Sunday, December 22, 2024
Novel

നല്ല‍ പാതി : ഭാഗം 24

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

പിന്നീടുള്ള ദിവസങ്ങളിൽ സഞ്ജുവും നന്ദുവും പരസ്പരം മത്സരിച്ച് സ്നേഹിക്കുകയായിരുന്നു…
തിരയും തീരവും പോലെ..ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാകാതെ
പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം നിമിഷ നേരം കൊണ്ട് മാറിയും മറഞ്ഞും അവർ സ്നേഹിച്ചു..

കാർത്തിയും നന്ദുവും വന്നതു പ്രമാണിച്ച് സഞ്ജു ഒരാഴ്ച ലീവെടുത്തിരുന്നു..

എങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ സൈറ്റിൽ നിന്നും വിളിച്ചാൽ പോകേണ്ടിവരും… അല്ലാത്ത സമയത്തെല്ലാം സഞ്ജു നന്ദുവിനൊപ്പം തന്നെയായിരുന്നു..

കാർത്തി രാവിലെ തന്നെ പ്രൊജക്റ്റ് വർക്കിനായി പോകും..

ചില ദിവസങ്ങളിൽ കാർത്തി അവരുടെ കൂടെ കൂടും..

നന്ദുവിന്റെയും സഞ്ജുവിന്റെയും ജീവിതം കണ്ട് ഒരുപാട് സന്തോഷത്തോടെയാണ്
ഒരാഴ്ച കഴിഞ്ഞു കാർത്തി തിരികെ പോയത് …

രണ്ടു വീട്ടിലേക്കും ദിവസേനയുള്ള ഫോൺ ചെയ്തു അന്നത്തെ വിശേഷങ്ങളും കണ്ട സ്ഥലങ്ങളെ പറ്റിയും വാ തോരാതെ സംസാരിക്കും നന്ദു…

പോകെപ്പോകെ ദുബായ് നന്ദുവിന്റെ ജീവിതത്തിന്റെ ഭാഗമായി മാറാൻ തുടങ്ങിയിരുന്നു…

മണൽക്കാടുകൾക്ക് നടുവില് ആകാശത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന കെട്ടിടങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി പിടിച്ചു നിൽക്കുന്ന ബുർജ് ഖലീഫയും പാം ഐലന്റുകളും ഷോപ്പിങ്ങ് മാളുകളുമെല്ലാം നന്ദുവിന് പുതിയൊരു ലോകമായിരുന്നു..

ദുബായിലെ മിറാക്കിൾ ഗാർഡൻ കാഴ്ചക്കാർക്ക് ശരിക്കുമൊരു മിറാക്കിളാണ്. വിവിധ തരം ചെടികൾ പല വർണ്ണങ്ങളിൽ വ്യത്യസ്ത സുഗന്ധം വിതറി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്..

ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം മാത്രമല്ല ഏറ്റവും ഉയരമേറിയ വാസ്തുവിസ്മയം ബുർജ് ഖലീഫയും ശരിക്കുമൊരു മായാപ്രപഞ്ചം..

ഓരോ ദിവസവും നന്ദുവിനെ കാഴ്ചകൾ കൊണ്ട് ശരിക്കും അദ്ഭുതപ്പെടുത്തി കൊണ്ടിരുന്നു ദുബായ്.. ശരിക്കും ഒരു
സ്വപ്ന നഗരം..

കേരളത്തിന്റെ പച്ചപ്പിൽ നിന്ന് ഇവിടെ എത്തുന്നവർക്ക് കാണാൻ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ..

ഈ മണൽക്കാടുകൾക്കു നടുവിൽ അൽകുദ്രയെന്ന് പേരുള്ള ഒരു ശുദ്ധജലതടാകം..

അതൊക്കെ കൗതുക കാഴ്ചകളാണ്.

കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഈ മരുഭൂമിയിൽ നിരവധി സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച് മണലിനു നടുവിൽ പച്ചപ്പുണ്ടാക്കാനുള്ള ഇവിടുത്തെ മനുഷ്യരുടെ
ശ്രമം അതു സമ്മതിച്ചു കൊടുത്തേ പറ്റൂ..

ഫലഭൂയിഷ്ഠമായ മണ്ണുണ്ടായിട്ടും പച്ചപ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന നമ്മൾ അവരെ കണ്ട് പഠിക്കണം..

ആധുനിക ദുബായിലെ കാഴ്ചകളെ പോലെ ഊദും അത്തറും മണക്കുന്ന പഴയ കാഴ്ചകളും ഈ മണ്ണിലുണ്ട്..

ഇവിടെ എത്തുന്ന ഏതൊരു സഞ്ചാരികളും ഒഴിവാക്കാത്ത ഒന്നാണ് ദുബായ് ക്രീക്കിലൂടെയുള്ള അബ്ര എന്നു പേരുള്ള പരമ്പരാഗത ബോട്ടിലുള്ള സവാരി..

പഴയ ദുബായും പുതിയ ദുബായും കണ്ട് കൊണ്ട് ഒരു ബോട്ട് യാത്ര..

ദുബായിലെ കാഴ്ചകൾ ഇവിടെയൊന്നും തീരുന്നതല്ല… അവർണ്ണനീയമാണ്..

സഞ്ജു ജോലിക്കു പോയി തുടങ്ങിപ്പോൾ നന്ദു മുഴുവൻ സമയവും ശ്വേതയോടും അമ്മൂട്ടിയോടുമൊപ്പം ആയിരിക്കും..

സുഹൃത്തുക്കളെക്കാൾ ഉപരി ശ്വേത നന്ദുവിന് ഒരു കൂടപിറപ്പായി മാറിയിരുന്നു…

നന്ദുവിന്റെ പഴയ കളിചിരിയും സാമർത്ഥ്യവുമൊക്കെ തിരിച്ചു കൊണ്ടുവരാൻ ശ്വേതയുടെ സൗഹൃദത്തിന് കഴിഞ്ഞിരിക്കുന്നു.

മാസങ്ങൾക്കു ശേഷം പരീക്ഷാഫലം വന്നപ്പോഴാണ് സഞ്ജുവിന്റെ മനസ്സിൽ നന്ദുവിനും കൂടെ ഒരു ജോലിക്ക് ശ്രമിച്ചാലോ എന്ന ചിന്ത വന്നത്..

തന്റെ കമ്പനിയിൽ ആകുമ്പോൾ കുറച്ചൂടെ എളുപ്പത്തിൽ സാധിക്കും..

കാരണം കമ്പനി എം.ഡി സ്വന്തം നാട്ടുകാരനായതു കൊണ്ട് തന്നെ ആളൊരു പരിഗണന തരുന്നുണ്ട്.. ആ വഴിയ്ക്ക് ശ്രമിച്ചു നോക്കാം…

വിനുവും താനും കൂടെയുള്ളത് കൊണ്ട് അവൾക്കും പരിചയക്കുറവൊന്നും കാണില്ല…
നന്ദുവിനോട് പറഞ്ഞപ്പോൾ ആൾക്കൊരു മടിയുണ്ടായിരുന്നു…

“എന്തായെടോ ഞാൻ പറഞ്ഞ കാര്യം…??”

പതിവ് പോലെ ഓഫീസ് കഴിഞ്ഞു വന്നതിനുശേഷമുള്ള ഒരു കുഞ്ഞു നടത്തം കഴിഞ്ഞു…

കരാമ പാർക്കിലെ പുൽത്തകിടിയിൽ ഇരിക്കുമ്പോൾ സഞ്ജു നന്ദുവിനോട് ചോദിച്ചു..

