Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 41

എഴുത്തുകാരി: കീർത്തി


എല്ലാവരും കൂടി രാധുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. മുതിർന്നവരെല്ലാം വണ്ടിയിലാണ് പോയത്. ഞങ്ങള് പ്രകൃതിസൗന്ദര്യം ആസ്വദിച്ചു കൊച്ചുവാർത്തമാനങ്ങളും പറഞ്ഞു അങ്ങനെ നടന്നു.

രേവു ചന്ദ്രുവേട്ടന്റെ കൂടെയാണ്. രണ്ടും നല്ല കത്തിയാണ്. ഞാൻ ഏട്ടന്റെ കൈയും പിടിച്ചു നടന്നു. ഒരുനിമിഷം ഞാനാ പഴയ കുഞ്ഞു പ്രിയ ആയത് പോലെ.

എവിടെ പോകുമ്പോഴും ഏട്ടന്റെ കൈയിൽ തൂങ്ങി നടന്നിരുന്ന കുഞ്ഞനിയത്തി ആയത് പോലെ. എന്നാലും ഇടയ്ക്ക് ഏട്ടനും അവരുടെ കൂട്ടത്തിൽ കൂടും. അപ്പോഴെല്ലാം ചെറുപ്പത്തിലെ എന്റെ വികൃതികളായിരുന്നു ഏട്ടൻ പറയാനുള്ളത്.

രാധുന്റെ വീട് എത്താനായതും ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു. മടിച്ചുമടിച്ച് മനസ്സിൽ തോന്നിയ ആഗ്രഹം ഏട്ടനോട് രഹസ്യമായി പറഞ്ഞു. എതിരൊന്നും പറഞ്ഞില്ലെങ്കിലും അത്രയും നേരം കഥകൾ പറഞ്ഞു ചിരിച്ചു കളിച്ചു നടന്നിരുന്ന ഏട്ടൻ പെട്ടന്ന് മൂകനായി.

“നീ എന്താടി ഏട്ടനെ മാറ്റിനിർത്തി വിരട്ടിയത്? പെട്ടന്ന് ആകെ വിജ്രംഭിച്ച അവസ്ഥയായല്ലോ? ”

പടി കടക്കുന്നതിനിടയിൽ അവസരം കിട്ടിയപ്പോൾ കടുവ ചോദിച്ചു. ഓഹ്… അളിയനെ എന്താ ചെയ്തതെന്ന് അറിയാൻ വന്നതാണ് കടുവ.

“എനിക്കറിയില്ല ഏട്ടനോട് തന്നെ പോയി ചോദിക്ക്. ”

ഞങ്ങൾ കയറി ചെല്ലുമ്പോൾ മുതിർന്നവരെല്ലാം ഒരു ട്രിപ്പ് ചായകുടി കഴിഞ്ഞു കൊച്ചുവാർത്തമാനത്തിൽ ഏർപ്പെട്ടിരുന്നു. ഏറ്റവും ഒടുക്കമാണ് ഞാൻ അകത്തേക്ക് കടന്നത്. എന്നെ കണ്ടതും രാധുവിന്റെയും രാമേട്ടന്റെയും ശ്രദ്ധ എന്നിൽ മാത്രമായി.

ഞാനല്പം ഗമയിൽ ആ വീട്ടിലേക്ക് ആദ്യമായി ചെന്നതുപോലെ അവിടമാകെ നോക്കിയിരുന്നു. പാവം ഏട്ടൻ!! എല്ലാവരോടും സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. ഉടനെ ഞങ്ങൾക്കുള്ള ചായയുമായി രാധുന്റെ അമ്മ വന്നു.

“ദാ മോളെ ചായ കുടിക്ക്.”
ആദ്യം തന്നെ എന്റെ അടുത്ത് വന്ന് അമ്മ പറഞ്ഞു.

“വേണ്ട. ”
ഇച്ചിരി ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞപ്പോൾ ഏട്ടനൊഴികെ ബാക്കിയെല്ലാവരും അമ്പരന്നു. അമ്മയുടെ കണ്ണ് നിറഞ്ഞു വരുന്നത് ഞാൻ കണ്ടു.

