Sunday, December 22, 2024
Novel

അനുരാഗം : ഭാഗം 22

എഴുത്തുകാരി: അഞ്ജലി അഞ്ജു


വീട്ടിൽ എത്തിയതും ആദ്യം തന്നെ ശ്രീയേട്ടന് മെസ്സേജ് അയച്ചു. അത് കഴിഞ്ഞു നേരെ ഫ്രഷ് ആയി വന്നു. ആകെ ക്ഷീണം ആ ദുഷ്ടൻ ഒരു സമാധാനം തരില്ലല്ലോ. വൈകിട്ട് നേരത്തേ പോലും വിട്ടില്ല. കുറേ നേരം പോസ്റ്റ്‌ അടിപ്പിച്ചിട്ടാണ് വിട്ടത്.

എല്ലാരും പോകുമ്പോ എനിക്കും പോകാൻ പറ്റില്ലേ? അയാൾ പോകും വരെ എന്നെ നിർത്തേണ്ട വല്ല കാര്യവും ഉണ്ടോ?
എന്റെ ബസ് എങ്ങാനും മിസ്സ്‌ ആയിരുന്നേൽ അങ്ങേരെ ഞാൻ ഡ്രൈവർ ആക്കിയേനെ.

ഫോണിൽ നോട്ടിഫിക്കേഷൻ വന്നത് കണ്ടെങ്കിലും അത് ശ്രീയേട്ടന്റെ മെസ്സേജ് ആവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യം തന്നെ ആളിപ്പോ എവിടാണെന്ന് ഞാൻ ചോദിച്ചു. ഏട്ടൻ എറണാകുളത്ത് ഉണ്ടത്രേ. അപ്പോ ഞാൻ രാവിലെ കണ്ടത് ഏട്ടനെ തന്നെയാണെന്ന് എനിക്ക് ഉറപ്പായി. ഒത്തിരി സന്തോഷം തോന്നി.

അത്രയും തിരക്കിനിടയിലും ഏട്ടനെ കണ്ടത് ഓർത്തപ്പോൾ.. ദൈവം ചേർത്ത് വെക്കുന്നതാണെങ്കിലോ? അല്ലെങ്കിൽ ഇങ്ങനെയൊക്കെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല.

സിനിമയിൽ ഒക്കെ കാണും പോലെ. ഞാൻ ഏട്ടനെ കണ്ടെന്നു പറഞ്ഞപ്പോൾ ആൾക്കും വിശ്വാസമായില്ല.

സ്ഥലവും സമയവും പറഞ്ഞപ്പോൾ ആളും ശെരിക്കും ഞെട്ടി. ആളിവിടെ എത്തിയിട്ട് ഇപ്പോൾ രണ്ടാഴ്ചയായി.

ഇവിടെ ഏതോ കമ്പനിയിൽ നല്ല ഓഫർ വന്നപ്പോൾ കേറിയതാണ്. അടുത്ത വർഷം ആകുമ്പോൾ ഫാമിലിയും ഇങ്ങോട്ടേക്കു വരുമത്രെ. ഇവിടെ വന്നിട്ടും എന്നോട് പറഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ ഉള്ളിൽ എവിടോ ചെറിയൊരു വിഷമം.

പക്ഷെ ആരും പറയാതെ തന്നെ ഞാൻ കണ്ടു പിടിച്ചല്ലോ എന്നോർത്തപ്പോൾ ഒത്തിരി സന്തോഷം തോന്നി.

എന്റെ വീട് ഇവിടാണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ടാണ് പറയാഞ്ഞതെന്ന് പറഞ്ഞപ്പോൾ ഉണ്ടായിരുന്ന ദുഃഖം കൂടെ ഇല്ലാതായി. കല്യാണം വല്ലതും ആയോ എന്ന് ഇങ്ങോട്ട് ചോദിച്ചപ്പോ എന്തോ പോലെ തോന്നി.

അഹ് ഇനി എന്നെ പ്രൊപ്പോസ് ചെയ്യാൻ ആണെങ്കിലോ? പ്രൊപോസൽ ഒന്നും ഉണ്ടായില്ലെങ്കിലും ഉടനേ കെട്ടണ്ട എന്നൊരു മെസ്സേജ് വന്നു.

