നിഴലായ് മാത്രം : ഭാഗം 27
നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്
“ഈയൊരു മഹപാപം എന്നെക്കൊണ്ട് ചെയ്യിക്കാതെഡോ…. ഒരുമിച്ചു..എന്റനെഞ്ചിൽ താളം കേട്ടു ഉറങ്ങിയാൽ മതി.. ഇനി എന്നും.. നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും അതല്ലേ…” അവളെ അവന്റെ നെഞ്ചിലേക്ക് വരിഞ്ഞു മുറുക്കുമ്പോൾ അവന്റെ കണ്ണിലും നീർമണികൾ പൊഴിഞ്ഞു.
യാമിയുടെ കണ്ണിലെ നീർച്ചാൽ അവന്റെ നെഞ്ചിൽ വീണു പൊള്ളതെ ഇരിക്കാൻ അവളും ശ്രദ്ധിച്ചു..!!
രാവിലെ അമ്പലത്തിൽ നിന്നും ഒഴുകിയെത്തിയ ഗാനത്തിന്റെ ശബ്‌ദം കെട്ടായിരുന്നു യാമി കണ്ണുകൾ തുറന്നത്.
ഒപ്പം സൂര്യോദയത്തിൽ കേൾക്കുന്ന പല പല പക്ഷികളുടെ കലപില ശബ്ദതവും കുളിർക്കാറ്റും എല്ലാം കൂടി മനസും ശരീരവും ഒരു പുതുമയിലാണെന്നു തോന്നി അവൾക്കു.
പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് തന്നെ ചേർത്തു ചുറ്റി പിടിച്ചുകൊണ്ടാണ് ഹർഷൻ ഉറങ്ങുന്നതെന്നു. യാമി പതുക്കെ അവളുടെ തല ഹർഷന്റെ തോളിലേക്കു കേറ്റിവച്ചു.
കൈവിരൽ പതുക്കെ ഹർഷന്റെ താടി രോമത്തിലൂടെ ഓടിച്ചുകൊണ്ടു അവനെ തന്നെ നോക്കി കിടന്നു കുറച്ചുനിമിഷങ്ങൾ. കുറെ നാളുകൾക്കുശേഷം ഇന്നലെ രാത്രിയായിരുന്നു താൻ സുഖമായി ഉറങ്ങിയതെന്നവൾക്കു തോന്നി.
സമാധാനമായി സന്തോഷമായി …. തന്റെ പ്രണയത്തിന്റെ കൂടെ…. മിഴിനീർ വന്നു മൂടിയപ്പോൾ അവൾ കണ്ണുകൾ ഇറുകെയടച്ചു.
വയറിൽ ചുറ്റിയിരുന്ന ഹർഷന്റെ പിടി മുറുകുന്നത് അവളറിഞ്ഞു. അവന്റെ കണ്ണുകൾ തുറക്കാതെ തന്നെ അവളെ ഒന്നുകൂടി ചേർത്തു നെറ്റിയിൽ ചുംബിച്ചു.
ആ നിമിഷത്തിൽ യാമിയും അതാഗ്രഹിച്ചിരുന്നു. കുറച്ചു നിമിഷം കൂടി അവൻ ചേർത്തണച്ചു. പിന്നെ പതിയെ കൈകൾ അയച്ചിരുന്നു.
“തന്റെ സമയം ആകുന്നതല്ലേയുള്ളൂ… കിടന്നോ” അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തു അവന്റെ മേലെ പുതപ്പിട്ടു അവൾ പതിയെ എഴുനേറ്റു.
തന്നിലേക്ക് വന്ന കുളിർതെന്നൽ ഏതുവഴിയാണെന്നു ആലോചിച്ചപ്പോൾ ജനൽ തുറന്നു കിടക്കുന്നത് കണ്ടു.
അവൾ പതിയെ ജനലിനടുത്തേക്കു നീങ്ങി. അവൾ പോകുന്നത് നോക്കി അവനും ഒരു ചിരിയോടെ കണ്ണടച്ചു കിടന്നു.
