Saturday, April 20, 2024
Novel

ഭാര്യ : ഭാഗം 12

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

Thank you for reading this post, don't forget to subscribe!

തനു അകത്തു കയറി മൊത്തത്തിൽ ഒന്നു കണ്ണോടിച്ചു. മനോഹരമായി ഫർണിഷ് ചെയ്ത ഒരു 2BHK ഫ്ലാറ്റ് ആയിരുന്നു അത്. ദിവസങ്ങളോ ആഴ്ചകളോ ആയി ആൾത്താമസം ഇല്ലാത്തതിന്റെ ലക്ഷണം എന്നോണം അവിടിവിടെയായി പൊടി പറ്റിപ്പിടിച്ചിരുന്നു. “ജോലിയുടെ ആവശ്യത്തിന് വാങ്ങി ഇട്ടതല്ലേ ഇത്. ഒരു മാസത്തിൽ കൂടുതലായി ഇവിടേക്ക് വന്നിട്ട്. കല്യാണമൊക്കെ ആയതുകൊണ്ട് ലേറ്റ് ആയാലും വീട്ടിലേക്ക് പോയിരുന്നു.” അവളുടെ മനസ് വായിച്ചപോലെ കാശി പറഞ്ഞു. തനു ഒന്നു മൂളി. അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞ അവളെ കാശി കൈപിടിച്ചു ബെഡ്റൂമിലേക്ക് കൊണ്ടുപോയി.

ആദ്യം തന്നെ കാണുന്നത് ഭിത്തിയിൽ പതിപ്പിച്ച വലിയ ഫോട്ടോയാണ്. കഴിഞ്ഞ ഉത്സവത്തിന് കാശിയും തനുവും നീലുവും കൂടി എടുത്ത സെൽഫിയിൽ നീലുവിനെ മാത്രം ക്രോപ് ചെയ്തു കളഞ്ഞ ശേഷം ഫ്രെയിം ചെയ്തതാണ്. തനുവിന്റെ കണ്ണുകൾ വിടർന്നു. “ഞാൻ ഇവിടെ കുക്കിങ് ഒന്നും ഇല്ലായിരുന്നു. ചെയ്യണം എങ്കിൽ തന്നെ അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങണം. തൽക്കാലം എന്തെങ്കിലും പുറത്തുനിന്ന് ഓർഡർ ചെയ്യാം” തനു പ്രതികരിച്ചില്ല. അവളുടെ നോട്ടം ഭിത്തിയിലെ ഫോട്ടോയിൽ മാത്രം തങ്ങി നിന്നു.

അന്നൊക്കെ എത്ര സന്തോഷവതി ആയിരുന്നു താൻ..! കാശി ഫോണും എടുത്തു പുറത്തു പോയി. അവൾ വേഷം മാറിയ ശേഷം മുറി ചെറുതായി ഒന്നൊതുക്കി കൊണ്ടുവന്ന ഡ്രെസും മറ്റു സാധനങ്ങളും എടുത്തുവച്ചു. ബെഡ് ഷീറ്റ് കുടഞ്ഞു വിരിച്ചു. പില്ലോ കവറുകളും മാറ്റിയിട്ടു. ഹാളിലേക്ക് വന്നപ്പോൾ കാശി ചൂലെടുത്തു തറ വൃത്തിയക്കുന്നതാണ് കണ്ടത്. അവളത് പിടിച്ചു വാങ്ങാൻ നോക്കി: “കാശിയേട്ടാ. എന്താ ഈ കാണിക്കുന്നത്? ഇതൊക്കെ ഞാൻ ചെയ്‌തോളം.. വിട്ടെ” “അതിന് ഞാൻ ജസ്‌ട് ഒന്നു തൂക്കുന്നു എന്നെ ഉള്ളു. ക്ളീനിംഗ് ഒക്കെ നമുക്ക് നാളെ ചെയ്യാം. നീ പോയി കുടിക്കാൻ കുറച്ചു വെള്ളം തിളപ്പിക്കു” കാശി പറഞ്ഞത് സത്യമാണ്.