ആ ഒരു മറുപടി കണ്ടതും ഞാൻ ഫ്ലാറ്റ് ആയെന്ന് പറഞ്ഞാൽ മതിയല്ലോ. ഒന്ന് രണ്ടു വർഷം കൊണ്ട് എന്റെ കൊച്ചിന് നല്ല മാറ്റം ഉണ്ട് കേട്ടോ. നാണം കുണുങ്ങി ഒന്നുമല്ല. എന്റെ നമ്പർ ചോദിച്ചു മേടിച്ചു.

നാളെ രാവിലെ അതേ ടൈമിൽ തന്നെ ആണോ വരുന്നതെന്നും ചോദിച്ചു.

ആണെങ്കിൽ കാണാം എന്ന്. ഇതൊക്കെ കണ്ടതും എന്റെ മനസ്സിൽ ഉറങ്ങി കിടന്ന കോഴിക്കുഞ്ഞു ചിറക് വിടർത്തി ഉണർന്നു. ഹി ഹി ഇനി എന്റെ പഴയ പണി വീണ്ടും തുടങ്ങണമല്ലോ ഈശ്വരാ..

രാവിലെ പതിവിലും നേരത്തേ എണീറ്റു. ശെരിക്കും പറയാൻ ആണെങ്കിൽ രാത്രി ഉറക്കമില്ലാഞ്ഞു എന്ന് വേണം പറയാൻ.

സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം പോണത് ഉറക്കം ആണ്. സാധാരണ പോലെ കഞ്ഞി കോലത്തിൽ ഇനി പോകാൻ പറ്റില്ല എന്റെ ഏട്ടനെ കാണാൻ ഉള്ളതല്ലേ.

പിങ്ക് കളർ ചുരിദാറും ഒരു കുഞ്ഞി പൊട്ടും ചന്ദനക്കുറിയും ഒക്കെ ഇട്ട് താഴെ ചെന്നപ്പോൾ അമ്മ ചോദിക്കുവാ ഇന്ന് ഓഫിസിൽ ആരുടെയെങ്കിലും കല്യാണം ആണോ എന്ന്. ഓ അത്രക്ക് ആഡംബരം കൂടി പോയോ? ഇനി കുറച്ചു കുറയ്ക്കണോ?

വളയൊക്കെ ഊരി വെച്ചു ഇനി അല്ലേൽ ഓഫിസിൽ ചെല്ലുമ്പോൾ ഇതും പറഞ്ഞു റിഷിയേട്ടൻ കളിയാക്കിയാലോ?

ആദ്യത്തെ ബസ് മിസ്സാവാൻ ലേറ്റ് ആയി ഇറങ്ങാമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അമ്മ സമ്മതിക്കണ്ടേ. സമയം പോയെന്നും പറഞ്ഞു എന്നെ ഉന്തി തള്ളി വിട്ടു.

ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ ദേ ഞാൻ സ്ഥിരം പോകുന്ന ബസ് വരുന്നു. ഞാൻ ആ നാട്ടുകാരിയേ അല്ല എന്ന മട്ടിൽ നിന്നു. കണ്ടക്ടർ ചേട്ടൻ നോക്കിയെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. ആ ബസ് പോയി കഴിഞ്ഞതും വല്ലാത്ത സന്തോഷം തോന്നി.

എപ്പോളും കാണുന്നത് പോലെ അല്ലല്ലോ ഏട്ടൻ പറഞ്ഞിട്ടല്ലേ ഞാൻ ഇപ്പോൾ കാണാൻ പോവുന്നത്.

ഒന്ന് വിളിച്ചു നോക്കിയാലോ? ഓ വേണ്ട തുടക്കത്തിൽ തന്നെ നശിപ്പിക്കണ്ട. അങ്ങനെ ഓർത്തു നിന്നപ്പോൾ ബസ് വന്നു. അതിൽ കേറി ഇന്നലെ ഇരുന്ന സീറ്റിൽ തന്നെ ചാടി കേറി ഇരുന്നു. ഫോൺ ബെൽ ചെയ്തപ്പോൾ പാറു ആവുമെന്നാണ് ഞാൻ വിചാരിച്ചത്.

