Saturday, April 27, 2024
Novel

അനുരാഗം : ഭാഗം 30

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

ഒരാഴ്ചയായി ഓഫിസിൽ പോയിട്ട്. എല്ലാത്തിനോടും മടുപ്പായിരുന്നു. പലപ്പോളും മരിച്ചാലോ എന്ന് തോന്നി. പക്ഷെ അച്ഛനെയും അമ്മയെയും ഓർക്കുമ്പോൾ… പാറു മിക്ക ദിവസങ്ങളിലും വീട്ടിൽ വരുമായിരുന്നു. തനിയെ തമാശകൾ പറയും പരദൂഷണം പറയും.

ഒന്നിനും താല്പര്യമില്ലെങ്കിലും ഞാൻ എല്ലാം ശ്രദ്ധിക്കും പോലെ ഇരിക്കും. പല രാത്രികളിലും ശ്രീയേട്ടന്റെ ആത്മാവ് എന്നെ ഉപദ്രവിക്കാൻ വരുമെന്ന ഭയം കൊണ്ട് അമ്മയുടെ കൂടെയാണ് കിടന്നത്. ഇടക്ക് റിഷിയേട്ടൻ വീട്ടിൽ വരുന്നത് കാണാമായിരുന്നു.

അച്ഛനോട് വല്ലാത്ത അടുപ്പം ഏട്ടൻ കാണിച്ചിരുന്നു. ഏട്ടനെ കാണുമ്പോൾ അച്ഛനും ഒരു സമാധാനം ഉള്ളത് പോലെ. അച്ഛന്റെ നിർബന്ധപ്രകാരം ഒരു സൈകാർട്ടിസ്റ്റിനെ പോയി കണ്ടിരുന്നു. കൗൺസിലിംഗ് ഒക്കെ കഴിഞ്ഞപ്പോൾ കുറച്ചു ആശ്വാസം തോന്നി.

മുറിയിൽ തന്നെ അടച്ചിരിക്കാതെ ഒന്ന് പുറത്ത് പോകാമെന്ന് അച്ഛനാണ് പറഞ്ഞത്. ഞാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൊണ്ട് പോയി. ബീച്ചിലാണ് പോയത്. കുറേ നേരം തിരമാലകളെ നോക്കി ഇരുന്നു.

അച്ഛനും ഒന്നും മിണ്ടാതെ കടലിലേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു. നിഗൂഢമായ പല രഹസ്യങ്ങളും ഒളിപ്പിച്ചു വെച്ചിട്ടും എത്ര ശാന്തമാണ് സമുദ്രം ശ്രീയേട്ടനെ പോലെ..

“അനു.. അച്ഛന് ഒരു കാര്യം മോളോട് പറയാൻ ഉണ്ട്. ഇന്ന് വരെ മോളുടെ ഇഷ്ടത്തിന്റെ കൂടെയാണ് അച്ഛൻ നടന്നത്. നീ സ്വതന്ത്രമായി വളരുന്നതിലായിരുന്നു എന്റെ അഭിമാനം. പെൺകുട്ടിയാണ് നീയെന്ന് ഒരിക്കൽ പോലും ഞാൻ നിന്നെ ഓർമപ്പെടുത്തിയിട്ടില്ല. ഞാനും അതോർത്തിട്ടില്ല എന്നതാണ് സത്യം.”

അച്ഛനെന്താണ് പറയാൻ പോവുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നിൽ ആകാംഷ നിറഞ്ഞു കൊണ്ടിരുന്നു.

“പക്ഷെ ഇപ്പോൾ എനിക്ക് പേടി തോന്നുന്നു മോളേ. ഒരു മകളുള്ള അച്ഛന്റെ അവസ്ഥ ഇപ്പോളാണ് ഞാനറിയുന്നത്.

ഓരോ നിമിഷവും നിന്നെ കാണാതെ ഇരിക്കുമ്പോളും നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടിയാണ്. ഇനിയും എത്ര നാൾ എനിക്ക് നിന്നെ സംരക്ഷിക്കാനാവും. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ… ”

ഞാൻ അച്ഛന്റെ കയ്യിൽ കയറി പിടിച്ചു.

“എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ പറയണേ?”

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അച്ഛന്റെയും..

“ആദ്യമായി അച്ഛൻ മോളോട് ഒരു കാര്യം ആവശ്യപ്പെടുവാണ്. മോളത് സമ്മതിക്കണം. റിഷിയുമായുള്ള വിവാഹം അത് ഉടനേ നടത്തണം.”

ഞെട്ടലോടെ അച്ഛനെ ഞാൻ നോക്കി.

“മോൾക്ക് ഇപ്പോൾ ഒരു കല്യാണത്തിനുള്ള മാനസികാവസ്ഥ അല്ലെന്ന് അറിയാം. പക്ഷെ ജീവിതത്തിൽ കുറച്ചു മാറ്റങ്ങളും തിരക്കുകളും വരുമ്പോൾ മോളെല്ലാം മറക്കും. ഈ മനസും മാറും.

പിന്നെ റിഷി,കുറച്ചു ദിവസമേ ആയുള്ളെങ്കിലും അവന് നിന്നോടുള്ള സ്നേഹം അതെനിക്ക് അറിയാം. എന്റെ മോളുടെ കാര്യത്തിൽ ഒരു തെറ്റായ തീരുമാനം എടുക്കാൻ എനിക്ക് ആവില്ല.

അറിയാവുന്ന ഒരാളെ ആവുമ്പോൾ എനിക്ക് സമാധാനത്തോടെ നിന്നെ ഏൽപ്പിക്കാമല്ലോ. ഞാൻ ഒത്തിരി ആലോചിച്ച് എടുത്തൊരു തീരുമാനമാണ്.

മോൾക്ക് അച്ഛനെ സ്വാർത്ഥനായി തോന്നുമായിരിക്കാം പക്ഷെ എന്റെ മോളുടെ ഇഷ്ടങ്ങൾ എന്നേക്കാൾ അറിയുന്ന ആരാണ് ഉള്ളത് അത് കൊണ്ട് മോൾക്ക് ഈ ബന്ധം നല്ലതേ വരുത്തുള്ളു.”

സങ്കടത്തോടെ അച്ഛനെ നോക്കാനേ എനിക്ക് കഴിഞ്ഞുള്ളു. മറുത്തൊന്നും പറയാൻ കഴിയുമായിരുന്നില്ല.

“മോള് സന്തോഷത്തോടെ ഇതിന് സമ്മതിക്കണം. റിഷിയുടെ അച്ചൻ എന്നോട് സംസാരിച്ചിരുന്നു. എത്രയും പെട്ടെന്ന് അവർക്ക് കല്യാണം നടത്തണമെന്നാണ്. റിഷിക്കും അതാണ് ഇഷ്ടം. അടുത്ത മാസത്തിലെ നല്ലൊരു മുഹൂർത്തം കണ്ട് വയ്ക്കാൻ ഞാനവരോട് പറഞ്ഞിട്ടുണ്ട്.”

“അച്ഛാ.. ഇത്രയും വേഗത്തിലോ.. എനിക്ക് അൽപം സമയമെങ്കിലും തന്നു കൂടെ.”

“കുറച്ചു നേരത്തേയായ് പോയി. പക്ഷെ അതാവും നല്ലത്. വൈകിപ്പിച്ചിട്ടും എന്തിനാണ്. നിന്നെ പഴയത് പോലെയാക്കി തരാമെന്ന് റിഷി എനിക്ക് വാക്ക് തന്നിട്ടുണ്ട്.”

റിഷിയേട്ടനോട് എനിക്ക് ദേഷ്യവും വെറുപ്പും തോന്നി. ഏട്ടൻ അവസരം മുതലെടുക്കുവാണ്. അന്നെന്നെ വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലേക്ക് വന്നു.

ദുഷ്ടൻ എന്റെ മനസ് തളർന്ന സമയത്ത് അയാളുടെ ഇഷ്ടങ്ങൾ നേടിയെടുക്കാൻ നോക്കുന്നു. കഷ്ടം ! പുച്ഛമാണ് തോന്നിയത്.