“രാധു തന്നാൽ മതി. ”
അല്പം കുസൃതിയോടെ ഞാൻ പറഞ്ഞു. രാധു തന്നെ ഞങ്ങൾക്കെല്ലാം ചായ തന്നു. ചായ ഗ്ലാസ്‌ എടുക്കാൻ നേരം ഏട്ടന്റെ കൈ ചെറുതായി വിറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

“മോളെ…. അന്ന്….. ” രാമേട്ടനായിരുന്നു.

“വേണ്ട. ഞാനതെല്ലാം അപ്പഴേ മറന്നു. പക്ഷെ ഇപ്പോൾ രാമേട്ടൻ എനിക്കൊരു കാര്യം സാധിച്ചു തരണം. എന്നാൽ മാത്രമേ ഞാൻ നിങ്ങളോട് ഇനി പഴയത് പോലെ മിണ്ടുള്ളൂ. ”

“ഈ സാധുവിനെകൊണ്ട് പറ്റുന്നതാണെങ്കിൽ ചെയ്തുതരാം.”

“പറ്റും. ഇത് രാമേട്ടനെക്കൊണ്ട് മാത്രമേ പറ്റൂ. ”
രാമേട്ടനെപ്പോലെ ആകാക്ഷയോടെ കുറേ ജോഡി കണ്ണുകൾ എന്നിൽതന്നെ ദൃഷ്ടിയൂന്നിയത് ഞാനറിഞ്ഞു.

“ഞാനിവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് അറിയുവോ? ”

“ഇത് നല്ല ചോദ്യം. നിങ്ങളെ വീണ്ടും സെറ്റാക്കിയെടുക്കാനല്ലേ നമ്മൾ ഇങ്ങോട്ട് വന്നത്. ”
അങ്കിൾ ആയിരുന്നു.

“ഇവര് വന്നത് ചിലപ്പോൾ അതിനായിരിക്കും. പക്ഷെ ഞാൻ വന്നത് എന്റെ ഏട്ടന് വേണ്ടി പെണ്ണ് ചോദിക്കാനാണ്. ”

“മോളെ….? ”

“ഈ രാധുനെ ഞങ്ങൾക്ക് തരുവോന്ന് ചോദിക്കാൻ. എന്റെ ഏട്ടത്തിയമ്മയായിട്ട്. എന്റെ ഏട്ടന്റെ ഭാര്യായിട്ട്. ”

“മോളെ അത്.”
ഏട്ടനെ നോക്കിക്കൊണ്ടാണ് രാമേട്ടൻ പറഞ്ഞു നിർത്തിയത്.

“ഏട്ടനെ നോക്കണ്ട. ഏട്ടന് പൂർണ സമ്മതമാണ്. രാമേട്ടന് സമ്മതമാണോ? രാധു നിനക്കോ?”
എന്റെ ചോദ്യത്തിന് ഒന്നും പറയാതെ അവള് അകത്തേക്ക് പോയത് കണ്ടപ്പോൾ എന്തോ പോലെ.

“മോള്ടെ ഈ തീരുമാനത്തിന് ഞങ്ങളെല്ലാരും കൂടെയുണ്ട്. അപ്പൊ രാമാ നമുക്ക് ഇതങ്ങോട്ട് ഉറപ്പിക്കല്ലേ? ”
അച്ഛൻ മുന്നിട്ടിറങ്ങി. ഇനി എല്ലാം ശെരിയാവും. എന്റെ മനസ് പറഞ്ഞു.

“അച്ഛാ രാധു? ”

“അതിപ്പോൾ ശെരിയാക്കി തരാം. മോനെ നീയ്യൊന്ന് ചെന്ന്
സംസാരിക്ക്. അങ്ങനൊരു സമ്പ്രദായവും ഉണ്ടല്ലോ. ചെറുക്കനും പെണ്ണും തമ്മിലൊന്ന് സംസാരിക്കട്ടെ. എന്താ? ”
അച്ഛൻ ഏട്ടനോട്‌ പറഞ്ഞു.

ജനലരികിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു രാധിക. പ്രയാഗ് അവളുടെ അടുത്ത് ചെന്ന് ഒന്ന് മുരടനക്കി.

