Friday, April 12, 2024
Novel

😍ശ്രീയേട്ടൻ… B-Tech 😍 ഭാഗം 28 – അവസാനിച്ചു 😭

Spread the love

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

“കാലമെത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാടി….ഇനിയുമൊരു നൂറു ജന്മം വേണമെങ്കിൽ …അത്രയും…”അവൻ വീണ്ടും ആ ഫോട്ടോയിലേക്കു നോക്കി പറഞ്ഞു…

വാതിലിൻ മറവിൽ നിന്നു സേതു ശബ്ദമുണ്ടാക്കാതെ മുറ്റത്തേക്ക് നടന്നു…

തൊടിയിലെ മാഞ്ചിയത്തിന്റെ മറവിലേക്കവൾ നിന്നു…

ഒരുപാടോർമകൾ തന്നോരാ മാഞ്ചിയത്തിന്റെ പ്രണയത്തണ്ലിൽ അവൾ ഇരുന്നു…
ഓർമകൾ മനസിൽ ചേക്കേറി…

രാത്രിയിലെ മഴത്തണുപ്പിൽ ശ്രീയേട്ടന്റെ ചൂടേറ്റ് ആ കൈവിരൽ തൻ കുസൃതി തൊട്ടറിഞ്ഞു നിന്ന പ്രണയനിമിഷങ്ങൾ കരളിൽ കുളിർമഴ പെയ്യിച്ചോടി വന്നു…

ഇപ്പോഴത്തെ ഈ മാനസികാവസ്ഥയിൽ ശ്രീയേട്ടന് നല്ലൊരു ഭാര്യയാവാൻ തനിക്കു കഴിയുമോ എന്നവൾ ആശങ്കപ്പെട്ടു…

മനസിൽ ഒരു വേലിയേറ്റം നടക്കുകയായിരുന്നു…ജീവിതം എന്തായി തീരുമെന്ന മനസിന്റെ വേലിയേറ്റം….

വാതിൽ പൂട്ടുന്ന ഒച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി…

ശ്രീയേട്ടൻ പോകാനിറങ്ങുകയാണ്…കയ്യിൽ ആ ബോക്സുണ്ട്…

വർഷങ്ങൾക്കു മുൻപ് ശ്രീയേട്ടന് B. tech ന് അഡ്മിഷൻ കിട്ടിയപ്പോഴാണ് ആ ആളെ കുറിച്ചറിയുന്നത്…താനന്നു എട്ടാം ക്ലാസിൽ പഠിക്കുകയാണ്…

മാധവൻ മാഷുടെ മോനാണ് എന്നു മാത്രമേ അറിയുകയുള്ളായിരുന്നു..
പിന്നീട് പത്രത്തിൽ ഫോട്ടോ വന്നപ്പോഴാണ് ആളെ കാണുന്നത്..

ചിരിച്ചുകൊണ്ട് നിൽക്കുന്ന ആ പതിനെഴുകാരൻ പടിപ്പിസ്റ്റിനെ തെല്ലൊരു ആരാധനയോടെയാണ് നോക്കിയത്…

പിന്നീട് വായനശാല വഴിയും ഉസ്‌കൂൾ വഴിയും അനുമോദന ചടങ്ങു നടത്തിയപ്പോൾ അതിൽ പോയി പങ്കെടുത്തു നേരിട്ട് കണ്ടു…

അന്ന് എങ്ങനെയാണ് താൻ പടിക്കുന്നതെന്നൊക്കെ ശ്രീയേട്ടൻ പറഞ്ഞിരുന്നു..

അതുപോലെയാണ് പിന്നീടങ്ങോട്ട് പഠിച്ചിരുന്നത്….

പത്തിലും +2വിനും അങ്ങനെ ഫുൾ A+ വാങ്ങി..എന്നിട്ടാ പത്രത്താൾ എടുത്ത് വെച്ചു പറഞ്ഞിട്ടുണ്ട്…”ദേ ഞാനും വാങ്ങിയല്ലോ” എന്നു..

പിന്നീട് ആളെ കണ്ടിട്ടില്ല…തിരുവനന്തപുരത്ത് പഠിക്കാനായി പോയി…

എല്ലാം കഴിഞ്ഞു തിരികെ വന്നെന്നറിഞ്ഞിരുന്നു….അങ്ങനൊരു ദിവസമാണ് മഹാദേവന്റെ പടവിൽ നിന്നും ശ്രീയേട്ടന്റെ നെഞ്ചിലേക്ക് വീണത്….അറിയില്ലായിരുന്നു അത് ശ്രീയേട്ടനാണെന്നു…

താടിയും മീശയും ഒക്കെ വെച്ചു വണ്ണം വെച്ചു വന്ന ശ്രീയേട്ടനെ തനിക്കു തിരിച്ചറിയാനായില്ല….പിന്നീട് ഫൈസിക്കാടെ കൂടെ കണ്ടപ്പോഴാണ് മനസിലായത്….

