Monday, April 29, 2024
Novel

പ്രണയവീചികൾ : ഭാഗം 28

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

കൈയിൽ ലോഹത്തിന്റെ കൊത്തുപണികളോട് കൂടിയ ഫ്‌ളവർ വെയ്‌സ് അതിലൂടൊഴുകി തറയിലിറ്റ് വീഴുന്ന ചൂട് രക്തം.
എന്റെ മോനേ… ആർത്തലച്ചുള്ള ഗൗരിയുടെ ശബ്ദം അവിടെ മുഴങ്ങി.
ശ്രീധരൻ തളർന്ന് ഇരുന്നുപോയി.

പാറിപ്പറന്ന മുടികളോടെ വീണ്ടും വീണ്ടും അവനെ ആഞ്ഞടിച്ചു അവൾ. ഒടുവിൽ തളർന്ന് നിലത്തേക്കൂർന്ന് ഇരുന്നപ്പോഴും കൈയിൽ ആ ഫ്ളവർവെയ്‌സ് ഭദ്രമായിരുന്നു.

ചലനമറ്റ് ശ്വാസം നിലച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന വേദിന്റെ ശരീരം.

ഞെട്ടലിൽ നിന്നും മോചിതരാകാൻ നിമിഷങ്ങളെടുത്തു എല്ലാവർക്കും.

സാരംഗിന്റെ കണ്ണുകൾ നിറഞ്ഞു. ഓടിചെന്നവൻ തളർന്നിരുന്ന ഋതുവിനെ മാറോട് ചേർത്തു.
പ്രതിമ കണക്കെ അവൾ അനങ്ങാതിരുന്നതേയുള്ളൂ..

അവളുടെ കൈയിലിരുന്ന ഫ്‌ളവർവേയ്സ് അവൻ ബലപൂർവ്വം വാങ്ങി വലിച്ചെറിഞ്ഞു. സാരംഗ് അവളെ പൊതിഞ്ഞു പിടിച്ച്
ഉറക്കെ അലറി കരഞ്ഞു.

ഒരു പുരുഷന് ഇത്രമേൽ കരയാൻ കഴിയുമോയെന്ന് ആ അവസ്ഥയിലും നന്ദൻ ആലോചിച്ചു.

എന്തിനാ മോളേ.. നീ… ഞാൻ കൊല്ലുമായിരുന്നുന്നില്ലേ ആ പന്ന മോനെ.. ഋഷി ഋതുവിന്റെ മുൻപിലിരുന്ന് പൊട്ടിക്കരഞ്ഞു.

ബഹളവും കരച്ചിലും അലർച്ചയുമൊക്കെ കേട്ട് ആളുകൾ കൂടാൻ തുടങ്ങിയിരുന്നു.
കണ്ടവരെല്ലാം കാഴ്ച കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു.

എന്തിനാടീ എന്റെ കുഞ്ഞിനെ കൊന്നു കളഞ്ഞത്. നിന്നെ സ്നേഹിച്ചതല്ലേ അവൻ. നിന്നെ വിവാഹം ചെയ്യാനല്ലേ ആഗ്രഹിച്ചത്.

ചെയ്ത തെറ്റിന് പകരമായി അവൻ നിന്നെ കൂടെ കൂട്ടാനല്ലേ ആഗ്രഹിച്ചത്. അവന്റെ
ജീവനെങ്കിലും തരാമായിരുന്നില്ലേ… ഗൗരി കരയുന്നതിനിടയിലും ആക്രോശിച്ചു.

ഞൊടിയിടയിൽ വല്ലാത്തൊരു ഭാവമാറ്റത്തോടെ സാരംഗിന്റെ പിടിയിൽ നിന്നും മോചിതയായി ഋതു ചാടിയെഴുന്നേറ്റു.

