Friday, November 15, 2024
Novel

അനുരാഗം : ഭാഗം 21

എഴുത്തുകാരി: അഞ്ജലി അഞ്ജു


“എന്താണ് അനുരാഗ ഒരു റൂമിലേക്ക് വരുമ്പോൾ ചോദിച്ചിട്ട് വരണമെന്ന് പോലും തനിക്ക് ഇത് വരെ അറിയില്ലേ?”

“ആരോട് ചോദിച്ചിട്ടാ എന്നെ അസിസ്റ്റന്റ് ആക്കിയത്.”

“ആരോടാണ് ചോദിക്കേണ്ടത്. എപ്പോളും നിന്റെ പുറകേ നടന്നു ശ്രദ്ധിക്കാൻ എനിക്ക് ആവില്ല. അത് കൊണ്ടാണ് എന്നെ അസ്സിസ്റ്റ്‌ ചെയ്യാൻ പറഞ്ഞത്.”

“എനിക്ക് ഇഷ്ടമല്ല അത്.”

“അതിന് തന്റെ ഇഷ്ടം ആരു ചോദിച്ചു? ഈ കമ്പനിയിലെ എംഡി ആയ എന്റെ തീരുമാനമാണ് ഞാൻ പറഞ്ഞത്. നാളെ രാവിലെ ഇവിടെ ഉണ്ടാവണം. ഞാൻ വരുന്നതിന് മുന്നേ തന്നെ. നാളെ മുതൽ ഞാൻ നോക്കേണ്ട ഫയൽസ് എല്ലാം താൻ ആദ്യം നോക്കി പഠിച്ചിരിക്കണം. കേട്ടല്ലോ.”

“മ്മ്.”

“വേറെ ഒന്നും പറയാനില്ലെങ്കിൽ അനുരാഗയ്ക്ക് പോവാം.”

കുമിഞ്ഞു കൂടിയ ദേഷ്യം അടക്കാൻ പാടുപെട്ട് ഞാൻ പുറത്തേക്ക് ഇറങ്ങി.

വീട്ടിലേക്ക് പോകുമ്പോഴും വീട്ടിൽ ചെന്നു കഴിഞ്ഞും ജോലി നിർത്തിയാലോ എന്നായിരുന്നു ചിന്ത. പക്ഷെ ഞാൻ എന്തിന് ഒളിച്ചോടണം.

ഭീരുക്കളാണ് അങ്ങനെ ചെയ്യുന്നത്. അനു ഭീരുവല്ല. അല്ലെങ്കിലും അയാളുടെ കൂടെ ജോലി ചെയ്യുന്നതിന് ഞാൻ എന്തിനാണ് മടിക്കുന്നത്? റിഷിയേട്ടന് എന്നോട് എന്തോ ഒരിഷ്ടം ഉണ്ട്.

അത് എന്നോട് പറയാനും കാണിക്കാനും ഏട്ടന് പേടിയില്ല. പിന്നെ ഞാൻ എന്തിനാണ് പേടിക്കുന്നത്.

എപ്പോളെങ്കിലും എന്റെ മനസ് അങ്ങോട്ടേക്ക് ചായുമോ എന്നുള്ള പേടിയാണ് എന്റെ പ്രശ്നം. എനിക്ക് എന്നെ തന്നെ വിശ്വാസമില്ല.

റിഷിയേട്ടന്റെ പെരുമാറ്റം കാണുമ്പോൾ ഇടക്കൊക്കെ സ്വയം മറന്നു പോകും. നല്ല ഒരു ക്യാരക്ടർ ആണ് ഏട്ടന്റെത്.

ഏത് പെണ്ണിനും ഇഷ്ടാവും. പക്ഷെ എനിക്ക്.. ശ്രീയേട്ടൻ ! അതാണോ? ശ്രീയേട്ടൻ മാത്രമല്ല, എന്തോ ഒരു വാശി മറ്റാരെയും പ്രണയിക്കരുതെന്ന്.

ചെറുപ്പം മുതലുള്ള ആദർശങ്ങളിൽ ഒന്നായിരുന്നു ഇതും. ഒരാളെ മാത്രം പ്രണയിക്കണം ആത്മാർത്ഥമായി. അയാളെ തന്നെ വിവാഹം കഴിക്കാനുള്ള ഭാഗ്യവും കിട്ടിയാൽ സന്തോഷം.