പോകാനിറങ്ങിയ ശ്രീയും ആ മാഞ്ചിയത്തിലേക്കു നോക്കി രണ്ടു നിമിഷം നിന്നു….

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

“അമ്മേ….എന്റെ മനസ്സൊന്നു പാകപ്പെടാനുണ്ട്….ഒരു നല്ല ഭാര്യ ആകാൻ എനിക്ക് പറ്റുമോ എന്നറിയില്ല…

ശ്രീയേട്ടന്റെ പെണ്ണായി അങ്ങോട്ട് വരുമ്പോൾ പൂർണ്ണമായും ഏട്ടനെ സ്നേഹിക്കാൻ പറ്റുന്ന… മറ്റൊന്നിനാലും തടസ്സപ്പെടാത്ത ഒരു ഹൃദയവുമായി വരണമെന്നാണ് ഞാൻ ആഗ്രഹിച്ചത്….

ഇതിപ്പോൾ അങ്ങനെ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…ന്റമ്മയും അച്ഛയും ഒരു നോവായി കിടക്കുന്നു അവിടെ…ന്നെ വല്ലാതെ മുറിപ്പെടുത്തുന്നു അത്…

അവരവിടെ അങ്ങനെ കിടക്കുമ്പോൾ…നിക്ക് സന്തോഷിക്കാനാവില്ലാമ്മെ”

കണ്ണു നിറച്ചു സേതു പറഞ്ഞതു കേട്ടു സുമംഗലാമ്മയുടെ കണ്ണും നിറഞ്ഞു…

“ന്റെ കണ്ണൻ കാത്തിരുന്നോളും..എത്ര നാൾ വേണമെങ്കിലും…അവന്റെ നെഞ്ചു നിറച്ചു നീയാണ് പൊന്നു…”

🌹🌹🌹🌹

“മ്മെ…മയിൽപ്പീലിപ്പച്ച നിറത്തിലെ മതീട്ടോ…”

എറണാകുളത്തെ വലിയ ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നു കല്യാണ സാരി സെലക്റ്റ് ചെയ്യുന്ന അമ്മയുടേം പെങ്ങൻമാരുടെയും അടുത്തേക്ക് ചെന്നിട്ട് അമ്മയുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തവൻ അടക്കത്തിൽ പറഞ്ഞു…

തിരിഞ്ഞു നോക്കിയ സുമംഗലാമ്മയുടെ ചുണ്ടിൽ ഒരു വാത്സല്യപുഞ്ചിരി തെളിഞ്ഞു…

അങ്ങനെ ആ തുലാമാസത്തിലെ തണുപ്പുള്ള ഒരു ഞായറാഴ്ച…

മഹാദേവന്റെ നടക്കൽ വെച്ചായിരുന്നു താലികെട്ട്…സദ്യ ബാലൻ മാഷിന്റെ വീട്ടിലും…

മയിൽപ്പീലിപ്പച്ച പട്ടുസാരിയണിഞ്ഞു തല നിറയെ മുല്ലപ്പൂ ചൂടി ആവശ്യത്തിനു ആഭരണങ്ങളും ധരിച്ചു സുന്ദരിയായാണ് അവളെത്തിയത്…

ശ്രീധരേട്ടന്റെ പ്രൗഡിക്കനുസരിച്ചല്ല..മറിച്ചു ബാലൻ മാഷിന്റെ പ്രൗഡിക്കനുസരിച്ചാണ് വിവാഹം നടത്തിയത്…

തലേദിവസം രാവിലെ തന്നെ ഫൈസിയെ അയച്ചു ശ്രീ ശ്രീധരേട്ടനെ എത്തിച്ചിരുന്നു…

മഹാദേവന്റെ നിറസാന്നിധ്യത്തിൽ മഞ്ഞചരടിൽ കൊരുത്ത താലി ശ്രീ സേതുവിനെ അണിയിച്ചു…അതിനൊപ്പം Sree എന്നെഴുതിയ ലോക്കറ്റോടെ സ്വർണമാലയും അണിയിച്ചു….

ശ്രീധരേട്ടൻ മകളുടെ കൈ പിടിച്ചു ശ്രീയെ ഏല്പിച്ചു…

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

വീട്ടിലെത്തിയപ്പോൾ മുതൽ സുമംഗലാമ്മയുടെ നിഴൽപറ്റി നടക്കുകയായിരുന്നു അവൾ….

ഒന്നു രണ്ടു വട്ടം കാണാനായി ശ്രീ ഒന്നു കറങ്ങിത്തിരിഞ്ഞെങ്കിലും കാണാൻ പറ്റിയില്ല….

രാത്രി….

കൂട്ടുകാരുടെ വട്ടം കൂടലുകൾക്കിടയിൽ നിന്നും അല്പം വൈകിയാണ് ശ്രീ മുറിയിലേക്ക് ചെന്നത്…

മുറിയിലേക്ക് കയറും മുൻപേ സുമംഗല അവനെ വിളിച്ചു…

“മോനെ…എന്തിനും അവൾക്ക് കുറച്ചു സമയം നീ കൊടുക്കണം…മനസ് കൊണ്ടു അവൾ ഒന്നു പാകപ്പെട്ടോട്ടെ….”

