Sunday, December 22, 2024
Novel

നല്ല‍ പാതി : ഭാഗം 25

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ഇനി കരുതലിന്റെയും കാത്തിരിപ്പിന്റെയും ഒൻപത് മാസങ്ങൾ….പ്രാർത്ഥനയോടെ.. ആകാംക്ഷയോടെ ചുവന്നുതുടുത്ത കുഞ്ഞു മുഖത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്… ചുരുട്ടി പിടിച്ചിരിക്കുന്ന കുഞ്ഞു വിരലുകളിൽ തൊടാൻ വേണ്ടിയുള്ള കാത്തിരിപ്പ്…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

തന്റെയുള്ളിൽ ഒരു പുതുജീവൻ നാമ്പിട്ടു എന്നറിയുന്ന നിമിഷം മുതൽ ഏതൊരു പെണ്ണിനേയും പോലെ നന്ദുവിന്റെ ജീവിതവും മാറിമറിയുകയാണ്..

ആ സമയം…. ഭർത്താവിൽ നിന്നും അച്ഛനിലേയ്ക്കെത്താൻ ഏതൊരു പുരുഷനെയും പോലെ സഞ്ജുവും മനസ്സുകൊണ്ടു തയ്യാറെടുക്കുന്നു…

മൂന്നാം മാസത്തിലെ അള്ട്രാസൌണ്ട് സ്കാനിന് ശേഷം.. പ്രഷർ വേരിയേഷൻ ഉള്ളതുകൊണ്ട് ഡോക്ടർ പ്രത്യേകം ശ്രദ്ധിക്കണം എന്നു പറഞ്ഞിരുന്നു…

കൂടാതെ മുന്പ് വിഷാദരോഗം വന്നിട്ടുളളതിനാൽ വീണ്ടും വരാനുളള സാധ്യത കൂടുതലാണ്…

അതുകൊണ്ടുതന്നെ
മാനസികമായി ഏറ്റവുമധികം സപ്പോർട്ട് വേണ്ടിവരുന്ന ഈ സമയത്ത് അവൾക്കൊപ്പം താൻ ഉണ്ടാകണമെന്ന് നിർബന്ധമായിരുന്നു സഞ്ജുവിന്..

അതിനാൽ പ്രസവം നാട്ടിലാക്കാമെന്നു ഇരുവീട്ടുകാരും പറഞ്ഞെങ്കിലും സഞ്ജു സമ്മതിച്ചില്ല… സഞ്ജുവിനൊപ്പം ഓഫീസിൽ പോകാമെന്നതിനാൽ ജോലിയുപേക്ഷിച്ചില്ല നന്ദു…

തനിയെ വീട്ടിലിരിക്കേണ്ട എന്ന് പറഞ്ഞു ജോലിക്ക് വരാൻ സഞ്ജു തന്നെയാണ് നിർബന്ധിച്ചത് ..

അവൾക്ക് വേണ്ട സകല കാര്യങ്ങളും അമ്മയോട് ചോദിച്ചും പുസ്തകങ്ങളിൽ നിന്നും നെറ്റിൽ നിന്നും തപ്പിയെടുത്ത് ഹൃദിസ്ഥമാക്കിയിരുന്നു സഞ്ജു…

ദിവസം ചെല്ലും തോറും തനിക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ തനിയ്ക്കൊപ്പം സഞ്ജുവും തിരിച്ചറിഞ്ഞ് പെരുമാറുന്നത് നന്ദുവിനൊരു അത്ഭുതമായിരുന്നു.

രാത്രി ഉറങ്ങാൻ ആകാതെ വിഷമിച്ചിരിക്കുമ്പോൾ കാല് തിരുമ്മി കൊടുത്തും… നട്ടപാതിരായ്ക്ക് തോന്നുന്ന അവളുടെ കൊതികൾക്ക് കൂട്ടു നിന്നും.. വീർത്തു വരുന്ന അവളുടെ വയറിൽ ചെവിയോർത്തും…

വാവയോട് സംസാരിച്ചും…
പാട്ടു കേള്പ്പിച്ചും…

താരാട്ടു പാടി കൊടുത്തും…. കുഞ്ഞുടുപ്പുകളും…
കളിപ്പാട്ടങ്ങളും ഒരുക്കിവെച്ചും…

തങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് സഞ്ജുവും ആസ്വദിക്കാൻ തുടങ്ങി..

