അനുരാഗം : ഭാഗം 32 – അവസാന ഭാഗം
എഴുത്തുകാരി: അഞ്ജലി അഞ്ജു
ഡയറി എന്ന് പറയാനാവില്ല. കാരണം അതിൽ മറ്റൊരു കാര്യങ്ങളും പറഞ്ഞിരുന്നില്ല. മുഴുവൻ എന്നെ പറ്റി ആയിരുന്നു. എന്നെ ആദ്യമായി കണ്ടപ്പോൾ മുതലാണ് എഴുതാൻ തുടങ്ങിയത്. ഞാൻ ചെയ്ത ഓരോ കാര്യങ്ങളെ പറ്റിയും നല്ല രസകരമായ രീതിയിൽ ഏട്ടൻ വിവരിച്ചിരിക്കുന്നു.
ഈ ആസ്വാദന കുറിപ്പ് എഴുതില്ലേ അത് പോലെ. ഞാൻ ക്ലാസ്സിൽ വെച്ചു ചെയ്ത കാര്യങ്ങൾ പോലും അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ ശ്രീയേട്ടനെ കാണും മുൻപേ തൊട്ടേ റിഷിയേട്ടൻ എന്റെ പുറകേ ഉണ്ടായിരുന്നു. ശ്രീയേട്ടന്റെ പുറകേ ഞാൻ നടന്ന കാര്യങ്ങൾ വായിച്ചപ്പോൾ എനിക്ക് ജാള്യത തോന്നി.
എന്തിനേറെ പറയുന്നു മനഃപൂർവം തലകറങ്ങിയത് പോലും ഏട്ടൻ മനസിലാക്കിയിരുന്നു. പിന്നെ ഞാൻ ശ്രീയേട്ടനെ മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ തന്നെ ഇരുന്നതും ഓഫീസിലെ കാര്യങ്ങളും.
എനിക്ക് ശ്രീയേട്ടനെ ഇഷ്ടാണെന്ന് അറിഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവാൻ തയ്യാറായതും എല്ലാം അതിൽ ഉണ്ടായിരുന്നു. പാവം കള്ളു കുടിച്ച് ബോധമില്ലാതെയാണ് എന്നെ വിളിച്ചത്.
എന്നോടെന്താണ് പറഞ്ഞതെന്ന് ഏട്ടന് അറിയില്ല. ഞാനാണ് അതൊക്ക മനസ്സിൽ സൂക്ഷിച്ചു വെച്ചത്. എല്ലാം വായിച്ചു കഴിഞ്ഞപ്പോ അത്ഭുതം തോന്നി.
എന്നേക്കാൾ നന്നായി ഏട്ടനെന്നെ മനസിലാക്കിയിട്ടുണ്ട് ഒരു കൂട്ടും ഇല്ലാത്ത ആളെ പറ്റി എങ്ങനെയാണ് ഇത്രത്തോളം മനസിലാക്കാൻ പറ്റുന്നത്. ഞാനും ഇത് പോലെ ആയിരുന്നു. ശ്രീയേട്ടനെ പറ്റി കുറേ കാര്യങ്ങൾ അറിയാമെന്നു വിചാരിച്ചു.
എല്ലാം എന്റെ തെറ്റിദ്ധാരണ ആയിരുന്നു. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. അല്ലെങ്കിലും ആൾക്കാരെ മനസ്സിലാക്കുന്നതിൽ എനിക്ക് എപ്പോളും പിഴവ് സംഭവിച്ചു.
ഇപ്പോൾ തന്നെ റിഷിയേട്ടനെ പറ്റി ഞാനെന്തൊക്കെ വിചാരിച്ചിരുന്നു എല്ലാം തെറ്റായില്ലെ. എന്നെ കുറിച്ച് എല്ലാം മനസിലാക്കി ആത്മാർത്ഥതയോടെ സ്നേഹിച്ച കൊണ്ടാവും ഏട്ടന്റെ പ്രണയം സാക്ഷാത്കരിച്ചത്.
ആ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു പോയി. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ഏട്ടനെ വിളിക്കാൻ തോന്നി. ആ ശബ്ദം ഒന്ന് കേട്ടിരുന്നെങ്കിൽ.. ഞാൻ ഫോണെടുത്തു. ഏട്ടന്റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ..?”
