പ്രണയവിഹാർ: ഭാഗം 3

Spread the love

നോവൽ: ആർദ്ര നവനീത്‎


കതക് മെല്ലെ ചാരിയതിനുശേഷം ഐഷുവും സഞ്ജുവും പുറത്തേക്കിറങ്ങി.
ഇറങ്ങും മുൻപ് അവർ ഒരിക്കൽക്കൂടി അവനെ നോക്കി.
ഉണങ്ങിയ കണ്ണുനീർപ്പാടകൾ തെളിഞ്ഞു കാണാമായിരുന്നു.

അവനുറങ്ങി..
ദീപുവിന്റെ നോട്ടം കണ്ടിട്ടാകണം സഞ്ജു പറഞ്ഞു.

എനിക്ക് പേടിയാകുകയാണ് ശ്രാവുവിനെ നഷ്ടപ്പെട്ട സമയത്തെ വിഹാനിലേക്ക് അവൻ മാറിക്കഴിഞ്ഞിരിക്കുന്നു.
ആവണിയുടെ വാക്കുകൾ സത്യമാണെന്ന് ഏവർക്കും അറിയാമായിരുന്നു.
വിഹാന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നവളാണ് ശ്രാവണി.
അവന്റെ ഹൃദയത്തുടിപ്പ് പോലും അവളാണ്.
അവളീ ലോകത്തിലെന്ന അറിവ് താങ്ങാനാകാതെ ജീവനവസാനിപ്പിക്കുവാൻ ശ്രമിച്ചവൻ.
എന്തുകൊണ്ടോ ആ സമയം ദീപുവിന് അവന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞതുകൊണ്ട് മാത്രം അതുകൊണ്ട് മാത്രമാണിന്നും വിഹാൻ ജീവനോടെയുള്ളത് പോലും.

ഇന്ന് തന്നെ കണ്ടില്ലേ ഭ്രാന്തെടുത്തത് പോലെയാണ് അവൻ കാട്ടിലൂടെ ഓടിയത്.
ഒടുവിൽ എത്ര പണിപ്പെട്ടാണ് അവനെ ഇവിടേക്ക് കൊണ്ടുവന്നത്.
കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു.

എല്ലാം ഉൾക്കൊണ്ട അവനെ വീണ്ടും ഈ അവസ്ഥയിലേക്ക് എത്തിച്ചത് ഞാനാണല്ലേ.
ശ്രാവു ഇല്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു വരികയായിരുന്നു അവൻ. അവളെ കണ്ടെത്തിയ ആഹ്ലാദത്തിൽ അതിൽ മതിമറന്ന് അവനെ വിളിക്കുമ്പോൾ വരുംവരായ്കകളെ കുറിച്ചൊന്നും ഞാനോർത്തില്ല..

എന്തിനാ ശ്രാവൂ എന്റെ മുൻപിലേക്ക് വീണ്ടും നീ കടന്നു വന്നത്.
നിന്നെ മാത്രം ഓർത്തൊരുവൻ ഉരുകി തീരുമ്പോൾ ഇത്രയേറെ പ്രണയിച്ചിട്ടും നീയെന്തിനാ ഇവിടെ കഴിയുന്നത്..

എന്തിനാ ദൈവമേ അവനിൽ നിന്നുമവളെ അകറ്റിയത്.
ഒത്തിരി സ്നേഹിച്ചതല്ലേ രണ്ടുപേരും.

ആദ്യം തിരിച്ചറിയാനാകാത്ത ശവശരീരം നൽകി അവളെന്നുറപ്പിച്ചു.
ഒടുവിൽ കണ്മുന്നിൽ കാണിച്ചു തന്നിട്ടും…
സഞ്ജു പൊട്ടിക്കരയുകയായിരുന്നു.

ആശ്വസിപ്പിക്കുവാനുള്ള വാക്കുകൾ പോലും കൈമോശം വന്നതുപോലവർ പരസ്പരം നോക്കി.
ദീപു അവനെ ചേർത്തു പിടിച്ചു.

നാലുപേരുടെയും കണ്ണിൽ നിന്നിറ്റുവീണ ഓരോ കണ്ണുനീർതുള്ളിക്കും പറയാനുണ്ടായിരുന്നു കറകളഞ്ഞ സൗഹൃദത്തിന്റെ കഥ..
ആരും കൊതിക്കുന്ന പ്രണയത്തിന്റെ കഥ..

* * * *

വാകമരങ്ങൾ നിറഞ്ഞു നിൽക്കുന്ന കോളേജ് ക്യാമ്പസ്. തഴുകിക്കടന്നുപോകുന്ന കാറ്റിൽപോലും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചൂടും ചൂരും വ്യക്തമായിരുന്നു.