അവളെ ഒരിക്കൽ പോലും തനിച്ചിരിക്കാൻ സമ്മതിയ്ക്കാതെ… അവൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്രകൾ ചെയ്ത്…

എന്തിനും ഏതിനും അവളോടൊപ്പം അവനും ഉണ്ടായിരുന്നു…

ഒരർത്ഥത്തിൽ അത് പ്രണയം മാത്രമായിരുന്നില്ല… തന്റെ അംശത്തെ ഉള്ളിൽ ചുമക്കുന്നവളോടുള്ള ബഹുമാനം.. സ്നേഹം… അതിനുമപ്പുറം..

തന്റെ കുഞ്ഞിനെ തനിക്ക് തരാൻ അവളെടുക്കുന്ന ബുദ്ധിമുട്ടിൽ ആ മാനസിക പ്രയാസങ്ങളിൽ അവൾക്കു അവളെത്തന്നെ നഷ്ടപ്പെടുമോ എന്നുള്ള പേടി…

അവൾക്ക് ഒരിക്കലും അതൊരു ബുദ്ധിമുട്ടായിരിക്കില്ല..

അവൾക്ക് മാത്രമല്ല ഏതൊരു പെണ്ണിനും.. പക്ഷേ എപ്പോഴെങ്കിലും തനിച്ചിരുന്നാൽ ഒരു ഡിപ്രഷൻ സ്റ്റേജ് വീണ്ടും വരാം എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് ഒരു ഭയം…

അതാണ് താൻ അവളെ വീണ്ടും വീണ്ടും മുറുകെ ചേർത്ത് പിടിക്കുന്നത്..

പാതിരായ്ക്ക് അവൾക്ക് കൊതിമൂത്ത് ഐസ്ക്രീം വാങ്ങാൻ ഇറങ്ങിയതാണ് സഞ്ജു… സാധാരണ ഫ്രിഡ്ജിൽ സ്റ്റോക്ക് ഉണ്ടാകാറുണ്ട്… അതെപ്പോഴും അങ്ങനെയാണല്ലോ…. ഇല്ലാത്ത സമയത്തല്ലേ കൊതി കൂടണത്..
പാതിരാ നേരത്ത് വിനുവിനെ വിളിച്ച് വണ്ടിയുടെ താക്കോലും വാങ്ങി പോകുന്നതും നോക്കി ചിരിയടക്കി നിൽക്കുകയാണ് വിനു…

“പോയി വാ..മകനെ..

ഇതൊന്നും ഒന്നുമല്ല…

ഇതെല്ല… ഇതിനപ്പുറം ചാടി കടന്നവനാണീ കെ.കെ ജോസഫ്..”
സഞ്ജുവിനെ കളിയാക്കി വിനു പറഞ്ഞു…

“ദേ..മനുഷ്യാ… എന്നെ കളിയാക്കി നിൽക്കാതെ… ശ്വേതയോടൊന്ന് അവിടെ പോയിരിക്കാൻ പറ…”
സഞ്ജു പറഞ്ഞു…

“ഉം…നീ പോയിട്ട് വാ… ഞാൻ പറഞ്ഞോളാം…”

തിരികെ വരുമ്പോൾ തന്റെ ഫ്ലാറ്റിൽ ടിവിയും ഓണാക്കി സോഫയിൽ ഇരുന്നു ഉറങ്ങുകയാണ് ശ്വേത…

“താങ്ക്സ് ഡിയർ…ടീ… എണീറ്റു റൂമിൽ പോയി കിടക്കെടീ…”

“അയ്യടാ..ദേ ചെക്കാ…

രണ്ടും കൂടെ മനുഷ്യനെ എടങ്ങേറാക്കല്ലേ… ഈ സമയായി പ്പോയി.. അല്ലേൽ കാണായിരുന്നു… ഇതിനുള്ളതെല്ലാം ഞാൻ വാങ്ങിക്കോളാം…”

“ആ..ശരി ശരി…ഒന്നു പോ എന്റെ ശ്വേതാമ്മോ… എന്തു വേണേലും ചെയ്യാം… നീ ഇപ്പോ പോയി കിടന്നോ…”

ശ്വേതയെ പറഞ്ഞ് വിട്ട് റൂമിൽ എത്തുമ്പോൾ നന്ദൂ ബാൽക്കണിയിൽ നിന്ന് സ്വപ്നലോകത്താ…
കുഞ്ഞുമായ് ഭയങ്കര സംസാരം…

“ഞാൻ പറഞ്ഞതു കിട്ടിയോ… സഞ്ജൂ..??”

