Sunday, December 22, 2024
Novel

പ്രണയവീചികൾ : ഭാഗം 33

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


തന്റെ മുൻപിൽ നിൽക്കുന്ന സാരംഗിന്റെ മിഴികളിലേക്കായിരുന്നു അവളുടെ മിഴികൾ കോർത്തു നിന്നിരുന്നത്.

തന്റെ പ്രാണനാണ് മുൻപിൽ നിൽക്കുന്നത്. കഴുത്തിൽ താലിചാർത്തിയവൻ… തന്റെ പാതി.
അവനുമൊത്തുള്ള മനോഹരനിമിഷങ്ങളും സായാഹ്നങ്ങളും മനസ്സിലൂടെ കടന്നുപോയി.

ഓടിച്ചെന്നവനെ വാരിപ്പുണരണമെന്നും പരിഭവങ്ങൾ മഴപോലെ ആ മാറിലൊഴുക്കി കളയണമെന്നും അതിയായി മോഹിച്ചു.

ഞൊടിയിടയിലാണ് സാരംഗിന്റെ അമ്മയുടെ മുഖം തെളിഞ്ഞത്.

ആ അമ്മയുടെ കണ്ണുനീരും മുഖത്തെ ദുഃഖവും തന്റെ കടിഞ്ഞൂൽ കൺമണിയെ ഓർത്തായിരുന്നു… സാരംഗിനെയോർത്ത്..

അനുസരണയില്ലാത്ത നിറഞ്ഞ മിഴികളെ ഉടനെ തിരിഞ്ഞുനിന്ന് ഇടംകൈയാൽ തുടച്ചുമാറ്റി വീണ്ടും അവന് അഭിമുഖമായി നിന്നു.

താനെന്താ ഇവിടെ… അവൾ അണിഞ്ഞ പൊയ്മുഖമാണ് ആ ഗൗരവമെന്ന് മനസ്സിലാക്കിയവനൊന്ന് പുഞ്ചിരിച്ചു.

അതുകൊള്ളാം… ഭാര്യയും ഭർത്താവും ഒരുമിച്ചല്ലേ കഴിയേണ്ടത്. കഴിഞ്ഞ മൂന്നുമാസത്തിലേറെയായി എന്റെ ഭാര്യയെ ഞാനൊന്ന് കണ്ടിട്ട്..

ഇപ്പോഴത്തെ നിന്റെ അവസ്ഥയിൽ എനിക്കെങ്ങനെ മാറിനിൽക്കാൻ കഴിയും.. അവളെ കടന്ന് അകത്തേക്ക് കയറുന്നതിനിടയിൽ അവൻ പറഞ്ഞു.

ചുമലിലെ വലിയ ബാഗ് സെറ്റിയിലേക്കിട്ട് അവനൊന്ന് കൈകളുയർത്തി നിവർന്നു.

ഒത്തിരി വേദനിച്ചല്ലേ എന്റെ പെണ്ണിന്… അവളുടെ കൈകളിലും തലയിലെ കെട്ടിലും തഴുകിയവൻ ചോദിച്ചു.

അവന്റെ നിറഞ്ഞ മിഴികളിൽ നിറഞ്ഞുനിന്ന വേദന അവളിൽ ആയിരം സൂചിമുന കുത്തിയിറങ്ങുന്ന പ്രതീതിയുണ്ടാക്കി.
അവന്റെ സാമീപ്യം പോലും തന്നെ തരളിതയാക്കുന്നുവെന്ന് അവളറിഞ്ഞു.

ദേ.. താൻ ഇറങ്ങിപ്പോയേ. ഞാൻ ഡിവോഴ്സ് പേപ്പർ ഏല്പിച്ചിട്ടാണ് വന്നത്.
എനിക്ക് നിങ്ങളുമായൊരു ബന്ധo. അത് സാധ്യമല്ല… തന്റെ വേദന മറച്ചവൾ വീണ്ടുമാ മുഖമൂടി അണിഞ്ഞു.

അത് ഞാനാണ് തീരുമാനിക്കേണ്ടത്. വർഷം കുറെയായി ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയിട്ട്. നാളിതുവരെ ഒരു ഭർത്താവിന്റെ അധികാരത്തോടോ അവകാശത്തോടോ ഞാൻ നിന്നെ സമീപിച്ചിട്ടില്ല.

ഇങ്ങോട്ട് പോരുന്നതിന് മുൻപ് മോൾ പറഞ്ഞത് ഓർമ്മയുണ്ടോ… ഒരു വീട്ടിലോ മുറിയിലോ കഴിഞ്ഞിട്ടില്ലെന്ന്.. ശാരീരികമായൊരു ബന്ധം പോലും നമുക്കിടയിലുണ്ടായിട്ടില്ലെന്ന്… ആ കാരണത്താൽ അല്ലേ നീ എന്നെ ഉപേക്ഷിച്ചു വന്നത്.

