കി പറയാൻ അനുവദിക്കാതെ വായ പൊത്തിപിടിച്ചു. അത്രയും ദിവസത്തെ പിണക്കവും പരിഭവവുമെല്ലാം ഞങ്ങൾ പറഞ്ഞു തീർത്തു.

“അല്ല, ചന്ദ്രുവേട്ടൻ എങ്ങനെയാ അകത്ത് കടന്നത്? ”

പെട്ടന്നാണ് ഞാൻ അക്കാര്യം ഓർത്തത്. ചന്ദ്രുവേട്ടനിൽ നിന്നും അടർന്നു മാറികൊണ്ട് ഞാൻ ചോദിച്ചു. അപ്പോൾ കള്ളച്ചിരിയോടെ ചന്ദ്രുവേട്ടൻ വന്ന വഴി കാണിച്ചു തന്നു.

ആ വഴി കണ്ട ഞാൻ അന്തം വിട്ട് വായുംപൊളിച്ചു നിന്നു. അച്ഛൻ അന്ന് അടപ്പിച്ച കടുവയുടെ രഹസ്യവാതിൽ!!!

“ഇത് അച്ഛൻ അടപ്പിച്ചതാണല്ലോ? ”

“അച്ഛൻ അടച്ചു. ഞാൻ തുറന്നു. അത്രേയുള്ളൂ. ”

“എപ്പോ? എങ്ങനെ? ”

“സ്കൂളിൽന്ന് ടൂർന് പോയില്ലേ. അന്ന്. ഞാൻ പറഞ്ഞിരുന്നില്ലേ ആ ദിവസങ്ങളിൽ ഞാൻ ഇവിടെയാ കിടന്നതെന്ന്. ”

“കള്ളക്കടുവേ സത്യം പറഞ്ഞോ ഞാനുള്ളപ്പോ എത്ര വട്ടം വന്നിട്ടുണ്ട്? ”

ചന്ദ്രുവേട്ടന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“അയ്യോ സത്യമായിട്ടും ഇല്ല. ഇത് ഫസ്റ്റ് ടൈമാണ്. എന്റെ പ്രിയതമയാണെ സത്യം. ”

“പിന്നെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്? ”

“നാളെ ആ കുരിപ്പുകൾ എഴുന്നളല്ലേ? പിന്നെ നിന്നെയൊന്നു മനസമാധാനമായിട്ട് കാണണമെങ്കിൽ ഞാൻ തപസ് ചെയ്യേണ്ടിവരും. അതാ ഞാൻ ഇപ്പൊ…. ”
നിഷ്‍കളങ്കമായ മറുപടി. അയ്യോ പാവം.

“ഇത്തവണ ക്ഷമിച്ചു. ഇനി ആവർത്തിക്കരുത്. എന്നെ കണ്ടില്ലേ. ഇനി മോൻ പോയെ. ”

അപ്പോഴേക്കും കടുവ ബെഡിൽ കയറി ഇരുന്നു.

“പോവാനോ? ഏതായാലും വന്നതല്ലേ ഇനി രാവിലെ പോവാം. ഇന്ന് ഇവിടെ കൂടാം. നീയ്യിങ്ങ് വന്നേ. ”

പറയുന്നതോടൊപ്പം എന്റെ കൈയിൽ പിടിച്ചു വലിച്ച് ബെഡിലേക്ക് കിടത്തി. എന്നിട്ട് ചന്ദ്രുവേട്ടനും കൂടെ കിടന്നതും ഞാൻ വേഗം ചാടിയെണീറ്റു.

“ഇതൊന്നും ശെരിയാവില്ല. പൊന്നുമോൻ വേഗം സ്ഥലം വിട്ടെ. മ്മ്മ്… ”

“ഞാൻ പോവില്ല. നീ ഇവിടെ കിടന്നേ. വാ. ”

“ദേ ചന്ദ്രുവേട്ടാ മര്യാദക്ക് എണീറ്റ് പൊയ്ക്കോ ”
ഞാൻ ദേഷ്യപ്പെട്ടു.