അതിനുള്ള ഭാഗ്യം എല്ലാവർക്കും കിട്ടാത്ത കൊണ്ട് എങ്ങാനും എന്റെ പ്രണയം പരാജയപ്പെട്ടാൽ പിന്നെ താലി കെട്ടുന്നയാളെ മാത്രേ ഞാൻ സ്നേഹിക്കൂ. അല്ലാതെ കാണുന്ന എല്ലാവരെയും പ്രണയിക്കാൻ പറ്റുവോ?

അങ്ങനെ ചെയ്താൽ എനിക്ക് ഒരു ഇമേജ് ഇല്ലാതാവില്ലേ.. അല്ലെങ്കിലും കാണുന്ന എല്ലാരോടും തോന്നുന്നതാണോ പ്രണയം.

അത് ഒരാളോടെ തോന്നുള്ളു എന്നൊക്കെ അല്ലേ പറയണത്. ആ കാര്യത്തിൽ ശിവനാണ് എന്റെ റോൾ മോഡൽ. ഇതൊക്കെ കേൾക്കുന്നോർക്ക് തമാശയായി തോന്നുമായിരിക്കും. പക്ഷെ അനുവിന്റെ സ്നേഹം ഹൃദയത്തിൽ തട്ടിയുള്ളതാണ്.

റിഷിയേട്ടന്റെ ആത്മാർത്ഥയെ ഞാൻ ഒരിക്കലും സംശയിക്കില്ല. ആ കരുതലും സ്നേഹവും ഒക്കെ കാണുമ്പോൾ ഇടക്ക് എവിടെയോ ആർദ്രത തോന്നുമെങ്കിലും അതൊരിക്കലും പ്രണയമാകില്ല അതിന് അനുവിന്റെ മനസ് സമ്മതിക്കില്ല.

അങ്ങനൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ ആണ് ഞാൻ ഏട്ടനിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത്. എന്റെ ഈ കഷ്ടപ്പാടൊക്കെ ഒരാൾ അറിയുന്നുണ്ടോ ഭഗവാനെ?

അതെങ്ങനാ അയാളെ ഏതായാലും ഇനി കാണില്ല. ഇങ്ങനെ പ്രണയം എന്താണെന്ന് പോലും അറിയാതെ വീട്ടുകാർ കണ്ടു പിടിക്കുന്ന കോന്തനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടാനാവും എന്റെ യോഗം.

ഈശ്വരാ ഇന്ന് ഒരുപാട് താമസിച്ചല്ലോ. ആ മുരടൻ എന്നെ കൊല്ലും. നേരത്തെ വരണം എന്ന് പറഞ്ഞതാണ്. ശേ… ബസും പോയിട്ടുണ്ടാവും. ഓടി പിടിച്ചു ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ ബസ് പോയിരുന്നു.

അടുത്ത ബസിന് അക്ഷമയോടെ കാത്തു നിക്കുക മാത്രേ ഇനി നിവർത്തി ഉള്ളൂ. സമയം പോകാൻ കുറേ സ്കൂൾ കുട്ടികളും ഉണ്ടായിരുന്നു.

അടുത്ത ബസ് വന്നതും ഞാനും ആ പിള്ളേരുടെ കൂടെ ഇടി പിടിച്ചു അകത്തു കയറി. ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു.

അല്ലെങ്കിലും സ്കൂളിലും ഓഫീസിലും ഒക്കെ പോവാൻ ഇറങ്ങുമ്പോ മടി പിടിപ്പിക്കാൻ ഇങ്ങനെ പെയ്തോണ്ട് ഇരിക്കും. ഒറ്റക്ക് ഇരിക്കുമ്പോ മഴ കാണാൻ രെസമൊക്കെയാ പക്ഷെ ഈ സമയത്ത് എല്ലാരേയും നനയ്ക്കാൻ അല്ലേ വന്നേക്കുന്നത്.

