Tuesday, April 23, 2024
Novel

പ്രണയവിഹാർ: ഭാഗം 19

Spread the love

നോവൽ: ആർദ്ര നവനീത്‎

Thank you for reading this post, don't forget to subscribe!

എഴുന്നേറ്റിരുന്ന് കിതപ്പടക്കാൻ പ്രയാസപ്പെടുന്ന നിരഞ്ജന് സ്ഫടികജാറിൽ നിന്നും വെള്ളം പകർന്ന് തരുണി കൊടുത്തു.
ആർത്തിയോടെ അയാൾ വെള്ളം കുടിച്ചിറക്കുന്നത് തരുണി വെപ്രാളത്തോടെ നോക്കി.

.എന്ത് പറ്റി..? സ്വപ്നം കണ്ടോ.?

ശ്രാവണി !!

അയാളുടെ സ്വരം ഇടറിയിരുന്നു.

മേശമേലിരുന്ന ശ്രാവണിയുടെ ചിരിക്കുന്ന ഫോട്ടോയിലേക്ക് അവരുടെ മിഴികൾ നീണ്ടു.
വേദനയോടെ അവർ കണ്ണുകൾ ഇറുകെയടച്ചു.
അടച്ച മിഴികൾക്കിടയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

കണ്ണുണ്ടാകുമ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ.
അവൾ നമ്മുടെ കൂടെയുണ്ടായിരുന്നപ്പോൾ അവളെ മനസ്സ് തുറന്ന് സ്നേഹിക്കുവാനോ അവൾക്ക് വേണ്ടത് ചെയ്യുവാനോ ശ്രമിച്ചിരുന്നില്ല.
അവൾ പറഞ്ഞതുപോലെ പണത്തിന് പിന്നാലെ പായുവാൻ മാത്രമായിരുന്നു നമുക്ക് സമയമുണ്ടായിരുന്നത്.
ശരിക്കും പറഞ്ഞാൽ നമ്മൾ കാരണമല്ലേ അവൾ ഈ ലോകത്ത് നിന്നും പോയത്.
വിഹാനുമായി അവളെ ചേർത്തു വച്ചിരുന്നുവെങ്കിൽ ഇന്നും അവൾ ഇവിടെ ഉണ്ടായിരുന്നേനെ.
ശരിക്കും ഒരമ്മയെന്ന നിലയിൽ പരാജയമായിരുന്നു ഞാൻ..

നീ പറഞ്ഞത് ശരിയാണ് തരുണീ.
ജന്മം കൊടുത്താൽ മാത്രം അച്ഛനും അമ്മയും ആകില്ല.
കർമ്മം അതുകൂടി വേണം.
ഒരമ്മയെന്ന നിലയിൽ നീ പരാജയപ്പെട്ടപ്പോൾ അതിനും മുൻപേ ഒരച്ഛനെന്ന നിലയിൽ ഞാനും പരാജയം ഏറ്റുവാങ്ങേണ്ടി വന്നവനല്ലേ.
രണ്ട് മക്കളെ നൽകി ദൈവo അനുഗ്രഹിച്ചു.
ഒന്നിനെ അങ്ങ് വിളിച്ചപ്പോൾ ഒരെണ്ണമെങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിച്ചു .
എന്നാൽ അവനും നമ്മളെ വേണ്ട.
വിവാഹം കഴിഞ്ഞ് അവൻ അവന്റെ വഴിക്കായി.
അച്ഛനെയും അമ്മയെയും വേണ്ടാതായി. സ്നേഹം കൊടുത്താലല്ലേ തിരികെ കിട്ടുള്ളൂ.
അതുകൊണ്ട് തന്നെ അവന്റെ സ്നേഹത്തിന് നമ്മൾ അർഹരല്ല അല്ലേ.
തെറ്റുകൾ നമ്മൾ തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് വൈകിപ്പോയി.
ഇപ്പോൾ ഞാൻ ആഗ്രഹിക്കുകയാണ് തരുണീ.. എന്റെ ശ്രാവണിയെ ദൈവം ഒരിക്കൽക്കൂടി നമ്മുടെ അടുത്തേക്ക് അയച്ചിരുന്നുവെങ്കിലെന്ന്.
അവൾക്ക് കൊടുക്കാൻ കഴിയാത്ത വാത്സല്യം നൽകണം.
എന്റെ പൊന്നുമോളുടെ ചിരിയുടെ അലയൊലികൾ ഇവിടെ മുഴങ്ങണം.
എല്ലാം ആഗ്രഹിക്കാൻ മാത്രമുള്ള വെറും സ്വപ്‌നങ്ങൾ മാത്രമാണെന്ന് അറിഞ്ഞിട്ടും ഞാൻ ആശിച്ചു പോകുകയാ.. അയാൾ വിങ്ങി കരഞ്ഞു.