“എന്താ പറയേണ്ടതെന്ന് അറിയില്ല. നല്ല മനസാണ് പ്രിയയുടേത്. അല്ലെങ്കിൽ ഇങ്ങനൊക്കെ അവള് പറയില്ലല്ലോ. കാര്യാക്കണ്ട. ഒരിക്കലും അവള് പറഞ്ഞൂന്ന് വെച്ച് താല്പര്യമില്ലാതെ ഇതിന് സമ്മതിക്കണ്ട. ഞാൻ പറഞ്ഞു മനസിലാക്കിക്കൊള്ളാം
അവളെ. ”

“അപ്പൊ രാധികക്ക് ഈ വിവാഹത്തിന് സമ്മതമല്ല.? ”
ഒരു തീരുമാനമെന്നപോലെ അവൻ പറഞ്ഞു.

“….. ”

“ഓക്കേ. എങ്കിൽ ഇനി എന്നെ കാണുമ്പോഴുള്ള ആ ഒളിഞ്ഞുനോട്ടമുണ്ടല്ലോ അതങ്ങ് നിർത്തിയേക്ക്. ”

കുറച്ചു കൂടെ അടുത്തേക്ക് ചേർന്നുനിന്നുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ അതിശയത്തോടെ തിരിഞ്ഞു നോക്കി. ഒരു കുസൃതിചിരിയുമായി അവളെതന്നെ നോക്കി നിൽക്കുകയായിരുന്നു പ്രയാഗ്.

“ഫ്രണ്ട്ന്റെ കല്യാണറിസപ്ഷൻ കൂടാൻ വന്നാൽ അത് ചെയ്യല്ലേ വേണ്ടത്. അല്ലാതെ ആ ഫ്രണ്ട്ന്റെ ഏട്ടനെ വായിനോക്കി നിൽക്കാണോ ചെയ്യാ? ”

“ഞാ……ൻ…… അ….ത്…..”

“ഇല്ലാത്ത വിക്ക് കഷ്ടപ്പെട്ട് ഉണ്ടാക്കണ്ട. ഞാൻ എല്ലാം കണ്ടിരുന്നു. എന്നെ കാണുമ്പോൾ മാത്രമുള്ള ഈ കണ്ണുകളിലെ തിളക്കം. ”
കള്ളം പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ രാധിക തല കുനിച്ചു നിന്നു.

“ഇനി പറ. സമ്മതമല്ലേ. ”

രാധികയുടെ മുഖം ചൂണ്ടുവിരലിനാൽ ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു. തന്റെ സമ്മതം ഒരു പുഞ്ചിരിയിൽ അവളവനെ അറിയിച്ചു.

“ഇനിമുതൽ ഒളിഞ്ഞു നോക്കാൻ നിൽക്കണ്ട കേട്ടോ. ധൈര്യമായി അധികാരത്തോടെ തന്നെ നോക്കിക്കോ. ആരും ഒന്നും പറയില്ല. ”
അവളുടെ നെറ്റിയിൽ നെറ്റി മുറിച്ചുകൊണ്ട് അവൻ പറഞ്ഞു.

“അത് ശരി ഇതിനിടയിൽ ഇങ്ങനെയൊരു സ്റ്റോറി ഉണ്ടായിരുന്നു ലെ? ”

ഏട്ടൻ പോയിട്ട് കുറച്ചു നേരമായി. എന്തായിന്ന് അറിയാനാണ് അങ്ങോട്ട് ചെന്നത്. കൂടെ ചന്ദ്രുവേട്ടനും. അപ്പോൾ അവിടെ…… കൈ രണ്ടും ഇടുപ്പിൽ കുത്തി ഞാൻ അല്പം ഗൗരവത്തിൽ ചോദിച്ചു. പെട്ടന്ന് തന്നെ അവര് പരസ്പരം അകന്നുമാറി.

“നീ അവരെ വിരട്ടൊന്നും വേണ്ട. കണ്ടുപഠിക്കടി ഇങ്ങനെയാണ് പ്രേമിക്കുന്നത്. അല്ലാതെ നിന്നെ പോലെ ഏത് നേരവും വഴക്കും വക്കാണവും…. ”

“ഓഹ്…. പറയുന്ന ആള് പിന്നെ ഏത് നേരവും ഒലിപ്പിച്ചോണ്ടായിരുന്നല്ലോ? എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട കള്ളക്കടുവേ. ”

“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് മക്കള് കേൾക്കെ എന്നെ അങ്ങനെ വിളിക്കരുത് എന്ന്. ”

“ഞാനിനിയും വിളിക്കും. ദേ മക്കളെ നിങ്ങടെ അച്ഛൻ കടുവ കടുവ കടുവ. ”
എന്റെ വയറിലേക്ക് നോക്കി ഞാൻ പറഞ്ഞു.

