Saturday, January 18, 2025
Novel

വരാഹി: ഭാഗം 25

നോവൽ
ഴുത്തുകാരി: ശിവന്യ

“വരാഹിക്കു ഹർഷനുമായുള്ള ബന്ധം വിഷ്ണുവിനറിയാമായിരുന്നോ…????

“ഉവ്വ് ”

“എങ്ങനെ “????

” എന്നെ ഫോണ് വിളിച്ചു പറഞ്ഞു…”

“ആരു..???”

” അതു…അതു….”

ആ രംഗങ്ങൾ കണ്മുന്നിലേക്കു വന്ന പോലെ അവൻ കണ്ണുകൾ അടച്ചു…..

********************************

നിർത്താതെയുള്ള ഫോണ് ബെൽ കേട്ടാണ് വിഷ്ണു നല്ലൊരു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്…

സമയം രണ്ടു മണി കഴിഞ്ഞിരുന്നു…

“ഹലോ…”

ഉറക്കച്ചടവോടെ അവൻ കാൾ അറ്റൻഡ് ചെയ്തു…

“ഹലോ”

വളരെ നേർത്ത ഒരു സ്ത്രീ ശബ്ദമായിരുന്നു മറുതലക്കൽ…

“ആരാ..”

“വിഷ്ണു അണ്ണാ… നാ നീലവേണി താ… വാരാഹിയോടെ ഫ്രണ്ട്…”

ഒരു നിമിഷം കൊണ്ട് വിഷ്ണുവിന്റെ ഉറക്കച്ചടവ് എവിടെയോ പോയി മറഞ്ഞു…

വരാക്കെന്തെങ്കിലും ആപത്തു വന്നോ എന്നായിരുന്നു അവൻ ആദ്യം ചിന്തിച്ചു…

“വേണി… എന്താ.. എന്തുപറ്റി ഈ സമയത്തു വിളിക്കാൻ… വരാഹി എവിടെ…”

അവൻ ഒറ്റശ്വാസത്തിൽ ചോദിച്ചു…

“വരാഹി പർവായില്ലേ… നാ കാൾ പണ്ണതു വേറൊരു വിഷയം സൊൽവതുക്കു താ… അവളുക്കു ഇങ്കെ ഏതോ പയ്യനുമായി ലവ് അഫയർ സ്റ്റാർട്ടായിരിക്ക്… ഉടനടി എതാവത് പണ്ണലേനാ അവ നമ്മ കൈവിട്ട് പോയിടും…”

വേണി പറഞ്ഞതു കേട്ടു അവൻ സ്തബ്ധനായി…
വരാഹിക്കൊരു പ്രണയമോ…
എന്തുകൊണ്ടോ അവനതു അത്രയും വിശ്വാസയോഗ്യമല്ലായിരുന്നു….

“അണ്ണാ… ഇന്ത വിഷയം നമ്മക്കുള്ളെ മട്ടും ഇരിക്ക വേണം… അവക്കിട്ടെ കേക്കാതെ… ഇഫ് യൂ ക്യാൻ പ്ളീസ് കം ഹിയർ ആൻഡ് എൻകോയർ എബൗട് ഹിം.. ”

അവളുടെ കാൾ അവസാനിച്ചതിനു ശേഷവും അവൻ ഫോണ് കയ്യിൽ പിടിച്ചിരുന്നു…

അവൻ ഒന്നുകൂടി ആ നമ്പറിലേക്ക് നോക്കി , പിന്നെ പതിയെ എഴുന്നേറ്റ് വനജയുടെ റൂമിലേക്ക് നടന്നു…

അമ്മയുടെ ഫോണിൽ സേവ് ചെയ്തു വെച്ച വേണിയുടെ നമ്പറുമായി തന്റെ ഫോണിൽ വന്ന നമ്പർ ചെക്ക് ചെയ്തു…

രണ്ടും ഒരേ നമ്പർ ആയിരുന്നു…

അപ്പോൾ വിളിച്ചത് അവൾ തന്നെ ആണെന്ന് അവനുറപ്പായി…

പിന്നീടവന് ഉറക്കം വന്നതേയില്ല….