“ഉം…”

മുറിയിലേക്ക് കയറിയപ്പോൾ കമ്പ്യൂട്ടർ ടേബിളിൽ തലവെച്ചുകിടക്കുന്ന സേതുവിനെയാണ് ശ്രീ കണ്ടത്…

ഒരു ഗ്ലാസ് പാൽ അടുത്തു തന്നെ മൂടി വെച്ചിട്ടുണ്ട്…

അവൻ മേൽകഴുകി തിരിച്ചിറങ്ങിയപ്പോഴും അവൾ അങ്ങനെ തന്നെ കിടക്കുകയായിരുന്നു…

വിളിക്കണോ…വേണ്ടയോ..എന്നാലോചിച്ചു ഒരു നിമിഷം അവൻ നിന്നു…

പിന്നെ പതിയെ വിളിച്ചു…”സേതു..”

ഞെട്ടിപ്പിടഞ്ഞവൾ എഴുന്നേറ്റു…

അവനെ കണ്ടു ഭിത്തിയോട് ചേർന്നു തല കുമ്പിട്ടു നിന്നു…

“നീ കട്ടിലിൽ കയറിക്കിടക്കൂ…”

അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ടു അവൻ അവളുടെ അടുത്തേക്ക് ചെന്നു…

അവൾ ദയനീയമായി ശ്രീയെ നോക്കി…

“പേടിക്കേണ്ട…ഒരു ഭർത്താവിന്റെ യാതൊരു അവകാശവും ഞാൻ നിന്നിൽ സ്ഥാപിക്കില്ല…

എന്നു നീ പൂർണ്ണമായും എന്നെ ഉൾകൊള്ളുന്നുവോ…അതുവരെയും ഞാൻ കാത്തിരുന്നോളാം…നിന്റെ സ്നേഹത്തിനും ഇഷ്ടത്തിനും ഒക്കെയായിട്ട്…”

സേതുവിന് ആശ്വാസമാണ് തോന്നിയത്…

പാലെടുത്ത് പകുതി കുടിച്ചിട്ട് അവൻ ഗ്ലാസ് അവൾക്കു നേരെ നീട്ടി…

സേതു അത് വാങ്ങി ഒരു മൊത്തു മൊത്തി…എന്നിട്ട് വീണ്ടും മൂടി വെച്ചു…

അവൾ കട്ടിലിലേക്ക് കയറിക്കിടന്നു…

ശ്രീ ഇപ്പുറത്തേക്ക് വന്നു കിടന്നപ്പോൾ കുറേക്കൂടി നീങ്ങി ഭിത്തിയോട് ചേർന്നു…

അവനൊന്നു ചരിഞ്ഞുകിടന്നപ്പോൾ അവൾ വീണ്ടും ഭിത്തിയോട് പറ്റി ചേർന്നു…

“ഇനിയും ,നീങ്ങണ്ടാട്ടോ…അതു തുളച്ചു അപ്പുറത്ത് പോയാൽ വരാന്തയും കഴിഞ്ഞു അവിടെ പശുത്തൊഴുത്താ…”

അവൻ ചിരിയോടെ തിരിഞ്ഞു കിടന്നു…

🍂🍂🍂🍂

രാവിലെ അവൾ ഉറക്കമുണർന്നപ്പോൾ ശ്രീ അടുത്തുണ്ടായിരുന്നില്ല…

വേഗം തന്നെ കുളിച്ചു അടുക്കളയിലേക്കു ചെന്നു…

“പൊന്നു ആന്റി…”നന്ദമോൾ ഓടി അടുത്തേക്ക് വന്നു…

“ആരാ പറഞ്ഞേ ആന്റിടെ പേര് പൊന്നൂന്ന് ആണെന്ന്…?”സേതു അവളെ വാരിയെടുത്ത് കൊണ്ടു ചോദിച്ചു…

“അമ്മമ്മ”…അവൾ ചിരിച്ചു കൊണ്ട് സുമംഗലയുടെ നേർക്ക് കൈചൂണ്ടി…

“അപ്പൊ പൊന്നൂട്ടി ഞങ്ങളൊക്കെ ഇന്ന് പോകും ട്ടോ…”വിദ്യ ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു

“പൊന്നുവേച്ചിയെ…ഞാനും…പോകുംട്ടോ…നാത്തൂൻമാരുടെ പോര് ഉണ്ടാകുമെന്ന പേടി ന്തായാലും വേണ്ട…പിന്നെ ഇവിടുത്തെ വയസനെയും വയസിയേയും നന്നായി നോക്കിയെക്കുട്ടോ…”ലച്ചുവിന്റെ വക കമന്റായിരുന്നു അത്….