“അതൊന്നും ശരിയാവില്ല സഞ്ജു… ടച്ചൊക്കെ പോയി…

എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.. അതുകൊണ്ടല്ലേ… ഞാനിവിടെ അമ്മൂട്ടിയെയും കളിപ്പിച്ച് ഇരുന്നോളാം…”

“ഓ അങ്ങനെ കളിപ്പിച്ചിരിക്കാൻ ആണെങ്കിൽ അമ്മൂട്ടിയെ പോലെ ഒരാളെ ഞാൻ തരാം…മതിയോ..??

പക്ഷേ ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ..”

കുസൃതി ചിരിയോടെ സഞ്ജു തുടർന്നു..

“ദേ.. പെണ്ണേ.. കുറേ നാൾ വീട്ടിൽ കുത്തിയിരുന്നാൽ ആർക്കും തോന്നാം..ഈ മടി..
ഇഷ്ടമുള്ള തൊഴിലെടുക്കുമ്പോൾ…

വരുമാനം സ്വതന്ത്രമായി കൈകാര്യം ചെയ്യാനുമുള്ള അവസരം ലഭിക്കുമ്പോള്…. ഒരു സ്ത്രീയ്ക്കു ലഭിയ്ക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്… മനസ്സിലായോ..??

കോളേജിൽ ചേരുന്ന സമയത്ത് ഇതുപോലെ അമ്മൂട്ടിയെ പോലെ ഒരാളെ കളിപ്പിച്ചിരിക്കാമെന്ന് കരുതിയിട്ടാണോ താൻ പഠിക്കാൻ പോയത്.. അല്ലല്ലോ…???

തന്നെ പോലെ നന്നായി ഡിസൈൻ ചെയ്യുന്ന ഒരാളെ വീട്ടിലിരുത്താൻ ഞാനെന്തായാലും ഉദ്ദേശിച്ചിട്ടില്ല…

തന്റെ ഡിസൈൻസിനെ പറ്റി പറയുമ്പോൾ കാർത്തി നിലത്തൊന്നും നിൽക്കാറില്ല.. അതു കൊണ്ട് ‘ശരിയാവില്ല’ എന്ന പതിവ് പല്ലവി മാറ്റി പിടിക്ക്…

എന്നിട്ട് മര്യാദയ്ക്ക് എന്റെ നന്ദൂട്ടി ജോലിക്ക് പോകാം എന്ന് സമ്മതിക്ക്…”

അങ്ങനെ സഞ്ജുവിന്റെ നിർബന്ധത്തിനു വഴങ്ങി നിവൃത്തിയില്ലാതെയായാണ് നന്ദു സഞ്ജുവിന്റെ കമ്പനിയിൽ ജോയിൻ ചെയ്യുന്നത്…

ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും പതിയെ ജോലി നന്ദു ആസ്വദിക്കാൻ തുടങ്ങി…

രാവിലെ അടുക്കളയിൽ നന്ദുവിനെ സഹായിക്കാൻ സഞ്ജുവും കൂടും.. ചിലപ്പോൾ അല്ല മിക്കവാറും സഞ്ജു തന്നെയാണ് ആദ്യം എണീക്കുക…

ഒരുമിച്ച് ജോലികളെല്ലാം തീർത്തു ഓഫീസിലേയ്ക്ക്.. തിരികെ വരുമ്പോൾ എന്നും അമ്മൂട്ടിയ്ക്കുള്ളത് നന്ദുവിന്റെ കയ്യിൽ കാണും…

പരസ്പരം സ്നേഹിച്ചും ഇടയ്ക്കിടെ ഇണങ്ങിയും പിണങ്ങിയും മാസങ്ങൾ കടന്നുപോയി…

ഒരു വർഷമാകുന്നു സഞ്ജുവിന്റെ ജീവിതത്തിലേയ്ക്ക് താൻ വന്നിട്ട്…

ആ സ്നേഹം അതിന്റെ പൂർണ്ണതയിൽ തന്നെ തിരിച്ചു കൊടുക്കാൻ താൻ ശ്രമിയ്ക്കുന്നുണ്ട്… പക്ഷേ അതിൽ മിക്കപ്പോഴും താൻ തോറ്റു പോകുകയാണ്…

എത്ര മനസ്സു തുറന്നു സ്നേഹിച്ചാലും സഞ്ജു തനിക്കു തരുന്ന പരിഗണനയ്ക്കും സ്നേഹത്തിന്റെയും പകുതിയോളം പോലും വരുന്നില്ല..

