സിദ്ധ ശിവ : ഭാഗം 1

Spread the love

എഴുത്തുകാരി: വാസുകി വസു


ഈ പ്രാവശ്യം ചെറിയ ഒരു ഫാമിലി സ്റ്റോറിയാണ്.ആറ് പാർട്ടുകളിൽ അവസാനിക്കുന്ന കുഞ്ഞ് തുടർക്കഥ..

“ക്രിസ് നിനക്കൊരു കുഞ്ഞിനെ നൽകാൻ എനിക്ക് കഴിവില്ലെന്ന് അറിഞ്ഞിട്ടും നീയെന്തിനാണ് എന്നെയിത്രയധികം സ്നേഹിക്കുന്നത്”

ബീച്ചിന്റെ തിരക്കൊഴിഞ്ഞൊരു മൂലയിരുന്ന ക്രിസിന്റെ മടിയിലേക്ക് തലവെച്ചു കിടന്നിരുന്ന ശിവ അവന്റെ കഴുത്തിലൂടെ കൈകൾ കോർത്താമുഖം തന്നിലേക്ക് അടുപ്പിച്ചു.അവന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ ആർത്തിരമ്പമവൾ കണ്ടു.

“ഒരുകുഞ്ഞിനെ തരണമോ വേണ്ടയോന്ന് നിശ്ചയിക്കുന്നത് മനുഷ്യരല്ലല്ലോ ഈശ്വരനല്ലേ ശിവ.നമുക്ക് പ്രാർത്ഥിക്കാനല്ലേ കഴിയൂ.നീ പ്രഗ്നന്റ് ആകാത്തത് നിന്റെ കുഴപ്പമല്ല”

വാക്കുകളിൽ ആവുന്നത്രയും മധുരം ചേർക്കാൻ ആവുന്നത്രയും അവൻ ശ്രമിച്ചു. ശിവയുടെ കണ്ണുകൾ നിറഞ്ഞു.താൻ കരുതുന്നത് പോലെയല്ല ക്രിസിന്റെ മനസ്സ് നിറയെ തന്നോട് സ്നേഹമാണ്.

കുറച്ചു സമയം ശിവയുടെ കണ്ണുകളിൽ പ്രണയാർദ്രനായി നോക്കിയ ശേഷം ക്രിസിന്റെ ചുണ്ടുകൾ അവളുടെ ചൊടിയിൽ മുത്തമിട്ട് തുടങ്ങി.

“ക്രിസ് ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്”

“അതിനെന്താ എന്റെ ഭാര്യക്കല്ലേ ഞാൻ ഉമ്മകൾ സമ്മാനിച്ചത്”

പിന്നെയും അവളുടെ ചെഞ്ചുണ്ടിൽ കരിവണ്ടായി അവൻ മധു നുകർന്ന് തുടങ്ങി. ശിവ നാണത്താൽ കണ്ണുകൾ പൊത്തി.കടലിലേക്ക് മുഖം ഒളിപ്പിക്കാൻ ഓടിയൊളിക്കുന്ന അരുണന്റെ ചുവപ്പ് നിറം അവളിലേക്ക് രക്തവർണ്ണങ്ങൾ ചാർത്തി നൽകി.

പകലിനെ വിഴുങ്ങി ഇരുൾ കാർന്ന് തുടങ്ങിയത് ഓർമ്മിപ്പിച്ചു സൂര്യൻ കടലിലേക്ക് മറഞ്ഞു.ബീച്ചിൽ അവിടെയും ഇവിടെയുമായി ലൈറ്റുകൾ തെളിഞ്ഞതോടെ ശിവ എഴുന്നേറ്റു.

“പോകാം ക്രിസ്..സമയം ഒരുപാടായി”

“ഓ.. ശരി പോയേക്കാം”

ശിവ നീട്ടിയ കൈകളിൽ പിടിച്ചു ക്രിസ് എഴുന്നേറ്റു..

“പോകുന്ന വഴിയിൽ ഹോട്ടലിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കാം”

“അതുവേണ്ടാ ക്രിസ്..വെറുതെ പണം ചിലവഴിക്കണ്ടാ.ഹോട്ടൽ ഭക്ഷണം അത്ര ഹെൽത്തിയുമല്ല”

ക്രിസും ശിവയും കമിതാക്കളാണ്.ശിവ ഒരുഹിന്ദുവും മീഡിയം ഫാമിലിയിലെ അംഗവുമാണ്. ക്രിസ് ക്രിസ്ത്യനും സാമ്പത്തികവുമുളള പാലക്കാരൻ അച്ചായന്റെ ഏകമകനാണ്.LIC യിൽ വർക്ക് ചെയ്യുന്ന ക്രിസിന് ജോലി വെറുമൊരു ടൈം പാസാണ്.

PG പഠനത്തിന്റെ കാലയളവിലാണ് ശിവ ക്രിസിനെ പരിചയപ്പെടുന്നത്.ക്രമേണ അവർ തമ്മിലുള്ള സൗഹൃദം വളർന്ന് പ്രണയത്തിന്റെ മുന്തിരിവള്ളികൾ തളിർത്ത് തുടങ്ങി. അവളോടുളള അടങ്ങാത്ത പ്രണയം ആദ്യം തുറന്നു പറഞ്ഞതും ക്രിസ് ആയിരുന്നു.കഴിയുന്ന രീതിയിൽ ശിവ എതിർത്തതാണ്.

