Saturday, July 13, 2024
Novel

അനുരാഗം : ഭാഗം 10

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

ഹാളിൽ കുറേ ആളുകൾ ഉണ്ടായിരുന്നെങ്കിലും അവിടെ ഏട്ടനെ കണ്ടില്ല. അപ്പോളാണ് എന്റെ കണ്ണുകൾ ലൈബ്രറിയിലേക്ക് പോയത്.

ഇന്ന് കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് അവധി ആണ്. അപ്പോ ബുക്ക്സ് എടുക്കാനോ കൊടുക്കാനോ അവിടേക്ക് പോയിട്ടുണ്ടെങ്കിലോ.

ഞാൻ അങ്ങോട്ടേക്ക് നടന്നു. ആ പരിസരത്ത് വേറെ ആരും ഉണ്ടായിരുന്നില്ല.

ലൈബ്രറിയിൽ നിന്ന് വേഗത്തിൽ ഇറങ്ങി വരുന്ന ശ്രീയേട്ടനെ കണ്ടപ്പോൾ സന്തോഷം തോന്നി. പക്ഷെ ഇത് വരെ കാണാത്ത ഒരു ഭാവമായിരുന്നു ഏട്ടന്.

ദേഷ്യത്തിൽ വരുന്നത് പോലെ. എന്നെ കണ്ടതും പെട്ടെന്ന് ആ ഭാവം മാറിയിരുന്നു. ഞാൻ ഏട്ടനടുത്തേക്ക് നടന്നു.

ഏട്ടൻ ഇടക്ക് വെപ്രാളത്തോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞാനും നോക്കി അപ്പോളാണ് അവളെ ഞാൻ കണ്ടത് നന്ദന…!

ജൂനിയർ കുട്ടി ആണ്. ഞാൻ പറഞ്ഞില്ലേ പണ്ട് റാഗിംഗ് പ്രശ്നം ഉണ്ടായെന്നു.

അതിൽ ഉള്ള ഒരു കുട്ടിയാ. അന്ന് ഏട്ടനെ വായി നോക്കിയപ്പോളും ഇവൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഒറ്റക്ക്.. എന്താണെന്ന് എനിക്ക് ഒന്നും മനസിലായില്ല.

അവളുടെ മുഖത്തു ഒരു സന്തോഷ ഭാവം ആണ്. എന്നെ കണ്ടപ്പോൾ അവൾ ഒന്ന് പരുങ്ങി.

എന്താവും നടന്നത്. ഞാൻ സംശയത്തോടെ വീണ്ടും ഏട്ടനെ നോക്കി. ആള് വേഗം ഗൗരവത്തിൽ എന്നെ മറികടന്നു പോയി. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

“നന്ദന അവിടെ നിന്നെ.”

“എന്താണ് ചേച്ചി?”

“നീ എന്താ ഇവിടെ ഒറ്റക്ക് കിടന്ന് കറങ്ങുന്നത്?”

“അത് ചേച്ചി ഞാൻ ഒരു ബുക്ക്‌ എടുക്കാൻ വന്നതായിരുന്നു.”

“എന്നിട്ട് ബുക്ക്‌ എന്തേ?”

പെട്ടെന്ന് അവൾ നുണ പറയാൻ ആലോചിക്കുന്നത് എനിക്ക് മനസിലായി.

“അത് അവിടെ ബുക്ക്‌ ഇല്ലായിരുന്നു.”

“ആണോ ഏത് ബുക്ക്‌ ആണ് ഞാൻ എടുത്ത് തരാം. വാ.”

“വേണ്ട ചേച്ചി എനിക്ക് നേരത്തെ വീട്ടിൽ പോണായിരുന്നു. ഇനിയിപ്പോ സമയം ഇല്ല.”

“അല്ല അപ്പോ നീ സെലിബ്രേഷനു നിക്കുന്നില്ലേ?”

“ഇല്ല ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു. പൊയ്ക്കോട്ടേ ചേച്ചി”

“മം പൊക്കോ.”

ഞാനും വേഗത്തിൽ താഴേക്ക് ചെന്നു. ശ്രീയേട്ടൻ ബാഗുമായി ക്ലാസ്സിൽ നിന്നും വരുന്നത് കണ്ടു. എന്തോ വിഷമമോ ദേഷ്യമോ ഉള്ള പോലെ.

