Saturday, December 14, 2024
Novel

അനുരാഗം : ഭാഗം 1

എഴുത്തുകാരി: അഞ്ജലി അഞ്ജു


“അനൂ നിനക്ക് കോളേജിൽ പോകണ്ടേ പെണ്ണെ എണീക്ക്.”
“ഓഹ് നശിപ്പിച്ചു ഇപ്പോ ആളുടെ മുഖം കാണാമായിരുന്നു. ഈ അമ്മയെ കൊണ്ട് തോറ്റു.”
“എന്താണ് പെണ്ണെ നിനക്ക് വട്ടുണ്ടോ.പിച്ചും പേയും പറയുന്നേ.ആരുടെ മുഖം കാണുന്ന കാര്യമാ നീ പറയുന്നത്?

“ഓ ഇനി ഇപ്പോ പറഞ്ഞിട്ട് എന്ത് കാര്യം സ്വപ്നത്തിൽ എങ്കിലും ഒന്നു പുഷ്പ്പിക്കാം എന്ന് വിചാരിച്ചാൽ അതിനു പോലും സമ്മതിക്കില്ല.അമ്മയ്ക്ക് വല്ല കുങ്കുമപ്പൂവും കഴിച്ചുകൂടായിരുന്നോ?”

“ഇനി ഇപ്പോ ഞാൻ കുങ്കുമപ്പൂവ് കഴിച്ചിട്ട് എന്തിനാ?”

“ഇപ്പോ കഴിക്കുന്ന കാര്യം അല്ല പണ്ടേ കഴിക്കണായിരുന്നു.എങ്കിൽ ഞാൻ നല്ല വെളുത്തു തുടുത്തു ഇരുന്നേനെ.ഇതിപ്പോ കോലം കണ്ടില്ലേ.

എനിക്ക് സംശയം അമ്മ മനപൂർവം എന്നെ കൊണ്ട് പോയി വെയിലത്തു കിടത്തിയതാണോ എന്ന്.”

“നിന്നെ വെയിലത്തു കിടത്തിയിട്ട് എനിക്ക് എന്ത് കിട്ടാനാ.”

“അല്ലാതെ ഞാൻ എങ്ങനാ ഇത്ര കറുത്ത് പോയെ.”

“ആഹാ ബെസ്റ്റ് ഇനി എന്നെ പറഞ്ഞോ.ദേ പുറത്ത് ഒരാൾ പത്രം വായിക്കുന്നുണ്ട്.ആ മുഖത്തേക്ക് നോക്കിയിട്ട് നീ എന്നെ പറ കേട്ടോ.”

ശെരിയാണ് പറഞ്ഞിട്ട് കാര്യം ഇല്ലാ അച്ഛന്റെ ഫോട്ടോകോപ്പി ആണ് ഞാൻ എന്ന് എല്ലാരും പറയും.
“ഓ മാനുഫാക്റ്ററിങ് ഡിഫക്ട് !”

“അച്ഛൻ കേൾക്കണ്ട കേട്ടോ നല്ല അടി കിട്ടും.”

“അമ്മയ്ക്ക് ഗ്ലാമർ ഉള്ള ആരെയെങ്കിലും കെട്ടാൻ പാടില്ലായിരുന്നോ?”

അമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.കളി കാര്യം ആയോ വേണ്ടായിരുന്നു. അമ്മയെ നോക്കി വെളുക്കെ ചിരിച്ചു കാണിച്ചു ഞാൻ ഓടി ബാത്‌റൂമിൽ കേറി.

ഞാൻ അനു എന്ന അനുരാഗ. ഇപ്പോ എന്നെ കൊല്ലാൻ നിന്ന കക്ഷി എന്റെ അമ്മ ആണ് രേവതി സിദ്ധാർത്ഥൻ. പത്രം വായിക്കുന്നത് പിതാശ്രീ ആണ് സിദ്ധാർത്ഥൻ.

ഞാൻ ഒറ്റയാൻ ആണ് കേട്ടോ.ഇപ്പോ തൊടുപുഴയിൽ എഞ്ചിനീയറിംഗ് ഒന്നാം വർഷം പഠിക്കുവാ. ബാക്കി എല്ലാം വഴിയേ പറഞ്ഞു തരാം.

കുളിയൊക്കെ കഴിഞ്ഞു നേരെ കഴിക്കാൻ പോയി.