ഇനിയതിന്റെ ആവശ്യമില്ല ഋതു ഉള്ളിടത്ത് ഇനി സാരംഗും കാണും.

മനസ്സിലായോ ഋതിക സാരംഗിന്… അവന്റെ ഭാവം മാറിയിരുന്നു. മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു.

ആ മുഖത്തെ ഭാവം കണ്ട് ഋതു പതറി.
വിയർപ്പുതുള്ളികൾ മത്സരിച്ചൊഴുകിയിറങ്ങി.

തളരുന്നതുപോലെ തോന്നിയപ്പോൾ അവൾ സെറ്റിയിലേക്കിരുന്നു.

അവളുടെ ഭാവങ്ങളോരോന്നും സസൂഷ്മം നിരീക്ഷിക്കുകയായിരുന്ന സാരംഗ് ഉടനെ സ്ഫടിക ജഗ്ഗിലിരുന്ന വെള്ളം ചില്ലുഗ്ലാസ്സിലേക്കൊഴിച്ച് അവൾക്കുനേരെ നീട്ടി.

ആർത്തിയോടവൾ അത് മുഴുവൻ കുടിച്ചു തീർത്തു.
അവനവളോട് വല്ലാത്ത സഹതാപം തോന്നി.

ഒരു മനുഷ്യജീവിതത്തിൽ അനുവഭിക്കാവുന്നതിന്റെ പതിന്മടങ്ങ് ദുരിതം അനുഭവിച്ചവളാണ്.
തന്റെ ജീവൻ രക്ഷിക്കാനായി ഒരുത്തനെ കൊന്നവളാണ്.. തന്റെ താലിയുടെ അവകാശി.

പക്ഷേ ഇനിയും അവളുടെ മുൻപിൽ ദുർബലനായി നിന്നാൽ അവളുടെ വാശി കൂടുകയേയുള്ളൂ.
ഇനിയും തന്റെ പെണ്ണിനെ വിധിയുടെ കളിപ്പാട്ടമായി വിട്ടുകൊടുക്കാൻ വയ്യ.

സാരംഗിന്റെ ആത്മാവ് ശരീരത്തിൽനിന്നും വിട്ടുമാറുന്നത് വരെ എന്റെ പെണ്ണ് കൂടെയുണ്ടായേ തീരൂ.. അവനുറപ്പിച്ചു.

നിമിഷങ്ങൾ കടന്നുപോയി.
ഋതുവിന് എതിർവശത്തായി കിടന്ന സെറ്റിയിൽ അവനും ഇരിപ്പുറപ്പിച്ചു.

അവളുടെ മനസ്സിൽ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. എന്ത് സ്വീകരിക്കണമെന്നും എന്ത് തിരസ്കരിക്കണമെന്നുമുള്ള വടംവലി ഉള്ളിൽ മുറുകുന്നതിന്റെ ഫലമാണ് മുഖത്തെ പിരിമുറുക്കം.

താൻ ബാംഗ്ലൂരിൽ ആണെന്നല്ലാതെ എവിടെയാണ് താമസമെന്നോ എവിടെ ജോലി ചെയ്യുന്നെന്നോ വീട്ടിലാർക്കും അറിയില്ല.

പിന്നെ സാരംഗ് എങ്ങനെ ഈ സ്ഥലം കണ്ടുപിടിച്ചു.

അതെ, തന്നെത്തേടി ഇത്ര ഉറപ്പോടെ സാരംഗ് ഇവിടെയെത്തണമെങ്കിൽ അതിന് കാരണക്കാർ അമ്പുവും നീരവുമല്ലാതെ മറ്റാരാണ്.

എല്ലാം തുറന്നുപറഞ്ഞിട്ടും അവന്മാർ ചെയ്തതോർത്ത് അവൾക്ക് വല്ലാതെ ദേഷ്യം തോന്നി.

സാരംഗേട്ടാ.. ഓടിവന്ന് അമ്പു അവനെ ഉടുമ്പടക്കം പുണർന്നു.

അവനും തിരികെ അമ്പുവിനെ സ്നേഹത്തോടെ ചേർത്തു പിടിച്ചു.

അടുത്തതായി നീരവിനെയും ആ സ്നേഹവലയത്തിനുള്ളിലേക്ക് അവൻ അണച്ചു പിടിച്ചു.

ചുവപ്പുരാശി പടർന്ന വെള്ളാരംകണ്ണുകളിലെ കുറ്റപ്പെടുത്തുന്നഭാവം കണ്ട് അമ്പുവിന് ചിരിയാണ് വന്നത്.

