Novel

അനുരാഗം : ഭാഗം 15

Pinterest LinkedIn Tumblr
Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു

Thank you for reading this post, don't forget to subscribe!

നിറയെ പ്രതീക്ഷകളോടെയാണ് അവസാന വർഷത്തിലേക്ക് ഞങ്ങൾ കാലെടുത്തു വെച്ചത്. കോളേജിലെ സൂപ്പർ സീനിയേഴ്സ് നന്നായി ഈ വർഷം ആഘോഷിക്കണം.

ഈ വർഷം ആണെങ്കിൽ പഠിക്കാനും അധികം ഒന്നും ഇല്ല. സെമിനാറും പ്രൊജക്റ്റും വൈവയും എല്ലാം കൂടെ ആകെ ഒരു ബഹളം.

ഇടയ്ക്കൊക്കെ ഏട്ടനെ ഓർക്കുമ്പോൾ ചെറിയ സങ്കടം വരുമെങ്കിലും ഞാൻ ഏട്ടന് മിസ്സ്‌ കാൾ അടിച്ചു ആ വിഷമം മാറ്റാറുണ്ട്. ആള് ഡീസന്റ് ആയ കൊണ്ട് ഇത് വരെ തിരികെ വിളിച്ചിട്ടില്ല.

ഞാനും പാറുവും പാത്തുവും എന്നും താമസിച്ചേ കോളേജിൽ ചെല്ലാറുള്ളു. ഓരോ ദിവസവും ഓരോ കാരണങ്ങൾ ഉണ്ടാവും.

വെള്ളം ഇല്ലായിരുന്നു ഫുഡ്‌ ഇല്ലായിരുന്നു കറന്റ്‌ ഇല്ലായിരുന്നു അങ്ങനെ അങ്ങനെ.. ആദ്യമൊക്കെ മിസ്സ്‌ വെറുതെ വിടുമായിരുന്നു പിന്നെ പിന്നെ ഞങ്ങളെയും ക്ലാസ്സിൽ കയറ്റാതെ ആയി.

അതായിരുന്നു ഞങ്ങൾക്കും ഇഷ്ടം. ക്യാമ്പസ്സിനുള്ളിൽ ഞങ്ങൾ പൂണ്ടു വിളയാടി എന്ന് വേണം പറയാൻ.

പക്ഷെ അപ്പോളും പുറത്ത് പോയി എല്ലാവരും ഒന്നിച്ചു ഒരു സിനിമ കാണണം എന്ന ഞങ്ങളുടെ ആഗ്രഹം മാത്രം നടന്നില്ല.

എപ്പോളും ഭയങ്കര പ്ലാനിങ് ആണ് അവിടെ പോകാം ഇവിടെ പോകാം പക്ഷെ സമയം ആവുമ്പോ ആരും ഉണ്ടാവില്ല. ആരെയും വീട്ടിൽ നിന്ന് വിടില്ല അതാണ് സത്യം. ഇത്തവണ ഏതായാലും ഞങ്ങൾ സിനിമക്ക് പോവും.

നമ്മുടെ പാത്തുവിന് അതിനിടക്ക് കല്യാണ ആലോചനകൾ വരാൻ തുടങ്ങി. പാവം അവളെ കെട്ടിച്ചിട്ട് വേണം അവളുടെ ഏട്ടനു കല്യാണം കഴിക്കാൻ. ഞങ്ങളുടെ സീനിയർ ഒരു ഏട്ടൻ അവളെ ആലോചിച്ചു വീട്ടിൽ ചെന്നത്രെ.

ആൾക്ക് അവളെ ഇഷ്ടമായിരുന്നു. വീട്ടുകാർക്കും സമ്മതം. പുള്ളിയുടെ ഇഷ്ടം ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാ പറയാനാ അവള് പോലും അറിഞ്ഞില്ല അപ്പോളാ… ഏതായാലും ആള് ഇപ്പോൾ ഹാപ്പി ആണ്.

അടുത്ത വർഷം കല്യാണം ഉണ്ടാവും. അത് നന്നായി ഇനി അവളുടെ കല്യാണത്തിന് ഞങ്ങൾക്ക് എല്ലാർക്കും ഒത്തു കൂടാമല്ലോ. ക്ലാസ്സിലെ ചില കുട്ടികളുടെ കല്യാണമൊക്കെ ഈ വർഷം ഉണ്ട്. എല്ലാം നന്നായി ആഘോഷിക്കണം.