“ആഹാ ഇന്നും പുട്ടാണോ ! ഇങ്ങനെ പോയാൽ ഈ വീട്ടിലെ ദേശീയ ഭക്ഷണം പുട്ട് ആക്കണമല്ലോ 🙄.”

“അതിന് ഇന്നലെ ദോശ അല്ലായിരുന്നോ?” അമ്മയാണ്.

“എന്റെ അമ്മേ എല്ലാ ആഴ്ചയും ഇങ്ങോട്ട് വരുന്നത് ഹോസ്റ്റലിലെ ഫുഡ്‌ മടുത്തിട്ടാണ്. അപ്പോ അമ്മ പുട്ട് തന്നാൽ ദേഷ്യം വരില്ലേ.”

“ഇന്ന് നിനക്ക് പോവണ്ടേ? അത് കൊണ്ട് എളുപ്പത്തിനാ പുട്ട് ഉണ്ടാക്കിയേ.അല്ലെങ്കിലും എന്നെ ആരെങ്കിലും സഹായിക്കുവോ അടുക്കളയിൽ. കെട്ടിക്കാൻ ആയ പെണ്ണാണ്. എന്നെ കുറ്റം പറഞ്ഞു നടന്നോ എന്തെങ്കിലും ഉണ്ടാക്കാൻ നിനക്ക് അറിയുവോ.”

“എന്റെ ദൈവമേ എനിക്ക് ഒന്നും വേണ്ട.ഞാൻ ഇത് കഴിച്ചോളാം.പിന്നെ ഞാൻ ഇന്ന് ഉച്ച കഴിഞ്ഞേ കോളേജിൽ പോകുന്നുള്ളൂ.”
“അതെന്താ?”

“എനിക്ക് വയ്യാ.. ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചിട്ട് എന്തെങ്കിലും കൊണ്ടും പോകാം.അപ്പോ പിന്നെ വൈകിട്ടും അവിടുന്ന് കഴിക്കണ്ടല്ലോ.”

“അപ്പോ ഇന്ന് ലീവ് ആകില്ലേ. ഇത് നിന്റെ സ്ഥിരം പരിപാടിയാണല്ലോ മടിച്ചി ആയി പോയി ഈ പെണ്ണ്.”

“എന്റെ പൊന്ന് അമ്മ അല്ലേ എനിക്ക് നിങ്ങളെ ഇട്ടിട്ട് പോകാനുള്ള മടി കൊണ്ടല്ലേ പ്ലീസ്.”
“എന്തെങ്കിലും ചെയ്യ് ഞാൻ എന്ത് പറയാനാ.
അല്ല അച്ഛൻ എന്തെ?”

“അച്ഛൻ ഇന്ന് നേരത്തെ ഓഫീസിൽ പോയി.

എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറയുന്ന കേട്ടു.”
“നീ വേഗം കഴിച്ചേ നീ ഉണ്ടെങ്കിൽ എന്റെ പണി കൂടെ നടക്കില്ല.”
“ഓ ഇപ്പോ നമ്മളെ ഒന്നും വേണ്ട.”

മുഖം കോട്ടിക്കൊണ്ട് ഞാൻ പറഞ്ഞു.

വേഗം കഴിച്ചിട്ട് റൂമിലേക്ക് എത്തുമ്പോൾ ഫോൺ ബെൽ ചെയ്യുവായിരുന്നു.

ഓടി പോയി എടുത്തു. ആഹാ നമ്മടെ ചങ്ക് ആണ് പാർവ്വതി എന്ന നമ്മടെ പാറു. വേഗം ഫോൺ എടുത്തു.
“പ്രാന്തി നീ ഇന്നും വരില്ലേ?”
“ഇല്ലല്ലോ മുത്തേ.”

“എന്ത് ദുഷ്ടയാണ്.ഞാൻ ഒറ്റക്ക് ആവില്ലേ.എപ്പോളും ഇതാ നിന്റെ പരിപാടി.”
“അതിന് അവിടെ നമ്മുടെ പിള്ളേരൊക്കെ ഉണ്ടല്ലോ.”

“അതൊക്കെ ഉണ്ട്.എന്നാലും ക്ലാസ്സിൽ നീ കൂടെ ഇല്ലെങ്കിൽ ബോറാണ്. ക്ലാസ്സ്‌ തുടങ്ങിയാൽ എല്ലാം ശവം ആണ്.അനങ്ങാതെ ഇങ്ങനെ ഇരിക്കും.