വാരിക്കൂട്ടിയ സമ്പത്തുകൾക്ക് മധ്യത്തിൽ ഒറ്റപ്പെട്ടു പോകേണ്ടി വന്നവർ.
അവർ തിരിച്ചറിയുകയായിരുന്നു ബന്ധങ്ങളുടെ മൂല്യം.
തിരികെ ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത ഒരിടത്തേക്ക് യാത്രയാകുമ്പോൾ ആ മടക്കം വെറും കൈയോടെ ആകുമെന്ന്.
സമ്പാദിച്ചു കൂടിയവ വെറും കടലാസ്സ് കഷ്ണങ്ങൾ മാത്രമാണെന്ന്.
പെറ്റവയറിന്റെ വേദനയും നീറ്റലും ഒരച്ഛന്റെ ആധിയും തിരിച്ചറിയാൻ വൈകിയെന്ന് അവർക്ക് തന്നെ ബോധ്യമായിരുന്നു.

പിറ്റേന്നത്തെ പ്രഭാതം സഞ്ജുവിനും ഐഷുവിനും വേണ്ടിയുള്ളതായിരുന്നു.
അവരുടെ പ്രണയത്തിന് മാധുര്യമേറുന്ന ദിനം.
താലിച്ചരടാൽ അവളെ തന്നിലേക്ക് ചേർത്ത് നിർത്തുന്ന മുഹൂർത്തം.
അവളുടെ സ്വപ്നങ്ങൾക്ക് നിറം പകരാനും സന്തോഷത്തിലും സന്താപത്തിലും താങ്ങായി ജീവിതാവസാനം വരെ ഇരുവരും ഒപ്പമുണ്ടാകുമെന്നുള്ള വാഗ്ദാനം. സ്വർണ്ണാഭരണങ്ങളുടെ ആഡംബരമോ വിലകൂടിയ പട്ടുസാരിയുടെ പൊലിമയോ ഇല്ലായിരുന്നു. എങ്കിലും അതിനേക്കാൾ മനോഹാരിയായി കൈകൾ നിറയെ ചുവപ്പും പച്ചയും കുപ്പിവളകൾ അണിഞ്ഞ് ചുവന്ന സാരി ഞൊറിഞ്ഞുടുത്ത് തലനിറയെ പൂക്കൾ വച്ച് നെറ്റിയിൽ ചന്ദനക്കുറിയോടെ തികച്ചും നാടൻ സുന്ദരിയായി അവൾ ഒരുങ്ങിയിറങ്ങി തന്റെ പ്രിയപ്പെട്ടവന്റെ കൈ പിടിക്കാൻ. അവന്റെ താലിയേറ്റ് വാങ്ങി അവന്റെ പാതിയായി സായൂജ്യമടയാൻ.
ആവണിയും മൊഴിയും ദാവണിയായിരുന്നു.
നീലയും പച്ചയും നിറത്തിലെ ദാവണി ആവണിയുടെ അഴക് കൂട്ടിയപ്പോൾ റോസും പീച്ചും നിറത്തിലെ ദാവണിയിൽ മൊഴി സുന്ദരിയായി.
അഴകാർന്ന തലമുടി കുളിപ്പിന്നലിട്ട് മുല്ലപ്പൂക്കളാൽ അലങ്കരിച്ചു.
കൈകളിൽ നിറയെ കരിവളകൾ.

കരിവളയിട്ടാൽ വിവാഹം ഉടൻ നടക്കുമെന്നാണ് അമ്മ പറഞ്ഞത്.. മൊഴിയുടെ കൈയിലെ കരിവളയിൽ തഴുകി കല്യാണി പറഞ്ഞു.

മൊഴിയേച്ചിയുടെ മംഗല്യം നമുക്ക് ഉത്സവമല്ലേ… ശങ്കു ഏറ്റുപിടിച്ചു.

എന്ത് കൊണ്ടോ ആ നിമിഷം വിഹാന്റെ മുഖമാണ് അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത്.
പെട്ടെന്നൊരു പരിഭ്രമത്തോടെ അവൾ തല കുടഞ്ഞു.