സേതു ചെറുചിരിയോടെ അമ്മയുടെ അടുത്ത് ചെന്ന് നിന്നു…

വിദ്യയും ലച്ചുവും അപുറത്തെക്കു പോയപ്പോൾ സുമംഗല സേതുവിനോട് ആരാഞ്ഞു…

“ന്തേ..നെറുകയിൽ കുങ്കുമം ചാർത്താഞ്ഞേ.”?

അവൾ വിരലുകൾ ഒന്നു നെറുകിലൂടെ ഓടിച്ചു..”മറന്നു പോയമ്മേ…”

“മറക്കരുത് ട്ടോ…നമ്മുടെ ഭർത്താക്കന്മാരുടെ ആയുസ്സിനും ഐശ്വര്യത്തിനും വേണ്ടിയാണ്….എന്നും ചാർത്തണം…ട്ടോ…”

“ഉം…”

കുറച്ചുകഴിഞ്ഞപ്പോൾ മുണ്ടുമുടുത്ത് തലയിലൊരു തോർത്തും വളച്ചുകെട്ടി കയ്യിലൊരു തൂമ്പായുമായി ശ്രീ പൈപ്പിൻ ചുവട്ടിൽ കാൽ കഴുകുന്നത് കണ്ടു…

അവൻ വെളുപ്പിനെഴുന്നേറ്റു പറമ്പിലേക്ക് പോയതായിരുന്നു എന്നു അവൾക്കു മനസിലായി…

🌾🌾🌾🌾🌾🌾🌾🌾🌾🌾

രണ്ടു ദിവസം കൂടി കഴിഞ്ഞു…ബാലൻ മാഷും സാവിത്രി ടീച്ചറും മകന്റെ ഒപ്പം കാനഡക്കു പോയി…

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു….ആ തുലാമാസവും കടന്നു വൃശ്ചികപുലരി എത്തി….

ശ്രീ അപ്പോഴും കാത്തിരിപ്പിലായിരുന്നു..
തനിക്കായി അവൾ ഒന്നു ചിരിക്കുന്നത് കാണാൻ…
തനിക്കു വേണ്ടി ആ കണ്ണുകൾ ഒന്നു പിടക്കുന്നത് കാണാൻ…
തനിക്കു വേണ്ടി ആ ഹൃദയം ഒന്നു മിടിക്കുന്നത് കേൾക്കാൻ….

ആ ഒരു കരസ്പർശനത്തിനായി…ഒരു നനു ചുംബനത്തിനായി…അവൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു…

🍂🍂🍂
ദിവസങ്ങൾ വീണ്ടും തിരക്കിട്ടു ഓടി നീങ്ങി…
അന്നൊരു ദിവസം കോച്ചിങ് സെന്ററിൽ നിന്നും തിരികെ വരും നേരം വാതിൽക്കൽ ആരെയും കണ്ടില്ല…

അമ്മയോടൊപ്പമുള്ള വൈകിട്ടുള്ള പതിവ് പാൽ കറക്കൽ പരിശീലനത്തിന് ശേഷം അടുക്കളപ്പടിയിൽ വിശ്രമിക്കുമ്പോഴായിരുന്നു അച്ഛന്റെ വരവ്…

നോക്കിയപ്പോൾ കൈയിലെയും കാലിലെയും നഖമെല്ലാം വളർന്നിരിക്കുന്നു….അതു വെട്ടിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു സേതു…

അവൻ കൗതുകത്തോടെ ആ കാഴ്ച അല്പനേരം നോക്കി നിന്നു…

മുറ്റത്തെ അയയിൽ കിടക്കുന്ന തുണികളെല്ലാം പെറുക്കിയെടുക്കുകയാണ് അമ്മ..

അച്ഛനും അമ്മയ്ക്കും ഇപ്പോൾ അവളില്ലാതെ പറ്റില്ലെന്നായിരിക്കുന്നു…

°°അവൾ മനസിലാക്കുന്നില്ലല്ലോ ഈ ശ്രീയേട്ടനും അത് പറ്റുന്നില്ലാന്നുള്ളത്°°

അവനെന്തോ വല്ലാതെ വീർപ്പുമുട്ടി….അടുക്കളയിലേക്കു ചെല്ലാതെ മുറിയിൽ തന്നെ മാറിക്കിടന്നു….

“പൊന്നു….അച്ഛന്റെ മുറിയിലേക്കിത്തിരി ചൂട് വെള്ളം വേണം ട്ടോ….”അച്ഛൻ അവളോട്‌ വിളിച്ചു പറയുന്നു….

“ഞാൻ ഫ്ലാസ്കിൽ എടുത്തു വെച്ചിട്ടുണ്ടച്ചാ…”

എന്തിനോ ശ്രീയുടെ കണ്ണു നിറഞ്ഞു….

ഉണങ്ങിയ തുണികൾ മുറിയിലേക്കിടൻ വന്ന സുമംഗല മകൻ കൈമടക്കി കണ്ണുകളിൽ വെച്ചു കിടക്കുന്നത് കണ്ടു അമ്പരന്നു….