ജനലിനു അടുത്തേക്ക് ചെന്നപ്പോൾ കണ്ടത് കണ്ണെത്താത്ത അത്രയും വിശാലമായ പറമ്പ് ആയിരുന്നു. പല പല മരങ്ങൾ കൊണ്ടു നിറഞ്ഞ പറമ്പ്… ഒറ്റ നോട്ടത്തിൽ ജാതിയും തേക്കും ഞാവലും ചെമ്പകവുമൊക്കെ അവൾക്കു മനസ്സിലായി.
പിന്നെയും ഉണ്ട് ധാരാളം അതൊന്നും തനിക്കറിയില്ലയെന്നവൾ ഓർത്തു.
സൂര്യന്റെ ആദ്യ പ്രകാശങ്ങൾ വന്നു പതിക്കുന്നെയുള്ളൂ… വിളക്കിലെ പ്രഭാവലയം പോലെ മരത്തിനു മുകളിൽ സൂര്യന്റെ പ്രകാശം തോന്നിപ്പിച്ചു. മരച്ചില്ലകൾക്കുളിലൂടെപ്രകാശം ജാലകത്തിനു അരികെ വന്നു തട്ടി.
കുയിലിൻറെ കൂവലും അമ്പലത്തിൽ നിന്നും കേൾക്കുന്ന മണിയടിയും കാലത്തു വിരിഞ്ഞ പലതരം പൂവുകളുടെ സുഗന്ധവും… എല്ലാം ആസ്വദിച്ചു… മതി മറന്നു നിന്നുപോയി…. എത്ര നേരം നിന്നുവെന്നുപോലും അവൾ മറന്നുപോയി.
“അതേ മാഡം. കാലത്തും തന്നെ ഇങ്ങനെ തന്നെ നിൽക്കാനാണോ ഉദ്ദേശം” ഹർഷന്റെ ചോദ്യം യാമിയെ വേറെ ഏതോ ലോകത്തിൽ നിന്നും തിരികെ കൊണ്ടുവന്നു…
മറുപടി ഒന്നും പറയാതെ അവൾ ഒരു ചിരിയോടെ ഫ്രഷ് ആകുവാൻ പോയി. മനസ്സു നിറഞ്ഞ ഒരു പ്രഭാതം തനിക്കിതുവരെ ഉണ്ടായിരുന്നില്ലയെന്നു അവൾ ആലോചിച്ചു.
കുളിച്ചു വന്നു തലയിൽ ഒരു തോർത്തു ചുറ്റി ഹർഷനു അരികിലെത്തി. അവൾ അടുത്തു വന്നപ്പോഴേക്കും അവൻ ചിരിച്ചുകൊണ്ട് കണ്ണുതുറന്നു…
“ഹർഷാ…. ആ പാട്ടു കേൾക്കുന്ന അമ്പലത്തിൽ പോകാം നമുക്ക്… കൊണ്ടുപോകുവോ”
“അതിനെന്താ പോകാലോ… താൻ താഴേക്കു ചെല്ലു” ഹർഷൻ പതിയെ എഴുനേറ്റുകൊണ്ടു പറഞ്ഞു.
അവൾ ചിരിച്ചു തലയാട്ടി കൊണ്ടു പുറത്തേക്കു നടന്നു. അടുക്കളയിലേക്കു എത്തും മുന്നേ നല്ല താളിച്ച കറിയുടെ നല്ലമണം വരുന്നുണ്ടായിരുന്നു. അവൾ അടുക്കള വാതിലിന് പുറത്തു ഒരു സംശയത്തോടെ നിന്നു.
അവിടെ മീനാക്ഷിയും ജാനകിയമ്മയും നല്ല പാചകത്തിലായിരുന്നു. താനും കൂടി കൂടേണ്ടതായിരുന്നു.
നേരം വൈകിയോ. നല്ല വിസ്താരമുള്ള അടുക്കള. എല്ലാം ചിട്ടയോടെ അടുക്കി വച്ചിരിക്കുന്നു. അടുക്കളയിൽ തന്നെ വലിയ ഒരു ടേബിൾ ഉണ്ട്.