എനിക്ക് ഉറക്കം വരും.നീ ഉണ്ടേൽ നമുക്ക് പൂജ്യം വെട്ടി എങ്കിലും കളിക്കാമല്ലോ.”
“നീ ഒറ്റ ഒരാളാണ് എന്നെ നശിപ്പിക്കുന്നത്.”

“ഇനി എന്നെ പറഞ്ഞോ നല്ല അടക്കവും ഒതുക്കവും ഉണ്ടായിരുന്ന എന്നെ ചീത്ത ആക്കിയത് നീയാണ്.”

അത് ശെരിയാണ് കേട്ടോ നമ്മടെ പാറു ഒരു പാവം ആയിരുന്നു. പ്ലസ് ടു വരെ പെൺകുട്ടികൾ മാത്രം ഉള്ള സ്കൂളിൽ പഠിച്ച ഒരു നാണം കുണുങ്ങി. ഇപ്പോളും അങ്ങനെ തന്നെയാ എങ്കിലും എന്റെ കൂടെ ഉള്ളതിന്റെ ഒരു മാറ്റം ഒക്കെ ഉണ്ട് 🤭.

“ഓ പിന്നെ നിന്റെ ഉള്ളിൽ ഉറങ്ങി കിടന്ന സ്വഭാവം എന്റെ കൂടെ കുടിയപ്പോ പുറത്ത് വന്നു അത്രേ ഉള്ളു. ഞാൻ നിങ്ങൾക്കുള്ള ഫുഡും കൊണ്ടാണ് വരുന്നത് നിനക്ക് വേണ്ടെങ്കിൽ ഞാൻ ഇപ്പോ വരാം.”

“ഫുഡ്‌ കൊണ്ട് വരുവോ അത് നേരത്തെ പറയണ്ടേ. കുറച്ചു കഷ്ടപ്പാട് സഹിച്ചാലും ഫുഡിന്റെ കാര്യം അല്ലേ നീ ഉച്ചക്ക് വന്നേക്കണം.”
“ഓക്കേ.”

ശോ എന്തൊക്കെ പറഞ്ഞാലും അങ്ങോട്ട് പോണത് ഓർക്കുമ്പോ മടിയാണ്. ഹോസ്റ്റൽ ഒക്കെ പോളിയാണ് എങ്കിലും എന്തോ മിസ്സിംഗ്‌.

വീട്ടിൽ നിന്ന് മാറി നിക്കാത്ത കൊണ്ടാവും. പിന്നെ ഞങ്ങളുടെ റൂം ഒക്കെ സൂപ്പറാ. റൂം നമ്പർ 26. നല്ല പേര് കേട്ട റൂം. എല്ലാർക്കും നല്ല അഭിപ്രായം നല്ല പിള്ളേർ സത്യം ഞങ്ങൾക്ക് അല്ലേ അറിയുള്ളു.

ഞങ്ങൾ 7 പേരാണ് ഞാൻ പാറു,റോസ്, തസ്, പാത്തു , ആദി , വൈഗ. ആദി മാത്രം വേറെ ഡിപ്പാർട്മെന്റ് ആണ്. ബാക്കി എല്ലാരും സിവിൽ. ബാക്കി ഒക്കെ വഴിയേ പറഞ്ഞു തരാം.

“ദേ അനു സൂക്ഷിച്ചു പോകണം കേട്ടോ. തൃശൂരിൽ ഒരു കുട്ടിയെ കാണാതെ ആയിട്ട് ഇപ്പോ ഒരാഴ്ച്ച ആയി ഒരു വിവരവും ഇല്ല. ഇതൊക്കെ കേൾക്കുമ്പോൾ പേടിയാണ്.”

“എന്തിനാണ് എന്റെ അമ്മക്കുട്ടി പേടിക്കുന്നത് അല്ലെങ്കിലും ഒരു പട്ടി പോലും അമ്മയുടെ മോളെ നോക്കില്ല.പിന്നെ നോക്കിയാലും എന്റെ സ്വഭാവം അറിയാല്ലോ ആ കാര്യത്തിൽ അമ്മ പേടിക്കണ്ട.”

അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സങ്കടം വന്നു

.എല്ലാ ആഴ്ചയും ഇത് തന്നെ അവസ്ഥ.അമ്മയ്ക്കും സങ്കടം ഒക്കെ തന്നെയാ പുറത്ത് കാണിച്ചാൽ ഞാൻ പോകില്ല എന്ന് അറിയാം അതാ കാണിക്കാത്തത്.

മൂന്നു മണി ആയി ഹോസ്റ്റലിൽ എത്തിയപ്പോൾ. നേരെ കീ എടുത്തു റൂമിൽ കേറി. ആഹാ എന്ത് മനോഹരമായ മുറി.അമ്മയെങ്ങാനും വന്നു കണ്ടാൽ ഞങ്ങളെ തല്ലും.

പറഞ്ഞിട്ട് കാര്യം ഇല്ലാ ഈ ഏഴു പേരും കൂടെ ഈ റൂമിൽ അഡ്ജസ്റ്റ് ചെയ്യുന്ന പാട് ഞങ്ങള്ക്ക് അല്ലേ അറിയുള്ളു. ഞാൻ ബാഗ് ഒക്കെ വെച്ച് നേരെ കേറി ഫ്രഷ് ആയി.

പിന്നെ പോയി ഞങ്ങളുടെ ഫേവറേറ്റ് സ്ഥലത്ത് ഇരുന്നു. റൂമിലെ ജനലിന്റെ സൈഡിൽ ആയി ഒരു ഡെസ്കും ബെഞ്ചും ഉണ്ട്.

എഞ്ചിനീയറിംഗ് കോളേജ് കൂടാതെ പോളിയും ആർട്സ് കോളേജും ഡെന്റൽ കോളേജും ഒക്കെ ഒരു പ്ലോട്ടിൽ തന്നെയാണ്.

കോളേജിൽ കയറുന്ന മെയിൻ എൻട്രൻസിന് അടുത്താണ് ഞങ്ങളുടെ ഹോസ്റ്റൽ. അതിൽ മൂന്നാമത്തെ നിലയിൽ ആണ് ഞങ്ങളുടെ റൂം.

അപ്പോ എന്ത് കൊണ്ടാണ് ഇത് ഫേവറേറ് സ്ഥലം ആയതെന്ന് മനസിലായില്ലേ.

ജനലിന്റെ കർട്ടൻ ഇട്ടിട്ട് റോഡിലൂടെ പോകുന്നവരെ നിരീക്ഷിക്കൽ (വായിനോട്ടം) ആണ് പ്രധാന പരിപാടി.

അതിനു ആണുങ്ങളെ മാത്രം അല്ല പെൺപിള്ളേരെയും നോക്കും എന്നിട്ട് കുറ്റം പറയും 🤭 പരദൂഷണം അല്ലാതെന്ത്‌.
അവർ വരുന്നുണ്ടോ എന്ന് നോക്കി ഞാൻ അവിടെ ഇരുന്നു.

പിള്ളേരൊക്കെ വരുന്നുണ്ട്.
എല്ലാരേയും നോക്കി കമന്റ്‌ ഒക്കെ മനസ്സിൽ അടിച്ചോണ്ട് ഇരിക്കുമ്പോ ദേ വരുന്നു നമ്മടെ ചങ്ങായിമാർ.ആടിപ്പാടി വരുന്നുണ്ട് എല്ലാം. ഞാൻ നോക്കി ഇരുന്നു.

“മുത്തേ കഴിക്കാൻ എന്താണ് കൊണ്ടുവന്നത്.”കേറി വന്നതും ആദി ചോദിച്ചു.

“അതൊക്കെ ഉണ്ട് പോയി എല്ലാം ഫ്രഷ് ആയി വാ.”

“ഓ കഴിച്ചിട്ട് ഒക്കെ ഫ്രഷ് ആവാം വിശക്കുന്നു.”

“റോസ് പറഞ്ഞത് ശെരിയാ.നീ വരും എന്ന് പറഞ്ഞ കൊണ്ട് ഉച്ചക്ക് ഫുഡ്‌ ഞങ്ങൾ കഴിച്ചില്ല.”

“എങ്കിൽ വാ നമുക്ക് കഴിക്കാം.”

എല്ലാവരും കൈ കഴുകി വല്യ വട്ടത്തിൽ ഇരുന്നു.

