രുദ്രഭാവം : ഭാഗം 38
നോവൽ
എഴുത്തുകാരി: തമസാ
അടുത്ത ദിവസം വെളുപ്പിന് തന്നെ അവര് തിരിച്ചു പോയി….. പോകുന്നതിനു മുന്നേ രുദ്രൻ മുടി ഒക്കെ വെട്ടിക്കളഞ്ഞായിരുന്നു …..
പുറത്തു നിന്ന് കഴിക്കണ്ട എന്നും പറഞ്ഞു ട്രെയിനിൽ ഇരുന്നു കഴിക്കാനുള്ളത്, ഞാനും അമ്മയും കൂടി സൂര്യൻ ഉദിക്കുന്നതിനു മുൻപേ ഉണ്ടാക്കി,, അവർക്ക് കൊടുത്തു വിട്ടു…..
അന്ന് ട്യൂഷൻ കഴിഞ്ഞപ്പോൾ വിളിക്കാൻ വന്നത് അച്ഛനായിരുന്നു…(ആ ചേച്ചി മോൾക്ക് പറഞ്ഞു കൊടുത്തോ എന്തോ… ആ…… )…… പൂജ കഴിഞ്ഞു വരുന്ന വഴി എന്നെയും കൂട്ടി ….. ഞങ്ങൾ ഓരോ തമാശയൊക്കെ പറഞ്ഞിങ്ങനെ നടന്നു…..
പണ്ട്, ഞാൻ കുട്ടിയായിരുന്നപ്പോൾ എല്ലാവരുടെയും തിരക്ക് ഒക്കെ കഴിഞ്ഞിട്ട് രാത്രിയാവും പുഴയിൽ കുളിയൊക്കെ കഴിഞ്ഞിട്ട് വീട്ടിലേക്ക് വരുന്നത്….
അച്ഛൻ ഏറ്റവും മുന്നിൽ നടക്കും… പുറകിൽ ഉണ്ണി…. പിന്നെ ഞാൻ… അവസാനം അമ്മ….. അച്ഛൻ മുന്നോട്ടും പുറകോട്ടും വെട്ടം നീട്ടി അടിയ്ക്കും….. പോകുന്ന വഴിക്ക് ഞങ്ങൾ ആ ദിവസം എന്തൊക്കെ സംഭവിച്ചോ അതൊക്കെ പറയും…..
അത് തന്നെയാണ് എനിക്ക് ഓർമ വന്നത്…. എന്തായാലും ഈ ഭാവയാമി അല്പം ഗുരുത്വം ഒക്കെ ഉള്ള കുട്ടിയാ….
അല്ലെങ്കിൽ ഇങ്ങനെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടക്കുന്ന അമ്മായിഅച്ഛനെയും അമ്മയെയും കിട്ടുവോ…. !!!!
വീട്ടിൽ ചെന്നൊന്ന് ഫ്രഷ് ആയപ്പോഴേക്കും അമ്മ ചോറെടുത്തു വെച്ചു…. പിന്നേ പഠിത്തം… അങ്ങനെ അങ്ങനെ……..
എന്റെ ഈ പഠനത്തിനിടയ്ക്ക് രുദ്രനും സ്വരൂപും കൂടെ ഞാൻ പഠനാവശ്യത്തിന് എടുത്ത ലോൺ എല്ലാം വീട്ടി…. രുദ്രൻ ഒറ്റയ്ക്ക് അടച്ചോളാം എന്ന് പറഞ്ഞിട്ടും സ്വരൂപ് സമ്മതിച്ചില്ല…പെട്ടന്ന് തീർക്കാലോ രണ്ടു പേരും സഹായിച്ചാൽ….
വീട്ടിൽ പറഞ്ഞപ്പോൾ അച്ഛൻ സ്വരൂപിനോട് പറഞ്ഞു, ഈ കാര്യം പറഞ്ഞു ഭാവിയിൽ ചേട്ടനോട് കണക്ക് പറയില്ലെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം അടച്ചോളാൻ…. അങ്ങനെ രണ്ടും കൂടി ആ വലിയ ബാധ്യത ഒഴിപ്പിച്ചു….. അതോടെ സമാധാനം കുറച്ചു കിട്ടി ….