“രാധികേ ഈ കാണുന്ന റൂം ആരുടേയാ? “.
ഉടനെ തൊട്ടടുത്ത മുറി ചൂണ്ടി കടുവ ചോദിച്ചു.

“അത് അച്ഛനും അമ്മയും….. ”

“കുറച്ചു നേരത്തേക്ക് ആ റൂം എനിക്ക് വേണം. ഇങ്ങോട്ട് വാടി…. ”
രാധുനോട് പറയലും എന്നെ പിടിച്ചു ആ റൂമിലാക്കി കതകടയ്ക്കലും ഒപ്പം കഴിഞ്ഞു. ഏട്ടൻ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷെ ആര് കേൾക്കാൻ?

“നീ എന്നെ കടുവന്ന് വിളിക്കും ലെ? ”
ചോദിക്കുന്നതോടൊപ്പം കടുവ എന്റെ നേർക്ക് പാഞ്ഞുവന്നു.

“ദേ ചന്ദ്രുവേട്ടാ…. നോക്കിയേ വേണ്ട…. ”
എന്റെ അവസ്ഥ കാണിച്ച് ഞാൻ കടുവയെ ബ്ലാക്ക് മെയിൽ ചെയ്തപ്പോൾ കടുവ അടങ്ങി.

“എന്റെ മക്കളിങ്ങ് വന്നോട്ടെടി ഇതിനെല്ലാം ഉള്ളത് പലിശ സഹിതം നിനക്ക് തിരിച്ചുതന്നിരിക്കും. ഉണ്ടക്കണ്ണി. ”

“താൻ പോടോ കാട്ടുക്കടുവേ. ”

ആ കുഞ്ഞു വാക്ക്പോര് കഴിഞ്ഞു ഞങ്ങൾ പുറത്ത് വന്നപ്പോഴേക്കും ഏട്ടന്റെയും രാധുന്റെയും കല്യാണക്കാര്യത്തിൽ തീരുമാനങ്ങൾ എടുത്തു കഴിഞ്ഞിരുന്നു. എത്രയും പെട്ടന്ന് വേണമെന്ന് എല്ലാവരും പറഞ്ഞു.

അതിനിടയിൽ അടുത്ത മാസം എന്നെ പ്രസവത്തിനു കൊണ്ടുപിക്കുന്നതും ചർച്ചയിൽ വന്നു. അത്രയും നേരം സന്തോഷത്തോടെ ഇരുന്ന കടുവയുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു. എന്റെ കൈയിലുള്ള ചന്ദ്രുവേട്ടന്റെ പിടിയും മുറുകി. എങ്ങും വിടില്ലെന്ന പോലെ.

ആ ചടങ്ങ് നടത്താതിരിക്കാൻ പരമാവധി വധിക്കുകയും ചെയ്തു. എല്ലാവരും കൂടി ഒരുവിധത്തിലാണ് ചന്ദ്രുവേട്ടനെക്കൊണ്ട് സമ്മതിപ്പിച്ചത്. കൂടാതെ ആ ചടങ്ങിന് മുൻപ് വിവാഹം നടത്താനും തീരുമാനമായി. കാരണം അതുകഴിഞ്ഞാൽ ചിലപ്പോൾ എനിക്ക് കൂടാൻ പറ്റാതായാലോ.

വൈകാതെ നല്ലൊരു ദിവസം കുറിച്ച് അവിടുത്തെ കൃഷ്ണ ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തി ഏട്ടൻ രാധുവിനെ സ്വന്തമാക്കി. അതിഥികളെല്ലാം വധുവരന്മാരെ അനുഗ്രഹിക്കുമ്പോൾ രാമേട്ടന്റെയും അമ്മയുടെയും കണ്ണിൽ ആനന്ദക്കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു.

ആ സന്തോഷം കണ്ട് അച്ഛനും അമ്മയും ഏട്ടന്റെ നല്ല മനസിനെ പുകഴ്ത്തിയപ്പോൾ എന്നെ ചേർത്ത് പിടിച്ചു “ഇതിവൾടെ കുഞ്ഞിത്തലയിലെ വലിയ ബുദ്ധി” യെന്ന് പറഞ്ഞു ചന്ദ്രുവേട്ടൻ എന്നെ കളിയാക്കി.

