പ്രണയവീചികൾ : ഭാഗം 29
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
ദിവസങ്ങളും മാസങ്ങളും ഒന്നിനുവേണ്ടിയും കാത്തുനിൽക്കാറില്ലല്ലോ. ഋതുക്കൾ മാറിമാറി വന്ന് അവരുടെ വരവറിയിച്ച് മടങ്ങി.
വേനലും വസന്തവും ശിശിരവുമൊന്നും ഋതുവിനെ ബാധിച്ചില്ല.
കേസും ജയിലും കോടതിയുമായി മല്ലിട്ട ദിനങ്ങൾ.
സ്വയരക്ഷയ്ക്കുവേണ്ടിയുള്ള കൊലപാതകം.
പ്രതിയുടെ ബാക്ക്ഗ്രൗണ്ട് ക്ലീൻ ആയതിനാലും പ്രായവും കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം കുറവായിരുന്നു.
ഒടുവിൽ വീട്ടിൽ തിരിച്ചെത്തുമ്പോഴും എല്ലാവരിലും മാറ്റങ്ങൾ സംഭവിച്ചിരുന്നു.
നന്ദൻ മേനോൻ പഴയ പ്രൗഢിയിൽ നിന്നും സാധാ അച്ഛനെന്ന അവസ്ഥയിലേക്ക് പരിണമിച്ചിരുന്നു.
അമ്മയുടെ മുടിയിഴകളെ നര ബാധിച്ചിരുന്നു.
ഋഷിയേട്ടന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.
കൂട്ടുകാരുമായുള്ള കോൺടാക്ട്സ് പോലും തുടരാൻ അവൾക്ക് താല്പര്യം തോന്നിയില്ല.
തന്നെ കാണാനായി വന്ന സാരംഗിനെയും അവന്റെ നിറമിഴികളെയും കണ്ടില്ലെന്ന് നടിച്ച് നെഞ്ചോട് ചേർന്നുകിടന്ന താലിയിൽ മുറുകെ പിടിച്ച് നിശബ്ദമായി വേദനിച്ച നിമിഷങ്ങൾ.
മുറിയിൽ ഒതുങ്ങിക്കൂടിയ ദിനങ്ങൾ.
അപ്പോഴും കണ്ണുനീർത്തുള്ളികൾ തന്റെ കണ്ണുകളിൽ സ്ഥാനം പിടിച്ചില്ലെന്നവൾ അത്ഭുതത്തോടെ ഓർത്തു.
തന്നെപ്പോലൊരു കൊലപാതകിയല്ല സാരംഗിന് വേണ്ടതെന്ന അവളുടെ സ്വാർത്ഥത അവനിൽ നിന്നും അകലാൻ കാരണമായി.
എന്നും തന്റെ വീട്ടുകാരുടെ മുൻപിൽ തല കുമ്പിട്ടിരിക്കുന്ന ചെറുപ്പക്കാരൻ. അവന്റെ പഴയ പ്രസരിപ്പ് എങ്ങോ പോയിമറഞ്ഞെന്ന് അവൾ കണ്ടുപിടിച്ചു.
മോനേ.. നിന്നെ ഭർത്താവായി നേടാൻ എന്റെ മോൾക്ക് ഭാഗ്യമില്ല.
ഇനിയും അവളെയോർത്ത് നിന്റെ ജീവിതo പാഴാക്കരുത്… അച്ഛന്റെ ഇടറിയ സ്വരം വിങ്ങലോടെയാണ് മുറിയിലിരുന്ന് കേട്ടത്.
അപ്പോഴും കഴുത്തോട് ചേർന്നു കിടക്കുന്ന അവന്റെ താലി മുറുകെ പിടിച്ചിരുന്നു.
അതായിരുന്നു ജീവിക്കാനുള്ള പ്രചോദനവും.
ഋഷി ഏട്ടന് വരുന്ന വിവാഹാലോചനകൾ പലതും സഹോദരി കൊലപാതകിയാണെന്നറിഞ്ഞതിനാൽ മുടങ്ങി പോകുന്നതെന്ന് ബ്രോക്കർ പറഞ്ഞു കേട്ടപ്പോൾ നിന്ന നിൽപ്പിൽ ഉരുകിയൊലിച്ചു പോയി.