കോളേജ് സമയത്ത് താനാഗ്രഹിച്ച് എടുത്തതാണ് ഈ സിവിൽ എഞ്ചിനീയറിംഗ്..

അന്ന് ഏറ്റവും ആവശ്യക്കാരുണ്ടായിരുന്ന ഇലക്ട്രോണിക്സിൽ നിന്ന് മാറി സിവിൽ എടുത്തത് തന്റെ വാശിയിലാണ്…

ഡിസൈനിംഗ് ഒരുപാട് ഇഷ്ടവുമായിരുന്നു…

വേറെ ഏതൊരു വിഷയത്തിലും ഇല്ലാത്ത ഒരു ഇഷ്ടം പ്ലാനിങ് ആൻഡ് ഡിസൈനിംഗിനോട് ഉണ്ടായിരുന്നു..

അതുകൊണ്ടുതന്നെ കോഴ്സ് കഴിഞ്ഞ് ആ ഫീൽഡിൽ തന്നെ സ്വന്തമായി ഒരു ജോലി തന്റെ വലിയൊരു ആഗ്രഹമായിരുന്നു..

പക്ഷേ തന്റെ എടുത്തു ചാട്ടം കൊണ്ട് സംഭവിച്ച ദുരന്തങ്ങളിൽ തനിക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങളാണ് ഇപ്പോൾ ഓരോന്നായി തിരിച്ചു കൊണ്ടുവരാൻ സഞ്ജു ശ്രമിക്കുന്നത്…

സഞ്ജുവിനെ പോലെ ഒരു സ്ത്രീയുടെ സ്വപ്‌നങ്ങൾക്കും സ്വാതന്ത്ര്യത്തിനും അതിരു നിശ്ചയിക്കാത്ത പുരുഷന്… അതായിരിക്കണം അവളുടെ നല്ല പാതി….

ഒന്നാം വിവാഹ വാർഷികം പ്രമാണിച്ച് ഓഫീസിൽ ചെറിയൊരു ആഘോഷം..ഒരു കുഞ്ഞു കേക്ക് മുറിക്കൽ..

വീട്ടിൽ പ്രത്യേകം ആഘോഷം ഒന്നും പ്ലാൻ ചെയ്തിരുന്നില്ല… വിനുവിനും ശ്വേതയ്ക്കും ഒപ്പം പുറത്ത് ഒരു ഡിന്നർ… അത്രയേ ഉള്ളൂ..

പക്ഷേ കാർത്തി അവിടെയും അവരെ ഞെട്ടിച്ചു.. അവന്റെ ക്രൈം പാർട്ണർമാർ ഇപ്പോൾ വിനുവും ശ്വേതയുമാണ്…

അവന്റെ വകയായി വലിയൊരു റസ്റ്റോറന്റിൽ ഒരു പാർട്ടി വിനു സംഘടിപ്പിച്ചിരുന്നു… എല്ലാം കൊണ്ടും സന്തോഷത്തിലായിരുന്ന നാളുകൾ…

💖💖💖💖💖💖💖💖💖💖💖💖💖💖💖

ആ ദിവസം എങ്ങനെ മറക്കും…
തന്റെ ജീവിതത്തിൽ എന്നും…

എല്ലാം കൊണ്ടും സന്തോഷം നൽകുന്ന ദിവസമായിരുന്നു അത്..
തന്റെ നന്ദൂട്ടി.. അവൾ പൂർണമായും തന്റേതു മാത്രമായി മാറിയ ദിവസം…

തന്റെ മനസ്സിലെ ആഘോഷം അത് ഇന്നാണ്… അവളത് ഓർക്കുന്നുണ്ടാകില്ല…

പക്ഷേ തനിക്ക് അത് മറക്കാൻ സാധിക്കില്ലല്ലോ..

