Tuesday, November 5, 2024
Novel

അനുരാഗം : ഭാഗം 9

എഴുത്തുകാരി: അഞ്ജലി അഞ്ജു


ശ്രീയേട്ടന്റെ ഡാൻസ് എപ്പോളത്തെയും പോലെ സൂപ്പർ ആയിരുന്നു. മന്മഥൻ സിനിമയിലെ കാതൽ വളത്തേൻ… സോങ് ആയിരുന്നു. ആ ഡാൻസ് കണ്ടപ്പോ ഒരു കാര്യം മനസിലായി പുള്ളിക്ക് നല്ലൊരു തേപ്പ് കിട്ടിയിട്ടുണ്ട്.

ഭാവങ്ങളൊക്ക ഇട്ട് നിറഞ്ഞാടുവല്ലേ. പിന്നെ കുറച്ചു ദിവസം കൊണ്ട് തന്നെ ആ പാട്ട് എപ്പോളും ഇട്ട് ഇട്ട് എല്ലാരേയും ഞാൻ വെറുപ്പിച്ചു. സത്യം പറഞ്ഞാൽ അന്ന് വരെ ആ പാട്ടോ വരികളോ ഒന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു.

പിന്നീട് അതിന്റെ അർത്ഥം ഉൾക്കൊണ്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി. പിന്നെ യൂണിവേഴ്സിറ്റി എക്സാം ഒക്കെ ആയി ആകെ തിരക്കായി.

ഞങ്ങൾക്ക് നല്ല പേടി ആയിരുന്നു. എല്ലാവരും ഭയങ്കര പഠിത്തം. പിന്നെ എനിക്ക് ഒരു കാര്യം മനസിലായി എക്സാം ആകുമ്പോൾ എല്ലാവർക്കും ഭക്തി കൂടുതലാണ്.

ഞാൻ വിചാരിച്ചത് ഈ സ്വഭാവം എനിക്ക് മാത്രേ ഉള്ളൂ എന്നാണ്. ഇതിപ്പോ രാവിലെയും വൈകിട്ടും പ്രാർത്ഥനയാണ്. മുറിയിൽ കേറിയാൽ അമ്പലത്തിൽ ചെന്നത് പോലെ ചന്ദനത്തിരിയുടെ ഗന്ധം ആണ്. പിന്നെ ഇതൊക്കെ ഒരു പോസിറ്റീവ് എനർജി ആണ്.

ആ കാര്യത്തിൽ ഒരു സംശയവും ഇല്ല. പിന്നെ ലാബ് എക്സാം എന്നാ രസമാണ്. ഏറ്റവും കോമഡി വൈവ ആണ്. ആദ്യം പേടിയൊക്കെ ആയിരുന്നെങ്കിലും എല്ലാം ഓരോ ഓർമ്മകൾ ആണ്.

അങ്ങനെ ദിവസങ്ങളും മാസങ്ങളും പോയി ഞങ്ങളും സീനിയേഴ്സ് ആയി. ഞങ്ങളുടെ ജൂനിയർ പെൺപിള്ളേർ എന്നാ അഹങ്കാരികളാണെന്ന് അറിയുവോ? ഞാൻ ഇത് പറയുമ്പോളെ കാര്യം മനസ്സിലാക്കാമല്ലോ… ആ കൂട്ടത്തിൽ കുറച്ചു എണ്ണം എന്റെ ഏട്ടനെ വായി നോക്കാൻ തുടങ്ങി. കണ്ടപ്പോ സഹിച്ചില്ല.

ഞാനല്ലാതെ വേറെ ആരാ ഏട്ടനെ രക്ഷിക്കാൻ ഉള്ളത്. എല്ലാത്തിനും ഹോസ്റ്റലിൽ വെച്ചു നന്നായി ഞാൻ കൊടുത്തിട്ടുണ്ട്. ഹി ഹി അവർ പോയി റാഗിങ്ങിന് പരാതി ഒക്കെ കൊടുത്തെങ്കിലും നമ്മൾ ഊരി പോന്നു.

ഞാൻ പറഞ്ഞതിൽ കൂടുതൽ അവർ എന്നെ പറഞ്ഞെന്നെ. അഹങ്കാരികൾ!!!