“ഇല്ല ക്രിസ് എന്നെപ്പോലൊരു സാധാരണ ഹിന്ദു പെൺകുട്ടിയെ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നൊരു ക്രിസ്ത്യൻ കുടുംബത്തിലെ മരുമകളായി അംഗീകരിക്കില്ല.”

“പറ്റില്ല ശിവ എനിക്ക് നിന്നെ മറക്കാൻ കഴിയില്ല.. നീയില്ലാത്തൊരു നിമിഷം പോലും എനിക്ക് സങ്കൽപ്പിക്കാനാകില്ല.അത്രയേറെ നീയെന്നിൽ വേരുറച്ചു കഴിഞ്ഞു”

“ക്രിസ് പ്ലീസ്..ഇങ്ങനെയൊന്നും പറഞ്ഞു എന്നെ ധർമ്മ സങ്കടത്തിലാക്കരുത്”

ഉടഞ്ഞ് പോയ സ്ഫടിക ഗ്ലാസ് പോലെയായി ശിവയുടെ മനസ്സ്.അവൾക്കറിയാം അവനെത്രമാത്രം അവളെ സ്നേഹിക്കുന്നുണ്ടെന്ന്.

“ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ നശ്വരമായ ലോകത്ത് എന്തിനാണ് ജീവൻ നിലനിർത്തുന്നത്”

ക്രിസിൽ നിന്നും ഉതിർന്ന വാക്കുകളിൽ നിന്ന് അപകടത്തിന്റെ മണിമുഴക്കം ശിവയുടെ കാതിൽ പതിച്ചു. അവളാകെ ആടിയുലഞ്ഞു. ഒറ്റുവശത്ത് സ്നേഹനിധികളായ മാതാപിതാക്കൾ. മറുവശത്ത് പ്രാണൻ പകുത്ത് നൽകി പ്രണയിച്ചവൻ.ഒടുവിൽ ഇരുപത്തിയൊന്ന് കൊല്ലം വളർത്തി വലുതാക്കിയ മാതാപിതാക്കളെ അവൾ മറന്നു.

“വേണ്ട..അരുതാത്തതൊന്നും ചിന്തിക്കണ്ടാ..നിന്റെ സ്നേഹത്തിന്റെ ആഴം എനിക്ക് മനസ്സിലാകും.നിന്നിൽ നിന്ന് അടർന്ന് മാറാൻ എനിക്ക് കഴിയില്ല”

പൊട്ടിക്കരച്ചിലോടെ അവൾ ക്രിസിന്റെ മാറിലേക്ക് വീണു ജലധാരകൾ വർഷിച്ചു തുടങ്ങി. ശിവയുടെ മിഴിനീര് മുഴുവനും ചുണ്ടുകളാൽ അവനൊപ്പിയെടുത്തു.

“ശരി ക്രിസ് നമുക്ക് ഒരുമിച്ച് ജീവിക്കാം”

ഒടുവിൽ ക്രിസിന്റെ പ്രണയത്തിന് മുമ്പിൽ ശിവക്ക് സമ്മതം മൂളേണ്ടി വന്നു.രജിസ്റ്റർ മാര്യേജ് ശിവ പ്രതീക്ഷിച്ചതെങ്കിലും ലിവിങ് ടുഗതർ ആയിരുന്നു ക്രിസിന് താല്പര്യം. അവനോടുളള അന്ധമായ പ്രണയത്തിനൊടുവിൽ അതിനും അവൾ വഴങ്ങി.രണ്ടു പേരും തമ്മിലൊരു ജീവിതം തുടങ്ങിയട്ട് ഒരുവർഷം കഴിഞ്ഞു..

ബുളളറ്റിന് പിന്നിൽ ക്രിസിനോട് ചേർന്ന് അവന്റെ ഇടുപ്പിലൂടെ കരങ്ങൾ ചേർത്തു ശിവ പുണർന്നിരുന്നു.അവനോട് ചേർന്ന് ഇരിക്കുമ്പോഴാണ് വേദനയുടെ ആഴങ്ങൾ മറക്കുന്നത്.അന്യജാതിക്കാരനും മതസ്ഥനുമൊപ്പം മകൾ ജീവിക്കുന്നുവെന്ന് അറിഞ്ഞ നിമിഷത്തിൽ വിശ്വാസങ്ങളിൽ ജീവിക്കുന്ന ശിവയുടെ അച്ഛനും അമ്മയും പടിയടച്ചു പിണ്ഡം വെച്ചു.

മഞ്ഞ് പൊഴിയുന്ന ഡിസംബറിലെ തണുപ്പ് മെല്ലെ ശരീരത്തിലേക്ക് അരിച്ചു കയറി. തണുപ്പ് സിരികളിൽ പടർന്നതോടെ ചൂടിനായി അവൾ ക്രിസിനെ കൂടുതൽ വരിഞ്ഞ് മുറുക്കി..

“ഒന്ന് പതുക്കെ..ശ്വാസം മുട്ടുന്നു പെണ്ണേ”

ചിരിയോടെ അവൻ മുഖം തിരിച്ചു. ശിവ കൈകൾ തെല്ലൊന്ന് അയച്ചു പിടിച്ചു.വാടക വീട്ടിലെത്തിയ നിമിഷം ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് അടുക്കളയിൽ കയറി പാചകം ആരംഭിച്ചു.