“അങ്ങനെയിപ്പോ ഞാൻ പോണില്ല. ഇതേയ് എന്റെ അച്ഛൻ ഉണ്ടാക്കിയ വീടാ. എന്നുവെച്ചാൽ എന്റെ വീട്. എന്റെ വീട്ടിൽ എനിക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളപ്പോ ഞാൻ കിടക്കും. ”

“ആണോ… എന്നാ ഞാനതൊന്ന് അച്ഛനോട് ചോദിച്ചിട്ട് വരാവേ. ”

ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ഉടനെ ചന്ദ്രുവേട്ടൻ എനിക്ക് മുന്നിൽ തടസ്സമായി നിന്നു.

“എന്തിനാ വെറുതെ അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കുന്നേ? അവര് ഇപ്പൊ നല്ല ഉറക്കമായിരിക്കും. ”

“എന്നാൽ ഇവിടെ അധികം നിന്ന് തിരിയാതെ സ്ഥലം
കാലിയാക്ക്. ”

” ഇത്രയും വലിയ ബെഡല്ലേ. ഞാൻ ദേ ഈ അറ്റത്ത് കിടക്കും നീ ആ അറ്റത്തും കിടന്നോ. നീ പേടിക്കണ്ടടി
എനിക്ക് നല്ല കണ്ട്രോളാ. ”

“ഉവ്വ. കണ്ട്രോൾ. ഞാൻ കാണുന്നതല്ലേ നിങ്ങടെ കണ്ട്രോൾ. അന്ന് മൂക്കിന് ഇടി കിട്ടിയത് കൊണ്ടല്ലേ ഇത്രയും ദിവസം അടങ്ങിയൊതുങ്ങി ഇരുന്നത്. എനിക്ക് അറിഞ്ഞൂടെ ചന്ദ്രുവേട്ടനെ. പേരും നാളും ശിവന്റെ സ്വഭാവമാണെങ്കിലോ തനി ആ കള്ളകൃഷ്ണന്റെ. ”

“നീ തീരെ റൊമാന്റിക് അല്ല. ദുഷ്ടേ. നിന്നോട് ദൈവം ചോദിക്കും ടി. ”

“ആയിക്കോട്ടെ. ചോദിക്കുമ്പോഴല്ലേ മറുപടി ഞാൻ അപ്പോൾ പറഞ്ഞോളാം. ഇപ്പൊ സാർ പോയാട്ടെ. ”

ഞാൻ തറപ്പിച്ചു പറഞ്ഞു. ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറല്ലന്ന് ചന്ദ്രുവേട്ടനും മനസിലായി.എന്നാലും കുറച്ചു നേരം ഒന്നും പറയാതെ പ്രതീക്ഷയ്ക്ക് വകയുണ്ടോന്നറിയാൻ കടുവ എന്നെതന്നെ നോക്കി നിന്നു.

കുട്ടികൾ അമ്മമാരോട് കളിക്കാൻ പോവാനുള്ള സമ്മതം വാങ്ങാൻ ചിണുങ്ങി നിൽക്കില്ലേ. അതുപോലെ. ആ നിൽപ്പ് കണ്ട് ചിരി വന്നെങ്കിലും പുറത്ത് കാണിക്കാതെ ഗൗരവം നടിച്ച് ഞാൻ നിന്നു.

എന്റെ ചുണ്ടിൽ ചിരിയുടെ ഒരു നേരിയ ലക്ഷണം കണ്ടാൽ മതി. കടുവ പിന്നെ അതൊരു പിടിവള്ളിയായി എടുക്കും.

“അപ്പൊ ഞാൻ പോവണം ലെ? മാറ്റമില്ല? ”
നിരാശയോടെ ആള് ചോദിച്ചു.

“ഇല്ല. ഒരു മാറ്റവുമില്ല. ”

“എന്നാ ശരി. ഞാൻ പോവാണ്. ”

“ആ ശരി. ”

“ഞാൻ പോവും… ”

“ഒന്ന് വേഗം പോയെ. എന്നിട്ട് വേണം എനിക്ക് ഉറങ്ങാൻ. ”

അത് കേട്ട് ചന്ദ്രുവേട്ടൻ എന്നെ തറപ്പിച്ച് നോക്കിയിട്ട്
“ഉറങ്ങടി ഉറങ്ങ് ഇതിനുള്ളത് ഞാൻ തരുന്നുണ്ട് ” ന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നിട്ട് തിരിഞ്ഞു പോകാൻ നിന്നതും ഞാൻ പിറകിൽന്ന് വിളിച്ചു. വിളി കേൾക്കേണ്ട താമസം ചിരിച്ചോണ്ട് അടുത്തേക്ക് വന്നു.

