Saturday, January 18, 2025
Novel

അനുരാഗം : ഭാഗം 23

എഴുത്തുകാരി: അഞ്ജലി അഞ്ജു


“ഞാൻ വേണമെന്ന് വെച്ചു ചെയ്തതല്ല. കരയാതെ ഇരിക്കു. എന്താണെങ്കിലും നമുക്ക് ശെരിയാക്കാം.”

ഞാൻ കരയുകയാണെന്ന് റിഷിയേട്ടന്റെ വെപ്രാളം കണ്ടപ്പോളാണ് എനിക്ക് മനസിലായത്. കരയാനും മാത്രം ഉള്ള എന്ത് കാരണമാണ് ഞാൻ ഇവരോട് പറയുക.

അതോർത്തപ്പോൾ എനിക്ക് ജാള്യത തോന്നി. നാണക്കേടായല്ലോ കരയണ്ടാരുന്നു. എന്നാലും എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റണില്ല.

“ഞാൻ കൊണ്ടാക്കാം വരൂ.”

അയാളുടെ വർത്തമാനം കേട്ടില്ലേ. എല്ലാം നശിപ്പിച്ചിട്ട് കൊണ്ട് ആക്കി തരാമെന്ന്.

“ആർക്ക് വേണം നിങ്ങളുടെ ഔദാര്യം. എനിക്ക് ഒറ്റക്ക് പോവാൻ അറിയാം.”

ഇതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നപ്പോൾ കിളി പോയ പോലെ റിഷിയേട്ടൻ എന്നെ നോക്കുന്നത് കണ്ടു.

“ഹേയ് നിൽക്കു. ഞാൻ കൊണ്ട് പോവാം.”

കേൾക്കാത്ത പോലെ ഞാൻ വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഏട്ടനും എന്റെ പുറകേ വരണുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.

കുറച്ചു കഷ്ടപ്പെടട്ടെ. എന്നെ നേരത്തേ വിട്ടിരുന്നെങ്കിൽ ഞാൻ ശ്രീയേട്ടനെ കാണില്ലായിരുന്നോ? അതോർത്തപ്പോൾ വീണ്ടും ദേഷ്യം കുമിഞ്ഞു കൂടി. റിഷിയേട്ടൻ സ്വാർത്ഥൻ ആണ്.

സ്വന്തം കാര്യം മാത്രേ നോക്കുള്ളൂ. ബസ് സ്റ്റോപ്പിൽ എത്തിയതും ബസ് വന്നു ഞാൻ അതിൽ വേഗം കയറി.

റിഷിയേട്ടൻ എന്നെ നോക്കി നിക്കുന്നു. ഒരു വിജയി ഭാവത്തിൽ ഞാൻ ഏട്ടനെ നോക്കി. ബസ് നീങ്ങി തുടങ്ങിയതും ഏട്ടൻ ഓടി ബസിൽ കയറുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടിയിരുന്നു.

ഇതെന്തിനാ ഇയാൾ ഇതിൽ കേറിയത്? അയാളുടെ കൂടെ പോകാതെ ഒറ്റക്ക് ബസിൽ പോവുമ്പോൾ എന്റെ വാശി ജയിക്കുമെന്നാണ് ഞാൻ കരുതിയത്.

ഏട്ടനും ഇതിൽ കേറിയപ്പോൾ ഞാൻ പിന്നെയും തോറ്റത് പോലെ ആയില്ലേ.

ആള് പുറകിൽ എന്നെ നോക്കി തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഇടം കണ്ണിട്ട് ഒളിഞ്ഞു നോക്കുമ്പോൾ ഏട്ടൻ ചിരിക്കുന്നു.

അങ്ങനെ ടോം ആൻഡ് ജെറി കളിച്ച് വീടിന് അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോൾ ഞാൻ ബസിൽ നിന്ന് ഇറങ്ങി.