നിസ്സഹായത കലർന്ന അവളുടെ നിൽപ്പ് നെഞ്ചിൽ നീറ്റലുണ്ടാക്കിയെങ്കിലും അവളുടെ ജീവിതം വാശിയിലും കോംപ്ലെക്സിലും നശിക്കാനുള്ളതല്ലെന്ന ബോധ്യത്തിൽ അമ്പുവും നീരവും അത് കണ്ടില്ലെന്ന് നടിച്ചു.

ഏട്ടൻ വന്നതല്ലേയുള്ളൂ. റസ്റ്റ്‌ എടുക്ക്. ഞങ്ങൾ ഫ്രഷ് ആയി വരാം… കുശലാന്വേഷണങ്ങൾക്ക് ശേഷം അവർ ഫ്ലാറ്റിലേക്ക് മടങ്ങി.

വീണ്ടും ഋതുവും സാരംഗും മാത്രമായി.

എന്ത് തീരുമാനിച്ചു ഋതൂ നീ.. ശാന്തമായിരുന്നു ആ സ്വരം.

എനിക്ക്… എനിക്ക് കഴിയില്ല.

ജീവിതത്തിൽ ഒരു വിജയവും നേടാൻ കഴിയാത്തവളാണ് ഞാൻ.
സന്തോഷവും സമാധാനവും വിധിച്ചിട്ടില്ലാത്ത പാഴ്ജന്മം.
എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. കൈകൂപ്പിക്കൊണ്ട് അവൾ പറഞ്ഞു.

നിഷേധാർഥത്തിൽ സാരംഗ് തലയനക്കി.

പിന്നെ നിങ്ങൾക്കെന്താ വേണ്ടത്. എന്ത് അവകാശത്തിലാണ് വേണ്ടെന്ന് വച്ച് ഞാൻ വന്നിട്ടും ഒരു നാണവുമില്ലാതെ എന്റെ പിറകെ വരുന്നത്.

പീഡനത്തിനിരയായവൾ, കൊലപാതകി അങ്ങനെയുള്ള എന്നെയല്ലാതെ വേറെ ആരെയും നിങ്ങൾക്ക് കിട്ടിയില്ലേ.

അതോ അന്ന് പറഞ്ഞിട്ട് വന്നതുകൊണ്ട് ശാരീരിക ആവശ്യങ്ങൾ നിറവേറ്റിയ ശേഷം പിന്മാറാമെന്ന് കരുതി തേടിയിറങ്ങിയതോ… ഇടനെഞ്ച് പൊടിയുന്ന വേദനയോടെ അവൾ വാക്കുകളിൽ വെറുപ്പ് ചാലിക്കാൻ ശ്രമിച്ചുകൊണ്ട് ശരങ്ങൾ എയ്തു.

സാരംഗിന്റെ നിയന്ത്രണം പോയ നിമിഷം കവിൾ അമർത്തിപ്പിടിച്ചുകൊണ്ട് ഋതു നിലത്തേക്ക് വീണുപോയി.

ഇടതുകൈയിൽ പിടിച്ച് വലിച്ചുയർത്തി അവളെ ചുവരോട് ചേർത്തു അവൻ.
ഈ തന്നത് നിന്റെ നാവിൽനിന്നും വീണ വാക്കുകൾക്കാണ്.

എനിക്ക് നിന്റെ ശരീരമാണ് ആവശ്യമെങ്കിൽ എനിക്കതിന് മുൻപേ കഴിയുമായിരുന്നു.
പെണ്ണിന്റെ അനുവാദമില്ലാതെ അവളെ സ്വന്തമാക്കുന്നവനല്ല ഞാനെന്ന് എന്നേക്കാൾ വ്യക്തമായി നിനക്കും അറിയാം.

എന്നിട്ടും സ്വയം തരംതാഴ്ന്നുകൊണ്ട് വേദനിച്ചുകൊണ്ട് നീ മനപ്പൂർവം അണിയാൻ ശ്രമിക്കുന്ന ഈ ഭാവം അത് സാരംഗിനോട് വേണ്ട.
നിന്റെ കണ്ണുകൾ ഒരിക്കലും എന്നോട് കള്ളം പറയില്ല.

നിന്റെ വെള്ളാരംകണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് എന്നോടുള്ള പ്രണയവും വേദനയും മാത്രമാണ്.

സ്വയം സൃഷ്ടിച്ചെടുക്കുന്ന നിന്റെയീ അനാവശ്യമായ കോംപ്ലക്സ് അത് മാറ്റിയേ തീരൂ നീ.