ഭക്ഷണം എടുത്ത് വെച്ചതിന് ശേഷം ക്രിഷിനെ തിരക്കി ശിവ മുറിയിലേക്ക് വന്നു.

“എന്താ ക്രിഷ് വീണ്ടും മദ്യപാനം തുടങ്ങിയോ?”

വാതിക്കൽ ശിവയുടെ മുഖം പ്രത്യക്ഷമായതോടെ കുപ്പിയും ഗ്ലാസും മറച്ചു പിടിക്കാൻ അവൻ ശ്രമിച്ചുനോക്കിയെങ്കിലും കഴിഞ്ഞില്ല.അവളത് കണ്ടിരുന്നു.

“ക്രിസ് പ്ലീസ് വേണ്ടെടാ..”

“ഇന്നൊരു ദിവസത്തേക്ക് മാത്രം പ്ലീസ്..നമ്മുടെ സന്തോഷത്തിന്”

അവന്റെ മുഖം കണ്ടതോടെ അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല.കൊഞ്ചലായിരുന്നു മുഖത്തെ ഭാവം.

“ശരി ..ഇന്നൊരു ദിവസം മാത്രം.. കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന വിഷം നമുക്ക് വേണ്ടാ”

സ്നേഹത്തോടെ ശിവ ഉപദേശിച്ചത് സമ്മതമായി ക്രിസ് തല കുലുക്കി സമ്മതിച്ചു.രാത്രിയിലെ അത്താഴവും കഴിഞ്ഞ് ക്രിസിന്റെ മാറിലേക്ക് അവൾ തല ചായിച്ചു കിടന്നു.

“നിന്റെ ഏകാന്തതയും സങ്കടവും മാറാൻ പഠനം പുനരാരംഭിക്കണം..നിനക്കത് സ്വാന്തനമാകും”

അവന്റെ സംസാരം കേട്ടിട്ട് ശിവ അവന്റെ കണ്ണുകളിൽ നോക്കി.

“വേണ്ട ക്രിസ് എനിക്ക് നിന്റെ കൂടെ ഇങ്ങനെ കഴിഞ്ഞാൽ മതി”

“പറയുന്നത് മനസ്സിലാക്കൂ ശിവ…”

അവളുടെ മുടിയിഴകളിൽ തലോടി ക്രിസ് വിവരിച്ചു പറഞ്ഞു കൊടുത്തു. എല്ലാം മൂളിക്കേട്ടതെന്ന് അല്ലാതെ ഒന്നും അവൾ മിണ്ടിയില്ല.

“നന്നായി ആലോചിച്ച് തീരുമാനം എടുക്ക്…രാവിലെ യെസ് എന്ന ഉത്തരമായിരിക്കണം എനിക്ക് ലഭിക്കേണ്ടത്”

സമയം പതിയെ കടന്നു പോയി… ക്രിസിന്റെ കൂർക്കം വലി ഉയർന്നു കേട്ടു.ശിവ മെല്ലെ തിരിഞ്ഞു കിടന്നു.അവളുടെ കണ്ണുകൾ ചുവരിലെ പുഞ്ചിരിച്ചു കൊണ്ട് കിടക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രത്തിൽ തങ്ങി നിന്നു.അവളിൽ നിന്ന് ചുടുകണ്ണുനീർ തലയണയെ നനച്ചു കൊണ്ടിരുന്നു..

“ശിവക്കാണ് അമ്മയാകാനുളള കഴിവില്ലാത്തത്..ക്രിസിന് അച്ഛനാകാൻ യാതൊരു കുഴപ്പവുമില്ല”

ഡോക്ടറുടെ വാക്കുകൾ ശിവയുടെ കാതിലേക്ക് ഈയം കാച്ചിയൊഴുക്കിയത് പോലെ പൊള്ളിച്ചു.പെയ്ത് തോരാത്ത മിഴികളുമായി ഉറക്കം വരാതെ അവൾ കിടന്നു…

*************************

“എനിക്ക് പറ്റില്ല ജീവൻ ഇപ്പോൾ പ്രഗ്നന്റ് ആകാൻ.പഠിത്തം പോലും കഴിഞ്ഞട്ടില്ല എന്റെ.പ്രഗ്നന്റായി ഒരു കുഞ്ഞിനെ പ്രസവിച്ചാൽ ശരീരത്തിനാകെ ഉടവ് തട്ടും”

സിദ്ധയിൽ നിന്നു ഉതിർന്ന് വീണു കൊണ്ടിരുന്ന ഓരോ വാക്കുകളും ജീവന്റെ സിരകളെ ചൂടുപിടിപ്പിച്ചു.

“സിദ്ധാ നീയെന്തൊക്കെയാണ് പറയുന്നതെന്ന് ഓർമ്മയുണ്ടോ? കുഞ്ഞുങ്ങളെ ഈശ്വരൻ തരുന്നതാണ്.ഇപ്പോഴത് സ്വീകരിച്ചില്ലെങ്കിൽ നാളെ ദുഖിക്കേണ്ടി വരും”

ക്ഷമയുടെ അവസാനത്തെ നിമിഷം വരെ അവൻ കടിച്ചു പിടിച്ചു നിന്നു.

