പ്രണയവീചികൾ : ഭാഗം 31
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
സൂര്യന്റെ പൊൻകിരണങ്ങൾ ജനാല വഴി റൂമിലേക്ക് കടന്നുവന്നു. മുഖത്ത് രശ്മികൾ പതിച്ചപ്പോൾ ഋതു മെല്ലെ കണ്ണുതുറന്നു.
ചുവരിലെ ക്ലോക്കിൽ സമയം എട്ട് നാൽപ്പത് കാണിക്കുന്നുണ്ടായിരുന്നു .
ഞായറാഴ്ച ആയതിനാൽ ഓഫീസ് അവധിയാണ്.
അതുകൊണ്ടുതന്നെ അവൾ കുറച്ചു സമയം ഉണർന്നുകിടന്നു.
കട്ടിലിൽ കിടക്കുന്ന വലിയൊരു പിങ്ക് ടെഡിയിലേക്കവൾ മുഖമമർത്തി കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ചു.
അല്പനേരത്തിനുശേഷം എഴുന്നേറ്റ് ഫ്രഷ് ആയി അടുക്കളയിലേക്ക് നടന്നു.
ഒറ്റയ്ക്കായതിനാൽ പാചകമെല്ലാം കണക്ക് തന്നെയാണ്.
ബ്രഡ് ബട്ടർ പുരട്ടി ടോസ്റ്റ് ചെയ്തശേഷം തിളച്ച പാലിൽ കോഫി പൗഡറും പഞ്ചസാരയും ചേർത്തവൾ മഗ്ഗിലേക്ക് പകർത്തി.
എടുത്ത രണ്ട് ബ്രെഡിൽ ഒരെണ്ണം കഴിച്ചശേഷം കോഫിയും നുണഞ്ഞവൾ പാത്രം കഴുകി വച്ചു.
അല്പസമയം ടിവി കണ്ടിരുന്നു.
സമയം പതിനൊന്ന് ആകുന്നു.
മുൻപൊക്കെ എല്ലാ ഞായറാഴ്ചകളിലും പുറത്തേക്ക് പോകുമായിരുന്നു.
അമ്പുവും വൈശുവും നീരവും ഒക്കെയായി അന്നത്തെ ദിവസo ജോറാണ്.
സാരംഗ് പിന്നീടാണ് അതിലേക്ക് കടന്നുവന്നത്.
അവന്റെ കൈകളിൽ കൈകോർത്ത് ബീച്ചിലൂടെ നടന്നിരുന്നു.
അന്ന് അവന്റെ നെഞ്ചിൽ വീണുകിടന്നപ്പോൾ കേട്ട അവന്റെ ഹൃദയതാളം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നതുപോലെ.
ഓർമ്മകളുടെ കുത്തൊഴുക്കിൽ അനുവാദം ചോദിക്കാതെ അവ കടന്നു വന്നപ്പോൾ അവൾക്ക് പരവേശം തോന്നി.
നിശബ്ദത തലകെട്ടിക്കിടക്കുന്ന ഈ നാലുചുവരുകൾക്കുള്ളിൽ ഇരുന്ന് ശ്വാസം മുട്ടുന്നതുപോലെ.
ശ്വാസം ആഞ്ഞുവലിച്ചുകൊണ്ടവൾ ബാൽക്കണിയിലേക്ക് ഓടിയിറങ്ങി.
അനുസരണയില്ലാതെ മിഴികൾ നിറഞ്ഞൊഴുകുന്നു.
മനസ്സിനും മിഴികൾക്കും അനുസരണശീലം പണ്ടേ ഇല്ലല്ലോ. മനസ്സിലുള്ള വികാരക്ഷോഭങ്ങൾ മിഴികൾ കൃത്യമായി പ്രകടിപ്പിക്കുകയും ചെയ്യും. അവൾക്ക് ചെറുതായി ദേഷ്യം വന്നു.