“എന്താ പ്രിയെ. ഞാൻ പോവണ്ട ലെ.? ”

“അതിനല്ല. ഇവിടെ ഇരുന്നേ. ന്നിട്ട് കണ്ണടക്ക്. ”

“എന്തിന്? ”

“അപ്പം തന്നാൽ മതി. കുഴി ഞാൻ എണ്ണിക്കൊള്ളാം. പറഞ്ഞത് ചെയ്യ്. കണ്ണടക്ക്. ”

“നീ കുത്തുന്ന കുഴിയല്ലേ എണ്ണുന്നത് നല്ലതാ. അല്ലെങ്കിൽ ചിലപ്പോൾ ആദ്യത്തെ കുഴി നീ എനിക്കിട്ട് തന്നെ കുത്തും. ”

“ഇപ്പൊ എന്തായാലും കുഴി കുത്താനല്ല. ”

ചന്ദ്രുവേട്ടൻ അനുസരണയോടെ ബെഡിൽ കണ്ണടച്ചിരുന്നു. ‘എന്താണ് ഉദ്ദേശം ‘ എന്നറിയാനുള്ള ആകാംക്ഷയാണെന്ന് തോന്നുന്നു ചന്ദ്രുവേട്ടന്റെ ചുണ്ടിൽ ഭംഗിയുള്ളൊരു ചിരി വിരിഞ്ഞു.

കഷ്ടപ്പെട്ട് ഇത്രയും വന്നതല്ലേ? മാത്രവുമല്ല അന്ന് മൂക്ക് ചുമരിൽ ഇടിച്ച് നന്നായി വേദനിച്ചതുമാണ്. അതുകൊണ്ട് വെറുംകൈയോടെ പോകണ്ടാന്നു ഞാനും വിചാരിച്ചു. പതിയെ കുനിഞ്ഞു നിന്ന് ആ ചുണ്ടിലെ മനോഹരമായ ആ പുഞ്ചിരി എന്റേതാക്കി.

പെട്ടന്ന് ചന്ദ്രുവേട്ടൻ കണ്ണ് തുറന്നു. ഞാൻ കുറച്ചു നീങ്ങി തല കുനിച്ചുനിന്നു. ആ മുഖത്തു നോക്കാനൊരു ചമ്മൽ.

“നീയിപ്പോ എന്താ ചെയ്തേ? ”

എന്റെ അടുത്ത് വന്ന് പതിയെ ചോദിച്ചു. മറുപടി പറയാതെ ഞാൻ തിരിഞ്ഞു നിന്നപ്പോൾ വീണ്ടും എന്റെ മുന്നിലായി വന്നുനിന്ന് ചോദ്യം ആവർത്തിച്ചു.

“അത്… അന്ന് ചന്ദ്രുവേട്ടൻ വേണംന്ന് പറഞ്ഞത്…. ”

“ഞാൻ അന്ന് ഇതല്ല ഉദേശിച്ചത്‌. ഫ്രഞ്ച്‌ ആണെങ്കിലോ?. ”

“അതാണെന്ന് കരുതിയാൽ മതി. ”

“ഹ…ഹ…. ഹ ”
ഉടനെ ചന്ദ്രുവേട്ടൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ തലയുയർത്തി നോക്കിയപ്പോൾ ആള് ബെഡിൽ ഇരുന്ന് ചിരിച്ചുമറിയുന്നു.

“എന്തിനാ ഇങ്ങനെ അട്ടഹസിക്കുന്നെ? ”
എനിക്ക് ദേഷ്യം വന്നു.