ആറു ഋതുക്കൾ കൊഴിഞ്ഞു വീണു….. വസന്തവും ഗ്രീഷ്മവും വർഷവും ശരതും ഹേമന്തവും…. എന്തിനു ശിശിരം പോലും വന്ന് പോയി….. പക്ഷേ……അപ്പോഴെല്ലാം ഈ രുദ്രന്റെയും ഭാവയുടെയും ഉള്ളിൽ ഭഗവാൻ ഒരിക്കലും കൊഴിയാത്ത വസന്തം തന്നെ തുന്നിപ്പിടിപ്പിച്ചു…..
അങ്ങനെ ഞാൻ അവസാന വർഷം ആയ സമയത്ത് വീട്ടിൽ സ്വരൂപിനു പെണ്ണാലോചിക്കാൻ തുടങ്ങി…… അച്ഛന് നിർബന്ധം സ്ത്രീധനം നോക്കി കെട്ടരുതെന്ന്….
ഒരു ഞായറാഴ്ച ഞങ്ങൾ കൊല്ലത്തുള്ള ഒരു മനയിലെത്തി…… മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചന ആയിരുന്നു….
അവരോട് അച്ഛൻ തന്നെ നേരത്തെ പറഞ്ഞിരുന്നു, മൂത്ത മരുമകൾ വേറെ ജാതി ആണ്… അത് അംഗീകരിക്കാൻ പറ്റുമെങ്കിൽ മാത്രം മതി കാണുന്നതെന്ന്…
നല്ല കുട്ടിയാണ് ….പേര് നിവേദ്യ….. വെളുത്തിട്ട്… നല്ല നീളൻ മുഖം…. മുടി എന്റെ അത്ര ഇല്ലെങ്കിലും അരയ്‌ക്കൊപ്പമുണ്ട്………
ചിരിച്ചു കണ്ടപ്പോൾ….. . സ്വരൂപ് ഗായകൻ ആണെങ്കിൽ, ഈ ആൾ കുച്ചിപ്പുടി ഒക്കെ പഠിച്ചിട്ടുണ്ട്… ഇപ്പോൾ രണ്ടാം വർഷം എഞ്ചിനീയറിംഗ് ചെയ്യുന്നു….. ആലുവയിൽ ആണ് പഠിക്കുന്നത്… അമ്മാത്ത് നിന്ന്…. ….കാഴ്ചയിൽ സ്വരൂപിനു ചേരും….
നിങ്ങൾ ഞങ്ങളിൽ നിന്ന് എത്രയാ സ്ത്രീധനം ആയി ഉദ്ദേശിക്കുന്നത്?…. തുറന്നു ചോദിക്കാലോ… വളച്ചു കെട്ടി ഞങ്ങൾക്ക് താല്പര്യം ഇല്ല്യാഞ്ഞിട്ടാണെ……… പിന്നെ ഒരു പ്രശ്നം കുട്ടിക്ക് ഇണ്ടാവരുത് ഇത് നടന്നാല്.. .
ആ കുട്ടിയുടെ അമ്മാവൻ പെണ്ണിനെ വിളിച്ചു കണ്ട വഴി ചോദിച്ചു……
എനിക്ക് മൂന്ന് മക്കളാണ്…. ഇത് മൂത്തയാള് രുദ്ര രൂപ്…. പിന്നേ പയ്യൻ…. ഇത് മൂത്തവന്റെ പെണ്ണാണ്… ഭാവയാമി…. എനിയ്ക്കും ഗീതയ്ക്കും ഭാവ, മോള് തന്നെയാണ്…..
ഇവിടത്തെ കുട്ടിയെ കെട്ടിയാൽ…. ഇവിടത്തെ എന്നല്ല…. ഇളയവന്റെ പാതിയായി വരുന്നത് ഏത് കുട്ടി ആയാലും മക്കള് നാലാകും ഞങ്ങൾക്ക് …. അത്രയേ ഉള്ളു……. സ്ത്രീധനം ഒന്നും ഞങ്ങൾക്ക് താല്പര്യമില്ല….
എന്നും എന്റെ കുടുംബം ഐക്യത്തോടെ കൊണ്ട് പോകാൻ പറ്റുന്ന ഒരാൾ ആയിരിക്കണം…. അതാണ് ഞങ്ങൾക്ക് വേണ്ടത്…..
സ്വരൂപിനു വലിയ താല്പര്യം ഉണ്ടായിരുന്നില്ല…. കുഞ്ഞു കുട്ടിയാണ്… എടുത്തു ചാട്ടം ഉണ്ടാകും എന്നൊക്കെ….. സന്ധ്യയ്ക്ക് അച്ഛൻ ഇറയത്തിരുന്നു മുറുക്കിക്കൊണ്ടിരുന്നപ്പോൾ അവനത് പറഞ്ഞു….