താൻ കാരണം അന്നുമിന്നും അപമാനം മാത്രമാണ് എല്ലാവർക്കും ലഭിച്ചിട്ടുള്ളത് അതോർത്തവൾ ഏങ്ങി.
ഒരാശ്വാസത്തിനായി അമ്പലത്തിൽ പോയി.
പലരുടെയും സഹതാപം നിറഞ്ഞ നോട്ടവും പിറുപിറുക്കലുകളും കേട്ടില്ലെന്ന് നടിച്ചു.
തൊഴുതിറങ്ങിയപ്പോൾ പിന്നിൽ നിന്നൊരു വിളികേട്ടു.
ഇളം നിറത്തിലെ കോട്ടൺ സാരിയുടുത്ത മധ്യവയസ്കയായ ഒരമ്മ. മുഖത്ത് ഐശ്വര്യം തുള്ളിത്തുളുമ്പുന്നുണ്ട്.
ഓർമ്മയിൽ പരതിയെടുത്ത മുഖത്തിന് സാരംഗിന്റെ അമ്മയുടെ രൂപമായിരുന്നു.
സായാഹ്നത്തിലെ ആകാശത്തിലെ അന്തിചുവപ്പിന് കൂട്ടേകാനെന്നവണ്ണം മന്ദമാരുതൻ ഓടിയെത്തി.
അതിലവരുടെ സാരിത്തലപ്പ് ഉലയുന്നത് അവൾ കൗതുകത്തോടെ നോക്കിനിന്നു.
മുഖവുരയില്ലാതെ അവർ സംസാരത്തിന് തുടക്കം കുറിച്ചു. എന്റെ മോൻ നിന്നെയൊരുപാട് സ്നേഹിക്കുന്നുണ്ട് എനിക്കറിയാം.
പക്ഷേ…
ആ പക്ഷേയിൽ തന്നെ ആ അമ്മ മനസ്സ് ഊഹിക്കാൻ അവൾക്ക് കഴിഞ്ഞു.
വികാരക്ഷോഭത്താൽ അവരുടെ മൂക്കിൻതുമ്പ് വിറച്ചു.
അവർ വീണ്ടും തുടർന്നു.
അവന്റെ മുറിയിൽ മുഴുവൻ നിന്റെ മുഖമാണ്.
ഒരുത്തനാൽ പിച്ചിചീന്തിയ കുട്ടിയാണെന്ന് പറഞ്ഞപ്പോൾ എന്നിലെ സ്ത്രീക്ക് അറിയാമായിരുന്നു നിന്റെ വേദന.
അതുകൊണ്ടാണ് ഞാൻ അവന്റെ സ്നേഹം അംഗീകരിച്ചതും.
എന്നാൽ ഇന്ന് കൊലപാതകി എന്നൊരു പട്ടം കൂടി നിന്നിലുണ്ട്.
എന്നിലെ സ്ത്രീയ്ക്ക് നിന്നോട് സഹതാപമുണ്ട്.. പക്ഷേ എന്നിലെ അമ്മയ്ക്ക് നിന്നെ മരുമകളായി കാണാൻ കഴിയുന്നില്ല.
അതെന്റെ സ്വാർത്ഥതയാകാം.
എന്റെ മോന്റെ ജീവിതത്തിൽ എല്ലാം തികഞ്ഞൊരു പെൺകുട്ടി വരണമെന്ന ആഗ്രഹമില്ല പക്ഷേ സമൂഹം നല്ലതു പറയുന്ന ഒരു പെൺകുട്ടി കടന്നു വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
നമ്മളിന്ന് ജീവിക്കുന്നത് സമൂഹത്തിലാണ് അപ്പോൾ അവരുടെ വാക്കുകളും നോട്ടവും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലല്ലോ.
അവന്റെ പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പറ്റിപ്പോയ പ്രണയം അത്രയല്ലേയുള്ളൂ. ഇനി എന്റെ മോന്റെ ജീവിതത്തിൽ വരരുത് ഒരമ്മയുടെ അപേക്ഷയാണ്.
അവൻ നീ പറഞ്ഞാൽ കേൾക്കും. അവനിങ്ങനെ കളിയും ചിരിയുമില്ലാതെ നശിച്ചു പോകുന്നത് കാണാൻ എനിക്ക് കഴിയില്ല. ഞാൻ വളർത്തിയ എന്റെ മോനല്ലേ അവൻ.