“ദേ പെണ്ണേ.. നിനക്കിത്തിരി കുറുമ്പ് കൂടുന്നുണ്ട്.. എന്റെ മോള് വയറ്റിൽ കിടക്കുന്നതു കൊണ്ടാണ് നിന്റെ ഈ വാശിയെല്ലാം ഞാൻ സാധിച്ചു തരുന്നത്.. അവളിങ്ങൊന്നു വന്നോട്ടെ…

ഞങ്ങൾ രണ്ടാളും കൂടെ ശരിയാക്കും നിന്നെ…

അല്ലേടാ വാവേ..??”

ബാൽക്കണിയിലെ കസേരയിൽ ഇരുന്നു നന്ദുവിന്റെ വീർത്തു വരുന്ന വയറ്റിൽ തലോടി കൊണ്ട് സഞ്ജു പറഞ്ഞു…

“മോളാന്ന് അങ്ങ് തീരുമാനിച്ചോ?? മോനായാലും മോളായാലും ജൂനിയർ സഞ്ജു തെമ്മാടിയാണെന്ന് ഉറപ്പാണ്… ഭയങ്കര ചവിട്ടും തൊഴിയും ആണ്.. ഉറങ്ങാൻ പറ്റണില്ല…

ഇതെന്തൊരു പങ്കപ്പാടാ…

സിനിമയിലൊക്ക കാണുന്ന പോലെ ഒരു പാട്ട് സീൻ കൊണ്ട് അവസാനിച്ചെങ്കിൽ എന്തെളുപ്പായേനെ…അല്ലേ..??”

നടുവിന് കൈ കൊടുത്തു നന്ദു പറഞ്ഞു…

അവളുടെ പരാതി കേട്ട് സഞ്ജുവിന് ചിരിയാണ് വന്നത്..

“ന്റെ മടിച്ചിക്കോതേ… നിന്റെ ഒരു കാര്യം…ദേ ടപ്പ് എന്ന് പോകില്ലേ സമയം… ഇപ്പോഴെന്റെ നന്ദൂട്ടി പങ്കപ്പാടൊന്നും ആലോചിച്ചു ടെൻഷനാകണ്ടാ…
ദാ നീ പറഞ്ഞ സാധനം.. കഴിക്ക്..”

“എനിയ്ക്കെങ്ങും വേണ്ട… എനിയ്ക്കു വേണ്ടിയല്ല വാങ്ങിയതെന്ന് നേരത്തെ പറഞ്ഞല്ലോ…. ഇനി നാലഞ്ചു മാസം കൂടി കഴിയുമ്പോൾ നിങ്ങടെ മോള് വരില്ലേ… അപ്പോൾ കൊടുക്കാ.. എടുത്തു വച്ചോ…

അല്ലേലും ഇപ്പോൾ സഞ്ജൂന് എന്നെ ഇഷ്ട്ടമില്ല…”

“അച്ചോടാ…എന്റെ നന്ദൂട്ടി അപ്പോഴേയ്ക്കും സീരിയസ് ആയോ… ഞാനൊരു നേരംപോക്ക് പറഞ്ഞതല്ലേ… എനിക്ക് നിന്നോട് ഇഷ്ട്ടമില്ലന്ന് നീ തന്നെ പറയണം…”

“അല്ല.. എന്നോട് പഴയ സ്നേഹമില്ല.. അല്ലേലും എനിക്ക് അറിയാം ഒരു സഹതാപത്തിന്റെ പുറത്ത് കെട്ടിയതാണെന്ന്…”

“എന്നെക്കാളേറെ നിന്നെ സ്നേഹിച്ചിട്ടും… നീ ഇതു തന്നെ പറയണം… കഷ്ടമാണ് ട്ടോ..നന്ദൂട്ടീ….”
സഞ്ജു സങ്കടം അഭിനയിച്ചു നിന്നു..

“അയ്യോടാ വിഷമായോ…?? എനിയ്ക്കറിയാം സഞ്ജൂന്റെ പ്രാണനാണ് ഞാൻ.. ഞാനൊരു തമാശ പറഞ്ഞതാ… ”

എന്നിട്ടും മിണ്ടാതായപ്പോൾ അവൾ വയറ്റിൽ ചെറുങ്ങനെ തലോടി കൊണ്ട് പറഞ്ഞു…

“ദേ വാവേ… അച്ഛ അമ്മോട് പിണങ്ങീട്ടോ…

നിങ്ങൾ രണ്ടാളും സെറ്റായാൽ അമ്മ ഒറ്റച്ചാവില്ലേ… അതല്ലേ അമ്മ അങ്ങനെ പറഞ്ഞേ…അച്ഛ പിണങ്ങിയാ അമ്മ ഒറ്റയ്ക്കായപോലാ….