“ചിരിക്കാതെ പിന്നെ.? ഇതാണോടി നിന്റെ ഫ്രഞ്ചും സ്പെയിനും. കേവലം ഒരു കിസ്സ്ന്ന് പോലും പറയാൻ പറ്റില്ല ഇതിനെ. എന്തോ ഒരു കാറ്റടിച്ചു. അത്ര തന്നെ. ”

ദേഷ്യത്തിൽ ചുണ്ട് കൂർപ്പിച്ച് ചന്ദ്രുവേട്ടനെ നോക്കി. ഹും.. അങ്ങേർക്ക് പരിഹാസം. ഈ കാറ്റടിപ്പിക്കാൻ തന്നെ ഞാൻ എന്തുമാത്രം ടെൻഷനായെന്ന് അങ്ങേർക്കറിയില്ലല്ലോ? പാവല്ലേന്ന് കരുതി ഒന്ന് കൊടുത്തപ്പോൾ കളിയാക്കാണ് ദുഷ്ടൻ കടുവ.

“ചിരിച്ചു കഴിഞ്ഞെങ്കിൽ പോയെ ഇവിടുന്ന്. ”
അല്ല പിന്നെ.

“അപ്പോഴേക്കും പിണങ്ങിയോ? പോട്ടെ വിട്. എന്റെ പ്രിയക്കുട്ടിക്ക് അതൊക്കെ കല്യാണം കഴിഞ്ഞിട്ട് ഈ ഏട്ടൻ പഠിപ്പിച്ചു തരാട്ടാ. ഇപ്പൊ തല്ക്കാലം ഉറങ്ങിക്കോ. ഞാൻ പോണു. ”

രണ്ടു തോളിലൂടെയും കൈയിട്ട് പരസ്പരം നെറ്റിയിൽ മുട്ടിച്ചു നിന്ന് ചന്ദ്രുവേട്ടൻ പറഞ്ഞു. ശേഷം മുട്ടുകുത്തിയിരുന്ന് കിളിവാതിലിലൂടെ പുറത്തു കടക്കാൻ നോക്കി.

ആ പോക്ക് കണ്ടപ്പോൾ ഒറിജിനൽ കടുവയെയാണ് ഓർമ വന്നത്. അറിയാതെ ചിരിച്ചു പോയി.

“എന്താടി നിന്ന് കിണിക്കുന്നേ? ”

“ഇത്ര കഷ്ടപ്പെടണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഇത് മുൻകൂട്ടി കണ്ടിട്ടാണോ ഇങ്ങനെ ഒന്ന് ഇവിടെ ഉണ്ടാക്കിയത്? ”

“ഇതൊരു രക്ഷാമാർഗമാണ് മോളെ. പെണ്ണുകാണൽ ചടങ്ങിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം. ”

“എന്ന് വെച്ചാൽ? ”

എന്റെ ചോദ്യം കേട്ട് നാലുകാലിൽ നിന്നിരുന്ന ആള് ആ നിലത്ത് ചമ്രം പടിഞ്ഞിരുന്നു.

“അത് എന്താന്നറിയുവോ? ഈ അമ്മാവന്മാര് വരുമ്പോൾ ഇവിടെ ഒരു ചടങ്ങ് നടക്കാറുണ്ട്. എന്നോട് പറയാതെ എല്ലാവരും കൂടി പ്ലാൻ ചെയ്‌ത് എന്നെകൊണ്ട് പെണ്ണുകാണിക്കാൻ കൊണ്ടുപോകും.

അവസാനനിമിഷം അറിയുന്നത് കൊണ്ട് ഞാൻ ശെരിക്കും പെടും. അങ്ങനെ ഒന്നുരണ്ടു തവണ കൂടെ പോകേണ്ടിവന്നു.

പിറ്റത്തെതവണ അവര് വരുമ്പോഴേക്കും ഞാൻ ഈ റൂമിൽ ഇങ്ങനൊരു സംഭവം ഉണ്ടാക്കി.

അവരെല്ലാവരും വരുമ്പോൾ ഞങ്ങൾ മക്കൾ ഇവിടെയും മുതിർന്നവർ അവിടെയുമാണ് തങ്ങുന്നത്.