മിണ്ടരുത് നിങ്ങൾ.. ഇങ്ങനെയാണോ മകനെ വളർത്തുന്നത്.
ഇഷ്ടം തോന്നിയാൽ കീഴടക്കേണ്ടത് പെണ്ണിന്റെ മനസ്സാണ് ശരീരമല്ല.

നിങ്ങളുമൊരു സ്ത്രീയല്ലേ.. അനുവാദമില്ലാതെ ബലമായി കീഴടക്കുമ്പോൾ അവളനുഭവിക്കുന്ന വേദന നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ.

നിങ്ങൾക്കറിയാമോ പലപ്രാവശ്യം ഇവനെന്റെ ശരീരം മോഹിച്ചു വന്നിട്ടുണ്ട്. ഓരോ പ്രാവശ്യവും തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടിരുന്നത്.

ചെയ്ത തെറ്റിന് പകരമായി ഏറ്റെടുക്കാൻ വന്നതാണ് പോലും.

അവന് കൊതിതീരെ ഭോഗിക്കാനുള്ള വസ്തു അതിനായിരുന്നു എന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞത്. അവന്റെ കാൽക്കീഴിലിട്ട് എന്നെ നരകിപ്പിക്കാൻ.

ഒരിക്കലും ബലമായി കീഴടക്കുന്ന പുരുഷനെ സ്നേഹിക്കുവാനോ അംഗീകരിക്കുവാനോ പെണ്ണിന് കഴിയില്ല.

അഥവാ മറ്റു നിവർത്തിയില്ലാതെ അവൾ അവനെ സ്വീകരിച്ചാലും അവളുടെ ശരീരം മാത്രമേ കാണുള്ളൂ.. മനസ്സ് നിർജീവമായിരിക്കും… ആത്മാവ് ആ ശരീരമുപേക്ഷിച്ച് പാലായനം ചെയ്തിരിക്കും.

മകന്റെ ദുശീലങ്ങളെല്ലാം കണ്ടിട്ടും അത് തിരുത്താൻ കഴിയാതെ നോക്കിനിന്ന നിങ്ങൾ ഒരമ്മയാണോ.

മക്കൾ ആണായാലും പെണ്ണായാലും അവരെ നേർവഴി ചൊല്ലി തന്നെ വളർത്തണം.

സ്ത്രീകളെ കാണുമ്പോൾ കാമം മൂക്കുമ്പോൾ അവനറിയണം അവന് ജന്മം നൽകിയതും അതേ ശരീരമുള്ള ഒരു സ്ത്രീയാണെന്ന്. പെണ്ണിനെ മാത്രമല്ല ചൊല്ലി വളർത്തേണ്ടത്.

പെണ്ണിനെ ബഹുമാനിക്കാൻ ആൺമക്കളെ പഠിപ്പിക്കണം.

നേരം വൈകി വീട്ടിൽ വന്നു കയറുന്ന പെൺകുട്ടിയുടെ നേർക്ക് ആയിരം ചോദ്യശരങ്ങളുമായി ചീറി നിൽക്കുമല്ലോ എല്ലാവരും.

എന്നാൽ ആണൊന്ന് താമസിച്ചു വന്നാൽ അവൻ എവിടെ ആരുടെ കൂടെയായിരുന്നു.. എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചിട്ടുണ്ടോ..

ഇവനെപ്പോലെ കാമം മൂത്ത പേപ്പട്ടിയെ കൊല്ലണം.
മുൻപിൽ നിൽക്കുന്നത് സംഹാരരുദ്രയാണെന്ന് തോന്നിയ നിമിഷം.

ഗൗരിക്ക് പറയാൻ മറുപടി ഉണ്ടായിരുന്നില്ല. എങ്കിലും പത്തുമാസം ഉദരത്തിൽ വഹിച്ച് താൻ ജന്മo നൽകിയ മകനാണ്.
ഒരു പുൽക്കൊടി കൊണ്ടുപോലും തല്ലി നോവിക്കാതെ വളർത്തിയവൻ.
തന്റെ മാറിലെ ചൂടേറ്റ് വളർന്നവൻ.