ഞാനും അതേ പ്രായത്തിൽ തന്നെയല്ലേ വന്നത്… പിന്നെ എന്റെ അതേ പ്രായം വേണ്ട… എന്നേക്കാൾ ഇളയ കുട്ടി മതി…
അല്ലെങ്കിൽ ചേച്ചി എന്ന ഒരു ബഹുമാനം ഉണ്ടാവില്ലെന്ന അച്ഛന്റെ അഭിപ്രായത്തിൽ വാക്കുറപ്പിച്ചു….
എന്റെ ക്ലാസ്സ് കഴിഞ്ഞിട്ട് കെട്ടു നടത്താം എന്ന കണക്കിന് ബാക്കി ചടങ്ങൊക്കെ നടത്തി വെച്ചു….
പക്ഷേ…. വേളി നടന്നത് ഞാൻ SAT യിൽ നിന്ന് പൂർണമായും ഇറങ്ങിയതിനെ രണ്ടാം ആഴ്ച ആയിരുന്നു .. ഒരു വ്യാഴാഴ്ച….ഇപ്പോൾ ഞാൻ ഡോക്ടർ ആയി…… എന്റെ ഏറെക്കാലത്തെ സ്വപ്നം സഫലമായി… അതും നല്ല സ്‌കോറിൽ….
Dr. ഭാവയാമി എം ബി ബി എസ്……
അതിങ്ങനെ മനസ്സിൽ തന്നെയും പിന്നെയും പറയാൻ തന്നെ ഒരു പ്രത്യേക സുഖമാണ്…..
വേളിയുടെ അന്ന് ഞാനും രുദ്രനും മാച്ച് ചെയ്തു ഡ്രസ്സ് എടുത്തു….. പീക്കോക്ക് ബ്ലൂ സാരിയിൽ ഗ്ലാസ് വർക്ക്…. നല്ല വില കൂടിയ സാരിയിലെ ചില്ലുകളിൽ പലപ്പോഴും അടുത്തും അകലുമായി രുദ്രന്റെ മുഖം മിന്നി മാഞ്ഞു….
അതേ നിറത്തിൽ ശിവരൂപം കോറിയ കുർത്തയാണ് രുദ്രനും ഇട്ടത്…..
എന്റെ അമ്മയും അച്ഛനും ഉണ്ണിയും വന്നു തലേന്ന് തന്നെ…. രുദ്രനാണ് എല്ലാവർക്കും ഡ്രസ്സ് എടുത്തു കൊടുത്തത്…..
കൊച്ചു വെളുപ്പാൻ കാലത്ത് തന്നെ ഞങ്ങൾ പെണ്ണ് വീട്ടിലേക്ക് പോവാനിറങ്ങി…. കന്യാദാനവും ഏഴു ചുവടുകളും വെച്ചു സ്വരൂപ് നിവേദ്യയെ ചേർത്ത് നിർത്തി… ഒരുപാട് ചടങ്ങുകൾക്ക് അവസാനം,
ഹോമത്തിനു വടക്കു ഭാഗത്തു പോയി, സ്വരൂപ് നിവേദ്യയുടെ വലതു കാൽ പിടിച്ചു കൊണ്ട് അമ്മിപ്പിള്ളക്കല്ലിനെ ചവിട്ടിച്ചു….
ആതിഷ്ടേ മമ ശ്മാനമ ശ്മേവത്വ സ്ഥിരാഭവ…
അഭിതിഷ്ട പൃതന്യതസ്സഹസ്വപ്രതനായത:……
സ്വരൂപ് അതിനോടൊപ്പം ഉരുവിട്ട് കൊണ്ടേയിരുന്നു…… ആ കല്ല് പോലെ അവരുടെ ദാമ്പത്യ ജീവിതവും ദൃഢമാകും എന്നാണ് ഈ ചടങ്ങിന് പിന്നിലെ കഥ…….
വ്യത്യസ്തമായ കുറേ ചടങ്ങുകൾക്കൊടുവിൽ…. സ്വരൂപിന്റെ പെണ്ണായി, നിവേദ്യ ഞങ്ങളുടെ ഇല്ലത്തേക്ക് വലതു കാൽ വെച്ചു വന്ന് കയറി….