******************************
പിറ്റേന്ന് തന്നെ അവൻ ആരോടും പറയാതെ കോയമ്പത്തൂരേക്കു വണ്ടി കയറി…

തന്റെതായ ചെറിയൊരു അന്വേഷണത്തിൽ തന്നെ വേണി പറഞ്ഞതത്രയും സത്യമാണെന്നു അവനു മനസ്സിലായിരുന്നു…

ഇനി എന്തു ചെയ്യണം എന്നറിയാതെ ആ വലിയ നഗരത്തിൽ അവൻ പകച്ചു നിന്നു…

അച്ഛനറിഞ്ഞാൽ തീർച്ചയായും അവളുടെ പഠനം നിർത്തി വീട്ടിലേക്കു കൊണ്ടുപോകും എന്നതിൽ അവൻ സംശയമുണ്ടായിരുന്നില്ല… അതിനേക്കാൾ ഉപരി തൻെറ അനിയത്തിക്കു അങ്ങനൊരു പ്രണയം ഉണ്ടായതാണ് അവനെ തളർത്തിയത്… ഒരുമിച്ചുള്ളപ്പോൾ എപ്പോഴും അടി കൂടുമെങ്കിലും അവൾ അവനു ഏറ്റവും പ്രിയപ്പെട്ടതായിരുന്നു…അതുകൊണ്ടു തന്നെ ഒരിക്കലും അവളിൽ നിന്നും അവനതു പ്രതീക്ഷിച്ചിരുന്നില്ല….

എത്രസമയം അങ്ങനിരുന്നു എന്നു അവൻ അറിഞ്ഞില്ല…

വീണ്ടും വന്ന ഒരു ഫോണ് ബെൽ തന്നെ ആണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…

പക്ഷെ അത് വേണിയായിരുന്നില്ല …

*******************************

“പിന്നെ… അതാരായിരുന്നു…???

വരാഹിയുടെ തകർച്ചക്ക് പിന്നിലെ അദൃശ്യമായ ആ കൈകളിൽ ഒന്നു അവളുടെ അടുത്ത കൂട്ടുകാരി ആണെന്ന അറിവ് അന്നയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്….

“അത്… ദേവിന്റെ അമ്മ ആയിരുന്നു … അരുന്ധതി ആന്റി…”

“അരുന്ധതി…???”

“അതേ… ദേവിന് വരാഹിയെ വിവാഹം ആലോചിക്കാൻ… അച്ഛന്റെ നമ്പർ ഇല്ലാത്തതുകൊണ്ടു എങ്ങനെയോ പഴയ കോണ്ടക്ടസ് ഒക്കെ തപ്പിയെടുത്തു വിളിച്ചതായിരുന്നു….
പക്ഷേ എന്തുകൊണ്ടോ ആന്റിയോട് എനിക്കെല്ലാം തുറന്നു പറയാൻ തോന്നി… ദേവുമായി വരാഹിയെ ആലോചികണ്ട എന്നും അവൾക്കു വേറെ അഫയർ ഉണ്ടെന്നും ഞാനവരോട് പറഞ്ഞു…
അതു കേട്ടു ഒന്നും മിണ്ടാതെ ആന്റി ഫോണ് വെച്ചു….”

“പിന്നീടെന്തുണ്ടായി??? ”

“പക്ഷെ എങ്ങനെയോ വാഹിയും ഹർഷനുമായി തെറ്റി…”

“എങ്ങനെയോ??? ആ എങ്ങനെ എന്നുള്ളതാണ് എനിക്ക് അറിയേണ്ടത്… അതിന്റെ പിന്നിലെ ചരടുവലി ആരുടേതായിരുന്നു…വേണിയുടെയോ??? അതോ അരുന്ധതിയുടെയോ….”

തനിക്കെനി ഒന്നും മറച്ചുവെക്കാൻ കഴിയില്ലെന്ന് അവനു മനസിലായി….

“രണ്ടുപേരുടെയും… ”

“എന്തായിരുന്നു അവരുടെ ലക്ഷ്യം???”

“ആന്റിക്ക് ദേവിന് വേണ്ടി വരാഹിയെ വേണം… വേണിക്കു ഹർഷനെയും… അവൾക്കു അവനോട് ഭ്രാന്തമായ ഒരിഷ്ടം ഉണ്ടായിരുന്നു… അവളതു വാഹി അറിയാതെ മനസ്സിൽ സൂക്ഷിച്ചു പോന്നതായിരുന്നു….”