മഞ്ഞയും ചുവപ്പും ഗുൽമോഹർ പൂക്കൾ പരവതാനിപോലെ എല്ലാവരെയും സ്വാഗതം ചെയ്യാനായി കാത്ത് കിടക്കുന്നുണ്ടായിരുന്നു.

തലേന്ന് തിമിർത്തുപെയ്ത മഴയുടെ അവശേഷിപ്പെന്നോണം വെള്ളം കെട്ടിക്കിടന്നിരുന്നു.
ഇണക്കുരുവികളെപ്പോലെ കുറുകിക്കൊണ്ട് അവിടവിടെ നിൽക്കുന്ന യുവമിഥുനങ്ങൾ ഏതൊരു കോളേജിലെയും കാഴ്ചയാണല്ലോ.

സൗഹൃദത്തിന്റെ മാസ്മരികതയിൽ നീരാടുന്ന പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന സംഘം.

മൂന്ന് ഹോണ്ട ഡിയോസ് ഒരേസമയം കോളേജ് കവാടത്തിലൂടെ കടന്ന് ഗുൽമോഹർ പൂക്കൾ പൊഴിഞ്ഞുവീഴുന്ന വീഥികളിലൂടെ പാർക്കിങ്ങിൽ വന്ന് നിന്നു.
സുന്ദരികളായ മൂന്ന് പെൺകുട്ടികൾ അതിൽനിന്നുമിറങ്ങി.

ഹെൽമെറ്റ്‌ എടുത്തുകൊണ്ട് ചുമലൊപ്പം നീളമുള്ള മുടി അവൾ കൈകൊണ്ട് ഒതുക്കിവച്ചു .
മന്ദമാരുതന്റെ കുസൃതി അൽപ്പം കടന്നുപോയതുകൊണ്ടാകാം സിൽക്ക് നാരുകൾ പോലെ മൃദുലമായ മുടിയവളുടെ മുഖത്തേക്ക് വീണ്ടും പാറി വീണത്.

കരിമഷിയെഴുതി ഭംഗിയാക്കിയ താമരയിതൾ പോലുള്ള മിഴികൾ ഒന്നടച്ചു തുറന്നുകൊണ്ടവൾ മുടി വീണ്ടും മാടിയൊതുക്കി.

മൂക്കിലെ പച്ചക്കല്ല് പതിച്ച മൂക്കുത്തി അവളുടെ അഴക് കൂട്ടി.

ശംഖുപോലെ വടിവൊത്ത കഴുത്തിനോട് ചേർന്ന് പ്ലാറ്റിനത്തിലെ നേർത്ത ചെയിനും ഹാർട്ട്‌ ഷെയിപ്പിലെ ചുവന്ന കല്ല് പതിച്ച ലോക്കറ്റും.

വൈറ്റ് ത്രീ ഫോർത്തും
സ്കൈ ബ്ലൂ വൈറ്റ് കോമ്പിനേഷനിലുള്ള ഓവർകോട്ട് മോഡൽ ടോപ്പുമായിരുന്നു വേഷം. അത് അവളുടെ ശരീരത്തിന് നന്നേ ഇണങ്ങിയിരുന്നു.
കൈകൾ ശൂന്യമായിരുന്നു.

ശ്രാവൂ… ഐഷുവാണ് വിളിച്ചത്.

ഐഷുവും ആവണിയും ജീൻസും ടോപ്പുമാണ്. മൂന്നുപേരും പ്ലസ് വൺ മുതലുള്ള സുഹൃത്തുക്കളാണ്.
ഇന്നവരുടെ കോളേജിലെ ആദ്യത്തെ ഡേ ആണ്.

പഠിക്കാൻ മിടുക്കികൾ.
സുന്ദരികൾ. അതുപോലെ തന്നെ കാന്താരികളും.

ഡോക്ടർ ദമ്പതിമാരായ തരുണി നാഥിന്റെയും നിരഞ്ജൻ വാര്യത്തിന്റെയും രണ്ട് മക്കളിൽ ഇളയവളാണ് ശ്രാവണി നാഥ്‌.

അച്ഛന്റെയും അമ്മയുടെയും തിരക്കുകൾക്കിടയിൽ സ്വന്തം ഇഷ്ടത്തിന് പ്രാധാന്യം നൽകി ഡിഗ്രി എടുത്തവൾ.
ബിഎ സി ബോട്ടണിയാണ് വിഷയം.
ഒരു ഏട്ടനുണ്ട് ഡോക്ടർ തുഷാർ.