കൊല്ലത്തു നിന്നിങ്ങോട്ടുള്ള യാത്രയിൽ രുദ്രനാണ് പൂകൊണ്ടലങ്കരിച്ച പല്ലക്കോടിച്ചത്……വീട്ടിൽ ആളുകളുടെ എണ്ണം കൂടാൻ പോകുന്നത് കൊണ്ട് ചേട്ടനും അനിയനും കൂടി പുതിയ കാർ എടുത്തു, പഴയത് കൊടുത്തിട്ട്……..
വൈറ്റ് എർട്ടിഗ……
മുന്നിൽ ഞാനും രുദ്രനും പുറകിൽ നിവേദ്യയും സ്വരൂപും……
നിവേദ്യയായി ഞാനും രുദ്രനും പലവട്ടം ഫോണിലൂടെ സംസാരിച്ചിട്ടുള്ളതിനാൽ സംസാരിക്കാൻ ഒരു മടിയും ഇല്ലായിരുന്നു….
ചിരിയും കളിയുമായി ഞങ്ങൾ അടിച്ചു പൊളിച്ചാണ് വന്നത്….
ഇടയ്ക്ക് അവരുടെ ഒരു മൂഡിന് റൊമാന്റിക് സോങ്‌സ് വെച്ചെങ്കിലും, അവസാനം കലപില സൗണ്ട് കാരണം പാട്ട് നിർത്തേണ്ടി വന്നു….
അച്ഛനും അമ്മയും എറണാകുളത്തേക്ക് നാളെ പോകാമെന്നു വെച്ചു…. ഒരു ചെറിയ റിസപ്ഷൻ ഉണ്ടായിരുന്നു…… ഇട്ടിരുന്ന കസവു തുണികളിൽ നിന്നും മോചിതരായി അവർ പാർട്ടി വെയറിലേക്ക് സ്ഥാനം പിടിച്ചു….
ഓരോ തിരക്കിനിടയിൽ ചെറുക്കന്റെ ചേച്ചിയ്ക്കും ചേട്ടനും വെള്ളം കുടിക്കാൻ പോലും നേരം കിട്ടിയിരുന്നില്ല……
ഞങ്ങളുടെ കെട്ട് അടിച്ചു പൊളിക്കാൻ പറ്റാത്തതിന്റെ ഒരു കുറവ് എല്ലാവരും നികത്തി… ഉണ്ണിയേയും തൂക്കിയെടുത്തു കൊണ്ട് പോയി…….
എല്ലാവരുടെയും നിർബന്ധത്തിൽ രുദ്രൻ ഒരു പാട്ട് പാടാൻ സ്റ്റേജിൽ ഒന്ന് കയറി… ഇടയ്ക്കൊന്ന് തല കാണിച്ചെന്ന് പറയുന്നതാ സത്യം… എല്ലാവരെയും സ്വീകരിക്കുന്ന തിരക്കിൽ ആയിരുന്നു ഞങ്ങൾ…..
ഞാനൊരു കവിതയാണ് പാടാൻ ഉദ്ദേശിക്കുന്നത്… ഡെഡിക്കേഷൻ മറ്റാർക്കും അല്ല….. എന്റെ ജീവന്റെ പാതി…. എന്റെ സ്വന്തം ഭാവയ്ക്ക് വേണ്ടിയാണ്…..
മൈക്ക് കയ്യിലെടുത്തു രുദ്രൻ പറയുന്നത് പന്തലിന്റെ തൂണിൽ ചാരി ഞാൻ കേട്ട് നിന്നു…
നീണ്ട തപം ചെയ്തെന്നെ ഉണർത്തിയ ദേവീ ….
ഇന്നോളം നീയെനിക്കൊരു തണലായി…..
പാതിപകുത്തെടുത്തു നീയെന്നിണയായി…
നീ നോറ്റ തപരഹസ്യം പറയുമോ പ്രിയേ…..
വരും ജന്മങ്ങളിൽ എനിക്കൊന്ന് നോൽക്കാൻ……
തന്നെ എഴുതി തട്ടികൂട്ടിയതാണെന്നോർത്തപ്പോഴും എന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു…….
പാട്ട് കഴിഞ്ഞിട്ട് ഞാനും രുദ്രനും ഓരോ ജോലികളിൽ വ്യാപൃതരാകുമ്പോൾ നറുക്കിട്ട് ദയാവധത്തിനപേക്ഷിച്ചു കൊണ്ടിരുന്നു പുതിയ ജോടികൾ….