എല്ലാരും തിരിച്ചു പോകുന്നതിന്റെ തലേ ദിവസം അമ്മാവൻ വന്നിട്ട് പറയും “ചന്ദ്രു നമുക്ക് എല്ലാവർക്കും ഒരിടത്തു പോണം “ന്ന് അപ്പോ ഞാൻ പറയും “ഇപ്പൊ വരാം അമ്മാവാ ഞാനൊന്ന് റെഡിയാവട്ടെ “ന്ന്. എന്നിട്ട് ഈ റൂമിൽ കയറി ദാ ഇതിലൂടെ പുറത്ത് കടക്കും.

പിന്നെ മഷിയിട്ട് നോക്കിയാലും എന്നെ കാണില്ല. അവര് പോയിക്കഴിഞ്ഞിട്ടേ തിരിച്ചു വീട്ടിൽ വരൂ. എങ്ങനുണ്ട് എന്റെ ഐഡിയ? ”

“കൊള്ളാം കൊള്ളാം. നല്ല ഐഡിയ. ഇത്രയും ബുദ്ധി ഇതിനകത്ത് ഉണ്ടെന്ന് കണ്ടാൽ പറയില്ല ട്ടൊ. ”
ചന്ദ്രുവേട്ടന്റെ തലയിൽ തലോടികൊണ്ട് ഞാൻ പറഞ്ഞു.

“താങ്കു താങ്കു. ”

“മതി ചരിത്രവും പുരാണവും പറഞ്ഞത്. പോവാൻ നോക്ക്. ”

“കഥ കേൾക്കാൻ എന്തായിരുന്നു ഉത്സാഹം. വായും പൊളിച്ചിരുന്ന് എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നമ്മൾ പുറത്ത്. ”

ചന്ദ്രുവേട്ടൻ ആ വാതിലിലൂടെ പോകുന്നത് നോക്കി ഞാൻ നിന്നു.

“കള്ളക്കടുവ. ”
പോകുന്നത് കണ്ടു ചിരിയോടെ ഞാൻ വിളിച്ചു.

“നീ പോടി ഉണ്ടക്കണ്ണി. ”

ഔട്ട്‌ ഹൗസിൽ നിന്നിറങ്ങിയ ചന്ദ്രു പതുങ്ങി പതുങ്ങി വീട്ടിലെത്തി. പതിയെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തു കയറി.

ആരും അറിഞ്ഞിട്ടില്ലെന്ന ആശ്വാസത്തിൽ നെഞ്ചിൽ കൈവെച്ച് ഒന്ന് ദീർഘശ്വാസമെടുത്തു.

എന്നിട്ട് റൂമിലേക്കു പോകാനായി സ്റ്റെയർകേസിലെ ആദ്യപടിയിൽ കാല് വെച്ചതും ഹാളിൽ വെളിച്ചം വീണു. ‘പെട്ടു ‘ വെന്ന അർത്ഥത്തിൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു.

“അത്… അച്ഛാ…. ഞാൻ…. ”

“അച്ഛനല്ല. അമ്മയാ. ”

ചന്ദ്രു തിരിഞ്ഞു നോക്കിയപ്പോൾ മാറിൽ കൈരണ്ടും പിണച്ചുകെട്ടി ഗൗരവത്തിൽ നിൽക്കുന്ന ലക്ഷ്മിയമ്മയെയാണ് കണ്ടത്. അവൻ വായിലെ പല്ല് മുഴുവനും പുറത്ത് കാണിച്ച് ഒന്ന് ഇളിച്ചു.

“നീയീ പാതിരാത്രി എവിടെ പോയതാ. അതും ലൈറ്റ് ഇടാതെ ഇരുട്ടത്ത്? ”

“അ…. ആ…. അത്…. ഞാൻ ഗാർഡനിൽ നന്ദ്യാർവട്ടത്തിൽ ഒരു മൊട്ട്….. അത്….. വിരിഞ്ഞോന്ന് നോ…ക്കാ… ”

“എന്നിട്ട് ആ മൊട്ട് വിരിഞ്ഞോ? അതോ പ്രിയ മോള് തല്ലിക്കൊഴിച്ചോ? ”

“ഈ…… മനസിലായി ലെ. ”

“ചന്ദ്രു….. ”

“അമ്മേ പതുക്കെ. ദയവുചെയ്‌ത് ഇക്കാര്യം അച്ഛനോട് പറയല്ലേ. പ്ലീസ് എന്റെ പൊന്ന് ലക്ഷ്മിക്കുട്ടിയല്ലേ? ”