എന്താ മൊഴീ ആരെയെങ്കിലും ഓർത്തോ നീ വിവാഹക്കാര്യം പറഞ്ഞപ്പോൾ കുസൃതിയോടെ ആവണി ചോദിച്ചു.

അതിന് മറുപടിയായി മൊഴി അവളെ കൂർപ്പിച്ചു നോക്കി.

അതിനുശേഷം തേന്മൊഴിയോടും ശങ്കുവിനോടുമൊപ്പം പുറത്തേക്ക് ഇറങ്ങി.

ആവണിയും ഐഷുവും പരസ്പരം നോക്കി.

ഇന്ന് വിവാഹം. ഇനി ഒരു ദിവസം കൂടിയില്ല നമുക്ക് അവളാണ് ശ്രാവണിയെന്ന് തെളിയിക്കാൻ.
നമുക്കറിയാം അത് ശ്രാവണിയാണെന്ന്.
പക്ഷേ ഇവിടുള്ളവരോട് നമുക്കെങ്ങനെ സ്ഥാപിക്കാനാകും അത് മൊഴിയല്ലെന്ന്.

ഇത് തന്നെയാണ് ആവണീ എന്റെ മനസ്സിലും.
നമ്മൾ അവൾ മൊഴിയല്ല ശ്രാവണിയാണെന്ന് പറഞ്ഞാൽ ആരും സമ്മതിച്ചു തരില്ല.
എന്തിന് ബലമായി പോലും നമുക്കവളെ കൊണ്ടുപോകാനാകില്ല.
മുരുകണ്ണൻ വന്നുകാണും.
അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ.
ഇന്നോ നാളെ പകലോ നമ്മളിവിടം വിടേണ്ടി വരും.
കണ്മുൻപിൽ അവളുണ്ടായിട്ടും അവളെ നമുക്ക് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ.. ഐഷു പൂർത്തിയാക്കുവാനാകാതെ നിർത്തി.

തോരണങ്ങൾക്കിടയിലൂടെ സഞ്ജുവിനെ പുരുഷന്മാരുടെ സംഘം ആനയിച്ചു കൊണ്ടുവന്നു.
വിഹാനും ദീപുവും മുരുകനും അവന്റെ കൂടെയുണ്ടായിരുന്നു.
വിഹാന്റെ മിഴികൾ മൊഴിക്കായി ചുറ്റും പരതിയെങ്കിലും നിരാശയായിരുന്നു ഫലം.

മഞ്ഞളും കുങ്കുമവും ചാർത്തി കാട്ടുപ്പൂക്കളുടെ അലങ്കാരത്തിൽ പൂർണ്ണജ്യോതി പോലെ അമ്മൻ വിളങ്ങി.
പൂജാദ്രവ്യങ്ങളുടെ സുഗന്ധം അന്തരീക്ഷത്തിൽ ലയിച്ചു നിന്നു.

മൊഴിയുടെയും ആവണിയുടെയും മധ്യത്തിലായി മറ്റ് സ്ത്രീകളുടെ അകമ്പടിയോടെ കടന്നുവന്ന ഐഷുവിൽ സഞ്ജുവിന്റെ മിഴികൾ തങ്ങി നിന്നു.
മുഖമുയർത്തിയ ഐഷു അവന്റെ പ്രണയപൂർവ്വമുള്ള നോട്ടം നേരിടാനാകാതെ മുഖം താഴ്ത്തി.
എത്ര വർഷം പ്രണയിച്ചാലും എത്ര അടുപ്പമുണ്ടെങ്കിലും ഏതൊരു പെണ്ണും വിവാഹവേഷത്തിലാകുമ്പോൾ പ്രിയപ്പെട്ടവന് മുൻപിൽ നാണം കൊണ്ട് കൂമ്പുന്ന താമര പോലെയാകും എന്നവന് തോന്നി.
കൗതുകപൂർവ്വം അവൻ തന്റെ പെണ്ണിനെ ഉറ്റുനോക്കി.

ഇതേസമയം വിഹാന്റെ കണ്ണുകൾ മൊഴിയിലായിരുന്നു.
തന്നെ നേരിടാൻ അവൾ ബുദ്ധിമുട്ടുന്നുവെന്ന് അവന് തോന്നി.
തലേന്ന് താൻ ഒഴിഞ്ഞു മാറിയതിന്റെയും പരിഗണിക്കാത്തതിന്റെയും പരിഭവം ആ മുഖത്തുണ്ടെന്ന് അവന് മനസ്സിലായി.
ഇടയ്ക്കെപ്പോഴോ നോട്ടങ്ങൾ തമ്മിൽ കൊരുത്തപ്പോൾ വിഹാൻ അവളെ കണ്ണിറുക്കി കാണിച്ചു.
ആരെങ്കിലും കണ്ടോയെന്ന പരിഭ്രമത്തോടെ അവൾ ചുറ്റും നോക്കി.