“എന്തു പറ്റി കുട്ടാ…ചോദിച്ചതിനോടൊപ്പം അവർ ആ കൈകൾ മുഖത്തു നിന്നും ബലമായി മാറ്റി…

ആ കണ്ണിലെ നനവ് വ്യക്തമായി കണ്ടു ആ അമ്മ….

അവനൊന്നും പറയാതെതന്നെ ‘അമ്മ അവനെ അറിയുന്നുണ്ടായിരുന്നു…

നെറുകയിൽ ഒന്നു തലോടി ‘എല്ലാം ശരിയാകും കുട്ടാ’ എന്നു പറഞ്ഞു സുമംഗല എഴുന്നേറ്റു പോയി…

ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ….പറമ്പിലേക്കിറങ്ങാൻ വെളുപ്പിനെ എഴുന്നേറ്റ ശ്രീ കാണുന്നത് എവിടെയോ പോകാൻ ഒരുങ്ങി നിൽക്കുന്ന അച്ഛനെയും അമ്മയെയുമാണ്…

“ഇതെങ്ങോട്ടാ”…എന്നു ചോദിച്ചപ്പോഴേക്കും വാതിൽ കടന്നു ഫൈസിയും ഡേവിച്ചനും എത്തി..
രണ്ടാളും കസവുമുണ്ടും ഷർട്ടും ഒക്കെയാണ് ധരിച്ചിരിക്കുന്നത്….

“അച്ഛനും അമ്മയും ഞങ്ങളും കൂടി ഒരു ഗുരുവായൂർ പഴനി ട്രിപ്പ്…ഒന്നു കുളിച്ചു തൊഴാൻ…പോയി കാറിന്റെ താക്കോൽ എടുത്തു കൊണ്ട് വാടാ…”ഫൈസിയാണ് മറുപടി പറഞ്ഞത്…

ചിരിയും ബഹളവും കേട്ട് സേതുവും ഉണർന്നിരുന്നു…

“പൊന്നു…ഞങ്ങൾ പോയിട്ട് വരാട്ടോ…ശ്രീക്കുട്ടാ…നമ്മുടെ പല്ലാവൂരുള്ള അമ്മാവന്റെ വീട്ടിൽ കൂടി കയറിയിട്ട് രണ്ടീസം കഴിഞ്ഞേ ഞങ്ങൾ വരൂട്ടോ…”സുമംഗല ചിരിച്ചു കൊണ്ട് പടിയിറങ്ങി…പുറകെ മറ്റുള്ളവരും..

അന്നത്തെ ദിവസം അവൻ കൊച്ചിങ്സെന്ററിൽ പോയില്ല…രണ്ടു ദിവസം ലീവ് വിളിച്ചു പറഞ്ഞു…അവളെ ഒറ്റക്ക് നിർത്തി പോകാൻ ഒരു ബുദ്ധിമുട്ട്…

തന്റെ കൂടെ അടുക്കളജോലിക്കു കൂടിയ… തുണി നനച്ചിടാൻ ഇറങ്ങിയപ്പോൾ അതൊക്കെ ഒപ്പം വിരിച്ചിടാൻ കൂടിയ… തേങ്ങാ ചിരവി തന്ന… പച്ചക്കറികളൊക്കെ നൂറുക്കാൻ ഒപ്പം കൂടിയ ശ്രീയേട്ടൻ അവളെ അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു…

പിറ്റേന്ന് വെളുപ്പിന് പശുവിനെ കറക്കാനായി എഴുന്നേറ്റ് അടുക്കളവാതിൽ തുറന്നപ്പോൾ ആ കൂടെ എഴുന്നേറ്റു വന്നു കൂട്ടു നിന്ന…

താൻ ഒറ്റക്കെയുള്ളൂ എന്നത് കൊണ്ട് വെളുപ്പിനെയുള്ള പാടത്തെക്കുള്ള പോക്ക് മാറ്റി വെച്ച… ശ്രീയേട്ടനെ അവൾ മനസിലേക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു….

ആ സാമീപ്യത്തിൽ മനസിൽ നോവായി കിടന്ന അമ്മയും അച്ഛയും എന്ന ആ വലിയ ഭാരം അലിഞ്ഞു പോകുന്നത് പോലെ….

ഓരോ ചെറിയ കാര്യത്തിനും തന്നോടുള്ള ശ്രീയേട്ടന്റെ കരുതലിൽ..പഴയ ആ ഇഷ്ടവും പ്രണയവും പൂർവാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു അവളിൽ….

രാത്രിയിൽ ജോലിയൊക്കെ ഒതുക്കി മേൽകഴുകി സേതു എത്തിയപ്പോഴും ഹാളിലെ ദിവാൻകോട്ടിൽ ചാരിയിരുന്നു ശ്രീ എന്തോ വായിക്കുകയായിരുന്നു…

“കിടക്കുന്നില്ലേ…”അവൾ പിന്നിൽ നിന്നും ചോദിച്ചു…

“ഇത്തിരി കഴിഞ്ഞു കിടന്നോളാം..”അവൻ തിരിഞ്ഞു നോക്കാതെ മറുപടി കൊടുത്തു…

അവൾ അവനെ ആകെയൊന്നു നോക്കി…കാവിമുണ്ടാണ് വേഷം..കുളി കഴിഞ്ഞ മുടി വൃത്തിയായി ചീകി വെച്ചിട്ടുണ്ട്…കഴുത്തിലെ സ്വർണ്ണമാല ട്യൂബിന്റെ വെട്ടത്തിൽ മിന്നിത്തിളങ്ങു ന്നു….