ബസിൽ വിൻഡോ സീറ്റ്‌ തന്നെ കിട്ടി. മഴ ആയോണ്ടാവും ആർക്കും അവിടെ ഇരിക്കാൻ ഒരു താല്പര്യമില്ലാഞ്ഞത്. ഷട്ടർ ഒക്കെ അടച്ചു ഇട്ടിരിക്കുവായിരുന്നു.

കുറേ ആയപ്പോ എനിക്ക് ശ്വാസം മുട്ടും പോലെ തോന്നി. ഞാൻ ഷട്ടർ കുറച്ചു പൊക്കി ഇടയിലൂടെ നോക്കി.

ചെറിയ മഴയെ ഉള്ളൂ ഇപ്പോൾ. സ്ഥലം എവിടായോ എന്തോ? കഷ്ടപ്പെട്ട് ഷട്ടറിനിടയിലൂടെ നോക്കി കൊണ്ടിരുന്നപ്പോളാണ് വീണ്ടും ആ തവിട്ടു നിറത്തിലെ കണ്ണുകളിൽ എന്റെ ദൃഷ്ടി പതിഞ്ഞത്. ആദ്യമായി കണ്ട ദിവസത്തെ പോലെ സ്വയം മറന്നു ഒരു നിമിഷം ഞാൻ നിന്ന് പോയി.

പിന്നീടാണ് സ്വബോധം വന്നത്. ഈശ്വരാ അതെന്റെ ശ്രീയേട്ടൻ അല്ലായിരുന്നോ. ഏന്തി വലിഞ്ഞു പുറത്തേക്ക് തലയിട്ട് നോക്കുമ്പോളേക്കും അവിടം കഴിഞ്ഞു പോയിരുന്നു. ശ്രീയേട്ടൻ ആകുവോ അത്? ഏട്ടൻ ഇവിടെ വരേണ്ട കാര്യമില്ലല്ലോ.

ഇനി എനിക്ക് ആള് മാറിയതാണോ? ഹേയ് അതിന് ഒരു വഴിയുമില്ല ഏട്ടനെ ഏത് ആൾക്കൂട്ടത്തിൽ കണ്ടാലും എനിക്ക് മാറില്ല. ഈശ്വരാ ഇപ്പോൾ ഞാൻ പകലും സ്വപ്നം കാണാൻ തുടങ്ങിയോ? സത്യം അറിയാതെ ഒരു സമാധാനവും ഇല്ലല്ലോ ഭഗവാനെ. ഞാൻ വേഗം പാറുവിനെ വിളിച്ചു കാര്യം പറഞ്ഞു.

അവളും പറയുന്നത് എനിക്ക് തോന്നിയതാവും എന്നാണ്. ആവും. ഏതായാലും വൈകിട്ട് അങ്ങോട്ട് മെസ്സേജ് അയച്ചു ആണെങ്കിലും മിണ്ടണം. അൽപ്പം നാണക്കേട് സഹിച്ചാലും വേണ്ടില്ല. അയ്യോ സ്റ്റോപ്പ്‌ എത്താറായോ? ഇതിനിടക്ക് ഓഫീസിലെ കാര്യം മറന്നല്ലോ.

താമസിച്ചതിന് ഏതായാലും വയറു നിറയെ കിട്ടും.
ഓടി പാഞ്ഞു ഓഫീസിൽ എത്തിയപ്പോളെ നിഷ ചേച്ചി പറഞ്ഞു സാർ വന്നിട്ടുണ്ട് വേഗം ചെല്ലാൻ. വേഗം റൂമിനു വെളിയിൽ നിന്ന് അകത്തു കയറാൻ അനുവാദം വാങ്ങിച്ചു.

“നേരത്തെ വരാൻ പറഞ്ഞ കൊണ്ടാണോ പതിവിലും താമസിച്ചത്?”

“അത് ബസില്ലായിരുന്നു.”

“മ്മ് ടേബിളിൽ ഞാൻ കുറച്ചു ഫയൽസ് വെച്ചിട്ടുണ്ട്. എല്ലാം നോക്കി പഠിക്കൂ.”

“മ്മ്.”