ഒരു കെറ്റിലും കുറച്ചു ഗ്ലാസുകളും ഫ്‌ളാസ്‌കും പ്ളേറ്റും ഒക്കെയെ ആകെ അവിടെ ഉള്ളൂ. ഉപ്പുതൊട്ടു കർപ്പൂരം വരെ സകലതും വാങ്ങേണ്ടി വരും. തനു വെള്ളവും കൊണ്ടു വന്നപ്പോഴേക്കും ഭക്ഷണം എത്തിയിരുന്നു. പിറ്റേന്ന് നേരത്തെ എഴുന്നേൽക്കണം എന്ന തീരുമാനത്തിൽ ആണ് അവൾ അന്ന് ഉറങ്ങിയത്. പുതിയ സ്ഥലം ആയതുകൊണ്ടും ആശങ്കകൾ ഒരുപാട് ഉള്ളതുകൊണ്ടും വൈകിയാണ് തനു ഉറങ്ങിയത്. എഴുന്നേൽക്കുമ്പോൾ കാശി മുറിയിൽ ഇല്ല. “ഗുഡ് മോർണിംഗ്” കയ്യിൽ രണ്ടു കപ്പ് കാപ്പിയുമായി അവൻ അകത്തേക്ക് വന്നു. തനുവിന് വിഷമം തോന്നി.

ഇതൊക്കെ താൻ ചെയ്യേണ്ടതല്ലേ… “നീ ഇതുവരെ സ്വപ്നം കണ്ടു കഴിഞ്ഞില്ലേ? കാശിയുടെ ചോദ്യത്തിന് ഒരു വിളറിയ ചിരി സമ്മാനിച്ചു അവൾ ബാത്റൂമിലേക്കു പോയി. ബ്രെഡും ബട്ടറും പാലും അവൻ വാങ്ങി വന്നിരുന്നു. ബ്രെക്ഫാസ്റ് കഴിച്ചശേഷം അവർ പുറത്തേക്കിറങ്ങി. അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വാങ്ങി പുറത്തുനിന്ന് ഊണും കഴിച്ചശേഷം ആണ് ഷോപ്പിംഗ് അവസാനിപ്പിച്ചത്. തനു സാധനങ്ങൾ അടുക്കളയിൽ അടുക്കും ചിട്ടയോടും കൂടി അറേഞ്ച് ചെയ്തുവച്ചു. പൊടികളെല്ലാം ഒരേപോലെയുള്ള ചെറിയ ടിന്നുകളിലാക്കി. മൊത്തത്തിൽ ഒന്നു നോക്കി തൃപ്തിപ്പെട്ടു. രാത്രിയിലേക്ക് യൂട്യൂബ് നോക്കി ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാക്കി. അത്ര നന്നായില്ലെങ്കിലും മോശം അല്ല.

അവൾ സമാധാനിച്ചു. ആ സമയം കൊണ്ട് കാശി ഫ്ലാറ്റ് മുഴുവനും ബാത്രൂം അടക്കം ക്ളീൻ ചെയ്തു. മുഷിഞ്ഞ തുണികളും മറ്റും മെഷീനിൽ ഇട്ട് കഴുകി ഉണങ്ങാനിട്ടു. ജോലി കഴിഞ്ഞപ്പോഴേക്കും രണ്ടുപേരും ക്ഷീണിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന സമയമത്രയും തനുവിന്റെ കണ്ണുകൾ കാശിയിൽ ആയിരുന്നു. അവൻ കുറ്റം പറയുമോ എന്നവൾ ഭയന്നു. “എന്റെ തനു നീയങ്ങനെ എന്നെ നോക്കി ഇരിക്കാതെ കഴിക്കാൻ നോക്കു. അടുക്കളയുടെ പരിസരത്തേക്ക് പോലും വരാതെ ഇരുന്നിട്ട് നീ കഷ്ടപ്പെട്ട് ഉണ്ടാക്കിയത്തിന്റെ കുറ്റം പറയാൻ ഞാൻ വരില്ല” കാശി അവൾ ഒളിപ്പിച്ചു കഴിക്കാൻ നോക്കിയ കരിഞ്ഞുപോയ ചപ്പാത്തി സ്വന്തം പ്ളേറ്റിലേക്ക് വച്ചു കഴിച്ചുകൊണ്ട് പറഞ്ഞു. അവൾക്ക് ആശ്വാസം തോന്നി.