സമയം വളരെ വേഗത്തിൽ കടന്നു പോയി കൊണ്ടിരുന്നു. ഒരു വിധം ഞങ്ങളുടെ ആഗ്രഹങ്ങളൊക്ക നടത്തിയിരുന്നു.

കോളേജിലെ ഓരോ നിമിഷങ്ങളും ഏറ്റവും നന്നായി തന്നെ അനുഭവിച്ചിരിക്കുന്നു. കുറേ നല്ല സൗഹൃദങ്ങൾ ഒരു കൊച്ചു പ്രണയം. ഹി ഹി പ്രണയം എന്ന് പറയാൻ പറ്റുവോ എന്നറിയില്ലാട്ടോ.

സിനിമക്ക് പോയില്ല എപ്പോളത്തെയും പോലെ അവസാനം ഞാനും പാറുവും മാത്രം ആയി.

പിന്നെ ആ വാശിക്ക് ഞങ്ങൾ നേരെ എന്റെ വീട്ടിൽ പോയി കുറച്ചു ദിവസം നിന്നു. അതും ഇപ്പോൾ പണി ആയി ഇരിക്കുവാ.

അവൾ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി ആണല്ലോ നന്നായി പണിയും എടുക്കും നിന്ന രണ്ടു ദിവസം കൊണ്ട് അവൾ എന്റെ അമ്മയെ കറക്കി എടുത്തു.

ഇപ്പോൾ എന്ത് ചെയ്താലും അവളെ കണ്ടു പഠിക്കാൻ പറയും പാവം ഞാൻ! എന്റെ ഒരു അവസ്ഥ.

🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯

“അനു…. ഓഹ് ഈ പെണ്ണിനെ കൊണ്ട് തോറ്റു. പഠിക്കാൻ പോകുന്നത് പോലെ ആണോ.. വീട്ടിൽ ഇരിക്കുമ്പോൾ എങ്കിലും എന്തെങ്കിലും സഹായം ചെയ്തു കൂടെ.

അതെങ്ങനാ ഏത് നേരം ആ കുന്തത്തിൽ നോക്കി ഇരുന്നോളും അവനവന്റെ കാര്യം പോലും നോക്കാൻ അവൾക്ക് വയ്യാ.”

“അനു…. ഇന്നിവളെ ഞാൻ ശെരിയാക്കും. ഡീ നിനക്ക് ചെവി കേൾക്കില്ലേ?”

“എന്താ അമ്മേ.??”

“എത്ര നേരായിട്ട് ഞാൻ വിളിക്കുവാ. മഴ വരുന്നു ആ തുണിയൊക്കെ എടുത്ത് ഇട്.”

“ഞാൻ പാട്ട് കേൾക്കുവായിരുന്നു.”

“നിനക്ക് ഈ കുന്തവും വെച്ചു ഇരുന്നാൽ മതിയല്ലോ. എനിക്ക് നിന്റെ പ്രായത്തിൽ ഒരു കൊച്ചായായിരുന്നു.”

“അതിനിപ്പോ ഞാൻ എന്നാ ചെയ്യാനാ.
നിനക്ക് വല്ല ഉത്തരവാദിത്തവും ഉണ്ടോ? കെട്ടിച്ചു വിട്ട് കഴിഞ്ഞ് ആ വീട്ടുകാർ എന്നെയേ കുറ്റം പറയു..”

എന്ത് കഷ്ടാവാണ് എപ്പോളും എന്റെ പുറകേ നടന്നു ദേഷ്യപ്പെടുന്നതാണ് ഇപ്പോൾ അമ്മയുടെ പ്രധാന പരിപാടി. പഠിക്കാൻ പോവുന്നത് തന്നെ ആയിരുന്നു നല്ലത്. ശോ ഒരു ജോലി എങ്കിലും കിട്ടിയാൽ മതിയായിരുന്നു.

“നോക്കി നിക്കാതെ പോയി തുണി എടുക്ക്.”

മറുപടി ഒന്നും പറയാതെ ഞാൻ തുണി എടുക്കാൻ പോയി.