എന്നാൽ ആ സമയത്ത് ആ വാക്കുകളിൽ കുസൃതിയെക്കാളേറെ അഭിമാനമായിരുന്നു ഞാൻ കണ്ടത്. ഞങ്ങളുടെ അമ്മയുടെ സ്ഥാനത്തു നിന്ന് ലീല ചേച്ചി കൊടുത്ത നിലവിളക്കും വാങ്ങി വലതുകാലുവെച്ച് രാധു ഞങ്ങളുടെ വീടിന്റെ മരുമകളായി.

ആഗ്രഹിച്ചത് പോലൊരു ജീവിതം ഏട്ടന് കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നി. ഇപ്പോൾ അച്ഛനും അമ്മയും കൂടി ഉണ്ടാവേണ്ടതായിരുന്നു.

നാളെയാണ് എന്നെ പ്രസവത്തിനായി കൂട്ടിക്കൊണ്ടുപോകുന്നത്. രണ്ടാഴ്ച മുൻപ് തന്നെ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. രാധുവും ഏട്ടനും ഹാപ്പിയായി ഇരിക്കുന്നു. വിവാഹം കഴിഞ്ഞു ഒരുതവണ ഇങ്ങോട്ട് വന്നിരുന്നു. രാധു ഇപ്പോൾ രേവു പഠിപ്പിക്കുന്ന സ്കൂളിലാണ് ജോലി ചെയ്യുന്നത്.

രാവിലെ മുതൽ ചന്ദ്രുവേട്ടൻ എന്റെ അടുത്ത് വരുന്നതേയില്ല. അഥവാ വന്നാലും എങ്ങോട്ടോ നോക്കി സംസാരിക്കും. എനിക്കറിയാം നാളെ ഞാൻ പോകുന്നതിലെ സങ്കടമാണ്. അത് ഞാനറിയരുത് എന്ന് കരുതിയിട്ടാണ് എന്റെ മുഖത്തേക്ക് പോലും നോക്കാത്തത്. കൊണ്ടുപോകാനുള്ള ബാഗിൽ ഡ്രെസ്സും മറ്റും അടക്കിവെച്ചതും ചന്ദ്രുവേട്ടനാണ്. ഞാൻ ചെയ്തോളാമെന്ന് പറഞ്ഞിട്ട് കൂട്ടാക്കിയില്ല. എന്തോ വെപ്രാളം പോലെ. അച്ഛന്റെയും അമ്മയുടെയും അവസ്ഥയും മറിച്ചായിരുന്നില്ല. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തത് പോലെ കൂടെതന്നെ ഉണ്ടായിരുന്നു രണ്ടാളും.

രാത്രി കിടക്കാനായി ഞാൻ റൂമിൽ എത്തുന്നതിന് മുന്നേ ചന്ദ്രുവേട്ടൻ വന്നു കിടന്നിരുന്നു. ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാം. ഇന്നത്തെ രാത്രി ചന്ദ്രുവേട്ടന് ഉറങ്ങാൻ കഴിയില്ലല്ലോ. ഞാൻ അടുത്ത് ചെന്ന് കിടന്നപ്പോൾ ആള് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു.

“ചന്ദ്രുവേട്ടാ… ” മറുപടി മൗനമായിരുന്നു.

“ഇങ്ങോട്ട് തിരിഞ്ഞു കിടക്കുവോ? പ്ലീസ്. ”

എനിക്കഭിമുഖമായി തിരിഞ്ഞു കിടന്നുവെങ്കിലും ആള് കണ്ണ് തുറന്നിരുന്നില്ല. എന്നാൽ കണ്ണീർ ചാലിട്ടൊഴുകുന്നത് ഞാൻ കണ്ടു. ഞാൻ കുറച്ചു കൂടി അടുത്തേക്ക് നീങ്ങി ആ നെഞ്ചോട് പറ്റിച്ചേർന്നു കിടന്നു. ഒരു കൈകൊണ്ട് ചന്ദ്രുവേട്ടനെ കെട്ടിപിടിച്ചു. ഉടനെ ചന്ദ്രുവേട്ടനും എന്നെ തന്നോട് ചേർത്ത് ഇറുക്കി പുണർന്നു. പെട്ടന്ന് എനിക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല. ഷർട്ട്‌ നനഞ്ഞുതുടങ്ങിയപ്പോൾ ചന്ദ്രുവേട്ടൻ എന്റെ മുഖം പിടിച്ചുയർത്തി.