“ഹലോ..”
“എന്ത് പറ്റി അനു?”
ആ ചോദ്യത്തിൽ പരിഭ്രമം കലർന്നിരുന്നു.
“ഒന്നുമില്ല. വെറുതെ വിളിച്ചതാണ്.”
“വെറുതെയോ?”
“മ്മ്.”
ഞാൻ അൽപ സമയത്തേക്ക് ഒന്നും മിണ്ടിയില്ല.
“ആഹ് ഞാൻ അൽപ്പം തിരക്കിലാണ് വൈകിട്ട് വിളിക്കാം.”
“മ്മ്.”
ശേ ഒരു ആവേശത്തിന് വിളിച്ചതായിരുന്നു. ഇതിപ്പോ ഒന്നും പറയാനും ഇല്ലാതെ. നാണക്കേട് ആയി പോയി. ഇനി അങ്ങോട്ടേക്ക് ഞാൻ വിളിക്കില്ല. ഇങ്ങോട്ടേക്കു വിളിക്കട്ടെ. പിന്നെയും കുറേ നേരം ആ ഡയറി വായിച്ചിരുന്നു. എത്ര തവണ വായിച്ചിട്ടും മതിയാവുന്നില്ല.
ഓരോ വരികളിലും എന്നോടുള്ള പ്രണയവും വാത്സല്യവും പ്രതിഫലിച്ചിരുന്നു. കുറേ കഴിഞ്ഞ് ചേച്ചി എന്നെയും കൂട്ടി ഷോപ്പിങ്ങിന് പോയി. വലിയ താല്പര്യം ഇല്ലായിരുന്നെങ്കിലും വീട്ടിൽ തന്നെ ഇരിക്കണ്ടല്ലോ എന്ന് വെച്ചാണ് പോയത്.
ചേച്ചിയോട് ചോദിച്ചു ഏട്ടന്റെ ഇഷ്ടങ്ങൾ ഞാൻ മനസിലാക്കി. ഏട്ടന് ഇഷ്ടം ആവുന്ന ഡ്രെസ്സും വാച്ചുമൊക്കെ വാങ്ങിച്ചു. ഞാനും ചേച്ചിയും കുറെയേറെ സംസാരിച്ചു. ഏട്ടനെ പറ്റി പറയാൻ ചേച്ചിയും കേൾക്കാൻ ഞാനും അതിയായ താല്പര്യം കാണിച്ചു.
സന്ധ്യ കഴിഞ്ഞാണ് വീട്ടിൽ എത്തിയത്. വീട്ടിൽ വന്നപ്പോളേ അമ്മ റൂമിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു.
അച്ഛനെയോ അമ്മയെയോ പ്രതീക്ഷിച്ചാണ് ഓടി റൂമിൽ എത്തിയത്. പക്ഷെ റിഷിയേട്ടനെ റൂമിൽ കണ്ടതും ഓടി പോയി കെട്ടിപ്പിടിച്ചു. പ്രതീക്ഷിക്കാതെ കണ്ടപ്പോൾ അറിയാതെ ചെയ്തു പോയതാണ്. ചെയ്തതിനെ പറ്റി ഓർത്തപ്പോൾ നാണം തോന്നി.
അത് കൊണ്ട് തന്നെ മുഖം ഉയർത്തി നോക്കാതെ ഏട്ടനെ വിട്ടു മാറാൻ ശ്രമിച്ചപ്പോളേക്കും ഏട്ടനും എന്നെ ചേർത്ത് നിർത്തിയിരുന്നു. ഒന്നും മിണ്ടാതെ കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.
“ഒരാഴ്ച്ച കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞിട്ട്..”
“നിന്റെ ശബ്ദം കേട്ടപ്പോൾ വരാൻ തോന്നി. അതാ വന്നത്.”
“ആണോ?”
“മ്മ്.”
“അറിയാതെ ഞാൻ കുറേ ദ്രോഹിച്ചു..”
“അതേ ദ്രോഹിച്ചു അതിനൊക്കെ പകരം വീട്ടുന്നുണ്ട്.”