പിന്നെ ലാസ്റ്റ് ഞാൻ എന്റെ പഴയ സ്വഭാവം എടുത്തപ്പോൾ അവർ നല്ല പിള്ളേരായി. സോറി ഒക്കെ പറഞ്ഞു. ഇപ്പോൾ എന്നെ കാണുമ്പോൾ എന്നാ ബഹുമാനമാ അവർക്ക്. ശോ എന്നെ കൊണ്ട് എനിക്ക് തന്നെ വയ്യാ..

എന്തെങ്കിലും വിശേഷ ദിവസങ്ങൾക്കു കാത്തിരിപ്പായിരുന്നു. അപ്പോൾ മാത്രേ ഏട്ടന് മെസ്സേജ് അയക്കാൻ പറ്റു. അല്ലാതെ ഇടക്ക് അയക്കാൻ തോന്നുമെങ്കിലും അഭിമാനം കപ്പല് കേറുന്നത് ഓർക്കുമ്പോൾ നന്നാവും. പുള്ളി പിന്നെ പണ്ടത്തെ പോലെ തന്നെ.

ഇടക്ക് എനിക്ക് കാണാനായി മുന്നിൽ വന്നു നിന്നു തരും എന്നല്ലാതെ പുള്ളിക്ക് വേറെ മാറ്റങ്ങൾ ഒന്നുമില്ല. പേടിയുടെ കാര്യം പറയുകയേ വേണ്ടല്ലോ ഒരു ദിവസം വിദ്യാർത്ഥികൾ എല്ലാവരും കൂടെ യൂണിവേഴ്സിറ്റിയിലേക്ക് സമരത്തിന് പോയി. ഞങ്ങളും പോയി. അതൊക്കെ ഒരു രസമല്ലേ പിന്നെ ബസിലൊക്കെ പോകുമ്പോ ശ്രീയേട്ടനെയും കാണാമല്ലോ എന്നൊക്കെ വിചാരിച്ചാണ് പോയത്.

പക്ഷെ ശശി ആയെന്ന് പറഞ്ഞാൽ മതിയല്ലോ ആ മനുഷ്യൻ മാത്രം വന്നില്ല. ജൂനിയർ പിള്ളേര് വരെ വന്നു.

കാർത്തി ചേട്ടൻ വന്നു. പുള്ളി നൈസ് ആയിട്ട് മുങ്ങി കളഞ്ഞു. എന്നെ ഇതും പറഞ്ഞു എല്ലാവരും കളിയാക്കി. ഞാൻ എന്ത് പറയാനാ നാണം കെടുത്താൻ വേണ്ടി ഒരു മനുഷ്യൻ !…

നാളെ ഓണം സെലിബ്രേഷൻ ആണ്. ആകെയുള്ള പ്രതീക്ഷ ഇതിലാണ്. ആരാണെങ്കിലും സെറ്റ് സാരിയിൽ സൂപ്പർ ആവുല്ലോ. നാളെ ഞങ്ങളും സാരി ആണ്. എന്നെ സാരി ഒക്കെ ഉടുത്തു വൃത്തിയിൽ കാണുമ്പോൾ എങ്കിലും ഏട്ടൻ ഒന്ന് വീണാൽ മതിയായിരുന്നു.

വൈകിട്ട് ആയപ്പോൾ ഹോസ്റ്റലിൽ ആകെ ബഹളമായി. സീനിയർ ചേച്ചിമാർ പൂക്കളം ഒരുക്കാൻ ഉള്ള പൂവ് ഞങ്ങളെ ഏൽപ്പിച്ചു. എന്നാ പറയാനാ ഞങ്ങൾ നാളത്തേക്ക് ഒന്നും ഒരുക്കിയിട്ടില്ല. അതിന് ഇടയിൽ ഈ പൂവ് കൂടെ എപ്പോൾ പിച്ചി വെക്കാനാണ്. കുറച്ചു വല്ലതും ആയിരുന്നേൽ പിന്നെയും ഉണ്ടായിരുന്നു.

കുറച്ചൊക്കെ പൂക്കൾ ഞങ്ങൾ ഒരുക്കി ബാക്കി നൈസ് ആയിട്ട് ഞങ്ങളുടെ ജൂനിയർ പിള്ളേരുടെ കയ്യിൽ കൊടുത്തു. പാവങ്ങൾ ഇനി അവർ ആർക്ക് കൊടുക്കാൻ ആണ്.

പിന്നെ തിരുവാതിര പ്രാക്ടീസ് തകൃതി ആയി നടക്കുന്നുണ്ട്. ഞാനും ഒരു കൈ നോക്കാം എന്നൊക്കെ വിചാരിച്ചതാ. ഏട്ടനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ പക്ഷെ ഇത് നമുക്ക് പറ്റുന്ന പണിയല്ല.