“പതപ്പിക്കല്ലേ മോനെ. കറങ്ങി തിരിഞ്ഞു നടക്കാതെ പോയി കിടക്കാൻ നോക്കടാ. പുലർച്ചെ എണീറ്റ് പോകണ്ടതല്ലേ. അവനും അവന്റെയൊരു നന്ദ്യാർവട്ടവും… ”

“എന്നാ ശരി ഗുഡ് നൈറ്റ്‌. ”

അമ്മയുടെ കവിളിൽ ഒരു മുത്തവും കൊടുത്ത് അവൻ മുകളിലേക്ക് ഓടിക്കയറി. അതുകണ്ട് ചിരിയോടെ അമ്മയും റൂമിലേക്ക് പോയി. മേനോൻ ഉണരാതിരിക്കാൻ പതുക്കെ വാതിലടച്ച് ബെഡിൽ ചെന്നു കിടന്നു.

“മതിൽ ചാടാൻ പോയവൻ തിരിച്ചെത്തിയോ? ”
കണ്ണടച്ച് കിടന്നു തന്നെ മേനോൻ ചോദിച്ചു.

“വിശ്വേട്ടൻ ഉങ്ങിയില്ലേ? ”

“ഉറങ്ങാത്തോണ്ടല്ലേ ചോദിച്ചത്. ”

“വന്നു. റൂമിലേക്ക് പോയി. നമ്മുടെ മോനെ ഇത്രയും സന്തോഷത്തോടെ വീണ്ടും കാണാൻ പറ്റുംന്ന് വിചാരിച്ചതല്ല.

ഒന്നിനും ഒരു ഉത്സാഹവും ഇല്ലാതെ കുറെ ചെടികൾ മാത്രം നോക്കി നടക്കായിരുന്നില്ലേ. നമ്മളോട് പോലും ശെരിക്ക് സംസാരിക്കാതെ… ”

“അവൻ മാത്രമോ നമ്മുടെ അവസ്ഥ പിന്നെ എന്തായിരുന്നു? നേരം വെളുക്കുന്നു രാത്രിയാവുന്നു. അതിനിടയിൽ എന്തൊക്കെയോ ചെയ്യുന്നു. അങ്ങനെ ആയിരുന്നില്ലേ? ”

“ഇപ്പോഴത്തെ ഈ സന്തോഷത്തിനെല്ലാം കാരണം പ്രിയ മോളാണ്. നമ്മുടെ അമ്മു പോയതിന് ശേഷം ഇതൊരു വീടാണെന്ന് തോന്നിതുടങ്ങിയത് പ്രിയ മോള് വന്നതിന് ശേഷമാണ്. മോളും ഒത്തിരി അനുഭവിച്ചു. ”

” ഇടയ്ക്ക് ഓരോ പിണക്കങ്ങൾ ഉണ്ടായാലും മക്കള് എന്നും ഇതുപോലെ സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്നത് കണ്ടാൽ മതി. ”

“വിശ്വേട്ടാ ഇപ്പൊ തോന്നാണ് അന്ന് താരയുമായുള്ള വിവാഹം നടക്കാതിരുന്നത് നന്നായിന്ന്. ”

“താൻ പറഞ്ഞത് തന്നെ ഞാനും ഓർത്തു. അങ്ങനെ നടന്നില്ലായിരുന്നെങ്കിൽ നമുക്ക് ഈ മോളെ കിട്ടില്ലായിരുന്നു. ”

“കുഴപ്പങ്ങളൊന്നും ഇല്ലാതെ ഈ വിവാഹം നടന്നുക്കിട്ടിയാൽ മതിയായിരുന്നു. ഈശ്വരാ.. ”

“താൻ ടെൻഷനാവാതെടോ. അന്ന് മൂർത്തി പറഞ്ഞത് പോലെ പ്രിയ മോളെ കല്യാണം കഴിക്കാനുള്ള യോഗം ദൈവം കൊടുത്തിരിക്കുന്നത് ആ സൂര്യനല്ല, ഇവിടുത്തെ ചന്ദ്രനാണ്. അതുകൊണ്ട് ഈ കല്യാണം തന്നെ നടക്കും. ധൈര്യമായിരിക്ക് ”

രാവിലെ നേരത്തെ തന്നെ അമ്മയുടെ മുന്നിൽ ഹാജർ വെച്ചു.ഞാൻ ചെല്ലുമ്പോൾ അച്ഛനും ചന്ദ്രുവേട്ടനും എയർപോർട്ടിലേക്ക് പോകാൻ ഇറങ്ങുകയായിരുന്നു.