അവന്റെ മിഴികൾ തന്നോടെന്തോ പറയുന്നുണ്ടെന്ന് അവൾക്ക് തോന്നി.
അനുവാദം ചോദിക്കുന്നതുപോലെ..

വേലുവായിരുന്നു പൂജാരിയായി നിന്നത്.
അവന്റെ ചുണ്ടിൽ നിന്നും മന്ത്രോച്ചാരങ്ങൾ ഉതിർന്നു വീഴുന്നുണ്ടായിരുന്നു.
പൂർണ്ണചൈതന്യത്തോടെ വിളങ്ങി നിൽക്കുന്ന അമ്മനെ ഏവരും ഭക്തിയോടെ തൊഴുതു.

വിഹാനും അമ്മനോട് അനുവാദം ചോദിക്കുകയിരുന്നു.
തന്റെ പെണ്ണിനെ താൻ സ്വന്തമാക്കി കൊള്ളട്ടെയെന്ന്.
അതിന് അനുഗ്രഹം വർഷിച്ചെന്നവണ്ണം ആരും അടിക്കാതെ തന്നെ മണികൾ കൂട്ടത്തോടെ കിലുങ്ങി.
പ്രസന്നമായ മുഖത്തോടെ വിഹാൻ അമ്മന് മുൻപിൽ മിഴികളടച്ചു തൊഴുതു.

അമ്മന്റെ മുൻപിൽ പൂജിച്ച മഞ്ഞച്ചരടിൽ കോർത്ത മഞ്ഞളും താലിയുമാണ് വധുവിന് ചാർത്തേണ്ടത്.
ഏഴാം നാൾ അത് ലോഹത്തിലേക്ക് മാറ്റാവുന്നതാണ്.
ത്രിശൂലത്തിൽ വേറെയും മഞ്ഞച്ചരടുകൾ ഉണ്ടായിരുന്നു.
അമ്മന്റെ മുൻപിൽ വച്ച് പൂജിക്കുന്നവ.

(രജോഗുണ പ്രാധാന്യമുള്ള സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീവ മൂന്നും, പ്രകൃതിയില്‍ ലഭ്യമായ നാരുകള്‍ കൊണ്ടുള്ള ചരടില്‍ കോര്‍ത്ത് കഴുത്തിനു പുറകില്‍ കെട്ടണം. ഈ കെട്ടിനാണ് പ്രാധാന്യം. (മൂന്നും അഞ്ചും ഏഴു നാരുകള്‍ കൂട്ടി ചേര്‍ത്ത് മഞ്ഞനിറം പിടിപ്പിച്ച ചരട് താലി കെട്ടാന്‍ ഉപയോഗിക്കുന്നതാണ് നല്ലത്).

ഏതൊരവസ്ഥയെയും നേരിടാനുള്ള മനഃശക്തി ഉണ്ടായിരിക്കണമെന്ന ദൃഢ സങ്കല്‍പത്തോടെ വേണം ഈ കെട്ട് മുറുക്കാന്‍. അതായത്, സ്ത്രീയുടെ കഴുത്തെന്ന പ്രാണസ്ഥാനത്തെ ചുറ്റിനില്‍ക്കുന്നതും, ത്രിഗുണാവസ്ഥകളും, താലിയിലെ ത്രിമൂര്‍ത്തി ഭാവവും കെട്ട് എന്ന ദൃഢനിശ്ചയവും ഒന്നിക്കുമ്പോള്‍ മംഗല്യസൂത്രം പ്രപഞ്ചശക്തിരൂപമായി മാറുന്നു.

കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.അപ്പോള്‍ പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്ന് ഗുണങ്ങളും(ചരട്) ത്രിമൂര്‍ത്തികളും(താലി) മായാശക്തിയും(കെട്ട്)ഒന്നിച്ച് ചേരുമ്പോള്‍, താലി ചരട് പ്രപഞ്ചത്തിൻ്റെ സ്വരൂപമായി മാറുന്നു.)