അന്നേ ദിവസം സർപ്രൈസ് കൊടുക്കാനായി
നന്ദുവിനൊരു കുഞ്ഞ് നെക്ലെസ് വാങ്ങാൻ സഞ്ജു കുറേ നാളായി നടക്കുന്നു…

ഓഫീസിലോട്ട് ഇരുവരും ഒരുമിച്ച് പോകുന്നത് കൊണ്ട് അപ്പോഴൊന്നും സഞ്ജുവിന് അത് സാധിക്കാറില്ല…

വിനുവിനോട് പറയാനും പറ്റില്ല… ഭാര്യയും ഭർത്താവും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയിരിക്കുകയാണ്… കളിയാക്കാനായി..

ഒരു ദിവസം സൈറ്റ് ഓഫീസിൽ പോകണമെന്ന് പറഞ്ഞു ചാടി സമ്മാനം വാങ്ങി വച്ചു സഞ്ജു…

തലേ ദിവസം രാത്രി മുതൽ നന്ദുവിനാകെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.. ഇടയ്ക്കിടെ ഉള്ള പ്രഷർ വേരിയേഷൻ..

അതിന്റെ അസ്വസ്ഥതകൾ വരാറുള്ളതിനാൽ അന്നേ ദിവസം ലീവെടുക്കാറാണ് പതിവ്…

ശ്വേതയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാം എന്ന് ഉറപ്പു വാങ്ങിയാണ് സഞ്ജു ഓഫീസിൽ പോയത്..

അന്ന് രാത്രി ജോലി കഴിഞ്ഞു പതിവുപോലെ വിനുവിൻറെ ഫ്ലാറ്റിൽ എല്ലാവരും കൂടി..

നന്ദു മാത്രം അവിടെ ഉണ്ടായില്ല.. സാധാരണ എത്ര വയ്യെങ്കിലും വിനുവിൻറെ ഫ്ലാറ്റിൽ ആയിരിക്കും നന്ദു..

“എന്തുപറ്റി ശ്വേതാ… നന്ദു എവിടെ..???”
ശ്വേതയോടായി സഞ്ജു ചോദിച്ചു…

“ഇത്രനേരം ഇവിടെ ഉണ്ടായിരുന്നൂ… തലവേദന എടുക്കുന്നൂവെന്ന് പറഞ്ഞ്… ഇപ്പൊ പോയതേയുള്ളൂ..
സഞ്ജു ഇരിക്ക് ഞാൻ ചായ എടുക്കാം..”

“വേണ്ടടോ ഞാൻ പോയി നോക്കട്ടെ.. എന്നിട്ട് അവളെം പൊക്കി കൊണ്ടു വരാം…”

“അല്ല.. സഞ്ജു ഒരു കാര്യം ചോദിക്കട്ടെ…??
ഇന്നത്തെ ദിവസത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ…???”

പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടി.. എങ്കിലും അതും വിദഗ്ധമായി മറച്ചുവെച്ച് ചോദിച്ചു..

“എന്തു പ്രത്യേകത… ഒരു പ്രത്യേകതയുമില്ല…

“നന്ദു എന്തോ പ്രത്യേകതയുണ്ട് എന്നൊക്കെ പറയുന്നുണ്ടായിരുന്നു..
സഞ്ജു വന്നിട്ട് പറയാം എന്നാ പറഞ്ഞത്…”

എന്റെ ഭഗവാനെ… ആ പൊട്ടിപെണ്ണ് ഇതെന്തു ഭാവിച്ചാ… ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..അതും ഇവളോട് തന്നെ പറയണം…

എങ്കിൽ പിന്നെ എല്ലാ കൊല്ലവും അവൾ തന്നെ ഓർമ്മിപ്പിച്ചോളും…. ഒരാളെ വാരാൻ അവളെ കഴിഞ്ഞേ വേറെ ഒരാളുള്ളൂ…

