Friday, April 26, 2024
Novel

അനുരാഗം : ഭാഗം 16

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

“പുള്ളിക്ക് കമ്പനിയൊക്കെ ഉണ്ടോ?”
“റിഷിയേട്ടന്റെ അച്ഛന്റെ കമ്പനിയാ. നിനക്ക് അറിയില്ലേ പാലത്ര കൺസ്ട്രക്ഷൻ?”

“അതിവരുടെ ആയിരുന്നോ?”

“അതേ ജോലിയുടെ കാര്യം പറഞ്ഞപ്പോളാ ഞാനും അറിഞ്ഞത്. നമുക്ക് പോയി നോക്കാം.??”

“വേറെ കിട്ടുവോ എന്ന് നോക്കിട്ട് പോയാൽ പോരെ?”

“നോക്കി ഇരുന്നോ ഇപ്പോൾ തന്നെ കിട്ടും. ഇതാവുമ്പോ രണ്ടാൾക്കും ഒന്നിച്ചു പോവാം. എറണാകുളം ആയ കൊണ്ട് നിനക്ക് എളുപ്പം ആവും.

ഞാൻ ഹോസ്റ്റലിൽ നിക്കാം. സഹായിക്കാൻ റിഷിയേട്ടനും കാണും. അല്ലെങ്കിൽ പരിചയമില്ലാത്ത നമ്മൾ എവിടെ പണിക്ക് പോയാലും പണി വാങ്ങും.”

അവൾ പറയുന്നത് കേട്ടപ്പോൾ എനിക്കും അതാണ് നല്ലതെന്ന് തോന്നി. അല്ലെങ്കിലും ഞാൻ എന്തിനാ റിഷിയേട്ടനെ പേടിക്കുന്നത്? ഞങ്ങൾ തമ്മിൽ ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

“എങ്കിൽ നമ്മുക്ക് ഒന്ന് പോയി നോക്കാം അല്ലേ?”

“പോവാം. ഒന്നും പേടിക്കണ്ട ഞാൻ ഉണ്ടല്ലോ”

“അതാണ് ഏറ്റവും വല്യ പേടി.”

“ആഹാ ഇപ്പോൾ അങ്ങനെ ആയോ.”

“നമുക്ക് പോകാമെന്നേ.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ഇന്നാണ് ഞാൻ ആദ്യമായി ജോലിക്ക് പോവുന്ന ആ സുദിനം. രാവിലെ തന്നെ അമ്പലത്തിലൊക്കെ പോയി നല്ല കുട്ടിയായി ഓഫിസിലേക്ക് ഇറങ്ങി. പാറു എന്നെ കാത്ത് ഓഫീസിനു മുന്നിൽ തന്നെ ഉണ്ടായിരുന്നു.

ഞങ്ങൾ രണ്ടു പേർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്ന കൊണ്ട് അധികം സംസാരിക്കാനൊന്നുന്നും നിന്നില്ല.

ഗേറ്റിന് അടുത്ത് നിന്ന് നോക്കിയാൽ ഓഫീസ് ശെരിക്കും കാണാൻ കൂടി പറ്റില്ല. മുന്നിലായി തന്നെ വലിയ ഒരു മരമുണ്ട്.

അതിന്റെ ഇലയും ശിഖരവും ആ കെട്ടിടത്തെ മറച്ചു വെച്ചിരിക്കുന്നു.

നല്ലൊരു പോസിറ്റീവ് എനർജി തോന്നി. നേരെ റിസപ്ഷനിൽ ചെന്നു. അവർ റിഷിയേട്ടൻ വരും വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞു.

ഞങ്ങൾ രണ്ടാളും ഒരു മൂലക്ക് മാറി ഇരുന്നു. ആദ്യ ദിവസമായത് കൊണ്ട് ഞങ്ങൾ നേരത്തെയാണ് വന്നത്.

എല്ലാവരും വരുന്നതേയുള്ളു. ആ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങൾ റിസെപ്ഷനിലെ ചേച്ചിയുമായി കമ്പനി ആയി.

നിഷ എന്നാണ് ചേച്ചിയുടെ പേര്. ചേച്ചിയുടെ അഭിപ്രായത്തിൽ തുടക്കക്കാർ എന്ന നിലയ്ക്ക് ഞങ്ങൾ വന്നത് നല്ല സ്ഥലത്ത് തന്നെയാണ്.