“എത്രയോ ആൾക്കാർ കുഞ്ഞിനായിട്ട് നേർച്ചയും പ്രാർത്ഥനകളുമായി നീറി കഴിയുന്നുണ്ടെന്ന് അറിയോ?അബോർഷൻ ചെയ്യും മുമ്പേ ഒരുപാട് ആലോചിക്കണം”

“എനിക്കിനി ആലോചിക്കാനൊന്നുമില്ല ജീവൻ.പഠിത്തം കഴിയുന്നവരെ എനിക്കൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാനാകില്ല”

ദയയുടെ ഒരു കണികയുമില്ലാതെ സിദ്ധ അറത്ത് മുറിച്ചു പറഞ്ഞത് കേട്ട് പ്രജ്ഞയറ്റത് പോലെ ജീവൻ നിന്നു.

തനിക്കിത് തന്നെ വേണം.. സ്നേഹിച്ച പെൺകുട്ടിയെ മറന്ന് സാമ്പത്തികമായി ഉയർന്ന വീട്ടിലെ പെണ്ണിനെ വിവാഹം കഴിച്ചതിനുളള ശിക്ഷ.ഓർത്തപ്പോൾ കണ്ണിൽ നിന്ന് രക്തം കിനിഞ്ഞ് ഇറങ്ങുന്നതായി അവന് തോന്നി.

മകളും മരുമകനും തമ്മിലുള്ള വഴക്ക് കേട്ടുകൊണ്ടാണ് സിദ്ധാർത്ഥും ഭാര്യ സ്വാതിയും മുറിയിലേക്ക് കയറി വന്നത്.

“എന്താ ഇവിടെ പ്രശ്നം”

“അച്ഛാ…”

കരഞ്ഞു കൊണ്ട് സിദ്ധ അച്ഛന് അരികിലെത്തി പൊട്ടിക്കരഞ്ഞു.

“പഠനം കഴിയുന്നത് വരെ പ്രഗ്നന്റ് ആകാൻ കഴിയില്ലെന്ന് പറഞ്ഞതിനാലാണ് അച്ഛാ”

“എന്താ ജീവൻ നീയിങ്ങനെ..മോളുടെ പഠനം പൂർത്തിയാകട്ടെയെന്ന് പറഞ്ഞില്ലേ”

“അച്ഛാ ഞാൻ”

വാക്കുകൾ പൂർത്തിയാക്കാൻ അയാൾ സമ്മതിച്ചില്ല.

“എന്റെ മകൾക്ക് നിന്നെ മതിയെന്ന് വാശി പിടിച്ചതിനാലാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.ചേച്ചിയുടെ വിവാഹവും നടത്തി തന്നപ്പോൾ നീയൊരു വാക്കും തന്നതാണ്.ഫാക്ടറിയുടെ കാര്യങ്ങളും നോക്കി ഇവിടെ കഴിഞ്ഞോളാമെന്ന്”

സിദ്ധാർത്ഥന്റെ വാക്കുകൾ അഗ്നിവലയമായി അവനെ ചുട്ടുപൊള്ളിച്ചു.

ശരിയാണ് സാധാരണ കുടുംബത്തിലെ അംഗമായ തനിക്ക് സിദ്ധയുടെ ആലോചന വന്നപ്പോൾ വീട്ടുകാർ പറഞ്ഞതിന് സമ്മതിക്കേണ്ടി വന്നു.വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന ചേച്ചിയുടെ കണ്ണുനീരു കൂടി കണ്ടതും മറ്റൊന്നും ആലോചിച്ചില്ല.ഒരുനിമിഷം കുട്ടിക്കാലം മുതൽക്കേ കളിച്ചു വളർന്ന,പ്രണയിച്ചവളെ ഹൃദയം കീറി മുറിക്കുന്ന വേദനയോടെ ഉപേക്ഷിച്ചു.

“ഇന്ന് മുതൽ മോളുടെ ക്ലാസ് തുടങ്ങുവല്ലേ നീ ചെന്ന് അവളെ കൊണ്ടു ചെന്നാക്ക്.അതുകഴിഞ്ഞു കമ്പിനിയിലേക്ക് പൊയ്ക്കോളൂ. ഉം…”

സിദ്ധാർത്ഥൻ ഗൗരവത്തിൽ പറഞ്ഞതോടെ ജീവന്റെ തല അറിയാതെ താണുപോയി.സിദ്ധയുടെ കണ്ണുകളൊന്ന് തിളങ്ങി.അകത്തേക്ക് പോയ ജീവൻ ഒരുങ്ങിയിറങ്ങി വന്നു.അവന് പിന്നാലെ ചിരിയോടെ അവളും ഇറങ്ങി.

“നിങ്ങൾ അങ്ങനെ കാണിച്ചത് ശരിയായില്ല”

സ്വാതി ഭർത്താവിനെ കുറ്റപ്പെടുത്തി.അയാൾ ദേഷ്യത്തോടെ അവരെ നോക്കി.