വല്ലതും പറഞ്ഞാൽ അതിൽ കൂടുതൽ അമ്മ പറയും അമ്മയോട് പറഞ്ഞു ജയിക്കാൻ ആർക്കും പറ്റില്ല. ഇപ്പോൾ സ്ഥിരം ആയ കൊണ്ട് ശീലമായി വരുന്നുണ്ട്.

അമ്മ പറയും ഞാൻ അത് ഒരു ചെവി കൊണ്ട് കേട്ടു മറ്റേ ചെവിയിൽ കൂടെ കളയും. അതാണ് എന്റെയും അമ്മയുടെയും ആരോഗ്യത്തിനു നല്ലത്. പാവം അച്ഛൻ!!! എങ്ങനെ സഹിക്കുന്നൂ..

തുണി എടുത്ത് റൂമിലേക്ക് വരുമ്പോൾ ഫോൺ റിങ് ചെയ്യുന്നു. സ്‌ക്രീനിൽ പാറുവിന്റെ പേര് തെളിഞ്ഞിരുന്നു.
“എവിടാണ് പോത്തേ??”

“അനു ഞാൻ ഒളിച്ചോടാൻ പോകുവാ…!”

“ഏഹ് ഒളിച്ചോടാനോ? ആരുടെ കൂടെ?”

“ഒറ്റക്ക്. നീ വരണുണ്ടോ?”

“ഒറ്റക്കോ നീ എന്തൊക്കെയാ പറയുന്നേ പാറു?”

“മടുത്തു. വീട്ടിൽ ആണേൽ എപ്പോളും അമ്മയുമായി ഇടിയാ. പുറത്ത് ഇറങ്ങിയാൽ നാട്ടുകാർക്കും ബന്ധുക്കൾക്കും എന്നെ ഇപ്പോൾ കെട്ടിക്കണം. എനിക്ക് വയ്യാ. വല്ല ജോലിയും കിട്ടിയിരുന്നെങ്കിൽ അവിടെങ്കിലും മനസമാധാനം കിട്ടിയേനെ.”

“അഹ് ബെസ്റ്റ് അതാണോ കാര്യം. നിസാരം… !
ദേ ഇവിടെയും അതേ അവസ്ഥ തന്നെയാ. എന്ത് ചെയ്യാനാ??”

“ശോ പ്രാന്ത് പിടിക്കുവാ..”

“നമുക്ക് എല്ലാം ശെരിയാക്കാം നീ സമാധാനപ്പെടു.അടുത്ത ആഴ്ചയല്ലേ പാത്തുവിന്റെ കല്യാണം. അത് കഴിഞ്ഞ് നമുക്ക് എവിടേലും ജോലിക്ക് കേറാം.”

“ഓ ജോലി ശെരിയാക്കി വെച്ചിരിക്കുവല്ലേ…”

“അതല്ല പൊട്ടി. അവളുടെ കല്യാണത്തിന് സീനിയേഴ്സ് ഒക്കെ വരില്ലേ അവരോടൊക്കെ പറയാമെന്നേ. എന്തെങ്കിലും ഒരു വഴി കാണും.”

“അത് ശെരിയാണല്ലോ. അത് കൊള്ളാം.
അല്ല അനു നമ്മൾ ഡ്രസ്സ്‌ കോഡ് ഫിക്സ് ചെയ്തില്ലല്ലോ?”

“അവരെ വിളിക്കാം.. ദേ സാരി മതി കേട്ടോ. എങ്കിലേ ഒരു ഗും കാണുള്ളൂ.”

“അത് പിന്നെ അത്രേ ഉള്ളൂ ഒന്നാമതേ വീട്ടിൽ തന്നെ നിന്ന് തടിച്ചി ആയി. സാരി ആവുമ്പോ വല്യ പ്രശ്നം ഉണ്ടാവില്ല.”

“ഇവിടെയും അതേ അവസ്ഥയാ. എന്നാലും മുത്തേ എല്ലാവരെയും കാണാമല്ലോ. കാത്തിരിക്കുവാ..”

“ഞാനും. ആഹ് ഞാൻ പിന്നെ വിളിക്കാം. അമ്മ വിളിക്കുന്നു. പോട്ടെ”

“ബൈ ഡാ..”