ഞാൻ ഇറങ്ങാൻ എണീറ്റതും ഏട്ടനും വെപ്രാളം പിടിച്ചു ഇറങ്ങുന്നത് കണ്ടു. എന്റെ വീടിന്റെ ഗേറ്റ് എത്തുന്നത് വരെ ഏട്ടൻ പിന്നാലെ ഉണ്ടായിരുന്നു. ഉള്ളത് പറയാല്ലോ ആള് ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല.

ഞാൻ ദേഷ്യപ്പെടുമ്പോ എന്നെ ഇനിയും ദേഷ്യപ്പെടുത്തുമെന്നാ ഞാൻ വിചാരിച്ചത്. പക്ഷെ പെട്ടെന്നുള്ള ഈ മാറ്റം എന്റെ ദേഷ്യത്തെ അലിയിച്ചു കളഞ്ഞിരുന്നു.

പാവം ബസൊക്കെ കേറി ഇവിടെ വരെ വന്നില്ലേ. ഗേറ്റിനുളളിൽ കേറിയതും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അകത്തേക്ക് കയറുവാണെന്ന് പറയാതെ പറഞ്ഞു.

ഏട്ടൻ ഒന്ന് പുഞ്ചിരിച്ചിട്ട് തിരിഞ്ഞു നടക്കുന്നത് കണ്ടു. ഞാൻ എന്തിനാണ് ഇപ്പോൾ ചിരിക്കുന്നത്. അയാളോട് എനിക്ക് ദേഷ്യമല്ലേ? മനസ്സിൽ എന്തോ വല്ലാത്ത ഭാരം തോന്നി.

രാവിലെ ശ്രീയേട്ടനെ കണ്ട സന്തോഷമോ വൈകിട്ട് കാണാഞ്ഞതിലെ സങ്കടമോ ആയിരുന്നില്ല അപ്പോൾ എന്റെ മനസ്സിൽ, മറ്റെന്തൊക്കെയോ ആയിരുന്നു.

*******************************

ഞാൻ പോകും വരെ അവളെ കാണാൻ വേണ്ടിയാണ് കാരണങ്ങൾ കണ്ടെത്തി കൂടെ നിർത്തിയത്. പോകാൻ ധൃതി കാണിക്കുമ്പോളും എപ്പോളത്തെയും പോലെ അവളുടെ അടവാണെന്നാണ് വിചാരിച്ചത്.

പക്ഷെ മുന്നിൽ നിന്ന് കരഞ്ഞപ്പോളാണ് ശെരിക്കും ആൾക്ക് വിഷമം ആയെന്ന് മനസിലായത്. കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ എന്ത് ദുഷ്ടനാണല്ലേ പാവം അവളെ കരയിപ്പിച്ചു.

അവളെ ദേഷ്യം പിടിപ്പിക്കാനാണ് ഞാൻ ഓരോ കുരുത്തക്കേട് ഉണ്ടാക്കുന്നത്. കരയും എന്ന് വിചാരിച്ചില്ല. എന്താണാവോ ഇത്ര അത്യാവശ്യം? കാര്യം ചോദിച്ചപ്പോൾ പറഞ്ഞതുമില്ല.

കൊണ്ട് ആക്കാം എന്ന് പറഞ്ഞപ്പോൾ ഒടുക്കത്തെ ഷോ. അല്ലെങ്കിലും ഒന്ന് താണ് കൊടുത്താൽ പെണ്ണിന് ജാഡ കൂടും.

പുറകേ ചെന്നപ്പോൾ ബസും വന്നു. പോകാൻ വിചാരിച്ചതല്ല പക്ഷെ അവളുടെ നേരത്തെയുള്ള സങ്കടം കണ്ടപ്പോൾ ഒറ്റക്ക് വിടാൻ തോന്നിയില്ല.

ഞാൻ കൂടെ കേറിയപ്പോൾ അവളും ഞെട്ടിയിട്ടുണ്ടാവും. വീട്ടിൽ എത്തിയപ്പോൾ അവളുടെ കണ്ണുകളിൽ ഉണ്ടായ തിളക്കം എന്നെ വല്ലാതെ ആകർഷിച്ചു.