അച്ഛനോട് മറുത്തൊന്നും പറഞ്ഞില്ല. ഇത്രയും നാൾ അനുഭവിച്ചതിലും കൂടുതൽ ഇനി എന്ത് വരാനാണ്. അച്ഛന്റെ ഇഷ്ടം നടക്കട്ടെ.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. രണ്ടാഴ്ചക്കുള്ളിലായിരുന്നു മുഹൂർത്തം. ഇടയ്ക്കെപ്പോഴൊക്കെയോ ഏട്ടൻ എന്നോട് സ്നേഹം കാണിക്കാൻ വന്നെങ്കിലും ഞാൻ അവഗണിച്ചു. പിന്നീട് എന്നോടൊന്നും മിണ്ടാൻ വന്നില്ല.

പാറു എന്നെ ഉപദേശിക്കുന്നുണ്ടായിരുന്നു. റിഷിയേട്ടന്റെ ആത്മാർത്ഥ സ്നേഹത്തെ പ്രശംസിക്കുന്നുണ്ടായിരുന്നു. ഞാനൊന്നും പറയാൻ പോയില്ല.

അമ്മ കല്യാണം കഴിഞ്ഞാൽ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ ഉപദേശത്തിന്റെ കെട്ടുകൾ അഴിക്കുന്നുണ്ടായിരുന്നു.

പാവം അച്ഛന്റെ മുഖത്തു മാത്രം സങ്കടമോ പേടിയോ ആയിരുന്നു. റിഷിയേട്ടൻ ഒന്നും മിണ്ടിയില്ലെങ്കിലും ഏട്ടന്റെ ചേച്ചിയും വിച്ചുവും വിളിക്കുമായിരുന്നു. ഇടയ്ക്ക് അമ്മയും വിളിച്ചു.

അവർക്കൊക്കെ നല്ല സ്നേഹമാണെന്ന് തോന്നി. ഇടയ്ക്കൊക്കെ എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആലോചിക്കുമ്പോൾ ഭ്രാന്ത്‌ പിടിക്കും.

സ്വപ്നത്തിൽ പോലും ഇതൊന്നും ആലോചിച്ചിട്ടില്ല. വളരെ ആകാംക്ഷയോടെയാണ് ഞാനെന്റെ വിവാഹത്തെ കുറിച്ച് പണ്ട് ചിന്തിച്ചിരുന്നത് പക്ഷെ ഇപ്പോൾ ഒരു വികാരവും തോന്നുന്നില്ല.

സാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞു കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ മറ്റാരെയോ പോലെയാണ് എനിക്ക് തോന്നിയത്. പക്ഷെ കണ്ണുകളിലെ നിരാശ ഭാവം എന്നെ എനിക്ക് തന്നെ കാട്ടി തന്നു.

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ വിവാഹ മണ്ഡപത്തിലേക്ക് കയറുമ്പോളും നിർവികാരത മാത്രമാണ് ഉണ്ടായത്. കൂടി നിന്ന ആളുകളിലോ നാദസ്വര മേളത്തിലോ എന്തിന് അടുത്തിരുന്ന റിഷിയേട്ടനിൽ പോലും എന്റെ ശ്രദ്ധ പതിഞ്ഞില്ല.

കഴുത്തിൽ താലി പതിഞ്ഞതും ഞാനറിയാതെ എന്റെ കണ്ണുകൾ അടഞ്ഞു കൈകൾ കൂപ്പി. എന്താണ് ഞാനപ്പോൾ പ്രാർത്ഥിച്ചതെന്ന് എനിക്കറിയില്ല. എന്തിനിങ്ങനെ ചെയ്‌തെന്നും അറിയില്ല.

ഏട്ടൻ സിന്ദൂരം തൊട്ടു തന്നപ്പോളും കൈകൂപ്പി ഞാനത് ഏറ്റു വാങ്ങി. ഏട്ടന്റെയും എന്റെയും കൈകൾ ചേർത്ത് വെച്ചു തന്നപ്പോളാണ് അച്ഛന്റെ പ്രസന്നമായ മുഖം കുറച്ചു നാളുകൾക്കു ശേഷം ഞാൻ കണ്ടത്.