അവൾ സ്വപ്നത്തിലെന്ന പോലെ പിന്നിലൂടെ ചെന്നു അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു…ആ താടി അവന്റെ തോളിൽ ചേർത്തു വെച്ചു…

ശ്രീ ഞെട്ടിത്തിരിഞ്ഞു നോക്കി…അവന്റെ കണ്ണുകളിൽ വിസ്മയമായിരുന്നു…കൈകൾ പിടിച്ചവൻ അവളെ തന്റെ അടുത്തേക്ക് ഇരുത്തുവാൻ തുനിഞ്ഞു…

അവൾ താഴെക്കാണിരുന്നത്…..ആ പാദങ്ങളിൽ തെരുപ്പിടിച്ചു കൊണ്ടവൾ അവന്റെ മിഴികളിലേക്കു നോക്കി…

ആ കണ്ണുകളിൽ സ്നേഹമിരമ്പുന്നത് അവൾ കണ്ടു…

“മാപ്പ്….മാപ്പ്…”പറഞ്ഞുകൊണ്ടവൾ ആ മടിയിലേക്കു തലചായ്ച്ചു…

അവൻ ആ മുടിയിഴകൾ തഴുകിക്കൊണ്ടിരുന്നു…

എവിടെ നിന്നോ ഒരു വൃശ്ചികപൂങ്കാറ്റു തണുവീശി വന്നണഞ്ഞു..തൊട്ടുപുറകെ കാറ്റിനെ പിരിഞ്ഞിരിക്കാനാവാത്ത പോലെ തൂവാനവും…

മഴതണുപ്പ് ജനാലയിലൂടെ അരിച്ചകത്തെക്കു കയറി…മഴച്ചീളുകൾ വന്നു ഇരുവരുടെയും മുഖത്തടിച്ചു..

തങ്ങൾക്കിടയിലേക്കു മഴ വീണ്ടും വന്നിരിക്കുന്നു…അകലാനാവാതെ…പിരിയാനാവാതെ….ഒരു മഴസംഗീതം…

“നനയാം…ശ്രീയേട്ട…”അവൾ അവനെ നോക്കി ചോദിച്ചു…

“ഉം…”മുറ്റത്തേക്കിറങ്ങാനാഞ്ഞ അവൻ എന്തോ ഓർത്തിട്ടെന്ന പോലെ അകത്തു ചെന്നു ബുള്ളറ്റിന്റെ താക്കോൽ എടുത്തു കൊണ്ടിറങ്ങി…”

“ഈ വേഷം മതിയോ…”ഉടുത്തിരിക്കുന്ന പച്ചപുളിയിലക്കര മുണ്ടും നേര്യതും നോക്കി കൊണ്ടു അവൾ അവനോടു ചോദിച്ചു…

“ഉവ്വല്ലോ…നല്ല ചന്തമാണല്ലോ..ഇതൊക്കെ ചുറ്റുമ്പോൾ കാണാൻ…”ആ പഴയ കുസൃതിച്ചിരിയും കണ്ണിറുക്കലും തിരികെ വന്നിരുന്നു അവനിൽ…

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അവളെ ക്ഷണിച്ചു അവൻ….

പിന്നിൽക്കയറി അവനെ ചുറ്റിപ്പിടിച്ചു ആ തോളിൽ മുഖമമർത്തി അവളിരുന്നു…

ഒതുക്കുകല്ലിന്റെ ചുവട്ടിലാണ് അത് നിന്നത്….

ശ്രീയുടെ കയ്യും പിടിച്ചു ഒതുക്കുകല്ലുകൾ ഓടിക്കയറി അവൾ മാഞ്ചിയത്തിന്റെ ചുവട്ടിൽ നിന്നു….

അവളുടെ കണ്ണിലെ പ്രണയനക്ഷത്രങ്ങൾ മഴചാറ്റൽ ഏറ്റു വെട്ടിത്തിളങ്ങി..
ആ മുഖം കൈക്കുമ്പിളിലെടുത്തവൻ ചുടുചുംബനങ്ങൾ കൊണ്ടു മൂടി…

വാരിപ്പുണർന്നുകൊണ്ടു ആ കാച്ചെണ്ണയുടെ സുഗന്ധം ആവോളം ആസ്വദിച്ചവൻ നിന്നു…
സിരകളിലെ രക്തത്തിനു ചൂട് പിടിച്ചു തുടങ്ങിയപ്പോൾ …

ആ ലഹരി അനിയന്ത്രിതമായപ്പോൾ… അവൻ തിരിച്ചിറങ്ങി തന്റെ പ്രാണനുമായി……ഒരു മഴയായി അവളിലേക്ക് പേയ്തിറങ്ങാൻ…ആ മഴതണുപ്പിൻ കുളിര് ഒന്നിച്ചു നുകരാൻ….