“ജീവൻ നമ്മുടെ മരുമകനാണ്.അതിന്റെ ആദരവും ബഹുമാനവും നൽകണം. അല്ലെങ്കിൽ ഒരുദിവസം എല്ലാം കൂടി പലിശയും ചേർത്തു ലഭിക്കും”

“നിന്നോട് ആരാ അഭിപ്രായം ചോദിച്ചത്.കയറിപ്പോടീ അടുക്കളയിൽ”

സ്വാതി എന്തെക്കയോ പിറുപിറുത്തു കൊണ്ട് കിച്ചണിലേക്ക് പോയി.ഭർത്താവിന്റെയും മകളുടെയും ധാർഷ്ട്യം അവർക്ക് ഇഷ്ടമല്ല.ജീവനെ ഇഷ്ടമാണ്. മകനായിട്ടാണ് കാണുന്നതും.

കാറിന്റെ ഡോറ് തുറന്ന് ജീവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. മുൻ വശത്ത് കയറാനായി ആദ്യം ചെന്നെങ്കിലും മറ്റെന്തോ ആലോചിച്ചത് പോലെ സിദ്ധ ചെന്ന് പിൻ സീറ്റിൽ കയറി. അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.

“നല്ല തലവേദന ..ഒന്ന് ചാരി കിടന്നാൽ മാറും‌”

ആരോടെന്നില്ലാതെ പറഞ്ഞിട്ട് കാറിന്റെ പിൻ സീറ്റിലേക്ക് തല ചായിച്ചു ചാരി കിടന്നു.മനസിൽ സിദ്ധ ചിരിക്കുകയായിരുന്നു.അവനത് മനസ്സിലാവുകയും ചെയ്തു. പല്ല് ഞെരിച്ചിട്ട് കാറ് സ്റ്റാർട്ട് ചെയ്തു.

എന്നെത്തേയും പോലെ ശിവ വെളുപ്പിനേ എഴുന്നേറ്റു കുളിച്ചു പൂജാമുറിയിൽ കയറി നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചു. അതിനു ശേഷം കിച്ചണിൽ നിന്ന് ചായയുമിട്ട് ക്രിസിനെ വിളിച്ചു ഉണർത്തി.

“ദേവി രാവിലെ എഴുന്നേറ്റോ”

വഷളച്ചിരിയോടെ അവൻ ചോദിച്ചു. മാറി കിടക്കുന്ന സാരിത്തലപ്പ് കണ്ടതും ക്രിസിന്റെ വികാരങ്ങൾക്ക് ചൂടു പിടിച്ചു. ചായക്കപ്പ് വാങ്ങി ടീപ്പോയിൽ വെച്ചിട്ട് ശിവയെ വലിച്ചു മാറിലേക്കിട്ടു.

“വേണ്ട ക്രിസ് പ്ലീസ്..കുളി കഴിഞ്ഞതേയുള്ളൂ”

ക്രിസിൽ നിന്നും തെന്നിയകലാൻ ശ്രമിച്ചെങ്കിലും ബലിഷ്ടമായ കരങ്ങൾക്ക് മുറുക്കം കൂടിയതേയുള്ളൂ.നനവാർന്ന അവളുടെ മുടിയിഴകളിൽ മുഖം ഒളിപ്പിച്ചു കാച്ചെണ്ണയുടെ വാസന നുകരാൻ ശ്രമിച്ചു.

എത്ര നുകർന്നാലും മടുക്കാത്ത നറുപുഷ്പമാണിവൾ..അല്ലെങ്കിൽ എന്നേ എടുത്ത് ചവറ്റ് കുട്ടയിൽ എറിഞ്ഞേനെ.ക്രിസ് മനസ്സിലോർത്തു.

പതിയെ അവന്റെ കൈകൾ സാരിത്തലപ്പിലേക്കെത്തി.ക്രിസിന്റെ കരങ്ങൾ അയഞ്ഞ നിമിഷം ശിവ പരൽ മീനിനെ പോലെ തെന്നിയകന്നു.

“അടുത്തിടെ ആയിട്ട് രാവിലെ കുറച്ചു കുസൃതികൾ കൂടുന്നുണ്ട് ക്രിസ്”

സ്നേഹം നിറഞ്ഞ സ്വരത്തിൽ ശാസന കലർത്തി അവൾ പറഞ്ഞു. അവനൊന്ന് പല്ല് ഞെരിച്ചത് ശിവ കണ്ടില്ല.

“ശിവ തീരുമാനം എന്തായി”

“എനിക്ക് ക്രിസാണ് വലുത്..നീയെന്ത് തീരുമാനം എടുത്താലും ഞാൻ അനുസരിക്കും”

അവന്റെ മിഴികളിൽ തെളിഞ്ഞ ഭാവം അവൾക്ക് മനസ്സിലായില്ല.അവൻ ചില കണക്കു കൂട്ടലുകൾ നടത്തി നോക്കി.

“ശരി..ഇന്ന് മുതൽ പോകാൻ തുടങ്ങിക്കോളൂ..പിജി ഫസ്റ്റ് ഇയർ തന്നെ പഠിച്ചു തുടങ്ങിക്കോളൂ”

“അയ്യോ ഇന്ന് തന്നോ..സീറ്റൊക്കെ തരപ്പെടുത്തണ്ടേ ക്രിസ്”

“അതൊരു നീ അറിയേണ്ടാ..ചെന്ന് ഒരുങ്ങിക്കോളൂ”

ക്രിസിന്റെ ഉദ്ദേശം എന്താണെന്ന് ഒന്നും അറിയാതെ മനസ്സില്ലാ മനസ്സോടെ ശിവ ഒരുങ്ങി വന്നു.ക്രിസും ശിവയും കൂടി താഴേക്ക് ഇറങ്ങി വന്നപ്പോൾ മീരവിനെ കണ്ടു അവർ പരസ്പരം വിഷ് ചെയ്തു.