അച്ഛന്റെ സന്തോഷം മാത്രം മതിയായിരുന്നു എനിക്ക്. ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു.

റിഷിയേട്ടന്റെ വീട് വളരെ വലുതായിരുന്നു. വീട് ചുറ്റി കാണിക്കാനും റിസപ്ഷന് എന്നെ ഒരുക്കാനും ഒക്കെ ചേച്ചിയാണ് കൂടെ നിന്നത്. ചേച്ചിക്ക് റിഷിയേട്ടനെന്നു പറഞ്ഞാൽ ജീവനാണെന്ന് എനിക്ക് കുറച്ചു സമയം കൊണ്ട് തന്നെ മനസിലായി.

എന്ത് പറഞ്ഞാലും അവസാനം അത് ഏട്ടന്റെ കാര്യത്തിലെത്തും. ഞാനൊരു വൈൻ റെഡ് കളറിലെ ഗൗൺ ആയിരുന്നു ധരിച്ചത്.

ഡ്രെസ്സൊക്കെ എടുക്കാൻ ഞാൻ പോയിരുന്നില്ല. എല്ലാം റിഷിയേട്ടനും ചേച്ചിയുമാണ് സെലക്ട്‌ ചെയ്തത്. നിഷ ചേച്ചിയൊക്കെ റിസപ്ഷന് വന്നിരുന്നു. എല്ലാവരും ആശംസ അറിയിച്ചു പോയി.

രാവിലത്തെ പോലെ തന്നെ അടുത്ത് ഏട്ടൻ നിന്നിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഫോട്ടോ ഷൂട്ടിന് കുറെയൊക്കെ അവർ പറഞ്ഞ പോലെ നിന്നു കൊടുത്തെങ്കിലും കുറേ ആയപ്പോൾ മടുത്തിരുന്നു.

അവസാനം അതും എങ്ങനൊക്കെയോ തീർത്തു വന്നപ്പോൾ ഏട്ടന്റെ അമ്മ റൂം കാണിച്ചു തന്നു. ഫ്രഷ് ആയി വരാൻ പറഞ്ഞു. സത്യം പറയാല്ലോ എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു. വേഗം പോയി ഫ്രഷ് ആയി ഒരു ചുരിദാർ എടുത്ത് ഇട്ടു.

താഴേക്ക് ഇറങ്ങി ചെന്നു. ചേച്ചിയുടെയും വിച്ചുവിന്റെയും കൂടെ ഇരുന്നു. ഉറക്കം വന്നിട്ടും ഞാൻ അവർ പറയണത് കേട്ടു ഇരുന്നു. റൂമിലേക്ക് പോവാൻ മടിയായിരുന്നു.

കുറേ കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ്‌ പാലുമായി അമ്മ വരുന്നത് കണ്ടപ്പോളേ എനിക്ക് അറിയാമായിരുന്നു എനിക്കുള്ള പണിയാണെന്ന്. അത് കണ്ടതും ചേച്ചിയും വിച്ചുവും ഓരോന്നും പറഞ്ഞു കളിയാക്കാനും തുടങ്ങി.

അമ്മ എന്റെ കയ്യിൽ പാലും തന്ന് എന്നെ റൂമിലേക്ക് വിട്ടു. ചമ്മലാണോ പേടിയാണോ എന്നറിയില്ല റൂമിലേക്ക് നടക്കുമ്പോൾ എന്തൊക്കെയോ തോന്നി. റിഷിയേട്ടനെ ഓർത്തപ്പോൾ തന്നെ നാട് വിട്ട് പോയാലോ എന്നാണ് തോന്നിയത്.

വാതിൽ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ ഏട്ടനെവിടെ ഉണ്ടായിരുന്നില്ല. അത് കണ്ടപ്പോളാണ് എനിക്ക് ആശ്വാസം തോന്നിയത്.