“എന്നിട്ട്…”

“ഹർഷന്റെ കൂട്ടുകാരനായ പ്രകാശിന്റെ ഫോണ് നമ്പർ എനിക്ക് സംഘടിപ്പിച്ചു തന്നത് വേണി ആയിരുന്നു… ഞാൻ അയാളെ ചെന്നു കണ്ടു… സംസാരിച്ചു.. ആദ്യമൊന്നും സമ്മതികാതിരുന്ന അയാളെ പൈസ കാണിച്ചു ഞാൻ എന്റെ വഴിക്ക് കൊണ്ടു വന്നു… അയാൾ ആവശ്യപ്പെട്ട അത്രയും തുക കൊടുത്തു ഹർഷനെതിരെ ഇല്ലാകഥകൾ ചമച്ചു വരാഹിയുടെ മുന്നിൽ അവതരിപ്പിച്ചത് ഞങ്ങളുടെ പദ്ധതി പ്രകാരമായിരുന്നു…”

.. “ഇല്ലാകഥകളോ..”

“അതേ… ഹർഷൻ മാനസികരോഗി ആണെന്നും ജയിൽ കിടന്നിട്ടുണ്ടെന്നും മറ്റും…”

“ഓഹ്.. അപ്പൊ അതൊക്കെയും നുണ ആയിരുന്നു….”

“അതേ…ആ പദ്ധതിയിൽ ഞങ്ങൾ വിജയിച്ചു… ഹർഷനുമായുള്ള ബന്ധത്തിൽ നിന്നും വാഹി പിന്മാറി… ഹർഷനോടുള്ള പക കാരണമാണ് അവൾ ദേവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതു….”

“അതിനു വേണ്ടിയുള്ള ക്യാഷ് ചിലവായത് അരുന്ധതിയുടെ അക്കൗണ്ടിൽ നിന്നും ആകുമല്ലേ…”???

“അതെ… ”

“നിങ്ങൾക്കു രണ്ടുപേർക്കും ഇതിലുള്ള പങ്ക് ദേവിനറിയാമോ…”

“വിവാഹത്തിന് ശേഷം എങ്ങനെയോ ഇതെല്ലാം ദേവറിഞ്ഞു….”

” ഓഹ് … സോ ദേവ് ഇപ്പോൾ എവിടെ ഉണ്ടെന്നു എനി ഐഡിയ????…”

“ഇല്ല… പക്ഷെ ഈ കാരണങ്ങൾ കൊണ്ട് മാത്രമല്ല ദേവ് പോയതെന്ന് എനിക്ക് തോന്നുന്നു…”

…”പിന്നെ…

“ഹർഷന്റെ മരണത്തിൽ ദേവിനും ഒരു പങ്കുള്ളത് കൊണ്ടാകും…”

“ഹർഷൻ മരിച്ചോ…”

അന്നയുടെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു….

“യെസ്… ഒരു ആക്‌സിഡന്റ് ഡെത്ത് ആയിരുന്നു… പക്ഷെ ആ ഇൻസിഡന്റ് ദേവ് ആസൂത്രണം ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു…”

“കാരണം..???

“വാഹിയും ദേവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതിനു ശേഷവും ഹർഷനെ കുറിച്ചു ഞാൻ അന്വേഷിക്കുന്നുണ്ടായിരുന്നു… അവൻ വന്നു വിവാഹം മുടക്കമോ എന്നതു മാത്രമല്ല , അച്ഛനും അമ്മയും അറിയാതെ ഞാൻ ഇത്രയൊക്കെ ചെയ്തതും എന്നെ ഭയപ്പെടുത്തിയിരുന്നു….
പക്ഷേ ഹർഷൻ മരിച്ചു എന്ന ഇൻഫർമേഷൻ ആണെനിക്ക് ലഭിച്ചത്…. ഒരു രാത്രി വീട്ടിലേക്ക് മടങ്ങും വഴി ഏതോ വാഹനം ഇടിച്ചു കൊലപ്പെടുകയായിരുന്നു… ഹർഷൻ കൊല്ലപ്പെട്ട ആ രാത്രി ദേവ് നാട്ടിൽ ഉണ്ടായിരുന്നില്ല… എവിടെ പോയെന്നുള്ള എന്റെ ചോദ്യത്തിന് ദേവ് വ്യക്തമായൊരു മറുപടി നൽകിയിരുന്നില്ല….”

“അതുകൊണ്ട് ദേവ് ആണ് ഹർഷനെ കൊന്നതെന്നു ഉറപ്പിക്കാൻ കഴിയുമോ… അത് സാദാരണ ഒരു ആക്സിഡന്റ് തന്നെ ആണെങ്കിൽ..??”

അന്ന ചോദിച്ചു…

“അല്ലെങ്കിൽ പിന്നെന്തിനു അവൻ നാടുവിടണം…”???

അവന്റെ ആ ചോദ്യത്തിന് അന്നക്കു മറുപടി ഉണ്ടായിരുന്നില്ല….