കുറേ കുട്ടികൾ ഇന്റേൺഷിപ് ചെയ്യാനും ട്രെയിനിങ്ങിനും ഇവിടെ എത്താറുണ്ട്. ആർക്കിടെക്ട് പിള്ളേരാണ് കുടുതലും വരുന്നത്.

പിന്നെ ബാക്കി വർക്ക് ചെയ്യുന്നവരിൽ ഭൂരിപക്ഷ ആളുകളും വർഷങ്ങളായി ഇവിടെ ഉള്ളവരാണ്. വളരെ കുറച്ചേ ഫ്രഷേഴ്‌സ് ഉള്ളൂ.

റിഷിയേട്ടന്റെ അച്ഛനായിരുന്നു പണ്ട് ഈ കമ്പനി നോക്കി നടത്തിയിരുന്നത്. ആള് പാവമായിരുന്നു. ജോലിയിൽ ആത്മാർത്ഥതയും കൃത്യതയും ആഗ്രഹിക്കുന്നയാൾ ആയിരുന്നു.

ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും തെറ്റുകൾ വന്നാലും സൗമ്യമായി അത് തിരുത്തുന്ന ആളായിരുന്നു.

റിഷിയേട്ടൻ വന്നതോടെ അച്ഛൻ ജോലി ഭാരമൊക്കെ ഏട്ടനെ ഏല്പിച്ചു. പുള്ളിക്കാരൻ നേരെ ഓപ്പോസിറ്റ് ആണത്രേ.

ജോലിക്കാർക്ക് ഒക്കെ ഏട്ടനെ പേടിയാ. എന്തെങ്കിലും തെറ്റുകൾ ഉണ്ടായാൽ അത് ആരാണോ ചെയ്തത് അവരുടെ കാര്യം പോക്കാണ്. കുറേ പേർക്ക് ജോലി വരെ നഷ്ടമായിട്ടുണ്ട്.

തുടക്കക്കാരൻ എന്ന നിലയിൽ ഏട്ടനിൽ നിന്ന് ഇത്രയും കാര്യ പ്രാപ്തി ഏട്ടന്റെ വീട്ടുകാർ പോലും വിചാരിച്ചിരുന്നില്ലത്രെ.

ഏട്ടൻ വന്നതോടെ കൂടെ കസ്റ്റമേഴ്സിന്റെ ഇടയിൽ കുറച്ചു കൂടെ സ്വീകാര്യത വന്നു.

ഇത്രയും കേട്ടപ്പോൾ തന്നെ എന്റെ കിളി അടിച്ചു പോയിരുന്നു. പാറുവിനെ നോക്കിയപ്പോൾ അവിടെയും അതേ അവസ്ഥ തന്നെ.

“റിഷിയേട്ടൻ ഉണ്ടല്ലോ അല്ലേ സഹായിക്കാൻ?? ”

ഞാൻ വളരെ ശബ്ദം കുറച്ചു അവളോട് ചോദിച്ചു.

“ഇവർ പറയുന്നത് വെറുതെ ആവും. നമ്മളോട് അങ്ങനെ ഒന്നും ചെയ്യില്ലായിരിക്കും.”

“ആഹ് ഇനിയിപ്പോ അങ്ങനെ ഓർത്തു സമാധാനിക്കാം അല്ലാതെ എന്ത് ചെയ്യാനാ.ദൈവമേ നാണം കെടുത്താതിരുന്നാൽ മതിയായിരുന്നു.”

കുറച്ചു സമയം കൂടെ കഴിഞ്ഞപ്പോൾ ജെറ്റ് പോലൊരു സാധനം ഉള്ളിലേക്ക് പോവുന്നത് കണ്ടു. ആളെ കണ്ടതും പാവം നിഷ ചേച്ചി ചാടി എണീറ്റ് വിഷ് ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളും എണീറ്റോക്കെ നിന്നു.

ആരെയും ഒന്ന് നോക്കിയത് പോലും ഇല്ല. ഇനി കണ്ടില്ലായിരിക്കുമോ ആർക്കറിയാം. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളോട് റിഷിയേട്ടന്റെ ക്യാബിന് ഉള്ളിലേക്ക് ചെല്ലാൻ പറഞ്ഞു.

“ഗുഡ് മോർണിംഗ് സാർ.”

( എല്ലാവരും സാറെന്ന് വിളിക്കുമ്പോ ഞങ്ങളായിട്ട് കുറക്കണ്ട എന്ന് വെച്ചു. )

“പാർവതിയും അനുരാഗയും ഇരിക്കു.”