നിന്റെ അച്ഛയോടൊന്ന് ക്ഷമിക്കാൻ പറ വാവേ….”

നന്ദു പറയുന്നതു ചിരിയോടെ കേട്ട് അവളുടെ വയറിൽ കൈ വച്ച് സഞ്ജു മറുപടി പറഞ്ഞു…

“വാവേ… അച്ഛ ക്ഷമിച്ചെണെങ്കിൽ അമ്മയോട് ഇടയ്ക്ക് അച്ഛനെയൊന്ന് ഗൗനിയ്ക്കാൻ പറ…

നീ വന്നേ പിന്നെ അച്ഛനെ പട്ടിണിയാടാ… അമ്മ മനഃപൂർവം ഒഴിവാക്കണതാ… അച്ഛയ്ക്ക് അറിഞ്ഞൂടെ… അച്ഛേടെ ചക്കിപെണ്ണ് ഒന്നു പറ നന്ദൂനോട്…”

അതും പറഞ്ഞു കുസൃതിയോടെ മുഖമുയർത്തി നന്ദുവിനെ നോക്കി സഞ്ജൂ….

“അയ്യടാ..മോനേ… അപ്പോ ഇതാണ് മനസ്സിലിരിപ്പ്….
നടക്കൂലാട്ടോ….”

അതും പറഞ്ഞു ബാൽക്കണിയിൽ നിന്നും അകത്തേയ്ക്ക് കയറിയ
അവളുടെ കൈ പിടിച്ചു… തന്നിലേക്ക് തിരിച്ചു നിർത്തി…

“നന്ദൂട്ടീ…. പ്ലീസ്..”
ആ മുഖം കയ്യിലെടുത്തു തന്റെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ ചേർക്കുമ്പോൾ അവന്റെ ആവശ്യം അവൾക്കും നിരാകരിക്കാനായില്ല…

“സഞ്ജൂ.. പ്ലീസ്..നമ്മുടെ വാവ..”
അവളുടെ മനസ്സിലെ ആധി അവളുടെ സ്വരത്തിൽ ഉണ്ടായിരുന്നു..

“പേടിക്കേണ്ട…
ടെൻഷനാകല്ലേ നന്ദൂട്ടീ…

ഞാനത്ര ക്രൂരനൊന്നുമല്ല ന്റെ പെണ്ണേ…

നിനക്കറിയില്ലേലും അവൾക്കറിയാം… അവളുടെ അച്ഛ അവളെം അമ്മേനെം വേദനിപ്പിക്കില്ലാന്ന്…വാ… ഇങ്ങോട്ട്..”

സഞ്ജുവിന്റെ നെഞ്ചോട് ചേർന്ന് ആ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ താൻ ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാണെന്ന് നന്ദു തിരിച്ചറിയുകയായിരുന്നു…

നന്ദുവിനെ ചികിത്സിക്കുന്ന ഡോക്ടർ ശ്വേതയുടെ ബന്ധുവായതിനാൽ കാര്യങ്ങൾ ചോദിച്ചറിയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല…

ഡോക്ടറാകട്ടെ വളരെയേറെ സന്തോഷത്തോടെ തന്നെ മറുപടി പറയുന്നതും സംശയങ്ങൾ തീർത്ത് കൊടുത്തതും നന്ദുവിന്റെ ആത്മവിശ്വാസം കൂട്ടി…

കുഞ്ഞിന്റെ ജെൻഡർ ഏതാണ് എന്ന് അറിയാനുള്ള സൗകര്യമുണ്ടെങ്കിലും രണ്ടു പേർക്കും അങ്ങനെ അറിയേണ്ട… എന്നു തന്നെയായിരുന്നു..

“എന്റെ പിന്നാലെ നടക്കുന്ന ഒരു പൂമ്പാറ്റക്കുട്ടി… അതാണ് എന്റെ ആഗ്രഹം..”