“അന്ന് രാത്രി… അതായത് വരാഹിയെ കാണാതായന്നു രാത്രി ,എന്താ സംഭവിച്ചത്…”

“എനിക്കറിയില്ല ചേച്ചി… സത്യമായിട്ടും എനിക്കറിയില്ല….ഹർഷനെ അവളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കി അവൾക്കു നല്ലൊരു ജീവിതം കൊടുക്കണം എന്നു മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ… പക്ഷെ ഇങ്ങനൊക്കെ വന്നു ഭവിക്കുമെന്നും ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അവൾ ഞങ്ങളിൽ നിന്നും അകലുമെന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…..”

അവൻ കൈകളിൽ മുഖം ചേർത്തു പൊട്ടിക്കരഞ്ഞു….

അന്ന ശാന്തമായി അവനെ നോക്കി ഇരുന്നെങ്കിലും അവളുടെ മനസ്സിൽ ഒരു പിടിവലി നടക്കുകയായിരുന്നു…

ഹർഷന്റെ മരണമോ , വേണിയുടെ സാന്നിധ്യമോ ഒന്നും അവൾക്കു ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല….

“വേണി ഇപ്പൊൾ എവിടുണ്ട്”???

” ഹർഷന്റെ മരണത്തിനു ശേഷം അവളും ആത്മഹത്യ ചെയ്തു…..”

“ഓഹ് മൈ ഗോഡ്… അതായത് നിങ്ങളുടെയൊക്കെ സ്വാർത്ഥ ലാഭത്തിനു വേണ്ടി രണ്ടു ജീവൻ ബലിയാടായെന്നു….”

അന്ന അരിശത്തോടെ അവനെ നോക്കി….

“വിഷ്ണു ഇപ്പോൾ പൊയ്ക്കൊള്ളു… എന്തു വേണമെന്ന് ഞാനൊന്നു ആലോചികട്ടെ….”

അവൻ എഴുന്നേൽക്കുന്നതിനു മുൻപായി അന്ന എഴുന്നേറ്റു അകത്തേക്ക് നടന്നു….

ഒരല്പനേരം അവിടെ തന്നെ നിന്നതിനു ശേഷം വിഷ്ണു പുറത്തേക്കിറങ്ങി… അവന്റെ തല അപ്പോൾ കുറ്റബോധത്താൽ താണിരുന്നു….

******************************

“എന്റെ കൊച്ചേ , ദേവ് അരുണിനോട് പറഞ്ഞ കഥ നി ഓർക്കുന്നുണ്ടോ… ”

വരാഹി പറഞ്ഞതും വിഷ്ണുവിന്റെ കുറ്റസമ്മതവും ഒക്കെ കേട്ടപ്പോൾ അലക്‌സ് ചോദിച്ചു…

“ഉണ്ട്…”

“അന്ന് നി എന്നോട് പറഞ്ഞില്ലേ , പലതും സിങ്ക് ആവുന്നില്ലെന്നു… അതു പോലെ തന്നാ ഇതും… രണ്ടു പേർ പറഞ്ഞതിലും ഒരുപാട് കാര്യങ്ങൾ മിസ്സിങ് ആണ്…”

“പക്ഷെ അതൊക്കെ നമ്മൾ എങ്ങനെ കണ്ടുപിടിക്കും????”

അന്ന ഒരു പിടിവള്ളിക്കായി അവന്റെ മുഖത്തേക്ക് നോക്കി….

…”അന്വേഷിക്കണം… അതിനു നമ്മൾ ആദ്യം അവിടെ പോകണം… അവരുടെ എല്ലാ പ്രശ്നങ്ങളും തുടങ്ങിയിടത്തു…”

“കോയമ്പത്തൂർക്കോ…”

“അതേ… അവിടെ നമുക്കൊരു ക്ലൂ ഉണ്ടാകും… ആം ഷുവർ…”

“എപ്പോൾ പോകും…”

.”അധികം താമസിയാതെ… നമുക്ക് കുറച്ചു ദിവസത്തേക്ക് ലീവ് എടുക്കാം… എന്നിട്ടു പോകാം… ഇപ്പോൾ നി ഉറങ്ങാൻ നോക്കു….”

അലക്‌സ് പതിയെ ഉറക്കത്തിലേക്കു ഊളിയിടുമ്പോഴും അന്ന താൻ പതിവായി കാണാറുള്ള സ്വപ്നത്തെ കുറിച്ചു ചിന്തിക്കുകയായിരുന്നു….