അവന് താഴെ ഒരു അനിയൻ കൂടിയുണ്ട്. അവനും വേണ്ടേ ഒരു ജീവിതം.
അമ്മയെ ശപിക്കരുത്… തന്റെ മുൻപിൽ നിന്നും കൈകൂപ്പി തൊഴുന്ന ആ അമ്മയെ… അമ്മയുടെ കണ്ണുനീരിനെ കണ്ടില്ലെന്ന് നടിക്കാൻ അവൾക്കായില്ല.
ചങ്ക് പറിയുന്ന വേദനയ്ക്കിടയിലും അവൾ പുഞ്ചിരിച്ചു.
എനിക്ക് മനസ്സിലാകും അമ്മയുടെ മനസ്സ്. ഒരിക്കലും സാരംഗിന്റെ ജീവിതത്തിൽ കടന്നു വരാൻ യോഗ്യതയില്ലാത്തവളാണ് ഞാൻ. ഞാൻ സംസാരിക്കാം അവനോട്. അമ്മയുടെ മോനെ അമ്മയ്ക്ക് തിരികെ ലഭിക്കും…
അവർക്ക് മുഖം കൊടുക്കാതവൾ ഓടുകയായിരുന്നു. അതുവരെ തടഞ്ഞു വച്ചിരുന്ന കണ്ണുനീർ കെട്ടുകൾ പൊട്ടിച്ച് സ്വതന്ത്രമായിരുന്നു.
അന്ന് മുഴുവൻ കരഞ്ഞു. ഒടുവിൽ ഒരു തീരുമാനമെടുത്ത് അവളുടെ കൈകൾ ഫോൺ എടുത്തു.
നീണ്ട നാളുകൾക്കുശേഷം
അമ്പു എന്ന നമ്പറിലേക്ക് കാൾ പോയി.
കാൾ എടുത്തിട്ടും നിശബ്ദമായ നിമിഷങ്ങൾ അവർക്കിടയിൽ തളംകെട്ടി നിന്നു.
ഇത്രയ്ക്ക് ഞങ്ങളെ ഒഴിവാക്കാൻ നിനക്ക് തോന്നിയല്ലേടീ.. അമ്പുവിന്റെ ഇടറിയ സ്വരം.
ഒടുവിൽ അവനെ സമാധാനിപ്പിച്ച് വിളിച്ച കാര്യം അവതരിപ്പിച്ചു.
ദൂരെ എങ്ങോട്ടെങ്കിലും ഒരു ജോലി. എല്ലാവരിൽ നിന്നുമൊരു ഒളിച്ചോട്ടം കൂടി.
ഞാനിപ്പോൾ ബാംഗ്ലൂർ ആണ്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി ശരിയാക്കാം.
പക്ഷേ സാരംഗേട്ടൻ
അവന്റെ വാക്കുകൾ ഇടറിയിരുന്നോ. കാണും.. കാരണം ഞങ്ങളൊന്നിക്കാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.
സാരംഗ് തന്റെ കഴുത്തിൽ താലി ചാർത്തിയപ്പോൾ അവനൊരുപാട് സന്തോഷിച്ചു.
ദുഃഖം മാത്രം കൈമുതലായുണ്ടായിരുന്ന ആത്മസഖിക്ക് ഇനിയൊരു സന്തുഷ്ടജീവിതം അവനും സ്വപ്നം കണ്ടിരുന്നിരിക്കാം..
അവൾ ദീർഘമായി ശ്വസിച്ചു.
പാടില്ല അമ്പൂ.. ആ ജീവിതത്തിൽ കടന്നു ചെല്ലാൻ ഒരു യോഗ്യതയുമില്ലാത്തവളാണ് ഞാൻ. ഞാൻ കാരണം ആ അമ്മയുടെ കണ്ണുകൾ ഇനിയും നിറയാൻ പാടില്ല.
ഒരു ബ്ലേഡിൽ തീർക്കാവുന്ന ജീവിതമാണ് എന്റേത്..
എന്നിട്ടും മരിക്കാത്തത് അതിന്റെ പേരിൽ ആ മനുഷ്യൻ തകരുന്നത് കാണാൻ വയ്യാത്തതുകൊണ്ടാണ്.