പക്ഷെ ശ്രീയേട്ടൻ ആയിരുന്നു. സന്തോഷം കൊണ്ടാണോ പെട്ടെന്നുണ്ടായ ഞെട്ടൽ കൊണ്ടാണോ എന്നറിയില്ല കാൾ അറ്റൻഡ് ചെയ്യാൻ പറ്റണില്ല. കയ്യൊക്കെ വിറക്കുന്നു.

ആലോചനക്ക് ഒടുവിൽ എടുക്കാൻ പോയതും കാൾ കട്ട്‌ ആയി പോയി. ശേ ഏട്ടൻ ഇങ്ങോട്ട് വിളിച്ചപ്പോൾ എടുക്കാഞ്ഞത് മോശമായി പോയി.

ഏട്ടന്റെ സ്വഭാവം വെച്ചു വിളിച്ചത് തന്നെ അത്ഭുതം ആണ്. ഇനി എനിക്ക് അത് ഇഷ്ടമല്ലാത്ത കൊണ്ട് മനഃപൂർവം എടുക്കാഞ്ഞത് ആണെന്ന് എങ്ങാനും വിചാരിക്കുവോ? എന്ത് ചെയ്യും?

ഒന്ന് അങ്ങോട്ട് വിളിച്ചാലോ? മ്മ് വിളിക്കാം. ഇതും വിചാരിച്ചു ഞാൻ നമ്പർ ഡയൽ ചെയ്യാൻ പോയതും വീണ്ടും ഏട്ടൻ വിളിച്ചു. വേഗം എടുത്തു.

“ഹലോ..?”
“ഹലോ..?”
“ഞാൻ ശ്രീഹൻ ആണ്.”
“മ്മ് മനസിലായി.”

“ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ?”
“ഞാൻ ബസിലാണ്. ഏട്ടനെവിടാ?”

“ഞാൻ ഇന്നലെ നിന്ന സ്ഥലത്ത് തന്നെ ഉണ്ട്.”
“ആണോ ഞാൻ ഇപ്പോൾ അവിടെത്തും.”

ഇത് പറഞ്ഞതും ബസ് അവിടെത്തിയതും ഒന്നിച്ചായിരുന്നു. ഏട്ടന്റെയും എന്റെയും കണ്ണുകൾ പരസ്പരം ഉടക്കി. ഏട്ടനെന്നെ കൈ പൊക്കി കാണിച്ചു. ഇരുവരും പുഞ്ചിരിച്ചു. ബസ് അപ്പോളേക്കും പോയിരുന്നു.

“വൈകിട്ട് എപ്പോളാണ് തിരിച്ചു വരുന്നത്?”
“അത് ഒരു 5.30 ആകും.”

“ആണോ? തിരിച്ചു വരുമ്പോൾ നമുക്ക് ഒന്ന് മീറ്റ് ചെയ്താലോ?”
“ഞാൻ എവിടാണ് വരേണ്ടത്?”

“എന്നെ കാണുന്നതിന് മുന്നേ ഉള്ള സ്റ്റോപ്പിൽ വന്നാൽ മതി. ഞാനവിടെ ഉണ്ടാവും.”
“ഞാൻ ചിലപ്പോൾ ലേറ്റ് ആയാലോ?”

“സാരമില്ല. 5.45 വരെ നോക്കിയിട്ട് തന്നെ കണ്ടില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം.”
“ശെരി.”
“ഓകെ വൈകിട്ട് കാണാം.”

ഇതു പറഞ്ഞു ഏട്ടൻ ഫോൺ വെച്ചതും ഡാൻസ് കളിക്കാനാണ് എനിക്ക് തോന്നിയത്. എന്താ ഇപ്പൊ എന്റെ ശ്രീയേട്ടന് പറ്റിയത്. ആരെങ്കിലും തലയ്ക്കിട്ടു അടിച്ചോ ആവോ?
എന്ത് പേടിതൊണ്ടൻ ആയിരുന്നു.

എന്നെ കണ്ടാൽ ഓടുമായിരുന്നു. ഇപ്പോൾ കണ്ടില്ലേ എന്നെ കാണണമെന്ന്. ശോ എനിക്ക് വയ്യാ. അനു നീ ഒരു സംഭവം തന്നെ. വേഗം ഫോണെടുത്തു പാറുവിനോട് കാര്യങ്ങൾ പറഞ്ഞു.

