Sunday, December 22, 2024
Novel

അനുരാഗം : ഭാഗം 31

എഴുത്തുകാരി: അഞ്ജലി അഞ്ജു


എന്തോ വീഴുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോൾ പരിചയമില്ലാത്ത സ്ഥലം. അപ്പോളാണ് കല്യാണം കഴിഞ്ഞതും ഏട്ടന്റെ വീട് ആണെന്നതും ഓർമ വന്നത്. വീണതെന്താണെന്ന് താഴേക്ക് നോക്കുമ്പോൾ ദേഷ്യത്തിൽ എന്നെയും നോക്കിയിരിക്കുന്ന റിഷിയേട്ടനെ ആണ് കണ്ടത്.

“ദുഷ്ടേ നീയെന്നെ ചവിട്ടി താഴെയിട്ടല്ലേ?”

“ഞാനൊന്നും ചെയ്തില്ല.”

“പിന്നെ ഞാനെങ്ങനെ താഴെ വീണു. നീ ചവിട്ടി ഇട്ടതാ. ഉറക്കത്തിലും ഞാൻ അത് അറിഞ്ഞു.”

ഈശ്വരാ ഇനി ഞാൻ തന്നെയാവുമോ? ഈ കാര്യത്തിൽ എന്നെ വിശ്വസിക്കാൻ പറ്റില്ല. ഉറങ്ങി കഴിഞ്ഞാൽ പിന്നെ തോന്നിയ പോലെയാണ്.

ഇപ്പോൾ തന്നെ ഒരു സൈഡിൽ കിടന്ന ഞാൻ ബെഡ് ഫുൾ കയ്യടക്കി വെച്ചേക്കുവാ. കൂടുതൽ തർക്കിക്കാതെ പോവുന്നതാവും നല്ലത്.

ഞാൻ കൂടുതലൊന്നും മിണ്ടാതെ ചവിട്ടി തുള്ളി ഫ്രഷ് ആവാൻ പോയി.

ഫ്രഷ് ആയി ഇറങ്ങി കണ്ണാടിയിൽ നോക്കി. കഴുത്തിൽ താലി മാലയൊക്കെ വന്നപ്പോൾ തന്നെ കുറേ മാറ്റങ്ങൾ വന്നത് പോലെ. ഒരു നുള്ള് സിന്ദൂരമെടുത്ത് നെറ്റിയിൽ തൊട്ടു.

എന്തോ പണ്ട് മുതലേ സിന്ദൂരം തൊടാനും താലി മാല ഇടാനുമൊക്കെ ഇഷ്ടായിരുന്നു. പക്ഷെ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനുള്ള ഭാഗ്യം ഇല്ലാതായി പോയി.

അയാൾ ജീവനോടെ പോലും ഇല്ലെന്നുള്ളത് വേദന ഉളവാക്കി.

അതിനും കാരണക്കാരി ഞാൻ തന്നെ. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞതും റിഷിയേട്ടനെ ഇടിച്ചു നിന്നു.

“വീഴ്ത്തിക്കാൻ ആണോ മിണ്ടാത്തെ പുറകിൽ വന്നു നിക്കുന്നത്.”

“അത് കൊള്ളാം നീ നോക്കാതെ തിരിഞ്ഞിട്ടല്ലേ?
നീയിവിടെ സൗന്ദര്യം നോക്കി നിക്കാതെ ചേട്ടന് ചായ എടുത്തിട്ട് വാ.”

“ഓഹ് പിന്നെ..”

ഞാൻ താഴേക്ക് ചെന്നു. അവിടെ അടുക്കളയിൽ അമ്മയും ജോലിക്കാരിയുമാണ് ഉണ്ടായിരുന്നത്. കുറച്ചു നേരം അമ്മയോടൊക്കെ സംസാരിച്ചു.

വിച്ചുവും ചേച്ചിയുമൊക്കെ രാവിലെ തന്നെ തിരിച്ചു പോയി. പിന്നെ വീട്ടിൽ ഞങ്ങൾ മാത്രം.

റിഷിയേട്ടനോട് മിണ്ടാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ പിന്നെ റൂമിലേക്ക് പോയില്ല. താഴെ തന്നെ ചുറ്റി പറ്റി നിന്നു.