“ഇത് കാണാൻ വയ്യാത്തോണ്ടാ ഞാൻ ഇത്രയും നേരം മാറിനടന്നത്. കരയല്ലേടോ. ”

“ചന്ദ്രുവേട്ടനും കരയല്ലേ. ”

“ഞാൻ കരഞ്ഞില്ലല്ലോ. നിനക്ക് തോന്നിയതാവും. ”

“മ്മ്മ്… ആയിരിക്കും. ”
കുറച്ചു നേരം ഞങ്ങക്കിടയിൽ നിശബ്ദത സ്ഥാനം പിടിച്ചു.

“പ്രിയെ… ”

“മ്മ്മ്…? ”

“നാളെ അവിടെ ചെന്നാൽ നല്ല കുട്ട്യായിട്ട് അടങ്ങിയൊതുങ്ങി ഇരുന്നോണം കേട്ടോ. ഓടിച്ചാടി നടക്കരുത്. മക്കളെ സൂക്ഷിക്കണം. ഞാനടുത്തില്ലെന്ന് ഓർത്ത് വിഷമിക്കരുത്. എപ്പോഴും സന്തോഷമായിരിക്കണം. അന്ന് ബാംഗ്ലൂർ പോയപ്പോഴത്തെ പോലെ ഭക്ഷണം കഴിക്കാതിരിക്കരുത്.

മക്കൾക്ക് വിശക്കില്ലേ കേട്ടോ. നീ കഴിച്ചാലല്ലേ അവർക്ക് കിട്ടൂ. എപ്പോഴും ആരുടെയെങ്കിലും കൂടെ നിന്നാൽ മതി. എവിടെയും തനിച്ച് പോയി ഇരിക്കരുത്. സമയം കിട്ടുമ്പോഴെല്ലാം വിളിക്കാം. കാണണംന്ന് തോന്നുമ്പോഴൊക്കെ ഞാൻ ഓടിവരാം. കേട്ടല്ലോ. വിഷമിക്കരുത്. ”

ചന്ദ്രുവേട്ടന്റെ ഓരോ നിർദ്ദേശങ്ങൾക്കും ഞാൻ അനുസരണയോടെ മൂളിക്കൊണ്ടിരുന്നു.

“പിന്നെ…. എന്റെ മക്കളെയും കൊണ്ടല്ലാതെ ഇങ്ങോട്ട് വന്നുപോകരുത്. കേട്ടോടി ഉണ്ടക്കണ്ണി. ”
ചന്ദ്രുവേട്ടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“കേൾക്കുന്നുണ്ടടോ കള്ളക്കടുവേ. ”

ഞാനും സങ്കടം അടക്കിപ്പിടിച്ച് പറഞ്ഞു. കരയില്ലെന്ന് പറഞ്ഞ വാക്ക് രണ്ടാളും തെറ്റിച്ചു. പെട്ടന്ന് ചന്ദ്രുവേട്ടൻ എഴുന്നേറ്റിരുന്ന് എന്റെ വയറിന്റെ ഭാഗത്തുനിന്നും നേര്യത് അല്പം മാറ്റി.

“നാളെ അച്ഛൻ ആർക്കാ കഥകള് പറഞ്ഞു കൊടുക്കാ? ആർക്കാ പാട്ട് പാടിക്കൊടുക്കാ? അച്ഛന്റെ മക്കള് മിടുക്കരായിട്ട് ഇരിക്കണം. ചവിട്ടുകേം കുത്തുകേം ചെയ്‌ത് അമ്മയെ ബുദ്ധിമുട്ടിക്കരുത് കേട്ടോ. അമ്മ പാവല്ലേ. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ മക്കളിങ്ങ് വരില്ലേ. അപ്പോൾ കൊറെകൊറേ പാട്ടും കഥയും ഒക്കെ അച്ഛൻ പറഞ്ഞു തരാം ട്ടൊ. ”
അത് കേട്ടപ്പോൾ സങ്കടം ഇരിട്ടിച്ചു.