അവളാണെങ്കിൽ ഞാൻ നുണ പറയുവാണെന്നാ പറയുന്നത്. ഞാൻ അവസാനം കാൾ ലിസ്റ്റ് അയച്ചു കൊടുത്തപ്പോൾ പകുതി വിശ്വസിച്ചു. ഏട്ടൻ വിളിച്ച കാര്യങ്ങളും ഓർത്തു സന്തോഷിച്ചു ആടി പാടിയാണ് ഓഫീസിലേക്ക് ചെന്നത്.

റിഷിയേട്ടന്റെ ക്യാബിന് വെളിയിൽ നിന്ന് നോക്കിയപ്പോൾ അകത്തു ആളെ കണ്ടില്ല. രക്ഷപെട്ടു വന്നില്ലെന്ന് തോന്നുന്നു.

ഞാൻ പതിയെ ഡോർ തുറന്നു അകത്തേക്ക് കയറി എന്റെ സീറ്റിലേക്ക് പോകാൻ തിരിഞ്ഞതും എന്തിലോ തട്ടി നിന്നു.

മുഖം ഉയർത്തി നോക്കിയപ്പോൾ റിഷിയേട്ടൻ! ഇങ്ങേരിവിടെ നിൽപ്പുണ്ടായിരുന്നോ? വെറുതെ വന്നില്ലെന്ന് ആശിച്ചു.

“എങ്ങോട്ടേക്കാ ചാടി ഓടി വരുന്നത്.”

“അത് ഞാൻ സാർ ഇവിടെ നിന്നത് കണ്ടില്ല.”

“എന്താണ് ഇന്നും താമസിച്ചത്?”

“അത് ബസ്.. ”

“നേരത്തേ ഉള്ള ബസിൽ വരണം. അല്ല ഇനി ഞാൻ വന്നു വിളിക്കണോ നിന്നെ? ”

“അയ്യോ അതൊന്നും വേണ്ട സാറിന് ബുദ്ധിമുട്ടാവില്ലേ?”

“നീ എന്നെ ആക്കിയാണോ സാറെന്ന് വിളിക്കുന്നത്?”

“അല്ല. അതെന്താ അങ്ങനെ ചോദിച്ചത്?”

“പെട്ടെന്നൊരു സാറെ വിളി കേട്ടപ്പോൾ ചോദിച്ചതാ?”

ഓ സംശയരോഗി. അൽപം ബഹുമാനിച്ചേക്കാം എന്ന് വെച്ചാലും സമ്മതിക്കില്ല.

“നീ വല്ല കഥകളിക്കും പോകുന്നുണ്ടോ?”

ഞാൻ സംശയത്തിൽ നോക്കി.

“അല്ല കത്തി വേഷത്തിലൊക്കെ ആണല്ലോ?”

കളഞ്ഞു എന്റെ മൂഡ് ഈ ദുഷ്ടൻ കളഞ്ഞു.

“ശേ അത്രക്ക് മോശമാണോ?”

“അതേ കുറച്ചു.”

ഈശ്വരാ ശ്രീയേട്ടൻ എന്നെ ഇങ്ങനെ ആണല്ലോ കണ്ടത്. അമ്മയും കളിയാക്കി. ഇനി ബോർ ആണോ? ഇതും ആലോചിച്ചു വിഷമത്തോടെ തല ഉയർത്തിയപ്പോൾ എന്നെ നോക്കി ചിരിക്കുന്ന റിഷിയേട്ടനെയാണ് കണ്ടത്.

“കൊള്ളില്ലെങ്കിൽ ഞാൻ സഹിച്ചു. ഹും മാറി നിക്ക് എനിക്ക് വേറെ പണിയുണ്ട്.”

ദേഷ്യത്തിൽ പോയി എന്റെ ചെയറിൽ ഇരുന്നു. പിന്നെ എല്ലാം സ്ഥിരം പരിപാടി തന്നെ, തീറ്റ കുടി.വെറുതെയല്ല ഈ മസിലും പെരുപ്പിച്ചു നടക്കുന്നത്.