അച്ഛമ്മ ഞാനുമായി കമ്പനി ആയി. അച്ഛൻ മാത്രം അധികം മിണ്ടിയില്ല.

പിന്നീട് ഉള്ള ദിവസങ്ങളിൽ ബന്ധുക്കളുടെ വീടുകളിൽ പോയി. എന്റെ വീട്ടിലും പോയി. ഇപ്പോൾ അച്ഛനും അമ്മയ്ക്കും ഏട്ടനെ മതി. എന്നെ വേണ്ടാതായി.

എനിക്ക് കുശുമ്പ് തോന്നി. അയാൾക്ക് ആണെങ്കിൽ ഒടുക്കത്തെ ഷോയും. വല്യ ആളാണെന്നാ വിചാരം. എന്നെ ദേഷ്യം പിടിപ്പിക്കലാണ് മെയിൻ ഹോബി.

സത്യം പറയാല്ലോ ഒരു നിമിഷം വെറുതെ കളയാതെ പുറകേ നടന്നു ഉപദ്രവിക്കുന്നത് കൊണ്ട് സങ്കടപ്പെട്ട് ഇരിക്കാനൊന്നും സമയം ഇല്ല.

ആള് ഒടുക്കത്തെ സെൽഫ് ആണെങ്കിലും ഇത് വരെ എന്നിൽ ഭാര്യ എന്ന ഒരു അവകാശവും സ്ഥാപിക്കാൻ വന്നിട്ടില്ല.

അതിൽ എനിക്ക് ആശ്ചര്യം തോന്നിയിരുന്നു. കാരണം ഞാൻ അങ്ങനെയല്ല റിഷിയേട്ടനെ പറ്റി കരുതിയത്.

ഏട്ടൻ സാധാരണ കാണിക്കുന്ന സ്വഭാവം വെച്ചു എല്ലാം പിടിച്ചു വാങ്ങിക്കും എന്നാണ് കരുതിയത്. ആ കാര്യത്തിൽ എനിക്ക് ഏട്ടനോട് മതിപ്പ് തോന്നി.

ഹണി മൂണിന് പോവാൻ ചേച്ചി നിർബന്ധിച്ചപ്പോളും തിരക്കാണ് പിന്നീട് പോവാമെന്നാണ് ഏട്ടൻ പറഞ്ഞത്.

“നാളെ മുതൽ ഓഫീസിൽ പോണം.”

ഓരോന്നും ആലോചിച്ചു റൂമിൽ ഇരിക്കുമ്പോളാണ് ഏട്ടനത് പറഞ്ഞത്.

“മ്മ്.”

“നീയും വരണം ”

“ഞാനോ? ഞാനെന്തിനാ വരുന്നത്.”

“പിന്നെ നീ എന്റെ അസിസ്റ്റന്റ് അല്ലേ?”

“പക്ഷെ ഞാനിപ്പോ നിങ്ങളുടെ ഭാര്യ അല്ലേ അപ്പൊ എനിക്കെന്തിനാ ഇനി ജോലി. അല്ലെങ്കിലും നിങ്ങളുടെ ആട്ടും തുപ്പും വാങ്ങാൻ ഞാൻ അവിടേക്ക് വരില്ല. വീട്ടിലും ഓഫീസിലും സഹിക്കാൻ എനിക്ക് പറ്റില്ല.”

“അതൊന്നും പറ്റില്ല. നമ്മൾ നാളെ ഓഫീസിൽ പോകും. നിനക്ക് കുറേ കാര്യങ്ങൾ പഠിക്കാൻ ഉണ്ട്.”

“ഓ ശല്യം.”
എനിക്ക് ദേഷ്യമാണ് വന്നത്.

രാവിലെ തന്നെ ഓഫീസിൽ പോയി.

അവിടെ പിന്നെ എല്ലാം പഴയ പോലെ തന്നെ ആയിരുന്നു. ആകെ ഒരു മാറ്റം പണ്ട് എന്നോട് മിണ്ടാതെ ഇരുന്നവർക്കും ഇപ്പോൾ എന്നോട് നല്ല സ്നേഹമാണ്. പക്ഷെ നിഷ ചേച്ചിക്ക് എന്നോട് മിണ്ടാൻ എന്തോ പേടി പോലെ.