നേരെ പോയി ഫയൽ ഒക്കെ എടുത്തു നോക്കി. കുറച്ചു എസ്റ്റിമേഷനും പ്ലാനും എം ബുക്കും ഒക്കെ ഉണ്ട്. ഞാൻ ഇത് നോക്കി എന്നാ പഠിക്കാനാ. എനിക്ക് ഇതൊന്നും അറിയില്ലല്ലോ?
എങ്കിലും കുറേ നേരം പേജ് ഒക്കെ മറിച്ചു നോക്കി കൊണ്ടിരുന്നു.

പിന്നെ ഇടക്ക് ഇടക്ക് ആള് വിളിക്കും അതെടുക്കു ഇതെടുക്കു ആ ഫയൽ എടുക്കു ഈ ഫയൽ എടുക്കു… ഓ ഇതൊക്കെ പിന്നെയും സഹിക്കാം പ്യൂൺ ചേട്ടനോട് ഓരോന്ന് പറയാൻ പറയുന്നതാണ് ഏറ്റവും വലിയ മടുപ്പ്. ഓരോ മണിക്കൂർ ഇടവിട്ടും ജ്യൂസും ചായയും വേണം.

എങ്കിൽ പ്യൂണിനോട് നേരിട്ട് പറഞ്ഞൂടെ. അതല്ല എന്നോട് പറയും. പ്യൂൺ ചേട്ടനോട് പറയാനും ഞാൻ ചേട്ടന്റെ അടുത്ത് നിന്ന് വാങ്ങി കൊണ്ട് വന്നു കൊടുക്കാനും ഞാൻ. ഇയാൾക്ക് വല്ല ബേക്കറിയിലും പോയിരുന്നാൽ പോരെ. ആകെ ആ പണി മാത്രമേ നടക്കുന്നുള്ളൂ.

മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ. നാണമില്ലാത്ത മനുഷ്യൻ കൊണ്ട് കൊടുക്കുന്ന എനിക്ക് വേണോ എന്ന് പോലും ചോദിക്കില്ല. നോക്കിക്കോ ഞാൻ വല്ല വിമും കലക്കി തരും.

അങ്ങനെ അടുത്ത ട്രിപ്പ്‌ ചായയും വാങ്ങി വന്നപ്പോളാണ് റിഷിയേട്ടന്റെ റൂമിൽ നിന്ന് ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. റൂമിൽ ചെന്നപ്പോൾ ഒരു മോഡേൺ ലുക്ക്‌ ഉള്ള പെൺകുട്ടി ഉണ്ടായിരുന്നു അവിടെ.

ഏട്ടന്റെ അടുത്ത് നിന്ന് കല പില കൂട്ടുന്നുണ്ട്. കാണാൻ അത്യാവശ്യം ചേലൊക്കെ ഉണ്ട്. എന്നെ കണ്ടതും ഇതാരാ എന്ന് ചോദിച്ചു. അസിസ്റ്റന്റ് ആണെന്ന് പറഞ്ഞപ്പോൾ പേരൊക്കെ ചോദിച്ചു.

കണ്ടപ്പോൾ ജാഡ ആവുമെന്ന് വിചാരിച്ചെങ്കിലും ആള് പാവമാണ് കേട്ടോ. കുറേ സംസാരിച്ചു. റിഷിയേട്ടനെ വല്യ കാര്യമാണെന്നു തോന്നുന്നു ഏട്ടനോട് വളരെ അടുപ്പത്തിൽ സംസാരിക്കുന്നുണ്ട്.

പക്ഷെ ഏട്ടൻ വല്യ മൈൻഡ് കൊടുക്കുന്നില്ല ഇടക്ക് വഴക്കും പറയുന്നുണ്ട്. ഞാൻ നിക്കുന്നതാവും ഏട്ടന് ബുദ്ധിമുട്ടെന്നു വിചാരിച്ചു ഞാൻ ഒരു ഫയൽ എടുക്കാനെന്നു പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

ഞാൻ നേരെ ചെന്നത് നിഷ ചേച്ചിയുടെ അടുത്താണ്. എന്താണ് കാര്യമെന്ന് മനസ്സിലായോ? ന്യൂസ്‌ പിടുത്തം തന്നെ. ഇപ്പോൾ വന്ന കുട്ടി മൂർത്തി സാറിന്റെ അനിയത്തിയുടെ മകളാണ് വിസ്മയ. മൂർത്തി സാറിന്റെ പെറ്റാണ് ഈ കുട്ടി.