എല്ലാവരും വരുന്നതല്ലേ ദാവണിയും ചുരിദാറും മാറ്റി പർപ്ൾ നിറത്തിലുള്ള ഒരു സിംപിൾ ഷിഫോൺ സാരിയാണ് ഉടുത്തത്.

ടീച്ചർ ആണ്, കുടുംബത്തിലെ മൂത്ത മകന്റെ ഭാര്യയാവേണ്ടവളാണ്, ഏടത്തിയമ്മ.! അതുകൊണ്ട് കാഴ്ച്ചയിൽ എങ്കിലും ഇച്ചിരി പക്വത തോന്നിക്കോട്ടേന്ന് കരുതി. പിന്നെ ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രെഷൻ ന്നല്ലേ.

മാത്രവുമല്ല എയർപോർട്ടിലേക്ക് പോകുന്നതിനു മുൻപ് ആ കടുവ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്

” ദയവുചെയ്‌ത് വന്നു കയറുമ്പോൾ തന്നെ നിന്റെ തനിസ്വഭാവം അവരെ അറിയിക്കരുത്. എന്റെ സെലെക്ഷൻ മോശമല്ല, പെണ്ണിന് ബുദ്ധിയും വിവരവുമൊക്കെ ഉണ്ടെന്ന് കുറച്ചു നേരത്തേക്കെങ്കിലും അവര് വെറുതെ വിചാരിച്ചോട്ടെ ” ന്ന്.

ദുഷ്ടൻ. പറഞ്ഞിട്ട് പോയതാ. ഞാനെന്താ അത്രയ്ക്ക് മണ്ടത്തരങ്ങളാണോ ചെയ്‌ത് വെക്കുന്നത്? ഹും… അസൂയയാ ആ പരട്ടകടുവയ്ക്ക്.

ഈ ഉപദേശം നമ്മളെത്ര കേട്ടതാണ്. അച്ഛനും ഏട്ടനും പറഞ്ഞിട്ട് ഈ പ്രിയ മാറിയിട്ടില്ല. പിന്നെയാ കടുവ പറയുമ്പോൾ.

അച്ഛനും അമ്മയ്ക്കും ചന്ദ്രുവേട്ടനും ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ വരുന്നവരെയൊക്കെ അടിച്ചൊതുക്കി ചാക്കിൽ കെട്ടുന്ന കാര്യം ഈ പ്രിയദർശിനി ഏറ്റു മോനെ ചന്ദ്രുക്കടുവേ.

വിദേശത്ത് ഉള്ള അമ്മാവന്മാരും കുടുംബവും ഇന്നലെ ബാംഗ്ലൂർ എത്തിയിരുന്നു. എന്നിട്ട് അവിടെയുള്ള അച്ഛന്റെ അനിയത്തിയും കുടുംബവും ഒന്നിച്ച് ഇങ്ങോട്ട്.

അങ്ങിനെയാണ് പ്ലാനിങ്. മൂന്ന് കുടുംബം, അവരുടെ സാധനങ്ങൾ എല്ലാം ഉള്ളതുകൊണ്ട് അച്ഛനും ചന്ദ്രുവേട്ടനും കൂടാതെ വാസുവേട്ടനും ഒരു വണ്ടിയിൽ പോയിട്ടുണ്ട്.

ഇത്തരം അത്യാവശ്യസാഹചര്യങ്ങളിൽ വാസുവേട്ടൻ വീട്ടിലെ ഡ്രൈവർ ആവുകയും ചെയ്യും.

പണികളെല്ലാം കഴിഞ്ഞ് ഞാനും അമ്മയും വിരുന്നുക്കാരെയും കാത്ത് ഉമ്മറത്ത് വന്നിരുന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31