ഇടക്ക് വലിയ പാത്രത്തിൽ ആഹാരം വിളമ്പി മീനാക്ഷി ഏടത്തി തന്നെ എല്ലാവർക്കും വാരികൊടുക്കുമെന്നു പറഞ്ഞിരുന്നു ഹർഷൻ.
“മോളെന്താ അവിടെ തന്നെ നിന്നുകളഞ്ഞത്”
ജാനകിയമ്മയുടെ ചോദ്യമായിരുന്നു അവളെ ഉണർത്തിയത്. തെല്ലൊരു ജാള്യതയോടെ അവൾ അകത്തേക്ക് കടന്നു.
മീനാക്ഷിയും അവൾക്കുനേരെ ഒരു പുഞ്ചിരിയെറിഞ്ഞു. തിരിച്ചു അവളും. എന്തു ഐശ്വര്യമാണ് ഏടത്തിയെ കാണാൻ. അപ്പോഴാണ് അവൾ ഒരു കാര്യം ശ്രദ്ധിച്ചത് കുളികഴിഞ്ഞു ഏടത്തി സിന്ദൂരവും പൊട്ടും തൊട്ടിട്ടുണ്ട്.
കണ്ണിൽ കരിമഷിയും നെറ്റിയിൽ ചന്ദനകുറിയും. താൻ സിന്ദൂരം തൊട്ടില്ലല്ലോ എന്നവൾ ഓർത്തു.
“ഞാൻ…. സോറി അമ്മ… ഞാൻ നേരം വൈകി” അവൾ ക്ഷമാപണം നടത്തി. അതുകേട്ട് ജാനകിക്കു ചിരിയാണ് വന്നത്.
“എന്തിനാ സോറിയൊക്കെ… പാറു ഇപ്പോഴും നല്ല ഉറക്കമായിരിക്കും…. മോളുടെ ഉറക്കം മാറുംവരെ കിടന്നോളൂ…. ഇവിടെയാരും ഒന്നും പറയില്ല…
പിന്നെ ഒരു കാര്യത്തിലെഎനിക്ക് നിര്ബന്ധമുള്ളു… കുളിച്ചു വൃത്തിയായി വേണം അടുക്കളയിൽ കയറാൻ. മോളു ഇപ്പൊ കുളിച്ചതല്ലേ… പൂജാമുറിയിൽ മീനു വിളക്ക് വച്ചിട്ടുണ്ട്.
അവിടെ പോയി തൊഴുതു വാ. കൂട്ടത്തിൽ ഒരു ചുവന്ന ടപ്പി കാണും അതിൽ സിന്ദൂരവുമുണ്ടുകെട്ടോ. ചെല്ലു” ജാനകി അവളെ ചേർത്തുപിടിച്ചു തഴുകി കൊണ്ടു പറഞ്ഞു. യാമി ഒരു ചിരിയോടെ തലയാട്ടി. അവളുടെ കണ്ണിൽ നീർത്തിളക്കം കണ്ടു.
യാമി പൂജാമുറിയിൽ കൈകൂപ്പി തൊഴുതു. സിന്ദൂരവും ചന്ദനവും തൊട്ടു തിരികെ അടുക്കളയിലേക്കു ചെന്നു.
തനിക്കു ഇതൊക്കെ പുതിയ ശീലങ്ങളും അനുഭവങ്ങളുമാണെന്നു അവളോർത്തു. തിരികെ അടുക്കളയിലേക്കു കയറിയെങ്കിലും മീനാക്ഷി മാത്രമേ ഉണ്ടായിരുന്നുള്ളു.
അവളാണെങ്കിൽ പാചക തിരക്കിലും. അപ്പോഴാണ് എന്തോ ഓർത്തെന്നപോലെ അവൾ തിരികെ മുറിയിലേക്ക് പോയത്.
അപ്പൊ തന്നെ തിരികെ വരുകയും ചെയ്തു. അപ്പോൾ ഗോപനും കൂടെയുണ്ടായിരുന്നു.
“ആഹാ… എത്തിയല്ലോ പുതിയ ആള്” ഗോപൻ ചൂട് ചായ ഊതി കുടിക്കുന്നതിനിടയിൽ പറഞ്ഞു യാമിക്കു നേരെ ചിരിച്ചു.