സ്വപ്നത്തിലെ യുവാവിന് നേരെ ചീറി വന്നു വെടിയുണ്ട ഹർഷനു നേരെ പാഞ്ഞു വന്ന ഏതോ വാഹനമാണെന്നു അവൾക്ക് തോന്നി…അപ്പോൾ അവൾക്കു
കടുത്ത നിരാശ തോന്നി….
തന്റെ കണ്ണുകൾ ഇറുകെ അടച്ചു അന്ന അലക്സിനെ കെട്ടിപിടിച്ചു…..

******************************
കുറച്ചു ദിവസങ്ങൾക്കു ശേഷം അന്ന പതിവ് പോലെ തന്റെ റൂമിൽ ഇരിക്കുകയായിരുന്നു…

പെട്ടെന്നാണ് ലാൻഡ്‌ലൈനിൽ കാൾ വന്നത്…

“ഹലോ… പറയു , ഡോക്ടർ അന്ന യാണ്…”

“ഡോക്ടർ, കുറച്ചു ദിവസം മുൻപേ ഞാൻ വിളിച്ചിരുന്നു… ഹർഷനെ കുറിച്ചു പറയാൻ….ഓർക്കുന്നുണ്ടോ”…

അന്നക്ക് അയാളെ അതിവേഗം മനസ്സിലായി…

“ഓഹ്… നല്ല ഓർമ്മയുണ്ട്.. എന്റെ അഭ്യുദയാംകാക്ഷി അല്ലെ.. ”

അതുകേട്ട് അയാൾ പതിയെ ചിരിച്ചു…

“സോറി… ഒരു തിരിത്തുണ്ട്… ഞാൻ ഡോക്ടറുടെ അല്ല , മറിച്ചു വരാഹിയുടെ അഭ്യുദയാംകാക്ഷി ആണ്…”

അതുകേട്ടപ്പോൾ ചിരിച്ചത് അന്ന ആയിരുന്നു…

“ഡോക്ടർ എന്താ ചിരിക്കുന്നത്…”

അയാളുടെ ശബ്ദത്തിൽ ചെറിയൊരു നീരസം ഉണ്ടായിരുന്നു…

“എന്താ എനിക്ക് ചിരിച്ചൂടെ… അതിരിക്കട്ടെ , എന്തിനാണിപ്പോൾ “വരാഹിയുടെ അഭ്യുദയാംകാക്ഷി ” വിളിച്ചത്… അതു പറഞ്ഞില്ല…”

അവളുടെ പരിഹാസം അയാൾക്ക്‌ പെട്ടെന്ന് മനസ്സിലായി…

“ഹർഷനോടും , വരാഹിയോടും തെറ്റു ചെയ്തവരൊക്കെ തന്നെയും അതൊക്കെ ഏറ്റു പറഞ്ഞല്ലോ… അല്ലേ…പക്ഷേ കഥ അവിടം കൊണ്ടൊന്നും തീരുന്നില്ലല്ലോ….ഇനിയും അറിയാനില്ലേ ചിലതൊക്കെ….”

അയാളുടെ ശബ്ദത്തിനു വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു….

“ഇനി എന്റെ ഊഴമാണ്… അതിനു ഡോക്ടർ ഞാൻ പറയുന്നിടത്തു വരണം… പേടിക്കണ്ട ഡോക്ടർ തനിച്ചല്ല… അന്നവിടെ വരാഹിയും അവളുടെ വേണ്ടപ്പെട്ടവരും കൂടി ഉണ്ടാകും…
സമയവും സന്ദർഭവും എപ്പോഴാണെന്ന് സാവകാശം ഞാൻ അറിയിക്കാം….”

അയാൾ പറഞ്ഞു കഴിഞ്ഞ ഉടൻ ഫോണ് നിശബ്ദമായി….

അന്ന അമ്പരപ്പോടെ ഫോണ് ക്രാഡിൽ വെച്ചു….

(തുടരും)

അടുത്ത ഒരു ഭാഗത്തിൽ “വരാഹി” അവസാനിക്കും…
ഒരുപാട് സംശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാകുമല്ലേ… എല്ലാത്തിനും അടുത്തഭാഗത്തിൽ ഉത്തരം ഉണ്ടാകും…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15

വരാഹി: ഭാഗം 16

വരാഹി: ഭാഗം 17

വരാഹി: ഭാഗം 18

വരാഹി: ഭാഗം 19

വരാഹി: ഭാഗം 20

വരാഹി: ഭാഗം 21

വരാഹി: ഭാഗം 22

വരാഹി: ഭാഗം 23

വരാഹി: ഭാഗം 24