സഞ്ജു മനസ്സിൽ പറഞ്ഞു…

സഞ്ജു റൂമിൽ എത്തുമ്പോൾ നന്ദു കിടക്കുകയായിരുന്നു…കണ്ണടച്ചിട്ടു ആണ് കിടക്കുന്നത് എങ്കിലും മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു…

ബാഗെടുത്ത വെച്ച് അടുത്ത് ചെന്നിരുന്നു… നന്ദുവിനെ നെറ്റിയിൽ തടവി സഞ്ജു ചോദിച്ചു…

“എന്താടോ… വയ്യെ..തനിക്ക്..??
തലവേദന കുറഞ്ഞില്ലേ…??
ഡോക്ടർ എന്തു പറഞ്ഞു…??”

“ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല കുറഞ്ഞു… സഞ്ജു വന്നിട്ട് കുറെ ആയോ..??”

“ഇല്ലെടോ… വന്നതേയുള്ളൂ…അപ്പുറത്ത് കയറിയപ്പോൾ ശ്വേത പറഞ്ഞു താൻ ഇവിടെ കിടപ്പുണ്ടെന്ന്… അപ്പൊ നേരെ ഇങ്ങോട്ട് പോന്നു…”

“അപ്പോ..ചായ കഴിച്ചിട്ട് ഉണ്ടാവില്ലല്ലോ… വാ ഞാൻ ചായ എടുത്ത് തരാം..”

“വേണ്ടടാ.. അവൾ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് നിന്നേം പൊക്കി കൊണ്ടുവരാൻ പറഞ്ഞു എന്നെ ഇങ്ങോട്ട് വിട്ടതാ..വാ.. ഒരു ചായ കഴിച്ചാൽ ഉഷാറൊക്കെ വരും..”

“അതിന് ആരെങ്കിലും പറഞ്ഞോ എനിക്ക് ഉഷാർ കുറവുണ്ടെന്ന്..?? സഞ്ജുവിന് തോന്നിയോ…??
എൻറെ മുഖത്തോട്ട് ഒന്ന് നോക്കിയേ..??
വാ നമുക്ക് പോയിട്ട് വരാം..”

“എങ്ങും പോകാതെ… നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്…
അല്ലാ.. എന്റെ നന്ദൂട്ടി ഇതെന്തു ഭാവിച്ചാ…???”

അവളെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി..പിന്നിലൂടെ കെട്ടിപ്പിടിച്ച്..കഴുത്തിൽ മുഖമമർത്തി.. സഞ്ജു ചോദിച്ചു

“എന്താ സഞ്ജൂ…???” ചുണ്ടിൽ ഒരു കുസൃതി ഒളിപ്പിച്ചു വച്ചു കൊണ്ട് നന്ദു ചോദിച്ചു…

“നിനക്കൊന്നും അറിയില്ല.. അല്ലേ…??
അറിയാതെയാണോ നിന്റെ സംസാരത്തിൽ ഒരു കള്ള ലക്ഷണം..”

“അയ്യോ സത്യമായിട്ടും ഞാൻ ഒന്നും പറഞ്ഞിട്ടില്ല അവളോട്… ”
നന്ദു ഒഴിഞ്ഞുമാറി..

“പിന്നെ പറയാതെയാണോ അവൾ എന്നോട് ചോദിച്ചത്.. ഇന്നെന്താ സഞ്ജു പ്രത്യേകത എന്ന്…??
ഇന്നത്തെ പ്രത്യേകത ഞാൻ പറഞ്ഞു കൊടുക്കട്ടെ അവൾക്ക്…??”

“അതിന് ഇന്ന് എന്താ പ്രത്യേകത…??”

നന്ദുവിന്റെ തിരിച്ചുള്ള ചോദ്യം കേട്ടപ്പോൾ സഞ്ജുവിന് ഉറപ്പായി.. സഞ്ജു മനസ്സിൽ പറഞ്ഞു..