സഞ്ജു ഇടയ്ക്കിടെ പറയുന്നത് കേട്ട് മോളു തന്നെയാണ് എന്ന് നന്ദുവും ഉറപ്പിച്ചിരുന്നു…

ആ വിശ്വാസത്തിൽ മോൾക്കുളള പേരൊക്കെ നേരത്തെ കണ്ടു വെച്ചിട്ടുണ്ട് സഞ്ജു…
“സദ്ഗമയ..” അച്ഛേടെ ചക്കി…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

നന്ദുവിന് പ്രഷർ വേരിയേഷൻ ഉള്ളതിനാൽ എട്ടാം മാസം കഴിഞ്ഞപ്പോൾ മുതൽ സഞ്ജുവിനും ടെൻഷനായിരുന്നു…

ഹൈപ്പർ ടെൻഷൻ
അമ്മയേയും കുഞ്ഞിനേയും ദോഷകരമായി ബാധിക്കാൻ സാധ്യതയേറെയാണ്…

അമ്മയുടെ ഒന്നില് കൂടുതല് അവയവങ്ങള്ക്ക് തകരാര് വരാം..

അമ്മയ്ക്ക് രക്തസമ്മര്ദം കൂടുമ്പോള് കുട്ടിയിലേക്കുള്ള രക്തയോട്ടം കുറയും.

അങ്ങനെ കുട്ടിക്ക് വളര്ച്ച കുറയും.
ചില കേസുകളിൽ ഗര്ഭപാത്രത്തിലെ ജലാംശം കുറയും.

ഇത് കുട്ടിയുടെ ചലനങ്ങളേയും മറ്റും ദോഷകരമായി ബാധിക്കും. കൃത്യസമയത്ത് കുട്ടിയെ പുറത്തെടുത്തില്ലെങ്കില് കുട്ടിയുടെ മരണം വരെ സംഭവിക്കാം..

ഡോക്ടർ പറഞ്ഞത് ആലോചിക്കുമ്പോൾ സഞ്ജുവിന്റെ ടെൻഷൻ കൂടും…

ശരീരത്തില് നീര് വന്നു വയ്യാതെ കഷ്ടപ്പെടുന്ന നന്ദുവിനെ കാണുമ്പോൾ വിഷമം തോന്നി..
നന്ദുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..

ഹൈപ്പര് ടെന്ഷന് ഉള്ളവര്ക്ക് പ്രീ എക്ലാംസിയ എന്ന അവസ്ഥ ഉണ്ടാകാന് സാധ്യത കൂടുതലാണ്.. ഏതെങ്കിലും ഓർഗൻസ് തകരാറിലാകാം..
കൂടാതെ ഫ്ലൂയിഡും കുറവാണ്…

അതിനാൽ നോർമൽ ഡെലിവറിയ്ക്ക് കാത്തു നിൽക്കുന്നത് റിസ്കാണ്…

അതുകൊണ്ട് സി-സെക്ഷൻ ആണ് പ്രിഫറബിൾ… നമുക്ക്
വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കാം…

ഡോക്ടർ പറയുന്നത് വളരെ ടെൻഷനോടെ കേട്ടിരിക്കുയാണ് സഞ്ജയ്… വിനുവും ശ്വേതയും എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നു…

സഞ്ജുവിന് അത് വലിയൊരു ആശ്വാസമായിരുന്നു… ഏതൊരു
പ്രവാസിയെ സംബന്ധിച്ചും ജീവിതത്തിലെ നിർണ്ണായകമായ പല ഘട്ടങ്ങളിലും കൈതാങ്ങാവാൻ സൗഹൃദങ്ങൾക്കേ കഴിയൂ…

അവർ ഇവിടെ ഏറ്റവും വില മതിക്കുന്നതും ഹൃദയം തൊട്ടറിഞ്ഞ സൗഹൃദങ്ങൾക്കാണ്…

ലേബർ റൂമിനു പുറത്തെ ഓരോ നിമിഷവും വിനാഴികകളെ പോലെ തോന്നി സഞ്ജുവിന്…
ഏറെ നേരത്തെ പ്രാർത്ഥനൾക്കും ആശങ്കകൾക്കും ഒടുവിൽ..
ഏറെ നാളത്തെ
കാത്തിരിപ്പിനൊടുവിൽ..