വീട്ടിൽ അച്ഛനും ചെറിയച്ചനും ഏട്ടന്മാർ പോലും ഒരു ജോലികളും ചെയ്യാറില്ല. ക്ളീനിംഗും അടുക്കള പണികളും പാചകവും എല്ലാം പെണ്ണുങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് ആണ്. ഭക്ഷണത്തിൽ മീൻ വച്ചാലും ചിക്കൻ ആയാലും മറ്റെന്തായാലും നല്ല കഷ്ണങ്ങൾ ആണുങ്ങൾക്ക് അവകാശപ്പെട്ടതാണ്. കരിഞ്ഞതോ കൊള്ളാത്തതോ ഒന്നും അവർക്ക് കൊടുക്കില്ല. ഒക്കെ അമ്മമാരും പെണ്കുട്ടികളും കഴിക്കും. എങ്കിലും കുറ്റം പറയാൻ അവർ മടിക്കാറില്ല. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും കാശി അവളെ അത്ഭുതപ്പെടുത്തുകയാണ്. “തനു.. ഇത്രയും കാലം നീ എങ്ങനെ ആയിരുന്നു എന്നെനിക്ക് അറിയേണ്ട. പക്ഷെ ഇനിയെങ്കിലും നീ കുറച്ചു ബോൾഡ് ആകണം. ഉപദേശിക്കുകയാണ് എന്ന് വിചാരിക്കരുത്.

അല്ല.. അങ്ങനെ വിചാരിച്ചാലും എനിക്ക് കുഴപ്പം ഒന്നുമില്ല. ഞാൻ പറയാനുള്ളത് പറയും. ഏതൊരു മനുഷ്യനും, ആണായാലും പെണ്ണായാലും നോ പറയേണ്ടിടത്ത് നോ പറയണം. എതിർക്കേണ്ടിടത്ത് എതിർക്കണം. രണ്ടെണ്ണം പൊട്ടിക്കേണ്ടിടത്ത് അതു ചെയ്യണം. മനസിലാകുന്നുണ്ടോ നിനക്ക്?” അവൾ തലയാട്ടി. “അന്നത്തെ സംഭവത്തിൽ തന്നെ നീ കുറച്ചെങ്കിലും ചെറുത്തു നിൽക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഞാൻ വരുമ്പോഴേക്കും നിന്നെ എനിക്ക് രക്ഷിക്കാമായിരുന്നു. നായകൻ വന്നു രക്ഷിക്കാൻ വേണ്ടി കാത്തിരിക്കുകയല്ല വേണ്ടത് തനു, അബ്‌യൂസീവ് ആയ എന്തിൽ നിന്നും സ്വന്തം രക്ഷ സ്വയം കണ്ടെത്തുകയാണ്. അതിപ്പോ ദാമ്പത്യത്തിൽ നിന്ന് ആയാൽ പോലും.”

തനു ആലോചിച്ചു നോക്കി. സത്യമാണ്. അന്ന് അയാളെ എതിർക്കാൻ പോലും താൻ അശക്തയായിരുന്നു. കുറച്ചെങ്കിലും ചെറുത്തുനിൽക്കാൻ ശ്രമിച്ചിരുന്നെങ്കിൽ… “തനു നീ ഓരോന്നോർത്തു വിഷമിക്കാൻ അല്ല ഞാനിപ്പോ ഇത് പറയുന്നത്. നാളെ ഇതുപോലെ ഒരു അവസ്ഥ ഇനിയും ഉണ്ടായാലും നേരിടാൻ ആണ്.” അന്ന് രാത്രി മുഴുവൻ തനു ചിന്തയിൽ ആയിരുന്നു. ഇന്നേ വരെ എന്തിനോടെങ്കിലും താൻ എതിർത്ത് നിന്നിട്ടുണ്ടോ എന്നു ആലോചിച്ചു നോക്കി. ഇല്ല.. ഒന്നുമില്ല. കുട്ടിക്കാലത്തു നീലു ചെയ്യുന്ന കുറ്റങ്ങൾക്ക് കൂടി വഴക്കും തല്ലും തനിക്കായിരുന്നു. ഒരിക്കൽ പോലും അത് ചെയ്തത് താനല്ല എന്നു പറഞ്ഞിട്ടില്ല. വലുതായി കഴിഞ്ഞിട്ടും ആരോപണങ്ങൾ ഉണ്ടാകുമ്പോൾ, വഴക്കുകൾ നടക്കുമ്പോൾ, ചോദ്യങ്ങൾ ഉയരുമ്പോൾ, എന്നും മൗനം ആയിരുന്നു മറുപടി.