എന്നോടാണോ ഇനി ദേഷ്യം? ഞാൻ എന്ത് ചെയ്തിട്ടാ? ഇതിലും കൂടുതലായി എത്രയോ ശല്യം ചെയ്തിട്ടുണ്ട്.

അന്നൊക്കെ എന്നെ കാണുമ്പൊൾ ഒഴിഞ്ഞു മാറും എന്നല്ലാതെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് പോലുമില്ല.

എല്ലാവരോടും അങ്ങനെ തന്നെ ആയിരുന്നു പക്ഷെ ഇപ്പോൾ കാണുമ്പോൾ എനിക്ക് തന്നെ പേടി തോന്നുന്നു.

പെട്ടെന്ന് എന്താ പറ്റിയത്? നന്ദനയ്ക്ക് ഉറപ്പായും ഇതിൽ എന്തോ പങ്കുണ്ട്.

എന്നെ കണ്ടതും ഒരു നിസംഗ ഭാവം ഏട്ടന്റെ മുഖത്തു വന്നു. എന്താണ് പറ്റിയതെന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായില്ല. ഏട്ടൻ പോവുന്നത് ഞാൻ മുകളിൽ നോക്കി നിന്നു.

എന്താവും പെട്ടെന്ന് പോകാൻ കാരണം? പോകാൻ നേരത്തെ ഉദ്ദേശിച്ചിരുന്നെങ്കിൽ ഇന്ന് ഇവിടെ വരാതെ പോകില്ലായിരുന്നോ..? നന്ദനയും പോയല്ലോ. എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി.

“അനു നീ ഇവിടെ നിക്കുവാണോ? എന്താ പറ്റിയെ? മുഖം വല്ലതിരിക്കുന്നല്ലോ?”

ഞാൻ നടന്നതൊക്കെ അവളോട് പറഞ്ഞു.

“നീ വിചാരിക്കും പോലെ ആവണം എന്നുണ്ടോ അനു.”

“അല്ല പാറു എന്തോ ഉണ്ട്. എനിക്ക് നല്ല ഉറപ്പുണ്ട്. ഞാനും പോയാലോ?”

“നീ പോയിട്ട് എന്തിനാ? എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാറ്റാൻ പറ്റുവോ? മര്യാദക്ക് ഇവിടെ നിന്നോണം. ഈ സമയം ഒക്കെ പോയാൽ പിന്നെ തിരിച്ചു വരില്ല ഓർത്തോ.”

എനിക്കും അവളോട് എതിർത്തു പറയാൻ തോന്നിയില്ല. വെറുതെ പോയി ഉള്ള സമാധാനം കൂടെ കളയുന്നതെന്തിനാ?

“നീ പേടിക്കണ്ട അനു ഉറപ്പായും അങ്ങനെ ഒന്നും ആവില്ല. ആ നന്ദന ആള് അത്ര നല്ലതല്ല. അത് ഇവിടെ എല്ലാവർക്കും അറിയാം. നിന്നെ പോലും നോക്കാത്ത നിന്റെ ശ്രീയേട്ടൻ അവളുടെ അടുത്ത് പോകുവോ?”

അത് ആലോചിച്ചപ്പോൾ എനിക്കും കുറച്ചു സമാധാനം തോന്നി.
പിന്നെ അവിടുള്ള പരിപാടികളുടെ തിരക്കിലായി.

ചാക്കിലോട്ടവും വടം വലിയും കസേര കളിയും ആകെ ബഹളം.

ഞങ്ങൾ എല്ലാവരും ഒരോ പരിപാടിക്ക് ചേർന്നു. ഞാൻ കസേരയിൽ കളിക്കാണ് പോയത്.

ഇടയ്ക്ക് ശ്രീയേട്ടൻ മനസിലേക്ക് വന്നത് കൊണ്ട് ഞാൻ രണ്ടാം സ്ഥാനത്തായി പോയി. ആഹ് ഇനി ഇപ്പോൾ അങ്ങനെ പറയാല്ലോ..