എല്ലാം തീർത്തു ഫ്രഷ് ആയി വന്നപ്പോഴേക്കും സമയം പന്ത്രണ്ടു കഴിഞ്ഞു… അമ്മയുടെയും അച്ഛന്റെയും ഇല്ലത്തു നിന്നുള്ള ആൾക്കാർ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ മുറിയും ഫുൾ ആയി……. എന്തോ ഭാഗ്യത്തിന് സ്വരൂപ് രക്ഷപെട്ടു… കിടപ്പാടം കിട്ടി…..
അടുക്കള വരെ ഫിൽ ആയപ്പോൾ രുദ്രൻ എന്നെ വിളിച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി.. ….
സ്റ്റോർ റൂമിൽ കൊണ്ടിട്ട പഴയൊരു തുണി ബെഡ് രുദ്രൻ എടുത്തു കൊണ്ട് വന്നു… ഞങ്ങളുടെ കെട്ടിന് മുൻപ് രുദ്രൻ കിടന്നിരുന്നതാ…
പിന്നേ ഡബിൾ കട്ടിൽ ആയപ്പോൾ, കട്ടിൽ ചാരി എടുത്തു വെച്ചു… ബെഡ് സ്റ്റോറിലും വെച്ചു… കട്ടിൽ മുത്തശ്ശിയുടെ ആങ്ങള എടുത്തിട്ട് കിടന്നു…..
ക്ഷീണം കൊണ്ട് രുദ്രൻ വശം കെട്ടു പോയിരുന്നു… ആദ്യമായിട്ട് മുൻകൈയെടുത്തു നടത്തുന്ന കല്യാണം ആയതിന്റെ ക്ഷീണം മറ്റൊരു വശത്തും…..
നേരെ കാറിന്റെ അടുത്തെക്ക് ചെന്നിട്ട്, രുദ്രൻ സീറ്റ് എല്ലാം മടക്കി വെച്ചു…. എന്നിട്ട് മീതെ ബെഡ് ഇട്ടു… കുറച്ചു തട്ടിക്കൂട്ടലുകൾക്കിടയിൽ ബെഡ് നിരപ്പായി…..
നേരെ അകത്തേയ്ക്ക് കയറി ഇരുന്നിട്ട് എന്നെ വലിച്ചകത്തേക്കു കയറ്റി ഇരുത്തി… ബാക്ക് ഡോർ അടച്ചു… ഗ്ലാസ് കുറച്ചു താഴ്ത്തിയിട്ടു….
രുദ്രന്റെ കൈ തലയിണയാക്കി ഞാനും രുദ്രന്റെ അടുത്ത് കിടന്നു…. അകത്തേയ്ക്ക് തണുപ്പ് അരിച്ചു കേറുന്നുണ്ട്…. നനഞ്ഞ മുടികൾ കഴുത്തിൽ പറ്റിപ്പിടിച്ചു കിടന്നു….. വിടർത്തി ഇട്ടിട്ടും പിന്നെയും കഴുത്തിലേക്ക് ചേർന്ന് വരും…. രുദ്രനെ പോലെ……. വട്ടം ചേർത്ത് പിടിച്ചു കിടന്നു…..
നമ്മുടെ കല്യാണ രാത്രി നീ ഓർക്കുന്നുണ്ടോ ഭാവ………?
ഉറങ്ങി എന്ന് വിചാരിച്ചിരുന്ന രുദ്രനിൽ നിന്നൊരു ചോദ്യം കേട്ടപ്പോൾ പുരികം താഴ്ത്തി രുദ്രനെ നോക്കി….ഒരു പുഞ്ചിരി വിരിഞ്ഞു…
രുദ്രൻ ഉറങ്ങിയില്ലായിരുന്നോ……..
തോളിൽ തട്ടി പതിയെ ചോദിച്ചു…
ഇല്ല… ഞാൻ ഇങ്ങനെ ഓരോന്നാലോചിക്കുവായിരുന്നു….. നീ ഉറങ്ങിയപ്പോൾ നിന്നെ കാണാൻ വന്നതും എന്റെ സിന്ദൂരച്ചുവപ്പിന്മേൽ മതി വരാതെ ചുംബിച്ചതും……. അന്നെടുത്ത ഫോട്ടോയിൽ നോക്കി കുറേ രാത്രികളിൽ കരഞ്ഞതും എല്ലാം…..