ഇഷ്ടമില്ലാത്ത സാഹചര്യങ്ങളിൽ പോലും തർക്കം ഒഴിവാക്കാൻ നിന്നു കൊടുക്കാറാണ് പതിവ്. ആരോടും ഒന്നിനോടും പ്രതികരിക്കാതെയായിരുന്നു ഇതുവരെയുള്ള ജീവിതം. അതു തനിക്ക് സമ്മാനിച്ചതോ ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തവും..! രാവിലെ കാശി തന്നെ തനുവിനെ കോളേജിൽ ഡ്രോപ് ചെയ്തു. കൂട്ടുകാരിയായ സ്വാതി അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരോട് യാത്ര പറഞ്ഞു കാശി മടങ്ങിപ്പോയി. അവർ ക്ളാസിലേക്ക് നടന്നു. “സാദാരണ കല്യാണം കഴിഞ്ഞാൽ നന്നാകുക ആണല്ലോ പതിവ്. നിങ്ങൾ രണ്ടുപേരും അങ്ങു മോശമായി പോയല്ലോ…” സ്വാതി പറഞ്ഞു. തനു ഒന്നു ഞെട്ടി. “ഹേയ്. ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലടി. നിനക്ക് തോന്നുന്നതാ” “അല്ല തനു.

കല്യാണ ദിവസം കണ്ടതിലും ക്ഷീണം ആണ് നിങ്ങൾ രണ്ടുപേർക്കും” തനു എന്തോ പറയാൻ വന്നപ്പോഴേക്കും മുന്നിൽ ആരെയോ കണ്ടു രണ്ടാളും മുഖമുയർത്തി നോക്കി. “അഭയ്..” തനുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു. “അപ്പോൾ നീ എന്നെ മറന്നിട്ടില്ല അല്ലെ. ഞാൻ വിചാരിച്ചു IPS കാരന്റെ കൂടെ കിടന്നു കഴിയുമ്പോ പിന്നെ എന്നെയൊക്കെ കണ്ടാൽ അറിയില്ലായിരിക്കും എന്ന്” അവന്റെ സംസാരം കേട്ടു തനുവിന്റെ മുഖം ദേഷ്യം കൊണ്ടു വിറച്ചു. വഴക്ക് ഒഴിവാക്കാൻ തനു അവനെ മറികടന്ന് പോകാൻ ശ്രമിച്ചു. അഭയ് അവളുടെ മുന്നിലേക്ക് കൈ നീട്ടിവച്ചു തടഞ്ഞു: “അല്ല ഉണ്ണിയേ.. ഭയങ്കര ക്ഷീണം ആണല്ലോ നിനക്ക്. അവൻ ഉറങ്ങാൻ പോലും സമ്മതിക്കുന്നില്ലായിരിക്കും അല്ലെ” അവൻ ഒരു വഷളൻ നോട്ടതോടെ അർത്ഥം വച്ചു ചോദിച്ചു.

“ഇറ്റ്‌സ് നൺ ഓഫ് യോർ ബിസിനസ്സ് അഭയ്” “ആഹാ.. അപ്പൊ നിന്റെ വായിൽ നാവ് ഉണ്ടായിരുന്നു അല്ലെ.. അതോ IPS ന്റെ ധൈര്യത്തിൽ ആണോ സംസാരിക്കാനൊക്കെ തുടങ്ങിയത്?” “അതേടാ. അങ്ങനെ തന്നെ ആണ്. നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ? ഇനി ഒരു വാക്ക് നീ എന്റെ മുന്നിൽ നിന്ന് പ്രസംഗിച്ചാൽ ചെരിപ്പൂരി മുഖത്തടിക്കും ഞാൻ. അതോണ്ട് അഭയ് സാർ പോകാൻ നോക്ക്” തനു നിന്ന് കിതച്ചു. കോപം കൊണ്ട് അവളുടെ കണ്ണുകൾ തുറിച്ചുനിന്നു. അവരുടെ ബഹളം കേട്ട് ചുറ്റിലും കുട്ടികൾ കൂടിയിരുന്നു. നാലു വർഷത്തിൽ അധികമായുള്ള മെഡിക്കൽ പഠനത്തിന്റെ ഇടയിൽ ആദ്യമായി ആണ് തനു ഒരാളോട് ശബ്ദമുയർത്തി സംസാരിക്കുന്നത്. എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി.