ഞാനും പാറുവും പരസ്പരം ഒന്ന് നോക്കി. മുഖത്തു പോലും നോക്കാതെയാണ് ഇത് പറഞ്ഞത്. ഒരു പരിചയം പോലും കാണിക്കുന്നില്ലല്ലോ. ദൈവമേ ഇനി വല്ല ഇന്റർവ്യൂ ചെയ്യാനെങ്ങാനും പോകുവാണോ??

ഞങ്ങൾ കസേരയിൽ ഇരുന്നു. റിഷിയേട്ടൻ ഞങ്ങളെ നോക്കി നേരെ നിവർന്നിരുന്നു. ഇപ്പോൾ കണ്ടാൽ ഒരു പ്രൊഫഷണൽ ലുക്ക്‌ ഒക്കെ ഉണ്ട്. ഇത് വരെ കാണാത്ത ഒരു ഭാവം. നല്ല ആത്മവിശ്വാസം ആയിരുന്നു ആ മുഖത്തു പ്രതിഫലിച്ചിരുന്നത്.

“ഓഫീസ് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?”

“ഇല്ല.”

പാറുവും ഞാനും ഒരുമിച്ചാണ് പറഞ്ഞത്.

“നിങ്ങൾക്ക് രണ്ടാൾക്കും ഓഫീസിൽ ആവില്ല ജോലി. ഒരാൾ ഓഫീസിലും ഒരാൾ സൈറ്റിലും ആയിരിക്കും.

അതൊക്കെ നാളെ അറിയിക്കാം. എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാം. തുടക്കക്കാർ എന്ന നിലയ്ക്ക് നിങ്ങൾക്ക് എല്ലാ സഹായവും ചെയ്ത് തരാം. ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്.

ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷാത്കാരമാകുന്ന സ്വപ്നം. കസ്റ്റമേഴ്സിന്റെ സംതൃപ്തി അതാണ് എനിക്ക് വേണ്ടത്.

അവർക്ക് ഭാവിയിലും ഒരു സമാധാനക്കേടും ഉണ്ടാവാതെ സന്തോഷത്തോടെ കഴിയാൻ പറ്റണം. സാധാരണക്കാരും കോടീശ്വരൻമാരും നമ്മുടെ കസ്റ്റമേഴ്‌സായി ഉണ്ടാവാം.

പക്ഷെ ആരോടും ഒരു വേർതിരിവും കാണിക്കാൻ പാടില്ല. മനസ്സിലായോ?”

ഏട്ടൻ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് ഏട്ടനോട് ബഹുമാനം തോന്നി.

“മ്മ്മ്” ഞങ്ങൾ മൂളി.

“എന്ത് സംശയമുണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട. ഒരു ഫ്രണ്ടിനോടെന്ന പോലെ ചോദിക്കാം.”

ഞങ്ങൾ നന്നായി തലയാട്ടി കൊടുത്തു.

“അഹ് പിന്നെ ഇന്ന് ജോലിയൊന്നും ചെയ്യണ്ട ഇവിടൊക്കെ നടന്നു എല്ലാവരെയും പരിചയപ്പെടൂ. ഞാൻ നിഷ ചേച്ചിയോട് പറഞ്ഞേക്കാം.

സർട്ടിഫിക്കറ്റിന്റെ കോപ്പി പേർസണൽ ഡിപ്പാർട്മെന്റിൽ കൊടുത്തേക്കു.
ഓൾ ദി ബെസ്റ്റ്.”

“താങ്ക്യൂ.”

“അഹ് പിന്നെ ഒരു കാര്യം മറന്നു. സാറെന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല പക്ഷെ അത് മറ്റുള്ളവരുടെ മുന്നിൽ മതി കേട്ടോ.”

ചിരിച്ചു കൊണ്ടാണ് ഏട്ടനത് പറഞ്ഞത്. ഞങ്ങളും അസ്സലായി ചിരിച്ചു കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി. ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ട്. പേടിച്ച പോലൊന്നും ഉണ്ടാവില്ല.

നിഷ ചേച്ചി ഞങ്ങളുടെ വരവും കാത്ത് നിക്കുവായിരുന്നു.

“സാർ എങ്ങനെ ഉണ്ട്..?”

ഞങ്ങൾ സാറിന്റെ ജൂനിയേർസ് ആയിരുന്നെന്നു ഞങ്ങൾ പറഞ്ഞിരുന്നില്ല.