കാര്യം അറിഞ്ഞപ്പോളല്ലേ കോമഡി പുള്ളിക്കാരി ഏട്ടനെ പറ്റി പറയുന്നത് ഞാൻ ഏട്ടനോട് പറയുവോ എന്നാണ് ചേച്ചിയുടെ പേടി.

ചേച്ചി പറയുന്നതിനേക്കാൾ കുറ്റം ഏട്ടനെ പറ്റി ഞാൻ പറഞ്ഞപ്പോൾ ചേച്ചിയുടെ കിളി പോയെന്നാണ് തോന്നുന്നത്.

അങ്ങനെ ചേച്ചിയുടെ പേടിയും ഞാൻ മാറ്റി കൊടുത്തു. മറ്റുള്ളവരുടെ മുന്നിൽ വെച്ചു ചീത്ത പറയില്ലെങ്കിലും നല്ല രീതിയ്ക്ക് ആ മനുഷ്യനെന്നെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ദുഷ്ടൻ! ആഹ് പിന്നെ ആകെ സമാധാനം പാറുവിനെ ഓഫീസിലേക്ക് മാറ്റിയതാണ്.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

ഇനിയുള്ള ഒരാഴ്ച്ച റിഷിയേട്ടൻ ഇവിടെ ഉണ്ടാവില്ല എന്തോ മീറ്റിംഗിന് വേണ്ടി ട്രിവാൻഡ്രം വരെ പോകുവാണ്. എന്നെയും വിളിച്ചതാണ്.

എനിക്ക് പോകാൻ താല്പര്യമില്ലായിരുന്നു. ഒരാഴ്ച്ച ഏട്ടൻ ഇല്ലെന്ന് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്.

ഒരു ശല്യം ഒഴിയുമല്ലോ. അല്ലെങ്കിൽ എവിടെ പോയാലും എന്ത് ചെയ്താലും എന്റെ പുറകെ നടക്കും. ഒരു നിമിഷം സമാധാനം തരില്ല.

കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞെങ്കിലും ഏട്ടനോട് ഒരു അടുപ്പവും തോന്നിയിട്ടില്ല.

ഓഫീസിൽ പണ്ട് എങ്ങനെയായിരുന്നോ പരസ്പരം പെരുമാറിയത് അത് പോലെ തന്നെയാണ് രണ്ടാളും.

പക്ഷെ ഏട്ടൻ എന്റെ വീട്ടുകാരോട് സ്നേഹത്തിൽ ആയത് പോലെ ഞാനും ഏട്ടന്റെ വീട്ടുകാരെ കറക്കി എടുത്തു കേട്ടോ. ഇപ്പൊ ഇവിടുത്തെ അച്ഛന് എന്തിനും ഏതിനും എന്നെ മതി.

വർക്ക്‌ ഒന്നും എനിക്ക് അറിയാത്തതിന്റെ പേരിൽ ഏട്ടനെന്നെ പുച്ഛിച്ചാലും അച്ഛൻ എന്നെ സമാധാനിപ്പിച്ചു എല്ലാം പറഞ്ഞ് തരും.

വൈകിട്ട് ഏട്ടൻ പോയി കഴിഞ്ഞപ്പോൾ വല്യ സന്തോഷം തോന്നി. എല്ലാവരോടും കുറേ സംസാരിച്ചു. ഫ്രണ്ട്‌സിനെയൊക്കെ വിളിച്ചു.

എല്ലാം കഴിഞ്ഞ് കിടക്കാൻ നേരം റൂമിൽ വന്നപ്പോൾ വല്ലാത്ത നിശബ്ദത തോന്നി. ഉറക്കവും വന്നില്ല. കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു.

പഴയ കാര്യങ്ങളൊക്കെ മനസിലേക്ക് വന്നു. ഇത്രയും നാൾ അതൊന്നും ആലോചിക്കാൻ ഒരു അവസരം റിഷിയേട്ടൻ തന്നിട്ടില്ല.