എന്നാ പറയാനാ പാടാൻ അറിയില്ല ഡാൻസും അറിയില്ല. എന്തെങ്കിലും മര്യാദയ്ക്ക് അറിയുവോ എന്ന് ചോദിച്ചാൽ വായിനോട്ടത്തിന് നമ്മൾക്കു PHD ആണ്.

വൈഗയാണ് സാരി ഉടുപ്പിച്ചു തരുന്നത്. വേറെ ആർക്കും അറിയില്ല. അവൾക്ക് അറിയാം എന്നൊക്കെ പറയുന്നുണ്ട്. കുളമാകാതെ ഇരുന്നാൽ മതിയായിരുന്നു. പൂവൊക്കെ സെറ്റ് ആക്കി വെച്ചിട്ടുണ്ട്. സന്ധ്യ കഴിഞ്ഞപ്പോളെ സാരി തേക്കാൻ തുടങ്ങി.

ഓ ഈ തേപ്പൊക്കെ എന്നാ പാടാണെന്നേ. പിന്നെ നമ്മുടെ പാത്തു അതിനൊക്കെ മിടുക്കിയാ. പണി എടുക്കാൻ എന്നാ ആക്രാന്തം ആണ്. എല്ലാവരുടെയും ഒന്നിച്ചിട്ട് അവൾ തേച്ചു.

വൈഗ ഞൊറി ഒക്കെ എടുത്ത് പിൻ ചെയ്ത് വെച്ചു അതാകുമ്പോൾ രാവിലെ എളുപ്പം ആണല്ലോ. രാത്രി ആർക്കും ഉറക്കം ഇല്ലായിരുന്നെന്ന് വേണം പറയാൻ.

എല്ലാ റൂമിലും ഒച്ചയും ബഹളവും ആയിരുന്നു. രണ്ട് മൂന്നു തവണ വാർഡൻ വന്നപ്പോ ഞങ്ങളും കിടന്നു. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

ഏട്ടൻ ഏത് കളർ ഷർട്ട് ആവും. മുണ്ട് ആവുമോ ഉടുക്കുന്നത് ആകെ മൊത്തം ആകാംഷ…എന്നെ കാണുമ്പോൾ നോക്കുവോ മിണ്ടുവോ എന്നൊക്കെ ആലോചിച്ചു കിടന്നു.

ഏട്ടനോട് അങ്ങോട്ട് കയറി എങ്കിലും നാളെ സംസാരിക്കണം. ഇങ്ങനെയൊക്കെ ചിന്തിച്ചു ഉറങ്ങിയ കൊണ്ടാവും സ്വപ്നത്തിലും ഏതാണ്ട് ഇതൊക്കെയാ കണ്ടത്. പക്ഷെ ഒന്നും നന്നായി ഓർക്കുന്നില്ല.

രാവിലെ 5.30 ആയപ്പോലെ ഓരോരുത്തർ കുളിക്കാൻ കേറി. എല്ലാരും കഴിഞ്ഞ് അവസാനം എണീക്കാം എന്ന് വെച്ചു ഞാൻ പിന്നെയും കിടന്നു.

വൈഗയുടെ കൂടെ പാറുവും സഹായിക്കാൻ കൂടി. ഉള്ളത് പറയാല്ലോ ഒരു മണിക്കൂർ ആയിട്ടും ഒന്നുമൊന്നും എത്തിയില്ല. അവസാനം എല്ലാവർക്കും ടെൻഷൻ ആയി. കുറേ ആയപ്പോൾ അടുത്ത റൂമിലെ കുട്ടികളും സഹായത്തിനു എത്തി.

ഏതായാലും എല്ലാവരെയും വൈഗ സാരി ഉടുപ്പിച്ചു. പിന്നെ മേക്കപ്പിന്റെ ബഹളം ആയിരുന്നു. അവസാനം ഇത് ഹോസ്റ്റൽ ആണോ അതോ ബ്യുട്ടിപാർലർ ആണോ എന്ന് വരെ തോന്നി പോയി.