വേലുവാണ് താലി സഞ്ജുവിന് നൽകിയത്.
അമ്മനെ വണങ്ങിയതിനുശേഷം സഞ്ജു പ്രാർത്ഥനാപൂർവ്വം മഞ്ഞൾ കോർത്ത താലിച്ചരട് ഐഷാനിയുടെ കഴുത്തിൽ ചാർത്തി.
മരണം പോലും തങ്ങൾക്കിടയിലേക്ക് ഒരുമിച്ചേ വരാവൂ. ദീർഘസുമംഗലീഭാഗ്യം നൽകി അനുഗ്രഹിക്കണേയെന്ന് അമ്മനോട് അനുഗ്രഹം ചോദിച്ചുകൊണ്ട് അവളാ താലിയെ ഏറ്റുവാങ്ങി.
കുരവ മുഴങ്ങി. സീമന്തരേഖയിൽ സിന്ദൂരം ചാർത്തി സഞ്ജു തന്റെ ആത്മാവിലേക്ക് ഐഷാനിയുടെ ആത്മാവിനെ ചേർത്തുവച്ചു.

അതേസമയം തന്റെ കഴുത്തിൽ ഈറൻ തോന്നി മൊഴി കണ്ണുകൾ വലിച്ച് തുറന്നു.
പരിചിതമായ ശരീരത്തിന്റെ ഗന്ധം അവളിലേക്ക് അരിച്ചു കയറി.

വിഹാൻ !!

അപ്പോഴേക്കും മൂന്നാമത്തെ കെട്ടും മുറുക്കി വിഹാൻ അവളുടെ കഴുത്തിൽ താലി ചാർത്തിയിരുന്നു .
നടക്കുന്നതെന്തെന്ന് വ്യക്തമാകും മുൻപേ അമ്മന്റെ ത്രിശൂലത്തിലെ കുങ്കുമം അവളുടെ സീമന്തരേഖയിൽ അവൻ തൊടുവിച്ചിരുന്നു.

അമ്മന്റെ അനുഗ്രഹമെന്നോണം വീണ്ടും മണികൾ കൂട്ടമായി കിലുങ്ങി.
അന്തരീക്ഷത്തിൽ കർപ്പൂരഗന്ധം ഒന്നുകൂടി വ്യാപിച്ചു.

എല്ലാവരും സ്തംഭിച്ചു നിൽക്കുകയായിരുന്നു.
ഇങ്ങനൊരു നീക്കം വിഹാൻ നടത്തുമെന്ന് സഞ്ജുവോ മറ്റുള്ളവരോ കരുതിയിരുന്നില്ല.

കണ്ട കാഴ്ചയുടെ മരവിപ്പ് വിട്ടുണർന്നതും സീതമ്മയും മല്ലിയും മൊഴിയെ കരച്ചിലോടെ പൊതിഞ്ഞു പിടിച്ചു.
അവളപ്പോഴും തറഞ്ഞു നിൽക്കുകയായിരുന്നു.

ചിന്നപ്പയും മുത്തുവും അടങ്ങുന്ന പുരുഷന്മാരുടെ സംഘം വിഹാന് നേർക്ക് കുതിച്ചു വന്നു.
ഐഷു ഭയത്തോടെ സഞ്ജുവിലേക്ക് അടുത്തു.
ആവണിയും ദീപുവിനെ പറ്റിച്ചേർന്ന് നിന്നു.
മുരുകൻ ഞൊടിയിടയിൽ വിഹാനടുത്തേക്ക്
എത്തി.

ഞങ്ങടെ ഊരിൽ വന്ന് ഞങ്ങടെ പെണ്ണിനെ മംഗല്യം ചെയ്യണാ.
ആരുടെയും സമ്മതം ചോദിക്കാതെ താലി കെട്ടണത് എവിടുത്തെ ന്യായമാടാ… ചിന്നപ്പ ചീറിക്കൊണ്ട് വിഹാനെ തല്ലാനായി അടുത്തു.

സഞ്ജുവും ദീപുവും അവന് മറയായി മുന്നോട്ട് കുതിച്ചു.
അതിന് മുൻപുതന്നെ വിഹാൻ ആ അടി തടുത്തിരുന്നു.

അവന്റെ മുഖം ശാന്തമായിരുന്നു എങ്കിലും ഉള്ള് കടൽപോലെ പ്രക്ഷുബ്ധമായിരുന്നു.
കണ്ണുകളിലെ തീഷ്ണത കണ്ട് ചിന്നപ്പ അവനെ ഉറ്റുനോക്കി.

ഞാൻ താലി ചാർത്തിയത് എന്റെ പെണ്ണിനെയാണ്.. വിഹാന്റെ ഉറച്ച സ്വരം അവിടെയാകെ മുഴങ്ങി.