എത്രയൊക്കെ എന്നെ വെറുപ്പിച്ചാലും റിഷിയേട്ടൻ ഉള്ളത് കൊണ്ടാണ് വിഷാദ രോഗത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടത്. ആളവിടെ എത്തിയിട്ടുണ്ടാവുമോ? വിളിച്ചു ചോദിക്കാമെന്ന് വെച്ചാൽ ഷോ കാണേണ്ടി വരും.

സമയം ആണെങ്കിൽ പോവുന്നതുമില്ല. കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോളാണ് ഉറങ്ങിയതെന്ന് അറിയില്ല.

രാവിലെ ഓഫീസിൽ പോകാനും മടി ആയിരുന്നു. ആകെ ഉഷാറില്ലാത്തത് പോലെ. ഓഫീസിൽ ചെന്നപ്പോൾ പാറു മുഴുവൻ സമയവും കൂടെ ഉണ്ടായിരുന്നെങ്കിലും വല്ലാത്ത മിസ്സിംഗ്‌. ഇത്രത്തോളം റിഷിയേട്ടൻ എന്നെ സ്വാധീനിച്ചിരുന്നോ? അറിയില്ല.

ചിലപ്പോൾ തോന്നുന്നതാവും. എന്റെ വിഷമത്തോടെയുള്ള ഇരുപ്പൊക്കെ കണ്ടപ്പോൾ പാറു വിചാരിച്ചത് പഴയ കാര്യങ്ങൾ ഓർത്തിട്ടാവുമെന്നാണ്.

പിന്നീടൊരു ഉപദേശമായിരുന്നു അവിടെ നടന്നത്. ഓരോ സംഭവങ്ങളും കീറി മുറിച് അവൾ അഭിപ്രായം പറഞ്ഞു. എന്തിനേറെ ശ്രീയേട്ടന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് പോലും എല്ലാം ഞാൻ കണ്ട് പിടിച്ചത് കൊണ്ടാണെന്നു വരെ അവൾ കണ്ടെത്തി.

പാവം ശ്രീയേട്ടൻ ആ സ്നേഹത്തിൽ എനിക്ക് ഒരു സംശയവുമില്ല ആ കണ്ണുകളിൽ കണ്ടതാണ് എന്നോടുള്ള പ്രണയം.

എന്തുകൊണ്ടോ ഞാനതൊക്കെ മറക്കാൻ ശ്രമിക്കുവാണ് കാരണം ഇനി ഒരു തിരിച്ചു വരവ് ഏട്ടനില്ല. എങ്കിൽ പിന്നെ റിഷിയേട്ടനെ സ്നേഹിച്ചാൽ പോരെ.

എന്ത് കൊണ്ടോ ഏട്ടന് മുന്നിൽ താണ് കൊടുക്കാൻ തോന്നുന്നില്ല.

പിടിച്ചെടുക്കും പോലെയല്ലേ എന്നെ സ്വന്തമാക്കിയത്. ശ്രീയേട്ടൻ മരിച്ച വിഷമത്തിൽ തന്നെ എന്റെ അഭിപ്രായം പോലും നോക്കാതെ എന്നെ സ്വന്തമാക്കാൻ അല്ലേ ഏട്ടൻ ശ്രമിച്ചത്.

അതെങ്ങനെയാണ് ശ്രീയേട്ടനെ എനിക്ക് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എന്തൊക്കെയാണ് എന്നെ വിളിച്ചു പറഞ്ഞത്.

എന്നെ ഒന്ന് മനസിലാക്കിയിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നോ? ഈ ചോദ്യങ്ങൾക്ക് അർഹമായ മറുപടി കിട്ടിയാൽ ചിലപ്പോൾ ഞാൻ ഏട്ടനെ സ്നേഹിക്കുമായിരിക്കും.

പാറു പറഞ്ഞത് പെട്ടെന്ന് ഒരു വിവാഹം കൊണ്ട് എന്റെ മാനസികാവസ്ഥ മാറുമെന്ന് ഡോക്ടർ ആണ് പറഞ്ഞതെന്നാണ്. അത് കൊണ്ടാണ് ഇത്ര പെട്ടെന്ന് വിവാഹത്തിന് സമ്മതിച്ചത്രേ. അതൊക്കെ ഏട്ടന്റെ നാടകമാണ്.