താൻ ഒരു അച്ഛനായിരിക്കുന്നു…

തനിക്കും ഒരു മകൾ ജനിച്ചിരിക്കുന്നു… ഒരു മകൾ.. എന്നത് ഏതൊരു അച്ഛൻറെയും സൗഭാഗ്യമാണ്…

ഡോക്ടർ വന്നു പറയുമ്പോൾ ലോകം വെട്ടി പിടിച്ച സന്തോഷമായിരുന്നു സഞ്ജുവിന്…

അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മിറ്റിയതിനു ശേഷം കാണാമെന്ന് പറഞ്ഞതിനാൽ മൂന്നുപേരും കാത്തിരുന്നു… ആശങ്കയോടെ
ഇരുവീട്ടുകാരും മാറി മാറി വിളിച്ചുകൊണ്ടിരുന്നു…

സഞ്ജു സന്തോഷവാർത്ത അറിയിച്ചപ്പോൾ ആശങ്ക സന്തോഷത്തിനു വഴിമാറി..

നന്ദുവിനടുത്ത് കിടന്നു മയങ്ങുന്ന
തൂവെളള കോട്ടന് തുണിയില് തലയും ശരീരവും കാലുകളും പൊതിഞ്ഞ്…

ഒരു പഞ്ഞിക്കെട്ടു പോലെ….രണ്ടു കുഞ്ഞ് കൈകള്
ചുരുട്ടി..തലയോട് ചേര്ത്ത് കണ്ണുകള് അടച്ചു കിടന്ന അവളെ കണ്ടപ്പോൾ..

ചുവന്നു തുടുത്ത ചെറിയ കവിളുകളിലൂടെ വിരലോടിച്ചു…

ആ കുഞ്ഞു വിരലുകൾക്കിടയിൽ തന്റെ വിരൽ ചേർത്ത് പിടിക്കുമ്പോൾ….

ആ നിമിഷം…ഈ ജന്മത്തില് താൻ പൂര്ണനായി .. എന്ന് തോന്നി സഞ്ജുവിന്…കണ്ണുനീര് കാഴ്ചയെ മറച്ചു… കുഞ്ഞുനെറ്റിയില് ആദ്യമായി ചുംബിച്ചപ്പോൾ മനസ്സ് നിറഞ്ഞ് ഒന്നു വിതുമ്പിപ്പോയി…

“വാവേ… ഈ നിമിഷം എനിക്ക് തന്നതിന് ഒത്തിരി സ്നേഹം…

നിന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും… തളരുമ്പോൾ താങ്ങാവാനും… നിന്റെ സ്വാതന്ത്ര്യത്തെ നിനക്കായി തുറന്നു തരാനും ഇനിമുതൽ ഈ അച്ഛനുണ്ട് നിന്റെ കൂടെ…” ആ തൊട്ടാൽ ചുമക്കുന്ന കവിളിൽ തലോടി മനസ്സാലെ സഞ്ജൂ പറഞ്ഞു…

“ഞാന് നിനക്ക് നല്കുന്ന ഒന്നും നീ എനിക്ക് തന്ന ഈ സന്തോഷത്തിന് പകരമാവില്ല നന്ദൂട്ടി…”

നന്ദുവിന്റെ നെറുകയിൽ ഒന്നു അമർത്തി ചുംബിച്ചു സഞ്ജു…

“വാവയെ തരാതെ ഞാൻ പോകോന്ന് ടെൻഷനായോ… സഞ്ജൂ… ”

എന്ന് നന്ദു ചോദിക്കുമ്പോൾ ഏറെ വിഷമത്തോടെയും അതിലേറെ ആശ്വാസത്തോടെയും അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…

വിഷയം മാറ്റാനായി സഞ്ജൂ പറഞ്ഞു…

“ദാ..കണ്ടോ..നമ്മുടെ വാവയെ… എന്റെ നന്ദൂട്ടിയ്ക്ക് കൂടെ എപ്പോഴും കൊണ്ടുനടക്കാനും… കൂട്ടുകാരിയെ പോലെയും.. ചേച്ചിയെ പോലെയും.. സ്നേഹിച്ചും.. ശാസിച്ചും.. കൂട്ടുകൂടാനും..ഇവളുണ്ട്…

ഈ കിളി കൊഞ്ചൽ കൊണ്ട് മുഖരിതമാകാൻ കാത്തിരിക്കുകയാണ് നമ്മുടെ ലോകം..