ഐഷുവിന്റെ അച്ഛൻ ബാങ്കിലാണ് അമ്മ ഹൈസ്കൂൾ അധ്യാപികയും.
ഒറ്റ മകളാണ്.
ആവണിയുടെ അമ്മ ജോലി കളഞ്ഞ് ഹൗസ് വൈഫ് ആയി ജീവിക്കുന്നു അച്ഛൻ പോലീസിലാണ്.
ഒരനിയൻ ആണുള്ളത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ആദിത്ത്.

നല്ല അടിപൊളി കോളേജ്.. ആവണി പറഞ്ഞു.

അതേയതേ.. എന്നും സമരം കാരണം കോളേജ് അവധിയായിരിക്കണേ ദൈവമേ.. ഐഷുവിന്റെ പ്രാർത്ഥനയ്ക്ക് ശ്രാവു മറുപടി നൽകിയത് അവളുടെ കാലിൽ ചവിട്ടി കൊണ്ടാണ്.

ആഹ്.. എന്റെ കാലേ..
ഐഷു വിളിച്ചു.

എന്റെ പൊന്ന് ഐഷൂ.. ആ വീട്ടിൽനിന്നും എനിക്കിത്തിരി സ്വാതന്ത്ര്യം കിട്ടുന്നത് നിന്റെയൊക്കെ കൂടെ വരുമ്പോഴാണ്.
ആ ഏകാന്തതയിൽ തപമിരിക്കുന്നതിന്റെ പ്രയാസമൊന്നും നിനക്കൊക്കെ മനസ്സിലാകില്ല…

ചുമ്മാ പറഞ്ഞതാടീ.
നമുക്ക് അടിച്ചു പൊളിക്കാമെന്നേ ഇവിടെ.
ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കട്ടെ ഇന്ന് മുതലുള്ള നമ്മുടെ കോളേജ് ഡേയ്‌സ്.
മൂന്നുപേരും ഇറുകെ പുണർന്നു.

കളിയും ചിരിയും കുറുമ്പുമായി പാർക്കിങ്ങിൽ നിന്നവർ തണൽമരങ്ങളുടെ കാറ്റേറ്റ് വാങ്ങി ബോട്ടണി ബ്ലോക്ക്‌ ലക്ഷ്യമാക്കി നീങ്ങി.

ഹലോ.. ഇങ്ങോട്ട് വന്നേ

ശബ്ദം കേട്ടവർ തിരിഞ്ഞുനോക്കി.

ഹായ് റാഗിങ്.. മൂന്നുപേരും സന്തോഷം കൊണ്ട് തുള്ളിച്ചാടിയില്ലെന്നേയുള്ളൂ.

അനുസരണയോടെ ചിരിച്ചുകൊണ്ട് വന്ന അവരെ കണ്ട് സീനിയേഴ്സ് അമ്പരന്നു.

അവർ പറഞ്ഞതുപോലെ തന്നെ അവർ സന്തോഷത്തോടെ പാട്ടുപാടുകയും മോണോആക്ട് കാണിക്കുകയും ചെയ്തു.
ശ്രാവുവിനെത്തന്നെ ശ്രദ്ധിക്കുന്ന കണ്ണുകളെ ആദ്യം തിരിച്ചറിഞ്ഞത് ആവണിയാണ്.

തന്റെ മുൻപിൽ കുസൃതിച്ചിരിയോടെ ഊർജസ്വലയായി നിൽക്കുന്ന പെൺകുട്ടിയിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു.
ഇന്ദ്രമൗലി സെക്കന്റ് ഇയർ ബി കോം സ്റ്റുഡന്റ്.
അവളുടെ പവിഴാധരങ്ങളിലും കുറുമ്പ് തെളിഞ്ഞ മിഴികളിലും മുഖത്തേക്ക് പാറിവീഴുന്ന മുടിയിഴകളിലുമെല്ലാം അവന്റെ നോട്ടം മാറിമാറി പതിച്ചു.
അവളവന്റെ മനസ്സിൽ ആഴത്തിൽ പതിക്കുകയായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം ഒരു പുഞ്ചിരി അവന്റെ ചൊടിയിൽ തത്തിക്കളിച്ചു.

മുന്നോട്ട് നടന്നപ്പോൾ ആവണി തന്റെ സംശയം അവരോട് പങ്കുവയ്ക്കുകയും ചെയ്തു.
ശ്രാവു മെല്ലെ തലചരിച്ചവനെ നോക്കി.
ആ നോട്ടം പ്രതീക്ഷിച്ചെന്നപോലെ അവനവളെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു.

കണ്ണുകൾ കൂർപ്പിച്ചവൾ തിരിഞ്ഞു നോക്കുന്നതും തന്റെ നോട്ടംകണ്ടവൾ ധൃതിയിൽ തല വെട്ടിക്കുന്നതും കണ്ടവൻ ചിരിച്ചു.