പിറ്റേന്ന് വെളുപ്പിന് തിരിച്ചു വന്ന സുമംഗലാമ്മ കണ്ടത് പാടത്തേക്കിറങ്ങാൻ പോകുന്ന ശ്രീക്ക് ചായ ചൂടാറ്റി കൊടുക്കുന്ന സേതുവിനെയാണ്….നെറുകയിൽ കുങ്കുമം….

ഒരു കൈ കൊണ്ട് അവൻ അവളെ അരയിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ട്…

“സ്നേഹിക്കാനൊരു പെണ്ണും വിശ്വസിക്കാനൊരു മണ്ണും ഉണ്ടെങ്കിൽ എന്തിനാടി b. tech…”അവൻ ചോദിക്കുന്നു…

“പറ്റില്ല…ആ psc എക്സാം എഴുതിയെ പറ്റൂ…”

“എഴുതാം ന്നെ….ഇനി അതിനു മുഖം വീർപ്പിക്കണ്ടാ…”അവൻ അവളുടെ കവിളിൽ ഒന്നു തോണ്ടി കൊണ്ടു പുറത്തേക്കിറങ്ങി….

ആ അമ്മമനസ് നിറഞ്ഞു…”ഗുരുവായൂരപ്പാ..”അവർ തേങ്ങി…

അല്ലെങ്കിലും അമ്മമാരോളം മക്കളെ അറിയുന്നവർ ആരാണ് ഈ ഭൂവിൽ…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്ന് ഭാനുമതിയെ കൊണ്ടു വരാനായി പോകുകയാണ്….ആശ്രമത്തിൽ നിന്നും വിളിച്ചിരുന്നു…അസുഖം പൂർണ്ണമായും ഭേദമായി എന്നറിയിച്ചു കൊണ്ടു….

അടുത്ത മേടമാസത്തിലെ കാർത്തികനാൾ… ഒരു തിങ്കളാഴ്‌ച..ശ്രീയേട്ടന്റെ പിറന്നാൾ….
ഇന്ന് തന്നെയാണ്…സേതു ജോയിൻ ചെയ്യുന്നതും….പുഴക്കര പഞ്ചായത്തിൽ LD ക്ലാർക്കായി…

ഇരുവരും മഹാദേവന്റെ നടക്കൽ നിന്നു തോഴുകയാണ്… സേതു മനമുരുകി പ്രാർത്ഥിച്ചു തന്റെ ശ്രീയേട്ടന് വേണ്ടി…

നെറുകയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ അവൾ മിഴികൾ തുറന്നു……അവിടുത്തെ ദേവിനടക്കൽ നിന്ന് കിട്ടിയ കുങ്കുമം നെറുകയിൽ ചാർത്തുന്നു …ശ്രീയേട്ടൻ…

ചിരിയോടെ അവൾ അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു….

🌱🌱🌱🌱
വർഷങ്ങൾ നാല് കടന്നു പോയി…

മാധവൻ മാഷ് കഴിഞ്ഞമാസം റിട്ടയർ ചെയ്തു…

സേതുവിനെ കൊണ്ടു ശ്രീ ഇന്ദിരാഗാന്ധി ഓപ്പണ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയും b.ed എടുപ്പിച്ചിരുന്നു ഇതിനിടയിൽ….അതുകഴിഞ്ഞു വന്ന UP സ്‌കൂൾ അസിസ്റ്റന്റ് psc പരീക്ഷയും എഴുതിച്ചിരുന്നു….

ഈ ജൂണ് മാസത്തിൽ അച്ഛന്റെ സ്‌കൂളിൽ തന്നെ ടീച്ചർ ആയി കയറുകയാണ് അവൾ…

ആ LP സ്‌കൂൾ UP സ്‌കൂൾ ആയി മാറിയിരുന്നു ഇതിനോടകം….

ബാലൻമാഷും ടീച്ചറമ്മയും മകനും കുടുംബത്തോടും ഒപ്പം തിരികെ വന്നിട്ടുണ്ട്…ഇനിയുള്ള കാലം നാട്ടിൽ തന്നെ…മകന്റെ ബിസിനസ് കോച്ചിയിൽ പുരോഗമിക്കുന്നു….

പുഴക്കരയിലെ കുട്ടികൾക്കായി ശ്രീ ഒരു എൻട്രൻസ് കോച്ചിങ് സെന്റർ തുടങ്ങുകയാണ്…മിതമായ ഫീസിൽ..പുതിയ എൻജിനിയർമാരെയും ഡോക്റ്റർമാരെയും കണ്ടെത്താൻ…

അച്ഛൻ ഫ്രീ ആയതു കൊണ്ട് ചുമതലയോക്കെ ഇനി മുതൽ അച്ഛൻ ഏറ്റെടുക്കുകയാണ്…..പുറത്ത് നിന്നും അധ്യാപകരെ ഏർപ്പാടാക്കിയിട്ടുണ്ട്…അവർ വന്നു പഠിപ്പിക്കും….