പോയില്ലായിരുന്നെങ്കിൽ നഷ്ടം ആയേനെ. ഇനി തിരിച്ചു എങ്ങനെ പോകും? കൂട്ടുകാരെ ആരെയെങ്കിലും വിളിക്കുന്നതാവും നല്ലത്.

വീട്ടിൽ എത്തിയപ്പോൾ അൽപം താമസിച്ചിരുന്നു. ഹാളിൽ ചെന്നപ്പോളേ ഒച്ചയും ബഹളവും കേൾക്കാമായിരുന്നു.

വിചാരിച്ചത് പോലെ തന്നെ ആന്റിയും അങ്കിളും വിച്ചുവും വന്നിട്ടുണ്ട്. എല്ലാരും വല്യ ചർച്ചയിൽ ആയിരുന്നു.

അമ്മയും അച്ഛനും അച്ഛമ്മയും സന്തോഷത്തിലാണ്. ഞാൻ ചെന്നതും ചേച്ചി എന്തൊക്കെയോ കണ്ണു കൊണ്ട് കാണിക്കുന്നുണ്ട്.

വിച്ചു വന്നെന്റെ കയ്യിൽ പിടിച്ചു അവളുടെ കൂടെ ഇരിക്കാൻ ക്ഷണിച്ചെങ്കിലും ഞാൻ ചേച്ചിയുടെ അടുത്ത് പോയി ഇരുന്നു.

രഹസ്യത്തിൽ ഞാൻ ചേച്ചിയോട് കാര്യം തിരക്കി. എന്റെ കല്യാണമാണ് വിഷയം. ജോത്സ്യരെ കണ്ടത്രേ ഈ വർഷം നടന്നില്ലെങ്കിൽ പിന്നെ വൈകിയേ ഉണ്ടാവുള്ളു.

അല്ലെങ്കിലും വൈകും ആ തെണ്ടി എന്നെ എന്ന് ഇഷ്ടപ്പെടാനാ.

“റിഷി നിന്റെ കല്യാണ കാര്യമാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. ഞങ്ങൾ അത് ഉറപ്പിക്കുവാണ്.”

“എന്റെ കല്യാണം ഞാനല്ലേ തീരുമാനിക്കേണ്ടത്.
എനിക്ക് ഇപ്പോളേ താല്പര്യമില്ല.”

“അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അല്ലെങ്കിലും നേരത്തേ ആയാലും താമസിച്ചായാലും വിച്ചു എപ്പോളും നിന്റെ കൂടെ ഉള്ളതല്ലേ. അപ്പോ ഇപ്പോൾ തന്നെ ആണെങ്കിൽ ജോത്സ്യർ പറഞ്ഞത് കേട്ടില്ല എന്ന് ഓർത്തു വിഷമിക്കണ്ടല്ലോ?”

അച്ഛമ്മ ആണ് പറഞ്ഞത്. അപ്പോ വിച്ചുവാണ് നായിക. വെറുതെയല്ല മുഖത്തു നാണമൊക്കെ വാരി വിതറിയിരിക്കുന്നത്.

“നിങ്ങളൊക്കെ ഇതെന്താണ് പറയുന്നത്. ഞാൻ വിച്ചുവിനെ വിവാഹം കഴിക്കാനോ?”

അത് പറഞ്ഞതും എല്ലാവരും എന്നെ ഞ
ഞെട്ടലോടെ നോക്കി. ചേച്ചി എന്റെ കയ്യിൽ അമർത്തുന്നുണ്ടായിരുന്നു.

“പിന്നെ വേറെയാരെയാണ്? നിനക്ക് അവളെ ഇഷ്ടമല്ലേ?”

“ഇഷ്ടമാണ്. പക്ഷെ എന്റെ സ്വന്തം അനിയത്തി കുട്ടിയായി മാത്രേ ഞാൻ കണ്ടിട്ടുള്ളു. ഒരിക്കലും അവളെ എന്റെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ എനിക്കാവില്ല.”

വിച്ചുവിന്റെ മുഖം കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. പക്ഷെ ഇപ്പോളേ ഞാനത് പറഞ്ഞില്ലെങ്കിൽ കൂടുതൽ വിഷമാവും.