“ഇന്നത്തെ ദിവസം ഈ പെണ്ണ് മറന്നു.. ശരിയാക്കിത്തരാം സമയമാകട്ടെ…”

“അപ്പൊ ഇന്ന് ഒരു പ്രത്യേകതയും ഇല്ലെങ്കിൽ നീ പിന്നെന്തിനാ ശ്വേതയോട് പറഞ്ഞത്… സഞ്ജു വന്നിട്ട് പറയാം എന്ന്…”

“അതോ… ഇവിടെ ഇരിക്ക്… ഞാൻ ഇപ്പോൾ വരാം..”

എന്നുപറഞ്ഞ് നന്ദു ബോർഡിൽനിന്ന് ഒരു കുഞ്ഞു ബോക്സ് എടുത്ത് സഞ്ജുവിന്റെ കയ്യിൽ കൊടുത്തു…

“ഇന്നത്തെ ദിവസം നമ്മളെ സംബന്ധിച്ച് രണ്ട് പ്രത്യേകതയുണ്ട്… മോന് ഒരെണ്ണം അല്ലേ അറിയൂ… സഞ്ജു വിചാരിച്ച പോലെ ഞാനത് മറന്നിട്ട് ഒന്നുമില്ല…

ഇന്നേക്ക് ഒരു വർഷം ആകുന്നു ഞാൻ സഞ്ജുവിന്റേതായിട്ട്…
അതല്ലേ സഞ്ജു പറഞ്ഞ പ്രത്യേകത…

അതിനുള്ള ഒരു ചെറിയ ഗിഫ്റ്റ് ആണിത്… തുറന്നു നോക്ക്…
വൈകീട്ട് തരാമെന്നാ ആദ്യം വിചാരിച്ചേ..

പക്ഷേ അത്രയും നേരം പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല… എന്നെ ഇങ്ങനെ നോക്കിയിരിക്കാതെ തുറക്ക് സഞ്ജൂ…”

നന്ദുവിനെ മുഖത്തുനിന്നും കണ്ണെടുക്കാതെ ഇരിക്കുന്ന സഞ്ജുവിനെ നോക്കി നന്ദു പറഞ്ഞു…

താൻ കരുതിയത് പോലെ നന്ദു ഇന്നത്തെ ദിവസം മറന്നില്ലല്ലോ എന്ന സന്തോഷത്തോടെ.. സഞ്ജു ആ ഗിഫ്റ്റ് തുറക്കാൻ തുടങ്ങി…

നന്ദുവിന്റെ കണ്ണ് സഞ്ജുവിനെ മുഖത്ത് തന്നെയാണ്… എങ്ങനെയുണ്ടാവും മുഖത്തെ ഭാവമാറ്റം എന്നറിയാൻ…

ഗിഫ്റ്റ് തുറന്നു സഞ്ജു അനങ്ങാതിരിക്കുകയാണ്….

ഇവിടെയും നന്ദു തന്നെ തോൽപ്പിച്ചിരിക്കുന്നു…
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു… കാഴ്ചകളെ മറിച്ചിരിക്കുന്നു…

ചുവന്ന നിറത്തിൽ ഹൃദയത്തിൻറെ ആകൃതിയിലുള്ള ഗിഫ്റ്റ് ബോക്സിൽ തൂവെള്ള നിറത്തിലുള്ള ഒരു കുഞ്ഞുടുപ്പ്… കൂടെ ഒരു കുറിപ്പും…

“ഒരുപാട് ഒരുപാട് സ്നേഹം സഞ്ജു…
ഈ സന്തോഷം നിറഞ്ഞ ഈ നിമിഷം എനിക്കു സമ്മാനിച്ചതിന്.. ലവ് യൂ..”