അമ്മ തന്ന പൊതി എടുത്ത് നടുക്ക് വെച്ചു ഞങ്ങൾക്ക് ഒന്നിച് കഴിക്കാൻ വേണ്ടി വലിയ വാഴയില വാട്ടി അതിലാണ് ചോറ് കൊണ്ട് വരുന്നത്. എന്തൊക്കെ പറഞ്ഞാലും വീട്ടിലെ ഭക്ഷണത്തിനു പ്രത്യേക രുചിയാണ്.

“അല്ലെങ്കിലും അനുവിന്റെ അമ്മയുടെ ചെമ്മീൻ കറി പൊളിയാണ്.” വൈഗയുടെ കമന്റ്‌ ആണ്. പറയുമ്പോ ആള് വെജിറ്റേറിയൻ ആണ് പക്ഷെ നോൺ വെജിന്റെ ഗ്രേവി അവൾക്ക് വല്യ ഇഷ്ടം ആണ്.

ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഞങ്ങൾ എഴുന്നേറ്റു.

പിന്നെ കുറച്ചു നേരം കഴിച്ചതിന്റെ ക്ഷീണത്തിൽ കിടന്നു. അല്ലെങ്കിലും കഴിക്കുക ഉറങ്ങുക വായിനോക്കുക പരദൂഷണം പറയുക ഇത് തന്നെ പരിപാടി. പിന്നെ ഞങ്ങൾ എല്ലാരും കൂടെ ഒന്നിച്ചു രാത്രിയിൽ സിനിമ കാണും അതൊക്കെ പൊളി ഫീലിംഗ് ആണേ.

കൊറിയൻ സീരിയലിന്റെ ആളുകളാണ് ഞാനും പാറുവും.അവൾ എന്റെ ബെസ്റ്റി ആവാൻ അതും കാരണമായെന്ന് തോന്നുന്നു.

“അനു നീ ഈ ആഴ്ച വീട്ടിൽ പോകണ്ട കേട്ടോ.”
“അതെന്താ?”

“അടുത്ത ആഴ്ച കോളേജ് യൂണിയൻ ഉത്ഘാടനം ആണ്. കുറേ പരിപാടി ഒക്കെ ഉണ്ട്. നീ പോവല്ലേ.”

“ആഹ് നോക്കട്ടെ.”

“നോക്കാൻ ഒന്നും ഇല്ലാ ഓണം സെലിബ്രേഷനു പോലും നീ നിന്നില്ലല്ലോ എല്ലാം എൻജോയ് ചെയ്യണം.ലാസ്റ്റ് എല്ലാം മിസ്സ്‌ ചെയ്തിട്ട് വിഷമിച്ചിട്ടു കാര്യം ഇല്ലാ നീ മര്യാദക്ക് നിന്നോണം.അല്ലെങ്കിൽ പിന്നെ എന്നോട് മിണ്ടാൻ വരണ്ട.”

“എന്റെ പാറു നീ പിണങ്ങാതെ അടുത്ത ആഴ്ച അല്ലേ നമുക്ക് ശെരിയാക്കാം.”
അപ്പോളാണ് അവളുടെ ഫോൺ ബെൽ ചെയ്തത്. ആഹാ ചിരി കണ്ടാലേ അറിയാം ആരാ വിളിക്കുന്നതെന്ന്.
“ആഹ് പൊയ്ക്കോ പൊയ്ക്കോ…”

അവളുടെ ചേട്ടായി ആണ് വിളിക്കുന്നത്. കട്ട പ്രണയം ആണ്.

ഇത് വല്ലതും നടക്കുമോ എന്തോ.

ഞാൻ ഇത് പറയുമ്പോ നിങ്ങൾ ഓർക്കും അതിൽ എന്തോ കുഴപ്പം ഉണ്ടല്ലോ എന്ന് ഇവളെ എനിക്ക് നന്നായി അറിയാം ആളൊരു പാവം അമ്പലവാസി ആണ് അവളുടെ വീട്ടിലും അങ്ങനെ തന്നെയാ ആ ചെറുക്കൻ ആണെങ്കിൽ അച്ചായൻ ആണ് ഇതൊക്കെ എങ്ങനെ നടക്കാൻ ആണ് അല്ലെങ്കിൽ ഇവൾ അതിനുള്ള ധൈര്യം കാണിക്കണം ആഹ് പിന്നെ പ്രണയം എന്ന് പറയുമ്പോ ചുറ്റും ഉള്ളത് ഒന്നും അറിയില്ലല്ലോ. നടക്കുമായിരിക്കും…