ഇനിയും ഫ്ലാറ്റിൽ ഇരുന്നാൽ ശരിയാകില്ലെന്ന് തോന്നിയതുകൊണ്ടാകാം ഋതു പുറത്തേക്ക് പോകാനായി വസ്ത്രം മാറി വന്നു.
ബാംഗ്ലൂർ വന്നശേഷം ഓഫീസിൽ പോകുന്നതല്ലാതെ പുറത്തേക്ക്
പോകുന്നത് വിരളമായിരുന്നു.
ഷോപ്പിങ്ങിന് പോലും പോകാറില്ല.
അല്ലെങ്കിലും വസ്ത്രങ്ങളോടുള്ള കമ്പമെല്ലാം അവസാനിച്ചിരിക്കുന്നു.
ഫാഷൻ നോക്കിയും മോഡൽ നോക്കിയും എടുത്തിരുന്ന ഋതുവിൽ നിന്നും ഇപ്പോഴത്തെ ഋതുവിലേക്കുള്ള മാറ്റം..
ബ്ലാക്ക് പട്യാലയും അതിന് ഒട്ടും ചേരാത്തൊരു ടോപ്പുമായിരുന്നു വേഷം.
മുടി പിന്നിലേക്ക് ക്ലിപ്പിട്ട് ഒതുക്കി.
മുഖത്ത് ചമയങ്ങളൊന്നും തന്നെയില്ല.
വെള്ളാരംകണ്ണുകൾ കീഴടക്കിയ കണ്മഷിപോലും ഇന്ന് അന്യമാണ്.
കണ്ണാടിക്ക് മുൻപിൽ നിന്ന് ദീർഘമായൊന്ന് ശ്വസിച്ചശേഷം ബാഗും കാറിന്റെ കീയും എടുത്തവൾ പുറത്തേക്കിറങ്ങി.
അമ്പുവിന്റെ ഫ്ലാറ്റിന്റെ ഡോർ അടഞ്ഞു കിടപ്പാണ്.
ഒരുനിമിഷം അവരെ വിളിക്കണോയെന്ന് ശങ്കിച്ചുനിന്നു.
വേണ്ട… അവർക്കൊരു ബുദ്ധിമുട്ട് ഇനി താൻ കാരണം ഉണ്ടാകാൻ പാടില്ല… നിശ്ചയിച്ചുറപ്പിച്ചതുപോലെ അവൾ ലിഫ്റ്റിനരികിലേക്ക് നടന്നു.
ഞായറാഴ്ച ആയതുകൊണ്ട് തന്നെ എല്ലായിടത്തും തിരക്കുണ്ടായിരുന്നു.
പേരുപോലും നോക്കാതെ ഏതോ ഒരു ടെക്സ്റ്റയിൽസിലേക്ക് കയറി കൈയിൽ തടഞ്ഞ രണ്ടു പട്യാലയും ടോപ്പും ഇന്നർ ഗാർമെൻറ്സും എടുത്ത് സെയിൽസ് ഗേളിന് നേരെ നീട്ടി.
കളറും മോഡലുമൊന്നും തിരഞ്ഞു പിടിക്കാതെ വന്നയുടൻ തന്നെ ഷോപ്പിംഗ് തീർത്തതുകൊണ്ടാകാം അവരുടെ അത്ഭുതത്തോടെയുള്ള നോട്ടം തന്റെ നേരെ വീഴുന്നത് ഋതു ശ്രദ്ധിച്ചു.
അടുത്തതായി കാർ നിർത്തിയത് പാർക്കിലാണ്.
ഉച്ചസമയം ആയതുകൊണ്ട് തന്നെ സൂര്യൻ കത്തിജ്വലിച്ച് നിൽക്കുന്നുണ്ട്.
ഇളംപച്ചനിറത്തിൽ കടൽ..
വെയിൽ വകവയ്ക്കാതെ തടികൊണ്ടുണ്ടാക്കിയ ഒരു ബെഞ്ചിരുന്നു.