“എവിടേക്കാ രണ്ടു പേരും കൂടി”

മീരവ് കുശലം ചോദിച്ചു.. ക്രിസും ശിവയും ചിരിച്ചു.

“മുടങ്ങിപ്പോയ ക്ലാസ് ശിവ പുനരാരംഭിക്കുന്നു”

ക്രിസ് മറുപടി കൊടുത്തു..

“വളരെയധികം നന്നായി…

” ശരി ഞങ്ങൾ പോയിട്ട് വരാം”

യാത്ര പറഞ്ഞു അവർ പോയപ്പോൾ മീരവ് അകത്തേക്ക് കയറി.മുറിയിൽ ചെന്ന് നോക്കിയപ്പോൾ അമ്മുക്കുട്ടി ഉണർന്നട്ടില്ല.അയാൾ തിരികെ ഹാളിലെത്തി.ഭിത്തിയിൽ ഫ്രയിം ചെയ്തു വെച്ചിരിക്കുന്ന ആത്മജയുടെ ഫോട്ടോയിൽ മിഴികൾ ഉടക്കിയപ്പോൾ അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞു.

ഉള്ളിലൊരു നേർത്ത വിലാപമായി ആത്മജയുടെ ഓർമ്മകൾ ഉണർന്നതും മീരവിൽ നിന്ന് നിശബ്ദമായൊരു നിലവിളി ഉയർന്നു.അവളുടെ ശ്വാസം പോലും മുറികളിൽ നിറഞ്ഞ് നിൽക്കുന്നതായി അവന് അനുഭവപ്പെട്ടു.

അമ്മുക്കുട്ടിയെ പ്രസവിച്ച് കൈകളിൽ ഏൽപ്പിച്ചിട്ട് അവൾ മാത്രം മനുഷ്യന് ചെന്നെത്താൻ കഴിയാത്ത ലോകത്തേക്ക് യാത്രയായി. പോകുമ്പോൾ യാത്രാമൊഴി പോലും ചൊല്ലാതെയാണ് അവൾ പോയത്.പുഞ്ചിരി തൂകി നിൽക്കുന്ന ആത്മജയുടെ ഫോട്ടോ കണ്ടപ്പോൾ അയാളുടെ നെഞ്ച് ഇടറിപ്പോയി.

സ്നേഹിച്ചു കൊതി തീർന്നട്ടില്ല ഇതുവരെ.. ഓരോ ദിവസവും കഴിയുന്തോറും ആത്മജയെ അഗാധമായി പ്രണയിക്കുകയായിരുന്നു.തന്റെ ജീവനെ ഉദരത്തിൽ പേറുകയാണെന്ന് അറിഞ്ഞ നിമിഷം മുതൽ താഴെയും നിലത്തും വെക്കാതെ കൊണ്ട് നടന്നു.എന്നിട്ടും സന്തോഷകരമായ ജീവിതം കണ്ടിട്ട് ഈശ്വരന് പോലും അസൂയ തോന്നിക്കാണും.അതല്ലേ ഇത്രയും നേരത്തെ അടർത്തി മാറ്റിയെടുത്തത്.ഓർമ്മകൾ കുന്നു കൂടിയപ്പോഴേക്കും മിഴിനീരുറവകൾ ഒഴുകി തുടങ്ങി.

“എന്തിനാ ഡാഡി കരയുന്നത്”

കുഞ്ഞ് കൈകൾ കണ്ണീരൊപ്പിയപ്പോൾ മിഴിനീരിനുമപ്പുറം സങ്കടത്തോടെ നിൽക്കുന്ന അമ്മുക്കുട്ടിയെ കണ്ടു മീരവിനു കരച്ചിൽ നിയന്തിക്കാൻ വിമ്മിഷ്ടപ്പെട്ടു.

“ഒന്നൂല്ലാ മോളേ ഡാഡിയുടെ കണ്ണിലൊരു കരട് വീണതാണ്”

കരടെന്നാൽ അമ്മുക്കുട്ടിക്ക് മനസ്സിലായില്ലെങ്കിലും ഡാഡി കരയുകയാണെന്ന് മാത്രം ആ അഞ്ചുവയസ്സുകാരിക്ക് മനസ്സിലായി.അവളും കൂടെ കരയുമെന്ന് തോന്നിയ നിമിഷത്തിൽ മീരവ് കരച്ചിലടക്കി അമ്മുക്കുട്ടിയെ ആശ്വസിപ്പിച്ചു.

“ഡാഡിയുടെ മുത്ത് കരയണ്ടാ ട്ടോ”

കുഞ്ഞിനെയും ആശ്വസിപ്പിച്ചു അവളുടെ കയ്യും പിടിച്ചു ബാത്ത് റൂമിൽ കയറി അമ്മുക്കുട്ടിയെ കുളിപ്പിച്ചു.