പുറത്തെ പ്രകാശത്തിന്റെ ചെറിയൊരു ഒളിയിൽ രുദ്രന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു…..
ഇന്നെനിക്ക് താങ്ങാൻ പറ്റാത്തത് ഈ കണ്ണുനീരാണ്….. ഒരിക്കൽ ഹൃദയത്തെ കല്ലാക്കി മാറ്റി ഈ മിഴിനീർ കണ്ട് നിന്നവൾക്ക് ഇന്നീ മിഴികളൊന്നു കലങ്ങിയാൽ സഹിക്കില്ല….
ക്ഷിപ്ര കോപിയായ ആ ഭഗവാൻ തനിക്ക് ക്ഷിപ്ര പ്രസാദി തന്നെ ആയിരുന്നു… അതുകൊണ്ടല്ലേ, ഉയിരിന്നുയരായി തനിക്ക് രുദ്രനെ തന്നത്….
എന്നുമീ ഭഗവാനെ കാണാൻ പറ്റില്ലല്ലോ എന്നോർത്തു കരഞ്ഞ തനിക്ക്, ആ ഭഗവാന്റെ മണ്ണിൽ, പരമശിവനെ പോലെ പ്രണയിക്കുന്ന രുദ്രനെ തന്നു……
രുദ്രനെ നോക്കിയപ്പോൾ രുദ്രൻ ഇപ്പോഴും കൺചിമ്മാതെ എന്നെത്തന്നെ നോക്കി കിടക്കുവാണ്…
ഈ കണ്ണുനീരിനു പകരം കൊടുക്കാൻ ശുദ്ധ പ്രണയമേ നീ മാത്രമേ ഉള്ളു എന്റെ കയ്യിൽ… എന്റെ ചേതന അറ്റു പോകുവോളം….. ഹൃദയത്തിൽ ഞാൻ നിന്റെ ഹൃദയം കോർത്തു വെച്ചുകൊളളാം…….
ഒന്നുകൂടെ രുദ്രനെ ചേർത്ത് പിടിച്ചു… കഴുത്തിന്റെ ശ്വാസക്കുഴിയിലേക്ക് ഉപ്പുനീര് ഇറ്റു വീണു…. അതിന്റെ ചൂടിൽ എന്റെ ശരീരം മുഴുവൻ വിറകൊണ്ടു……
അബ്ദങ്ങൾ പിന്നിടുമ്പോഴും ഞാനൊന്ന് അകറ്റി നിർത്തിയ വേദനയിൽ എന്റെ രുദ്രൻ ഉരുകുന്നുണ്ടെങ്കിൽ അന്ന് ഈ കണ്ണുകൾ എത്ര സജലമായിട്ടുണ്ടാകണം…..
കവിളുകൾ എത്ര കയ്ച്ചിട്ടുണ്ടാകണം …………
ഒരു, വർഷകാലം തന്നെ ഒറ്റയ്ക്കുള്ളിൽ പെയ്തു തീർത്തിട്ട്…. എനിക്കായ് ഒരു ശരത്കാലം നീ ഉള്ളിൽ പേറി…മഴമേഘം പൊട്ടിയൊലിച്ച നെഞ്ചിൽ നീയെനിക്കായി ഒരു മഞ്ഞുകാലം പൊതിഞ്ഞു പിടിച്ചു…..
ആ മഞ്ഞിൽ എനിക്ക് തണുക്കുന്നുണ്ട്… ഉള്ളു കുളിരുന്നുണ്ട്…… കൂടെ നിനക്കും…. എന്നിട്ടും നിന്റെ ചൂട് തന്നു നീയെന്നെ പൊതിഞ്ഞു പിടിച്ചു….
പക്ഷേ….കുതിച്ചൊഴുകിയ മഴവെള്ളത്തിന്റെ പാടുകൾ ഇന്നും ഈ ഹൃദയത്തിൽ നീ ഒളിപ്പിച്ചിട്ടുണ്ടെന്നറിയാതെ പോയല്ലോ ഞാൻ…….
താടയ്ക്കടിയിൽ രുദ്രനെ പൊതിഞ്ഞു പിടിച്ചു കൊണ്ട്, ആ മുടികളിൽ ഉമ്മ വെച്ചു…… പുറത്തെ തണുപ്പ് കൂടുന്തോറും ആ രണ്ട് മഞ്ഞു കട്ടകൾക്കിടയിലെ ദൂരം കുറഞ്ഞു കുറഞ്ഞു വന്നു…..
(തുടരും )