അല്ലെങ്കിൽ ഏട്ടന്റെ വീട്ടുകാരെ ഇതൊക്കെ നടക്കും മുന്നേ വിവാഹം ആലോചിച്ചു വീട്ടിലേക്ക് വിടേണ്ട ആവശ്യം ഉണ്ടോ? കുറുക്കന്റെ ബുദ്ധിയാണ്.

എല്ലാവരുടെയും മുന്നിൽ നല്ലവനായി അഭിനയിക്കും പോലെ ഈ അനുവിന്റെ അടുത്ത് നടക്കില്ല. ഹും…

ഏട്ടൻ പോയിട്ട് ഇപ്പോൾ മൂന്ന് ദിവസമായി. ഒരിക്കൽ പോലും ഏട്ടനെന്നെ വിളിച്ചില്ല. ഞാനും വിളിച്ചില്ല.

ആകെ നിരാശ എന്നെ വന്നു മൂടി. കാര്യം ഏട്ടനോട് പ്രത്യേകിച്ച് സ്നേഹമൊന്നും തോന്നിയിട്ടില്ലെങ്കിലും ഏട്ടനെന്നെ ചുറ്റി പറ്റി നടക്കുന്നത് എനിക്കിഷ്ടം ആയിരുന്നു.

വീട്ടിൽ ഒറ്റ മകളായത് കൊണ്ട് തന്നെ കൂട്ടുകാർ വീട്ടിൽ സഹോദരങ്ങളോട് വഴക്ക് കൂടുന്നതും സ്നേഹിക്കുന്നതും ഒക്കെ പറയുമ്പോൾ കൊതി തോന്നിയിട്ടുണ്ട്.

റിഷിയേട്ടൻ കൂടെയുള്ളപ്പോൾ അത് പോലുള്ള അനുഭവമാണ് എനിക്കും തോന്നിയത്. ഒരു ഒറ്റപ്പെടൽ ഉണ്ടായിട്ടേ ഇല്ല.

അവിടെ ചെന്നിട്ട് ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു നോവ്. ഞാനെന്തിനാ വിഷമിക്കുന്നത് ഇങ്ങോട്ട് വിളിച്ചില്ലേൽ അങ്ങോട്ടും വിളിക്കില്ല.

അല്ലെങ്കിലും ഏട്ടൻ സ്വാർത്ഥനാണ് സ്വന്തം കാര്യത്തിന് മാത്രേ നമ്മളോട് സ്നേഹം കാണിക്കുള്ളു.

ഇനിയിപ്പോ എനിക്ക് മാറ്റം ഒന്നും ഉണ്ടാവാത്തത് കൊണ്ട് ഇനി എന്നെ വിട്ടു പോകാമെന്നു വിചാരിച്ചിട്ടുണ്ടാവുമോ? അറിയില്ല.

അങ്ങനെ രക്ഷപ്പെടാൻ ഞാൻ സമ്മതിക്കില്ല. എന്നെ പുറകേ നടന്നു ഉപദ്രവിച്ചത് പോലെ ഞാനും ഉപദ്രവിക്കും നോക്കിക്കോ. ഇങ്ങനെ ഓരോന്നും ആലോചിച്ചിരുന്നപ്പോളാണ് ചേച്ചി അങ്ങോട്ടേക്ക് വന്നത്.

“എന്താണ് വല്യ ആലോചനയിലാണല്ലോ?”

ഞാൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.

“റിഷിയെ വിളിച്ചിരുന്നോ?”

“ഇല്ല ചേച്ചി.”

“അവനും വിളിച്ചില്ലേ?”

“ഇല്ല.”

“നിങ്ങൾ തമ്മിലെന്തെങ്കിലും പ്രശ്നം ഉണ്ടോ?”

“അങ്ങനെ ഒന്നുമില്ല.”

“എനിക്ക് എന്തോ അങ്ങനെ തോന്നി അതാ ചോദിച്ചത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും രണ്ടാളും വേഗം പറഞ്ഞു തീരത്തേക്കണം കേട്ടോ. അല്ലെങ്കിലും എത്ര വഴക്ക് ഇട്ടാണ് അവൻ ഇവിടെല്ലാവരെയും വിവാഹത്തിന് സമ്മതിപ്പിച്ചത് എന്നിട്ട് രണ്ടാളും വഴക്കുമിട്ട് നടന്നാൽ അടി കൊള്ളും.”