അവൻ വളരേണ്ടിയിരുന്നില്ലെന്ന് അവർക്ക് തോന്നി.

അവനെന്നും കുഞ്ഞായിരുന്നെങ്കിൽ… തന്റെ സാരിത്തുമ്പിൽ നിന്നും പിടിവിടാതെ അമ്മേ എന്ന് കൊഞ്ചി നടക്കുന്ന കുഞ്ഞ് വേദൂട്ടൻ.
വളർന്നതുകൊണ്ടല്ലേ അവൻ മാറിപ്പോയത്.

അവന്റെ വാശിയും മോഹവും കൂടിയത്. ഒടുവിൽ ജീവൻ പോലും നഷ്ടമായത്…. ഗൗരി വിലപിച്ചു.

അച്ഛച്ചനും അച്ഛമ്മയും ശ്രീധരനുമെല്ലാം മൗനമായി തേങ്ങുന്നുണ്ട്. അതും തങ്ങളുടെ രക്തം തന്നെയല്ലേ. തങ്ങൾ വളർത്തിയ കുഞ്ഞ്.

അനുവാദമില്ലാതെ പെണ്ണിന്റെ ശരീരത്ത് തൊടുന്നവന്റെ ജീവനെടുക്കാൻ ഏറ്റവും അർഹയായത് അവൾ തന്നെയാണ്. ഇവിടെ ഞാനാണ് ശരി.

എന്റെ കൈകൊണ്ട് അവസാനിക്കേണ്ടവൻ തന്നെയാണിവൻ.

നിയമത്തിന്റെ മുൻപിൽ ഹാജരാക്കി ഇവന്റെ ശരീരം പുഷ്ടിപ്പെടുത്തി സുന്ദരനാക്കി ഇവനെ മിനുസപ്പെടുത്തി എടുക്കേണ്ടതില്ല.. കൊല്ലണം അതാ ഞാൻ ചെയ്തത്.

അവൾ സാരംഗിന് നേരെ തിരിഞ്ഞു.
എനിക്ക് വേണ്ടി എന്റെ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടാൻ ഞാൻ അനുവദിക്കില്ല.. അവളുടെ ചുണ്ടിൽ വേദന കലർന്ന പുഞ്ചിരി ഉണ്ടായിരുന്നു.

ഇരുകൈകളും കൊണ്ട് തലമുടിയിൽ കോർത്തു വലിച്ച് ചുവരോട് ചാരിയിരുന്നു സാരംഗ്. എല്ലാം തകർന്നവനെപ്പോലെ.

ശ്രീദേവിയും ചിത്രയും കരഞ്ഞു കൊണ്ടിരുന്നു. നന്ദൻ തളർന്ന് നിൽക്കുകയായിരുന്നു.
കൊലപാതകി എന്ന പേര് കൂടി ഇപ്പോഴവളിൽ ചാർത്തപ്പെട്ടിരിക്കുന്നു.
അയാൾ ഓരോ നിമിഷവും നീറുകയായിരുന്നു.

ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസ് എത്തി.
കൊലപാതകം ചെയ്യാനുപയോഗിച്ച വസ്തു കൈവിരൽ പതിയാതെ എടുത്തു ഭദ്രമാക്കി അവർ.

പീഡനശ്രമത്തിനിടെ എനിക്ക് അവനെ കൊല്ലേണ്ടി വന്നു സാർ.. തന്റെ മുൻപിൽ നിൽക്കുന്ന ചെറിയ സുന്ദരിയായ പെൺകുട്ടിയെ ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രൻ സാകൂതം നിരീക്ഷിച്ചു.

അവളുടെ അഴിഞ്ഞുലഞ്ഞ മുടിയും സ്ഥാനം തെറ്റിയ ഉലഞ്ഞ വസ്ത്രങ്ങളും അവൾ പറഞ്ഞത് സത്യമാണെന്ന് അയാൾക്ക് വ്യക്തമായി.