“ഗുഡ് മോർണിംഗ് ഏട്ടാ” അവളും മറുപടിയായി പറഞ്ഞു…
“ഹ…ഗുഡ് മോർണിംഗ്… അവൻ എഴുനേറ്റു കാണില്ല അല്ലെ…”
“ഏടത്തി എന്റെ പതിവ് ഇങ്ങു പോരട്ടെ” പാറു അതും പറഞ്ഞു കൊണ്ടു അടുക്കളയിലേക്കു കയറാൻ തുടങ്ങിയതും ഹർഷനും തിരക്കിട്ട് കൊണ്ട് ഓടി അവൾക്കൊപ്പം അടുക്കളയിലേക്കു കടക്കാൻ തുടങ്ങിയതും രണ്ടും കൂട്ടിയിടിച്ചു.
“ഒരുത്തന്റെ കല്യാണം കഴിഞ്ഞിട്ടും ഈ വഴക്കടിക്കുന്ന സ്വഭാവം ഇതുവരെ മാറിയിട്ടില്ല” ഗോപൻ കളിയാക്കി കൊണ്ടിരുന്നു.
“ആരാ ഈ പറയുന്നേ… ” അതും പറഞ്ഞു കൊണ്ടു പാറു ഗോപന് അടുത്തു ഇരുന്നു. ഗോപൻ അവളുടെ തലക്കിട്ടു ഒരു കിഴുക്കു കൊടുക്കാനും മറന്നില്ല. രണ്ടുപേരും കൂടിയായപ്പോൾ അവിടെയാകെ ബഹളമയമായി.
മീനു ഒരു ഗ്ലാസ് ചായ ഹർഷന്റെ കൈകളിൽ കൊടുത്തു. പാറുവിനും കൊടുത്തു. അപ്പോഴാണ് യാമിയുടെ നിൽപ്പു കണ്ടത്.
അവളുടെ ഇഷ്ടങ്ങൾ ഒന്നും അറിയില്ലലോ. ഇനി ഹർഷനു ചായ കൊടുത്തത് ഇഷ്ടപ്പെടുവൊ… ഇതെല്ലാം യാമിയുടെ മുഖത്തു നോക്കി സംശയിച്ചു നിൽപ്പായിരുന്നു മീനു.
മീനുവിന്റെ മനസ്സു വായിച്ചപ്പോലെ ഗോപൻ ഹർഷനോടായി പറഞ്ഞു തുടങ്ങി.
“അതേ… ഇനി നിന്റെ കാര്യങ്ങളൊക്കെ നോക്കാൻ കൂടിയ ഒരാളെ കൂടി കൊണ്ട് വന്നിരിക്കുന്നത്.
ഇനി അവളോട് കൂടി പറഞ്ഞു കൊടുക്കു നിന്റെ ഇഷ്ടങ്ങൾ” യാമിയെ സമാധാനിപ്പിക്കാനായി ഗോപൻ പറഞ്ഞതായിരുന്നു.
ഇപ്പൊ പറഞ്ഞതിന്റെ മറുപടി ഹർഷൻ എന്താ പറയ എന്നു കൃത്യമായി ഗോപന് അറിയാം.
“എന്റെ ഇഷ്ടങ്ങൾ യാമിയും അറിഞ്ഞിരിക്കണം. കുറെയൊക്കെ അറിയുകയും ചെയ്യാം. എന്നുകരുതി ഇതുവരെയുള്ള പതിവുകളൊന്നും തെറ്റിക്കാൻ എനിക്ക് ഒരു ഉദ്ദേശവുമില്ല.
ഏട്ടൻ വേണ്ട പറഞ്ഞാലും ഏടത്തി എനിക്ക് ചെയ്തു തരും… അല്ലെ” ഒരു ചോദ്യഭാവത്തിൽ അവൻ മീനുവിനെ നോക്കിയപ്പോൾ അവൾ ചിരിയോടെ നിൽക്കുന്നു.
ഗോപൻ യാമിയെ നോക്കുമ്പോൾ അവളിൽ അതിശയവും സന്തോഷവും മാത്രമേ കാണാൻ കഴിഞ്ഞുള്ളു.