സത്യം പറഞ്ഞാൽ എനിക്ക് ഒരു സന്തോഷം തോന്നിയില്ലെങ്കിലും ചുമ്മാ ശോകം അടിച്ചു മറ്റുള്ളവരുടെ മൂഡ് കൂടെ എന്തിനാ കളയുന്നെ എന്നോർത്തു. പിന്നെ അടിപൊളി സദ്യ ഒക്കെ ആയിരുന്നു.

സീനിയർ ഏട്ടന്മാർ ആയിരുന്നു വിളമ്പാൻ നിന്നത്. എന്നാ പറയാനാ കറി വിളമ്പാൻ റിഷി ഏട്ടനും ഉണ്ടായിരുന്നു.

ഞാൻ വല്യ ഷോ ഒക്കെ ഇട്ട് ഇരുന്നു. എങ്കിലും ഫുഡ്‌ കണ്ടപ്പോൾ കണ്ട്രോൾ പോയി. ഓ നല്ല ഒരു സദ്യ കഴിച്ചിട്ട് എത്ര നാളായി. ശ്രീയേട്ടന്റെ ടെൻഷൻ കൂടി ഉള്ളത് കൊണ്ട് നല്ല വിശപ്പ് ആയിരുന്നു. ഇനി ഇപ്പോൾ കഴിക്കുമ്പോ ഏട്ടനെ മറന്നേക്കാം.

കഴിക്കുന്നതിനു ഇടക്ക് തല പൊക്കിയപ്പോൾ ആണ് എന്റെ മുന്നിൽ നിക്കുന്ന റിഷി ഏട്ടനെ കണ്ടത്. എന്താണെന്ന് ഞാൻ പുരികം പൊക്കി ചോദിച്ചു.

“നിനക്ക് പപ്പടം വേണോ?”

“വേണ്ട.”
ഞാൻ കരുതിയത് ഇനിയും വേണോ എന്നാണ്. പക്ഷെ ആ ദുഷ്ടൻ എന്റെ പപ്പടവും എടുത്ത് കൊണ്ട് പോയി.

എനിക്ക് വേണമെന്ന് പറഞ്ഞു പുറകേ ചെല്ലാൻ തോന്നിയെങ്കിലും കോളേജ് ആയ കൊണ്ടും മാനം ഉള്ള കൊണ്ടും ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

സത്യം പറഞ്ഞാൽ ഒരു ഞെട്ടൽ ആയി പോയി എന്റെ കസിൻ ഏട്ടന്മാർ ഇങ്ങനൊക്കെ ചെയ്യും ഒരു കമ്പനിയും ഇല്ലാത്ത ഒരു ഏട്ടൻ ഇങ്ങനെ ചെയ്യുവോ?. എന്തേലും ആകട്ടെ പപ്പടം ഞാൻ പാത്തൂന്റെ വെച്ചു അഡ്ജസ്റ്റ് ചെയ്തു.

വൈകുന്നേരം ആയപ്പോ ക്ഷീണം തോന്നിയെങ്കിലും ബാഗ് പാക്ക് ചെയ്ത് വീട്ടിലേക്ക് ഇറങ്ങി.

കൊറിയൻ സിനിമയൊക്കെ കണ്ടു നാളെ പോയാൽ മതിയെന്ന് പാറു കുറേ നിർബന്ധിച്ചു. ബാക്കി എല്ലാവർക്കും നാളെയെ പോകാൻ പറ്റു.

ദൂരം കൂടുതൽ ഉള്ളതല്ലേ. എനിക്ക് എന്തോ വീട്ടിൽ പോകാൻ തോന്നി.

ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി. പോകും വഴിയും വീട്ടിൽ ചെന്നിട്ടും ഇടക്ക് ഏട്ടനെ ഓർക്കും.

മെസ്സേജ് അയച്ചാലോ? വേണ്ട. വെറുതെ എന്തിനാ അല്ലേ. എന്തെങ്കിലും കഴിച്ചെന്നു വരുത്തി.

വിശേഷമെല്ലാം നാളെ പറയാമെന്നു അമ്മയോട് പറഞ്ഞു നേരത്തേ കിടന്നു.

രാവിലെ ഫോൺ ബെൽ ചെയ്യുന്ന കേട്ടാണ് ഉണർന്നത്.

“ഹലോ”

“എന്നാ പാറു നിനക്ക് ഉറക്കവും ഇല്ലേ?”

“ഡീ നന്ദനയെ കാണാൻ ഇല്ലെന്ന്…”

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9