“കുഴപ്പമില്ല. ചിരിച്ചു കൊണ്ടൊക്കെയാണ് സംസാരിച്ചത്. ചേച്ചി പറഞ്ഞപ്പോൾ ഞങ്ങൾ പേടിച്ചിരുന്നു പക്ഷെ… ”

പാറുവാണ് പറഞ്ഞത്.

“നിങ്ങളോട് സംസാരിച്ചത് ഗസ്റ്റ് റൂമിൽ വെച്ചല്ലേ അത് കൊണ്ടാണ്. അവിടെ സാർ എല്ലാവരോടും അങ്ങനെ സംസാരിക്കുള്ളൂ. ജോലിയൊക്കെ തുടങ്ങിയിട്ട് എംഡി യുടെ റൂമിൽ കയറട്ടെ വേറൊരു മുഖം കാണാം.”

“പല സ്വഭാവം കാണിക്കാൻ ഇയാളെന്താ അന്യൻ ആണോ?”
ഞാൻ പതിയെ പാറുവിനോട് പറഞ്ഞു.

ചേച്ചി പറഞ്ഞതിലും എന്തൊക്കെയോ കാര്യമുണ്ട്. കോളേജിൽ കണ്ടിരുന്ന റിഷിയേട്ടൻ അല്ലായിരുന്നു ഇവിടെ.

റിഷിയേട്ടനെ ചിരിച്ച മുഖത്തോടെ മാത്രേ ഞാൻ കണ്ടിട്ടുള്ളു. പക്ഷെ ഇന്ന് മറ്റൊരാളെ പോലെയാണ് ഏട്ടൻ പെരുമാറിയത്. ആഹ് എന്തെങ്കിലുമാകട്ടെ.

സാധാരണ ഓഫീസുകളിലെ പോലെ മടുപ്പുളവാക്കുന്ന കോൺക്രീറ്റ് ക്യാബിനുകൾ അവിടെ ഉണ്ടായിരുന്നില്ല. ഇന്റർലോക്ക് കൊണ്ടുള്ള ഭിത്തിയായിരുന്നു ഓഫീസിന്റേത്.

പുറത്ത് നിന്നു കാണുമ്പോൾ ഉള്ളിൽ ഇത്രയും വിസ്താരമുണ്ടെന്ന് തോന്നിയതേയില്ല. നല്ല ഏതോ ആർക്കിടെക്ടിന്റെ തലച്ചോറാണ്.

കാറ്റും വെളിച്ചവും പ്രകൃതിയിൽ നിന്ന് തന്നെ കടക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കോർട്ട്യാർഡോക്കെ ഉണ്ട്. ആകെ മൊത്തത്തിൽ എനിക്ക് ഓഫീസ് പെരുത്തിഷ്ടായി.

ഞാൻ ഓഫിസിനെ പറ്റി മാത്രല്ലേ പറഞ്ഞുള്ളു. ഞങ്ങളുടെ കൂടെ വർക്ക്‌ ചെയ്യുന്നവരെ പറ്റി പറഞ്ഞില്ലല്ലോ.

അത്യാവശ്യം പ്രായമുള്ള ആളുകളും ചെറുപ്പക്കാരും ട്രൈനിങ്ങിന് വന്ന കുട്ടികളും ഉണ്ട്. എല്ലാവർക്കും ഭയങ്കര ആത്മാർത്ഥത ആണ്.

പരിചയപ്പെടാൻ തന്നെ സമയമില്ല. ജോലി അതിനുമാത്രം തീർക്കാനുണ്ടത്രേ.

ആഹ് എവിടെയൊക്കെയോ ഒരു സമാധാനം ഉണ്ടായി തുടങ്ങി. എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു.

“നിങ്ങൾക്ക് ഓഫീസ് ഇഷ്ടായോ??”

“ഒത്തിരി ഇഷ്ടായി ചേച്ചി. നല്ല ഡിസൈൻ. ”

“എങ്ങനെ നന്നാവാതിരിക്കും മൂർത്തി സാറിന്റെ ഡിസൈൻ അല്ലേ??”

“അതാരാ?”

“നമ്മുടെ റിഷി സാറിന്റെ അച്ഛൻ. ആളൊരു നല്ല ആർക്കിറ്റെക്റ്റ് ആണ്.”

ഏതായാലും ആകെ മൊത്തത്തിൽ ഓഫീസും ആളുകളും എനിക്കിഷ്ടായി. ഒരു കൈ നോക്കാം ഏതായാലും.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15