നിന്റെ പെണ്ണോ. എന്റെ മോളാ അത്. വന്ന് നാല് ദിവസമായപ്പോൾ എന്ത് ധൈര്യത്തിലാ നീയിത് കാട്ടിയത് . എന്റെ മോളുടെ ജീവിതം ഇല്ലാതാക്കാൻ നോക്കണാടാ.
കുട്ടിക്കളിയായാണോ ഇത്.. ചിന്നപ്പ ദേഷ്യത്തോടെ അലറി.

ഞാൻ താലിചാർത്തിയത് എന്റെ പെണ്ണിനെ തന്നെയാണ്. അത് ഈ നിൽക്കുന്ന ചിന്നപ്പയുടെയും സീതമ്മയുടെയും മകൾ മൊഴിയെയല്ല.. ഡോക്ടർ തരുണി നാഥിന്റെയും നിരഞ്ജൻ വാര്യത്തിന്റെയും മകൾ ശ്രാവണി നാഥിനെയാണ്.
കഴിഞ്ഞ അഞ്ചര വർഷമായി ഞാനെന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്ന എന്റെ പെണ്ണിനെ.
വർഷങ്ങൾക്ക് മുൻപേ എന്നിലലിഞ്ഞ എന്റെ ശ്രീക്കുട്ടിയെ..
വിഹാൻ അലറുകയായിരുന്നു.

ഒരുനിമിഷം കാട് പോലും വിറങ്ങലിച്ചു പോയി.
സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
മല്ലിയുടെയും സീതയുടെയും കൈകൾക്ക് മുറുക്കം കൂടുന്നത് മൊഴിയറിഞ്ഞു.
കേട്ടതൊന്നും വിശ്വസിക്കാനാകാത്തതുപോലെ അവൾ അവനെ തറഞ്ഞു നോക്കി.

തോന്ന്യാസം പറയുന്നോ എന്റെ പെങ്കൊച്ചിനെപ്പറ്റി.. ചിന്നപ്പ പെട്ടെന്ന് തന്നെ ഞെട്ടലിൽ നിന്നും മുക്തനായി.

ഹ്മ്മ്… തോന്ന്യാസമല്ല സത്യമാണ് ഞാൻ പറഞ്ഞത്.
ഞാൻ പറഞ്ഞ വാക്കുകൾ സത്യമാണെന്ന് ദേ നിങ്ങൾ പൂജിക്കുന്ന അമ്മന് അറിയാം.
മല്ലിയുടെയും സീതയുടെയും കൈയിൽനിന്നും അവൻ മൊഴിയെ വലിച്ച് മുൻപിലേക്ക് നിർത്തി.

ഞാൻ പറഞ്ഞതൊന്നും സത്യമല്ലെന്ന് നിങ്ങൾക്ക് പറയാനാകുമോ.
എങ്കിൽ പറയ് ഈ ചൈതന്യത്തോടെ വിളങ്ങുന്ന അമ്മന്റെ മുൻപിൽ വച്ച്.. നിങ്ങളോരോരുത്തരെയും കാടിനെയും സംരക്ഷിക്കുന്ന ഈ അമ്മനെ സാക്ഷിയാക്കി പറയണം ഞാൻ പറഞ്ഞ ഓരോ വാക്കും കള്ളമാണെന്ന്. ഈ നിൽക്കുന്നത് നിങ്ങളുടെയും ഈ സീതമ്മയുടെയും മകൾ മൊഴിയാണെന്ന്.
മകളെന്ന് പറഞ്ഞ് സ്നേഹിക്കുന്ന ഇവൾക്ക് ജന്മം നൽകിയത് നിങ്ങൾ തന്നെയാണെന്ന് ഈ അമ്മനെ സാക്ഷിയാക്കി പറയാമോ.

മൊഴിയുടെ കണ്ണുകൾ നിറഞ്ഞു തൂവി.
കേട്ട വാക്കുകളിൽ നിന്നും നെല്ലും പതിരും വേർതിരിക്കാനാകാതെ അവൾ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു അപ്പോഴും.
അവളുടെ മിഴികൾ ചിന്നപ്പയിലേക്ക് നീണ്ടു.
തന്റെ അപ്പയുടെ വായിൽ നിന്നും മറുപടി കേൾക്കാൻ അവൾ വർദ്ധിച്ച നെഞ്ചിടിപ്പോടെ കാതോർത്തു.

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 18