“വഴക്കിട്ടാണോ സമ്മതിപ്പിച്ചത്?”

“ആഹാ അത് കൊള്ളാം. അവനത് പറഞ്ഞിട്ടില്ലേ? നിന്നെ അവന് ഇഷ്ടമാണെന്ന് കോളജിൽ പഠിക്കുമ്പോൾ എന്നോട് പറഞ്ഞതാ. അവനായിട്ട് പറഞ്ഞതല്ല കേട്ടോ അവന്റെ ഡയറി ഞാൻ കണ്ടിട്ട് കയ്യോടെ പൊക്കിയപ്പോളാണ് ആള് കാര്യം പറഞ്ഞത്.”

“ഡയറിയോ?”

“അതേന്നെ. അതിൽ മുഴുവൻ നീയെ ഉള്ളൂ. നീ കണ്ടിട്ടില്ലേ ആ അലമാരയിൽ വല്ലതും കാണും. വായിച്ചു നോക്കൂ ഫുൾ കോമഡിയാ. പിന്നെ ഞാനാണ് പറഞ്ഞു തന്നതെന്ന് അവനോട് പറയരുത് കേട്ടോ.”

“മ്മ്മ്..”

“അല്ല എന്നിട്ട് ഇവിടെങ്ങനെ സമ്മതിച്ചു.”

“അച്ഛനും അച്ഛമ്മയും സമ്മതിച്ചില്ല. ഒരു ദിവസം കള്ളും കുടിച്ച് വന്നു ഭയങ്കര കരച്ചിലും ബഹളവും ആയിരുന്നു. ഞാൻ കണ്ടില്ല കേട്ടോ പിറ്റേന്ന് അച്ഛനാണ് എന്നോട് പറഞ്ഞത്.

അതോടെ എല്ലാരും സമ്മതിച്ചു. അവനൊരു സർപ്രൈസ് ആവട്ടെ എന്ന് വെച്ചു അവൻ പോലും അറിയാതെ ആണ് ഞങ്ങൾ കല്യാണം ആലോചിച്ചു അവിടെ വന്നത്.

അനു അന്നവിടെ ഇല്ലായിരുന്നു.”

“ചേച്ചി പറഞ്ഞത് സത്യമാണോ.”

“ആണെന്നെ.”

എനിക്ക് വിശ്വസിക്കാനായില്ല. പാവം ഏട്ടനെ ഞാൻ തെറ്റിദ്ധരിച്ചു. പക്ഷെ തലേദിവസം വിളിച്ചു എന്നോട് പറഞ്ഞതൊക്കെയോ? അറിയില്ല.

എങ്കിലും മനസ്സിലെവിടെയോ സന്തോഷം തോന്നി. എന്തൊക്കെ പറഞ്ഞാലും ഏട്ടൻ ഒരു പാവമാണെന്നു തോന്നി. അമ്മ വിളിച്ചപ്പോൾ ചേച്ചി താഴേക്ക് പോയി.

ഞാൻ വേഗം തന്നെ അലമാരയിലൊക്കെ ഏട്ടന്റെ ഡയറി തപ്പാൻ തുടങ്ങി. കുറേ നോക്കിയിട്ടും കണ്ടില്ല.

ശേ ചിലപ്പോൾ ആ പൊട്ടൻ അത് കൂടെ കൊണ്ട് പോയി കാണും. അങ്ങനെ വിഷമിച്ചു വന്നിരിക്കുമ്പോളാണ് ടേബിളിന്റെ മുകളിൽ ഇരിക്കുന്ന ഡയറിയിൽ എന്റെ കണ്ണുകൾ ഉടക്കിയത്.

ഇത് ഇവിടെ ഇരുന്നിട്ട് ഞാനിപ്പോളാണോ ശ്രദ്ധിച്ചത് മണ്ടി.

തുടരും….

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23

അനുരാഗം : ഭാഗം 24

അനുരാഗം : ഭാഗം 25

അനുരാഗം : ഭാഗം 26

അനുരാഗം : ഭാഗം 27

അനുരാഗം : ഭാഗം 28

അനുരാഗം : ഭാഗം 29

അനുരാഗം : ഭാഗം 30