പിന്നെ ഒരാഴ്ച്ച പാത്തൂന്റെ കല്യാണത്തിനായുള്ള കാത്തിരിപ്പായിരുന്നു. സാരി എടുപ്പും ബ്ലൗസ് തയ്ക്കലും ആകെ ബഹളം.

തലേ ദിവസം തന്നെ ഞങ്ങൾ പാത്തൂന്റെ അടുത്ത് ചെന്നു. അവൾ ആകെ ടെൻഷനിൽ ആയിരുന്നു. അവളെ സമാധാനിപ്പിച്ചു.

അവളുടെ കൂടെ തന്നെ ഞങ്ങൾ നടന്നു. കുറേ അധികം വിശേഷങ്ങൾ എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നു എല്ലാവരും പഴയ പോലെ ഒരു റൂമിൽ തന്നെ കിടന്നു.

ഞങ്ങൾ സാരി ആയിരുന്നു. കരി നീല നിറത്തിലുള്ള ബ്ലൗസും പല കളർ സാരിയും ആയിരുന്നു ഡ്രസ്സ്‌ കോഡ്.

ഞാൻ ഒരു ആഷ് നിറത്തിലുള്ള സാരി ആയിരുന്നു. ഞങ്ങൾ
നേരത്തേ തന്നെ ഓഡിറ്റോറിയത്തിൽ എത്തി.

അവിടെ ഫോട്ടോ ഷൂട്ട്‌ ഒക്കെ കഴിഞ്ഞ് ബാക്കി ഉള്ള കൂട്ടുകാരോടും വിശേഷം പറഞ്ഞിരിക്കുമ്പോളാണ് ചെക്കനും കൂട്ടരും വന്നത്. സീനിയർ ചേട്ടന്മാരും ചേച്ചിമാരും എല്ലാവരും ഉണ്ടായിരുന്നു.

കുറച്ചു ചേച്ചിമാരോട് സംസാരിച്ചു നിന്നപ്പോളാണ് റിഷി ചേട്ടൻ അങ്ങോട്ടേക്ക് വന്നത്.

ആളാകെ മാറി പോയി താടിയും മീശയും ഒക്കെ വളർത്തി ഒരു ഉണ്ണി മുകുന്ദൻ ലുക്ക്‌ ഒക്കെ വന്നിട്ടുണ്ട്.

അരുത് അനു വായി നോക്കരുത്. ശേ ഒരു നിമിഷത്തേക്ക് ഞാൻ എന്റെ ഏട്ടനെ മറന്നു പോയി.

പാറു പുള്ളിയോട് സംസാരിക്കുന്നുണ്ട്. ഇടക്ക് എന്നെയും രണ്ടാളും നോക്കുന്നുണ്ട്. എന്തിനാണാവോ എന്നെ നോക്കുന്നത്?

കല്യാണമൊക്കെ കഴിഞ്ഞു പോകാനായുള്ള സമയം അടുക്കും തോറും എന്തോ സങ്കടം തോന്നി. അങ്ങനെ ശോകമടിച്ചിരിക്കുമ്പോളാണ് അടുത്ത് ആരോ വന്നിരിക്കുന്ന പോലെ തോന്നിയത്.

“എന്താണ് വലിയ ആലോചനയിൽ ആണല്ലോ?”

റിഷിയേട്ടൻ ആണ്. ഏഹ് എന്നോടെന്തിനാ മിണ്ടുന്നതു?

“ഡോ വീട്ടിൽ തന്നെ ഇരുന്നാൽ മതിയോ? പാറു പറഞ്ഞു നിങ്ങൾ ജോലിക്ക് ശ്രെമിക്കുന്നുണ്ടെന്ന്.”

പാറുവോ?? എവിടോ എന്തോ തകരാർ ഉള്ളപോലെ. ഇനി ഞാൻ അറിയാതെ അണ്ടർ ഗ്രൗണ്ടിൽ വല്ല ലൈനും ഉണ്ടോ ഭഗവാനെ??