അളിയോ.. ആ നീലക്കിളിയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടല്ലേ… ഇന്ദ്രമൗലിയുടെ കൂട്ടുകാരൻ ചരൺ ആണ് ചോദിച്ചത്.
മറുപടി പറയാതെ അവന്റെ തോളിൽ കൈയിട്ട് കൊണ്ടവൻ പുറത്തേക്ക് നടന്നു.

തലേന്ന് പെയ്ത മഴയിലെ ബാക്കിപത്രമായി മഴവെള്ളവും ചെളിയും അവിടവിടെ ഉണ്ടായിരുന്നു.
രണ്ട് ബ്ലോക്ക്‌ കടന്നുവേണം അവർക്ക് ബോട്ടണി ബ്ലോക്കിലെത്തുവാൻ.
ചെളിക്കുഴി കാണുമ്പോൾ അത് ചാടിക്കടന്നും കലപില സംസാരിച്ചും നടക്കുകയാണ് മൂന്നുപേരും.
ആവണിയെ എന്തോ പറഞ്ഞ് കളിയാക്കിക്കൊണ്ട് ശ്രാവു ചെളിക്കുഴി ചാടിയതും ആരുടെയോ
ദേഹത്തിടിച്ചതും ഒരുമിച്ചായിരുന്നു.

ശ്രാവൂ… എന്ന് ഐഷു വിളിച്ചു കഴിയും മുൻപേ ഇടിച്ചയാളുടെ ഷർട്ടിൽ വെപ്രാളത്തിൽ ശ്രാവുവിന്റെ കൈകൾ മുറുകിയിരുന്നു.
ബാലൻസ് കിട്ടാതെ അവൾ വീഴാൻ പോയതും ബലിഷ്ഠമായ കരമവളെ താങ്ങിനിർത്തി.

ഒരുനിമിഷം പരസ്പരം കണ്ണുകൾ കോർത്തു.

ടോ.. വിടെടാ എന്നെ ശ്രാവു പരിസരബോധം വീണ്ടെടുത്ത് ചീറി.

പെട്ടെന്നവൻ കൈകൾ അയച്ചു.
ചെളിവെള്ളം തെറിപ്പിച്ചുകൊണ്ടവൾ അതിലേക്ക് വീണു.

ചുളിഞ്ഞ മുഖത്തോടെ ഒരുവിധം പിടഞ്ഞെഴുന്നേറ്റപ്പോൾ കണ്ടത് കുടുകുടെ ചിരിക്കുന്ന മൂന്ന് പുരുഷന്മാരെയാണ്.

പുരികക്കൊടികൾ വില്ലുപോലെ വളച്ച് ഇടുപ്പിൽ കൈകുത്തിയവൾ അവനെ തുറിച്ചുനോക്കി.
വെള്ളനിറത്തിലെ ത്രീഫോർത്തും ടോപ്പും ചെളിയിൽ മുങ്ങി നിറം മാറിയിരുന്നു.
അവളുടെ കഴുത്തിലും മുഖത്തുമെല്ലാം ചെളിയായിരുന്നു.

ആവണിയും ഐഷുവും അടുത്തേക്ക് വരാൻ തുനിഞ്ഞതും ശ്രാവു മുന്നിൽ ചിരിച്ചുകൊണ്ട് നിന്നവനെ വാരിപ്പുണർന്നതും ഒരുമിച്ചായിരുന്നു.
തന്റെ കവിളിലെയും കൈകളിലെയും ചെളി അവനോട് ചേർന്നുനിന്ന് അവന്റെ ശരീരത്തിലുരസി പകർത്തിയവൾ പൊട്ടിച്ചിരിച്ചു.

സ്വിച്ചിട്ടതുപോലെ അവരുടെ ചിരി നിന്നു.
തന്റെ മുൻപിൽനിന്ന് കൈകൊട്ടി പൊട്ടിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടുന്ന പെൺകുട്ടിയെ അവൻ ഇമചിമ്മാതെ നോക്കി നിന്നു.

ആദ്യമായാണ് ഒരു പെണ്ണിന്റെ സ്പർശനം ഇത്രമേൽ അടുത്തറിയുന്നത്.
അവളുടെ കുറുമ്പ് നിറഞ്ഞ പ്രവൃത്തി അവനിൽ ഉണ്ടാക്കിയ മാറ്റമെന്തായിരുന്നെന്ന് ആർക്കും അപ്പോൾ നിർവചിക്കാൻ സാധ്യമായിരുന്നില്ല.

(തുടരും )

പാസ്റ്റും പ്രസന്റും ഇടകലർത്തി പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു.
ഇഷ്ടപ്പെട്ടുവെങ്കിൽ എനിക്കായി രണ്ട് വാക്ക് കുറിക്കുമല്ലോ..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

-

-

-

-