സ്ട്രൈറ്റ്നർ തൊട്ട് മേക്കപ്പ് സെറ്റ് വരെ ഓരോ റൂമിൽ നിന്നും കൈമാറി കൈമാറി എത്തി. എന്തൊക്കെ പറഞ്ഞാലും ഹോസ്റ്റലിൽ അടിപൊളിയാ. മുടിയൊക്കെ കെട്ടി തന്നത് ആദി ആണ്. റോസ് എല്ലാർക്കും കണ്ണൊക്കെ എഴുതി കൊടുത്തു.

ബാക്കി ടച്ചപ്പ് തസ്സ് ചെയ്തു. ഞാൻ എല്ലാവർക്കും ഓരോ സഹായങ്ങളൊക്കെ ചെയ്ത് കൊടുത്തു. അങ്ങനെ എല്ലാവരും ഒരുങ്ങി കഴിഞ്ഞപ്പോളേക്കും 9 മണി കഴിഞ്ഞു.

പൂക്കളം ഉണ്ടാക്കാനായി അവന്മാർ വിളിയോട് വിളിയാണ്. 8 മണി ആകുമ്പോ അവിടെ ഉണ്ടാവും എന്ന് പറഞ്ഞതാ. വീട്ടിൽ നിന്നും വരുന്ന കുട്ടികളൊക്കെ പോകുന്നത് ഞങ്ങൾ കണ്ടിരുന്നു. എല്ലാരും സുന്ദരികൾ ആയിട്ടിട്ടുണ്ട്.

“പാറു ഞാൻ ഇപ്പോൾ സുന്ദരി ആയില്ലേ? ”

“സൂപ്പർ.”

“നീയും അടിപൊളി കേട്ടോ.”

“അല്ല അനു ജൂനിയർ പിള്ളേർ സാരി എങ്ങാനും ഉടുക്കുവോ?”

“ഏയ്‌ ഉടുക്കില്ല. അങ്ങനെ പിള്ളേരൊന്നും ഉടുക്കാൻ ഞാൻ സമ്മതിക്കില്ല. ഇന്നലെ ഞാൻ ചോദിച്ചായിരുന്നു. ഇല്ലെന്നാ പറഞ്ഞത്.”

“നന്നായി!!! ആ പിള്ളേരൊക്കെ സാരി ഉടുത്താൽ നമ്മളൊക്കെ ശിശുക്കൾ ആയി പോകും. എന്നാ വല്യ പിള്ളേരാ. സത്യം പറയാല്ലോ നീ ഉള്ള കൊണ്ടാണ് അവരെ ഞാനും പേടിപ്പിക്കുന്നത്.”

“ആരെ പേടിപ്പിക്കുന്നെന്നാ? ചിരിപ്പിക്കല്ലേ പാറു. സത്യം പറയാല്ലോ നിന്നെ സ്കൂളിൽ കൊണ്ട് ഇരുത്തിയാൽ ആരും തിരിച്ചറിയില്ല.”

“ആഹ് ഇനി എന്നെ കളിയാക്കിക്കോ. ഇപ്പോൾ ഞാൻ ഹൈ ഹീൽസ് ഒക്കെ ഇട്ട് പൊളിയായില്ലേ??”

“ആഹ് അതേ ഇപ്പോൾ ഫോട്ടോ എടുക്കാനൊക്കെ നിന്നെ പിടിക്കാൻ ഒരു സുഖം ഉണ്ട്. അല്ലെങ്കിൽ കുനിഞ്ഞു നിന്ന് ഞാൻ മടുക്കും.”
പാറു ദേ മുഖം വീർപ്പിച്ചു പോകുന്നു.

“പോവല്ലേ വാ നമുക്ക് ഫോട്ടോ എടുക്കണ്ടേ. Dp ഇടാൻ ഉള്ളതാ വായോ.”

ഫോട്ടോ എന്ന് പറഞ്ഞപ്പോൾ പിന്നെ പൂര പറമ്പ് പോലെയായി. എല്ലാവരും ഫോട്ടോ എടുക്കൽ തന്നെ. കുറേ നേരം അങ്ങനെ പോയി സീനിയർ ചേച്ചിമാർ വന്നു വഴക്ക് പറയും വരെ ഞങ്ങൾ അവിടെ വേറെ ഏതോ ലോകത്ത് ആയിരുന്നു. സത്യം പറയാല്ലോ ആ സമയത്ത് ഞാൻ എന്റെ ഏട്ടനെ വരെ മറന്നു. ശോ പാവം എന്നെ കാത്ത് നിന്ന് മടുത്തു കാണും.