“ചന്ദ്രുവേട്ടാ ഫോണുണ്ടല്ലോ വീഡിയോ കാൾ വിളിക്കാലോ. ”

“അത് വേണ്ട. റേഡിയേഷൻ മക്കൾക്ക് കേടാണ്. കാണാൻ തോന്നുമ്പോൾ ഞാൻ വന്നോളാം. അല്ലെങ്കിൽ പിന്നെ…. ”

“പിന്നെ…? ”

“ഡോക്ടർ പറഞ്ഞ ഡേറ്റ് ആവാനൊന്നും നിക്കണ്ട. അച്ഛന്റെ മക്കള് നാളെതന്നെ ഇങ്ങ് പോര്. ”
ഇങ്ങേര് ഇതെന്തൊക്കെയാ ഈ പറയുന്നേ. വിഷമം സഹിക്കാതെ ഭ്രാന്തായോ?

“പൊട്ടത്തരങ്ങൾ വിളിച്ചു പറയാതെ ഉറങ്ങാൻ നോക്ക്യേ. നാളെ ഒത്തിരി പണിയുള്ളതല്ലേ. ”

സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയുമെല്ലാം ക്ഷണിച്ച് വളരെ ഗംഭീരമായിട്ടാണ് ചന്ദ്രുവേട്ടൻ എല്ലാം ഒരുക്കിയത്. രാവിലെ തന്നെ ഏട്ടനും എല്ലാരും എത്തിയിരുന്നു. പോകാനുള്ള സമയം അടുക്കുംതോറും എല്ലാരുടെയും മുഖത്തെ കളിചിരികൾക്ക് മങ്ങലേൽക്കുന്നുണ്ടായിരുന്നു.

എനിക്കും എന്തൊക്കെയോ പോലെ. ഒരു വിമ്മിഷ്ടം. ക്ലോക്കിലെ സൂചികൾ എന്നത്തേക്കാളും വേഗത്തിൽ ഓടിപ്പോകുന്നു. എങ്ങോട്ടാണാവോ ഇത്ര ധൃതി പിടിച്ച് !വല്ല ഒളിമ്പിക്സിലും പങ്കെടുക്കുന്നുണ്ടോ എന്തോ? നന്ദിയില്ലാത്ത ക്ലോക്ക്. എന്നും നിന്നെ തുടച്ചു വൃത്തിയാക്കുന്നത് ഞാനല്ലേ. ബാറ്ററി കഴിഞ്ഞാൽ പുതിയത് വാങ്ങി ഇട്ടുതരുന്നതും ഞാനല്ലേ.

എന്നിട്ടും… അന്ന് ചന്ദ്രുവേട്ടൻ ബാംഗ്ലൂർ പോയപ്പോൾ വേഗം പോ വേഗം പോന്നും പറഞ്ഞു എത്ര പ്രാവശ്യം നിന്റെ മുഖത്തേക്ക് നോക്കിയിരുന്നിട്ടുണ്ട്. അന്നൊന്നും നിനക്ക് ഇത്രയും ശുഷ്‌കാന്തി കണ്ടില്ലല്ലോ. എന്റെ മക്കളോട് പറഞ്ഞ് നിന്റെ ചില്ല് ഞാൻ കല്ലെറിഞ്ഞു പൊട്ടിക്കും. നോക്കിക്കോ.

സമയമായപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് അനുഗ്രഹവും വാങ്ങി ഞാൻ ഇറങ്ങി. അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞിരുന്നു എന്റെയും. ചന്ദ്രുവേട്ടനെ കണ്ടപ്പോൾ അത് കൂടി. അങ്ങേരാണെങ്കിൽ കൂട്ടുകാർ ആ നാൽവർ സംഘത്തിന്റെ കൂടെ ചിരിച്ചാണ് നിൽക്കുന്നത്. ഇന്നലെ എന്തായിരുന്നു കരച്ചിലും പിഴിച്ചിലും. ആ ചന്ദ്രുവേട്ടൻ തന്നെയാണോ ഇത്. ഞാൻ സംശയിച്ചു

“അയ്യേ ഇങ്ങനെ കരയാതെ സന്തോഷമായി പോയിട്ട് വാ. ”
ചന്ദ്രുവേട്ടൻ അടുത്ത് വന്നു പറഞ്ഞപ്പോൾ ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി. അച്ഛന്റെ സാമിപ്യം അറിഞ്ഞു മക്കളും ഒന്നനങ്ങി. “നമുക്ക് അച്ഛന്റെ കൂടെ നിന്നാൽ മതി ” യെന്ന് അവര് പറയുന്നതായി എനിക്ക് തോന്നി.