അവിടവിടെയായി ആളുകൾ നിൽപ്പുണ്ട്.
സമയം ഇരുട്ടി തുടങ്ങിയിരുന്നു.
ഇത്രനേരം താനിവിടെ ചിലവഴിച്ചോ എന്നവൾ അമ്പരന്നു.
വിശപ്പോ ദാഹമോ അറിഞ്ഞിരുന്നില്ല.
എഴുന്നേൽക്കാൻ നോക്കിയപ്പോൾ ക്ഷീണംപോലെ.
രാവിലെ ഒരു കഷ്ണം ബ്രെഡും കോഫിയുമല്ലേ കഴിച്ചുള്ളൂ. പോരാഞ്ഞിട്ട് വെയിൽ മുഴുവൻ കൊണ്ടു.
ഫോൺ പോലും എടുത്തില്ലെന്ന് അപ്പോഴാണ് ഓർത്തത്.
തളർച്ച വകവയ്ക്കാതെ കാറിനടുത്തേക്ക് നടന്നു.
കാറിനടുത്തായി രണ്ടുമൂന്ന് ചെറുപ്പക്കാർ കൂടി നിൽക്കുന്നുണ്ട്.
അവരുടെ ബൈക്കുകൾ അവിടെ ഇരിപ്പുണ്ട്.
താടിയും മുടിയും കളർ ചെയ്ത് നീട്ടിവളർത്തിയിരുന്ന കോലങ്ങൾ.
ഒന്നും വകവയ്ക്കാതെ കാറിന്റെ ഡോർ തുറക്കാൻ കൈ നീട്ടിയതും അതിലൊരുവൻ കൈയിൽ പിടിച്ചു.
കൂടെയുള്ളവന്മാരുടെ ചിരിയും അർത്ഥം വച്ചുള്ള പരിഹാസവും കൂടെ മദ്യത്തിന്റെയും മറ്റെന്തിന്റെയൊക്കെയോ രൂക്ഷഗന്ധവും.
കൈനീട്ടി ഒരുവന്റെ കവിളിൽ ആഞ്ഞടിച്ചശേഷം ശക്തിയായി പിന്നിലേക്ക് തള്ളി.
കൂടെയുള്ളവന്മാർ ചാടിയെഴുന്നേൽക്കും മുൻപേ കാറിലേക്ക് കടന്നിരുന്ന് റിവേഴ്‌സ് എടുത്തു.
അല്പദൂരം മുന്നോട്ടുപോയി.
വഴിവിളക്കുകളുടെ പ്രകാശത്തിൽ ബാംഗ്ലൂരിന്റെ സൗന്ദര്യം ഒന്നുകൂടി വർദ്ധിച്ചതുപോലെ.
പെട്ടെന്ന്
കണ്ണുകളിൽ ഇരുട്ട് കയറുമ്പോലെ തോന്നി.
തലയൊന്ന് കുടഞ്ഞുകൊണ്ട് വീണ്ടും മുന്നോട്ട് നോക്കി.
കണ്ണുകൾ അടയുന്നതുപോലെ… തളർച്ചകൊണ്ട് കൈകൾ ദുർബലമാകുന്നു.
ചീറിവരുന്ന ഏതോ വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ തീവ്രപ്രകാശം കണ്ണുകളിൽ തുളച്ചു കയറി.
സ്റ്റിയറിങ് വെട്ടിച്ചതും എവിടെയോ കാർ ഇടിച്ചുകയറി.
നെറ്റി സ്റ്റീയറിങ്ങിലേക്ക് ഇടിച്ചു.
കണ്ണുകൾ പൂർണ്ണമായും അടഞ്ഞ് ബോധം മറയുമ്പോഴും തുള്ളി തുള്ളിയായി രക്തം ഇറ്റുവീണുകൊണ്ടിരുന്നു..
(തുടരും )