“റിഷിയേട്ടന് എന്നെ ഇഷ്ടല്ലെങ്കിൽ നിർബന്ധിക്കണ്ട മാമ. എനിക്ക് കുഴപ്പമൊന്നും ഇല്ല.”
ഇത് പറഞ്ഞു അവൾ റൂമിലേക്ക് പോയി. കൂടെ ആന്റിയും.

“അവന് അതിന് താല്പര്യമില്ലെങ്കിൽ നമുക്ക് വേറെ ആലോചന നോക്കാം ചേട്ടാ.”

അങ്കിൾ ഇത് പറഞ്ഞപ്പോൾ അച്ഛനെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

“മ്മ്. എങ്കിൽ അങ്ങനെ ചെയ്യാം. ഏതായാലും രണ്ട് മാസത്തിനുളളിൽ കല്യാണം നടത്തണം.”

“എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്. ഞാൻ അവളെ മാത്രേ കല്യാണം കഴിക്കുള്ളു.”

“അങ്ങനെ നിനക്ക് ഇഷ്ടപ്പെട്ടവരെ കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല. നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേർന്നതാണെങ്കിൽ നമുക്ക് നോക്കാം ഇല്ലെങ്കിൽ നീ അതൊക്കെ മറന്നേക്ക്.”

“അച്ഛന്റെ ഇഷ്ടത്തിന് കല്യാണം കഴിച്ചിട്ട് ചേച്ചി ഇന്ന് വരെ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടുണ്ടോ? പണം മാത്രമല്ല ജീവിക്കാൻ വേണ്ടത്. എനിക്ക് എന്റേതായ തീരുമാനങ്ങൾ ഉണ്ട്. അത് മാറ്റാൻ എനിക്കാവില്ല.”

“അങ്ങനെ ആണെങ്കിൽ നീ ഈ വീടിനു പുറത്തു പോകേണ്ടി വരും.”

“ജീവിതകാലം മുഴുവൻ തടവിൽ കിടക്കുന്നതിലും നല്ലത് പിച്ച തെണ്ടിയാണെങ്കിലും കുടിലിൽ കഴിയുന്നതാണ്.”

“റിഷി..! അച്ഛനോടാണോ ഇങ്ങനെ സംസാരിക്കുന്നത്. നീ കയറി പോകാൻ നോക്ക്.”

അമ്മ ഇത് പറഞ്ഞതും ഞാൻ എന്റെ റൂമിലേക്ക് പോയി.

കുറച്ചു നേരം റൂമിലിരുന്ന് മനസ് ശാന്തമായപ്പോളാണ് വിച്ചുവിനെ ഓർത്തത്. കുട്ടിക്കാലം തൊട്ടേ എന്റെ കയ്യിൽ തൂങ്ങി നടന്ന കുട്ടിയാണ് അവൾ.

ഇപ്പോളും അവളുടെ കുട്ടിക്കളികൾക്ക് ഒരു മാറ്റവുമില്ല. അനിയത്തിയായി മാത്രേ ഇത് വരെ കണ്ടിട്ടുള്ളു.

എല്ലാവരും ഓരോന്നും പറഞ്ഞാണ് ആ പാവത്തിന്റെ മനസിൽ ഓരോന്നും കുത്തി വെച്ചത്. ഞാൻ എഴുന്നേറ്റു ടെറസിലേക്ക് പോയി. അവൾ അവിടെ ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു.

പണ്ടും ആരോടെങ്കിലും പിണങ്ങിയാൽ അവൾ എവിടെയാ ഉണ്ടാകാറുള്ളത്.
ഞാൻ അടുത്ത് ചെന്നിട്ടും അവൾ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

“വിച്ചു..”

“ആഹ് റിഷിയേട്ടൻ എപ്പോളാ വന്നത്?”

“സോറി ഡാ. ഞാൻ അത്.”

“എനിക്ക് കുഴപ്പമൊന്നുമില്ല ഏട്ടാ. അല്ലെങ്കിലും ഇപ്പോൾ ഓർത്തപ്പോളാ എനിക്ക് മനസിലായത് എന്നോട് ഇഷ്ടമുള്ള രീതിയിൽ ഏട്ടൻ ഇന്ന് വരെ പെരുമാറിയിട്ടില്ല.