യാമിയുടെ കയ്യിൽ രണ്ടു ജ്വല്ലറി ബോക്സ് ഉണ്ടായിരുന്നു.
അവൾ പാറുവിന്റെയടുത്തു ചെന്നുകൊണ്ടു ഒന്നു തുറന്നു അവൾക്കു നേരെ നീട്ടി. പല നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച വളയായിരുന്നു അതിൽ. നല്ല ഭംഗിയുണ്ടായിരുന്നു അതു കാണാൻ തന്നെ.
പക്ഷെ പാറു ഒന്നു നോക്കിയതല്ലാതെ വാങ്ങിയില്ല. അതുമാത്രമല്ല ഒരു ഇഷ്ടകേടും അവളുടെ മുഖത്തു നിന്നു വായിച്ചു.
“എനിക്കിതൊന്നും ആവശ്യമില്ല” പാറു എടുത്തടിച്ചപോലെ മറുപടി പറഞ്ഞു. യാമിയുടെ മുഖം മങ്ങിപോയി. “എനിക്ക്… ഞാൻ …സന്തോഷം കൊണ്ടു തന്നതല്ലേ… പാറു ഇതു ഉപയോഗിച്ചില്ലെങ്കിലും വാങ്ങിചോ” “എനിക്കിതൊന്നും അത്ര ഇഷ്ടമല്ല.
വേണച്ച എനിക്ക് ഏട്ടന്മാർ വാങ്ങി തരും ” ആ ഒരു പറച്ചിലും കൂടിയായപ്പോൾ യാമി പതുക്കെ നീട്ടിയ കൈകൾ പിൻവലിച്ചു.
അവൾ മീനാക്ഷിയുടെ അടുത്തേക്കും ചെന്നു. അവൾക്കു നേരെ അടുത്ത ബോക്സ് നീട്ടിയപ്പോഴും മീനുവും മടിച്ചു നിന്നു. വാങ്ങിച്ചില്ല. യാമിയിൽ ഒരുപാട് വിഷമം ഉണ്ടാക്കിയത്.
ഹർഷനെ നോക്കിയപ്പോൾ അവൻ താൽപര്യമില്ലാത്ത മട്ടിൽ ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു.
എങ്കിലും അവന്റെ കണ്ണും കാതും അവിടെ എന്താ നടക്കുകയെന്ന തിൽ ചുറ്റിപറ്റി നിന്നു.
“കുട്ടിക്ക് എന്താ ഇഷ്ടമുള്ളതെന്നു വച്ചാൽ പറയണം കേട്ടോ… നാടൻ ഭക്ഷണ രീതിയൊന്നും ശീലമില്ലലോ. ബ്രഡ് ഇരിപ്പുണ്ട്. അതും ഓംലറ്റ് കൂടി എടുക്കട്ടേ” മീനു വിഷയം മാറ്റാൻ എന്നപോലെ ചോദിച്ചു.
“ഏടത്തിയും എന്നോട് അകൽച്ച കാണിക്കുവാണോ. എന്നെ പേരു വിളിച്ചൂടെ… എനിക്കങ്ങനെ ഇഷ്ടങ്ങളൊന്നുമില്ല ഏടത്തി.
വീട്ടിൽ അങ്ങനെ നന്നായി ഭക്ഷണമൊന്നും പാചകം ചെയ്തു കഴിച്ചിട്ടില്ല. അമ്മക്ക് അതിനോടൊന്നും താൽപ്പര്യവുമില്ല നേരവുമില്ല. ഇവിടെ എല്ലാവരും കഴിക്കുന്നത് തന്നെ എനിക്കും മതി.
അടുക്കളയിലേക്കു വരുമ്പോൾ കറി താളിക്കുന്ന മണം അടിച്ചു വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞതാണ്. വലിയ വീട്ടിലേ കുട്ടിയെ പോലെയെന്നെ കാണാതെ സ്വന്തം അനിയത്തിയായി കണ്ടൂടെ.