അഭയ് തല താഴ്ത്തി അവൾക്കു വഴി മാറി കൊടുത്തു. പക്ഷെ അവന്റെ കണ്ണിലെ പക ആരും കണ്ടില്ല. ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്ത സമയം മുതൽ തനുവിന്റെ പുറകെ ഉണ്ടായിരുന്നു അഭയ്. അവൾ ഇഷ്ടമല്ല പറഞ്ഞതോടെ എന്നു ഒരുതരം വാശി ആയി അവന്. പലപ്പോഴും പരസ്യമായി കളിയാക്കുകയും മറ്റും ചെയ്തിട്ടും തനു പ്രതികരിച്ചില്ല. പിന്നെ പിന്നെ അവളെ അപമാനിക്കുന്നത് അവന്റെ ശീലമായി. ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമായി പരിഗണിക്കാതെ ഒഴിഞ്ഞു നടക്കുകയായിരുന്നു തനുവിന്റെ പതിവ്. “തനു.. നീ കലക്കി. ഇത്രേം ഒക്കെ സംസാരിക്കാൻ നിനക്ക് അറിയാമായിരുന്നു അല്ലെ. എന്തായാലും നിന്റെ കാശിയേട്ടനെ എനിക്കൊന്ന് കാണണം. ഒരാഴ്ച കൊണ്ട് എന്തു മാജിക് ആണ് ചെയ്തതെന്ന് ചോദിക്കണം.”

ക്ലാസിൽ എത്തുന്നത് വരെ സ്വാതി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. തനു ഒന്നും കേൾക്കുന്നില്ലായിരുന്നു. അവളുടെ മുന്നിൽ കാശിയുടെ മുഖവും അവൻ പറഞ്ഞ വാക്കുകളും മാത്രം നിറഞ്ഞുനിന്നു. അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. “ആഹാ. കാശിയേട്ടന്റെ കാര്യം പറഞ്ഞപ്പോഴേക്കും നാണം വന്നല്ലോ പെണ്ണിന്” സ്വാതി ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ നുള്ളി. “ലജ്ജ. ഈ എനിക്കോ?” തനു സ്വയം ചോദിച്ചു. എന്തൊക്കെയാണ് തനിക്ക് സംഭവിച്ചത്.. ഇത്ര ധൈര്യം എവിടെ നിന്ന് വന്നു? കാശിയുടെ മുഖം വീണ്ടും മുന്നിൽ തെളിഞ്ഞുവന്നു.

തൊട്ടടുത്ത നിമിഷം ആ നശിച്ച വൈകുന്നേരത്തുന്റെ ഓർമകൾ മനസിൽ നിറഞ്ഞു തണുത്ത വൃത്തിയില്ലാത്ത തറയിലേക്ക് എടുത്തെറിയപെട്ടപോലെ. മുടിയിൽ പിടിച്ച് ആരോ വലിച്ചെഴുന്നേൽപ്പിക്കുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം. വിവസ്ത്രയെ എന്നപോലെ ദേഹമാസകലം പരതുന്ന നോട്ടം, പൊള്ളിക്കുന്ന അശ്ളീല വർത്തമാനങ്ങൾ, കൈ പുറകിലേക്ക് പിടിച്ചു തിരിച്ച്, ബോധം പോകുന്നതരത്തിൽ മുഖത്തടിച്ചു അരിശം തീർക്കുന്ന ആരോ ഒരാൾ, വായിൽ ചോരയുടെ രുചി, അത്യധികം കോപത്തോടെ അയാൾ തന്റെ വസ്ത്രങ്ങൾ അഴിച്ചെറിയുന്നു, ഓരോ കോശങ്ങളെയും മുറിപ്പെടുത്തികൊണ്ട് തന്നിലേക്ക് അമരുന്ന ആ അപരിചിതൻ, അസഹനീയമായ വേദന… തനു കണ്ണുകൾ ഇറുക്കിയടച്ചു. കവിളിലൂടെ മിഴിനീർ ഒഴുകിയിറങ്ങി.

തുടരും-

ഭാര്യ : ഭാഗം 11