തന്റെ സ്വരത്തിലെ ഉറപ്പ് അതവനിൽ ഭയമുണ്ടാക്കിയോ അറിയില്ല അതുകൊണ്ടാകാം അവൻ നിശ്ശബ്ദത പാലിച്ചു.
ജോലി കിട്ടി പോകുകയാണെന്ന് പറഞ്ഞപ്പോൾ ആരും സമ്മതിച്ചില്ല.
ഒടുവിൽ മകളുടെ കണ്ണുനീരിന്റെ മുൻപിൽ അവർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.
ഋഷിയേട്ടൻ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് ബഹളം വച്ചു.
അനിയത്തിയുടെ കുറവുകൾ അംഗീകരിക്കുന്നൊരു പെൺകുട്ടി മതിയെന്ന് തറപ്പിച്ചു പറഞ്ഞു.
ഒടുവിൽ ഇവിടെ കിടന്ന് തന്റെ ജീവൻ ഇല്ലാതാക്കണമോയെന്ന ചോദ്യത്തിന് മുൻപിൽ ഏവരുടെയും ശിരസ്സ് താഴ്ന്നു..
ഒറ്റയ്ക്കാണ് പോകാനിറങ്ങിയത്. കൂടെ വരാൻ ആരെയും സമ്മതിച്ചില്ല. അമ്പുവാണ് ജോലി ശരിയാക്കിയതെന്നും കമ്പനിയുടെ പേരും പറഞ്ഞില്ല.
കാറിൽ കയറുന്നതിന് മുൻപായി ഓടിയണച്ചെത്തി സാരംഗ്.
വേദന നിറഞ്ഞ മുഖം നെഞ്ചിൽ നീറ്റലുണ്ടാക്കി.
എങ്കിലും കൃതൃമമായ പുഞ്ചിരി മുഖത്ത് വിരിയിച്ചു.
പോവല്ലെടീ എന്നെ വിട്ട്. എനിക്ക് പറ്റില്ല നീയില്ലാതെ.
നീ പോകാൻ ഞാനാണ് കാരണമെങ്കിൽ ഞാനിനി ഈ വീട്ടിൽ വരില്ല. ദൂരെ നിന്ന് ഞാൻ കണ്ടോളാം. എങ്കിലും പോവല്ലേ ഋതൂ… നിറഞ്ഞു തുളുമ്പി ആ മിഴികൾ.
ഹൃദയത്തിൽ ആരോ കാരമുള്ള് കൊണ്ട് കുത്തി വലിക്കുന്നതുപോലെ.. വേദനിച്ചു.. നീറി.. പുകഞ്ഞു.
എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് ആ നെഞ്ചോട് ചേർന്നുനിന്ന് ആ ഹൃദയതാളം ശ്രവിച്ച് ഉറക്കെ പറയണമെന്നുണ്ട്.
പക്ഷേ ഒരമ്മയുടെ കണ്ണുനീർ നിറഞ്ഞ മുഖം.. സമൂഹത്തിലെ അനുകമ്പ നിറഞ്ഞ നോട്ടവും പിറുപിറുക്കലുകളും…
അവളുടെ കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചതുപോൽ സ്തംഭിച്ചു പോയിരുന്നു.
ഒന്ന് ചലിക്കാനാകാത്ത വിധം… ആ മാറോട് ചേരാനാകാത്ത വിധം..
ഞാൻ പറഞ്ഞില്ലേ ഋതികയ്ക്ക് സാരംഗിലേക്കൊരു മടങ്ങി വരവില്ല. എന്നെയോർത്ത് ജീവിതം പാഴാക്കി കളയരുത്.
അച്ഛനില്ലാത്ത വീടിനും ആ അമ്മയ്ക്കും അനിയനുമെല്ലാം നീയേയുള്ളൂ.
അവരുടെ ജീവിതം നീ നശിപ്പിക്കരുത്.
നീയെന്റെ പ്രണയമല്ല ഋതൂ.
എന്റെ ഭാര്യയാണ്. ഞാൻ താലി ചാർത്തിയ എന്റെ ഭാര്യ. നിന്നിൽ പൂർണ്ണമായും അവകാശം ഉള്ളവൻ.. അവന്റെ സ്വരത്തിൽ വല്ലാത്തൊരു ആവേശം നിറഞ്ഞിരുന്നു.
തന്നെ വിട്ടു പോകാൻ സമ്മതിക്കില്ലെന്ന വാശിപോലെ..