രാവിലെ ഒരു ബഹളം ആണ് എല്ലാരും സമയത്ത് എണീറ്റ് റെഡി ആവാൻ ഉള്ള ഓട്ടം. ഞാനും പാറുവും പാത്തുവും ആണ് ഹോസ്റ്റലിലെ ലാസ്റ്റ് ബസ്. ക്ലാസ്സിൽ മിസ്സ്‌ വരും മുന്നേ ചെല്ലാൻ പിന്നെ ഒരു ഓട്ടം ആണ്. ക്ലാസ്സ്‌ പിന്നെ എല്ലാം ബോർ ആണല്ലോ.

സിവിലിന്റെ ക്ലാസ്സിൽ ഒന്നും മനസിലാവാതെ ഞാൻ പാറുവിനെ നോക്കുമ്പോ ദേ ആള് ഉറങ്ങി താഴെ വീഴാൻ പോകുന്നു. കയ്യിലൊരു പിച്ചും കൊടുത്ത് ഞാൻ കണ്ണുരുട്ടി കാണിച്ചു.

പിന്നെ സീനിയർസ് ഒക്കെ പരിപാടിയുടെ പേരും പറഞ്ഞു അലഞ്ഞു തിരിഞ്ഞ് നടക്കുന്നു.
ആഹ് അടുത്ത വർഷം തൊട്ട് ഈ പേരും പറഞ്ഞെങ്കിലും നടക്കാം.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു യൂണിയൻ ഡേ ആയി. എന്ത് കോളേജ് ആണോ ഇന്നും ഞങ്ങൾക്ക് യൂണിഫോം തന്നെ.

ഞങ്ങളുടെ കോളേജിന് നടുമുറ്റത്ത് ആയിട്ട് ആയിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. വേറെ പണി ഒന്നും ഇല്ലാത്ത കൊണ്ട് ഞങ്ങൾ ആദ്യം തന്നെ പോയി സീറ്റ്‌ ഒക്കെ പിടിച്ചു. ഞങ്ങടെ സ്ഥിരം പരിപാടി നടത്തിക്കൊണ്ട് ഇരിക്കുന്നു. വായിനോട്ടം.

സത്യം പറയാല്ലോ കാണാത്ത കുറേ ചേട്ടന്മാരെ കണ്ടു എല്ലാരേയും നോക്കി നോക്കി കോങ്കണ്ണ് വരുമോ ദൈവമേ. ആ കാര്യത്തിൽ ഞങ്ങൾ എല്ലാരും കണക്കാണ് പാത്തു ഒഴിച്ച്.വായി നോക്കാനും ഒരു ബുദ്ധി വേണമല്ലോ.

അങ്ങനെ പരിപാടി ഒക്കെ കണ്ടിരിക്കുമ്പോ ആണ് അത് സംഭവിച്ചത്. ഡാൻസ് കളിക്കാൻ കേറിയവരുടെ കൂട്ടത്തിൽ ദേ എന്റെ സ്വപ്നങ്ങളിലെ രാജകുമാരൻ!..

നീണ്ട എണ്ണമയം ഇല്ലാത്ത മുടിയിഴകൾ.കണ്ടാലോ കുളിക്കാത്ത കോലം. മറ്റുള്ളവരെ ശ്രെദ്ധിക്കാതെ തെറ്റിച്ചൊക്കെ ആണ് കളിക്കുന്നത് പക്ഷെ അതിനും എന്തോ ഭംഗി ഉണ്ടായിരുന്നു.

തവിട്ടു നിറത്തിലെ ആ കണ്ണുകളിൽ ഒരിക്കലെങ്കിലും എന്റെ പ്രതിബിംബം പതിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അലസമായി വെക്കുന്ന ചുവടുകൾ നോക്കി ഞാൻ ഇരുന്നു.

സത്യം പറയാല്ലോ തട്ടത്തിൻ മറയത്തിൽ നിവിൻ പറഞ്ഞ പോലെ
“ചുറ്റുമുള്ള ഒന്നും ഞാൻ പിന്നെ കണ്ടില്ല…”

തുടരും…