ഞാൻ പയ്യെ പാല് ടേബിളിൽ വയ്ക്കാൻ പോയപ്പോളാണ് ബാത്‌റൂമിൽ നിന്ന് റിഷിയേട്ടൻ ഇറങ്ങി വന്നത്. ടവൽ മാത്രം ചുറ്റി കൊണ്ട് ഏട്ടൻ വരുന്നത് കണ്ടതും ഞാനെന്റെ കണ്ണുകൾ അടച്ചു ഒരു കൈ കൊണ്ട് മുഖവും പൊത്തി.

“അയ്യേ.. !”

വിരലുകൾക്ക് ഇടയിലൂടെ നോക്കിയപ്പോൾ ഏട്ടൻ നെഞ്ചിൽ കയ്യൊക്കെ വെച്ചിട്ടുണ്ടായിരുന്നു.

“ഈ കോലത്തിലാണോ ഇറങ്ങി വരുന്നത്. ഒരു ബനിയൻ ഇട്ടൂടെ.”

“ആഹാ അത് കൊള്ളാല്ലോ. ഇതേ എന്റെ റൂമാണ്. എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഞാൻ നടക്കും. വേണേൽ ഡ്രസ്സ്‌ ഇടാതെയും നടക്കും.”

“അതൊക്കെ പണ്ട്. ഇതിപ്പോ എന്റെയും കൂടെ റൂമാണ്.”

“നീയും നടന്നോളൂ ഞാൻ എതിരൊന്നും പറയില്ല. അയ്യേ വൃത്തികെട്ടവൻ.”

ചിരിച്ചു കൊണ്ട് ഒരു ബനിയനും ഇട്ടു ഏട്ടൻ എന്റെ അടുത്ത് വന്നു നിന്നു.

“ആഹാ പാലൊക്കെ ആയിട്ടാണല്ലോ. താ ഞാൻ കുടിച്ചിട്ട് ബാക്കി തരാം.”

“അങ്ങനിപ്പോ കുടിക്കണ്ട.”

അതും പറഞ്ഞ് അത് മുഴുവൻ ഞാൻ തന്നെ കുടിച്ചു.
എന്നെ നോക്കി ഒരു പുച്ഛ ചിരിയും ചിരിച്ച് ഏട്ടൻ ബെഡിൽ പോയി കിടന്നു.
ഞാൻ അതിശയത്തോടെ ഏട്ടനെ നോക്കി നിന്നു. ഇനി ഞാനെവിടെ കിടക്കും.

“നീ കിടക്കുന്നില്ലേ? എനിക്ക് ഉറക്കം വരുന്നു.”

“ഞാൻ…? ”

“ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല. നീ ഇവിടെ കിടന്നോളു. അല്ലെങ്കിൽ തന്നെ എനിക്ക് ഉറക്കം വന്നിട്ട് വയ്യ. രണ്ട് ദിവസായിട്ടുള്ള ഓട്ടമാണ്. കിടക്കുമ്പോൾ ലൈറ്റ് കൂടെ ഓഫ്‌ ആക്കിയേക്ക്.”

ഇതും പറഞ്ഞ് ഏട്ടൻ ഷീറ്റ് തല വഴി മൂടി കിടന്നു. കുറച്ചു നേരം എന്താ ചെയ്യുക എന്നാലോചിച്ചു നിന്നിട്ട് ഞാനും ബെഡിൽ ഒരറ്റത്തായി മാറിയിരുന്നു. ഏട്ടൻ ഉറങ്ങിയെന്നു തോന്നിയപ്പോൾ അരികു ചേർന്ന് ഞാനും കിടന്നു.

ഒത്തിരി ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ കണ്ണുകൾ അടഞ്ഞു പോവുന്നുണ്ടായിരുന്നു.

തുടരും….

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23

അനുരാഗം : ഭാഗം 24

അനുരാഗം : ഭാഗം 25

അനുരാഗം : ഭാഗം 26

അനുരാഗം : ഭാഗം 27

അനുരാഗം : ഭാഗം 28

അനുരാഗം : ഭാഗം 29