ഞാൻ ഏട്ടനെ കൂർപ്പിച്ചു നോക്കി.
“എന്റെ പൊന്നോ നോക്കി പേടിപ്പിക്കല്ലേ. ഇനി പഴയതിനെ പറ്റിയൊന്നും നമുക്ക് പറയണ്ട. നമുക്ക് ലൈഫ് അടിച്ച് പൊളിക്കേണ്ടതാണ്. വെറുതെ സെന്റി അടിച്ചിരിക്കാൻ സമയമില്ല. മോള് പോയി ബാഗ് ഒക്കെ പാക്ക് ചെയ്തു വെച്ചോളൂ. നാളെ ഈവെനിംഗ് നമ്മൾ ഹണി മൂണിന് പോവും.”
“എവിടേക്ക്??”
അതിശയത്തോടെ ചോദിച്ച എന്റെ കയ്യിലേക്ക് ടിക്കറ്റ് വെച്ചു തന്നിട്ട് ഏട്ടൻ കയ്യും കെട്ടി എന്നെ നോക്കി നിന്നു. ആകാംഷയോടെ ഞാൻ സ്ഥലം നോക്കി.
“കൊറിയ….?”
“അതേ.”
സന്തോഷം സഹിക്കാൻ വയ്യാരുന്നു. എന്റെ വലിയ ആഗ്രഹം ആയിരുന്നു ഒരു കൊറിയൻ ട്രിപ്പ്.
“ലവ് യൂ..”
“ഹാവൂ ഇപ്പോളെങ്കിലും അത് പറഞ്ഞല്ലോ.”
വയറിനു നോക്കി ഒരു ഇടി വെച്ചു കൊടുത്തു.
“അല്ല ഞാൻ ഇഷ്ടത്തോടെ വിളിച്ചതാണെന്ന് എങ്ങനെ മനസിലായി.”
“പൊട്ടിക്കാളി എത്ര ദിവസായി ഞാൻ പോയിട്ട്. ഇന്നാണോ നീ ഡയറി കണ്ടത്?”
ഒന്നും മനസിലാവാതെ ഞാൻ ഏട്ടനെ നോക്കി.
“അത് കാണുമ്പോൾ നീ എന്നെ മനസിലാക്കും
എന്ന് വെച്ചു എത്ര ദിവസായിട്ട് അതും കൊണ്ട് പുറകേ നടന്നു. ഞാൻ ഇല്ലാത്തപ്പോൾ എങ്കിലും നോക്കുമെന്ന് വെച്ചാ അതും ടേബിളിൽ വെച്ചിട്ട് പോയത്. മൂന്ന് ദിവസായിട്ട് നിന്റെ കാളും നോക്കി ഇരുന്ന ഞാൻ മണ്ടൻ. ഏതായാലും നീ ഇപ്പോളെങ്കിലും കണ്ടല്ലോ.”
ദൈവമേ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിൽ ഇപ്പോളും ഞാൻ അത് കാണില്ലായിരുന്നു. എങ്കിലും എന്തൊരു കുരുപ്പാണോ? എന്നെ പോലെ തന്നെയാ സ്വഭാവം.
“നാണമുണ്ടോ മനുഷ്യാ. നന്നായിക്കൂടെ നല്ല പ്രായമുണ്ടല്ലോ?”
എന്നെ നോക്കി ഏട്ടൻ വെളുക്കെ ചിരിച്ചു കാണിച്ചു.
“അല്ലാതെന്ത് ചെയ്യാനാ? ഞാനായിട്ട് പറഞ്ഞാൽ നീ വല്ലതും കേൾക്കുവോ? എന്നെ കൊല്ലാൻ നിക്കുന്ന പോലെയല്ലേ സംസാരിക്കുന്നത്. അപ്പോളാണ് സിനിമയിലൊക്കെ കാണും പോലെ ഇങ്ങനെ ചെയ്യാമെന്ന് വെച്ചത്.”
“സത്യം പറഞ്ഞോ ഇത് എന്നെ കാണിക്കാൻ വേണ്ടി ഇപ്പോളെങ്ങാനും ഉണ്ടാക്കിയതാണോ?”
“അയ്യോ സത്യായിട്ടും അല്ല. ഇത് പഴയതാണ്. എന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യരുത്.”