ഏതോ ദൈവത്തിന് മുൻപിൽ വച്ച് കെട്ടിയൊരു താലിച്ചരട്. അല്ലാതെ ജീവിതമൊന്നും തുടങ്ങിയിട്ടില്ലല്ലോ നമ്മൾ.
ഒന്ന് ചുംബിക്കുകയോ ഒന്നിച്ചുറങ്ങുകയോ ഒരു വീട്ടിലോ ഒരു റൂമിലോ താമസിച്ചിട്ടില്ല. ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല.
പിന്നെയും അങ്ങനൊരു ബന്ധത്തിന്റെ പേരിൽ പിന്നാലെ വരരുത്…
ഹൃദയം നുറുങ്ങുന്ന വേദനയിൽ മനപ്പൂർവം വാക്കുകൾ കോർത്തെടുത്ത അമ്പിനാൽ അവനെ വീണ്ടും വീണ്ടും മുറിവേൽപ്പിച്ചു.
പലവട്ടം അവന്റെ കൈകൾ ഉയർന്നുതാഴ്ന്നു.
അതവന്റെ ദേഷ്യമല്ലായിരുന്നു സങ്കടമായിരുന്നു എന്ന് തനിക്കല്ലാതെ മറ്റാർക്കാണ് മനസ്സിലാകുക.
തന്നെയോർത്ത് ജീവിതം പാഴാക്കാതെ അവൻ പുതിയൊരു ജീവിതത്തിലേക്ക് കടക്കണം അതിനുവേണ്ടി അഭിനയിച്ചേ പറ്റൂ.
അവന്റെ പ്രഹരമെല്ലാം ഏറ്റുവാങ്ങി.
ഉള്ളിലെ വികാരക്ഷോഭമടക്കാൻ കഴിയാതെ മുഖമെല്ലാം ചുവന്ന് അവൻ തളർന്നിരുന്നു.
പോടീ… നീ കള്ളിയാണ്. മോഹങ്ങളും ആഗ്രഹങ്ങളും തന്ന് പറ്റിക്കുന്ന കള്ളി.
എന്റെ ഹൃദയം വരെ മോഷ്ടിച്ച കള്ളി.
നിന്റെ വെള്ളാരംകണ്ണുകൾ കള്ളം പറയില്ല എന്നോട്… അവൻ നന്നേ തളർന്നിരുന്നു. ഋഷിയേട്ടൻ അവനെ അടക്കിപ്പിടിച്ചു.
അച്ഛനും അമ്മയും കരയുന്നുണ്ടായിരുന്നു.
കാറിൽ നിന്നുമൊരു ഫയലെടുത്ത് അവനുനേരെ നീട്ടിയശേഷം ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു.
കാർ ഡ്രൈവ് ചെയ്യുമ്പോഴുo കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. ഹൃദയം പിടയുന്നുണ്ടായിരുന്നു…
ഇങ്ങനൊരു ജന്മം തന്നതോർത്ത് ദൈവത്തെ വരെ വെറുത്തു പോയ നിമിഷം.
അവന്റെ സ്നേഹം ആവോളം നുകരാൻ ഭാഗ്യം തന്നില്ലല്ലോ നീ.
അതിനർഹതയില്ലാത്തവളാക്കിയില്ലേ എന്നെ ആ ഹൃദയം അലമുറയിടുന്നുണ്ടായിരുന്നു.
തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അവന്റെ താലി മാത്രം മതിയിനി ജീവിക്കാൻ…
സാരംഗ് മറ്റൊരാളുടേതാകുന്ന നിമിഷം വരെ മാത്രം ജീവിക്കാൻ. അതിലവന്റെ കരുതലുണ്ട്… ചിരിയുണ്ട്… പ്രണയമുണ്ട്… എല്ലാമെല്ലാമുണ്ട്…
ഡിവോഴ്സ് പെറ്റിഷൻ..
ഫയൽ നോക്കിയ സാരംഗ് ഊർന്ന് നിലത്തിരുന്നു പോയി.
ആ കണ്ണുകൾ തോരാമഴപോലെ പെയ്യുന്നുണ്ടായിരുന്നു. തന്റെ പ്രണയം തനിക്ക് നൽകിയ സമ്മാനത്തിന്റെ അവഗണയുടെ വേദനയിൽ…
(തുടരും )