“നന്ദൂട്ടി…”
എന്നു വിളിക്കുമ്പോൾ
സന്തോഷം കൊണ്ട് തൊണ്ടയിടറി വാക്കുകളൊന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല സഞ്ജുവിന്..

ഒന്നും പറയാതെ ബെഡിൽ ഇരിക്കുന്ന സഞ്ജുവിന്റെ അടുത്തേക്ക് നന്ദു ചെന്നു…

ഒന്നും പറയാതെ തന്നെ
നന്ദുവിന്റെ വയറിലേക്ക് മുഖം ചേർത്തു ഒരു മുത്തം നൽകി സഞ്ജു..

സന്തോഷംകൊണ്ട് നന്ദുവിനെ കണ്ണുകളും ഈറനണിഞ്ഞു…

സഞ്ജുവിന്റെ മുടിയിഴകളിൽ തലോടുമ്പോൾ നന്ദു അറിയുകയായിരുന്നു…
തന്റെ കുഞ്ഞിന് അച്ഛൻ നൽകുന്ന ആദ്യ ചുംബനം..

“ഞാൻ എന്തു തന്നാലാ നീ എനിക്ക് തന്ന ഈ സന്തോഷത്തിന് പകരം ആകുക…??
ഇവിടെയും നീ എന്നെ തോൽപ്പിച്ചല്ലോ പെണ്ണേ..”

എന്ന് പറഞ്ഞ് നന്ദുവിനെ ചേർത്ത് പിടിക്കുമ്പോൾ ലോകത്തിലെ ഏറ്റവും സന്തോഷവാൻ താനാണെന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു സഞ്ജുവിന്….

ഒരു കുഞ്ഞ് പിറക്കുമ്പോൾ കൂടെ അച്ഛനും അമ്മയും കൂടിയാണ് പിറക്കുന്നത്… താനും ഒരു അച്ഛൻ ആകാൻ പോകുന്നു…

വിശേഷം വിനുവിനോടും ശ്വേതയോടും പറയുമ്പോഴും ഫോണെടുത്ത് രണ്ട് വീട്ടിലേക്കും വിളിച്ച്… അച്ഛാ..അച്ഛനുമമ്മയും മുത്തശ്ശനും മുത്തശ്ശിയും ആകാൻ പോകുന്നു എന്ന് ഉറക്കെ വിളിച്ചു പറയുമ്പോഴും…. കാർത്തീ..

നീ കൊച്ചച്ചൻ ആകാൻ പോകുന്നെടാ…എന്നു ആവേശത്തോടെ പറയുമ്പോഴൊക്കെ നന്ദുവിനേക്കാൾ സന്തോഷവും ആവേശവും സഞ്ജുവിന് ആണെന്ന് തോന്നി….

ഇനി കരുതലിന്റെയും കാത്തിരിപ്പിന്റെയും ഒൻപത് മാസങ്ങൾ….പ്രാർത്ഥനയോടെ.. ആകാംക്ഷയോടെ ചുവന്നുതുടുത്ത കുഞ്ഞു മുഖത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്…

ചുരുട്ടി പിടിച്ചിരിക്കുന്ന കുഞ്ഞു വിരലുകളിൽ തൊടാൻ വേണ്ടിയുള്ള കാത്തിരിപ്പ്…

(തുടരും )

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10

നല്ല‍ പാതി : ഭാഗം 11

നല്ല‍ പാതി : ഭാഗം 12

നല്ല‍ പാതി : ഭാഗം 13

നല്ല‍ പാതി : ഭാഗം 14

നല്ല‍ പാതി : ഭാഗം 15

നല്ല‍ പാതി : ഭാഗം 16

നല്ല‍ പാതി : ഭാഗം 17

നല്ല‍ പാതി : ഭാഗം 18

നല്ല‍ പാതി : ഭാഗം 19

നല്ല‍ പാതി : ഭാഗം 20

നല്ല‍ പാതി : ഭാഗം 21

നല്ല‍ പാതി : ഭാഗം 22

നല്ല‍ പാതി : ഭാഗം 23