കഴിക്കുന്നത് മൊത്തോം അങ്ങോട്ട് പോകുവ. ഇനി ഈ ചുരിദാർ ഇടുന്ന പരിപാടിയില്ല. ഓട്ടത്തിനിടക്ക് ഷാൾ ഒക്കെ ഭാരമാണെന്നേ. എന്റെ മേക്കപ്പും എല്ലാം പോയി കാണും.

ശേ വൈകിട്ട് ആകുമ്പോൾ ഞാൻ എങ്ങനെ ഏട്ടനെ കാണാൻ പോകും. ഐഡിയ!നേരത്തേ ഇറങ്ങിയിട്ട് പാറൂന്റെ റൂമിൽ പോകാം എന്നിട്ട് ടച്ചപ്പ് ചെയ്യാം.

“നീ എന്നാ സ്വപ്നം കാണുവാ. പണി ചെയ്യടി.”

കൊരങ്ങൻ !

വൈകിട്ട് 4.30 തൊട്ട് ഞാൻ പോകാൻ ചോദിക്കുവാ. എന്നെ വിടുന്നില്ല. ഓരോ കാര്യം പറഞ്ഞു നിർത്തി നിർത്തി 5.30 ആയപ്പോളാണ് വിട്ടത്.

ഓടി പിടിച്ചു ഗേറ്റിന് അടുത്ത് എത്തിയപ്പോൾ പിന്നെയും തിരികെ വിളിച്ചു. സങ്കടവും ദേഷ്യവും വന്നു. തിരികെ ചെന്നു എനിക്ക് പോണം എന്നും പറഞ്ഞു ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു.

സ്ഥിരം കേറുന്ന ബസ് പോയി കഴിഞ്ഞിരുന്നു. അടുത്ത ബസ് കാത്തു നിന്നപ്പോൾ ശ്രീയേട്ടൻ വിളിച്ചു.
“ഹലോ?”
“ഹലോ. സോറി. എനിക്ക് വർക്ക്‌ ഉണ്ടായിരുന്നു. ഞാൻ ഇറങ്ങുന്നതേ ഉള്ളൂ ഓഫീസിൽ നിന്ന്.
ആണോ. സാരമില്ല. ഞാൻ റൂമിലേക്ക് പോകുവാണ്. ഇയാൾ താമസിച്ചല്ലോ ഒറ്റക്ക് പോകുവോ?”
“അത് കുഴപ്പമില്ല.”
“മ്മ് അപ്പൊ നാളെ കാണാം കേട്ടോ.”
“മ്മ്.”
ഫോൺ വെച്ചപ്പോളേക്കും ഞാൻ കരഞ്ഞു പോയിരുന്നു. എത്ര കാത്തിരുന്ന ഒരു അവസരമായിരുന്നു. ദുഷ്ടൻ എല്ലാം നശിപ്പിച്ചു.

എനിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. ഞാൻ നേരെ ഓഫീസിലേക്ക് നടന്നു.

എല്ലാവരും പോയി കഴിഞ്ഞതിനാൽ സെക്യൂരിറ്റി മാത്രേ അവിടുള്ളൂ. ഞാൻ ചെല്ലുമ്പോൾ ഇറങ്ങി വരുന്ന റിഷിയേട്ടനെയാണ് കണ്ടത്.

“ഡോ താനെന്ത് ദുഷ്ടൻ ആണെടോ? താൻ കാരണം എന്റെ ബസ് പോയി.”

“അതിന് താനെന്തിനാടോ വയലന്റ് ആവുന്നത്?”

ചോദ്യ ഭാവത്തിൽ എന്നെ നോക്കുന്ന റിഷിയേട്ടനെയും സെക്യൂരിറ്റി ചേട്ടനെയും കണ്ടപ്പോൾ പറയാൻ വന്ന ചീത്ത മുഴുവൻ തൊണ്ടയിൽ കെട്ടി നിന്നു.

“അത് അത്.. ഒരു പെൺകുട്ടിയെ ഈ സമയത്ത് ആണോ വിടുന്നത്. നിങ്ങൾക്ക് ഒരു ബോധമില്ലേ?”

“അത്രക്ക് ലേറ്റ് ആയില്ലല്ലോ.”

“എന്നെ നേരത്തേ വിടാൻ ഞാൻ പറഞ്ഞതല്ലേ…?”

അത് ചോദിച്ചപ്പോളേക്കും എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21