വിസ്മയ ആള് പാവമാണ് കേട്ടോ. എല്ലാവരോടും നല്ല രീതിയിൽ മാത്രേ പെരുമാറിയിട്ടുള്ളു. പിന്നെ എല്ലാവരുടെയും നിഗമനം വെച്ചു റിഷിയേട്ടൻ വിവാഹം കഴിക്കാൻ പോവുന്ന കുട്ടിയാണ് വിസ്മയ.

ഓഹോ അപ്പോ അങ്ങനെയാണ് കാര്യങ്ങൾ. ഇനിയും നിന്നാൽ ശെരിയാവാത്തത് കൊണ്ട് ഞാൻ ഒരു ഫയലും കൊണ്ട് അങ്ങോട്ടേക്ക് ചെന്നു.

“വിച്ചു നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഓഫീസിൽ വന്നു ഇങ്ങനെ ശല്യം ചെയ്യരുതെന്ന്.”

“റിഷിയേട്ടൻ എന്റെ കൂടെ ഷോപ്പിങ്ങിന് വരാത്ത കൊണ്ടല്ലേ ഞാൻ വന്നത്.”

“എനിക്ക് പറ്റില്ല. കുറേ പണിയുണ്ട്.”

അപ്പോളാണ് ഞാൻ അങ്ങോട്ടേക്ക് ചെന്നത്.

“അനുരാഗ നമുക്ക് ഇന്ന് ഒരു മീറ്റിംഗ് ഇല്ലേ?”

സംശയ ഭാവത്തിൽ ഞാൻ നോക്കിയപ്പോൾ നമ്മുടെ മുരടൻ എന്നെ കണ്ണൊക്കെ അടച്ചു കാണിക്കുന്നു. ആഹാ ഈ കൊച്ചിനെ നമ്മുടെ സാറിന് പേടിയാണല്ലേ? ശെരിയാക്കി തരാം.

“ഓ മീറ്റിംഗ്.. അത് മാറ്റി വെച്ചല്ലോ. ഉച്ച കഴിഞ്ഞ് സാറിന് ഒരു പരിപാടിയുമില്ല.”

“ശെരിക്കും??”

ഭയങ്കര സന്തോഷത്തിൽ നമ്മുടെ വിസ്മയ കുട്ടി ചോദിച്ചു.

“അതേ.”

“താങ്ക്സ് ചേച്ചി.”

“അവൾക്ക് അറിയാഞ്ഞിട്ടാണ്. ഇന്നാണ് അവൾ ജോയിൻ ചെയ്തത്. നീ പോകാൻ നോക്ക്.”

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടക്കില്ലെന്നായപ്പോൾ ആള് പോകാൻ ഇറങ്ങി.
എനിക്കും ഏട്ടനും ടാറ്റാ ഒക്കെ തന്നിട്ടാണ് പോയത്. പാവം കുട്ടി. അവൾ പോയതും റിഷിയേട്ടന്റെ മുഖത്തു ഒരു ആശ്വാസ ഭാവം വന്നു.

“ഡീ നീ എനിക്ക് പണി തന്നതാണല്ലേ?”

“ഏഹ് എന്ത് പണി?”

നിഷ്കു ലുക്കിൽ ഞാൻ ചോദിച്ചു.

“നീ എന്തിനാ മീറ്റിംഗ് ഇല്ലെന്ന് അവളോട് പറഞ്ഞത്?”

“അത് മീറ്റിംഗ് ഇല്ലല്ലോ.”

“അയ്യോടാ സത്യം മാത്രേ പറയുള്ളു അവൾ.
ഇനി മേലാൽ വിച്ചു അതായത് വിസ്മയ വരുമ്പോൾ എന്നെ അവൾക്ക് ഇട്ട് കൊടുത്തിട്ട് പോവരുത്. മനസ്സിലായോ?”

“ആലോചിക്കട്ടെ.”
അൽപം ഗൗരവത്തിൽ ഞാൻ പറഞ്ഞു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20