എപ്പോളും ഒഴിഞ്ഞു മാറിയിട്ടേ ഉള്ളൂ. അല്ലെങ്കിലും എല്ലാരും പറഞ്ഞപ്പോൾ ഞാൻ ചുമ്മാ ഓരോന്നും വിചാരിച്ചതാണ്. എനിക്ക് ഏട്ടന്റെ അനിയത്തിയായി ഇരുന്നാൽ മതി.”

ഞാനവളുടെ കയ്യിൽ പിടിച്ചതും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

“അല്ല വേറെ ആരെയോ ഇഷ്ടാണെന്ന് പറഞ്ഞല്ലോ? ഏട്ടത്തിയമ്മ സുന്ദരി ആണോ?”

“അതൊക്കെ ഞാൻ പിന്നീട് പറഞ്ഞു തരാം കേട്ടോ.”

“മ്മ്.”

കുറച്ചു നേരം അവളോട് സംസാരിച്ചു കഴിഞ്ഞാണ് മനസമാധാനം കിട്ടിയത്.

*******************************

പിന്നീടുള്ള ദിവസങ്ങളിൽ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാനും ശ്രീയേട്ടനും ഫോണിലൂടെ നല്ല സൗഹൃദത്തിലായി.

പരസ്പരം ഇഷ്ടം പറഞ്ഞില്ലെങ്കിലും എന്നെ പോലെ തന്നെ ഏട്ടനും എന്നെ ഇഷ്ടമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

ഏട്ടൻ പ്രൊപ്പോസ് ചെയ്യട്ടെ എന്ന് വിചാരിച്ചെങ്കിലും ഇനിയും കാത്തിരിക്കാൻ വയ്യാ. വീട്ടിൽ നല്ല രീതിയിൽ കല്യാണത്തിന് നിർബന്ധിക്കുവാണെന്നെ.

ഇനിയും ഒഴിഞ്ഞു മാറാൻ പറ്റില്ല. എന്റെ ഇഷ്ടം പറയാൻ സമയമൊക്കെ കണ്ടു വെച്ചിട്ടുണ്ട് ഞാൻ. നാളെ ഏട്ടന്റെ പിറന്നാൾ ആണ്. നാളെ എന്റെ ഇഷ്ടം പറയണം. ഉറപ്പായും ഏട്ടനും ഇഷ്ടം പറയും.

പക്ഷെ പ്രശ്നം അതല്ല എനിക്ക് നാളെ ലീവ് തരുമോ എന്തോ? ഓഫിസിലെ കാര്യം പറയണ്ടല്ലോ. നേരത്തെ വിടും എന്നല്ലാതെ വേറെ മാറ്റങ്ങൾ ഒന്നുമില്ല.

ഓഫീസിൽ എത്തിയപ്പോൾ താമസിച്ചിരുന്നു. പക്ഷെ പതിവ് ചീത്തവിളി ഒന്നും ഉണ്ടായിരുന്നില്ല. ഇന്നിത് എന്ത് പറ്റിയാവോ? ഞാൻ ഉണ്ടെന്ന് പോലും മൈൻഡ് ചെയ്യുന്നില്ല. ആകെ ഒരുമാതിരി. എനിക്കും എന്തോ പോലെ തോന്നി.

എപ്പോളും വഴക്കിട്ടു ശീലമായി പോയി. ഇനി ലീവ് തരില്ലായിരിക്കും എന്ന് വിചാരിച്ചാണ് ചോദിച്ചത്.

പക്ഷെ പതിവിന് വിപരീതമായി കാരണം പോലും ചോദിക്കാതെ സമ്മതിച്ചു. എന്ത് പറ്റിയത് ആണെങ്കിലും നന്നായി. ലീവ് തന്നല്ലോ.

നാളത്തെ കാര്യം ആലോചിക്കാനേ എനിക്ക് സമയം ഉണ്ടായിരുന്നുള്ളു.
നാളെ കാണുന്ന കാര്യം പറയാനാണ് ഞാൻ ശ്രീയേട്ടനെ വിളിച്ചത്.