ഹർഷൻ എങ്ങനെയാണോ അതേപോലെ തന്നെയല്ലേ ഏടത്തി ഞാനും. ഹർഷനെ മാത്രം കണ്ടുകൊണ്ടല്ല ഞാൻ ഈ കല്യാണത്തിന് വേണ്ടി വാശി പിടിച്ചത് ഉണ്ണിയും ഹർഷനും പറഞ്ഞറിയുന്ന ഒരു കുടുംബത്തെ കൂടി കിട്ടാനായാണ്.
അച്ഛനെയും അമ്മയെയും ഏട്ടനെയും ഏടത്തിയെയും പാറുവിനെയും ബാലുവിനെയും… എല്ലാവരുടെയും സ്നേഹം അനുഭവിക്കാനായാണ്. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ ഒരു കുടുംബം കിട്ടാനായി….
എന്നെ മാറ്റി നിർത്തല്ലേ” യാമി അത്രയും പറഞ്ഞപ്പോൾ തന്നെ കരഞ്ഞുപോയിരുന്നു. പല വാക്കുകളും വിതുമ്പി പോയിരുന്നു.
ഹർഷനു അവളെ ചെന്നു തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു സമാധാനിപ്പിക്കാൻ ഏറെ ആഗ്രഹിച്ചു.
പക്ഷെ അവൻ ആ ആഗ്രഹത്തെ പിടിച്ചു നിർത്തി. ഈ സമയത്തു തന്റെ കുടുംബം എന്തു തീരുമാനം എടുക്കുമെന്ന് അറിയാനായി. അവളെ താൻ അല്ല ചേർത്തു നിർത്തേണ്ടതെന്നു അവനു തോന്നി. അവൾക്കെന്തോ അവിടെ നിൽക്കാൻ തോന്നിയില്ല.
പിന്തിരിഞ്ഞു മുറിയിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ വാതിലിൽ അടുത്തായി ഉണ്ണിയും ബാലുവും അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നു.
അവരെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു. ഉണ്ണിയെ കണ്ടപ്പോൾ എന്തുകൊണ്ടോ ഒരു ആശ്രയവും ആശ്വാസവും അവളാണെന്നു തോന്നി. നടക്കാൻ തുടങ്ങിയ യാമിയുടെ കൈകളിൽ ഒരു പിടുത്തം വീണു.
നോക്കിയപ്പോൾ മീനു. “ഏടത്തിക്കു കൊണ്ടുവന്നത് തരാതെ പോകുവാണോ” മീനു അതു ചോദിച്ചതും യാമി അവളുടെ നെഞ്ചിൽ വീണു കരഞ്ഞു. അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
ജാനകിയമ്മ ഒന്നും പറഞ്ഞില്ലെങ്കിലും ഒരു സ്വന്തനമായി അവളെ തഴുകി കൊണ്ടിരുന്നു. യാമി സങ്കടം ഒന്നു കുറഞ്ഞപ്പോൾ തന്റെ കയ്യിൽ ഇരുന്ന ബോക്സിൽ നിന്നും ഒരു വളയെടുത്തു മീനുവിന്റെ കയ്യിൽ ഇട്ടുകൊടുത്തു.
യാമി എത്രയേറെ സന്തോഷിക്കുന്നുണ്ടെന്നു അവളുടെ ചിരിയിൽ നിന്നും കണ്ണുകളിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഹർഷനു ഇപ്പോഴാണ് സമാധാനമായത്. അറിയാതെ അവന്റെ കണ്ണും നിറഞ്ഞു. തന്റെ കുടുംബം അവളെ ചേർത്തു നിർത്തണമെന്നാണ് താൻ ആഗ്രഹിച്ചത്. അതു നടന്നു.
“എന്നോട് ക്ഷമിക്കൂ ഏടത്തി… സോറി…സോറി” പാറുവും അടുത്തു ചെന്നു പറഞ്ഞു. യാമിക്കു അതിശയം തോന്നി. തെറ്റു തിരുത്താൻ ഒരു മടിയുമില്ലാത്ത പാറുവിനെ കണ്ടു.