വല്ലാത്തൊരു അനുകമ്പയോടെ അയാൾ അവളെ നോക്കി. തന്റെ മകളുടെ പ്രായമുള്ള പെൺകുട്ടിയാണ് കല്ലിച്ച മുഖഭാവത്തോടെ കുറ്റം ഏറ്റുപറഞ്ഞ് തന്റെ മുൻപിൽ നിൽക്കുന്നത്..

വനിത പോലീസിനോട് അയാളെന്തോ പറഞ്ഞു.

അതനുസരിച്ച് അവർ അവളെ സെറ്റിയിലേക്ക് ഇരുത്തി. മാറിൽനിന്നും നീങ്ങിക്കിടന്ന ദാവണി ശരിയാക്കി കൊടുത്തു.

താൻ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് വേദ് വന്നതും. സെക്യൂരിറ്റിയെ പറഞ്ഞയച്ചതും ബലമായി അകത്തുകയറി തന്നെ കീഴടക്കാൻ ശ്രമിച്ചതുമെല്ലാം അവൾ വ്യക്തമാക്കി.

സെക്യൂരിറ്റിയെ ചോദ്യം ചെയ്തപ്പോൾ വീട്ടിൽ ആരുമില്ലായിരുന്നുവെന്നും
വേദ് തന്നെ സാധനം വാങ്ങാൻ അയച്ചുവെന്നും അയാൾ മൊഴി നൽകി.

ഋതുവിനെ വണ്ടിയിൽ കയറ്റാൻ പറഞ്ഞതും വീണ്ടും അവിടെ കൂട്ടക്കരച്ചിൽ മുഴങ്ങി.

എന്റെ മോളെ കൊണ്ടു പോകല്ലേ. എന്നുമെന്റെ കുഞ്ഞിന് കണ്ണുനീരാണല്ലോ ഈശ്വരാ… ബോധം മറഞ്ഞ് വീഴുമ്പോൾ ശ്രീദേവി അലറിക്കരഞ്ഞു.

ഒരിക്കൽ ശരീരം കൊണ്ടും മനസ്സ് കൊണ്ടും അപമാനിക്കപ്പെട്ടപ്പോൾ ചേർത്ത് നിർത്താൻ കഴിഞ്ഞില്ല തന്റെ മോളെ. ഇന്നവൾ കൊലപാതകിയാക്കി പടിയിറങ്ങുകയാണ്.

നന്ദൻ മേനോന്റെ കണ്ണിൽനിന്നും നീർ പൊടിഞ്ഞു.

സാർ എന്റെ മോൾ… ദുർബലമായിരുന്നു ആ സ്വരം..

എനിക്കുമുണ്ട് ഈ പ്രായത്തിൽ ഒരു മകൾ.

ബലാത്സംഘശ്രമത്തിനിടെ ചെറുത്തു നിൽക്കുന്നതിനിടെ കൊലപാതകം ചെയ്യേണ്ടി വന്നു.

മോളുടെ പേരിൽ മറ്റു കുറ്റങ്ങളൊന്നുമില്ലാതെ ക്ലീൻ ബാക്ക്ഗ്രൗണ്ട് ആയതിനാൽ വലിയ പ്രശ്നങ്ങൾ കാണില്ല.

അവളെ ഒരു പോറലുമേൽക്കാതെ തിരിച്ചു കിട്ടും.. പ്രതാപ് ചന്ദ്രൻ അയാളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

ഋഷിയും സാരംഗും ഓടിവന്നവളെ പൊതിഞ്ഞു പിടിച്ചു.

ഒരിക്കലും വിടില്ലെന്നപോലെ.
അവളൊന്ന് തേങ്ങി.