“ഇന്ന് സ്കൂളിൽ പോകണണ്ടേ..ഡാഡിയെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്”

അമ്മുക്കുട്ടി തലമെല്ലെ കുലുക്കി..മീരവ് അവളെ ഒരുക്കി ചായയും ബ്രേക്ക് ഫാസ്റ്റും കൊടുത്തു സ്കൂളിൽ കൊണ്ടു ചെന്നാക്കി.

വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ എംഡിയാണ് മീരവ്.ആത്മജ അയാളുടെ സ്ഥാപനത്തിലെയൊരു ജോലിക്കാരി ആയിരുന്നു. പ്രണയിച്ചാണവളെ സ്വന്തമാക്കിയത്. ഒരിക്കൽ പോലും ആത്മജക്ക് മുമ്പിൽ മീരവിന്റെ മുഖം കറുത്തട്ടില്ല.തിരികെ അവൾക്കും അവനോട് വലിയ സ്നേഹമായിരുന്നു.

അവരുടെ സ്വർഗ്ഗത്തിലേക്ക് പുതിയൊരു അതിഥിതി കൂടിയെത്തുന്നുവെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു.ആത്മജ പ്രഗ്നന്റ് ആയി പ്രസവിക്കുന്നത് മുതൽ നിഴലുപോലെ അവൻ കൂടെയുണ്ട്.പ്രഗ്നൻസി ടൈമിൽ ഭർത്താവിന്റെ സ്നേഹവും കരുതലും ലഭിക്കുന്നതിൽ ആത്മജ ഭാഗ്യവതിയായിരുന്നു.അവൾക്കത് വേണ്ടുവോളം ലഭിച്ചിട്ടുണ്ട്.

പ്രസവും കുറച്ചു കോംപ്ലിക്കേറ്റ് ആകുമെന്നത് മാത്രമായിരുന്നു മീരവിനെ ആകെ അലട്ടിയിരുന്നത്.പക്ഷേ ആത്മജക്ക് ശുഭാപ്തിവിശ്വാസം ആയിരുന്നു.

“എന്റെ ഏട്ടാ ഇങ്ങനെ ടെൻഷൻ അടിക്കരുത്.നമ്മുടെ കുഞ്ഞിനൊപ്പം ഏട്ടന്റെ കൂടെ വയസ്സാകുന്നത് വരെയും ഞാൻ കൂടെ കാണും നമ്മുടെ കൊച്ചുമക്കളേയും കളിപ്പിച്ച് അങ്ങനെ നൂറ് വർഷം ജീവിക്കും”

സിസേറിയനായി ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുമ്പോഴും ആത്മജ ആത്മവിശ്വാസം കൈവിട്ടിരുന്നില്ല.പക്ഷേ പ്രസവം കഴിഞ്ഞതോടെ ചേതനയറ്റ അവളുടെ ശരീരം കണ്ടപ്പോഴേക്കും മീരവാകെ തളർന്നു പോയി. പിന്നെയും കുറെ ദിവസമെടുത്തു ജീവിതത്തിലേക്ക് തിരിച്ചു വരാനായിട്ട്.

ഓഫീസിൽ എത്തിയട്ടും മീരവിന് സമാധാനം ലഭിച്ചില്ല.മനസ്സാകെ അസ്വസ്ഥമായിരുന്നു.വീട്ടിലേക്ക് മടങ്ങും വഴി ബീവറേജസിൽ നിന്നും മദ്യവും വാങ്ങിയിരുന്നു. ഓർമ്മകളുടെ ഉഷ്ണച്ചൂട് മനസ്സിനെയും ശരീരത്തിനെയും ഒരുമിച്ച് വെന്തുരുക്കിയപ്പോൾ മദ്യത്തിൽ മുങ്ങിക്കുളിച്ചു ബോധമറ്റ് കിടന്നു.

വൈകുന്നേരം സുബോധം വന്നപ്പോളാദ്യം തിരക്കിയത് അമ്മുക്കുട്ടിയെ ആയിരുന്നു. മകളെ മുറിയിൽ കാണാതെ ആയതോടെ അടിവയറ്റിലൊരു ആന്തലുയർന്നു.

“അമ്മുക്കുട്ടി… അമ്മുക്കുട്ടി”

മുറിയിലാകെ വിളിച്ചു നടന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല. വാടകക്ക് കൊടുത്തിരിക്കുന്ന മുകളിലെ നിലയിലൂടെ തിരക്കാമെന്ന് കരുതിയാണ് മീരവ് അവിടെ എത്തിയത്.ഓഫീസിൽ നിന്ന് വരാൻ താമസിക്കുമ്പോൾ അമ്മുക്കുട്ടിയെ നോക്കുന്നത് ശിവയാണ്.

മുകളിലത്തെ നിലയിലാണ് ശിവയും ക്രിസും വാടകക്ക് താമസിക്കുന്നത്. ഉറങ്ങി കിടക്കുന്ന വീടിനൊരു ഉണർവ് ലഭിക്കട്ടെയെന്ന് കരുതിയാണ് മീരവ് റൂം വാടകക്ക് കൊടുക്കാൻ കാരണം.

മീരവ് ചെല്ലുമ്പോൾ കാണുന്നത് അമ്മുക്കുട്ടിയെ മടിയിലിരുത്തി ആഹാരം വാരിക്കൊടുക്കുന്ന ശിവയെയാണ്.ഒരുനിമിഷം അയാളത് നോക്കി നിന്നു.എന്തിനെന്ന് അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞു.