അത് മാറ്റാൻ എനിക്കറിയാം… പിന്നെ അവകാശം ഈ ഭൂമിയിൽ ഋതികയുടെ മേൽ പൂർണ്ണ അധികാരവും അവകാശവും ഉള്ള വ്യക്തി തന്നെയാണ് ഞാൻ. നിന്റെ കഴുത്തിൽ താലി കെട്ടിയ നിന്റെ ഭർത്താവ്.

എന്റെ താലി നിന്റെ കഴുത്തിൽ ദേ ഇങ്ങനെ കിടക്കുന്നിടത്തോളം കാലം ഞാൻ കാണും നീയുള്ളിടത്ത്…. ചൂണ്ടുവിരൽ കൊണ്ട് കഴുത്തിൽ കിടന്ന താലി ഉയർത്തിക്കൊണ്ട് അവൻ പറഞ്ഞു.

നമ്മുടെ ജീവിതമാണ്. ജീവിക്കുന്നത് നമ്മളാണ്. സ്നേഹവും വിശ്വാസവും നമുക്കിടയിൽ ഉള്ളിടത്തോളം സമൂഹത്തെ ഭയന്ന് ജീവിക്കേണ്ടതില്ല.

ചേർത്തു നിർത്താൻ സാരംഗിന്റെ കൈകളും ചാരി നിൽക്കാൻ എന്റെയീ ഇടനെഞ്ചുമില്ലേ പെണ്ണേ നിനക്ക്.

ഈ സമൂഹത്തിൽ ആരും തന്നെ പെർഫെക്ട് ആയി കാണില്ല. മനുഷ്യരായാൽ കുറവുകൾ കാണുക തന്നെ ചെയ്യും.

സ്നേഹമല്ലാതെ മറ്റൊരു ശക്തി ലോകത്തില്ല. എന്റെ പ്രണയവും ജീവിതവും നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നതാണ്.

സ്നേഹം നിറഞ്ഞ ഒരു മനസ്സിന് ആത്മാര്‍ത്ഥമായും മറ്റൊരാളെ പരിഗണിക്കാനും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനുമാകും.

പ്രണയത്തിന്റെ ഒരു ഭാഗമാണ് വേദനയും.

സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്നവളല്ലേ നീ.

എന്നിൽ നിറഞ്ഞു നിൽക്കുന്നത് നീയാണെന്നറിഞ്ഞിട്ടും എന്റെ ശ്വാസം പോലും നിനക്ക് വേണ്ടിയാണെന്നറിഞ്ഞിട്ടും എന്റെ സ്നേഹം നീ മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുന്നതെന്തേ… സാരംഗിന്റെ വാക്കുകളുടെ തീവ്രതയിൽ ഉരുകിയൊലിച്ചു ഋതു.

ഇനിയും നിന്നാൽ സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന് പേടിച്ചെന്നോണം അവൾ മുറിയിലേക്ക് ഓടി.
തലയിണകൾ കണ്ണുനീരിൽ കുതിർന്നു.
ഏങ്ങലടി പുറത്തുകേൾക്കാമായിരുന്നിട്ടും സാരംഗ് അനങ്ങിയില്ല.

അവളുടെ വേദന അവന്റേതുമാണല്ലോ.

ആ ഹൃദയം പിടയ്ക്കുമ്പോൾ പിടയുന്നത് അവന്റെ ഇടനെഞ്ചുമാണല്ലോ. ഉള്ളിലുള്ളതെല്ലാം പെയ്തു തീർത്തവൾ പഴയ ഋതുവായി മാറണം.

അതിനുവേണ്ടി അവളുടെ മനസ്സ് കുളിരണം. ആ കണ്ണുനീർത്തുള്ളികൾ അവളുടെ മനസ്സ് കുളിർപ്പിക്കട്ടെ….

വിട്ടുകളയാനല്ലല്ലോ ചേർത്തു പിടിച്ചത്…

പ്രതിസന്ധികളിൽ പരസ്പരം താങ്ങാകുമ്പോൾ പരസ്പര വിശ്വാസത്താലും തീവ്രമായ പ്രണയത്താലും ജീവിതം കെട്ടിപ്പടുക്കുമ്പോൾ മാത്രമേ ജീവിതം മനോഹരമാകുകയുള്ളൂ.

അതല്ലേ കുടുംബജീവിതത്തിന് അടിസ്ഥാനവും..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23

പ്രണയവീചികൾ : ഭാഗം 24

പ്രണയവീചികൾ : ഭാഗം 25

പ്രണയവീചികൾ : ഭാഗം 26

പ്രണയവീചികൾ : ഭാഗം 27

പ്രണയവീചികൾ : ഭാഗം 28

പ്രണയവീചികൾ : ഭാഗം 29

പ്രണയവീചികൾ : ഭാഗം 30

പ്രണയവീചികൾ : ഭാഗം 31

പ്രണയവീചികൾ : ഭാഗം 32