തന്നെ ഒരുപാട് സ്നേഹിക്കുന്നവരാണ്. തനിക്ക് വേണ്ടി കൊല്ലാനും ചാകാനും തയ്യാറായവർ. ഒരാൾ പ്രാണനാണെങ്കിൽ ഒരാൾ പാതിയാണ്.

ഹൃദയത്തിൽ തന്നെയാണ് അവരുടെ സ്ഥാനം.
അവളുടെ കൈകൾ താലിയിൽ അമർന്നു.

കണ്ണുനീർത്തുള്ളികൾ മത്സരമെന്നോണം ഒഴുകിയിറങ്ങി..

ഏട്ടൻ കരയല്ലേ.. എല്ലാവരും തകർന്നിരിക്കുകയാ. ഞാൻ ചെയ്തത് എനിക്ക് ശരിയാണ് ഏട്ടാ.
എനിക്കറിയാം എന്റെ ജീവിതം ഭദ്രമാക്കാൻ ഏട്ടൻ ചെയ്യാനിരുന്നതാണിത്.

പക്ഷേ വേണ്ട ഋതു കാരണം ആരും നശിക്കരുത്. അവനത് അർഹിക്കുന്നു..
അവൾ സാരംഗിന് നേർക്ക് തിരിഞ്ഞു.

കൊച്ചുകുഞ്ഞിനെപ്പോലെ തന്നെ പറ്റിപ്പിടിച്ചു കരയുകയാണവൻ.

നെഞ്ചിലൊരു വേദന തോന്നി. നെഞ്ചോട് ചേർന്ന് കിടന്ന താലിയിൽ കൈകൾ അമർന്നു. താൻ കാരണം..തന്നെ സ്നേഹിച്ചെന്ന കാരണത്താൽ അവന്റെ ജീവിതo തകരാൻ പാടില്ല.

തന്നെപ്പോലൊരു പരിശുദ്ധി ഇല്ലാത്തവളെയും കൊലപാതകിയെയുമല്ല അവൻ ജീവിതത്തിൽ കൂടെ കൂട്ടേണ്ടത്. എന്തോ തീരുമാനിച്ചതുപോലെ പൊടുന്നനെ അവൾ ധൈര്യം ആവാഹിച്ചു.

കാത്തിരിക്കരുത് എനിക്കായി സാരംഗ്.

ഇനിയാ ജീവിതത്തിലേക്ക് കടന്നു വരാൻ യോഗ്യതയില്ലാത്തവളാണ് ഞാൻ.
വേദ് പറഞ്ഞതുപോലെ മറ്റൊരുത്തന്റെ എച്ചിൽ.

മറക്കണം എന്നെ. ഒരിക്കലും തേടി വരികയോ കാത്തിരിക്കുകയോ ചെയ്യരുത്. സാരംഗിന്റെ ജീവിതത്തിലേക്ക് ഋതിക ഒരിക്കലും കടന്നു വരില്ല.

നിയപരമായി എന്നിലുള്ള അവകാശo ഞാൻ തന്നെ മാറ്റിത്തരാം.

താലി കെട്ടിയെന്നൊരു ബന്ധമേ നമുക്കിടയിലുള്ളൂ.

കേവലമൊരു താലിച്ചരടിന്റെ പേരിൽ എന്നിലേക്ക് വരരുത് സാരംഗ്.

അവളുടെ വാക്കുകളുടെ കാഠിന്യത്തിൽ അമ്പരന്ന് മുഖമുയർത്തിയപ്പോഴേക്കും അവരിൽനിന്നും മാറി അവൾ മുന്നോട്ട് പോയിരുന്നു.

പോലീസിന്റെയും ആളുകളുടെയും മധ്യത്തിലൂടെ കടന്നു ചെന്നവൾ വണ്ടിയിൽ കയറുന്നതും ഒരു പൊട്ടുപോലെ ആ വണ്ടി ദൂരേക്ക് മറയുന്നതും ശില പോലവൻ കണ്ടു നിന്നു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27