ഞങ്ങൾ കോളേജിലേക്ക് ഇറങ്ങി.
പുറത്തേക്ക് ഇറങ്ങിയപ്പോ ആദ്യം ഒരു ബുദ്ധിമുട്ടൊക്കെ തോന്നി.

ആദ്യമായല്ലേ സാരി ഉടുക്കുന്നത്. വയറൊക്കെ കാണുവോ ഉരിഞ്ഞെങ്ങാനും പോകുമോ എന്നൊക്കെ ടെൻഷൻ. ആദ്യം പയ്യെ ആണ് നടന്നത്. നോക്കുമ്പോൾ എല്ലാവർക്കും ഇത് തന്നെ അവസ്ഥ. പാവം പാറു ആ ചെരുപ്പും കൂടെ ആയപ്പോ നന്നായി പണി കിട്ടി. എനിക്ക് ചിരി വന്നു.

എങ്ങനെയോ നടന്നു കോളേജിൽ എത്തി. എല്ലാവരും നല്ല അടിപൊളി ആയിട്ടുണ്ട്.ആകെ തിരക്കാണെങ്കിലും ഞാൻ അതിന് ഇടയിൽ ഏട്ടനെ തപ്പി പക്ഷെ കണ്ടില്ല. ദൈവമേ ഈ മനുഷ്യൻ ഇന്നും ക്ലാസ്സിൽ കേറി ഇരിക്കുവാണോ.

ഏതായാലും തിരുവാതിര കഴിഞ്ഞ് തപ്പി പോകാം. കോളേജിനു മുന്നിലായി തിരുവാതിരയ്ക്കായി എല്ലാവരും നിന്നു. റോസും പാത്തുവും വൈഗയും ഒക്കെ ഉണ്ട്. ഞാൻ വീഡിയോ എടുത്ത് കൊണ്ട് നിന്നു.

ഇടയ്ക്കെപ്പോഴോ എന്നെ തന്നെ നോക്കി നിക്കുന്ന റിഷി ഏട്ടനെ ഞാൻ കണ്ടു. ഞാൻ ആൾക്ക് കാണാൻ കഴിയാത്ത സ്ഥലത്തേക്ക് മാറി നിന്നു.

“നിങ്ങൾ എന്താ സാറ്റ് കളിക്കുവാണോ?”

“എന്തൊക്കെയാ നീ പറയണേ പാറു.”

“അയ്യോടാ പാവത്തിന് ഒന്നും അറിയില്ല. നീ എന്താ വിചാരിക്കുന്നത് എനിക്ക് ഒന്നും മനസിലാവില്ല എന്നാണോ.”

“അത് പിന്നെ…”

“മ്മ്മ് ഒന്നും പറയണ്ട രണ്ടു പേരും ഒരേ കളർ ആണല്ലോ. സത്യം പറ പറഞ്ഞു ഇട്ടതല്ലേ ഇത്.”

അപ്പോളാണ് ഞാനും അത് ശ്രദ്ധിച്ചത് റിഷിയേട്ടനും മെറൂൺ കളർ ഷർട്ട് ആണ് ഇട്ടേക്കുന്നത്.ഞാൻ അവളെ നോക്കിപേടിപ്പിച്ചു അകത്തേക്ക് പോയി.

“ഞാൻ വെറുതെ പറഞ്ഞതാ നിക്ക് ഞാനും വരുന്നു.”

പാറു പുറകെ വരണുണ്ടായിരുന്നു. ഞാൻ നേരെ മുകളിലേക്ക് പോയി. പൂക്കളം മത്സരം ഉള്ളത് കൊണ്ട് എല്ലാവരും അതിന്റെ തിരക്കിൽ ആണ്. ഞങ്ങളെ കണ്ടപ്പോൾ പൂക്കൾ ഒരുക്കാൻ എല്ലാവരും വിളിച്ചു. ഇപ്പോൾ വരാമെന്ന് പറഞ്ഞു ഞാൻ അവിടുന്ന് മുങ്ങി.

പാവം പാറു അവൾക്ക് എന്റെ കൂടെ രക്ഷപ്പെടാൻ പറ്റിയില്ല. ഞാൻ ആദ്യം ശ്രീയേട്ടന്റെ ക്ലാസ്സിന് മുന്നിലേക്ക് പോയി. അവിടെ ആരെയും കണ്ടില്ല. പൂക്കളം ഇടാൻ പോയിട്ടുണ്ടാവും. ഞാൻ ഏറ്റവും മുകളിലെ ഹാളിലേക്ക് നടന്നു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8