പക്ഷെ ഏട്ടൻ തൃശൂരിലേക്ക് പോയിരുന്നു. എന്തോ അത്യാവശ്യം ഉണ്ടായത്രേ. എനിക്ക് സങ്കടം തോന്നി. ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ.

ശേ ലീവും പറഞ്ഞു പോയി. പിന്നെ ഓർത്തപ്പോൾ തൃശൂര് പോയി സർപ്രൈസ് ആയി ഇത് പറയാമെന്നു വെച്ചു. അടിപൊളി ഐഡിയ അല്ലേ? ഏതായാലും അങ്ങനെ വിടാൻ അനു തീരുമാനിച്ചിട്ടില്ല. എന്താണെങ്കിലും അറിയണം.

അമ്മയോട് കല്യാണത്തിന് സമ്മതമാണെന്നും ഒരാൾ ഉടനെ പെണ്ണ് ചോദിച്ചു വരുമെന്നും ഒരു സൂചനയും കൊടുത്തു. നാളെ പാറുവിന്റെ കൂടെ ഒരിടം വരെ പോണമെന്നും പറഞ്ഞു.

*******************************

“അന്ന് നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു
അതിനുള്ള വേദന ഞാനറിഞ്ഞു… ”

“ഡാ റിഷി മതിയെടാ.”

“ഇല്ലെടാ എനിക്ക് കുടിക്കണം. ബോധം മറയും വരെ കുടിക്കണം.”

“എന്താണ് നിനക്ക് പറ്റിയത്. സാധാരണ നീ കുടിക്കാറില്ലല്ലോ?”

“ഡാ അവളില്ലെ അനു. അവള് പോയെടാ. അവൾക്ക് വേറൊരുത്തനുമായി പ്രേമം ആണ്.”

“അതിന് അവന് അവളെ ഇഷ്ടമല്ലെന്നല്ലേ നീ പറഞ്ഞത്.”

“അത് പണ്ടല്ലേ. അവന് അവളെ ഇഷ്ടമാണ്.”

“നിന്നോട് ഇത് ആര് പറഞ്ഞു.”

“പാറു. അവരു രണ്ടാളും ഇഷ്ടത്തിലാ. അവന് ഇവിടെ എറണാകുളത്ത് ഉണ്ട്. പരസ്പരം കാണാറൊക്കെ ഉണ്ട്. ഇതൊന്നും അറിയാത്ത ഞാനൊരു പൊട്ടൻ.”

“ആഹ് പോട്ടെടാ. മതി ഇപ്പളെ ഓവർ ആണ്. നീ വീട്ടിൽ എങ്ങനെ ഈ കോലത്തിൽ ചെല്ലും.
റിഷിക്ക് ആരെയും പേടിയില്ല.

എന്നാലും അവൾ പോയല്ലോടാ. നീ നോക്ക് ഞാൻ പൊളിയല്ലേടാ. എന്നിട്ടും.. അങ്ങനെ ഞാൻ വെറുതെ വിടില്ല. റിഷി കെട്ടുമെങ്കിൽ അവളെയെ കെട്ടൂ. നോക്കിക്കോ.”

“അതൊക്കെ പിന്നെയുള്ള കാര്യമല്ലേ. നീ വാ നമുക്ക് പോകാം.”

“പോകാം. അതിന് മുന്നേ എനിക്ക് അവളെ വിളിക്കണം. എവിടെ ഫോൺ? ”

“ആരെയാ? വേണ്ട. നീ വാ പോകാം.”

“നീ ഒന്നും പറയണ്ട.”

ഫോൺ എടുത്ത് അനുവിന് ഡയൽ ചെയ്തു.

“ഹലോ..?”

“ഡീ ഞാനാ നിന്റെ ഭാവി കെട്ടിയോൻ.”

“ആരാടോ താൻ?”

“താനോ ചേട്ടാ എന്ന് വിളിക്കെടി.”

“റിഷിയേട്ടനാണോ?”

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22