എന്റെ അടുത്ത് വന്നു കണ്ണുതുടച്ചു തന്നു. എന്നിട്ട് മുഖം കൈകുമ്പിളിലെടുത്ത് വളരെ പതുക്കെ പറഞ്ഞു തുടങ്ങി.
“പ്രിയെ… നീയ്യിങ്ങനെ കരഞ്ഞാൽ ഞാനും കരയും കേട്ടോ. ഒരുവിധത്തിൽ പിടിച്ചുനിൽക്കാണ്. ഉള്ളിലൊരു വലിയ സങ്കടക്കടൽ ഇരമ്പുന്നുണ്ട്. ഞാനെങ്ങാനും കരഞ്ഞാൽ അതിന്റെ നാണക്കേട് നിനക്കാണ് പറഞ്ഞേക്കാം. നിന്റെ കടുവ ഇത്രയും പേരുടെ മുന്നിൽ കരയാന്ന് വെച്ചാൽ അത് മോശല്ലേ? ”

കുഞ്ഞു കുട്ടികളെ സമാധാനിപ്പിക്കുന്നത് പോലെ എന്റെ കണ്ണിലേക്കു തന്നെ നോക്കി ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ ഞാനും
അതെയെന്ന് തലയാട്ടി. നെറുകിലൊരു ഉമ്മയും നൽകി.

“ഇത്ര സങ്കടമാണെങ്കിൽ ഏട്ടൻ രണ്ടു ദിവസം കഴിഞ്ഞു നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നാക്കി തരാം. ഇപ്പോൾ ചടങ്ങ് നടക്കട്ടെ. ”
ഏട്ടനാണ്.

ഏട്ടന്റെ കുഞ്ഞനിയത്തിയായി കുറച്ചു ദിവസം അവിടെ നിൽക്കെന്നും പറഞ്ഞു ചന്ദ്രുവേട്ടൻ ഞങ്ങളെ യാത്രയാക്കി. വീട്ടിൽ ലീല ചേച്ചിയുടെ പരിചരണത്തിലായിരുന്നു പിന്നീടുള്ള ദിവസങ്ങൾ.

ഒപ്പം ഏട്ടനും രാധുവും കുഞ്ഞുണ്ണിയേട്ടനും. ഇടയ്ക്ക് രേവുവും ആന്റിയും വരും. അച്ഛനും അമ്മയും ദിവസവും വിളിക്കും. മരുന്ന് കഴിക്കുന്നത് പോലെ രാവിലെ, ഉച്ചക്ക്, രാത്രിയെന്നും പറഞ്ഞ് ചന്ദ്രുവേട്ടനും. താപ്പ് കിട്ടുമ്പോഴെല്ലാം വരികയും ചെയ്യും.

ചന്ദ്രുവേട്ടൻ വന്നാൽ പിന്നെ എന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമാകും. അച്ഛനും മക്കളും കഥ പറച്ചിലും പാട്ടും ഒക്കെയായി ഒരു മേളമാണ്. അച്ഛനോടുള്ള അവരുടെ ആശയവിനിമയം എന്റെ വയറ്റിൽ ചവിട്ടിയും മെതിച്ചുമാണെന്ന് മാത്രം.

ചന്ദ്രുവേട്ടന്റെ ശബ്ദം കേൾക്കുമ്പോഴേ തുടങ്ങും രണ്ടും അകത്തു കിടന്നു പൊരിയാൻ. അതോടെ ഒരു കാര്യം ബോധ്യമായി. ഇത് കടുവക്കുട്ടികൾ തന്നെ. ഒരു സംശയവും വേണ്ട.
(തുടരും)

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32

Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 34

Mr. കടുവ : ഭാഗം 35

Mr. കടുവ : ഭാഗം 36

Mr. കടുവ : ഭാഗം 37

Mr. കടുവ : ഭാഗം 38

Mr. കടുവ : ഭാഗം 39

Mr. കടുവ : ഭാഗം 40