ഞാൻ പാളി പാറുവിനെ നോക്കി. ആരോടൊക്കെയോ കത്തി വെക്കുവാണ്. ഞാൻ നോക്കുന്ന കണ്ടപ്പോൾ എന്താണെന്ന് പുരികം പൊക്കി ചോദിച്ചു ഞാൻ ഒന്ന് ആക്കി ചിരിച്ചു.

“താല്പര്യം ഉണ്ടെങ്കിൽ ഞാൻ ജോലി ശെരിയാക്കി തരാം. ആലോചിച്ചിട്ട് വിളിച്ചാൽ മതി.”

“മ്മ്..”

“താനെന്താടോ എന്നോട് മാത്രം മിണ്ടാത്തെ?”

“അങ്ങനെ ഒന്നുമില്ല.”

“ആഹ് ആയിക്കോട്ടെ. നമുക്ക് ഇതൊക്കെ മാറ്റിയെടുക്കണം. എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ?”

“ദേഷ്യമോ എന്തിന്? അങ്ങനെ ഒന്നുമില്ല.”

“അപ്പോ കുഴപ്പമില്ല. ഞാൻ പറഞ്ഞ കാര്യം ആലോചിക്കു. മടി ഒന്നും വിചാരിക്കാതെ ജോലിക്ക് വരാൻ നോക്ക് കേട്ടോ.”

ഇത്രയും പറഞ്ഞ് നന്നായി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ആള് പോയി. ഞാൻ നേരെ പാറുവിന്റെ അടുത്തേക്കാണ് ചെന്നത്. അവളെയും വലിച്ചു കൊണ്ട് ഞാൻ ആളൊഴിഞ്ഞ ഒരിടത്തേക്ക് മാറി നിന്നു.

“എന്താ അനു?”

“സത്യം പറഞ്ഞോണം.നീയും റിഷി ചേട്ടനുമായി ഇഷ്ടത്തിലാണോ?”

“ദേ ഒരിടി വെച്ചു തന്നാൽ ഉണ്ടല്ലോ.. കൊള്ളാല്ലോ. പുതിയ കണ്ടു പിടുത്തവും കൊണ്ട് വന്നിരിക്കുന്നു.”

“അല്ല ജോലിയൊക്കെ തരാമെന്ന് പറയുന്നു. പാറുവെന്നൊക്കെ വിളിക്കുന്നു.. ”

കളിയാക്കി ചിരിച്ചു കൊണ്ടാണ് ഞാൻ അത് പറഞ്ഞത്.

“എന്നും വെച്ച്. ഞാനും ഏട്ടനും നല്ല ഫ്രണ്ട്സ് ആണ്. അതിലുപരി എനിക്ക് സ്വന്തം ഏട്ടനെ പോലെയാ. എന്ത് നല്ല മനുഷ്യൻ ആണെന്ന് അറിയാവോ. എന്ത് കാര്യവും പറയാൻ പറ്റുന്ന ഒരാളാണ് ഏട്ടൻ. അല്ലാതെ നിന്റെ ശ്രീയേട്ടനെ പോലെയല്ല.”

“അതിന് നീ ശ്രീയേട്ടനെ പറയുന്നതെന്തിനാ?”

“ജോലി വേണമെന്ന് നീയും പറഞ്ഞതല്ലേ? നമുക്ക് ഒന്നിച്ചു ഒരു ജോലി ശെരിയാക്കി തരാമെന്ന് ഏട്ടൻ പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടം ആവില്ലെങ്കിലോ എന്ന് വെച്ചാ ഞാൻ നിന്നോട് പറയാഞ്ഞത്.”

“അതിന് എനിക്കെന്തിനാ ഇഷ്ടക്കേട്. അത് നല്ല കാര്യം അല്ലേ. വീട്ടിൽ ഇരിക്കുന്നത് ഓർത്താൽ ഏത് പാതാളത്തിൽ ആണെങ്കിലും ഞാൻ വരാം നീയും കൂടെ ഉണ്ടല്ലോ.”

“ഏഹ് സത്യമാണോ?”

“അതേന്നെ.”

“അപ്പോ റിഷിയേട്ടന്റെ കമ്പനിയിൽ നിനക്ക് വരാൻ സമ്മതമാണെന്ന് നീ പറഞ്ഞോ?”

“എന്ത് റിഷിയേട്ടന്റെ കമ്പനിയോ??????”

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

Comments are closed.