മീരവ് വാതിക്കൽ നിൽക്കുന്നത് ആദ്യം കണ്ടത് ശിവയായിരുന്നു.അമ്മുക്കുട്ടിയെ താഴെയിറക്കി അവൾ പിടഞ്ഞ് എഴുന്നേറ്റു.

“ഡാഡി …”

അമ്മുക്കുട്ടി അയാൾക്ക് അരികിലേക്ക് ഓടിയെത്തി.

“മോള് വരുമ്പോൾ സാറ് ഉറക്കമായിരുന്നു.അതുകൊണ്ടാണ് മോളെ ഞാൻ കൂട്ടിക്കൊണ്ട് വന്നത്”

ക്ഷമാപണത്തോടെ ശിവ പറഞ്ഞു. നന്ദിയോടെ മീരവ് പുഞ്ചിരിച്ചു.

“താങ്ക്സ് ശിവ”

സ്നേഹമൂറുന്ന സ്വരത്തോടെ പറഞ്ഞിട്ട് മോളെയും കൂട്ടി മീരവ് താഴെയെത്തി.

“മോൾക്ക് ഡാഡി കഴിക്കാനെന്തെങ്കിലും ഉണ്ടാക്കട്ടേ”

“വേണ്ട ഡാഡി ആന്റി വയറ് നിറയെ കഴിപ്പിച്ചു”

അമ്മുക്കുട്ടി ശിവയെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. മകൾക്ക് ശിവയോടുളള സ്നേഹത്തിന്റെ ആഴം അയാൾക്ക് മനസ്സിലായി…

കുറച്ചു ദിനങ്ങൾ പതിയെ കടന്നുപോയി.പിന്നീടുള്ള ദിവസങ്ങളിൽ മോൾ ഉറങ്ങി കഴിഞ്ഞതിന് ശേഷമാണ് മീരവ് മദ്യപിക്കുന്നത്.

കോളേജും ജീവിതവുമായി ശിവയുടെ ജീവിതം മുമ്പോട്ട് നീങ്ങി.കോളേജ് വിട്ടു വന്നാൽ അമ്മുക്കുട്ടിക്കൊപ്പമാണ് അവൾ.മീരവ് വന്നിട്ടാകും തിരിച്ച് പോവുക.കുഞ്ഞില്ലാത്തതിന്റെ സങ്കടം അമ്മുക്കുട്ടിയിലാണവൾ തീർത്തത്.

ശിവ കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ ക്രിസ് ഓരോ ദിവസവും താമസിച്ചാണ് വീട്ടിൽ എത്തി തുടങ്ങിയത്. പുതിയ പുതിയ സൗഹൃദക്കൂട്ടിൽ ചെന്ന് പെട്ടപ്പോൾ മദ്യപാനവും സ്ഥിരമാക്കി.ഓരോ പ്രാവശ്യവും ശിവ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വഴക്കിൽ ചെന്നാണ് നിൽക്കുന്നത്. അതിനാൽ കഴിവതും മൗനം പാലിച്ച് അവൾ ഉരുകിയൊലിച്ചു തുടങ്ങി.

ഒരുദിവസം മദ്യപിച്ചു ലെക്കുകെട്ട് അർദ്ധരാത്രിയിലാണ് ക്രിസ് വീട്ടിൽ എത്തിയത്.കാത്തിരുന്ന് ക്ഷമ നശിച്ച ശിവ ഫോണിൽ കൂടി വിളിച്ചെങ്കിലും അവന്റെ മൊബൈൽ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.

“ക്രിസ് മൊബൈൽ ഒന്ന് ഓണാക്കി വെച്ചുകൂടെ..അല്ലെങ്കിൽ താമസിച്ചാൽ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ.ഞാനൊരുത്തി ഇവിടെ ഒറ്റക്കാണെന്ന് അറിയില്ലേ”

നിസ്സഹായതയോടെ അവൾ ചോദിച്ചതും ക്രിസ് പൊട്ടിത്തെറിച്ചു.

“ഞാൻ റെന്റ് കൊടുക്കുന്ന റൂമാണിത്..എനിക്ക് ഇഷ്ടം ഉളളപ്പോൾ വരും പോകും.നിനക്ക് താല്പര്യം ഇല്ലെങ്കിൽ പോകരുതോ.ഇത്രയും നാളും കൂടെ കഴിഞ്ഞതിനു എത്ര പണം വേണമെന്ന് പറഞ്ഞാൽ മതി”

കൂടെ കേട്ടാലറക്കുന്നൊരു തെറിയും വിളിച്ചു കൊണ്ട് അവൻ കിടക്കയിലേക്ക് മലർന്ന് കിടന്നു.ക്രിസിൽ നിന്ന് കേട്ടതൊക്കെ വിശ്വസിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു…

വരും ദിവസങ്ങളിൽ തന്നിൽ നിന്ന് കണ്ണുനീർ പെയ്ത് തോരാതിരിക്കാനുളള ആരംഭത്തിന്റെ മുന്നോടിയാണ് ഇതെന്ന് പാവം ശിവ അറിഞ്ഞിരുന്നില്ല…

(തുടരും)

-

-

-

-