“ആഹ് ആയിക്കോട്ടെ.”
“അല്ല എവിടെ പോകുന്നു.”
“താഴേക്ക്. ചായ വേണ്ടേ?”
“അയ്യോ എന്താ ഒരു സ്നേഹം ! ഇങ്ങു വന്നേ ഞാൻ കുറച്ചു നേരം എന്റെ ഭാര്യയുടെ കൂടെ നിക്കട്ടെ.”
ഇതും പറഞ്ഞു ഏട്ടൻ എന്നെ വരിഞ്ഞു മുറുക്കി. ഞാനും ഏട്ടനോട് ചേർന്ന് നിന്നു. ഏട്ടന്റെ അധരം എന്റെ നെറ്റിയിൽ അമർന്നു. ആദ്യ ചുംബനം കണ്ണുകളടച്ചു ഞാൻ സ്വീകരിച്ചു.
കണ്ണുകൾ അറിയാതെ നിറഞ്ഞു. താണ്ടിയിൽ പിടിച്ചു ഏട്ടനെന്റെ മുഖം ഉയർത്തി.
“അയ്യേ എന്റെ കാന്താരി എന്തിനാ കരയുന്നത്. എന്റെ സ്നേഹം കണ്ടുള്ള സന്തോഷം ആണോ?”
“അയ്യെടാ.. അവസാനം നിങ്ങളെന്റെ തലയിൽ ആയല്ലോ എന്ന് വിചാരിച്ചു കരഞ്ഞു പോയതാ.”
“ഓ പിന്നെ എന്നെ പോലെ നല്ല ചെക്കനെ കിട്ടാൻ പുണ്യം ചെയ്യണം അറിയാവോ.”
“അതേ. ഏട്ടൻ ഭാഗ്യവാനാണ് ആദ്യ പ്രണയം സാക്ഷാത്കരിച്ചില്ലേ?”
“ആദ്യ പ്രണയമോ? ഹി ഹി അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ച മാത്സ് ടീച്ചറാണ് എന്റെ ആദ്യ പ്രണയം. എടി പൊട്ടി എല്ലാവരുടെയും ആദ്യ പ്രണയം ഫ്ലോപ്പ് ആവുമെന്നെ.”
“ആണോ.”
“അതേന്നെ.”
“നീ ഇങ്ങു വന്നേ ഞാനെല്ലാം പറഞ്ഞൊക്കെ തരാം.”
“എനിക്ക് വേറെ പണിയുണ്ട്. ഡ്രസ്സ് ഒക്കെ എടുത്ത് വെക്കണം. നമുക്ക് പോകണ്ടേ.”
“അതിനൊക്കെ സമയം ഉണ്ട്.”
അതും പറഞ്ഞ് അനുവിനെ തന്റെ കരവലയത്തിനുള്ളിലാക്കിയിരുന്നു റിഷി. ഇതോടെ അവരുടെ രണ്ടാളുടെയും കുറുമ്പുകളോടെ ഒരു പുതിയ ജീവിതം ഇവിടെ തുടങ്ങുകയാണ്…
ഇതെന്റെ ആദ്യത്തെ തുടർകഥ ആയിരുന്നു. എഴുതാനൊന്നും വല്യ പരിചയം ഇല്ലാതിരുന്നിട്ടും എന്നെ സപ്പോർട്ട് ചെയ്ത ഒത്തിരി കൂട്ടുകാർ ഉണ്ട്.
എല്ലാവരോടും ഒത്തിരി നന്ദിയും സ്നേഹവും ഉണ്ട്. ആദ്യമൊക്കെ എഴുതുമ്പോൾ നല്ലതാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. അപ്പോൾ ഓരോ പാർട്ടും വായിച്ചു അപ്പോൾ തന്നെ അഭിപ്രായം അറിയിച്ച കുറച്ചു പേരുണ്ട്.
ആരുടേയും പേരെടുത്തു പറയുന്നില്ല അവരെ ഒരിക്കലും മറക്കില്ല കേട്ടോ. ഇനിയും എല്ലവരും അഭിപ്രായം തുറന്നു പറയണം കേട്ടോ. എല്ലാവരോടും സ്നേഹം 😍♥️