യാമി പതുക്കെ അവളുടെ കവിളിൽ തലോടി. എന്നിട്ടു കയ്യിലിരുന്ന ബോക്സ് അവൾക്കു നേരെ നീട്ടി…
“അതേ… സത്യമായും എനിക് ഇതു വേണ്ട ചേച്ചി… ഞാൻ ഇതുപോലെയുള്ളത് ഉപയോഗിക്കാറില്ല” അതുകേട്ടതും പിന്നെയും യാമിയുടെ മുഖം മങ്ങി…
“എനിക്കെ… ഏടത്തിയുടെ കൈ ചെയിൻ തരുവോ… അതു നല്ല ഭംഗിയുണ്ട്. സിംഗപ്പൂർ ഗോൾഡ് ഡിസൈൻ അല്ലെ അതു…” പാറു ഒരു കണ്ണുഅടച്ചു പിടിച്ചു പറഞ്ഞപ്പോൾ യാമിക്കു ചിരിപൊട്ടി. അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.
ബാലു അടുത്തുവന്നു യാമിയുടെ തോളിൽ പിടിച്ചു ചോദിച്ചു “പിന്നെ ഇവൾ എന്തെങ്കിലും കുറുമ്പ് കാണിച്ചാൽ ഈ ചെവി പിടിച്ചൊന്നു തിരിച്ചോളൂ” അതും പറഞ്ഞു പാറുവിന്റെ ചെവി പിടിച്ചു തിരിച്ചു പൊന്നാക്കി…
എല്ലാവരും ചിരിച്ചു. ബാലുവിന്റെ കയ്യിലുണ്ടായിരുന്ന ഒരു പൊതി അവളെ ഏൽപ്പിച്ചു. ഞാവൽ പഴമായിരുന്നു അതു. “പിന്നെ ഞങ്ങൾക്കൊന്നുമില്ലേ സമ്മാനങ്ങൾ”
“നിങ്ങൾക്കും ഉണ്ടല്ലോ” ബാലുവിന്റെ കവിളിൽ തലോടി പറഞ്ഞു.
“മതി …മതി… എല്ലാവരും വന്നേ… വിശന്നിട്ടു വയ്യ..” ഗോപൻ രംഗം അവസാനിപ്പിക്കാനായി പറഞ്ഞു.
“അമ്മേ.. ഞങ്ങളൊന്നു അമ്പലത്തിൽ പോയിട്ടു വരാം. ഉണ്ണി വേഗം വായോ” ഉണ്ണിയെ കൂടെ വിളിച്ചുകൊണ്ടു ഹർഷൻ പറഞ്ഞു.
അതുകേട്ട് ഉണ്ണിമായയുടെ മുഖം വല്ലാതായി… പക്ഷെ യാമി അതു പ്രതീക്ഷിച്ചപോലെ നിന്നു.
“മക്കളെ മൂന്നു ദിവസം കഴിഞ്ഞു പോകാം. കല്യാണം കഴിഞ്ഞു മൂന്നു ദിവസം കഴിഞ്ഞേ അമ്പലത്തിൽ പോയാൽ മതി. ഇപ്പൊ നിങ്ങൾ കഴിക്കാൻ വായോ.”
എല്ലാവരും ഭക്ഷണം എടുത്തുവയ്ക്കാൻ തിരിഞ്ഞപ്പോൾ യാമിയുടെ കൈ പിടിച്ചു മുറിയിലേക്ക് കൊണ്ടുപോയി ഹർഷൻ…
“എന്താ ഹർഷാ..” ചോദ്യം തീരും മുന്നേ യാമിയെ ചേർത്തു ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞിരുന്നു ഹർഷൻ….
ഉണ്ണിമായക്കു പതിവില്ലാത്ത വിഷമം കണ്ടപ്പോൾ തന്നെ മനസ്സിലായി അനന്തുപോയ വിഷമമാണെന്നു.
“അനന്തു വിളിച്ചില്ലേ ഉണ്ണി” ഗോപൻ ചോദിച്ചു.
“ഫ്ലൈറ്റ് കേറും മുന്നേ വിളിച്ചു…ഇനി അവിടെ എത്തിയിട്ട് എല്ലാം സെറ്റ് ആയി വിളിക്കാമെന്നു പറഞ്ഞു”…. ഉണ്ണിയുടെ കണ്ണും നിറഞ്ഞിരുന്നു.
തുടരും…..
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.