ദിവസങ്ങൾ കഴിയുന്തോറും നന്ദുവിന്റെയും സഞ്ജുവിന്റെയും ലോകം അവളായി മാറി…പകൽ സമയം നന്ദുവിന്റെ സഹായത്തിനു ഒരു മെയ്ഡിനെ ഏർപ്പെടുത്തിയിട്ടുണ്ട്… കൂടാതെ ശ്വേതയും കൂട്ടുണ്ടല്ലോ…

എത്ര പെട്ടെന്നാണ് തങ്ങളുടെ ദിനചര്യകൾ പോലും അവളൾക്കായി മാറിയത്…
അവളുടെ ചിണുങ്ങിയുള്ള കരച്ചിലും…

സമയം തെറ്റിയുള്ള ഉണരലും ഉറക്കവുമെല്ലാം ആദ്യമൊക്കെ വല്ലാത്ത പ്രയാസം തോന്നിയിരുന്നു… പതിയെ പതിയെ ഇരുവരും അതിനോടിണങ്ങി…

അവളെ കുളിപ്പിക്കുന്നതും…

അവൾ മോണക്കാട്ടി ചിരിക്കുന്നതും….
കമിഴ്ന്നു വീഴുന്നതും…

മുട്ടുകുത്തി നടക്കുന്നതും.. പതിയെ കസേര കാല് പിടിച്ച് എഴുന്നേറ്റ് ഉള്ള പാടുപെട്ടു
ചുവടു ഉറക്കാതെയുള്ള അവളുടെ നടത്തവും…
എല്ലാം ഇരുവരും ആസ്വദിച്ചു…

കാൽവെള്ളയിൽ ഇക്കിളിയിട്ട് ചിരിപ്പിച്ചും… തമാശകൾ പറഞ്ഞും.. ശബ്ദം അനുകരിച്ചും… മുഖം കൊണ്ട് കുസൃതികൾ കാണിച്ചും… അവളിലെ പ്രതികരണങ്ങൾ ക്യാമറയിൽ പകർത്തുന്നതോടൊപ്പം അവരുടെ മനസ്സിലും പതിഞ്ഞിരുന്നു…

ഒരു കുഞ്ഞു പിറക്കുമ്പോൾ മുതൽ…

ആ കുഞ്ഞു കൊച്ചരി പല്ലു കാണിച്ച്..കൊഞ്ചി കൊഞ്ചി സംസാരിച്ച്…ചുവടറയ്ക്കാതെ പിച്ച വെച്ച്…നടക്കുമ്പോൾ തുടങ്ങി ഓരോ നിമിഷവും ഓരോ അച്ഛനുമമ്മയും പുതിയ ഭാവം കൈകൊള്ളുകയാണ്…

ജീവിതത്തെക്കുറിച്ച്
ഇതുവരെയുള്ള കാഴ്ചപ്പാടൊക്കെ അവൾക്ക് വേണ്ടി മാറുകയാണ്…

ചക്കിയെ സ്കൂളിൽ ചേർത്തു കഴിഞ്ഞ് സമയം വെറുതെ കളയണ്ട എന്ന് സഞ്ജു പറഞ്ഞതാണ്… ഒരു ജോലിക്ക് നന്ദുവിനെ ശ്രമിക്കാവുന്നതേയുള്ളൂ…

സ്കൂളിൽ നിന്നും തിരിച്ചു വന്നാൽ അമ്മുവിൻറെ ശ്വേതയുടെ കൂടെ ഫ്ലാറ്റിൽ ഇരുന്നോളും… എത്രയൊക്കെ പറഞ്ഞിട്ടും നന്ദു സമ്മതിച്ചില്ല…

“എന്റെ മോളുടെ വളർച്ചയുടെ ഓരോ ഘട്ടവും എനിക്കാസ്വദിക്കണം സഞ്ജൂ… അതിന് ജോലി തടസ്സം ആണെങ്കിൽ ഞാൻ ജോലിക്ക് പോകുന്നില്ല… എനിക്ക് മിസ്സ് ആയ പോലെ എൻറെ മോൾക്ക് ഒരിക്കലും അവളുടെ അമ്മയുടെ സ്നേഹം… അച്ഛൻറെ സ്നേഹം.. മിസ്സ് ആവാൻ പാടില്ല അത് നിർബന്ധമാണ് സഞ്ജു…

വേണമെങ്കിൽ കുറച്ചു കൂടി വലുതാകട്ടെ എല്ലാം സ്വയം ചെയ്യാനുള്ള പ്രായം വരട്ടെ…അപ്പോ..നോക്കാം..
പോരാത്തതിന് എനിക്ക് കുറച്ചു ഹെൽത്ത് ഇഷ്യൂസും ഉണ്ടല്ലോ…”