ശ്രീ എന്താ പടിപ്പിക്കാത്തത് എന്നല്ലേ…
ശ്രീക്ക് ജോലി കിട്ടി ട്ടോ…..

🌹🌹🌹🌹

“പൊന്നു….ഞാനിറങ്ങുവാണേ…”ശ്രീ വിളിച്ചുപറയുന്നത് കേട്ടാണ് സേതു മുറിയിലേക്ക് ചെന്നത്….

പോകും വഴി ഉമ്മറത്തേക്കു നോക്കിയപ്പോൾ ശ്രീധരൻ അച്ഛയും ഭാനു അമ്മയും കൂടി കയറി വരുന്നു….അമ്മയുടെ കയ്യിലെ ഇലച്ചീന്തിൽ പ്രസാദമുണ്ട്…

“ആഹ്…പൊന്നൂട്ടി…ഇത് ശ്രീക്കുട്ടന്റെ പേരിൽ കഴിപ്പിച്ച വഴിപാടാണ്….ഇന്ന് കുട്ടൻ ജോയിൻ ചെയ്യുവല്ലേ…”കയ്യിലിരുന്ന ഇലച്ചീന്തു ഭാനുമതി സേതുവിന്റെ കയ്യിൽ കൊടുത്തു….

ശ്രീ ഇന്ന് ടൗണിലെ ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ ആയി ജോയിൻ ചെയ്യുകയാണ്….

അവൾ പ്രസാദവുമായി മുറിയിലേക്ക് ചെന്നു….

ആ നെറ്റിയിൽ കളഭം ചാർത്തി….ശ്രീ അതിൽ നിന്ന് അല്പമെടുത്തു അവളുടെ നെറ്റിയിലും വരച്ചു…

ഇത്തിരി കളഭം ചൂണ്ടുവിരലിൽ പറ്റിപ്പിടിച്ചിരുന്നത് ആ നേര്യതിന്റെ അറ്റം അല്പം മാറ്റി വയറിൽ തേച്ചുകൊടുത്തു…

“ഒരു കുറി കൊച്ചുശ്രീക്കും ഇരിക്കട്ടെ…”

അവൾ ചിരിയോടെ ആ നെഞ്ചിലേക്ക് മുഖം പൂഴ്‌ത്തി…

“സൂക്ഷിച്ചോണം കേട്ടോ…എന്തെങ്കിലും വയ്യായ്ക തോന്നുവാണെങ്കിൽ അപ്പോൾ തന്നെ അച്ഛനെ വിളിച്ചു ഹോസ്പിറ്റലിലേക്ക് പോയ്ക്കോണം കേട്ടോ…”അവൻ അല്പം ഉന്തി നിൽക്കുന്ന അവളുടെ വയറിൽ മെല്ലെ തടവിക്കൊണ്ടു പറഞ്ഞു….

“B. tech വേഗം പോകാൻ നോക്ക്…ആദ്യദിവസം തന്നെ വൈകണ്ട…”അവൾ ആ കവിളിൽ തന്റെ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു…

അവൻ ചെറുചിരിയോടെ കണ്ണിറുക്കി കൊണ്ട് വീണ്ടും അവളെ തന്റെ നെഞ്ചോടു ചേർത്തു….🌹

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇവിടെ തീരുന്നു ഒരു തുലാമാസ മഴനനവിൽ തന്റെ ഇടനെഞ്ചിൽ കയറിപ്പറ്റിയ തന്റെ പ്രാണനെ മറ്റൊരു തുലാമാസത്തിൽ തന്റെ ജീവന്റെ പാതിയാക്കി കൂടെ കൂട്ടിയ ശ്രീയുടെ കഥ…ഇഷ്ടായല്ലോ…അല്ലെ…

ഇനി ഒരു കാത്തിരുപ്പില്ല….കൂടേ കൂടിയ കൂട്ടുകൾക്കെല്ലാം….ഒരുപാട് സ്നേഹം

A story by DK ©Divya Kashyap

NB:ആ മാഞ്ചിയത്തിന്റെ ചുവട്ടിൽ നിൽക്കുന്നവരെല്ലാം തിരികെ പോരൂട്ടോ….ആ മാഞ്ചിയം വെട്ടാൻ പോകുവാ…😜

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20

ശ്രീയേട്ടൻ… B-Tech : PART 21

ശ്രീയേട്ടൻ… B-Tech : PART 22

ശ്രീയേട്ടൻ… B-Tech : PART 23

ശ്രീയേട്ടൻ… B-Tech : PART 24

ശ്രീയേട്ടൻ… B-Tech : PART 25

ശ്രീയേട്ടൻ… B-Tech : PART 26

ശ്രീയേട്ടൻ… B-Tech : PART 27