അവളുടെ ദൃഢനിശ്ചയത്തിനു മുന്നിൽ സഞ്ജു മറുത്തൊന്നും പറഞ്ഞില്ല…

ഒരു ഭാര്യയിൽ നിന്ന് അവൾ എത്ര പെട്ടന്നാണ് ഒരു അമ്മ മാത്രമായി മാറിയത്…

ജോലിക്ക് പോകാനായി പോലും മടി പിടിച്ചു എണീക്കാതെ കിടന്നവൾ…
ഇപ്പോൾ അലാം പോലും വെക്കാതെ എണീക്കുന്നു…

ചക്കിയുടെ കുഞ്ഞുകുഞ്ഞു വാശികൾ നടപ്പിലാക്കാൻ തന്നോട് വാശിപിടിക്കുന്നു.. അവളുടെ ഇഷ്ടങ്ങൾ…വീട്ടിലെ മെനു പോലും ചക്കിയുടെ രുചിക്ക് അനുസരിച്ച് മാറിയിരിക്കുന്നു…

തെറ്റ് ചെയ്താൽ നല്ലതുപോലെ ശിക്ഷിക്കുകയും… അത് പറഞ്ഞ ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ തനിക്ക് അത്ഭുതമാണ്…

അതിനേക്കാൾ അൽഭുതം.. അമ്മയുടെ കയ്യിൽ നിന്ന് തല്ലു കിട്ടിയിട്ടും വീണ്ടും അമ്മയെ വിളിച്ചു കരയുന്ന ചക്കിയെ കാണുമ്പോഴാണ്…
എല്ലാ മക്കളും അങ്ങനെ തന്നെയല്ലേ…

ഓരോ പുരുഷനും തൻറെ അമ്മയുടെ സ്നേഹം കൂടുതൽ മനസ്സിലാക്കുന്നത് തൻറെ ഭാര്യയിലൂടെ ആണ്… അവൾ തൻറെ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോഴാണ്..

സന്തോഷത്തിന്റെ നീണ്ട നാലു വർഷങ്ങൾ….
നന്ദുവും സഞ്ജുവും അവരുടെ പൂമ്പാറ്റ കുട്ടിയോടൊപ്പം അതിന്റെ പാരമ്യത്തിൽ തന്നെ ആസ്വദിക്കുകയായിരുന്നു…
അവിടേയ്ക്കാണ് ഒരു ദുസ്വപ്നം പോലെ…ആ പേര് കടന്നു വന്നത്…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

(അമ്മയുടെ മുന്നിൽ നമുക്ക് പ്രായം ഇല്ലല്ലോ… നമ്മൾ എന്നും അവർക്ക് കുഞ്ഞുങ്ങൾ തന്നെയാണ്…
കലർപ്പില്ലാത്ത സ്നേഹത്തിൻറെ ഉടമ അതാണമ്മ… ഒരുപക്ഷേ അവരുടെ നഷ്ടത്തിന് ശേഷം മാത്രം മനസ്സിലാകുന്ന സത്യം…

അച്ഛനമ്മമാർ ഉള്ളടത്തോളം കാലം മാത്രമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം…
ചില സമയങ്ങളിൽ…
അവർ ശാസിക്കുമ്പോൾ….

അവർ ശിക്ഷിക്കുമ്പോൾ…
അവർ ഉപദേശിക്കുമ്പോൾ..

നമുക്ക് അത് തോന്നില്ലായിരിക്കാം… പക്ഷേ അവർ നഷ്ടപ്പെടുമ്പോൾ നമുക്ക് മനസ്സിലാകും… ആരൊക്കെ കൂടെയുണ്ടെങ്കിലും നമ്മൾ അനാഥരായെന്ന്…
നമ്മുടെ വിഷമം…
നമ്മുടെ സന്തോഷം…

ഒന്ന് തുറന്നു സംസാരിക്കാൻ നമ്മുടെ അമ്മ ഇല്ലാതിരിക്കുക…
അപ്പോ മനസ്സിലാകും…

ശരിക്കും അനാഥത്വം എന്തെന്ന്…
കഴിയുമെങ്കിൽ നമ്മളെക്കൊണ്ട് കഴിയുന്ന പരമാവധി അവരെ സ്നേഹിക്കുക…

ചേർത്തുപിടിക്കുക… നഷ്ടപ്പെട്ടു കഴിഞ്ഞതിനുശേഷം സങ്കടപ്പെടുന്നതിൽ അർത്ഥമില്ലല്ലോ)

കാത്തിരിക്കൂ…

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21

നല്ല‍ പാതി : ഭാഗം 22

നല്ല‍ പാതി : ഭാഗം 23

നല്ല‍ പാതി : ഭാഗം 24